Wednesday, May 1, 2013

യുദ്ധകാഹളമാകട്ടെ മെയ്ദിനം

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ

തൊഴിലാളി വര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യദിനമായ മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

സൗഹൃദാശംസകള്‍

കര്‍ഷകത്തൊഴിലാളികളുടെയും നിര്‍ധനരും ഇടത്തരക്കാരുമായ കൃഷിക്കാരുടെയും ഭേദപ്പെട്ട വേതനം, തൊഴില്‍, സാമൂഹ്യ സുരക്ഷാ അവകാശങ്ങള്‍, ഭൂമിക്കുള്ള അവകാശം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, പൊതുമേഖലയിലൂടെ അവയുടെ ശേഖരണവും വിതരണവും, വായ്പാ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വളര്‍ന്നുവരുന്ന രൂക്ഷമായ പ്രതിസന്ധിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സൗഹൃദാശംസകള്‍ നേരുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങള്‍ തിരുത്തുന്നതിന് വിവിധ തലത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും രാജ്യവ്യാപകമായ സംയുക്ത പ്രക്ഷോഭം സിഐടിയു വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരായി വിദ്യാഭ്യാസം അവകാശമായി അംഗീകരിപ്പിക്കാന്‍, ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിഐടിയു സൗഹൃദാംശസകള്‍ നേരുന്നു. വിവേചനത്തിനും ആക്രമണത്തിനുമെതിരെ പൊരുതിനില്‍ക്കുന്ന, എല്ലാ തലത്തിലും മതിയായ പ്രാതിനിധ്യത്തിനും ശാക്തീകരണത്തിനുംവേണ്ടി പോരടിക്കുന്ന വനിതാ പ്രസ്ഥാനങ്ങളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു.

വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്ത ത്രിപുരയിലെ തൊഴിലാളികളെയും ജനാധിപത്യ വിശ്വാസികളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിത്. സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിര്‍ത്താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകര്‍ത്ത് മുതലാളിത്തം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രതിവിപ്ലവ ശക്തികളെ തൊഴിലാളി വര്‍ഗവും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളും ചേര്‍ന്ന് ഉറപ്പായും പരാജയപ്പെടുത്തുമെന്ന് സിഐടിയു വിശ്വസിക്കുന്നു. കുഴപ്പത്തിലാണ്ട മുതലാളിത്ത, നവലിബറല്‍ നയങ്ങളുടെ ഫലമായി അതിതീക്ഷ്ണമായ ആക്രമണങ്ങള്‍ക്ക് ചെലവു ചുരുക്കലിന്റെയും മറ്റും പേരില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഇന്ന് വിധിക്കപ്പെട്ടിരിക്കുന്നു. ഇവിടെയെല്ലാം നടക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ ലോകമാകെ ഉച്ചൈസ്തരം ഉയരുന്ന ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റിയൊമ്പത് ശതമാനം"" എന്ന മുദ്രാവാക്യം സിഐടിയുവും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ രാജ്യങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വ, നവലിബറല്‍ വ്യവസ്ഥക്കെതിരെയും സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്രാജ്യത്വ കടന്നാക്രമണത്തിനും മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനും പ്രത്യേകിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു പിന്തുണ പ്രഖ്യാപിക്കുന്നു. സിറിയക്കും ഇറാനുമെതിരെ തുടര്‍ച്ചയായി നടത്തുന്ന അന്യായമായ ഇടപെടലും വിവിധ രാജ്യങ്ങളുടെ അഖണ്ഡതയ്ക്കെതിരെയുള്ള മ്ലേഛമായ കടന്നുകയറ്റവും സിഐടിയു അപലപിക്കുന്നു. അവിടെയൊക്കെയുള്ള സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളോട് അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളുടെ സഹായത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ബഹ്റൈന്‍, യെമന്‍, ജോര്‍ദാന്‍, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്വേഛാധിപത്യ ഭരണാധികാരികള്‍ക്ക് അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പരസ്യമായി ആയുധവും പണവും നല്‍കിവരികയാണ്. കൊറിയന്‍ ഉപദ്വീപിലും ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ക്യൂബയ്ക്കും ഇറാനുമെതിരെ ലോക പൊതുജനാഭിപ്രായം അവഗണിച്ച് തികച്ചും നിയമവിരുദ്ധമായി ഉപരോധം തുടരുകയാണ്. പലസ്തീന്‍ ജനതയ്ക്കെതിരെ വെസ്റ്റ് ബാങ്കിലും ഗാസയിലും അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ സിഐടിയു ശക്തമായി അപലപിക്കുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക കുഴപ്പം രൂക്ഷമായതോടെ ഈ കടന്നാക്രമണം അതിതീവ്രമായിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്ന പലസ്തീനിയന്‍ ജനതയ്ക്ക് പിന്തുണ നല്‍കി, 1967-ലെ അതിര്‍ത്തി നിശ്ചയിച്ച് കിഴക്കേ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന, തൊഴിലെടുക്കുന്ന ലോകമാകെയുള്ള ജനതയ്ക്കൊപ്പം സിഐടിയുവും അണിചേരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം വര്‍ഗസമരത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് നവലിബറല്‍ മുതലാളിത്ത ചൂഷണത്തിനെതിരാണെന്നും സിഐടിയു വിശ്വസിക്കുന്നു. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തില്‍ സാമ്രാജ്യത്വ വിരുദ്ധബോധവും അന്താരാഷ്ട്ര തലത്തില്‍ ഐക്യദാര്‍ഢ്യവും വികസിപ്പിക്കേണ്ടത് പ്രധാന കര്‍ത്തവ്യമാണെന്നാണ് സിഐടിയു കരുതുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തില്‍നിന്ന് അറബ് ജനതയെ സ്വതന്ത്രരാക്കി ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ സുപ്രധാന ഘടകമാണ്. ലാറ്റിനമേരിക്കന്‍ ജനത അവിടെ നടത്തിയ പ്രക്ഷോഭം, തൊഴിലാളിവര്‍ഗവുമായി ഒത്തുചേര്‍ന്ന് ആ ജനത ആവിഷ്കരിച്ച സമീപനം, അതിന്റെ അനുഭവം, അറബ് രാജ്യങ്ങളില്‍ നിന്ന് ആംഗ്ലോ- അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളെ ആട്ടിപ്പുറത്താക്കുന്നതിന് മാര്‍ഗദര്‍ശിയാണ്.

ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് അഭിവാദ്യം

സമ്പത്ത് കൊള്ളയടിക്കുന്ന സാമ്രാജ്യത്വത്തെ പിന്നോട്ടടിപ്പിച്ച് അര്‍പ്പണപൂര്‍വം തുടര്‍ച്ചയായി ചെറുത്തുനില്‍ക്കുന്ന ലാറ്റിനമേരിക്കയിലെ തൊഴിലാളിവര്‍ഗത്തെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. വെനസ്വേല, ബൊളീവിയ, യൂക്കഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും ഇതര ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ ശക്തികളുടെ വിജയവും നവലിബറലിസത്തിനെതിരെ ബദല്‍ കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വന്‍ തിരിച്ചടിയേല്‍പ്പിച്ചിട്ടുണ്ട്. അവിടെ വികസിച്ചുവന്ന പുതിയ ബന്ധങ്ങളും ലാറ്റിനമേരിക്കന്‍, കരീബിയന്‍ മേഖലയിലെ 33 രാജ്യങ്ങള്‍ വെനസ്വേലയില്‍ ഒത്തുചേര്‍ന്ന് കമ്മ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന് (ഇഋഘഅഇ) രൂപം നല്‍കിയതും സ്വാഗതാര്‍ഹമായ സംഭവമാണ്. നവലിബറലിസത്തിന് വെനസ്വേലന്‍ ബദല്‍ ആവിഷ്കരിച്ച ഹ്യൂഗോ ഷാവേസിന്റെ അതുല്യമായ സംഭാവന സിഐടിയു ആദരപൂര്‍വം അനുസ്മരിക്കുന്നു. സാമ്രാജ്യത്തത്തിനെതിരെയുള്ള സമരത്തില്‍ വെള്ളിവെളിച്ചമായി ക്യൂബ തുടരുന്നു. ലാറ്റിനമേരിക്കന്‍ ജനതയെ സാമ്രാജ്യത്വത്തിനെതിരെ തട്ടിയുണര്‍ത്താനും ഐക്യപ്പെടുത്താനും ആവേശം കൊള്ളിക്കാനുമെല്ലാം രാസത്വരകമായി സോഷ്യലിസ്റ്റ് ക്യൂബ പ്രവര്‍ത്തിച്ചു. 50 വര്‍ഷത്തിലേറെ നീണ്ട സാമ്പത്തിക ഉപരോധവും അമേരിക്കയുടെ തുടര്‍ച്ചയായ ഉപജാപങ്ങളും പ്രതിവിപ്ലവശക്തികളുടെ ഇടപെടലും അതിജീവിച്ച് ക്യൂബ കൈവരിച്ച പുരോഗതി തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്.

കുഴപ്പങ്ങളും ഉയരുന്ന പ്രക്ഷോഭങ്ങളും

മെയ് ദിനവും മുതലാളിത്തം ലോകവ്യാപകമായി മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. കുഴപ്പം സൃഷ്ടിച്ച വിനകള്‍ക്കെതിരെ തൊഴിലാളികള്‍ തെരുവില്‍ ശബ്ദമുയര്‍ത്തുന്നു. കുഴപ്പം രൂക്ഷമാകുകയും അതിനനുസൃതമായി ജനങ്ങളുടെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് 2013-ലെ മെയ് ദിനം കടന്നുവരുന്നത്. ചെലവു ചുരുക്കലിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചും വേതനം വെട്ടിക്കുറച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളും സബ്സിഡികളും മറ്റു ക്ഷേമ നടപടികളും ഉപേക്ഷിച്ചും വിവിധ മേഖലകളിലെ അധ്വാനിക്കുന്ന ജനതകള്‍ക്കുമേല്‍ മുതലാളിത്തം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങളും പണിമുടക്കുകളും ആവേശകരമാണ്. യൂറോപ്പിലാകെയും അമേരിക്കയിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലും തെരുവുകള്‍ അലയടിച്ചുയരുന്ന പണിമുടക്കുകളില്‍, പ്രതിഷേധ പ്രകടനങ്ങളില്‍ പ്രകമ്പനം കൊള്ളുകയാണ്. നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ലാഭത്തിനുവേണ്ടിയുള്ള അമിതമായ ആര്‍ത്തി അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിത ഇടപാടുകളിലേക്ക് നയിച്ചു. ആഗോളമാന്ദ്യം അതിന്റെ അനിവാര്യമായ സൃഷ്ടിയാണ്. നയം തിരുത്തുന്നതിനുപകരം അതിന്റെ ഭാരം മുഴുവന്‍ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുംമേല്‍ കെട്ടിവയ്ക്കുന്നു. ഇത് നേരത്തെതന്നെ പാപ്പരീകരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയും കഷ്ടതയും കൂടുതല്‍ രൂക്ഷമാക്കുന്നു.

മാന്ദ്യം പിന്നെയും വര്‍ധിക്കുന്നു. ചെലവു ചുരുക്കല്‍, സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരാമര്‍ശിച്ച് നോബല്‍ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് ഇങ്ങനെ പറഞ്ഞു: ""ഈ മരുന്ന് കിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ഇതര സ്ഥലങ്ങളിലും ഫലിച്ചില്ല. യൂറോപ്പിലും ഇത് പരാജയപ്പെടും"". കഴിഞ്ഞ ആഗസ്റ്റ് 14ന് സിഡ്നിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് ലോക ബാങ്കിന്റെ പ്രസിഡന്റ് സോളിക് പറഞ്ഞതിങ്ങനെയാണ്- യൂറോപ്പിലും അമേരിക്കയിലും ഉരുണ്ടുകൂടുന്ന സംഭവങ്ങള്‍ അപകടകരമായ സ്ഥിതിയിലേക്കാണെത്തുന്നത്... അത് നാടകീയതയില്‍നിന്ന് പരിപൂര്‍ണ സ്തംഭനത്തിലേക്കെത്തുകയാണ്. കുഴപ്പം പരിഹരിക്കാനാകാത്ത മുതലാളിത്തത്തിന്റെ കഴിവുകേട് ലോകമാകെയുള്ള ജനങ്ങളെ പുതിയ മുദ്രാവാക്യത്തിലെത്തിച്ചു. ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതു ശതമാനം"". വര്‍ഗാധിഷ്ഠിത തൊഴിലാളി പ്രസ്ഥാനം ഈ മുദ്രാവാക്യത്തെ വര്‍ഗബോധമായി മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. 2013ലെ മെയ്ദിനം അതിനുള്ള യുദ്ധകാഹളമാകട്ടെ.

II

ചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി

ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപകമായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പണിമുടക്കിനു പിന്നാലെയാണ് ഈ വര്‍ഷം മെയ്ദിനം കടന്നുവരുന്നത്. ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള ശക്തമായ വികാരപ്രകടനമായിരുന്നു ഈ പണിമുടക്ക്. തിരിച്ചടിക്കാനുള്ള തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം ഇവിടെ പ്രതിഫലിച്ചു. ജനങ്ങളാകെ പണിമുടക്കിനോട് ഐക്യപ്പെടുകയും ഹൃദയംഗമമായ പിന്തുണ നല്‍കുകയുമുണ്ടായി. ഇത് ജനങ്ങള്‍ക്ക് സംഘടിത തൊഴിലാളിപ്രസ്ഥാനത്തിലുള്ള പ്രതീക്ഷയുടെ പ്രതിഫലനമാണ്. ഭരണവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന നയം സൃഷ്ടിക്കുന്ന ജനങ്ങളുടെ യാതനയും വേദനയും കൂടുതല്‍ ഉച്ചത്തിലും ഫലപ്രദമായും ട്രേഡ് യൂണിയന്‍ പ്രസ്ഥാനം തുടര്‍ന്നും ഉയര്‍ത്തുമെന്നവര്‍ പ്രതീക്ഷിക്കുന്നു.

മുതലാളിത്തലോകത്താകെ പടര്‍ന്ന കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യവും സാമ്പത്തിക മാന്ദ്യത്തിലാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, ഖജനാവിലേക്ക് വരുമാനം ഉറപ്പുവരുത്തി, മുതലാളിക്ക് ലാഭം വര്‍ധിപ്പിച്ചുകൊടുക്കുന്ന തൊഴിലാളികള്‍ ഈ മാന്ദ്യത്തിന്റെ ഏറ്റവും കടുത്ത ഇരകളാണ്. തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും സാധാരണ സംഭവമായിരിക്കുന്നു. തൊഴിലുള്ളവരുടെ വേതനം കുറയുന്നു. സാമൂഹ്യ സുരക്ഷാ സൗജന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. സമ്പത്തും സേവനവും സൃഷ്ടിക്കുന്നവര്‍ക്ക് അതിന്റെ പങ്ക് നിഷേധിക്കുന്നു. കഴിഞ്ഞ ഒന്നര ദശകത്തില്‍ മുതലാളിമാരുടെ ലാഭത്തിന്റെ അളവ് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. ചെറിയ സംരക്ഷണമെങ്കിലും നല്‍കുന്ന എല്ലാ തൊഴില്‍ നിയമങ്ങളും അധികാരികളുടെ അംഗീകാരത്തോടെ ചവിട്ടിയരയ്ക്കപ്പെടുന്നു. തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് തൊഴില്‍സ്ഥലങ്ങളില്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. വ്യവസായ മേഖലയില്‍ മാന്ദ്യം തുടരുമ്പോള്‍ ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ഇടവിട്ടുള്ള വിലക്കയറ്റം പിന്നെയും അത് രൂക്ഷമാക്കുന്നു. വിലക്കയറ്റം സ്വയം സംഭവിക്കുന്നതല്ല. ധനകമ്മി വര്‍ധിക്കുന്നുവെന്നു വിലപിക്കുന്ന സര്‍ക്കാര്‍തന്നെയാണ് കോര്‍പറേറ്റുകള്‍ക്ക് വന്‍ സൗജന്യം വച്ചുനീട്ടുന്നത് (2012- 13ല്‍ ഇത് 5.73 ലക്ഷം കോടി രൂപയാണ്). കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയിലെ കുടിശ്ശിക വര്‍ധിച്ച് 4.83 ലക്ഷം കോടിയായി.

നിക്ഷേപത്തിന് ഏറ്റവും പ്രതികൂല അവസ്ഥയുള്ള സന്ദര്‍ഭത്തില്‍പോലും സാമ്പത്തിക മേഖലയില്‍ അയവുവരുത്തി സ്വകാര്യ-വിദേശ ബാങ്കുകള്‍ക്ക് ഇടം സൃഷ്ടിച്ച് ജനങ്ങളുടെ സമ്പാദ്യം അവരിലേക്ക് വഴിതിരിച്ച് ഊഹക്കച്ചവടത്തിനും മറ്റും ഉപയോഗിക്കാന്‍ അവസരമൊരുക്കി. ഉന്നത നിലവാരമുള്ളതും തന്ത്രപരവും പ്രകൃതിവിഭവങ്ങള്‍ കൈകാര്യംചെയ്യുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍വരെ വന്‍ നഷ്ടം സഹിച്ച് കടലാസുവിലയ്ക്ക് വിറ്റ് രാജ്യത്തിന്റെ പൊതു ആസ്തിയുടെ നിയന്ത്രണം സ്വകാര്യ-വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായ ഇന്നത്തെ അവസ്ഥയില്‍പോലും കാര്‍ഷികവൃത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേരുടെ ജീവസന്ധാരണമാര്‍ഗമായ ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധനത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാരിന് ഒരു പ്രയാസവും അനുഭവപ്പെടുന്നില്ല.

ജിഡിപിയിലെ വര്‍ധനയ്ക്കനുസൃതമായി ഇവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. തൊഴില്‍, അന്തസ്സുള്ള ജോലി ഇവയൊക്കെ ഇന്ന് അന്യമാണ്. പിരിച്ചുവിടല്‍, നിയമനനിരോധനം, പുറംകരാര്‍ പണി, കാഷ്വലൈസേഷന്‍, കോണ്‍ട്രാക്ടര്‍വല്‍ക്കരണം, അസ്ഥിര തൊഴില്‍, വേതനത്തിന്റെ സ്ഥാനത്ത് ഓണറേറിയം- ഇതാണ് ഇന്നത്തെ പ്രതിഭാസം. ഈയിടെ നടന്ന സിഐടിയുവിന്റെ 14-ാം അഖിലേന്ത്യാ സമ്മേളനം ഈ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനും "ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയും 4 ഷിഫ്റ്റ് തൊഴില്‍ദിനങ്ങളും" എന്ന അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തപ്പെട്ട മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചു. ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത സമരങ്ങള്‍ ശക്തമാക്കാന്‍, അവ ജനവിരുദ്ധ നടപടികള്‍ക്കും സാമ്രാജ്യത്വ അനുകൂല നീക്കങ്ങള്‍ക്കും എതിരായ ഉയര്‍ന്ന പ്രക്ഷോഭമാക്കി മാറ്റിയെടുക്കാന്‍ സിഐടിയു പ്രതിജ്ഞചെയ്യുന്നു.

താഴെതട്ടില്‍ തൊഴിലാളികളുടെ ഐക്യം വിപുലപ്പെടുത്താനും ദൃഢീകരിക്കാനും രാജ്യത്തെ ജനങ്ങളെയാകെ നയങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരത്താനും ആഹ്വാനംചെയ്യുന്നു. പലതരത്തിലുള്ള വിഭാഗീയ, വിധ്വംസക, വര്‍ഗീയ ശക്തികള്‍ ജനങ്ങളുടെ തീവ്രമായ കഷ്ടപ്പാടുകള്‍ മുതലെടുത്ത് നമ്മുടെ സമൂഹത്തില്‍ ജാതി, മത, സ്വത്വ പ്രവണതകളുണര്‍ത്തി അവരെ പല തട്ടുകളിലാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ശക്തികള്‍ക്കെല്ലാമെതിരായി ഒരേസമയം തുടര്‍ച്ചയായി നിലപാടെടുത്ത്, സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമരംചെയ്ത് പോകേണ്ടതുണ്ട്. വര്‍ഗാടിത്തറയില്‍നിന്ന് വിവിധ മാനങ്ങളില്‍ നടത്തേണ്ട പ്രക്ഷോഭം ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന പ്രക്രിയയുടെ അനിവാര്യഘടകമാണ്. പണിമുടക്കു ദിവസം പ്രകടനവും പിക്കറ്റിങ്ങും നടത്തുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമത്തില്‍ (ക്രിമിനല്‍ നിയമം 307 വകുപ്പ്) കുടുക്കുകയാണ്. രാജ്യത്തെ തൊഴില്‍സ്ഥലങ്ങളില്‍ ഇതു സാധാരണ സംഭവമായി. ഇത്തരം ആക്രമണത്തിനെതിരെയുള്ള തൊഴിലാളികളുടെ യോജിപ്പാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അത്തരം ബോധം തൊഴിലാളികളില്‍ തട്ടിയുണര്‍ത്താനും സംഘടനകളുടെ ഐക്യം പൂര്‍വാധികം ശക്തമാക്കാനുമുള്ള പരിശ്രമം തുടരണം. പശ്ചിമ ബംഗാള്‍ ജനതക്കെതിരെയുള്ള ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളും മറ്റും ചേര്‍ന്ന് ട്രേഡ് യൂണിയനുകള്‍ക്കും ബഹുജന സംഘടനകള്‍ക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കും മൊത്തത്തില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുംനേരെ അഴിച്ചുവിടുന്ന നിഷ്ഠുരമായ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളിവര്‍ഗത്തോടും ജനാധിപത്യ വിശ്വാസികളായ ബഹുജനങ്ങളോടുമുള്ള പ്രതിബദ്ധത ഈ സന്ദര്‍ഭത്തില്‍ സിഐടിയു ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ഇതുവരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരടക്കം 90 പ്രധാന കേഡര്‍മാര്‍ കൊല്ലപ്പെട്ടു. പല സ്ഥലങ്ങളിലും സിഐടിയു ആഭിമുഖ്യമുള്ള കോണ്‍ട്രാക്ട് തൊഴിലാളികളെ പുറത്താക്കി, കോണ്‍ട്രാക്ടര്‍മാരുമായി ഒത്തുകളിച്ച് കുറഞ്ഞ കൂലിക്ക് മറ്റാളുകളെ നിയമിക്കുന്നു. ഇടതുപ്രതിപക്ഷത്തെയും ജനാധിപത്യ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അതിഭീകരമായ ഈ ആക്രമണങ്ങളെ നേരിട്ട് രണ്ടു ദിവസത്തെ പൊതുപണിമുടക്കിനുള്ള ആഹ്വാനം വിജയകരമായി നടപ്പാക്കിയ ബംഗാളിലെ തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യം അഭിമാനകരമാണ്. അവരെ സിഐടിയു അഭിവാദ്യംചെയ്യുന്നു.

ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തികേന്ദ്രമായ കേരളത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശാരീരിക ആക്രമണത്തിനും വിഷലിപ്തമായ പ്രചാരണം സംഘടിപ്പിക്കാനും ശ്രമം തുടര്‍ച്ചയായി നടന്നുവരുന്നു. ഈ മെയ് ദിനത്തില്‍ തൊഴിലാളി വര്‍ഗ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുമ്പോള്‍, രാജ്യമാകെ തൊഴിലാളികളെ സംഘടനാപരമായും, സൈദ്ധാന്തികമായും ഒന്നിപ്പിച്ച്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ത്രിപുരയിലും വര്‍ഗസമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തെ നേരിടാന്‍, മുതലാളിത്ത ചൂഷണ വ്യവസ്ഥക്കെതിരെ അടരാടാന്‍ തയ്യാറെടുപ്പിക്കുമെന്ന് പ്രതിജ്ഞചെയ്യാം. 2013 ലെ മെയ്ദിന അഭ്യര്‍ഥന വികസിതവും വികസ്വരവുമായ രാജ്യങ്ങളില്‍ സാമ്രാജ്യത്വത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ അധ്വാനിക്കുന്ന ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യം സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഐക്യം വികസിപ്പിക്കാന്‍, ഇനിയും ശക്തിപ്പെടുത്താന്‍ ജനകീയ അവകാശങ്ങള്‍ക്കും ജീവസന്ധാരണത്തിനുംവേണ്ടി നടത്തുന്ന സമരങ്ങളെ ഇനിയും ദൃഢീകരിക്കാന്‍ സിഐടിയു അഭ്യര്‍ഥിക്കുന്നു. ജോലി സ്ഥലത്തെ തൊഴിലവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം മറ്റു പ്രക്ഷോഭങ്ങള്‍ക്കൊപ്പം സമന്വയിപ്പിക്കണം. ഐക്യദാര്‍ഢ്യ നടപടികള്‍ തൊഴിലെടുക്കുന്നവരുടെ ദൈനംദിന സംയുക്ത ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാകണം. ഇതാണ് മെയ് ദിനം നല്‍കുന്ന ആഹ്വാനം. വര്‍ഗീയത, ജാതീയത, പ്രാദേശികത തുടങ്ങി വിവിധ രീതിയിലുള്ള പ്രവണതകള്‍ക്കെതിരെ ജാഗരൂകമായി സമരം സംഘടിപ്പിക്കുന്നതിനൊപ്പം സ്വന്തം വര്‍ഗത്തിനും ജനങ്ങള്‍ക്കും എതിരായുള്ള അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ സംയുക്തമായി നിലകൊള്ളാന്‍ സിഐടിയു ആഹ്വാനംചെയ്യുന്നു.

മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

No comments: