Wednesday, May 15, 2013

പൊലീസ് കാകളി

"ഹെന്ത്!. കുറുപ്പന്തൊടി പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍ ശിവശങ്കരപ്പിള്ള കവിതയെഴുതിയെന്നോ!. ഡിപ്പാര്‍ട്ട്മെന്റിലിരുന്ന് എന്ത് തോന്ന്യവാസവും കാണിക്കാമെന്നോ? കേരളാപൊലീസില്‍ കാളിദാസന്‍ വേണ്ട. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്ക്. ശരിയാക്കിക്കളയും ഞാന്‍. അഴിച്ച് പണിത് എല്ലാത്തിന്റേം എല്ലൂരും ഞാന്‍"- അരിശം സഹിക്കാതെ ഡി ഐ ജി ഉത്തരവിട്ടു.

അനേഷണസംഘം പാഞ്ഞു.

കവിതയോ...!..പിടിച്ചിട്ട് തന്നെ കാര്യം. ഇതിനേക്കാള്‍ എത്രയോ വലിയ കേസുകള്‍ പുല്ലു പോലെ പിടിച്ചിരിക്കുന്നു. പിന്നെയാണോ കവിത!.

ശിവശങ്കരപ്പിള്ളയെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ഇടയ്ക്ക് സംസ്കൃതവൃത്തത്തിലും ചോദ്യമുണ്ടായി. പിള്ള കാവ്യദേവതയ്ക്ക് വേണ്ടി ഇഞ്ചിഞ്ചായി പോരാടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രസക്തഭാഗം ചോര്‍ന്നു കിട്ടാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയ മാധ്യമനരികളെ ലജ്ജിപ്പിച്ച് അവര്‍ക്ക് മുഴുവനും ചോര്‍ത്തിക്കൊടുത്തു. കിട്ടിയത് കൊണ്ട് അവരങ്ങ് ആടി. റിപ്പോര്‍ട്ട് ഇങ്ങനെ: റൈറ്റര്‍ ശിവശങ്കരപ്പിള്ള കവിതയെഴുതിയത് സംബന്ധിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്. കുറുപ്പന്തൊടി പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍ ശിവശങ്കരപ്പിള്ള കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനപൊലീസ് വകുപ്പിനും, നീതിനിര്‍വഹണ സംവിധാനത്തിനും ആകെ അപമാനമുണ്ടാക്കും വിധം കവിത എഴുതുക എന്ന പണി നിര്‍ലജ്ജം ചെയ്യുന്നു. നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കാന്‍ ബാധ്യതയുള്ള പൊലീസുകാരന്‍ തന്നെ നാട്ടില്‍ സ്വസ്ഥതയില്ലാതാക്കുന്ന ഈ പണിയില്‍ നിര്‍ബാധം വ്യാപരിക്കുകയാണ്. ഇത്ര തരംതാണ പണി ഒരു പൊലീസുകാരന്റെ കയ്യില്‍നിന്ന്ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എന്തിനാണ് ഇങ്ങനെ ഒരു പണി തുടങ്ങിയത് എന്നതിന് ടി ശിവശങ്കരപ്പിള്ളക്കാകട്ടെ കൃത്യമായ മറുപടിയും ഇല്ല. ഔദ്യോഗിക സംവിധാനം ആകെ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് റൈറ്റര്‍ പിള്ള ഈ ക്രൂരകൃത്യം ചെയ്തത്. ടിയാന്‍ കുറുപ്പന്തൊടി സ്റ്റേഷനിലെ ജോലിക്കിടയിലാണ് കവിതപ്പണിയും നടത്തിവന്നിരുന്നതെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഒരേ സമയം രണ്ടു ജോലിയില്‍ വ്യാപൃതനാവുകയും രണ്ടിനും പ്രതിഫലം പറ്റുകയും ചെയ്യുന്നത് ഡിപ്പാര്‍ട്ട്മെന്റ് വ്യവസ്ഥപ്രകാരം കുറ്റകരമാണ്.

ഔദ്യോഗികകൃത്യനിര്‍വഹണത്തിനു ശേഷം ചെയ്യാവുന്നതല്ല കവിതപ്പണി. പച്ചക്കറി നടുക, കോഴിയെ വളര്‍ത്തുക എന്നീ കൃഷി പോലെയല്ല കവിതകൃഷി. മറ്റു പണികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുശേഷം ചെയ്യാവുന്ന പണിയാണെങ്കില്‍ കവിതപ്പണി അങ്ങനെയല്ല. അത് ഇരുപത്തിനാല് മണിക്കൂര്‍ പണിയാണ്. ഏതു സമയത്താണ് ഒരാള്‍ക്ക് കവിത വരുന്നതെന്ന് പറയാനാവില്ല. ഏതു സമയത്തുവന്നാലും അയാള്‍ നേരിടാന്‍ തയ്യാറാവണം. കോഴിക്ക് രാവിലെ തീറ്റയിട്ടു കൊടുത്താല്‍ മതി. എന്നാല്‍ കവിത എപ്പോഴും രാവിലെ തന്നെ വരണമെന്നില്ല. പച്ചക്കറിക്ക് വൈകുന്നേരം ഒന്ന് നനച്ചു കൊടുക്കണം. അതുപോലെ വൈകുന്നേരം വരുന്നതുമല്ല കവിത. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലും ഒരാളുടെ മനസ്സില്‍ കവിതപ്പണി നടക്കും. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ഡ്യൂട്ടി ചെയ്യുന്നതിനിടയില്‍ കവിത വന്നാല്‍ അത് സര്‍ക്കാരിനോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റാണ്. മോഷണക്കേസ് പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ ടി ശിവശങ്കരപ്പിള്ളയുടെ മനസ്സില്‍ കവിത വന്നാല്‍ എന്തുചെയ്യും?. കാവ്യരൂപത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ പൊലീസിന്റെ അന്തസ്സു തന്നെ ഇടിയില്ലേ?. കൊലക്കേസന്വേഷിക്കാന്‍ പോവുമ്പോള്‍ പ്രചോദനമുണ്ടായാല്‍ എന്തുചെയ്യും?. ലാത്തിച്ചാര്‍ജ് നടക്കുന്നതിനിടയിലും, ജനക്കൂട്ടത്തെ പിരിക്കാന്‍ ആകാശത്തേക്ക് വെടിവെക്കുന്നതിനുമിടയിലും കവിത വന്നാലോ? കവിത എപ്പോള്‍, എങ്ങനെ വരുമെന്നൊന്നും പറയാന്‍ പറ്റില്ല. ഒരാള്‍ എപ്പോഴാണ് കുറ്റവാളിയാവുക എന്ന് പറയാനാവാത്ത പോലെയാണ് ഒരാള്‍ എപ്പോഴാണ് കവിയാവുക എന്നതും. പ്രമാദമായ കേസിന്റെ തുമ്പു കണ്ടെത്താന്‍ പൊലീസ്നായയുടെ പിന്നാലെ പായുമ്പോഴാണ് കവിത വരുന്നതെങ്കിലോ. കേസന്വേഷണം കവിയരങ്ങായിപ്പോവും. റൈറ്റര്‍ ശിവശങ്കരപ്പിള്ളക്ക് തടുത്തു നിര്‍ത്താനാവാത്തവിധം കവിത വരുകയും അയാള്‍ ഉറക്കെ പാടുകയും, പൊലീസ് നായ അതേറ്റുപാടുകയും ചെയ്താല്‍ ഡിപ്പാര്‍ട്ട്മെന്റിനുണ്ടാവുന്ന അപമാനം ചില്ലറയായിരിക്കുമോ?. കവിത വരുമ്പോള്‍ തന്നെ കുറിക്കണമെന്നതാണ് ഈ രോഗത്തിന്റെ ഒരു കുഴപ്പമായി കണ്ടുവരുന്നത്. എങ്കില്‍ പരാതി എഴുതിയെടുക്കുന്നതിനിടയിലാണ് കവിത വരുന്നതെങ്കില്‍ പരാതിക്കടലാസില്‍ തന്നെ അത് കുറിച്ചുവെക്കാനുള്ള സാധ്യത വലുതാണ്. അത് വരുത്തിവെക്കുന്ന അപകടങ്ങളും വലുതായിരിക്കും. പലപ്പോഴും ഡിപ്പാര്‍ട്ട്മെന്റ് വക കടലാസില്‍ ടി ശിവശങ്കരപ്പിള്ള കവിത എഴുതിയതായി വ്യക്തമായ തെളിവുകളുണ്ട്. ഇത് സര്‍ക്കാരിന് നഷ്ടം വരുത്തിവെക്കുന്ന സംഗതിയാണ്. ഇതിന് ടി ശിവശങ്കരപ്പിള്ളയില്‍ നിന്ന്നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്.

തന്റെ ഔദ്യോഗിക ജീവിതത്തെ ഒരുതരത്തിലും സഹായിക്കുന്ന പ്രവൃത്തിയല്ല കവിതപ്പണി എന്നറിഞ്ഞിട്ടും മനഃപ്പൂര്‍വം ആ പണി തുടര്‍ന്നു. കുറ്റാന്വേഷണത്തിലും നീതിനിര്‍വഹണത്തിലും മുഴുകേണ്ട സമയത്ത് ചിന്തിക്കുന്ന മട്ടിലിരുന്ന് ഡിപ്പാര്‍ട്ട്മെന്റിനെ താഴ്ത്തികെട്ടി. എന്നാല്‍ മണിക്കൂറുകളോളം ചിന്തയില്‍ മുഴുകി എഴുതിത്തയ്യാറാക്കിയ മഹസ്സറുകളാവട്ടെ സംസ്ഥാനത്തെ സൈ്വരജീവിതത്തെ സഹായിക്കുന്നതുമല്ല. തന്റെ കവിതപ്പണി കൊണ്ട് ടി ശിവശങ്കരപ്പിള്ള ഏതെങ്കിലും കേസിന് തുമ്പുണ്ടാക്കിയതായി തെളിവില്ല. ഏതെങ്കിലും പിടികിട്ടാപ്പുള്ളിയെ കവിത കൊണ്ട് കണ്ടെത്തിയിട്ടുമില്ല. കവിത പാടി പ്രതികളെ പിടിക്കാനുള്ള പുതിയ അന്വേഷണ പദ്ധതിക്ക് തുടക്കമിടാനും ടി ശിവശങ്കരപ്പിള്ളക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ടി ശിവശങ്കരപ്പിള്ള ഡിപ്പാര്‍ട്ട്മെന്റിന് കനത്ത സാമ്പത്തിക ബാധ്യതയാണ്. വന്‍ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു.

അന്വേഷണത്തിനായി 12 മോഷ്ടാക്കള്‍, മൂന്ന് കൊലക്കേസ് പ്രതികള്‍, എട്ട് പോക്കറ്റടിക്കാര്‍ എന്നിവരില്‍ നിന്നും വകുപ്പുതല ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഞങ്ങള്‍ തെളിവ് ശേഖരിച്ചു. കവിതയെ സംബന്ധിച്ച് നല്ല അറിവും, പരിജ്ഞാനവുമുള്ളവരാണ് മേല്‍പ്പറഞ്ഞ സാക്ഷികള്‍ എന്ന് ഞങ്ങള്‍ക്ക് ഉത്തമ വിശ്വാസവുമുണ്ട്. ഈ റിപ്പോര്‍ട്ട് അധികാരിസമക്ഷം മേല്‍നടപടികള്‍ക്കായി ഇതിനാല്‍ സമര്‍പ്പിക്കുന്നു. റിപ്പോര്‍ട്ട് ഉടന്‍തന്നെ പരിഗണനക്കെടുത്തു. അടിയന്തര അച്ചടക്ക സമിതി രൂപീകരിച്ചു. ശിവശങ്കരപ്പിള്ളയെ വിളിച്ചു വരുത്തി. കാവ്യദേവത ആവാഹിച്ച ശരീരവുമായി ശിവശങ്കരപ്പിള്ള ഭയഭക്തിബഹുമാനങ്ങളോടെ അച്ചടക്ക സമിതിയുടെ മുന്നില്‍ കൈകൂപ്പി നിന്നു. തൊപ്പിയൂരി, കുറ്റിമുടിയില്‍ തലോടി പൊലീസ് നവരത്നങ്ങളിലൊന്ന് ചോദിച്ചു.

"മിസ്റ്റര്‍ ശിവശങ്കരപ്പിള്ള ഈ കവിത എന്നു പറഞ്ഞാല്‍ ആക്ച്വലി എന്താണ്?"
ഒരു അച്ചടക്ക സമിതി മറ്റൊരു അച്ചടക്ക സമിതിയുടെ ചെവിട്ടില്‍ പറഞ്ഞു.
"ഛേ...എന്തിനാ ആ പെണ്‍കുട്ടിയുടെ കാര്യമൊക്കെ ഇവിടെ ചോദിക്കുന്നെ..."
ആ അച്ചടക്കം ഈ അച്ചടക്കത്തോട് അടക്കം പറഞ്ഞു.
"..നോ..നോ.. കവിത മീന്‍സ്...പോയെം.. പോയെം... പോയെട്രി.."
"ഓഹോ.. പക്ഷെ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അങ്ങനെ ഒരര്‍ത്ഥം ഒണ്ടായിരുന്നില്ല. ഓരോരോ മാറ്റങ്ങള്‍.."
പെട്ടെന്നുള്ള ചോദ്യം ശിവശങ്കരപ്പിള്ളക്ക് ഇടി കിട്ടിയത് പോലെയായി. മുക്കിയും മൂളിയും പിള്ള പറഞ്ഞു.
"കവിത എന്നു പറഞ്ഞാല്‍...അത്.. അത്..."
"ക്ലിയറായി പറയൂ.. ഏത് കേസിന്റെയും ബലം അതിന്റെ എഫ് ഐ ആറാണ്. എഫ് ഐ ആര്‍ കറക്റ്റായാല്‍ പ്രതി കുടുങ്ങിയത് തന്നെ. അതുപോലെ നിങ്ങളുടെ എഫ് ഐ ആര്‍ ഹാജരാക്കൂ മിസ്റ്റര്‍ പിള്ള."
"സര്‍.. അത് എനിക്ക് അറിയാമ്പാടില്ല..."
" അറിയാന്‍ പാടില്ലാത്ത ജോലി നിങ്ങള്‍ എന്തിന് ചെയ്തു? ഇറ്റ് ഈസ് എത്തിക്കലി ആന്റ് പ്രൊഫഷണലി റോങ്.."
"സര്‍.. അത് ഒരു ഉള്‍വിളിയാണ്.."
" അത് കൃത്യം ശരീരത്തിന്റെ ഏത് ഭാഗത്തു നിന്നാണ് വരുന്നത്?... ചെറുകുടല്‍.... വന്‍കുടല്‍...?"
" അത് പറയാനാവില്ല..സര്‍.."
" പ്രതിയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാതെ ഏത് കേസാണ് മിസ്റ്റര്‍ പിള്ള ജയിക്കുന്നത്?"
" അത് ഒരു പ്രചോദനമാണ് സര്‍.."
" പ്രചോ...ധനം.. അത് എന്തിന് കിട്ടുന്ന ധനമാണ്?"
ശിവശങ്കരപ്പിള്ളയുടെ ആത്മാഭിമാനത്തില്‍ ചവിട്ടേറ്റു. പിള്ള ഉണര്‍ന്നു. നാണം വെടിഞ്ഞു. യഥാര്‍ഥ കാവ്യരൂപം പുറത്തു വന്നു. കാവ്യദേവത ആടി.
"സര്‍ കവിയുടെ അനുഭവ പ്രപഞ്ചം മറ്റൊന്നാണ്. അതിന് അതിര്‍ത്തികളില്ല, വരമ്പുകളില്ല, അതിരുകളില്ലാത്ത നീലാകാശത്ത് വെള്ളരിപ്രാവായി സര്‍ഗാത്മകതയുടെ നഭോമണ്ഡലത്തില്‍ തൂലികയേന്തി പറക്കുന്ന ഏകാന്തയാനത്തിനിടയില്‍ പൊഴിഞ്ഞുവീഴുന്ന സ്വേദകണങ്ങളാണ് സര്‍ എന്റെ കവിത..."
" ഇതിനൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നു. ജോലിക്കിടയിലാണോ ഈ പരിശീലനപ്പറക്കല്‍..?"
"എന്റെ അന്തര്‍ദ്ദാഹമാണ് എന്റെ കവിത.."
"മിസ്റ്റര്‍ പിള്ള, കവിതയുടെ എല്ലാ പണിയും നടക്കുന്നത് അടിയിലാണോ?. "ഉള്‍" വിളി,"അന്തര്‍" ദാഹം... എന്താ.. ഇതൊരു അണ്ടര്‍വേള്‍ഡാണോ?"
"അല്ല സര്‍ ഇതൊരു വണ്ടര്‍ വേള്‍ഡാണ്.."
"നിങ്ങള്‍ സന്ധ്യ എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ടോ?"
"ഉവ്വ് സര്‍.." "കാരണം?"
"സന്ധ്യ എന്റെ ദൗര്‍ബല്യമാണ്. അവള്‍ സുന്ദരിയാണ്. ആയിരം കൈകള്‍ നീട്ടി അവളെ പുണരാന്‍ ഞാന്‍ ദാഹിക്കുകയാണ്."
"ഛീ.. അടിച്ചു നിന്റെ..." ഒരച്ചടക്കം ചാടിയെഴുന്നേറ്റപ്പോള്‍ മറ്റെ അച്ചടക്കം പിടിച്ചിരുത്തി.
"ഈ സന്ധ്യ എന്നു പറയുന്നത് വൈകുന്നേരമാണ്... വൈകുന്നേരം.. ഈവനിംഗ്.. ഈവനിംഗ്..."
"ഓഹോ.. പക്ഷെ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അങ്ങനെ ഒരര്‍ത്ഥം ഒണ്ടായിരുന്നില്ല. ഓരോരോ മാറ്റങ്ങള്‍.." ചമ്മലടക്കാന്‍ പുള്ളി വറുത്ത കശുവണ്ടി കൊറിച്ചു.
"നിങ്ങള്‍ പ്രണയം എന്ന കവിത എഴുതിയിട്ടുണ്ടോ?"
"ഉണ്ട് സര്‍." " അതില്‍ തൂങ്ങിച്ചത്തു കിടക്കുന്ന പ്രതിയാണ് എന്റെ പ്രണയം. കത്തിക്ക് വഴങ്ങാതെ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ കിടക്കുന്ന സ്വപ്നമാണ് എന്റെ പ്രണയം. ഔദ്യോഗിക ബഹുമതിയില്ലാതെ എന്റെ നെഞ്ചില്‍ സംസ്കരിച്ച പനീര്‍പൂവാണ് എന്റെ പ്രണയം... എന്നൊക്കെ എഴുതിയിട്ടുണ്ടോ?"
" എന്റെ തീവ്രവേദനകള്‍ ആവിധം ഞാന്‍ ആവിഷ്ക്കരിച്ചിട്ടുണ്ട് സര്‍"
" ഇതൊക്കെ ഡിപ്പാര്‍ട്ട്മെന്റിന് വരുത്തിവെക്കുന്ന അപമാനം ചില്ലറയല്ല."
"ഡിപ്പാര്‍ട്ട്മെന്റ് എന്നെച്ചൊല്ലി അഭിമാനിക്കണം സര്‍."
"എന്തിന്?"
"കാക്കിക്കുള്ളിലെ കട്ടുറുമ്പാണ് സര്‍ ഞാന്‍"
"അതെന്താ അങ്ങനെ?"
"സര്‍ കാക്കിക്കുള്ളിലെ കവിഹൃദയം, കാക്കിക്കുള്ളിലെ കലാഹൃദയം എന്നെല്ലാം പറഞ്ഞാല്‍ ഓക്കാനം വരും. ഒന്നു മാറ്റി കട്ടുറുമ്പിനെക്കൊണ്ടു വന്നതാണ് സര്‍. ഒരു നല്ല മാറ്റമല്ലേ സര്‍..?"
വിചാരണ തീര്‍ന്നു. വിധി വന്നു. ശിവശങ്കരപ്പിള്ളയെ സാഹിത്യ അക്കാദമിയുടെ വാച്ച്മാനായി മാറ്റി നിയമിച്ചു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: