Monday, April 30, 2012

കാവിപുതച്ച അഴിമതി

ബിജെപി നേതാക്കള്‍ സ്വയം വിശേഷിപ്പിക്കാറുള്ളത് തങ്ങള്‍ അഴിമതിവിരുദ്ധ പോരാട്ട നായകരാണ് എന്നത്രെ. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുമ്പോള്‍ വിമര്‍ശ ശരങ്ങളുമായി ബിജെപി രംഗത്തിറങ്ങുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനത്തേക്ക് കുറുക്കുവഴി തേടി നടത്തുന്ന ഉപജാപങ്ങളാണ് ബിജെപിയുടെ സമീപകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും. യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ കവച്ചുവയ്ക്കാന്‍ പോന്ന ഒന്ന് ബിജെപി ഭരണകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് വലിയ നേട്ടമായി അവര്‍ കൊണ്ടാടുകയാണ്. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന വര്‍ഗസ്വഭാവം നോക്കിയാല്‍ അഴിമതിയില്‍നിന്ന് ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ സുരക്ഷപോലും പണയംവച്ച് നോട്ടുകെട്ടുകള്‍ വാരിക്കൂട്ടുന്നതില്‍ രണ്ടുകക്ഷികളും മത്സരത്തിലാണ്. ബിജെപിയുടെ പരമപദത്തിലിരിക്കെ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങി പിടിക്കപ്പെട്ട ബംഗാരു ലക്ഷ്മണ്‍ തിഹാര്‍ ജയിലിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ലജ്ജാശൂന്യമായി അഴിമതി നടത്തുന്നവരാണ് ബിജെപി നേതൃത്വം എന്ന് നിസ്സംശയം തെളിയിക്കപ്പെടുകയാണ്.

കരസേനയ്ക്ക് പ്രത്യേകതരം ദൂരദര്‍ശിനി വാങ്ങാനുള്ള കരാര്‍ തരപ്പെടുത്തിക്കൊടുക്കാനാണ് 2001ലെ പുതുവര്‍ഷദിനത്തില്‍ വെസ്റ്റ് എന്‍ഡ് എന്ന ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ബംഗാരു കോഴ വാങ്ങിയത്. പണം വാങ്ങി എന്ന് പറയുകയല്ല, നോട്ടുകെട്ടുകള്‍ വാങ്ങിവയ്ക്കുന്നതിന്റെയും ബാക്കി തുകയെക്കുറിച്ച് പറയുന്നതിന്റെയും ദൃശ്യങ്ങള്‍തന്നെ പുറത്തുവന്നു. അനിഷേധ്യ തെളിവായി അത് മാറിയപ്പോള്‍ ബംഗാരുവിന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളില്ലാതെയായി. ഗത്യന്തരമില്ലാതെയാണ് അന്ന് ബിജെപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രഭരണത്തെ നയിക്കുന്ന പാര്‍ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ബംഗാരു പണം വാങ്ങിയത്; അല്ലാതെ ആന്ധ്രയില്‍നിന്നുള്ള സാധാരണ അഭിഭാഷകന്റെ പദവിവച്ചല്ല.

ശിക്ഷാവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ കൗതുകകരമാണ്. ബംഗാരുവിന്റെ കുറ്റവും ശിക്ഷയും വ്യക്തിപരമായ ഒന്നുമാത്രമാക്കി ബിജെപി വക്താവ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. സിബിഐ സ്വതന്ത്രമായി അന്വേഷിച്ചാല്‍ പല കോണ്‍ഗ്രസുകാര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസാകട്ടെ, ദേശീയപാര്‍ടിയുടെ അധ്യക്ഷപദവി അലങ്കരിച്ച വ്യക്തി ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു. പാര്‍ടി അറിയാതെ നടന്ന അഴിമതിയാണെന്ന ബിജെപിവാദത്തിന്റെ പരിഹാസ്യത വാജ്പേയി ഭരണകാലത്ത് രാജ്യവ്യാപകമായി നടന്നതും ഇന്നും തുടരുന്നതുമായ അഴിമതിക്കഥകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. അധ്യക്ഷപദവി അലങ്കരിച്ച വ്യക്തി ശിക്ഷിക്കപ്പെടുന്നതാണ് കോണ്‍ഗ്രസ് ദൗര്‍ഭാഗ്യകരമായി കാണുന്നത്- നടത്തിയ അഴിമതിയെയല്ല. അഴിമതി നടത്താം; പിടിക്കപ്പെടരുത് എന്ന കോണ്‍ഗ്രസ് പ്രമാണമാണ് ആ പ്രതികരണത്തില്‍ വായിച്ചെടുക്കാനാവുക.

ബിജെപിയുടെ അഴിമതിവിരുദ്ധ പ്രകടനം പ്രഹസനംമാത്രമാണ്. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ സാമ്പത്തിക പ്രത്യയശാസ്ത്രമല്ല ആ പാര്‍ടിയുടേത്. അഴിമതി തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ബദല്‍ പരിപാടി അവര്‍ക്ക് മുന്നോട്ടുവയ്ക്കാനാവില്ല. ശത്രുസൈന്യത്താല്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ശവപ്പെട്ടി വാങ്ങുന്നതില്‍വരെ അഴിമതി നടത്തിയ പാരമ്പര്യമാണ് അവരുടേത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകത്തില്‍ അഴിമതിയുടെ ആസ്ഥാനവും ആ പാര്‍ടിയില്‍തന്നെയാണ്. ബിജെപിക്കാരനായ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കുംഭകോണത്തില്‍ പ്രതിയാണ്. ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന റെഡ്ഡി സഹോദരന്മാര്‍ അനധികൃത ഖനത്തിന് ജയിലിലടയ്ക്കപ്പെട്ടു. പെട്രോള്‍ പമ്പ് കുംഭകോണവും ആയുധ ഇടപാടുകളും യുടിഐ കുംഭകോണവും പൊതുമുതല്‍ തുച്ഛവിലയ്ക്ക് വിറ്റുതുലയ്ക്കലുമുള്‍പ്പെടെയുള്ള അഴിമതി പരമ്പരകളുടേതാണ് ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ ചരിത്രം.

എല്‍ കെ അദ്വാനിയെ അഴിമതിക്കെതിരായ സമരനായകനായി ഉയര്‍ത്തിക്കാട്ടാനും അണ്ണാ ഹസാരെ-ബാബാ രാംദേവ് സമരങ്ങളില്‍ നുഴഞ്ഞുകയറി നേട്ടമുണ്ടാക്കാനും ബിജെപി ഈയിടെ ശ്രമിച്ചു. അഴിമതിയുടെ പ്രശ്നത്തില്‍നിന്ന് നേട്ടം കൊയ്യാനുള്ള അത്തരം ശ്രമങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ചീഞ്ഞ കഥകളിലും യെദ്യൂരപ്പയുടെയും റെഡ്ഡിമാരുടെയും അറസ്റ്റിലും തട്ടിയാണ് തകര്‍ന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹിമാലയന്‍ അഴിമതികളില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താന്‍ ചില പ്രദേശങ്ങളിലെങ്കിലും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. പട്ടണപ്രദേശങ്ങളിലെ ഇടത്തരക്കാരില്‍ ഒരുവിഭാഗത്തെ അങ്ങനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടങ്ങള്‍.

വര്‍ഗീയ അജന്‍ഡയ്ക്കൊപ്പം അഴിമതിവിരുദ്ധ വികാരത്തെയും വോട്ടാക്കി മാറ്റി അധികാരത്തില്‍ തിരിച്ചെത്താനുള്ള ബിജെപിയുടെ സ്വപ്നത്തിനാണ് ബംഗാരുവിന്റെ ശിക്ഷാവിധിയിലൂടെ കനത്ത ആഘാതമേല്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാത്ത; നവലിബറല്‍ നയങ്ങളോട് പ്രതിജ്ഞാബദ്ധമായ; കോണ്‍ഗ്രസിനുള്ള വലതുപക്ഷ ബദല്‍ മാത്രമായ ബിജെപി, അഴിമതിക്കാര്യത്തിലും കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന് ബംഗാരു ഒരിക്കല്‍കൂടി വിളിച്ചുപറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും അകറ്റിനിര്‍ത്തപ്പെടേണ്ടവയാണെന്ന ഇടതുപക്ഷത്തിന്റെ സുചിന്തിതമായ നിലപാടിന്റെ ശരിയാണ് ബംഗാരുവിന്റെ ശിക്ഷയിലൂടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ഏപ്രില്‍ 2012

മെയ്‌ദിനം

മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം


അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങള്‍

മര്‍ദ്ദിതരുടെ ശിബിരങ്ങളെ ജാഗ്രത്താക്കിയും,അണികളിലവരെ നിരത്തിയും

എത്തുമദൃശ്യ മനുഷ്യാദ്ധ്വാന മഹത്വമഹസ്സേ

നിന്നെ കാണ്‍കേ ഞങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയല്ലോ

ഞങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം

പൊരുതിമരിച്ചു ജയിച്ചവരെല്ലാം


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

സ്വന്തം ചെഞ്ചുടു ചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകള്‍

‍അന്തിമ നിമിഷം വരേയും കൈകളിലേന്തിയിടുന്നോര്‍

‍അവരുടെ പേരില്‍ ഒത്തൊരുമിച്ചിടിവെട്ടും പോലൊരു ശബ്ദത്തില്‍ പറയുന്നൂ ഞങ്ങള്‍

‍മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം


മെയ് ദിനമേ,

കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്

അവികല നൂതന ലോകമിദായകമാകും രണശതശോണ പദങ്ങളിലൂടെ...


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

*
തിരുനെല്ലൂര്‍ കരുണാകരന്‍

പണിയെടുക്കുന്നവരുടെ പുതുവത്സര ദിനം

ലോകത്തെ ചുവപ്പിച്ചുകൊണ്ട് "പണിയെടുക്കുന്നവരുടെ പുതുവത്സര ദിന" മായ മെയ്ദിനം. 80 രാജ്യങ്ങളില്‍ ഔദ്യോഗികമായും മറ്റു രാജ്യങ്ങളില്‍ അനൗദ്യോഗികമായും ദിനാചരണവും തൊഴിലാളിറാലികളും നടക്കുമ്പോള്‍ "സര്‍വരാജ്യത്തൊഴിലാളികളേ ഏകോപിക്കുവിന്‍" എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആഹ്വാനം ഒരു ദിവസമെങ്കിലും യാഥാര്‍ഥ്യമായിത്തീരുകയാണ്. ചെങ്കൊടികളുമായി നീങ്ങുന്ന മഹാറാലികളുടെ ആ ദിവസം ബഹിരാകാശത്തുനിന്ന് ഫോട്ടോയെടുക്കുകയാണെങ്കില്‍ ചുവന്നുനില്‍ക്കുന്ന ഒരു മെയ്ഫ്ളവറായി ഭൂമിയെ കാണാം. മെയ്ദിനം വരുമ്പോള്‍ ചരിത്രം പൊടുന്നനെ ഒരു വര്‍ത്തമാനമായിത്തീരുകയാണ്. കവി തിരുനെല്ലൂര്‍ കരുണാകരന്‍ പാടിയതുപോലെ "നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം" എന്ന അവസ്ഥ. തങ്ങളാണ് ഭൂരിപക്ഷമെന്നും തങ്ങളെ ചൂഷണംചെയ്താണ് ന്യൂനപക്ഷം വരുന്ന മുതലാളിവര്‍ഗ്ഗം തടിച്ചുകൊഴുക്കുന്നതെന്നുമുള്ള തിരിച്ചറിവ് ഇടിമിന്നല്‍പോലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മനസ്സില്‍ വന്നു വീഴുന്ന ദിവസം.

അധ്വാനമാണ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമെന്നും തൊഴിലാളികള്‍ മൃഗങ്ങളല്ലെന്നും നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ള അവര്‍ക്ക് കിട്ടാനുള്ളത് വലിയൊരു ലോകമാണെന്നുമുള്ള തിരിച്ചറിവ് 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമുതലാണ് തൊഴിലാളി വര്‍ഗ്ഗത്തിനുണ്ടായിത്തുടങ്ങിയത്. പഴയ റോമന്‍ അടിമകളേക്കാള്‍ നിന്ദ്യവും ദയനീയവുമായി ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് ദിവസം ശരാശരി 20 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. ജോലിസ്ഥിരതയോ, അവധിയോ, വിശ്രമമോ, വിനോദമോ കുടുംബ ജീവിതമോ ഇല്ലാത്ത തുച്ഛവരുമാനക്കാര്‍. പ്രാണികളെപ്പോലെ തൊഴിലിടങ്ങളില്‍ ചത്തുവീഴുന്ന തൊഴിലാളികള്‍ അന്നൊരു പതിവു കാഴ്ചമാത്രം. ആപ്ടേണ്‍ സിംഗ്ലയറും , ജാക്ക് ലണ്ടനുമൊക്കെ നോവലുകളിലൂടെ വരച്ചുകാട്ടിയ അതേ ജീവിതം. ഫോര്‍ഡ്, റോക്ക്ഫെല്ലര്‍, മോര്‍ഗന്‍ തുടങ്ങിയ ഫൗണ്ടേഷനുകളിലൂടെ വളരുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുതന്നെയാണ് പിടഞ്ഞൊടുങ്ങുന്നവരുടെ ആദ്യ നിലവിളിയുയര്‍ന്നത്. "എട്ടുമണിക്കൂര്‍ ജോലി" എന്ന മുദ്രാവാക്യം അങ്ങനെ പിറന്നു.

1827ല്‍ ഫിലാഡല്‍ഫിയയിലെ കെട്ടിട വ്യവസായ തൊഴിലാളികളാണ് സമരത്തിന് തുടക്കം കുറിച്ചത്. ജോലിസമയം പത്തുമണിക്കൂറാക്കിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചു. പിന്നീട് 1886 ആഗസ്ത് 20ന് ബാള്‍ട്ടിമൂറില്‍ "നാഷണല്‍ ലേബര്‍ യൂണിയ"ന്റെ സ്ഥാപകസമ്മേളനം എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം അംഗീകരിക്കുന്നതിനു പിന്നില്‍ മാര്‍ക്സും ഏംഗല്‍സും നേതൃത്വം നല്‍കിയ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും ഒന്നാം ഇന്റര്‍നാഷണലിന്റെയും സ്വാധീനമുണ്ടായിരുന്നു. 1866 ആകുമ്പോഴേക്കുതന്നെ നിരവധി "എട്ടുമണിക്കൂര്‍ ലീഗുകള്‍" അമേരിക്കയില്‍ രൂപംകൊണ്ടിരുന്നു. അവയെ തകര്‍ക്കാനാണ് ഫാക്ടറിയുടമകള്‍ "പിങ്കാര്‍ട്ടണ്‍ ഏജന്‍സി" തുടങ്ങിയ കരിങ്കാളിക്കമ്പനികള്‍ക്ക് രൂപം നല്‍കിയത്. മുതലാളിമാരുടെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1884ല്‍ "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ" എന്ന സംഘടന മെയ് ഒന്ന് മുതല്‍ സമരം നടത്താന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. അഞ്ചുലക്ഷം പേര്‍ സമരരംഗത്തേക്കിറങ്ങിയ ചിക്കാഗോയില്‍ കലാപത്തിനുള്ള ഗൂഢാലോചന എന്നാക്രോശിച്ച് സായുധസേന തെരുവിലിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറി.

ആദ്യദിവസം തികച്ചും സമാധാനപരമായി പ്രകടനം നടന്നു. എന്നാല്‍, മെയ് മൂന്നിന് മാക്മോക് റീപ്പര്‍ വര്‍ക്സ് എന്ന ഫാക്ടറിയുടെ ഗേറ്റിനുപുറത്ത് ചേര്‍ന്ന വിശദീകരണയോഗം പൊളിക്കാന്‍ മുന്നൂറോളം കരിങ്കാലികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു. ഓഗസ്റ്റ് സ്പൈസ് സംസാരിക്കുമ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കി. ആറ് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു തുടര്‍ന്നുണ്ടായ സംഘര്‍ഷം. പിറ്റേന്ന് ഹെയ്മാര്‍ക്കറ്റില്‍ നടന്ന പ്രതിഷേധയോഗം പൊലീസ് കൈയേറുകയും എവിടെനിന്നോ ഒരു ബോംബ് വന്നുവീഴുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് വെടിവച്ചു. നാല് തൊഴിലാളികളും ഏഴ് പൊലീസുകാരും മരിച്ചുവീണു. 200 നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിലാളി വിരുദ്ധതക്ക് പേരുകേട്ട ജോസഫ് ഇ ഗാരിയുടെ നേതൃത്വത്തിലുള്ള ബോഡ് ഓഫ് ജൂറിയെവച്ച് വിചാരണ നടത്തി. 1886 ജൂണ്‍ 21ന് തുടങ്ങിയ വിചാരണയുടെ വിധി വന്നത് ഒക്ടോബര്‍ ആറിന്. എട്ട് തൊഴിലാളിനേതാക്കള്‍ക്ക് വധശിക്ഷ. അമേരിക്കകത്തും പുറത്തും പ്രതിഷേധമുയര്‍ന്നപ്പോള്‍, ശിക്ഷ നടപ്പാക്കേണ്ടതിന് തലേന്ന് സാമുവല്‍ ഫീല്‍ഡന്‍, ഷ്വാബ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഓസ്കാര്‍ നീബിന് 15 വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കി. ഇരുപത്തിരണ്ടുകാരനായ ലൂയിലിങ്ങ് തൂക്കിക്കൊല്ലേണ്ടതിന്റെ തലേന്ന് പടക്കം കടിച്ചുപൊട്ടിച്ച് ജയിലില്‍ ജീവനൊടുക്കി.

1886 നവംബര്‍ 11ന് ഓഗസ്റ്റ് സ്പൈസ്, ഏണസ്റ്റ് ഫിഷര്‍, ജോര്‍ജ് എംഗല്‍സ്, ഹാര്‍സണ്‍സ് എന്നിവരെ തൂക്കിലേറ്റി. മരിക്കുംമുമ്പ് സ്പൈസ് പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വാക്കുകളെ ഞെരിച്ചുകൊല്ലാം. എന്നാല്‍, ഞങ്ങളുടെ മൗനം വാക്കുകളേക്കാള്‍ ശക്തമായിത്തീരുന്ന കാലംവരും". ഹെയ്മാര്‍ക്കറ്റിലെ മെയ് ദിന സ്മാരകത്തില്‍ എഴുതിവെച്ചിട്ടുള്ള സ്പൈസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിത്തീരുന്നതാണ് പിന്നീട് ലോകം കണ്ടത്. എല്ലാവര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ 1888 ഡിസംബറില്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറും 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലും തീരുമാനിച്ചു. 1890ല്‍ അമേരിക്കയില്‍ ആദ്യമായി മെയ്ദിനം ആചരിച്ചു. എന്നാല്‍, തൊഴിലാളി പ്രസ്ഥാനങ്ങളെയെന്നപോലെ മെയ്ദിനാചരണത്തെയും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്. ആ ദിവസത്തെ ഭയക്കുകയായിരുന്നു ഭരണാധികാരികള്‍. പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലന്റ് സെപ്തംബറിലെ ഒരു ദിവസം തൊഴിലാളിദിനമായി പ്രഖ്യാപിച്ച് മെയ്ദിനത്തെ അവഗണിച്ചു. മറ്റൊരു പ്രസിഡന്റ് മെയ് ഒന്ന് ശിശുദിനമായി പ്രഖ്യാപിച്ച് തൊഴിലാളിവര്‍ഗ്ഗത്തെ അപഹസിച്ചു.

1921ല്‍ ഈ ദിവസം അമേരിക്കന്‍വല്‍ക്കരണദിന മാക്കി അവധി നല്‍കാന്‍ തുടങ്ങി. അധ്വാനമാണ് സകല സമ്പത്തിന്റെയും ഉറവിടം. കലയും ശാസ്ത്രവുമെല്ലാം അധ്വാനത്തിന്റെ ഫലംതന്നെ. സര്‍ഗ്ഗാത്മകത യെന്നാല്‍ അധ്വാനം എന്നുതന്നെയാണര്‍ഥമെന്ന് മാക്സിംഗോര്‍ക്കി പറഞ്ഞത് അതുകൊണ്ടാണ്. സങ്കല്‍പ്പത്തില്‍നിന്ന് യാഥാര്‍ഥ്യവും യാഥാര്‍ഥ്യത്തില്‍നിന്ന് സങ്കല്‍പ്പവും സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നത് അധ്വാനവും അതുകഴിഞ്ഞ് ഒഴിവു സമയവും ലഭിക്കുന്നതുകൊണ്ടാണ്.

1890 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന ആദ്യ മെയ്ദിനാചരണ പ്രസംഗത്തില്‍ മാര്‍ക്സിന്റെ മകള്‍ എലീനര്‍ മാര്‍ക്സ് പറഞ്ഞു: ""സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞുതുള്ളികള്‍ പോലെ കുടഞ്ഞെറിയുക നിങ്ങള്‍ അനവധി പേരാണ് അവര്‍ കുറച്ചുപേരും"" 2011 സെപ്തംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം ഇങ്ങനെ: "നമ്മള്‍ 99 ശതമാനമാണ്. " അതെ, ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനത്തെ കുരുതികൊടുക്കുന്നതിനെതിരായ ആഹ്വാനമാണ് എന്നും മെയ് ദിനത്തിന്റേത്.

*
ജിനേഷ്കുമാര്‍ എരമം ദേശാഭിമാനി

എസ് എസ് എല്‍ സി പരീക്ഷാഫലവും പുതിയ വെല്ലുവിളികളും

'പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയൊക്കെ പറയേണ്ടിവരും.' എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബിന്റെ പ്രതികരണമായിരുന്നു ഇത്. മന്ത്രിയുടെയും ഭരണം നിര്‍വഹിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെയും വിദ്യാഭ്യാസ രംഗത്തോടുള്ള വിലകുറഞ്ഞ സമീപനത്തിന്റെ ആകെത്തുകയാണ് ഈ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ക്രമാനുഗതമായി എസ് എസ് എല്‍ സി വിജയശതമാനം ഉയരുന്നത് കൃത്രിമമായി വര്‍ധിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിലുള്ള മാറ്റത്തിന്റെയും കരുതലിന്റെയും സംഘടിത ശ്രമത്തിന്റെയും പ്രതിഫലനമാണതെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും ഗവണ്‍മെന്റും നല്‍കിയ വിശദീകരണം അംഗീകരിക്കാന്‍ പ്രതിപക്ഷം സന്നദ്ധമായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ സാമൂഹ്യമാറ്റങ്ങളെ കാണാനും വിലയിരുത്താനുമുള്ള യു ഡി എഫിന്റെ വിമുഖതയാണ് അന്നത്തെ സമീപനത്തിലും ഇപ്പോഴത്തെ അഭിമാനകരമായ വിജയത്തെ നിസാരവല്‍ക്കരിക്കുന്നതിലും അന്തര്‍ലീനമായിട്ടുള്ളത്. അതെന്തുതന്നെയായാലും എസ് എസ് എല്‍ സി പരീക്ഷയില്‍ അഭിമാനകരമായ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അതിനവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സാമൂഹ്യശക്തികളെയും അഭിനന്ദിച്ചേമതിയാവൂ.

എസ് എസ് എല്‍ സി പ്രാഥമികമായി തുടര്‍പഠനത്തിനുള്ള യോഗ്യതാപരീക്ഷയായി മാറിക്കഴിഞ്ഞു. ഈ പരീക്ഷയ്ക്ക് സമൂഹത്തിലും വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലുമുള്ള പ്രാധാന്യം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോപിച്ചുവരികയാണ്. നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലത്തിനു വര്‍ഷംതോറും കുറഞ്ഞുവരുന്ന പ്രാധാന്യംതന്നെ ഇതിനു നല്ല തെളിവാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം ഏതാണ്ടെല്ലാ ഉന്നത പഠനങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി അനിവാര്യമാണ്. സര്‍ക്കാര്‍ തൊഴിലില്‍ താരതമ്യേന അധോതലത്തിലുള്ള എല്‍ ഡി ക്ലാര്‍ക്കിനുപോലും സെക്കന്‍ഡറി തലവിജയം കുറഞ്ഞ യോഗ്യതയാക്കിയിരിക്കുന്നു. അക്കാരണത്താല്‍ തുടര്‍പഠനത്തിനും താഴേത്തലത്തിലുള്ള തൊഴിലിനുപോലും സെക്കന്‍ഡറി പഠനം അനിവാര്യമാണ്. തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ എസ് എസ് എല്‍ സി പാസായ മുഴുവന്‍പേര്‍ക്കും ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവില്‍ എസ് എസ് എല്‍ സി പാസായ മുഴുവന്‍പേര്‍ക്കും തുടര്‍പഠനത്തിനുള്ള അവസരം ലഭ്യമല്ലെന്നത് ഖേദകരമായ യാഥാര്‍ഥ്യമാണ്. സി ബി എസ് സി അടക്കമുള്ള ഇതരധാരകളില്‍ നിന്നും പത്താംക്ലാസ് വിജയിച്ചുവരുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താല്‍ ഈ അവസര നിഷേധവും, അവകാശനിഷേധം വിദ്യാഭ്യാസ രംഗത്തെ നീതിനിഷേധവുമാണെന്നു കാണാം. പത്താംക്ലാസിലെ വിവിധ ധാരകളില്‍ നിന്നുള്ള മറ്റു വിദ്യാര്‍ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാന സിലബസുകാര്‍ക്കായിരിക്കും ഈ നീതിനിഷേധത്തില്‍ നഷ്ടം സഹിക്കേണ്ടിവരിക.

സി ബി എസ് ഇ യും രാജ്യത്തെ ഇതര സംസ്ഥാന സിലബസുകളും പത്താം ക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കുകയാണ്. എസ് എസ് എല്‍ സി പരീക്ഷയെന്ന കഠിനമായ കടമ്പകടന്നെത്തുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികളും അതുകൂടാതെ തുടര്‍പഠനത്തിനു യോഗ്യത നേടുന്ന സി ബി എസ് ഇ അടക്കമുള്ള സിലബസുകാരും തമ്മിലുള്ള മത്സരം തുല്യതയില്ലാത്തതും നീതിരഹിതവുമായി മാറി. ദേശീയ വിദ്യാഭ്യാസാവകാശനിയമം ഹയര്‍ സെക്കന്‍ഡറി വരെയുള്ള രംഗത്ത് നാം അംഗീകരിച്ചാലും ഇല്ലെങ്കിലും മൗലികവും ദൂരവ്യാപകവുമായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. അത്തരമൊരു മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരള സിലബസില്‍ പഠിക്കുന്ന വലിയൊരുവിഭാഗം വിദ്യാര്‍ഥികള്‍ തുടര്‍പഠനരംഗത്ത് പിന്തള്ളപ്പെട്ടുകൂട. സിലബസുകളും പഠനരീതികളും ഏകോപിപ്പിക്കുക എന്നത് വിദ്യാര്‍ഥി-അധ്യാപക സംഘടനകളും പൊതുസമൂഹം തന്നെയും നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമാണ്. അത്തരമൊരു ഏകോപനപദ്ധതിക്കു കാലതാമസം വന്നാല്‍പോലും കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളും ഗവണ്‍മെന്റും സത്വരനടപടി സ്വീകരിക്കണം. കേരള സിലബസില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണെന്നതിനാല്‍ ഇത് അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന സാമൂഹ്യനീതിയുടെ പ്രശ്‌നമാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍  എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ പഠനനിലവാരവും അടിസ്ഥാനസൗകര്യവികസനവും ഒരു സാമൂഹിക ഉത്തരവാദിത്വവുമായി മാറിയെന്നത് ഈ പ്രകടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സുപ്രധാനഘടകമാണ്. വിവര-വിനിമയ-സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനോപാധികളടക്കം ആധുനികബോധന സംവിധാനങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനു നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുറ്റ വിദ്യാകേന്ദ്രങ്ങളാക്കുന്നതില്‍ ഭരണാധികാരികളും സമൂഹമാകെതന്നെയും നിരന്തരശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ സാമൂഹികനീതി ഒരു പരിധിവരെയെങ്കിലും ഉറപ്പുവരുത്താനായെങ്കില്‍ അതില്‍ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പങ്ക് സുപ്രധാനമാണ്. സാമൂഹികനീതി നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഹയര്‍ സെക്കന്‍ഡറിവരെയുള്ള സ്‌കൂള്‍ പഠനത്തിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തൊഴുക്കില്‍ നമ്മുടെ ഗവണ്‍മെന്റ്-എയ്ഡഡ് വിദ്യാലയങ്ങള്‍ അവഗണിക്കപ്പെടരുത്. കേരളസമൂഹത്തില്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ആശ്രയമാണ് ഈ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസരംഗത്ത് നമ്മുടെ മികവുനിലനിര്‍ത്താന്‍ ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂടുതല്‍ കരുതല്‍ ആവശ്യപ്പെടുന്നു.

*
ജനയുഗം മുഖപ്രസംഗം 28 ഏപ്രില്‍ 2012

Sunday, April 29, 2012

ബംഗാരു ലക്ഷ്മണയും അഴിമതിയുടെ മുഖങ്ങളും

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ബി ജെ പിയുടെ പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ ഒരു പ്രതിരോധ അഴിമതി കേസില്‍ നാലുവര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപയുടെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ആ പദവിയിലിരിക്കെ അഴിമതിയില്‍ പിടിക്കപ്പെട്ട് ശിക്ഷവാങ്ങി ജയിലിലാകുന്നത്. ഒരു വെബ് മാധ്യമം നടത്തിയ നാടകീയനീക്കത്തിലൂടെയാണ് അന്നത്തെ ഭരണമുന്നണിയായ എന്‍ ഡി എ സഖ്യത്തിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി അധ്യക്ഷന്‍ അഴിമതികേസില്‍ കുടുങ്ങിയത്. ബി ജെ പി പ്രസിഡന്റ് പദവിയും സ്വാധീനവും ഉപയോഗിച്ച് സാങ്കല്‍പികമായ ഒരു തെര്‍മല്‍ദൂരദര്‍ശിനി ഇന്ത്യന്‍ പ്രതിരോധസേനയ്ക്കായി വാങ്ങുന്നതിനു സഹായം നല്‍കുന്നതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡുവായി ഒരുലക്ഷംരൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുകയായിരുന്നു. ശേഷിക്കുന്ന നാലുലക്ഷം രൂപ ഡോളറില്‍ നല്‍കുമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. പതിനൊന്നു വര്‍ഷത്തിനുശേഷം ശിക്ഷാവിധി നടപ്പാകുമ്പോള്‍ അഴിമതി കൊണ്ടു പൊറുതിമുട്ടിയ ഇന്ത്യന്‍ ജനതയ്ക്ക് അത് അല്‍പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ബങ്കാരു ലക്ഷ്മണയെ കുടുക്കുന്നതിന് പ്രയോഗിച്ച രീതിയെ അപലപിക്കുന്നവര്‍ക്കുപോലും അഴിമതിക്കാര്‍ കാലമെത്ര വൈകിയാലും പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നതും പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉന്നതങ്ങളിലെ അഴിമതി ജനമനസാക്ഷിയെ വേട്ടയാടിയിട്ടുണ്ട്. ഭരണാധികാരിവര്‍ഗം അവര്‍ എടുത്തു ധരിച്ചിരുന്ന സോഷ്യലിസത്തിന്റെയും സാമൂഹ്യനീതിയുടെയും പടമുരിഞ്ഞ് ഉദാരവല്‍ക്കരണത്തിന്റെ വിശ്വരൂപം പ്രകടമാക്കിയതുമുതല്‍ രാഷ്ട്ര ജീവിതം അഴിമതിയുടെ ദുര്‍ഗന്ധപൂരിതമായ ഒരു യുഗത്തിലേക്കാണ് കടന്നത്. അതിന്റെ ഏറ്റവും നിസാരനായ പ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് ബംഗാരു ലക്ഷ്മണ്‍. ഇപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി ജെ പി അഴിമതിക്കെതിരെ പുരമുകളില്‍ കയറി നടത്തുന്ന പ്രഘോഷണങ്ങളുടെ കാപട്യം ഈ വിധി ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നു. അഴിമതിക്കെതിരെ ബി ജെ പി നടത്തിവരുന്ന പ്രസംഗങ്ങളും പ്രകടനങ്ങളും ജനങ്ങളെ കബളിപ്പിക്കാനുള്ള കേവലപ്രഹസനങ്ങള്‍ മാത്രമാണെന്ന് പ്രബുദ്ധജനങ്ങള്‍ എന്നേ മനസിലാക്കിക്കഴിഞ്ഞു. ബംഗാരു ലക്ഷ്മണയെ കുടുക്കിയ നാടകത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രസിഡന്റായിരുന്ന ജയാ ജെയ്റ്റിലും വീണതിന്റെയും ദൃശ്യങ്ങള്‍ രാജ്യം കണ്ടതാണ്. ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് ശവപ്പെട്ടി വാങ്ങുന്നതുമുതല്‍ കര്‍ണാടകത്തിലെ യെദ്യൂരപ്പയുടെ ഖനി-ഭൂമി കുംഭകോണങ്ങള്‍ കടന്ന് നരേന്ദ്രമോഡിയും മുരളീ മനോഹര്‍ ജോഷിയും പാര്‍ട്ടി ഭരണഘടനാ ഭേദഗതി വഴി തുടര്‍ന്നും പദവിയില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ബി ജെ പി പ്രസിഡന്റ് നിധിന്‍ ഗാഢ്കരിവരെ എത്തിനില്‍ക്കുന്ന അഴിമതിയെക്കുറിച്ച് 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്നല്ലാതെ മറ്റെന്തുപറയാന്‍. ബി ജെ പി എന്നാല്‍ അഴിമതിയുടെ ഹിന്ദിപദം ചേര്‍ത്ത് 'ഭ്രഷ്ടാചാര്‍ ജനതാ പാര്‍ട്ടി' എന്നു പറയുന്നതാവും അനുയോജ്യം.

ഡല്‍ഹി കോടതി വിധിയില്‍ ആശ്വാസം കൊള്ളുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വവും യു പി എ ഭരണകൂടവുമാണ്. ഇടിവെട്ടിയവന്റെ തലയില്‍ കാളസര്‍പ്പം വന്നുപതിച്ച പ്രതീതിയിലായിരുന്നു കോണ്‍ഗ്രസ് പാളയം. എല്ലാവരാലും വിസ്മരിക്കപ്പെട്ടുവെന്നു കരുതിയിരുന്ന ബൊഫേഴ്‌സ് കുംഭകോണത്തിന്റെ പ്രേതത്തെയാണ് കഴിഞ്ഞ ദിവസം സ്വീഡന്റെ മുന്‍ പൊലീസ്‌മേധാവി സ്റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം ജനങ്ങളുടെ മറവിയുടെ ശവക്കുഴിയില്‍ നിന്നും തുറന്നുവിട്ടത്. രാജീവ്ഗാന്ധിയെയും ഇന്ത്യയിലെ പ്രഥമരാഷ്ട്രീയകുടുംബത്തെയും വീണ്ടും പ്രതിക്കൂട്ടിലാക്കുകയായിരുന്നു ആ വെളിപ്പെടുത്തലുകള്‍. തങ്ങളുടെ കാലിലെ മന്ത് മറച്ചുവച്ച് കോണ്‍ഗ്രസിനെ മന്തുകാലനെന്നു വിളിച്ചുകൂവാന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ രണ്ടുകാലിലെയും മന്ത് ഡല്‍ഹി കോടതി തുറന്നുകാട്ടിയിരിക്കുന്നത്.

അഴിമതി, ഉദാരവല്‍ക്കരണം എന്ന പുത്തന്‍ സാമ്പത്തികനീതിയുടെ പര്യായമാണ്. അതിരുകളില്ലാത്ത സാമ്പത്തികദുരയാണ് ഉദാരവല്‍ക്കരണത്തിന്റെ അടിത്തറ. ഉദാവല്‍ക്കരണത്തിന്റെ കേന്ദ്രകഥാപാത്രമായ കോര്‍പറേറ്റുകള്‍ക്ക് അവരുടെ ഒടുങ്ങാത്ത ലാഭക്കൊതി നിലനിര്‍ത്താനും വളര്‍ത്താനും അതിനൊത്തു നൃത്തം ചെയ്യുന്ന ഭരണകൂടങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളും കൂട്ടുകെട്ടുകളും കൂടിയേ തീരൂ. അത്തരം രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുകെട്ടുകളും നിലനില്‍ക്കുന്നത് കോര്‍പറേറ്റ് കൊള്ളവിഹിതത്തിലാണ്. കോര്‍പറേറ്റുകളും ഉദാരവല്‍ക്കരണത്തിന്റെ ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയവും പരസ്പരപൂരകങ്ങളാണ്. കോര്‍പറേറ്റുകള്‍ക്കാവശ്യം അവരുടെ പകല്‍കൊള്ളയുടെ പങ്കുപറ്റി കൊള്ള തുടരാന്‍ അരങ്ങൊരുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുകെട്ടുകളുമാണ്. അഴിമതി പുറത്തുവരുമ്പോള്‍ പരസ്പരം ചെളിവാരിയെറിയുന്ന അത്തരക്കാര്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷണപ്രശ്‌നം വരുമ്പോള്‍ എല്ലാം മറന്ന് കൈകോര്‍ക്കും. വിലക്കയറ്റത്തിനും അഴിമതിക്കും തൊഴിലാളി-കര്‍ഷക ദ്രോഹത്തിനുമെതിരെ എപ്പോഴൊക്കെ ശബ്ദം ഉയരുന്നുവൊ അപ്പോഴൊക്കെ കോണ്‍ഗ്രസും ബി ജെ പിയും ഉളുപ്പില്ലാതെ കൈകോര്‍ക്കുന്നതുകണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് മൂകസാക്ഷിയായി തരിച്ചുനിന്നിട്ടുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അഴിമതിക്കാര്യത്തില്‍  അവര്‍ പരസ്പരം കൊഞ്ഞനംകുത്തുന്ന ഇരട്ടകളാണ്. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത ജനകീയപ്രതിബദ്ധതയുള്ള ഇടതുപക്ഷ ജനാധിപത്യബദലിനു മാത്രമേ ഇന്ത്യയെ ഈ വിഷമവൃത്തത്തില്‍ നിന്നു മോചിപ്പിക്കാനാകൂ.

*
ജനയുഗം മുഖപ്രസംഗം 29 ഏപ്രില്‍ 2012

ഇന്ത്യന്‍ സിനിമയ്ക്ക് 100

കയറ്റിറക്കങ്ങളോടെ കുതിച്ചും കിതച്ചും സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സിനിമ ശതാബ്ദി നിറവില്‍. ദാദാസാഹിബ് ഫാല്‍ക്കേ 1912ല്‍ നിര്‍മിച്ച മറാത്തി നിശ്ശബ്ദ സിനിമയായ രാജാഹരിശ്ചന്ദ്രയാണ് ചരിത്രത്തിന്റെ നിധിപേടകത്തില്‍നിന്ന് ഓര്‍മയായി ഇരമ്പുന്നത്. ഒരുവര്‍ഷത്തിനുശേഷം 1913 മെയ് മൂന്നിന് ബോംബെ കോര്‍നേഷന്‍ തിയറ്ററില്‍ അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ വിസ്മയവരമ്പിലൂടെ ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയതും. വഴിയോരവും നിരത്തുമെല്ലാം വീര്‍പ്പുമുട്ടി സ്തംഭിച്ച 40 നിമിഷങ്ങള്‍. പ്രശസ്തരായ നാരായണന്‍ ഗോയലും ഗിര്‍ഗോണും മറ്റും ആള്‍ക്കൂട്ടത്തിനിടയില്‍. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനും സത്യസന്ധനുമായ രാജാവ് ഹരിശ്ചന്ദ്രനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടായിരുന്നു സിനിമ. വിശ്വാമിത്രന് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിക്കുകയായിരുന്നു ഹരിശ്ചന്ദ്രന്‍. അദ്ദേഹത്തിന്റെ ഉദാത്തമായ ധാര്‍മികതയോട് അടുപ്പംതോന്നിയ ദൈവം സന്തുഷ്ടി പ്രകടിപ്പിക്കുകയും പഴയ പ്രതാപങ്ങള്‍ തിരിച്ചുനല്‍കി അനുഗ്രഹിക്കുകയുമാണ് കഥയില്‍. ഒട്ടേറെ കൗതുകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം.

സാങ്കേതികവിദ്യ പരിചയപ്പെടാനും പിന്നണി പ്രവര്‍ത്തകരെയും നടന്മാരെയും കൊണ്ടുവരാനായി ഫാല്‍ക്കേ ഇംഗ്ലണ്ടിലേക്ക് യാത്രചെയ്തതുമുതല്‍ തുടങ്ങുന്നു അത്. രാജാരവിവര്‍മയുടെ ചിത്രമെഴുത്തിന്റെ സ്വാധീനവുമുണ്ടായി. ഫാല്‍ക്കേയും രഞ്ചോദ്ഭായ് ഉദയറാമും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. സാമൂഹ്യമായ അസ്പൃശ്യതയുടെ ഫലമായി സിനിമയില്‍ സ്ത്രീകളെ അഭിനയിപ്പിക്കാനായില്ല. എല്ലാ അഭിനേതാക്കളും പുരുഷന്മാരായിരുന്നു. ഹരിശ്ചന്ദ്രനായി ദത്താത്രേയ ദാമോദര്‍ ദബ്കെയാണ് വേഷമിട്ടത്. വിശ്വാമിത്രനായി ജി വി സാനെ. താരാമതിയായി എത്തിയതാകട്ടെ പി ജി സാനെയും. ഫാല്‍ക്കെയുടെ ഭാര്യ സരസ്വതി തനിച്ചാണ് 500 പിന്നണി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കിയതും വസ്ത്രങ്ങളും വേഷവിതാനങ്ങളും അലക്കിയതും. റിലീസിങ്ങിനുശേഷം പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിലും അവരുണ്ടായി. സിനിമ വന്‍ വിജയമായതിനാല്‍ ഫാല്‍ക്കേ കൂടുതല്‍ പ്രിന്റുകള്‍ അടിച്ച് രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. അപ്രതീക്ഷിതമായ മുന്നേറ്റം ഫാല്‍ക്കേയെ സിനിമാ നിര്‍മാണമേഖലയില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു. 19 വര്‍ഷത്തെ കരിയറിനിടയ്ക്ക് 95 സിനിമയും 26 ഹ്രസ്വചിത്രവും നിര്‍മിച്ചു. ഹരിശ്ചന്ദ്രന്‍ പ്രദര്‍ശിപ്പിച്ച വര്‍ഷംതന്നെ മോഹിനി മസ്മാസുര്‍, പിന്നാലെ സത്യവാന്‍ സാവിത്രി (1914), ലങ്കാദഹന്‍ (1917), ശ്രീകൃഷ്ണജന്മ (1918), കാളീയമര്‍ദന്‍ (1919) തുടങ്ങിയവ. അഞ്ച് ബോംബെ വ്യാപാരികളുമൊത്ത് ഫാല്‍ക്കേ ഹിന്ദുസ്ഥാന്‍ ഫിലിംസ് എന്ന കമ്പനി രൂപീകരിച്ചത് മറ്റൊരു കാര്യം. എന്നാല്‍, 1920 അതില്‍നിന്ന് വിട്ടു. സിനിമയില്‍നിന്നുതന്നെയുള്ള വഴുതലിന്റെ തുടക്കമായിരുന്നു അത്. ആ ഇടവേളയില്‍ രംഗഭൂമി എന്ന നാടകം രചിച്ചു. അത് ഏറെ പ്രശംസനേടുകയുണ്ടായി. എന്നാല്‍, ശബ്ദസിനിമ ഫാല്‍ക്കേയുടെ സംരംഭങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നതായും പറയപ്പെടുന്നു. സിനിമയെ ജനങ്ങള്‍ സംശയത്തോടെ നോക്കിനിന്ന 1912ല്‍ ഫാല്‍ക്കേ രാജാഹരിശ്ചന്ദ്ര ചിത്രീകരിച്ചപ്പോള്‍ നടന്മാര്‍ക്കും വിദഗ്ധര്‍ക്കും ഫലിതം കലര്‍ന്ന ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഊരുവിലക്കുപോലുള്ള പെരുമാറ്റം മറികടക്കാനായിരുന്നു അത്. ആരെങ്കിലും ചോദിച്ചാല്‍ തങ്ങള്‍ ഹരിശ്ചന്ദ്ര എന്നയാളിന്റെ ഫാക്ടറിയില്‍ പണിയെടുക്കുകയാണെന്നു പറഞ്ഞാല്‍ മതിയെന്നായിരുന്നു ഫാല്‍ക്കേയുടെ കണ്ടെത്തല്‍. പലതരത്തിലുള്ള സാഹസികതകളിലൂടെ വിലക്കുകള്‍ കടന്നുവയ്ക്കുകയായിരുന്നു. ഈ ചരിത്രം വിശദമാക്കുന്ന ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. 2009ല്‍ പരേഷ് മൊകാഷി സംവിധാനംചെയ്ത "ഹരിശ്ചന്ദ്രാചി ഫാക്ടറി". ഫാല്‍ക്കേ സഹിച്ച ബുദ്ധിമുട്ടുകളാണ് അത് അന്വേഷിച്ചത്. പുണെ അന്താരാഷ്ട്ര മേളയില്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം നേടുകയും ചെയ്തു ആ ചിത്രം. ഫാല്‍ക്കേയാണ് ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന് സംശയരഹിതമായി അടിവരയിടുകയായിരുന്നു ഹരിശ്ചന്ദ്രാചി ഫാക്ടറി. ലോകത്തുതന്നെ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുപ്രകാരം 2961.

ലൂമിയര്‍ ചിത്രം 1895ലാണ് ലണ്ടനില്‍ പ്രദര്‍ശിപ്പിക്കുന്നത്. അടുത്തവര്‍ഷം ജൂലൈയില്‍തന്നെ അത് കാണാന്‍ ബോംബെ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായി. ഈ ആവേശം വിതച്ച നവോന്മേഷത്തിലാണ് ഹിരാലാല്‍സെന്‍ ആദ്യ ഹ്രസ്വചിത്രം പുറത്തിറക്കിയത്. 1898ലെ "ദി ഫ്ളവേഴ്സ് ഓഫ് പേര്‍ഷ്യ". പ്രദര്‍ശനത്തിനുള്ള ജനകീയവേദിയെന്ന നിലയില്‍ കൊല്‍ക്കത്ത വ്യവസായിജാംഷെഡ്ജി ഫ്രാംജി മദന്‍ കുറെ ചെറിയ തിയറ്ററുകള്‍ തുറക്കുകയുണ്ടായി. രഘുപതി വെങ്കയ്യ നായിഡുവിനെപ്പോലുള്ളവര്‍ ആദ്യകാല ഹ്രസ്വചിത്രങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും നല്‍കിയിരുന്നു. ഇതെല്ലാം ചേര്‍ന്നൊരു പുതിയ സംസ്കാരം പതുക്കെ വേരുറപ്പിച്ചു. സമര്‍പ്പിത മനസ്കരായ കലാകാരന്മാരും സിനിമയെ ലാഭേച്ഛയില്ലാതെ പ്രണയിച്ച വാണിജ്യപ്രമുഖരും ഇതിലേക്ക് വലിയ സംഭാവന നല്‍കി.

ദാദാസാഹിബ് ഫാല്‍ക്കേ

നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നെല്ലാമുള്ള നിലയില്‍ ലോകപ്രശസ്തനായിരുന്നു ദുന്‍ദിരാജ് ഗോവിന്ദ് ഫാല്‍ക്കേ. 1870 ഏപ്രില്‍ 30നായിരുന്നു ജനം. അച്ഛന്‍ അറിയപ്പെട്ട സംസ്കൃതപണ്ഡിതനായിരുന്നു. ഫോട്ടോഗ്രാഫറായും പ്രസ് നടത്തിപ്പുകാരനായുമായിരുന്നു ജീവിത തുടക്കം. പലപ്പോഴും പ്രതിസന്ധികള്‍ വിടാതെ പിന്തുടര്‍ന്നു. ഗോധ്രയില്‍ ഫോട്ടോഗ്രാഫറായിരിക്കെ വലിയൊരു ദുരന്തം വേട്ടയാടി. ഭാര്യയെയും മകനെയും പ്ലേഗ് കവര്‍ന്നെടുക്കുകയായിരുന്നു. ക്യാമറയുമെടുത്തുള്ള അലച്ചലിന് മനസ്സ് അനുവദിച്ചില്ല. ആയിടയ്ക്ക് ജര്‍മന്‍ മാന്ത്രികന്‍ കാള്‍ ഹെര്‍ട്സിനെ കാണാനിടയായി. ലൂമിയര്‍ സഹോദരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന നാല്‍പ്പതംഗ സംഘത്തിലൊരാളായിരുന്നു ഹെര്‍ട്സ്. കുറച്ചുകാലം ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായും ബന്ധപ്പെട്ടു ഫാല്‍ക്കേ. അതുപേക്ഷിച്ചാണ് പ്രിന്റിങ് രംഗത്തെത്തിയത്. നൂതന സാങ്കേതികവിദ്യ പരിചയപ്പെടാന്‍ ജര്‍മനി സന്ദര്‍ശിച്ചു. തിരിച്ചുവന്നശേഷവും കുറച്ചുകാലം പ്രസ് നടത്തിയെങ്കിലും പാര്‍ട്ണര്‍മാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വിട്ടുപോയി. ജര്‍മന്‍ സഞ്ചാരത്തിനിടെ, നിശ്ശബ്ദസിനിമയായ "ദി ലൈഫ് ഓഫ് ക്രൈസ്റ്റ്" കാണാനിടയായത് സ്വന്തം തട്ടകം ഉറപ്പിക്കുന്നതിന് നാന്ദിയായി. ഇന്ത്യന്‍ ദൈവങ്ങളെയും പുരാണങ്ങളെയും രംഗത്തെത്തിക്കുന്നത് ആ പ്രചോദനത്തില്‍നിന്നാണ്. ഫാല്‍ക്കേയുടെ രാജാഹരിശ്ചന്ദ്രയ്ക്കുമുമ്പ് രാമചന്ദ്രഗോപാല്‍ ഒരു നാടകം ഫിലിമില്‍ ചിത്രീകരിച്ചിരുന്നു- പൗഡലിക്. 1911ലായിരുന്നു അത്. പൗഡലിക് ബോംബെ കോറനേഷന്‍ തിയറ്ററിലായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നത്. ഫാല്‍ക്കേയോടുള്ള ബഹുമാനാര്‍ഥം 1969ല്‍ കേന്ദ്ര സര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ഏര്‍പ്പെടുത്തി. 10 ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അത് രാജ്യത്തെ പരമോന്നത ചലച്ചിത്ര അവാര്‍ഡാണ്. ആദ്യവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത് നടി ദേവികാറാണിയെ. നിര്‍മാണം, സംവിധാനം, സംഗീതം, സിനിമാട്ടോഗ്രഫി, ഗാനാലാപനം എന്നീ മേഖലകള്‍ക്കെല്ലാം അത് മാറിമാറി നല്‍കുന്നു. മലയാളത്തിലേക്ക് ഫാല്‍ക്കേ എത്തിച്ചതിന്റെ ഖ്യാതി അടൂര്‍ ഗോപാലകൃഷ്ണനാണ്.
 
റാമോജി ഫിലിം സിറ്റി


ഹിന്ദി, തമിഴ്, തെലുങ്ക്, ആസാമീസ്, മലയാള, കന്നഡ ഭാഷകളില്‍ ലോകനിലവാരത്തിലുള്ള സൃഷ്ടികള്‍ക്കും നൂറുവര്‍ഷം സാക്ഷിയാണ്. ഇന്ത്യന്‍ സിനിമാ ഭൂപടത്തിലെ തിളങ്ങുന്ന വിസ്മയമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഹയത്നഗറിലെ ഈ വിസ്മയ സ്ഥാപനം ലോകത്തിന്റെ ഏറ്റവും വലിയ സ്റ്റുഡിയോയാണ്. 2000 ഏക്കറില്‍ വിടര്‍ന്നുനില്‍ക്കുന്ന അത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയിട്ടുമുണ്ട്. പ്രധാന ടൂറിസം-വിനോദകേന്ദ്രവുമാണ്. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവിടേക്ക് ഒഴുകുന്നത്. ഹണിമൂണ്‍ പാക്കേജുകള്‍ മറ്റൊരു പ്രത്യേകത. മലയാളത്തിലെ "ഉദയനാണ് താരം" എന്ന സിനിമയില്‍ ഫിലിം സിറ്റി ഒരു കഥാപാത്രംപോലെയായിരുന്നെന്നു പറയാം.

അനില്‍കുമാര്‍ എ വി

സിനിമ പാരഡൈസ്

നഷ്ടപ്രതാപം വിളിച്ചോതുന്ന നിലംപൊത്താറായ ഓലപ്പുര. കോളാമ്പിയിലൂടെ മുഴങ്ങുന്ന വികലശബ്ദം. പുരാതന കാലത്തെങ്ങോ ചുമന്നനിറമുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുമാറ് കറ പിടിച്ച കര്‍ട്ടന്‍ കടന്നുചെന്നാല്‍ തടിക്കസേരകളുടെ ശവപ്പറമ്പ്, മൂട്ടകള്‍ ആധിപത്യം സ്ഥാപിച്ച കസേരകളിലിരുന്നാല്‍ തേക്കിന്‍ തൂണുകള്‍ക്കിടയിലൂടെ കാണുന്ന വലിച്ചുക്കെട്ടിയ വെള്ളസ്ക്രീന്‍. പിന്നില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പ്രൊജക്ടര്‍പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ കാര്‍ബണ്‍ദണ്ഡ് കത്തുന്ന വെളിച്ചവും ചതുര ഓട്ടകളിലൂടെ പുറത്തുചാടും. കസേരയില്‍ ഇരുന്നുതന്നെ നിലത്തെ പൂഴിമണ്ണിലേക്ക് നീട്ടിത്തുപ്പാം. കരിക്കട്ടക്കൊണ്ട് പച്ചതെറി എഴുതിവച്ചിരിക്കുന്ന മൂത്രപ്പുരയിലെ മാലിന്യനദിയില്‍നിന്നുള്ള ഗന്ധം നിറഞ്ഞ പശ്ചാത്തലം. നട്ടുച്ചയ്ക്ക് ഓലപ്പുരക്കിടയിലൂടെ വെളിച്ചത്തിന്റെ സ്തൂപങ്ങള്‍ മുഖത്തുതട്ടിചിതറും. പുറത്ത് വെളുത്തു സുന്ദരിമാരുടെ പെയിന്റടിപ്പിച്ച് സെന്‍സര്‍ചെയ്ത് അര്‍ദ്ധനഗ്നമാക്കിയ മേനി നിറയുന്ന ന്യൂണ്‍ഷോ പോസ്റ്ററില്‍ "എ" എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും. കേരളത്തിന്റെ ഏതുഗ്രാമത്തിലും ഇടിഞ്ഞുവീഴാതെയും കത്തിതീരാതെയും അവശേഷിക്കുന്ന സിനിമാകൊട്ടകകളുടെ ചിത്രം ഏതാണ്ടിങ്ങനെയാകും. തിരുവനന്തപുരത്തിന് 22 കിലോമീറ്റര്‍ വടക്ക് തീരഗ്രാമമായ കഠിനംകുളത്ത് ഈ കഥമാറുന്നു. കേരളത്തിന്റെ നഗരങ്ങളില്‍നിന്നും തിയറ്റര്‍ ഉടമകള്‍ വണ്ടി പിടിച്ച് ഇവിടെ എത്തുന്നു. സിനിമകാണാന്‍ മാത്രമല്ല. തിയറ്റര്‍ എങ്ങനെ നിര്‍മിച്ചു പരിപാലിക്കണമെന്ന് പഠിക്കാന്‍. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ തിയറ്ററാണ് കഠിനംകുളം വി-ട്രാക്സ്. (ഒന്നാമന്‍ കോട്ടയം നഗരത്തിലെ ആനന്ദ്).

കാണുവിന്‍! ആനന്ദിപ്പിന്‍!!

ഒറ്റ തിയറ്റര്‍ സമുച്ചയങ്ങളില്‍ കേരളത്തില്‍ ഏറ്റവും മികച്ചത് കഠിനംകുളമെന്ന ചെറുഗ്രാമത്തിലാണെന്ന് സിനിമാലോകം മടിയോടെയാണെങ്കിലും അംഗീകരിച്ചുകഴിഞ്ഞു. ഉപഗ്രഹസംവിധാനത്തിലൂടെ തിയറ്ററുകളില്‍ സിനിമ എത്തിക്കുന്ന സാങ്കേതിക വിദ്യയായ ക്യൂബിന്റെ ഹൈഡഫിനിഷന്‍ സംവിധാനം കേരളത്തില്‍ ആദ്യമായി പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചത് ഇവിടെയാണ്. എസി ഉണ്ടെന്ന് കാട്ടി തിയറ്ററില്‍ ഫാനിട്ടു തണുപ്പിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സ്ഥിരംശീലം ഒഴിവാക്കാന്‍ സിനിമാഹാളില്‍ ഫാനുകള്‍ വേണ്ടെന്നുവച്ചു. പകരം ആളുകളുടെ എണ്ണമനുസരിച്ച് സ്വയം സജ്ജീകരിക്കുന്ന എസി സംവിധാനം. മുന്‍ വരിമുതല്‍ അവസാനംവരെ കുഷന്‍ സീറ്റ്. പൂര്‍ണമായും എല്‍ഇഡി ലൈറ്റുകള്‍. ജര്‍മന്‍ അപ്ലിഫയര്‍, ബോക്സുകള്‍ സ്പെയിനില്‍നിന്ന് അങ്ങനെ ഏറ്റവും മികച്ച സാങ്കേതികവിദ്യ തേടി കണ്ടെത്തി ഇവിടെ ലഭ്യമാക്കുന്നു. മൂട്ട അടക്കമുള്ള ചെറുപ്രാണികളെ നിയന്ത്രിക്കാന്‍ പ്രമുഖ ശുചീകരണക്കമ്പനിക്ക് വാര്‍ഷിക കരാര്‍. എല്ലാ പ്രദര്‍ശനത്തിനുമുമ്പും ലേസര്‍ഷോക്ക് തുടക്കം മുറിച്ചതും ഇവിടെ നിന്ന്. ടിക്കറ്റ് എടുക്കുമ്പോള്‍തന്നെ സീറ്റ്നമ്പര്‍ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ലഘുഭക്ഷണത്തിനും പാനീയങ്ങള്‍ക്കും പുറത്ത് കടകളിലുള്ള അതേ വില. കഠിനംകുളം കായലിനെ ആശ്രയിച്ച് ജീവിക്കുന്ന പാരമ്പര്യ കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പാര്‍ക്കുന്ന ഗ്രാമത്തിലെ തിയറ്ററില്‍ ഇന്നോളം പ്രദര്‍ശിപ്പിച്ചത് റിലീസ് ചിത്രങ്ങള്‍. റിലീസ് സിനിമ കിട്ടിയില്ലെങ്കില്‍ തിയറ്റര്‍ അടച്ചിടും. അഞ്ചുലക്ഷത്തോളം തിയറ്റര്‍ വിഹിതംനേടി ഇപ്പോള്‍ "മായാമോഹിനി" വി ട്രാക്സില്‍ നിറഞ്ഞോടുന്നു.

കഥയിലെ നായകന്‍

ഗ്രാമങ്ങളിലെ സിനിമാകൊട്ടകകള്‍ കൂട്ടത്തോടെ പൂട്ടുമ്പോള്‍ ഒരുസീരിയലുകാരന്റെ ചങ്കൂറ്റമാണ് കഠിനംകുളത്ത് വിജയിക്കുന്നത്. സ്റ്റുഡിയോ ഉടമയും സീരിയല്‍ സംവിധായകനുമായ ബൈജു ദേവരാജാണ് വി ട്രാക്സിനുപിന്നിലെ ശബ്ദവും വെളിച്ചവും. "മൂന്ന് കോടി രൂപയോളം മുടക്കിയാണ് തിയറ്റര്‍ നവീകരിച്ചത്. ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ നല്ല തിയറ്ററുകള്‍ ഇല്ലാത്തതിനാല്‍ വീട്ടിലിരിക്കുകയാണ്. കഠിനംകുളം പഞ്ചായത്തില്‍ സിനിമ കാണുന്ന ശീലമുള്ളത് രണ്ടായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രം. മായാമോഹിനി ഇതിനോടകം പതിനേഴായിരത്തോളംപേര്‍ കണ്ടുകഴിഞ്ഞു. ഇതേ സിനിമ ഓടുന്ന ഏറ്റവും അടുത്തുള്ള തിയറ്ററിലും കളക്ഷന്‍ കുറവല്ല. നല്ല തിയറ്റര്‍ വന്നപ്പോള്‍ സിനിമ കാണുന്നവരുടെ പുതിയ മേഖല തുറക്കുകയാണ്. ഇവിടത്തെ സംവിധാനങ്ങള്‍ കണ്ട് സ്വയം നാണക്കേട് തോന്നിയവര്‍ സ്വന്തംതിയറ്റര്‍ നവീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്" -ബൈജു ദേവരാജിന്റെ വാക്കുകളില്‍ സന്തോഷം. കുഗ്രാമത്തിലെ തിയറ്റര്‍ സിനിമ റിലീസിനായി ചോദിക്കുമ്പോള്‍ ഏറെ പ്രതിസന്ധി നേരിടേണ്ടി വന്നു. അസോസിയേഷനുകളുടെയും തിയറ്റര്‍ ലോബികളുടെയും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. മലയാളചിത്രങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ തമിഴ്ചിത്രത്തിന്റെ തെക്കന്‍ കേരളത്തിലെ വിതരണം ഏറ്റെടുത്തുകൊണ്ടാണ് ബൈജുരാജ് തിയറ്ററിലേക്ക് റിലീസ്ചിത്രം എത്തിച്ചത്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് റിലീസിങ് കേന്ദ്രങ്ങളടക്കം ഒമ്പതു സിനിമാകൊട്ടകകളോട് മത്സരിച്ചുവേണം പടം നേടാന്‍. സിനിമ ലഭിക്കാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കമുണ്ടായപ്പോള്‍ നാലുതവണ തിയറ്റര്‍ അടച്ചിട്ടു. അപ്പോഴെല്ലാം ശമ്പളം വേണ്ടെന്നുവയ്ക്കാന്‍പ്പോലും സന്നദ്ധരായി ഒരു ഡസനിലേറെ വരുന്ന ജീവനക്കാര്‍ ഉടമയ്ക്ക് ഒപ്പം നിന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മലയാളചിത്രങ്ങള്‍ നന്നായി ഓടിയാല്‍ ബാക്കി അന്യഭാഷ ചിത്രങ്ങള്‍ കൂടിയാകുമ്പോള്‍ നഷ്ടമില്ലാതെ പോകാനാകുമെന്ന് ബൈജു ദേവരാജ് കണക്ക് കൂട്ടുന്നു. വി ട്രാക്സിന് അധികം അകലെ അല്ലാതെ പൂട്ടിക്കിടന്ന കാര്‍ത്തിക എന്ന സിനിമകൊട്ടകയും നവീകരിച്ച് പ്രദര്‍ശനംതുടങ്ങി കഴിഞ്ഞു. ഇതും റിലീസ് കേന്ദ്രമാക്കി ഒരുക്കാനാണ് നീക്കം. ആ നേട്ടവും അകലെയാകില്ല. ശേഷം സ്ക്രീനില്‍.

ഗിരീഷ് ബാലകൃഷ്ണന്‍

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ഏപ്രില്‍ 2012

രാഷ്ട്രീയം തേടുന്ന ചിത്രകല

ചിത്രകലയുടെ രാഷ്ട്രീയപക്ഷം എന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള അനുഭാവരചനകള്‍ എന്ന നിലയ്ക്ക് മാത്രമല്ല നാം പരിശോധിക്കേണ്ടത്. അതിന് മനുഷ്യാവിര്‍ഭാവം മുതല്‍ തുടര്‍ന്നുവരുന്ന ദീര്‍ഘകാലത്തിന്റേതായ ചരിത്രമുണ്ട്. ഒരു ചിത്രം രാഷ്ട്രീയമായി വിജയിക്കുന്നുവെന്നോ രാഷ്ട്രീയപരിഗണനയിലെങ്കിലും പെടുന്നുണ്ടെന്നോ പരാമര്‍ശിക്കണമെങ്കില്‍ സാമൂഹ്യമായ ഉന്നമനം സാധ്യമാക്കുന്നതിനുള്ള ബൗദ്ധികതലത്തെ സക്രിയമാക്കാന്‍ അതിനു കഴിയുന്നുവെന്നുവരുമ്പോഴാണ്. എന്നാല്‍, ഇതുകൊണ്ടുമാത്രം ചിത്രകലയുടെ രാഷ്ട്രീയദര്‍ശനം രേഖപ്പെടുത്താന്‍ സാധ്യമല്ലെന്ന് ചിത്രകലയുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നു. "ചിത്രകലയുടെ രാഷ്ട്രീയം" എന്ന വിഷയത്തെ ആധാരമാക്കി ഭിന്നനിലയില്‍ ചിത്രത്തെ പരിശോധിക്കാന്‍ നമുക്ക് കഴിയും.

മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വിപത്തായി യുദ്ധം മാറുമ്പോള്‍ യുദ്ധാനുഭവലോകത്ത് അതിനെതിരെയും എത്രയോ ചിത്രങ്ങള്‍ രൂപപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റര്‍ ചിത്രങ്ങള്‍ രൂപപ്പെട്ടത് ഒരുപക്ഷേ, യുദ്ധക്കൊതിക്കെതിരായിട്ടുള്ളതാകാം. ലോകം അനുഭവിക്കേണ്ടിവരുന്ന ഏതു വിപത്തിനെതിരെയും ലളിതമായ കലാ-മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള കലാപ്രവര്‍ത്തകരുടെ നിശിതമായ താല്‍പ്പര്യംതന്നെയാണ് ഇതിലൂടെ പ്രകടമാക്കുന്നത്. കക്ഷിരാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി എല്ലാ അര്‍ഥത്തിലും രാഷ്ട്രീയപക്ഷംതന്നെ പ്രകടമാക്കുന്ന ചിത്രസാക്ഷ്യങ്ങളായി ഇവയെല്ലാം മാറിയിട്ടുണ്ട്. യുദ്ധവിപത്തിനെതിരായ ചിത്രങ്ങളുടെ കൂട്ടത്തില്‍ എക്കാലവും ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പുള്ള ഒരു ചിത്രം "ഗുയര്‍ണിക്ക"തന്നെയാണ്. ജനിബിഡമായ ഗര്‍ണിക്കാ നഗരത്തില്‍ ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ ജനം അനുഭവിക്കുന്ന ദുരന്തത്തിന്റെ നേര്‍കാഴ്ചയായി മാറുകയായിരുന്നു "ഗുയര്‍ണിക്ക" എന്ന വിഖ്യാതചിത്രം. സമാനതകളില്ലാത്ത പാശ്ചാത്യ ചിത്രകാരന്‍ പാബ്ലോ പിക്കാസോ ആണ് ഗുയര്‍ണിക്കയുടെ രചയിതാവ്. ഇപ്പോള്‍ സ്പെയിനിലെ മാഡ്രിസില്‍ പ്രാദോ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം അതീവ സുരക്ഷനല്‍കുന്ന ലോകത്തെ ചിത്രങ്ങളില്‍ ഒന്നാണ്.

ഒരു ചിത്രം, സാമൂഹ്യപ്രശ്നത്തെ പ്രതിപാദിക്കുന്ന ഏതെങ്കിലും വിഷയക്രമീകരണം കൊണ്ടുമാത്രം ശ്രദ്ധിക്കപ്പെടണമെന്നില്ല. പിക്കാസോ ഗുയര്‍ണിക്കയില്‍ രേഖപ്പെടുത്തിയ നിറങ്ങള്‍ യുദ്ധവിപത്തിന്റെ പരിസരം ഏതര്‍ഥത്തിലും ഓര്‍മപ്പെടുത്തുന്നതാണ്. ഗുയര്‍ണിക്ക കണ്ട് തലയില്‍ കൈവച്ച് നിലവിളിച്ച സ്ത്രീകള്‍ മുമ്പ് ഏതെങ്കിലും ചിത്രം കണ്ടവരായിരുന്നില്ല. സാധാരണക്കാരന്റെ കാഴ്ചയിലേക്കുപോലും പൊടുന്നനെ സന്നിവേശിക്കുന്ന, വിപല്‍ക്കരമായ സന്ദര്‍ഭത്തിന്റെ അനിഷേധ്യസൂചനകളുണ്ട്. മരിക്കുന്നതുവരെ ഞാന്‍ കമ്യൂണിസ്റ്റായിരിക്കുമെന്നും അവരാണ് മനുഷ്യര്‍ക്ക് എന്തെങ്കിലും നന്മചെയ്യുന്നവരെന്ന് പറഞ്ഞ പിക്കാസോയില്‍നിന്ന് പ്രതീക്ഷിക്കാവുന്ന മികച്ച രാഷ്ട്രീയ പ്രശ്ന പരാമര്‍ശചിത്രംതന്നെയാണ് "ഗുയര്‍ണിക്ക".

ജനങ്ങളുടെ നിലനില്‍പ്പിനെ വല്ലാതെ ബാധിക്കുന്ന പരിസ്ഥിതിപ്രശ്നം ഉയര്‍ന്ന സാമൂഹ്യപ്രശ്നം തന്നെയായിട്ടാണ് അവശേഷിക്കുന്നത്. മുമ്പ് ജീവിതപരിസരം സ്വന്തമായി ഇല്ലാതിരുന്ന മനുഷ്യന് ഇന്ന് ഭൂപരിസരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. സമ്പന്നമായ ജലസ്രോതസ്സ് കിട്ടാക്കനിയാകുകയും കുന്നിന്‍പുറങ്ങള്‍ അനിയന്ത്രിതമായി ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന ആര്‍ത്തിപൂണ്ട മനസ്സിനെതിരെ എത്രയോ ചരിത്രങ്ങള്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഭൂമുഖത്ത് മാനവികതയുടെ കരസ്പര്‍ശം പാടെ നിരാകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇവിടെ പിറന്ന എല്ലാ മനുഷ്യര്‍ക്കും ജാതിമത പരിഗണനകൂടാതെ ഭൂവിഭവങ്ങള്‍ സ്വീകരിക്കാനും അവിടെ ജീവിതം ഉറപ്പാക്കാനും കഴിയേണ്ടതായിരുന്നു. എന്നാല്‍, മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഒരുപാട് കലഹങ്ങളും കലാപങ്ങളും ഇന്ത്യ അനുഭവിക്കുകയുണ്ടായി. മാനവികതയുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ക്കുന്നിടത്ത് ചിത്ര-ശില്‍പ്പകലകളും അവതരണകലയും പ്രതിരോധത്തിന്റെ വന്‍ കോട്ടകള്‍തന്നെ പണിതിട്ടുണ്ട്.

ഏതൊരു ചിത്രകാരനെ സംബന്ധിച്ചും അയാളുടെ വിഷയസ്വീകാര്യതയുടെ ഉറവിടം തന്റെ ജീവിതപരിസരംതന്നെയാണ്. ചിത്രകലയുടെ പരീക്ഷണ വഴിത്താരകളിലേക്ക് സഞ്ചരിക്കുന്നതിനുമുമ്പേ മിക്ക ചിത്രകാരന്മാരും പ്രകൃതിയുടെ ഭിന്നസമയങ്ങളിലെ ഭാവവ്യത്യാസങ്ങള്‍ തന്നെയാണ് ആവിഷ്കരിച്ചത്. പക്ഷേ, ഇത്തരം ചിത്രീകരണങ്ങള്‍ ആദിമകാല ചിത്രകാരന്മാര്‍ വരച്ചതുപോലെയുള്ള പ്രകൃതിയുടെ പ്രയോഗങ്ങളായിരുന്നില്ല. ഇവിടെ ചിത്രകാരന്റെ സര്‍ഗാത്മകതകൂടി സമന്വയിക്കുന്നതിന്റെ സൂചനകള്‍ കണ്ടെത്താനാകും. കെ സി എസ് പണിക്കര്‍, ടി കെ പത്മിനി, എ രാമചന്ദ്രന്‍, പരാജിത് സിങ് തുടങ്ങിയ ആധുനിക കലാപരിസരങ്ങളിലെ ചിത്രകാരന്മാര്‍ ചെയ്തുപോന്നിരുന്നതും ഈ നിലയ്ക്കുള്ള ഭൂഭാഗ ചിത്രീകരണം തന്നെയായിരുന്നു.

അകാലത്തില്‍ ജീവിതം സ്വയം അവസാനിപ്പിച്ച വിഖ്യാത ചിത്രകാരന്‍ വാന്‍ഗോഗ് തന്റെ ചിത്രങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയത് മഞ്ഞനിറത്തിന്റെ തിളക്കത്തോടെയാണ്. പ്രകാശസമാനമായ ഒരു നിറത്തിന്റെ തെളിഞ്ഞ സാധ്യതയാണ് വാന്‍ഗോഗ് തന്റെ ചിത്രങ്ങളിലൂടെ വിശദമാക്കിയിരുന്നത്. മഞ്ഞരാശി കലര്‍ത്തിയ ചിത്രങ്ങള്‍ എന്നതിനെക്കാളപ്പുറം പ്രസരിപ്പിന്റെയും സമ്പന്നതയുടെയും നിറമിശ്രിതമായി വാന്‍ഗോഗ് ചിത്രങ്ങള്‍ മാറിയിരുന്നു.

പച്ചയും ചുവപ്പും നീലയും ചേര്‍ന്ന നിറവിതാനത്തിന്റെ ആധിക്യത്താല്‍ ചിത്രപ്രതലം പുഷ്ടിപ്പെടുത്തിയ എ രാമചന്ദ്രന്റെ ചിത്രത്തോടൊപ്പം ഒരു സുവ്യക്ത കാഴ്ചക്കാരനായി ചിത്രകാരനെ സ്വയം സമര്‍പ്പിക്കാനുള്ള വൈദഗ്ധ്യം രാമചന്ദ്രന്റെ മാത്രം സവിശേഷതയായി കാണാം. നിറങ്ങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യം ഒരുപക്ഷേ, സ്വീകാര്യതയുടെയും നിരാസത്തിന്റേതുമാണ്. ഇതിന് മാനദണ്ഡമായി വര്‍ത്തിക്കുന്നത് രാഷ്ട്രീയകക്ഷികളോടുള്ള ആഭിമുഖ്യമോ താല്‍പ്പര്യരാഹിത്യമോ ആണ്. ചിത്രകലയില്‍ ഇന്ത്യയുടെ സമകാലിക പ്രമുഖന്‍ എന്ന് വിശേഷിപ്പിക്കാവുന്നത് (ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍) കെ ജി സുബ്രഹ്മണ്യനെ തന്നെയാണ്. മനുഷ്യന്റെ വേദനയിലും അസ്വാതന്ത്ര്യത്തിലും ഒപ്പം ചേര്‍ന്ന് പക്ഷപാതിയെപ്പോലെ നിലയുറപ്പിച്ച ഒരാള്‍ എന്ന നിലയില്‍ മാത്രമല്ല ഈ പരാമര്‍ശത്തിന് ഇടയാകുന്നത്. ദേശീയസ്വാതന്ത്ര്യത്തിന്റെ മുഖ്യധാരയിലേക്ക് സ്വാതന്ത്ര്യമോഹികളായ ജനം ഒന്നടങ്കം അണിനിരക്കുമ്പോള്‍ തന്റെ സാന്നിധ്യവും സംഘാടകത്വവും ഉപയോഗിക്കാന്‍കൂടി താല്‍പ്പര്യം കാട്ടുകയായിരുന്നു കൂത്തുപറമ്പ് സ്വദേശിയായ കെ ജി എസ്. ദന്തഗോപുരവാസിയെപ്പോലെ മാറിനില്‍ക്കാതെ ഒരു ജനതയുടെ മോചനപോരാട്ടത്തിന്റെ അരികുചേര്‍ന്ന് നടക്കാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭാശാലിയായ ചിത്രകാരന്മാരില്‍ ഒരാള്‍തന്നെയാണ് കെ ജി സുബ്രഹ്മണ്യന്‍. കറുപ്പ് കരുത്തിന്റെ അടയാളം എന്നതുപോലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്റെ തിരസ്കൃത പരിസരവും ആയിത്തീരുകയാണ് അര്‍പ്പണ കൗറിന്റെ ചിത്രത്തില്‍. അവരുടെ ചിത്രങ്ങളില്‍ മനുഷ്യരൂപങ്ങളുടെ നിറം എല്ലാംതന്നെ പ്രസന്നതയാര്‍ന്നതും കാഴ്ചക്കാരന്റെ കാഴ്ചയുടെ സൂക്ഷ്മപ്രഭവകേന്ദ്രമായി മാറുന്നതുമായിരുന്നു.

തിരസ്കൃതനാക്കപ്പെട്ട മനുഷ്യന് അഭയമായി ശ്രീബുദ്ധനും ഗുരുനാനാക്കും ചിത്രത്തില്‍ രേഖപ്പെടുത്തുന്നതുപോലും കറുപ്പിന്റെ ഗാഢപശ്ചാത്തലത്തിലാണ്. ഗണേഷ് പൈന്‍ ബംഗാളികളുടെ നാടോടിജീവിതത്തിന്റെ ശീലുകള്‍ക്ക് നിറംപകരുകയായിരുന്നെന്ന് കാണാം. ഇത് ഗ്രാഫ് പേപ്പറുകള്‍ പശ്ചാത്തല ചിത്രപരിസരമാക്കിയെടുത്ത് അതീവ നേര്‍ത്ത രേഖകളാല്‍ ബംഗാള്‍ ജനതയുടെ ഗ്രാമ്യജീവിതവും സംസ്കാരവും ഗ്രാഫ് ചെയ്ത് നിര്‍ത്തുകയായിരുന്നു.

ഒരു ചിത്രത്തിന്റെ രൂപത്തിനും നിറത്തിനും രാഷ്ട്രീയ പരികല്‍പ്പന മുന്‍വിധിയോടെ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് സര്‍ഗാത്മകതയുടെ സദ്വഴിയില്‍ ചിത്രവായനയുടെ പ്രവേശത്തെയാണ് കൊട്ടിയടയ്ക്കുന്നത്. ഏതൊരു ചിത്രത്തിന്റെ നിറം അതിന്റെ വ്യത്യസ്ത രാശികളോടെ സമര്‍പ്പിക്കുമ്പോള്‍ അത് ചിത്രദൗത്യം പൂര്‍ത്തീകരിക്കുന്നത് കാഴ്ചക്കാരന്റെ മുന്നില്‍ മാത്രമാണ്. ഈ നിലയ്ക്കുള്ള വായനയുടെ വൈവിധ്യവും വിപുലമായ സാധ്യതകളെ അനുവദിച്ചുകൊടുക്കാന്‍ തികഞ്ഞ സഹിഷ്ണുത അനിവാര്യമാണ്. നമുക്ക് ഇഷ്ടപ്പെടാത്ത രേഖകളോ നിറങ്ങളോ ചിത്രത്തില്‍ കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന നീരസം ഇഷ്ടമില്ലാത്ത പാട്ട് കേള്‍ക്കുമ്പോള്‍ പ്രകടമാക്കുന്ന അസ്വസ്ഥതപോലെ തന്നെയുള്ളതാണ്. ഈ അസ്വസ്ഥതയാണ് സമകാലിക ഇന്ത്യയുടെ സാംസ്കാരിക പരിസരങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ പൗരത്വമുള്ള ഒരു വിഖ്യാത ചിത്രകാരന് ഇവിടം വിട്ടൊഴിയേണ്ടിവരുന്നതും സ്വീകാര്യതയുടെ ഭൂപടം നോക്കി പോകേണ്ടിവന്നതും. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ നിഷ്കരുണം തകര്‍ക്കുന്നവര്‍ അതേ ദേശക്കാര്‍ തന്നെയാകുന്ന രാജ്യത്ത് മതേതരത്വത്തിലേക്ക് ഇനിയുമെത്ര ദൂരം എന്നുതന്നെയാണ് തിരസ്കൃതര്‍ ഒന്നടങ്കം ചോദിക്കുന്നത്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് "ഗുയര്‍ണിക്ക"യിലെ അടയാളങ്ങള്‍ കൂടി ബോധപൂര്‍വം ചേര്‍ത്തുവച്ച് "ഗുജര്‍ണിക്ക" വരച്ചുചേര്‍ത്ത യൂസഫ് അറയ്ക്കലിനെ മുസ്ലിം നാമധാരി എന്ന പരിഗണ നല്‍കി മാറ്റിനിര്‍ത്താം. ഗുജറാത്തിലെ തെരുവില്‍ വെട്ടിനുറുക്കപ്പെട്ട സ്ത്രീകളുടെ ദയനീയചിത്രവും നിഷ്കളങ്കമായ ബാല്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും പന്തംപോലെ ആളിക്കത്തുമ്പോള്‍ അതിന് രൂപവും നിറവും പകര്‍ന്ന അഞ്ജലി ഇളാ മേനോന്റെ ചിത്രത്തെ നമുക്കെങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. വിപണനസംസ്കാരം ഇന്നുകാണുന്നതുപോലെ വ്യാപിക്കുന്നതിനും എത്രയോ മുമ്പാണ് കെ സി എസ് പണിക്കര്‍ "മാര്‍ക്കറ്റ്" അഥവാ "ചന്ത" എന്ന ചിത്രം രചിച്ചത്. ചന്തയില്‍ ഉപഭോക്താക്കളായെത്തി വില്‍പ്പനക്കാരോട് വിലപേശുമ്പോള്‍ കിട്ടുന്ന ആത്മബന്ധവും റേഷന്‍ കടയ്ക്കുമുന്നില്‍ ക്യൂനില്‍ക്കുമ്പോള്‍ മുന്നിലും പിന്നിലും നില്‍ക്കുന്നവരുമായി വിളക്കിയെടുക്കുന്ന സൗഹൃദവും നിഷ്കരുണം വെട്ടിമാറ്റിയവര്‍ പുതിയ മൂലധന വ്യാപനത്തിന്റെ വക്താക്കള്‍ തന്നെയാണ്. വീട്ടുപടിക്കലേക്ക് എല്ലാ പലവ്യഞ്ജനങ്ങളും എത്തിക്കുമ്പോള്‍ പുറംലോകബന്ധം എന്നത് ഒട്ടും അനിവാര്യമല്ലാത്ത ഒന്നായിത്തീരുകയാണ്. ഈ നിലയ്ക്കുള്ള ഉപഭോഗ വിപണന സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് കെ സി എസിന്റെ "ചന്ത"യുടെ രാഷ്ട്രീയം തിരിച്ചറിയാനാകുന്നത്.

*
പൊന്ന്യം ചന്ദ്രന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ഏപ്രില്‍ 2012

Saturday, April 28, 2012

കാഴ്ചയുടെ അകം/പുറം


സാമ്പ്രദായികമോ കണിശമോ ആയ അര്‍ത്ഥങ്ങളിലുള്ള സിനിമാ നിരൂപണങ്ങളോ സിനിമാ പഠനങ്ങളോ അല്ല, സി എസ് വെങ്കിടേശ്വരന്‍ എഴുതുന്നത്. ഒരേ സമയം ആന്തരികലോകത്തേക്കും ബാഹ്യലോകത്തേക്കും സഞ്ചരിക്കുന്ന; സര്‍ഗാത്മകതയും മൌലികതയും കൊണ്ട് സജീവമായ അകം/പുറം അന്വേഷണങ്ങളാണ് അവ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികം കാലമായി, ഇംഗ്ളീഷിലും മലയാളത്തിലും ഒരേ പോലെ അനായാസമായി എഴുതിക്കൊണ്ടിരിക്കുന്ന വെങ്കിടേശ്വരന്റെ സൂക്ഷ്മവും വിപുലവുമായ നിരീക്ഷണങ്ങളെ അതീവ ഗൌരവത്തോടെയും ശ്രദ്ധയോടെയുമാണ് വായനക്കാര്‍ സമീപിക്കുന്നത്. വിവിധ ആനുകാലികങ്ങളില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ നിരവധി ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവ, മൂന്നു ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാക്കി ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സിനിമാടോക്കീസ്, മലയാള സിനിമാപഠനങ്ങള്‍, ഉടലിന്റെ താരസഞ്ചാരങ്ങള്‍ എന്നിവ; സിനിമയെ സംബന്ധിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും സുപ്രധാനമായ പുസ്തകങ്ങളായി പരിണമിച്ചിരിക്കുന്നു.  സര്‍വകലാശാലകളും കലാലയങ്ങളും അക്കാദമികളുമടക്കമുള്ള പെയ്ഡ് ആന്റ് സ്പോണ്‍സേര്‍ഡ് ലോകത്തിനു പുറത്ത് നടത്തപ്പെടുന്ന സൂക്ഷ്മവും ഗാഢവുമായ ചിന്തകളെന്ന നിലക്ക് ഈ സമാഹരണങ്ങള്‍ മലയാളത്തിലുള്ള സിനിമാ പഠനങ്ങളെന്നതു പോലെ തന്നെ, ദൃശ്യമാധ്യമ വിമര്‍ശനരംഗത്തും ഏറെ ആലോചനകള്‍ക്ക് വഴി വെക്കുന്ന കൃതികളാണ്.


മാതൃഭൂമി ആഴ്ചപ്പതിപ്പിലദ്ദേഹം കൈകാര്യം ചെയ്തിരുന്ന സിനിമാടോക്കീസ് എന്ന കോളത്തിലെ ഏതാനും ലേഖനങ്ങളാണ് അതേ പേരിലുള്ള പുസ്തകത്തിലുള്ളത്. അതോടൊപ്പം, പ്രസക്തമായ മൂന്നു നാലു മറ്റു ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളമെഴുത്തിന്റെ സമയ/സ്ഥല പരിമിതിയുടെ നിര്‍ബന്ധം മൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന കൊച്ചു കൊച്ചു കുറിപ്പുകളാണ് എല്ലാം. എന്നാല്‍, അതിന്റെ സവിശേഷത അതല്ല; അവയെല്ലാം തന്നെ കോഡീകൃത ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നതാണ്. സിനിമയുടെയും ടെലിവിഷന്റെയും സാങ്കേതികത, അവയുടെ ചലന പരിണാമങ്ങളും ചരിത്രങ്ങളും, പൊതു ചരിത്രം, രാഷ്ട്രീയ/പരിസ്ഥിതി/ലിംഗ/സാമ്പത്തിക പരിതോവസ്ഥകള്‍, എന്നീ മേഖലകളെക്കുറിച്ചെല്ലാം നിരന്തരമായി ആലോചിക്കുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു വായനാ സമൂഹത്തെയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടു തന്നെ, സിനിമയും ടിവിയുമല്ലേ; അതിലിത്ര ഗൌരവമെന്തിരിക്കുന്നു എന്ന മട്ടിലുള്ള വരേണ്യവും അതേസമയം അലസവുമായ വായനകളെ അവ പ്രകോപിപ്പിക്കുവാനും സാധ്യതയുണ്ട്.

സ്ത്രീകളുടെ പിന്മാറ്റം തിയേറ്ററുകളിലെ അന്തരീക്ഷത്തെ- സ്വാഭാവികമായും പൊതു ഇടങ്ങളില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ പുലരുന്ന കേരളം പോലെയുള്ള സ്ഥലങ്ങളില്‍- സാരമായി ബാധിച്ചു. ആണുങ്ങള്‍ക്ക് മഹാഭൂരിപക്ഷമുള്ള ആണ്‍താരങ്ങളുടേതു മാത്രമായ ഫാന്‍ക്ളബ്ബുകള്‍ക്ക് പ്രചാരം ലഭിക്കുന്നതും അവരുടെ സാന്നിദ്ധ്യം ഇത്രയ്ക്ക് പ്രകട(നപര)വും വ്യാപകവുമാകുന്നതും ടെലിവിഷനനാന്തര കേരളത്തിലാണ് എന്നത് യാദൃഛികമല്ല.(പേജ് 10). ഇതുപോലെ, പല വീക്ഷണ കോണുകളില്‍ നിന്ന് പ്രശ്നയാഥാര്‍ത്ഥ്യത്തെ സമീപിക്കുകയും നിഗമനങ്ങളിലോ സന്ദിഗ്ദ്ധമായ നിരീക്ഷണങ്ങളിലോ ചെന്നെത്തുകയോ, അല്ലെങ്കില്‍ പ്രശ്നത്തിന്റെ പരിഹാരരാഹിത്യങ്ങളിലേക്ക് ചിതറുകയോ ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ചിന്തകളിലധികവുമുള്ളത്. സിനിമ എന്ന വല്യേട്ടനെ ഭയന്ന് അതിന്റെ ചിലവിലും തണലിലും നിലനില്‍ക്കുന്നതെന്ന് സ്വയം കരുതുന്ന ടെലിവിഷന്‍ ചാനലുകളിലെ സിനിമാ പരിചയ പരിപാടികളെ പരിഹസിച്ചുകൊണ്ട് വെങ്കിടി എഴുതുന്നു: ഈ വിവേചനമില്ലായ്മ (ടെലിവിഷന്‍ മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളെയും ലോകോത്തരം, വ്യത്യസ്തം, ഗംഭീരം എന്നവതരിപ്പിക്കുന്നത്) അതിന്റെ ആധിക്യത്താലും പെരുപ്പിച്ചുപറയല്‍ കൊണ്ടും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുകയും പ്രേക്ഷകരെ സിനിമാതിയറ്ററുകളില്‍ എത്തിക്കാന്‍ പ്രയോജനപ്പെടാത്ത ഒന്നായി മാറുകയും ചെയ്തു. ടെലിവിഷനും സിനിമയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ഇതിനകം സംഭവിക്കേണ്ടിയിരുന്ന ഗുണപരമായ പരിണാമങ്ങള്‍ സംഭവിക്കാത്തത്, ടെലിവിഷന്‍ വ്യവസായത്തിന്റെ പരാന്നഭോജനപ്രവണതയുടെ കൃത്യമായ തെളിവാണെന്ന് അദ്ദേഹം സങ്കോചങ്ങളേതുമില്ലാതെ സമര്‍ത്ഥിക്കുന്നു.
ടെലിവിഷനാന്തര നവമാധ്യമങ്ങളും മാനവികതയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ സംബന്ധിച്ച്, വെങ്കിടി നടത്തുന്ന അന്വേഷണങ്ങള്‍ പുതിയ കേരളത്തെ സംബന്ധിച്ച ആലോചനകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ടെലിവിഷനും ഇന്റര്‍നെറ്റും ഇലക്ട്രോണിക് പരസ്യപ്പലകകളും മൊബൈല്‍ ഫോണും നിരന്തരം എല്ലായിടത്തും പിന്‍തുടരുന്ന നിരീക്ഷണ ക്യാമറകളുമെല്ലാം ചേര്‍ന്ന് നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന ഈ സാഹചര്യം അപൂര്‍വ്വമായ ഒന്നാണ്. അത് ഒരേ സമയം നമ്മില്‍ നിന്ന് അതീവമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഒപ്പം നമ്മുടെ ശ്രദ്ധയെ നിരന്തരം ചിതറിക്കുകയും ചെയ്യുന്നു(പേജ് 24). സിനിമയുടെ രണ്ട് പ്രധാനപ്പെട്ട ആദ്യകാല പദ്ധതികള്‍ - യാഥാര്‍ത്ഥ്യവും മായികതയും - ഇന്ന് യഥാക്രമം ടെലിവിഷനിലൂടെയും ഡിജിറ്റല്‍ സിനിമയിലൂടെയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നാണ് വെങ്കിടി ഉദാഹരണ സഹിതം സമര്‍ത്ഥിക്കുന്നത്.

ഈ പുസ്തകത്തിലുള്ള ചായക്കടയിലെ മിശ്രഭോജനം എന്ന ലേഖനം(പേജ് 33 മുതല്‍), സ്കൂള്‍ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയതിലൂടെ ഇതിനകം കേരളീയ പൊതുബോധത്തിലേക്ക് വ്യാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഭക്ഷണം, പരിഷ്കരണം, കേരളീയ നവോത്ഥാനം, സാമുദായിക പ്രതിനിധാനവും മൈത്രിയും സഹവര്‍ത്തിത്വവും, തുറസ്സുകളും അടവുകളും, എന്നിങ്ങനെ; മലയാള സിനിമകളിലെ ചായക്കടാ ചിത്രീകരണത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചെറു ലേഖനത്തിലൂടെ കേരള ചരിത്ര/വര്‍ത്തമാനത്തെ ആഴത്തില്‍ സ്പര്‍ശിക്കാനും തുറന്നു കാണിക്കാനും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. സബ്ടൈറ്റിലുകള്‍ രൂപീകരിച്ചെടുക്കുന്ന നവീനവും വ്യത്യസ്തവും വിചിത്രവുമായ ദൃശ്യലോകത്തെ സംബന്ധിച്ച ചിന്തകളുള്‍പ്പെടുത്തിയിട്ടുള്ള സിനിമയുടെ ഉപശീര്‍ഷാസനം എന്ന ലേഖനവും ശ്രദ്ധേയമാണ്. ലാര്‍സ് വോണ്‍ ട്രയറുടെ ആന്റിക്രൈസ്റ്, അബ്ബാസ് ഖൈരസ്തമിയുടെ ഷിറിന്‍ എന്നീ വളരെ വ്യത്യസ്തമായ രണ്ടു ആധുനിക സിനിമകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം സ്വതസ്സിദ്ധമായ രൂപത്തില്‍ പ്രതികരിക്കുന്നു: ഒരുപക്ഷെ, ഈ രണ്ടു ചിത്രങ്ങളും നമ്മുടെ മുന്നില്‍ രണ്ടു തരം ദൃശ്യരതിസാദ്ധ്യതകള്‍ കൂടിയാണ് ഉയ(ണ)ര്‍ത്തുന്നത്. ഒന്ന് സാംസ്ക്കാരികവും വംശീയവുമായ ഒരുതരം ഒളിഞ്ഞുനോട്ടം സാദ്ധ്യമാക്കുമ്പോള്‍ മറ്റേത് വെളുത്ത പാശ്ചാത്യശരീരങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചകള്‍ നല്‍കുന്നു(പേജ് 60). സിനിമാനിരൂപണം എന്ന, എല്ലായ്പോഴും അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയെ സംബന്ധിച്ച ആത്മവിമര്‍ശനപരമായ കുറിപ്പാണ് നിരൂപണത്തിലെ ജാരന്മാര്‍(പേജ് 90 മുതല്‍). മലയാളത്തിലെ സിനിമാവിമര്‍ശനം ഇപ്പോഴും ഒന്നുകില്‍ കേവലമായ ചില ലാവണ്യമാനങ്ങളില്‍ മാത്രമൂന്നുന്നവയോ അല്ലെങ്കില്‍, പ്രത്യയശാസ്ത്രപരമായ ചില കടുംപിടുത്തങ്ങളെ തെളിയിക്കാന്‍ മാത്രമുള്ളവയോ ആണ്. ഇത്തരം ഏകദിശാമുഖമായ വിമര്‍ശനരീതികള്‍ സിനിമ എന്ന സ്ഥാപനത്തെയും ബഹുതല സ്പര്‍ശിയായ അതിന്റെ അനുഭവത്തെയും പ്രയോഗത്തിലും പരികല്‍പനകളിലും കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നു. അതുകൊണ്ടു തന്നെ നമ്മുടെ വിമര്‍ശനങ്ങളുടെ സംവാദശേഷി പലപ്പോഴും വളരെ വ്യക്തിപരമായ തലത്തില്‍ തന്നെ ചുറ്റിക്കറങ്ങുന്നു. അത്തരമൊരവസ്ഥയില്‍ സിനിമാവിമര്‍ശനത്തിനു സമകാലികത നഷ്ടപ്പെടുന്നു(പേജ് 94) എന്നാണ് നിര്‍ദാക്ഷിണ്യമായി അദ്ദേഹം കൃത്യമാകുന്നത്.


താരങ്ങളും അല്ലാത്തവരുമായ അഭിനേതാക്കളുടെ നടനജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഉടലിന്റെ താരസഞ്ചാരങ്ങള്‍. പല തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിലും പശ്ചാത്തലങ്ങളിലും എഴുതിയതിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ പ്രകടമാണെങ്കിലും; മലയാള സിനിമ പോലെ, താരപ്രാമുഖ്യമുള്ള സാംസ്ക്കാരികപ്രത്യക്ഷത്തിന്റെ മുഖ്യഭൂമികകളിലൊന്നായ അഭിനയം എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാന്‍ ഈ പുസ്തകം പര്യാപ്തമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, ജഗതി, കലാഭവന്‍ മണി, സില്‍ക്ക് സ്മിത, കമല്‍ഹാസന്‍, ഷക്കീല, അടൂര്‍ ഭവാനി, കൊച്ചിന്‍ ഹനീഫ, നെടുമുടി എന്നിവരുടെ അഭിനയങ്ങളാണ് വിവിധ അധ്യായങ്ങളിലുള്ളത്. അപ്പോള്‍ ഒരു ആരാധക സമൂഹത്തിന്റെ തിരിച്ചറിവില്ലായ്മ((misrecognition) അല്ലെങ്കില്‍ വ്യാജമായ ഒരുതരം അറിവ് ആണോ താരമൂല്യം/താരത്വം? ചലച്ചിത്രാഖ്യാനങ്ങളില്‍ നിന്നുള്ള മൂല്യങ്ങളുടെ ഒരു പകര്‍ന്നാട്ടമാണോ ഒരു താരത്തെ ഉണ്ടാക്കുന്നത്?(പേജ് 12) എന്നതാണ് തന്റെ അന്വേഷണത്തെ സാധ്യമാക്കുന്നതും സങ്കീര്‍ണമാക്കുന്നതുമായ ഘടകങ്ങള്‍ എന്ന് വെങ്കിടി വിശദീകരിക്കുന്നു. അന്തസ്സ്, അധ്വാനം, പുരുഷത്വം, സ്ത്രൈണത, വീരത്വം, ജളത്വം, വരേണ്യത, തുടങ്ങി സമൂഹത്തില്‍ കറങ്ങിത്തിരിയുന്നതും നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സങ്കല്‍പ(ന)ങ്ങളുടെ കണ്ണാടി കൂടിയാണ് ഒരര്‍ത്ഥത്തില്‍ താരങ്ങള്‍ (പേജ് 13)എന്ന അടിസ്ഥാനപരമായ നിഗമനമാണ് അദ്ദേഹത്തിന്റെ അന്വേഷണത്തെ നിര്‍ണയിക്കുകയും പുനര്‍ നിര്‍ണയിക്കുകയും ചെയ്യുന്നത്.

അസാധാരണത്വത്തെയും അപരത്വത്തെയും രൂപാന്തരത്തെയും മൂര്‍ത്തവത്ക്കരിക്കുകയും അവയിലേക്കൊക്കെ പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന താരസ്വരൂപത്തിന്റെ മുഖമുദ്ര ഏകാന്തമായ പോരാട്ടമോ പതനമോ ആണെന്ന് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു. അത് മലയാളി ആണത്ത സങ്കല്‍പത്തിന്റെ ഒരു ധ്രുവത്തെ അഥവാ ആഭിമുഖ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതര ധ്രുവമായ മോഹന്‍ലാലിന് സിനിമക്കകത്തും പുറത്തും ലോകത്തിന്റെ ബന്ധ(ന)ത്തില്‍നിന്ന് വിടുതി നേടി ഒന്നാകാന്‍ കഴിയാത്തതിനാല്‍, ലോകത്തിന്റെ ബാധ്യതകള്‍ അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എണ്ണിയെണ്ണി കണക്കു തീര്‍ക്കുമ്പോഴും, ചിലത് വി(വീ)ടാതെ ബാക്കി നില്‍ക്കുന്നു - ഒഴിയാത്ത ഭൂതകാലമായി, പിന്തുടരുന്ന ഓര്‍മയായി, നല്കേണ്ട നന്ദിയായി, വിടാത്ത പാരമ്പര്യമായി, വീട്ടാത്ത കടമായി, ചെയ്യാത്ത ശ്രാദ്ധമായി.. സിനിമക്കു പുറത്താകട്ടെ, ഇത്തരം രൂപമാറ്റങ്ങളെ ആഘോഷിച്ചുകൊണ്ടും ഇരട്ടിപ്പിച്ചുകൊണ്ടും; മോഹന്‍ലാല്‍ ഒരുവശത്ത് ഓഷോയെപ്പോലെ ഒരു അരാജകവാദിയായ ദാര്‍ശനികനെ പിന്തുടരുകയും മറുവശത്ത് ഭരണകൂടത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി അണിയുകയും ചെയ്യുന്നു. മറ്റെല്ലാവരും സദാചാരവാദികളായിരിക്കുമ്പോഴും മദ്യത്തിന്റെ പരസ്യത്തില്‍ ആര്‍ജ്ജവത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഒരര്‍ത്ഥത്തില്‍ രാഷ്ട്രത്തിന്റെ തന്നെ മധ്യവയസ്കതയെയും അതിന്റെ വൈകാരികവും വൈചാരികവും ദൌത്യപരവുമായ കുഴമറിച്ചിലുകളെയും മോഹഭംഗങ്ങളെയും അവതരിപ്പിക്കുന്ന ഗോപിയുടെ കഥാപാത്രങ്ങള്‍; പാരമ്പര്യത്തിനും ആധുനികതക്കുമിടയിലും യൌവനത്തിനും വാര്‍ധക്യത്തിനുമിടയിലും ആസക്തിക്കും സദാചാരത്തിനുമിടയിലും ധര്‍മത്തിനും കാമത്തിനുമിടയിലും കുടുങ്ങിപ്പോയവരാണ്. ജഗതിയും നായകനും തമ്മിലുള്ള ബന്ധത്തിലാകട്ടെ ജാതിയുടെയും വര്‍ഗത്തിന്റെയും അടയാളങ്ങള്‍ക്ക് തെളിച്ചം കുറവാണെന്നാണ് വെങ്കിടിയുടെ അഭിപ്രായം. മിക്കപ്പോഴും ഒരേ സമൂഹശ്രേണിയില്‍ നിന്ന് വരുന്നതാണ് ഈ യുഗ്മം. ജഗതി കഥാപാത്രങ്ങളുടെ അപരത്വം മധ്യവര്‍ഗത്തിന്റെ പൌരുഷത്തെയും മാന്യതയെയും നായകത്വത്തെയും മറ്റും ചുറ്റിപ്പറ്റിയുള്ളതാണ്.  ഹാസ്യതാരം എന്ന നില വിട്ട് ആക്ഷന്‍ ഹീറോയായി പരിണമിക്കാന്‍ ശ്രമിച്ച കലാഭവന്‍ മണിയുടെ പുതിയ അവസ്ഥ സ്വയം തീര്‍ത്തതോ വരിച്ചതോ ആയ ഒരു തടവറയായി തീരുന്ന അവസ്ഥയാണെന്ന കണ്ടെത്തല്‍ തികച്ചും സത്യമാണ്. ഒരര്‍ത്ഥത്തിലുള്ള തിരിച്ചുപോക്കാണിത്. മണി എന്ന നടന്റെ ആന്തരികത പിന്‍വാങ്ങുകയും ശരീരം തന്നെ വീണ്ടും അരങ്ങില്‍ നിറയുന്നതുമായ ഒരു സ്ഥിതിവിശേഷം, വരേണ്യതാരങ്ങള്‍ക്ക് സംഭവിച്ച അതേ അപകട-അമാനുഷന്‍ അഥവാ വാര്‍പ്പുമാതൃക ആയിത്തീരുക-ത്തിലേക്കാണ് മണിയെ എത്തിച്ചതെന്ന് വെങ്കിടി നിരീക്ഷിക്കുന്നു.

അഴിഞ്ഞാട്ടക്കാരിയായി നടിച്ചും പ്രത്യക്ഷപ്പെട്ടും, ആണ്‍ കാണികളുടെ ഗൂഢവും അല്ലാത്തതുമായ ആസക്തികളെ അഭിമുഖീകരിച്ച സില്‍ക്ക് സ്മിത, കുടുംബാധികാരഘടനയുടെ പുറത്താണ് നിലയുറപ്പിച്ചത്. സ്ഥാപനത്തിന്റെയും അധികാരത്തിന്റെയും ചെളി പുരളാതെ, ശരീരത്തിന്റെ ഒരു ആനന്ദ സാധ്യതയായി, ക്ഷണമായി, ആഖ്യാന സദാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കത്തിപ്പടര്‍ന്ന സ്മിത സ്വയം ഒരു ചാരമായി മാറി വ്യവസ്ഥക്ക് കീഴ്പ്പെടുകയും ചെയ്തു. ഷക്കീല - ചില തുണ്ട് ചിന്തകള്‍ എന്ന അന്യഥാ പ്രസിദ്ധമായ ലേഖനത്തില്‍, വെങ്കിടി ഷക്കീലപ്പടങ്ങളെ മഹത്വവത്ക്കരിക്കുന്നതിപ്രകാരമാണ്: യഥാര്‍ത്ഥത്തില്‍ ഷക്കീല/പടങ്ങള്‍ നമ്മുടെ ആണ്‍കോയ്മ വ്യവസ്ഥയെയാണ് വെല്ലുവിളിക്കുന്നത്. താരനിരയും അതിമാനുഷ പരിവേഷവുമുള്ള നായകവൃന്ദവും, സിനിമാവ്യവസായ സ്ഥാപന ശൃംഖലകളും സെന്‍സര്‍ബോര്‍ഡു പോലുള്ള സദാചാര-അധികാര കേന്ദ്രങ്ങളും, സിനിമാപ്രസിദ്ധീകരണങ്ങളും സാങ്കേതിക വിദ്യയും എല്ലാമടങ്ങിയ ഒരു പുരുഷവ്യവസ്ഥയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്(പേജ് 109). കമല്‍ഹാസന്‍, അടൂര്‍ ഭവാനി, കൊച്ചിന്‍ ഹനീഫ് എന്നിവരെ സംബന്ധിച്ച കുറിപ്പുകളും നെടുമുടി വേണുവുമായി നടത്തിയ ദീര്‍ഘമായ ഒരു സംഭാഷണവും ഈ പുസ്തകത്തിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. നെടുമുടി പറയുന്നതു പോലെ, ഏതബോധാവസ്ഥയിലാണെങ്കില്‍ പോലും ക്യാമറയുടെ മുന്നിലെത്തിയാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യും. അതു നമ്മുടെ ശീലം കൊണ്ടുള്ളതാണ്. അത്തരം ശീലങ്ങള്‍ വിട്ടിട്ട്, നമ്മുടെയുള്ളില്‍ നിന്ന് നമ്മുടെ മറ്റൊരു മുഖം എടുക്കാന്‍ കഴിവുള്ള സിനിമകള്‍ ഉണ്ടാവണം, നമ്മളെ വെല്ലുവിളിക്കുന്ന അത്തരം സംവിധായകരെയാണ് എനിക്കിഷ്ടം(പേജ് 142). താരപദവികളും അഭിനയമികവുകളും ഒന്നുമല്ല യഥാര്‍ത്ഥ വെല്ലുവിളി എന്നും സിനിമയെ സംബന്ധിച്ച ഭാവന-സങ്കല്‍പനം-നിര്‍വഹണം എന്ന സംവിധാന പ്രക്രിയയാണെന്നുമുള്ള അഭിനേതാവിന്റെ തുറന്നു പറച്ചില്‍ ഈ പുസ്തകത്തിന്റെ സന്ദേശം തന്നെയാണ്.

മലയാള സിനിമാ പഠനങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള അവലോകനം മറ്റൊരു ലക്കത്തില്‍.

*
ജി പി രാമചന്ദ്രന്‍

കര്‍ഷകപോരാട്ടത്തിലെ പുതിയ അധ്യായം

കേരള കര്‍ഷകസംഘം നേതൃത്വംനല്‍കിയ പഞ്ചദിന സത്യഗ്രഹം, കേരളത്തിലെ കര്‍ഷകപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനംപിടിക്കുകയാണ്. അഞ്ചുദിവസം കേരളത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ സഹനസമരത്തിലാണ് ഏര്‍പ്പെട്ടത്. കൃഷിയെയും കൃഷിക്കാരെയും പാര്‍ശ്വവല്‍ക്കരിച്ച് വന്‍കിടകളെ ഊട്ടിവളര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ താക്കീതായി ഈ സമരം മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഈ സമരത്തിലൂടെ കര്‍ഷക കേരളം ആവശ്യപ്പെട്ടത്, കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തന്നെ തകര്‍ച്ചയാണെന്ന യാഥാര്‍ഥ്യമാണ് സമര വളന്റിയര്‍മാര്‍ വിളിച്ചോതിയത്.

"ജയ് കിസാന്‍" വിളികള്‍ ഭരണാധികാരികളില്‍ നിന്ന് കേള്‍ക്കാനില്ല. കൃഷിക്ക് നല്‍കിവന്ന പിന്തുണയും സഹായവും പിന്‍വലിച്ച് ചെറുകിട കര്‍ഷകരെ കൃഷിയില്‍ നിന്ന് ആട്ടിയോടിക്കുകയാണ്. ഭൂപരിഷ്കരണനിയമങ്ങളും ഭൂപരിധിനിയമങ്ങളും ലംഘിച്ച് കൃഷിഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് കൈമാറുന്നു. ബഹുരാഷ്ട്ര കോര്‍പറേറ്റുകളിലും വന്‍കിട കമ്പനികളിലും ഭൂവുടമസ്ഥത കേന്ദ്രീകരിക്കുന്നു. നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ കാര്‍ഷികരംഗം കൈയടക്കുന്നു. രണ്ടു ദശാബ്ദമായി നടപ്പാക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണനയങ്ങളുടെ ദുരന്തഫലമാണ് പെരുകുന്ന കര്‍ഷക ആത്മഹത്യ. ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കാര്‍ഷിക ജനസാമാന്യത്തിന്റെ ജീവിത തകര്‍ച്ചയാണ് ആത്മഹത്യകളായി പരിണമിക്കുന്നത്. 1995നും 2012നും ഇടയില്‍ രാജ്യത്ത് ഏകദേശം 2,70,000 കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് കേരളവും കര്‍ഷക ആത്മഹത്യകളുടെ നാടായി. വയനാട്ടില്‍ മാത്രം മുന്നൂറിലേറെ കര്‍ഷകരാണ് കടംകയറി മരണം സ്വയംവരിച്ചത്.

ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടെ കാര്‍ഷികനയങ്ങളില്‍ അടിസ്ഥാനമാറ്റം വന്നു. കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടക്കൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരവല്‍ക്കരണനയം കാര്‍ഷിക സമ്പദ്ഘടനയെ തകിടംമറിച്ചിരിക്കുന്നു. കാര്‍ഷികമേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980കളില്‍ ജിഡിപിയുടെ 14.5 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി. കാര്‍ഷിക തൊഴില്‍ ലഭ്യത വന്‍തോതില്‍ ഇടിഞ്ഞു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിലെ വന്‍ വര്‍ധന ഇവയെല്ലാം കാര്‍ഷികത്തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത് ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചു. നാണ്യവിളകളുടെ വിലസ്ഥിരത ഇല്ലായ്മ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വന്‍ ഭീഷണിയായി. കാര്‍ഷികമേഖലയെ കുരുതി കൊടുത്താണ് കോര്‍പറേറ്റ് ലാഭക്കൊതിയന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാണിജ്യ കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളികളാകുന്നത്. ബഹുരാഷ്ട്ര ഭീമന്മാര്‍ വില നിശ്ചയിക്കുന്ന എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലയിടിവാണ്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശമൂലധന നിക്ഷേപത്തിന് അനുവാദം നല്‍കുന്ന പ്രഖ്യാപനത്തോടെ പ്രതീക്ഷയറ്റ വിഭാഗമായി കാര്‍ഷിക ജനസാമാന്യം മാറി. ഒമ്പതു ശതമാനം ജിഡിപി വളര്‍ച്ചയില്‍ ഭരണകൂടം ഊറ്റംകൊള്ളുമ്പോള്‍ ഗ്രാമീണ കൃഷിക്കാരന്‍ ഉല്‍പ്പാദനച്ചെലവിനായി കൊള്ളപ്പലിശക്കാരന്റെ മുമ്പില്‍ കൈനീട്ടുകയാണ്. ഭരണകൂടം സൃഷ്ടിച്ച വന്‍ദുരന്തമാണ് കാര്‍ഷിക ആത്മഹത്യകള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ലെന്നാണ് പെരുകുന്ന ആത്മഹത്യകള്‍ തെളിയിക്കുന്നത്. ഭൂമിയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന പാവപ്പെട്ട കൃഷിക്കാരന്റെ ദൈന്യതയുടെ സ്വാഭാവിക പരിണാമമാണ് ഈ ആത്മഹത്യകള്‍. കേന്ദ്രത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ക്കാണ് ഈ ദുഃസ്ഥിതിയുടെ പൂര്‍ണ ഉത്തരവാദിത്തം. 2001-2006ലെ യുഡിഎഫ് ഭരണത്തില്‍ പെരുകുന്ന കാര്‍ഷിക ആത്മഹത്യകള്‍ നിത്യസംഭവങ്ങളായിരുന്നു. 2006ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ ആ ദുഃസ്ഥിതിക്ക് വിരാമമിട്ടു. കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയും ആത്മഹത്യചെയ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തറവില വര്‍ധിപ്പിച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ആ സര്‍ക്കാര്‍ നടത്തിയത്. രാജ്യത്തിനു മാതൃകയായ കാര്‍ഷിക കടാശ്വാസ കമീഷനെ നിയമിച്ച് പതിനായിരക്കണക്കിന് കൃഷിക്കാരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക ആത്മഹത്യകള്‍ കേരളത്തിന്റ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വീണ്ടും പഴയ ആത്മഹത്യക്കാലം തിരിച്ചെത്തിയിട്ടും സര്‍ക്കാരിന് അനക്കമില്ല. പതിനായിരക്കണക്കിന് കൃഷിക്കാര്‍ക്ക് പണം തിരിച്ചടവിനായുള്ള ബാങ്ക് നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ജപ്തിനോട്ടീസുകള്‍ പ്രവഹിക്കുന്നു. ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. വയനാട്ടില്‍ മരിച്ച കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുപോലും കഴിഞ്ഞിട്ടില്ല. സംഭരണം സര്‍ക്കാരിന്റെ അജന്‍ഡയല്ല. നെല്‍ക്കൃഷിക്കാര്‍ക്ക് നെല്ല് എവിടെ കൊടുക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നാളികേര കര്‍ഷകര്‍ ദുരിതത്തിലാണ്. വന്‍കിട ടയര്‍കമ്പനികള്‍ ആഫ്രിക്കയിലും മറ്റും ഭൂമി സമ്പാദിച്ച് വന്‍തോതില്‍ റബര്‍കൃഷി തുടങ്ങുന്നു. റബര്‍ കര്‍ഷകരുടെ ഭാവിയില്‍ ആശങ്കയുടെ കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആയിരക്കണക്കിന് കൈവശ കൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. റവന്യൂ ഭൂമി പ്രോജക്ടിനുവേണ്ടി നീക്കിവച്ചതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി, മിച്ചഭൂമി തുടങ്ങിയ വിവിധയിനം ഭൂമിയാണ് കൃഷിക്കാരുടെ കൈവശമുള്ളത്. ഭൂപരിഷ്കരണനിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തയ്യാറാകാത്ത സ്ഥിതി തുടരുന്നു. കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ അധികാരികള്‍ മനഃപൂര്‍വം അനാസ്ഥ കാട്ടുന്നു. വൈദ്യുതിചാര്‍ജ് വര്‍ധനയും മണ്ണെണ്ണക്വാട്ട വെട്ടിക്കുറച്ചതും ജലസേചനത്തിന്റെ അഭാവവും കേരളത്തിലെ കാര്‍ഷികദുരിതം ഇരട്ടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ജലസേചന പദ്ധതിയും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല- അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുമില്ല. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കേന്ദ്ര- കേരള സര്‍ക്കാരുകളുടെ നയസമീപനങ്ങള്‍ തിരുത്തിക്കേണ്ടതുണ്ട്.

ദുരന്തമേഖലകളിലെ ചെറുകിട കൃഷിക്കാരുടെ എല്ലാ തരത്തിലുമുള്ള കടങ്ങളും എഴുതിത്തള്ളേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭാധിഷ്ഠിതമായ തറവില നിശ്ചയിക്കണം. കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പാക്കണം. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്ത കടങ്ങള്‍ എഴുതിത്തള്ളാന്‍ തുക അനുവദിക്കണം. ആയിരക്കണക്കിന് കൈവശക്കൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. മിച്ചഭൂമിയായി പ്രഖ്യാപിച്ച ആയിരക്കണക്കിന് ഏക്കര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് കര്‍ഷകര്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. ഈ ഒരു സമരം കൊണ്ട് സര്‍ക്കാര്‍ നയം മാറ്റുമെന്നോ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നോ കരുതാനാകില്ല. വളരുന്ന കര്‍ഷകരോഷത്തിന്റെ തുടക്കമെന്ന നിലയില്‍ ഈ സമരത്തെ കാണേണ്ടതുണ്ട്. ഈ സമരം കൂടുതല്‍ കരുത്തോടെ രാജ്യമൊട്ടാകെ വളര്‍ന്നുവരേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ടവരാണ് സമരത്തില്‍ പങ്കെടുത്തതെങ്കിലും സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ സമരത്തിന് പിന്തുണയറിയിക്കാന്‍ ഒഴുകിയെത്തി. ആവേശകരമായ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് വിവിധ ജനസമൂഹങ്ങളില്‍നിന്ന് കര്‍ഷക സമരത്തിനു ലഭിച്ചത്. എന്നാല്‍, നിയമത്തിന്റെ ആയുധം വീശി സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമരത്തെ സര്‍ക്കാര്‍ അനുവാദമില്ലാത്ത നിയമവിരുദ്ധ കൂടിച്ചേരലായി ചിത്രീകരിച്ച് കേസുകളെടുത്തു. പൊലീസിനെ വിട്ട് സമരവളന്റിയര്‍മാരെ ഭീഷണിപ്പെടുത്തി. അങ്ങനെയുള്ള അടിച്ചമര്‍ത്തല്‍ ശ്രമങ്ങളാകെ തൃണവല്‍ഗണിച്ചാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം സമരം വമ്പിച്ച വിജയമായത്. ഈ കര്‍ഷകവികാരം സര്‍ക്കാരുകള്‍ കണ്ടില്ലെങ്കില്‍, കൂടുതല്‍ രൂക്ഷമായ പ്രക്ഷോഭത്തിനാകും ഇനിയുള്ള നാളുകളില്‍ ഈ നാട് വേദിയാകുക എന്നുകൂടിയാണ് പഞ്ചദിനസമരത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 28 ഏപ്രില്‍ 2012

ശത്രുപട്ടികയില്‍ ഇന്റര്‍നെറ്റ്

ഇന്ത്യയില്‍ 12.1 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയാഗിക്കുന്നുണ്ട് എന്നാണ് 2011 അവസാനം വന്ന കണക്ക്. അതില്‍ 9.7 കോടിപേര്‍ മാസത്തില്‍ ഒരുതവണയെങ്കിലും "നെറ്റി"ല്‍ കടക്കുന്നവരാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ് എന്ന് മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. മൂന്നിലൊന്ന് ഉപയോക്താക്കള്‍ 15-24 പ്രായപരിധിയിലുള്ളവരാണ്. അതിനര്‍ഥം പുതിയ തലമുറയോട് ഫലപ്രദമായി സംവദിക്കാനുള്ള ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റ് അതിവേഗം വളരുന്നു എന്നാണ്. ഇങ്ങനെയൊരു മാധ്യമത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും ആ വളര്‍ച്ചയുടെ ഫലമായി സൃഷ്ടിക്കപ്പെടാവുന്ന പ്രശ്നങ്ങളും സ്വാഭാവികമായും ഭരണാധികാരികള്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. അത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.

അപരിമിതമായ ആത്മപ്രകാശന സ്വാതന്ത്ര്യമാണ് ഇന്റര്‍നെറ്റിന്റെ സവിശേഷത. വിലക്കുകളില്ലാതെ ആര്‍ക്കും സ്വന്തം ആശയങ്ങളും സര്‍ഗസൃഷ്ടികളും പ്രചരിപ്പിക്കാം. അച്ചടിയിലൂടെയും പിന്നീട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുംമാത്രം പ്രകാശിതമായ രചനകളും ഇടപെടലുകളും വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതെ ഇന്റര്‍നെറ്റിലൂടെ ലോകവ്യാപകമായി എത്തിക്കാമെന്ന അവസ്ഥ ആശയപ്രചാരണരംഗത്തെ വമ്പിച്ചരീതിയിലുള്ള ജനാധിപത്യവല്‍ക്കരണത്തിന്റെ വാതില്‍കൂടിയാണ് തുറന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റ് രാഷ്ട്രീയ ചര്‍ച്ചയുടെയും പ്രചാരണത്തിന്റെയും വേദിയാണ്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയനിലപാടുകളും പരസ്യമായി വിചാരണ ചെയ്യപ്പെടുകയും അത് അഭിപ്രായരൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന നിലവന്നു. "വിക്കിലീക്സ്" അമേരിക്കയുടെ രഹസ്യക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞു. സാമ്രാജ്യത്വം ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ത് എന്നാണ്, ഇന്റനെറ്റിന്റെ അപാരമായ സാധ്യതകളുപയോഗിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. ഇന്റര്‍നെറ്റ് കമ്പനികളെ ഉപയോഗപ്പെടുത്തി വിക്കിലീക്സിനെ തകര്‍ക്കാനാണ് അമേരിക്കന്‍ ഭരണകൂടം ആദ്യശ്രമം നടത്തിയത്. അത്തരം വിലക്കുകളെ അതിജീവിക്കാനുള്ള കൂട്ടായ സംരംഭങ്ങള്‍ അതിവേഗം വളര്‍ന്നുപൊങ്ങി. വിക്കിലീക്സ് തുടര്‍ന്നും ലോകത്തോട് സംവദിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരായി ഒറ്റപ്പെട്ടതോതില്‍ ഉയര്‍ന്ന ശബ്ദത്തെ കനപ്പെടുത്തുന്നതില്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടു.

അങ്ങനെ ആനുകൂല്യങ്ങള്‍ മാത്രമല്ല, തിരിച്ചടിയും നേരിടേണ്ടിവന്നപ്പോഴാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യപ്പെടണം എന്ന വികാരം ഭരണാധികാരികളില്‍ രൂഢമൂലമായത്. അമേരിക്കയില്‍ അത് ആദ്യം തുടങ്ങി. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തെ അരിഞ്ഞുവീഴ്ത്താന്‍ നടത്തുന്ന പടപ്പുറപ്പാട്. ഐടി ആക്ട് 2000 ആണ് ഈ രംഗത്ത് ഇന്ത്യയില്‍ ആദ്യം വന്ന നടപടി. 2008 ഡിസംബര്‍ 23ന് ഐടി അമെന്റ്മെന്റ് ആക്ട് (2008) കൊണ്ടുവന്നതോടെ അധികാരികള്‍ക്ക് വലിയതോതിലുള്ള ദുഃസ്വാതന്ത്ര്യം ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിനിയോഗംപോലും കുറ്റകൃത്യമായി വ്യാഖ്യാനിച്ച് നടപടിയെടുക്കാവുന്ന ഭേദഗതിയാണ് അതെന്ന് പരക്കെ വിമര്‍ശമുയര്‍ന്നു. അതുംപോര കൂടുതല്‍ നിയന്ത്രണം വേണം എന്നാണ് യുപിഎ സര്‍ക്കാരിന്റെ നിലപാട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തിയ പരസ്യനീക്കങ്ങള്‍ അതാണ് തെളിയിച്ചത്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ "ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് റൂള്‍സ്" വിജ്ഞാപനമായി ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ കപില്‍സിബലിന്റെ വാക്കാല്‍ഭീഷണിക്ക് നിയമസാധുത നല്‍കിയത്. ഇതനുസരിച്ച് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ് കമ്പനികളും "ഇന്റര്‍മീഡിയറി"കള്‍ അഥവാ മധ്യവര്‍ത്തികള്‍ എന്ന ഗണത്തില്‍ വരുന്നു. തങ്ങളുടെ സൈറ്റുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രത്യക്ഷപ്പെടുന്ന വിവരങ്ങളെക്കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ 36 മണിക്കൂറിനുള്ളില്‍ ആ പേജ് നീക്കം ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് മധ്യവര്‍ത്തികള്‍ക്കുള്ള വ്യവസ്ഥ. ആര്‍ക്കും ഏതിനെതിരെയും പരാതി നല്‍കാം. ശിക്ഷ ഭയന്ന് മധ്യവര്‍ത്തികള്‍ ഉള്ളടക്കം നീക്കംചെയ്യാന്‍ നിര്‍ബന്ധിതരാകും. അക്ഷരാര്‍ഥത്തില്‍ ഇന്റര്‍നെറ്റില്‍ ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പാണിത്.

ഇന്റര്‍നെറ്റ് നിരവധി അപകടങ്ങളുടെ വാതിലുകളും തുറന്നിടുന്നുവെന്നത് നേരാണ്. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണംമുതല്‍ ലൈംഗിക അരാജകത്വപ്രചാരണംവരെ ഇന്റര്‍നെറ്റിന്റെ അപകടസാധ്യതകളാണ്. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനുള്ള മാധ്യമവുമാണ് ഇന്റര്‍നെറ്റ്. അത്തരം കുഴപ്പങ്ങളെ നേരിടേണ്ടതുതന്നെ. അപകീര്‍ത്തിപ്പെടുത്തലുകളെയും തെറ്റിദ്ധരിപ്പിക്കലുകളെയും കര്‍ക്കശമായി കൈകാര്യം ചെയ്യേണ്ടതുതന്നെ. അതിലുള്ള കാര്‍ക്കശ്യത്തെയോ നിയമനിര്‍മാണത്തെയോ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അത്തരം കുഴപ്പങ്ങളുടെ കള്ളിയില്‍പ്പെടുത്തി ആരെയും കുരുക്കാനുള്ള ഒന്നായി ഉപയോഗിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്മേലുള്ള ചാട്ടവാറാണത്. ആ ചട്ടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം പി രാജീവ് എംപി രാജ്യസഭയുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്.

രചയിതാവിന് വിശദീകരണം നല്‍കാനുള്ള അവസരംപോലും നല്‍കാതെ രചനകള്‍ നിരോധിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയില്‍ "അഴിമതിരാജ്" ആയപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ അതിന്റെ പരിഹാസ്യത വസ്തുകതകള്‍ സഹിതം ജനങ്ങളിലെത്തി. രാജ്യത്താകെ അഴിമതിവിരുദ്ധ വികാരം ശക്തിപ്പെടാന്‍ ആ പ്രചാരണം കാരണമായി. ഭരണത്തെ നിയന്ത്രിക്കുന്നവരുടെ പരിഹാസ്യമായ അഴിമതിക്കഥകള്‍ അങ്ങനെ പ്രചരിക്കുന്നതില്‍ കലിപൂണ്ടാണ് പുതിയ ചട്ടങ്ങളും കൊണ്ടിറങ്ങിയത്. അവ്യക്തവും ദുര്‍വ്യാഖ്യാനത്തിന് സാധ്യത തുറന്നിടുന്നതുമായ ചട്ടങ്ങള്‍ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. രാജ്യസഭയുടെ ശ്രദ്ധയില്‍വരുന്ന പ്രമേയം അതുകൊണ്ടുതന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കേണ്ടതും ചര്‍ച്ചചെയ്ത് പാസാക്കേണ്ടതുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 28 ഏപ്രില്‍ 2012

നിയമവ്യവസ്ഥയെ ദുര്‍ബലമാക്കുമ്പോള്‍

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി അത് വികസിക്കുകയും സുശക്തമാവുകയുംചെയ്തു. നിയമത്തിന് കണ്ണില്ല എന്നാണ് പ്രമാണം. എല്ലാവര്‍ക്കും തുല്യനീതിയെന്നതാണതിന്റെ തത്വം. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ്. നിയമവാഴ്ചയ്ക്ക് ഏവരും വിധേയമാകണമെന്നാണ് അത് വിവക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് നിയമവ്യവസ്ഥ ഈ സമത്വ സങ്കല്‍പ്പത്തെ അംഗീകരിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യത്തിലെ മൂപ്പിളമ നോക്കിയായിരുന്നു ശിക്ഷാവിധികളും. കീഴ്ജാതിക്കാര്‍ക്ക് കഠിനശിക്ഷകളും ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവര്‍ക്ക് ഉദാരമായ ഇളവുകളും ജാതിയില്‍ ശ്രേഷ്ഠരായവര്‍ക്ക് നിയമവ്യവസ്ഥയെ മാനിക്കേണ്ടതില്ല എന്നതുമായിരുന്നു പ്രാചീന നിയമ സംവിധാനത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം. അതിനെ നിരാകരിച്ചാണ് തുല്യ പരിരക്ഷയും ശിക്ഷാവിധിയില്‍ തുല്യതയും നിഷ്കര്‍ഷിക്കുന്ന നിയമവ്യവസ്ഥ രൂപപ്പെട്ടത്. ദൗര്‍ബല്യങ്ങള്‍ പലതുണ്ടെങ്കിലും ഇന്ത്യന്‍ നിയമസംവിധാനം അതിന്റെ ബാഹ്യഘടനയിലെങ്കിലും സമത്വത്തെ ഉദ്ഘോഷിക്കുന്നു.

എന്നാല്‍, അതിന്റെ ചൈതന്യം തകര്‍ത്ത് അസ്തിവാരംവരെ തോണ്ടുന്ന അപഭ്രംശങ്ങളാണ് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍നിന്ന് ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ അരങ്ങേറിയത്. കേരളത്തിന്റെ കടല്‍ത്തീരത്ത് മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അവരെ വെടിവച്ചുകൊല്ലാനിടയായ സാഹചര്യമെന്തെന്ന് നാളിതുവരെ കണ്ടെത്താന്‍ കേരള പൊലീസിന് സാധിച്ചിട്ടില്ല. എന്‍റിക്കാ ലെക്സിയെന്ന കപ്പല്‍ ഇന്ത്യന്‍തീരത്ത് എത്തിക്കുന്നതിലും രണ്ട് ഇറ്റാലിയന്‍ നാവികരെ ജയിലിലടയ്ക്കുന്നതിനും നമ്മുടെ നിയമവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും സാധിച്ചുവെന്നത് നേട്ടമാണ്. അതുതന്നെ നടന്നത് പിറവം തെരഞ്ഞെടുപ്പ് നേരിടാന്‍ ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അത്രയെങ്കിലും ചെയ്യാതെ തരമില്ലാത്തതിനാലാണ്. പിറവം കഴിഞ്ഞപ്പോള്‍ യുഡിഎഫിനും മന്ത്രിസഭയ്ക്കും ഉണ്ടായ നിറവ്യത്യാസം കേരളീയര്‍ ഇപ്പോള്‍ ശരിക്കും അറിയുന്നുണ്ട്.

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഏപ്രില്‍ 23നാണ് ഇത്തരമൊരു ഹര്‍ജി വന്നതെങ്കിലും ഇതിനെ ശരിവയ്ക്കുന്നവിധം ദിവസങ്ങള്‍ക്കുമുമ്പേ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ നിലപാട് സ്വീകരിക്കുകയുണ്ടായി. കപ്പല്‍ വിട്ടുകൊടുക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട കേസിലാണ് കപ്പല്‍ മാത്രമല്ല, കുറ്റവാളികളായ നാവികരെക്കൂടി വിട്ടുകൊടുക്കാന്‍ തങ്ങള്‍ അനുകൂലമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യാക്കാരായ രണ്ട് പൗരന്മാരുടെ ജീവനാണ് പൊലിഞ്ഞതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് ആവര്‍ത്തിച്ചു. ഇതേ കേസില്‍ കേരളത്തിനുവേണ്ടി ഹാജരായി ശരിയായ നിലപാട് സ്വീകരിച്ചുവന്ന അഭിഭാഷകനെ മാറ്റി പകരം നിയോഗിക്കപ്പെട്ട കെ എം മാണിയുടെ സ്വന്തം അഭിഭാഷകനാകട്ടെ ഒന്നും മറുത്തുപറഞ്ഞുമില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഭിഭാഷകര്‍ ഇക്കാര്യത്തില്‍ ഒരേ നിലപാടിലായിരുന്നു. റാവലിനെ കേസിന്റെ ചുമതലയില്‍നിന്ന് നീക്കിയെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കൂറുമാറി വാദം നടത്തിയ റാവലിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുക എന്നതാണ് ന്യായമായും ചെയ്യേണ്ടിയിരുന്നത്. മൗനിയായി മാറിയ കേരളത്തിന്റെ അഭിഭാഷകനെത്തന്നെ അന്നേദിവസം അയക്കാനിടയായവിധം ഇടപെടല്‍ നടത്തിയ കെ എം മാണിക്കെതിരെ നടപടി എടുക്കുമോ എന്നതിനാണ് മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടത്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കളോടൊപ്പം ഉല്ലാസവാന്മാരായി കഴിയുന്ന കൊലയാളികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി. ജയില്‍വാസം സുഖവാസമാക്കാന്‍ ഇടയാകുംവിധം കൊലയാളികള്‍ക്ക് ലഭിക്കുന്ന മുന്തിയ പരിചരണം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി അതത് സംസ്ഥാനത്തെ ഹൈക്കോടതിയിലാണ് സാധാരണഗതിയില്‍ സമര്‍പ്പിക്കുക. ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം കേരള ഹൈക്കോടതി മറ്റുപല കേസിലും അത് കൈകാര്യംചെയ്ത അനുഭവങ്ങളുണ്ട്. ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ മേല്‍ക്കോടതിയായ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുമാകും. ഇവിടെ ഇത്തരമൊരു ഹര്‍ജി കേരള ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയില്‍ എത്തുന്നു. ആ ഹര്‍ജിയിലെ ആവശ്യങ്ങളോട് ഒത്തുചേരുന്ന വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍തന്നെ ദിവസങ്ങള്‍ക്കുമുമ്പ് കോടതിയില്‍ പറയുന്നു. കേന്ദ്ര-കേരള നിയമവകുപ്പുകള്‍ ഒത്തുകളിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ പലരുടെയും പ്രസ്താവനകള്‍ വരുന്നുണ്ടെങ്കിലും ഇതൊന്നും കോടതിയിലെത്തുന്നില്ല എന്നതാണ് സത്യം. എഫ്ഐആര്‍ സുപ്രീംകോടതി റദ്ദാക്കിയാല്‍ ഇറ്റാലിയന്‍ നാവികര്‍ ഉടന്‍ ജയില്‍മോചിതരാകും. വിചാരണ കൂടാതെ നാവികരെ രക്ഷിച്ചെടുക്കാന്‍ ഇറ്റലി നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ ഈ വഴിക്കാണ്.

വെടിവയ്പ് നടന്നത് എവിടെ എന്നതാണ് മുഖ്യചോദ്യം. അതിന് തെളിവെടുപ്പ് ആവശ്യമില്ലേ? വിചാരണ വേണ്ടേ? ഇറ്റാലിയന്‍ കപ്പലിന്റെ സ്ഥാനം, ഇന്ത്യന്‍ മത്സ്യബോട്ടിന്റെ സ്ഥാനം, വെടിവയ്പിന്റെ ദിശ ഇതെല്ലാം പ്രധാനമാണ്. സാക്ഷിമൊഴികളും കപ്പലിന്റെ സഞ്ചാരമാര്‍ഗങ്ങള്‍ സംബന്ധിച്ച സാങ്കേതികമായ തെളിവുകളും പരിശോധിച്ച് വിചാരണക്കോടതിക്കുമാത്രം തീരുമാനിക്കാവുന്ന ഒരു സംഗതിയാണിത്. ഇന്ത്യന്‍ കടലതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകമെന്ന് തെളിയിക്കാനായാല്‍മാത്രമേ ഇന്ത്യന്‍ നിയമപ്രകാരം കുറ്റക്കാരനായി കണ്ടെത്താനാകൂ. അതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കേരള പൊലീസ് എത്ര ജാഗ്രത കാട്ടുന്നുവെന്നതാണ് കേസിലെ കാതലായ കാര്യം. ഇപ്പോള്‍ കസ്റ്റഡിയിലായ നാവികരുടെ കൈവശത്തിലും ഉപയോഗത്തിലുമിരുന്ന തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിയേറ്റെന്നുകൂടി തെളിയിക്കാനായാലേ അന്വേഷണ ഏജന്‍സിയുടെ ചുമതല പൂര്‍ത്തിയാകുകയുള്ളൂ. അതിനുസൃതമായ തെളിവുകള്‍ എത്രത്തോളം സമാഹരിക്കപ്പെട്ടുവെന്നതൊന്നും പൊതുജനങ്ങളുടെ അറിവിലില്ല. ഇത്തരത്തില്‍ ഗൗരവമായ തെളിവ് ശേഖരണവും സമര്‍പ്പണവും ആവശ്യമായ ഒരു കേസിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കുന്നതുപോലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പെരുമാറിയത്. അതിന്റെ ആഘാതം കുറച്ചൊന്നുമല്ല.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ സിവില്‍ കേസ് ഒത്തുതീര്‍പ്പായതുകൊണ്ട് കൊലക്കേസ് ഇല്ലാതാവുന്നില്ല. കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരാണ് വാദി. സമൂഹത്തിനെതിരായ കുറ്റകൃത്യമാണത്. അത് ഒത്തുതീര്‍പ്പാക്കാനാകില്ല. വിചാരണ നടന്നേ മതിയാകൂ. ഇറ്റലിക്ക് ഇന്ത്യന്‍ ഭരണകൂടത്തിലുള്ള സ്വാധീനം ബൊഫോഴ്സ് കേസുമുതല്‍ എത്രയോ തവണ തെളിഞ്ഞതാണ്. ഈ കേസിലും അതാവര്‍ത്തിച്ചിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ കടലിന്റെ മക്കളാണ്. ഇന്ത്യയുടെ പൗരന്മാരാണ്. അവര്‍ക്ക് നമ്മുടെ മണ്ണില്‍ നീതികിട്ടണം. കൊലയാളികളെ നമ്മുടെ നിയമവ്യവസ്ഥയ്ക്കനുസൃതമായി വിചാരണ നടത്തിയേ മതിയാകൂ. കുറുക്കുവഴി തേടി ഇറ്റലിയുടെ ദൗത്യം പുരോഗമിക്കുമ്പോള്‍ ഒറ്റുകാര്‍ നമ്മുടെ നാട്ടിലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, ഇന്ത്യന്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ അനുവദിക്കരുത്.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 27 ഏപ്രില്‍ 2012

Friday, April 27, 2012

മാധ്യമ നുണയും വളച്ചൊടിക്കലും

സിപിഐ എം ഇരുപതാം കോണ്‍ഗ്രസിനെക്കുറിച്ച് വിവിധ വിഭാഗം കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലുകളുടെയും അര്‍ധസത്യങ്ങളുടെയും നുണകളുടെയും പ്രവാഹമായിരുന്നു. യുപിഎ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ 2008 ജൂലൈയില്‍ പിന്‍വലിച്ചശേഷം പാര്‍ടിക്കെതിരായി വന്‍കിട ബിസിനസ് മാധ്യങ്ങളില്‍ ഒരുവിഭാഗം സ്ഥിരമായി വിദ്വേഷപ്രചാരണം നടത്തുകയാണ്. പശ്ചിമബംഗാളിലെയും കേരളത്തിലെയും പരമ്പരാഗത കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളാണ് ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുള്ളത്.
സിപിഐ എം ഇരുപതാം കോണ്‍ഗ്രസിലേക്ക് നീങ്ങവെ ആനന്ദ്ബസാര്‍ പത്രിക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബംഗാളിലെ ഒരുവിഭാഗം മാധ്യമങ്ങള്‍, ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ടിയുടെ കേന്ദ്രനേതൃത്വവുമായി അതൃപ്തിയിലാണെന്നും അതുകൊണ്ട് അദ്ദേഹം പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ- കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചുവരികയാണെന്നും പ്രചരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയില്‍നിന്നും പൊളിറ്റ് ബ്യൂറോയില്‍നിന്നും തന്നെ ഒഴിവാക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യ അഭ്യര്‍ഥിച്ചതായും ഇക്കാര്യം കാണിച്ച് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചതായും പാര്‍ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം കേരളത്തിലെയും ബംഗാളിലെയും അച്ചടി- ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ച് അദ്ദേഹം ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ "ഉള്ളടക്കംപോലും" ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുതിയ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ബുദ്ധദേവ് ഉണ്ടായിരിക്കില്ലെന്ന ഊഹാപോഹങ്ങള്‍ അടക്കം നിലനിന്നു. പാര്‍ടിനേതൃത്വത്തില്‍ ആഴമേറിയ ഭിന്നതകളുണ്ടെന്ന് ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പ്രചാരണങ്ങള്‍.

പാര്‍ടിയുടെ നയപരവും അടവുപരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരമോന്നത സമിതിയാണ് കോണ്‍ഗ്രസ്. വ്യത്യസ്ത മേഖലകളില്‍ പാര്‍ടിയുടെ പങ്കും പ്രവര്‍ത്തനവും സംബന്ധിച്ച് വിമര്‍ശനാത്മകമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാധ്യമങ്ങള്‍പ്രസിദ്ധീകരിക്കുമെന്ന് പൊതുവെ കരുതുന്നു. പക്ഷേ, ഇവിടെ കണ്ടത് ആസൂത്രിതമായി വിവരങ്ങള്‍ വളച്ചൊടിക്കാനും സത്യമെന്ന പേരില്‍ നുണകള്‍ അവതരിപ്പിക്കാനും ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭാവനാവിലാസങ്ങളെ ആധികാരിക റിപ്പോര്‍ട്ടുകളായി പ്രസിദ്ധീകരിക്കാനുമുള്ള ശ്രമങ്ങളാണ്. വസ്തുതകള്‍ അവതരിപ്പിക്കുക, ഇവയുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തുക എന്നിങ്ങനെ പത്രധര്‍മത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍പോലും പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. ഇതിന്റെ അങ്ങേയറ്റം പ്രകടമായ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.

ആനന്ദ് ബസാര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ മികച്ചുനിന്നു. പാര്‍ടി കോണ്‍ഗ്രസ് നടപടിക്രമങ്ങളെക്കുറിച്ച് രണ്ട് ഒന്നാം പേജ് റിപ്പോര്‍ട്ടുകള്‍ ഏപ്രില്‍ ഒമ്പതിന്, ഒറ്റദിവസം ഈ പത്രം പ്രസിദ്ധീകരിച്ചു. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രരേഖയ്ക്കുമേല്‍ നടന്ന വോട്ടെടുപ്പ് സംബന്ധിച്ചായിരുന്നു ഇതില്‍ ഒന്ന്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന രണ്ടു പ്രതിനിധികളുടെ പേര് ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. ഈ രണ്ടു പേരും തെറ്റായിരുന്നു. 727 പ്രതിനിധികളില്‍ ഒരാള്‍ പ്രമേയത്തെ എതിര്‍ത്തതായും മൂന്നുപേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതായും അന്നേദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇത്തരം വോട്ടെടുപ്പ് അസാധാരണമോ അപ്രതീക്ഷിതമോ അല്ല. സിപിഐ എം കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും തീരുമാനം എടുക്കേണ്ട കാര്യങ്ങളില്‍ വോട്ടവകാശം രേഖപ്പെടുത്താനും അവകാശമുണ്ട്. രാഷ്ട്രീയപ്രമേയത്തിന്റെ കാര്യത്തിലും രണ്ടു പ്രതിനിധികള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും രണ്ടു പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. പക്ഷേ, ടെലിഗ്രാഫും ഇന്ത്യന്‍ എക്സ്പ്രസും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഇതിനെ പാര്‍ടിയിലെ രണ്ടു നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.

പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ പ്രതിനിധാനംചെയ്യുന്നത് ഏതെങ്കിലും ഒരു നേതാവിന്റെ വീക്ഷണമല്ല, മറിച്ച് കേന്ദ്രകമ്മിറ്റിയുടെ കാഴ്ചപ്പാടാണെന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും അറിയാവുന്നതാണ്. കരട് രാഷ്ട്രീയ പ്രമേയമായാലും കരട് പ്രത്യയശാസ്ത്ര രേഖയായാലും അതെല്ലാം ചര്‍ച്ചകളുടെയും കേന്ദ്രകമ്മിറ്റിയില്‍ എത്തിച്ചേരുന്ന പൊതുധാരണകളുടെയും ഉല്‍പ്പന്നങ്ങളാണ്. പാര്‍ടി കോണ്‍ഗ്രസില്‍ എന്തെങ്കിലും ഭിന്നത കണ്ടെത്താന്‍ കഴിയാതെ ഒരു വിഭാഗം മാധ്യങ്ങള്‍ ഇത്തരത്തില്‍ ഭിന്നതകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചു.

ടെലിഗ്രാഫ് ഒന്നാംപേജില്‍ പ്രാധാന്യത്തോടെ നല്‍കിയ മറ്റൊരു വാര്‍ത്ത "സാമ്പത്തികശാസ്ത്രജ്ഞന്‍ വിട്ടുപോകുന്നു" എന്നതായിരുന്നു. ആറു ദിവസത്തെ പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയായശേഷം ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്ന പ്രഭാത് പട്നായിക് നാലാംനാളില്‍ രോഷാകുലനായി മടങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്. ഒരു പ്രതിനിധി പട്നായിക്കിനെ വിമര്‍ശിച്ചെന്നും നേതൃത്വത്തിന്റെ നിലപാടില്‍ അദ്ദേഹം നിരാശനാണെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിച്ചു. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും കെട്ടിച്ചമച്ചതാണ്, ഒന്നാമത്തെ വാര്‍ത്ത എഴുതിയ ലേഖകന്‍തന്നെയാണ് ഇതിന്റെയും സ്രഷ്ടാവ്. കുടുംബാംഗങ്ങളില്‍ ഒരാള്‍ രോഗബാധിതനായി കഴിയുന്നതിനാല്‍ പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് നേരത്തെ മടങ്ങാന്‍ കോണ്‍ഗ്രസ് തുടങ്ങുംമുമ്പേ താന്‍ ജനറല്‍ സെക്രട്ടറിയില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരുന്നതായി പട്നായിക്കിന് കത്തുവഴി പത്രാധിപരെ അറിയിക്കേണ്ട അവസ്ഥ ഉണ്ടായി.

മിത്തുകളുടെ സൃഷ്ടിയില്‍ മലയാള മനോരമയും പിന്നോട്ട് പോയില്ല. പാര്‍ടി കോണ്‍ഗ്രസിനുശേഷം മനോരമ പ്രസിദ്ധീകരിച്ച ആറുകോളം തലക്കെട്ട് വാര്‍ത്തയില്‍, കോണ്‍ഗ്രസ് തെരഞ്ഞെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ പട്ടികയില്‍ ഒരു മുതിര്‍ന്ന അംഗത്തിന്റെ പേര് എങ്ങനെ താഴേക്കുവന്നുവെന്ന് വിശദീകരിച്ചു. പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനം രണ്ടാമത് വരുന്നതിനു പകരം മൂന്നാമതാക്കിയെന്നാണ് പത്രം കണ്ടെത്തിയത്. കീഴ്വഴക്കമനുസരിച്ച് പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നത്, ഓരോരുത്തരും പിബിയില്‍ പ്രവേശിച്ചതിന്റെയോ പാര്‍ടി അംഗത്വം ലഭിച്ചതിന്റെയോ സീനിയോറിറ്റി അനുസരിച്ചാണ്. മുന്‍കോണ്‍ഗ്രസിന്റെ അതേ ക്രമത്തില്‍ത്തന്നെയാണ് ഇത്തവണയും പേരുകള്‍ വന്നത്. പാര്‍ടിയില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കാന്‍ മനോരമ കാട്ടിയ കടുംകൈ ആണ് ഈ റിപ്പോര്‍ട്ട്.

പാര്‍ടിയുടെ രാഷ്ട്രീയവും അടവുപരവുമായ നിലപാട് കൈക്കൊള്ളുന്നതിലും പൊതുവായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്‍ എത്തുന്നതിലും ഭാവിപ്രവര്‍ത്തനത്തിനുള്ള പരിപാടിക്ക് ദിശാബോധം നല്‍കുന്നതിലും തികഞ്ഞ ഐക്യവും ലക്ഷ്യബോധവുമാണ് ഇരുപതാം കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ വിജയം അംഗീകരിക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങളില്‍ പലര്‍ക്കും കഴിയുന്നില്ലെന്നാണ് വ്യക്തമാകുന്നത്. സിപിഐ എമ്മിനെക്കുറിച്ച് അവര്‍ എന്ത് കാഴ്ചപ്പാട് പുലര്‍ത്തിയാലും പത്രധര്‍മത്തിന്റെ അടിസ്ഥാനശിലകളെന്നത് ഒരു പരിധിവരെ വസ്തുനിഷ്ഠതയും സത്യം വെളിപ്പെടുത്തലുമാണെന്ന് അംഗീകരിക്കണം.

*
ദേശാഭിമാനി 27 ഏപ്രില്‍ 2012

ചരിത്രം തുറന്ന് ബൊഫോഴ്സ്

കാല്‍നൂറ്റാണ്ടുമുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ബൊഫോഴ്സ് ഇടപാടില്‍ അനേകകോടികളുടെ കൈക്കോഴയുണ്ടായിരുന്നുവെന്നത് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നൂറ്റിനാല്‍പ്പതുകോടി ഡോളറിന്റെ ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളുകളോ കോഴയോ കമീഷന്‍പോലുമോ ഇല്ല എന്നതായിരുന്നു എന്നും കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നിലപാട്. ആ നിലപാട് അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ അതുവരെക്കണ്ട പ്രതിരോധ കുംഭകോണങ്ങളില്‍വച്ച് ഏറ്റവും വലുത് അതാണെന്നുമായിരുന്നു അന്നും പിന്നീടും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതിപക്ഷം പറഞ്ഞതായിരുന്നു ശരിയെന്നും കേവലം ആരോപണമല്ല, തെളിവുള്ള കുംഭകോണംതന്നെയായിരുന്നു അത് എന്നും ഒരിക്കല്‍ക്കൂടി തെളിയുകയാണ്. ഇതിനൊപ്പം തെളിയുന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി കുംഭകോണക്കേസിലെ മുഖ്യപ്രതിയായ ഒക്ടോവിയോ ക്വത്റോച്ചിയെ രക്ഷപ്പെടുത്തി അയക്കാന്‍ ഇടപെട്ടിരുന്നുവെന്ന കാര്യംകൂടിയാണ്.

ബൊഫോഴ്സ് കുംഭകോണം ഉയര്‍ന്നുവന്ന എണ്‍പതുകളുടെ മധ്യത്തില്‍ സ്വീഡിഷ് പൊലീസ് മേധാവിയായിരുന്ന സ്റ്റെന്‍ ലിന്‍ഡ്സ്ട്രോമിന്റെ വാക്കുകളാണ് ക്വത്റോച്ചിയെ രാജീവ്ഗാന്ധി രക്ഷിച്ചു എന്ന് സ്ഥിരീകരിക്കുന്നത്. സ്വീഡിഷ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ പൊലീസ് മേധാവി നടത്തിയ ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ പുതിയ കാര്യമായി ആര്‍ക്കും തോന്നില്ല. കാരണം രാജീവ്ഗാന്ധിയുടെ വസതിയില്‍ നിത്യസന്ദര്‍ശകനായിരുന്ന, സോണിയ ഗാന്ധിയുടെ സുഹൃത്തുകൂടിയായ ക്വത്റോച്ചിയുടെ മരവിപ്പിച്ച ബാങ്കുനിക്ഷേപം തുറന്നുകൊടുത്തതും അയാള്‍ക്ക് ഇവിടെനിന്ന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിക്കൊടുത്തതും അയാള്‍ക്കെതിരായ കേസ് ഇല്ലായ്മചെയ്യാന്‍ താല്‍പ്പര്യമെടുത്തതുമെല്ലാം സോണിയാകുടുംബമാണെന്നത് അതതു ഘട്ടങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ വ്യക്തമായിരുന്ന കാര്യങ്ങളാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. അടച്ചുപൂട്ടിവച്ച കേസ് തുറക്കേണ്ടതുണ്ട്. കാരണം രാജ്യരക്ഷയെവരെ ബാധിക്കുന്ന തരത്തിലുള്ളതും ഖജനാവിനു കോടികള്‍ നഷ്ടപ്പെടുത്തിയതുമായ പ്രതിരോധ കുംഭകോണമായിരുന്നു അത്.കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. രാജീവ്ഗാന്ധി ഇന്നില്ല എന്നതുകൊണ്ട് കേസ് പുനരാരംഭിക്കാതിരിക്കേണ്ട കാര്യമില്ല. ഇറ്റലിക്കാരനായ ക്വത്റോച്ചി എങ്ങനെ ആയുധ ഇടപാടിലെ ദല്ലാളായി, ആരൊക്കെ കമീഷന്‍ പറ്റി, ആരൊക്കെ തെളിവുനശിപ്പിക്കാനിടപെട്ടു തുടങ്ങി ഏറെ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. 1,76,643 കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെയും മറ്റും പുതിയ പശ്ചാത്തലത്തില്‍ 640 കോടി രൂപയുടെ അഴിമതി നടന്ന ബൊഫോഴ്സ് ഇടപാട് ചിലര്‍ക്ക് വലിയ കാര്യമായി തോന്നുകയില്ല. എന്നാല്‍, പില്‍ക്കാല പ്രതിരോധ കുംഭകോണങ്ങള്‍ക്കാകെ വഴിമരുന്നിട്ടതും പ്രതിരോധസജ്ജതയില്‍ വിള്ളല്‍ വീഴ്ത്തിയതുമായ കുംഭകോണമായിരുന്നു അത് എന്ന കാര്യം ഓര്‍മിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ഗൗരവത്തോടെ അതിനെ കാണേണ്ടതുണ്ട്.

സ്വീഡിഷ് റേഡിയോ ആണ് ഈ കുംഭകോണവും ദല്ലാള്‍ സാന്നിധ്യവും കമീഷന്‍ ഇടപാടുമെല്ലാം പുറത്തുകൊണ്ടുവന്നത്. അസത്യമാണ് റേഡിയോ വാര്‍ത്തയെന്ന് അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ ഈ കോഴയിടപാട് സ്ഥിരീകരിച്ചു. അതോടെ അഴിമതി പൂഴ്ത്തിവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി സര്‍ക്കാര്‍. കോഴപറ്റിയവരുടെ പേരുവിവരങ്ങളും അവരുടെ നിക്ഷേപരഹസ്യങ്ങളുംവരെ സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ പുറത്തുവിട്ടു. ദല്ലാളോ ദല്ലാള്‍ കമീഷനോ ഇല്ല എന്ന രാജീവ്ഗാന്ധിയുടെ നിലപാടാണ് അന്ന് തകര്‍ന്നത്. എ ഇ സര്‍വീസസ്, അന്നാട്രോണിക്സ് എന്നീ കമ്പനികള്‍ മുതല്‍ ഹിന്ദുജ, വിന്‍ഛദ്ദ, ക്വത്റോച്ചി എന്നീ വ്യക്തികള്‍വരെ ഇതില്‍ ബന്ധപ്പെട്ടതായി പിന്നീട് തെളിഞ്ഞു. കമീഷന്‍ നിക്ഷേപിക്കപ്പെട്ട ഒരു വിദേശനിക്ഷേപത്തിന്റെ കോഡ് (രഹസ്യ) പേര് ലോട്ടസ് എന്നാണെന്നും ലോട്ടസ് എന്ന വാക്കിന്റെ അര്‍ഥം രാജീവം എന്നാണെന്നും വന്നു. എ ഇ സര്‍വീസസിന്റെ ഉടമ രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്ന ഇറ്റലിക്കാരന്‍ ക്വത്റോച്ചിയാണെന്നും അന്നാട്രോണിക്സിന്റെ ഉടമ രാജീവ്ഗാന്ധിയുടെ സുഹൃത്തായിരുന്ന അന്താരാഷ്ട്ര ആയുധ ദല്ലാള്‍ വിന്‍ഛദ്ദയാണെന്നും തെളിഞ്ഞു. ഇങ്ങനെ തെളിവുപരമ്പരകള്‍ വരുകയും പാര്‍ലമെന്റ് പ്രതിപക്ഷം തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയും ചെയ്തപ്പോഴാണ് നിവൃത്തിയില്ലാതെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എന്നാല്‍, മര്‍മപ്രധാന മേഖലകള്‍ ഒഴിവാക്കിയാണ് സമിതിയുടെ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചത്. അങ്ങനെ ആ അന്വേഷണത്തെ സര്‍ക്കാര്‍ പ്രഹസനമാക്കി. വിന്‍ഛദ്ദയുടെയും ക്വത്റോച്ചിയുടെയും വിദേശനിക്ഷേപങ്ങള്‍ ഇതിനിടെ അതത് സര്‍ക്കാരുകള്‍ മരവിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ ഇവരുടെ നിക്ഷേപങ്ങളും മരവിപ്പിക്കേണ്ടിവന്നു. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ആ മരവിപ്പു നീങ്ങി. ഇരുവരും നിക്ഷേപം പിന്‍വലിച്ച് ഇന്ത്യ വിടുകയും ചെയ്തു. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമില്ലാതെ ക്വത്റോച്ചിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനാവുമായിരുന്നില്ല എന്നു വ്യക്തം. ആരാണ് ക്വത്റോച്ചിക്കുവേണ്ടി ഇടപെട്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ മുന്‍ സ്വീഡിഷ് പൊലീസ് മേധാവിയുടെ വാക്കുകളിലൂടെ രാജ്യത്തിനു ലഭിച്ചിട്ടുള്ളത്.

വിദേശത്തു നടന്ന അന്വേഷണം മരവിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്ന കത്തുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി സ്വീഡനില്‍ ചെന്നതിന്റെ വാര്‍ത്തകൂടി വന്നതോടെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ കേസ് നശിപ്പിക്കല്‍ താല്‍പ്പര്യം മറനീക്കി പുറത്തുവന്നു. 2007 ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ അറസ്റ്റിലായ ക്വത്റോച്ചിയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ സിബിഐ താല്‍പ്പര്യം കാട്ടാതിരുന്നതും തുടര്‍ന്നു ക്വത്റോച്ചിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ചതും അങ്ങനെ കേസിന്റെ കഥ കഴിച്ചതും ചരിത്രമാണ്. ആ ചരിത്രത്തിന്റെ അറകള്‍ വീണ്ടും തുറക്കേണ്ട സാഹചര്യമാണ് മുന്‍ സ്വീഡിഷ് പൊലീസ് മേധാവിയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യതാല്‍പ്പര്യമുള്ളവരാകെ ബൊഫോഴ്സ് ഇടപാട് പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട് എന്ന് ആവശ്യപ്പെടേണ്ട ഘട്ടമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഏപ്രില്‍ 2012

താങ്ങിനിര്‍ത്തിയവര്‍ക്കും മമതയെ സഹിക്കാന്‍ കഴിയാതായി

പശ്ചിമ ബംഗാളിലെ 34 വര്‍ഷക്കാലത്തെ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ച്ചയായ ഭരണം തകര്‍ക്കുന്നതിനുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയെ ""പരിബൊര്‍ത്ത""ന്റെ (പരിവര്‍ത്തനം-മാറ്റം) പ്രതീകവും അവതാരവുമായി ഉയര്‍ത്തിപ്പിടിച്ചുനടന്നിരുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും, മമതയുടെ പതിനൊന്നുമാസക്കാലത്തെ ഭരണത്തിനുള്ളില്‍ത്തന്നെ, തങ്ങള്‍ക്കുപറ്റിയ തെറ്റ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ചിരുന്ന "പരിബൊര്‍ത്തന്‍"" ഇതല്ല എന്ന് പ്രസിദ്ധ എഴുത്തുകാരിയായ മഹാ ശ്വേതാദേവിയും സുപ്രസിദ്ധ അക്കാദമീഷ്യനായ തരുണ്‍സന്യാലും സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്നും എസ്യുസിഐ എംഎല്‍എയും അവരുടെ ബുദ്ധിരാക്ഷസനുമായ പ്രൊഫസര്‍ തരുണ്‍ നസ്കറും മറ്റും തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, മമതയെക്കുറിച്ചുള്ള വ്യാമോഹത്തില്‍നിന്ന് ബുദ്ധിജീവികളും മാധ്യമങ്ങളും മോചിപ്പിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം 550ല്‍പരം ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കന്മാരും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായപ്പോഴും നൂറുകണക്കിന് പാര്‍ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍നിന്ന് ആട്ടിയോടിപ്പിക്കപ്പെട്ടപ്പോഴും നിരവധി വനിതകള്‍ ബലാത്സംഗത്തിനരയായപ്പോഴും നിശ്ശബ്ദത പാലിക്കുകയും ""ഇരകള്‍"" മാര്‍ക്സിസ്റ്റുകാരാണെന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്ത വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും പക്ഷേ യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ ഏപ്രില്‍ 12ന് തൃണമൂല്‍ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും പിറ്റേന്ന് മമതയുടെ പൊലീസ് അറസ്റ്റ്ചെയ്ത് ലോക്കപ്പിലിടുകയും ചെയ്തപ്പോള്‍, തങ്ങള്‍ ആഗ്രഹിച്ച പരിവര്‍ത്തനമല്ല മമതാബാനര്‍ജി കൊണ്ടുവരുന്നതെന്ന് തുറന്നുപറയാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പ്രസിദ്ധ മോളിക്കുലര്‍ ബയോളജി ശാസ്ത്ര പണ്ഡിതനുമായ പാര്‍ഥോ സരോതി റായ്യെ രണ്ടാഴ്ച മുമ്പാണ് പൊലീസ് അറസ്റ്റ്ചെയ്ത് ജയിലിട്ടത്.

കൊല്‍ക്കത്താ നഗരത്തിലെ കിഴക്കന്‍ പ്രദേശത്തെ നോനാഡംഗയിലെ ചേരിനിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയ പ്രൊഫസര്‍ റായ്യെ മറ്റ് 68 പേരോടൊപ്പമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. (ഏപ്രില്‍ 26ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമത്രേ). മോളിക്കുലര്‍ ബയോളജി ശാസ്ത്രജ്ഞനായ റായ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് (മാവോയിസ്റ്റുകളുമായുള്ള ബന്ധത്തെ കുറ്റമായി കാണുന്നത് മമതയാണെന്നത് വിരോധാഭാസംതന്നെ) അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ജയിലിലിട്ടത്. പിന്നീട് യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ മമതാബാനര്‍ജിയെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ച് ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ ഗുണ്ടകളെ വിട്ട് തല്ലിച്ചതയ്ക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത മമതാ ഭരണത്തിനെതിരായി പശ്ചിമബംഗാളിലെ ബുദ്ധിജീവികളും കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റും രംഗത്തുവന്നിരിക്കുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

സിപിഐ(എം) കാഡര്‍മാരേയും അനുഭാവികളെയും ആക്രമിച്ച് വധിക്കുന്നതിന് നേതൃത്വം നല്‍കുന്ന തൃണമൂല്‍ ഭരണം സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മാര്‍ക്സിസവുമായി ബന്ധമുള്ള പാഠഭാഗങ്ങളെല്ലാം മാറ്റി. സര്‍ക്കാരിന്റെ ധനസഹായംപറ്റുന്ന 3000 ത്തോളം വായനശാലകളില്‍ ഏറെ പ്രചാരമുള്ള ബംഗാളി പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി (വായനക്കാരില്‍ സ്വതന്ത്ര ചിന്ത വളര്‍ത്തുന്നതിനുവേണ്ടിയാണത്രേ മമതാബാനര്‍ജി അങ്ങനെ ചെയ്തത്.) വായനശാലകളില്‍ ചെന്ന് നാട്ടിന്‍പുറത്തുകാര്‍ എന്തു വായിക്കണമെന്ന് ഇനിത്തൊട്ട് മമതാബാനര്‍ജി തീരുമാനിച്ചുകൊള്ളും. അവിടെ ഏതെല്ലാം പുസ്തകങ്ങള്‍ വേണം, ഏതെല്ലാം പത്രങ്ങള്‍ വരുത്തണം, വായനശാല എത്ര സമയം തുറന്നുവയ്ക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും ജനാധിപത്യപരമായി അഭിപ്രായം പറയാനോ തീരുമാനമെടുക്കാനോ ഉള്ള അവകാശം വായനശാലാ കമ്മിറ്റികള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ല എന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഭരണഘടന ഇന്ത്യന്‍ പൗരന് അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അടക്കമുള്ള മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന മമതാ ബാനര്‍ജിയുടെ ജനാധിപത്യ ധ്വംസനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ തീട്ടൂരമാണ്, സിപിഐ(എം) കാഡര്‍മാരെയും പ്രവര്‍ത്തകരേയും ബഹിഷ്കരിക്കണമെന്നത്. സിപിഐ(എം)കാരോടൊപ്പമിരുന്ന് ചായകുടിക്കരുത്, അവരുടെ നേര്‍ക്കുനേര്‍ നോക്കരുത്, അവരുടെ വീടുകളില്‍നിന്ന് വിവാഹബന്ധം ഉണ്ടാകരുത് എന്നെല്ലാം സ്വന്തം അനുയായികളോട് കല്‍പിക്കുന്ന തൃണമൂല്‍ നേതൃത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ ""ഫത്വ"" ബംഗാള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ കുടുംബത്തില്‍ത്തന്നെ വിവിധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടാകാമെന്നിരിക്കെ, കുടുംബ കലഹത്തിനുപോലും, തൃണമൂലിന്റെ ഈ കല്‍പന വഴിവെയ്ക്കും. ഏതാനും ആഴ്ചമുമ്പ് ഒരു വീട്ടമ്മ തൃണമൂല്‍ ഗുണ്ടകളുടെ കൂട്ട ബലാല്‍സംഗത്തിനിരയായപ്പോള്‍ അത് കള്ളക്കഥയാണെന്നും തന്നെയും തന്റെ പാര്‍ടിയേയും അപകീര്‍ത്തിപ്പെടുത്താനായി ആ വീട്ടമ്മ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ച മമതാബാനര്‍ജി, ആ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിനെ തടയുകയാണുണ്ടായത്. എന്നിട്ടും വകുപ്പു മേലുദ്യോഗസ്ഥന്മാരുടെ നിസ്സഹകരണത്തെ മറികടന്നുകൊണ്ട് കൊല്‍ക്കത്ത ക്രൈംബ്രാഞ്ചിലെ ദമയന്തി സെന്‍ എന്ന പൊലീസ് ഓഫീസര്‍ ഒറ്റയ്ക്ക് നിന്നു പയറ്റി, ബലാല്‍സംഗക്കേസിലെ പ്രതികളെ പിടികൂടി. എന്നാല്‍ പിറ്റേന്ന് ആ പൊലീസ് ഓഫീസര്‍ക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി ""ആദരിക്കു""കയാണ് മമതാബാനര്‍ജിചെയ്തത്. അത്തരം ജനാധിപത്യ വിരുദ്ധ -ഏകാധിപത്യ നടപടികള്‍ മകുടംചാര്‍ത്തുന്നതായിരുന്നു പ്രൊഫസര്‍ മഹാപത്രയേയും അദ്ദേഹത്തിന്റെ സുഹൃത്തായ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയേയും അറസ്റ്റ്ചെയ്ത നടപടി.

ഭരണാധികാരികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ സര്‍വസാധാരണമാണ്. അതിലടങ്ങിയ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് തെറ്റ് തിരുത്താനാണ് വിവേകമതികളായ ഭരണാധികാരികള്‍ ശ്രദ്ധിക്കാറുള്ളത്. നെഹ്റുവും വി കെ കൃഷ്ണമേനോനും ഒരതിര്‍ത്തിവരെ ഇന്ദിരാഗാന്ധിയും (അടിയന്തിരാവസ്ഥയ്ക്കുമുമ്പ്) മറ്റും കാര്‍ട്ടൂണ്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ടിരുന്നു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റുകളെല്ലാം നെഹ്റുവിന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. സുപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയായിരുന്ന ""ശങ്കേഴ്സ് വീക്ലി"" നെഹ്റുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ അതൊന്നും മമതയ്ക്ക് ബാധകമല്ല. സത്യജിത്റെയുടെ സുപ്രസിദ്ധമായ സിനിമയിലെ (സോനാര്‍കെല്ല-സുവര്‍ണകോട്ട) സംഭാഷണം ഉദ്ധരിച്ച് മമതയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരെ മമത വാളോങ്ങിയിരിക്കുന്നു. ""താന്‍ തെറ്റൊന്നും ചെയ്യില്ലെന്നും തനിക്കുനേരെ തെറ്റുചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നുമാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് രീതിയിലുള്ള ഈ കടന്നാക്രമണത്തിനെതിരായി ബുദ്ധിജീവികള്‍ അണിനിരന്നിരിക്കുന്നു. നോംചോംസ്കിയും അമര്‍ത്യാസെന്നും മഹാശ്വേതാദേവിയും തരുണ്‍സന്യാലും ബിനായക്സെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവുംഅടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബുദ്ധിജീവികള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ബംഗാളിലെയും രാജ്യത്താകെയും ഉള്ള പ്രമുഖ പത്രങ്ങളെല്ലാം മുഖപ്രസംഗങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും തൃണമൂല്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചിരിക്കുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ കഥയിലെ സുന്ദരി ഊതിയപ്പോള്‍ കരിങ്കല്‍കോട്ട ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട് ""ടൈംസ് ഓഫ് ഇന്ത്യ"" മമതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമബംഗാളില്‍ മറ്റൊരു സര്‍ക്കാരും ബുദ്ധിജീവികളെ ഇത്രമാത്രം വെറുപ്പിച്ചിട്ടില്ല; അകറ്റിയിട്ടില്ല, മമതയെ അധികാരത്തിലെത്തിക്കാന്‍ അഹോരാത്രം പാടുപെട്ട മറ്റ് ബൂര്‍ഷ്വാ പത്രങ്ങളും സമാനമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യഥാര്‍ത്ഥതില്‍, ഒരതിര്‍ത്തിവരെ ഇടതുപക്ഷത്തുനിന്നകന്ന ഇടത്തരക്കാരും ബുദ്ധിജീവികളുമാണ് (ദുഷ്പ്രചാരണത്തില്‍ വീണുപോയ കൃഷിക്കാരും) 34 വര്‍ഷത്തെ ഇടതുപക്ഷ ഐക്യ മുന്നണി ഭരണത്തെ മാറ്റി, മമതാബാനര്‍ജിയുടെ തൃണമൂലിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ മമതയുടെ പതിനൊന്നു മാസക്കാലത്തെ ഭരണം കൊണ്ടുതന്നെ ബുദ്ധിജീവികള്‍ പാഠം പഠിച്ചുവെന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ വിലപിക്കുന്നത്. മമതയേക്കാള്‍ ഭേദം ഇടതുപക്ഷം തന്നെയാണെന്ന് അവര്‍ ചിന്തിച്ചേക്കുമോ എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഭയപ്പെടുന്നു.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക

വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടും സിറിയയ്ക്കുനേരെ പടയൊരുക്കം

""യുദ്ധം അവിഹിതമായ ഒരു ധനസമ്പാദന ഉപാധിയാണ്. അത് എപ്പോഴും അങ്ങനെ തന്നെ"" എന്ന് അമേരിക്കന്‍ ജനതയോട് 1932ല്‍ വിളിച്ചു പറഞ്ഞ മേജര്‍ ജനറല്‍ സ്മെഡ്ലി ഡാര്‍ലിങ്ടണ്‍ ബട്ലര്‍ 34 വര്‍ഷത്തെ അമേരിക്കന്‍ സൈനികസേവനത്തിനുശേഷം വിരമിച്ചയാളായിരുന്നു. 1898ല്‍ ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ് വിരുദ്ധയുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സൈന്യത്തില്‍ ചേര്‍ന്ന സ്മെഡ്ലി ബട്ലര്‍ 1931ല്‍ വിരമിച്ചശേഷം നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ തെന്‍റ സൈനിക ജീവിതാനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ജനതയോട് പറയുകയാണുണ്ടായത്. 1935ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ""War is a Racket"" എന്ന ലഘുഗ്രന്ഥത്തില്‍ അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിെന്‍റ പ്രവര്‍ത്തനവും യുദ്ധം മൂലധനശക്തികളുടെ ധനസമ്പാദന ഉപാധിയാകുന്നതെങ്ങനെയെന്നും വിശദമാക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിെന്‍റ ആദ്യദശകങ്ങളില്‍ അമേരിക്ക നടത്തിയ ഓരോ സൈനിക നടപടിയുടെയും പിന്നിലുള്ള മൂലധന താല്‍പര്യങ്ങള്‍ - ഹെയ്ത്തിയിലെ ഇടപെടലിനു പിന്നില്‍ നാഷണല്‍ സിറ്റി ബാങ്കും ഹോണ്ടുറാസ്സില്‍ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും ചൈനയുടെ കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയും നിക്കരാഗ്വയിലെ ഇടപെടലില്‍ ബ്രൗണ്‍ ബ്രദേഴ്സും വഹിച്ച പങ്ക് - അമേരിക്കന്‍ നാവികസേനാ ചരിത്രത്തിലെ ഇതിഹാസനായകനായി ആദരിക്കപ്പെടുന്ന, ""പൊരുതുന്ന സമാധാന ദൂതന്‍""എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട ജനറല്‍ ബട്ലര്‍ വിവരിക്കുന്നുണ്ട്. കാലം ഒരു പാട് മാറിയെങ്കിലും ഇന്നും ഈ സ്ഥിതി തന്നെയാണ് തുടരുന്നതെന്ന്, അഫ്ഗാനിസ്ഥാനും ഇറാഖും ലിബിയയും വെളിപ്പെടുത്തുന്നു.

സിറിയക്കും ഇറാനും നേരെയുള്ള സാമ്രാജ്യത്വശക്തികളുടെ പോര്‍വിളികള്‍ അത് തന്നെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നെന്‍റ സമാധാനദൗത്യം അംഗീകരിച്ച്, സിറിയയിലെ ഗവണ്‍മെന്‍റ് അതനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമ്പോഴും പ്രകോപനപരമായ നിലപാടുകള്‍ തന്നെയാണ് അമേരിക്കയും അവരുടെ പാശ്ചാത്യസഖ്യശക്തികളും അറബ് രാജ്യങ്ങളിലെ അവരുടെ ആരാച്ചാരന്മാരും തുടരുന്നത്. സിറിയക്കുമേല്‍ സൈനിക ഉപരോധത്തിനും കടന്നാക്രമണത്തിനുമുള്ള സാമ്രാജ്യത്വ പദ്ധതികളെ ചൈനയും റഷ്യയും ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ്, ഒരു സമവായം എന്ന നിലയില്‍ അന്നെന്‍റ സമാധാന ദൗത്യം അംഗീകരിക്കപ്പെട്ടത്. അന്നന്‍ അവതരിപ്പിച്ച ആറിന പരിപാടി സ്വീകരിക്കാനും സമാധാനചര്‍ച്ചകള്‍ക്കും സിറിയയിലെ ബഷര്‍ - അല്‍ അസദ് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. സായുധകലാപകാരികളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്ന സ്ഥലങ്ങളില്‍നിന്നുള്‍പ്പെടെ സൈനിക കേന്ദ്രീകരണം ഒഴിവാക്കുകയും ഐക്യരാഷ്ട്ര സമാധാനപാലകരെ രാജ്യത്തുടനീളം വസ്തുതകള്‍ മനസ്സിലാക്കാനായി നേരിട്ടന്വേഷണത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ കോഫി അന്നെന്‍റ ദൗത്യം വിജയിക്കണമെന്ന് പ്രസ്താവിക്കുകയും അന്നെന്‍റ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ശക്തികള്‍തന്നെ, അതിന്റെ അനന്തരഫലത്തിന് കാത്തുനില്‍ക്കാതെ ""സിറിയന്‍ സുഹൃദ്സംഘം""ത്തിന്റെ യോഗം ചേരുകയും കൂടിയാലോചനകള്‍ക്ക് തയ്യാറാകാതിരിക്കാന്‍ സിറിയന്‍ വിമതര്‍ക്ക് പ്രേരണ നല്‍കുകയും അവര്‍ക്ക് ആയുധങ്ങളും സമ്പത്തും നല്‍കുകയും സിറിയക്കുനേരെ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടരുകയുമാണ്.

സിറിയന്‍ പ്രതിസന്ധി സമാധാനപരമായും ജനാധിപത്യപരമായും പരിഹരിക്കാന്‍ പാടില്ലെന്ന നിലപാടാണ് അമേരിക്കയും ബ്രിട്ടനും സൗദി അറേബ്യയും തുര്‍ക്കിയും ഖത്തറും മറ്റും തുടരുന്നത്. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നാഷണല്‍ കൗണ്‍സിലിനെയും ""ഫ്രീ സിറിയ സൈന്യ""ത്തെയും മാത്രമാണ് സിറിയന്‍ ജനതയുടെ യഥാര്‍ത്ഥ പ്രതിനിധികളായി ഈ രാജ്യങ്ങള്‍ അംഗീകരിക്കുന്നത്. ചില പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ നടത്തിയ അഭിപ്രായ സര്‍വെകളില്‍ വ്യക്തമായത്, 60 ശതമാനത്തിലേറെ സിറിയക്കാരുടെ പിന്തുണ ഇപ്പോഴും അസ്സദ് സര്‍ക്കാരിനുണ്ടെന്നാണ്. അലവൈറ്റ് ഷിയാ വിഭാഗക്കാരുടെയും ക്രിസ്ത്യാനികളുടെയും മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെയും മാത്രമല്ല മതനിരപേക്ഷവാദികളായ ഗണ്യമായ വിഭാഗം സുന്നികളുടെ പിന്തുണയും അസദ് സര്‍ക്കാരിനുണ്ടെന്നാണ് ഈ അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കിയത്. മാത്രമല്ല, പുതുതായി രൂപം നല്‍കിയ ഭരണഘടനയ്ക്ക് 85 ശതമാനത്തോളം ആളുകളുടെ പിന്തുണ ലഭിച്ചതായും പാശ്ചാത്യമാധ്യമങ്ങള്‍പോലും സമ്മതിക്കുന്നുണ്ട്. ആ സ്ഥിതിക്ക് ഒരു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയും ന്യൂനപക്ഷംവരുന്ന ഭീകര സംഘത്തെ രാജ്യത്തിന്റെയും ജനങ്ങളുടെയും ആകെ പ്രതിനിധികളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് അമേരിക്കന്‍ മോഡല്‍ ജനാധിപത്യം. മാത്രമല്ല, സിറിയയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ അമേരിക്കയുടെ അങ്കച്ചേകവന്മാരായി അണിനിരക്കുന്ന സൗദി അറേബ്യയിലും ഖത്തറിലും ജനാധിപത്യവും മനുഷ്യാവകാശ സംരക്ഷണവും കണികാണാന്‍പോലും ഇല്ലെന്നതും കൂട്ടിവായിക്കുമ്പോള്‍, ഈ സംഘത്തിന്റെ യഥാര്‍ത്ഥ അജണ്ട വെളിപ്പെടുന്നു. ഐക്യരാഷ്ട്ര പ്രതിനിധിസംഘം സിറിയയിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ""സിറിയന്‍ സുഹൃദ് സംഘം"" തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യോഗം ചേര്‍ന്നതുതന്നെ അവരുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നു.

സിറിയന്‍ വിമത കലാപകാരികള്‍ക്ക് ആയുധവും പരിശീലനവും നല്‍കുക മാത്രമല്ല, അവര്‍ക്ക് സ്ഥിരം സേനാംഗങ്ങള്‍ക്ക് എന്നപോലെ ""മാസപ്പടി"" നല്‍കാനും തങ്ങള്‍ നടപടി സ്വീകരിക്കുകയാണ് എന്നാണ് സൗദി അറേബ്യയും ഖത്തറും ഇസ്താംബൂളിലെ ""സുഹൃദ്സംഗമ""ത്തില്‍ പ്രസ്താവിച്ചത്. അമേരിക്കയാകട്ടെ, സിറിയന്‍ വിമതര്‍ക്കായി 120 ലക്ഷം ഡോളര്‍ കൂടി ഉടന്‍ ചെലവിടാന്‍ പോകുകയാണെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതാകട്ടെ ആ രാജ്യം മുമ്പ് വാഗ്ദാനം ചെയ്ത തുകയുടെ ഇരട്ടിയിലധികവുമാണ്. ആതിഥേയരായ തുര്‍ക്കിയാകട്ടെ നാറ്റോ കരാറിെന്‍റ 5-ാം വകുപ്പുപ്രകാരം ഉടന്‍ സിറിയക്കെതിരെ സൈനിക ഇടപെടലിന് തയ്യാറാകണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. അത്തരം ഒരു ഇടപെടലിന് അവസരമൊരുക്കുന്നതിനായി സിറിയന്‍സൈന്യം തുര്‍ക്കി അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതായ ആരോപണവും തുര്‍ക്കിയിലെ എര്‍ദഗാെന്‍റ ""ഇസ്ലാമിസ്റ്റ്"" സര്‍ക്കാര്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുമുന്നില്‍ ഉന്നയിക്കുകയുണ്ടായി. സിറിയന്‍ വിമതസേനയ്ക്ക് പരിശീലനം നല്‍കുന്നത് തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ്. ആ താവളങ്ങളില്‍നിന്നാണ് ഭീകരസംഘങ്ങള്‍ സിറിയന്‍ പ്രദേശത്ത് കടന്നുകയറി അട്ടിമറിയും ആക്രമണങ്ങളും നടത്തുന്നത്. അതിനെ ചെറുക്കുന്നതാണത്രെ തുര്‍ക്കിയുടെ അതിര്‍ത്തി ഭേദിക്കുന്നതായി ആരോപിക്കപ്പെടുന്നത്. സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരമായാലും ആ രാജ്യത്തിനെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള മറ്റൊരു ഗൂഢനീക്കമാണ് തുര്‍ക്കിയുടെ ആരോപണത്തില്‍ അടങ്ങിയിരിക്കുന്നത്. അതിന് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള പരിശ്രമത്തിലാണ് സാമ്രാജ്യത്വശക്തികളും അറബ് ""ഇസ്ലാമിസ്റ്റു""കളും. പക്ഷേ, ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കൈയേറ്റമാണ്, ആ രാജ്യത്തിനകത്തേക്ക് ഭീകരസംഘങ്ങളെ പരിശീലനം നല്‍കി അയയ്ക്കുന്നത് എന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് വിസ്മരിക്കാനാവില്ല.

സിറിയയില്‍ സമാധാനത്തിനായി കോഫി അന്നെന്‍റ നേതൃത്വത്തില്‍ യുഎന്‍ സംഘം ചര്‍ച്ച നടത്തുകയും യുഎന്‍ സമാധാന നിര്‍ദ്ദേശങ്ങള്‍ അസദ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍, അതിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് മറുവശത്ത് അമേരിക്കന്‍ നേതൃത്വത്തില്‍ നടത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇസ്താംബൂളില്‍ ചേര്‍ന്ന സംഗമം. സിറിയയില്‍ ജനാധിപത്യമോ സമാധാനമോ മനുഷ്യാവകാശമോ സംരക്ഷിക്കലല്ല അമേരിക്കയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് ഇത് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു. ലിബിയയില്‍ സൈനിക ഇടപെടലിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ചതിനെ തുടര്‍ന്ന് ഇന്ന് ആ രാജ്യത്ത് സമ്പൂര്‍ണമായ അരാജകത്വം നടമാടുകയാണെന്ന, വിവിധ ഗോത്രവിഭാഗങ്ങളും സായുധസംഘങ്ങളും തമ്മില്‍ തെരുവുയുദ്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന, യാഥാര്‍ത്ഥ്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും എന്നപോലെ സിറിയയിലും അമേരിക്കയുടെയും കൂട്ടരുടെയും യഥാര്‍ത്ഥ ലക്ഷ്യം അവരുടെ മൂലധന താല്‍പര്യം മാത്രമാണ്; സമ്പത്ത് കൊള്ളയടിക്കല്‍ മാത്രമാണ്. എണ്ണ സമ്പന്നമായ പശ്ചിമേഷ്യക്കുമേല്‍ ആത്യന്തികമായ ആധിപത്യം സ്ഥാപിക്കലാണ്; മധ്യേഷ്യയിലേക്കുള്ള വഴി സുഗമമായി തുറക്കലാണ്. അവരുടെ ദീര്‍ഘകാല ലക്ഷ്യമായ ഇറാനെ കീഴ്പ്പെടുത്തുന്നതിന്റെ ചുവടുവെയ്പാണ് സിറിയയെ അസ്ഥിരീകരിക്കുക എന്നത്.

ചൈനയുടെ പടിവാതില്‍ക്കല്‍ വരെ സൈനിക കേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് ഇതിന്റെയെല്ലാം പരമമായ ലക്ഷ്യം. അങ്ങനെ ലോകത്തിന്റെയാകെ നിയന്ത്രണം പിടിച്ചുപറ്റാമെന്ന് മൂലധനശക്തികള്‍ വ്യാമോഹിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയത്തിന് ചെല്ലും ചെലവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന സൗദി അറേബ്യന്‍ രാജാവിെന്‍റയും ഗള്‍ഫ് ഷേക്കുമാരുടെയും ലക്ഷ്യവും മൂലധന താല്‍പര്യമല്ലാതെ മറ്റൊന്നല്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ഖ്വയ്ദയെ പുറത്താക്കണമെന്ന് താലിബാനോട് വ്യവസ്ഥവയ്ക്കുന്ന അമേരിക്ക, ലിബിയയിലും സിറിയയിലും അതേ അല്‍ഖ്വയ്ദയുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്നതിനു പിന്നില്‍ മൂലധന താല്‍പര്യം തന്നെയാണ്. സാമ്രാജ്യത്വവും രാഷ്ട്രീയ ഇസ്ലാമും ഒളിഞ്ഞും തെളിഞ്ഞും ഒത്തുചേരുന്നതാണ് സമകാലിക പശ്ചിമേഷ്യന്‍, ഉത്തരാഫ്രിക്കന്‍ രാഷ്ട്രീയത്തിലെ നേര്‍ക്കാഴ്ച. ഇരുകൂട്ടരുടെയും ലക്ഷ്യവും അവരെ ഒന്നിപ്പിക്കുന്ന ഘടകവും മൂലധന താല്‍പര്യം തന്നെ. അതാണ് ജനറല്‍ ബട്ലറുടെ ""ണമൃ ശെ മ ഞമരസലേ"" എന്ന വാക്യത്തെ എക്കാലവും അന്വര്‍ത്ഥമാക്കുന്നതും.

*
ജി വിജയകുമാര്‍ ചിന്ത വാരിക