Monday, April 16, 2012

മതനിരപേക്ഷതയ്ക്ക് ഏറ്റ മുറിവ്

ജാതി- മതശക്തികളെ പ്രീണിപ്പിച്ചതിന്റെയും അവയുമായി കൂട്ടുചേര്‍ന്നതിന്റെയും ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ നേരിയ വിജയം. ജാതി- മതശക്തികള്‍ മന്ത്രിസഭാ രൂപീകരണത്തില്‍ വരെ പ്രകടമായി ഇടപെട്ടു. തെറ്റായ ഈ പ്രവണത മതനിരപേക്ഷത തകര്‍ക്കുംവിധം വളര്‍ന്നെന്നാണ് അഞ്ചാം മന്ത്രിസ്ഥാനവും തുടര്‍നടപടികളും വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് മതേതര പാര്‍ടിയാണ്; ദീര്‍ഘകാലമായി വിവിധ സമുദായങ്ങളുടെ ബലാബലത്തിനുള്ള വേദിയുമാണ്. അത്തരം ആന്തരികവൈരുധ്യം പ്രത്യേക രീതിയില്‍ വളര്‍ന്ന ഘട്ടത്തിലെ പൊട്ടിത്തെറിയിലാണ് കേരളകോണ്‍ഗ്രസിന്റെ ജനം. ആ കാലത്തേതില്‍നിന്ന് വ്യത്യസ്തമെങ്കിലും പ്രത്യേക രീതിയിലുള്ള സമുദായ ചേരിതിരിവും പ്രത്യേക വിഭാഗത്തിന്റെ മേധാവിത്വവും കോണ്‍ഗ്രസില്‍ ഇന്ന് പ്രകടമാണ്. നേരത്തെതന്നെ പല കാര്യത്തിലും ഈ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയും ചേരിതിരിവും ഉണ്ടായിരുന്നു. അഞ്ചാംമന്ത്രി വിവാദമായപ്പോള്‍ അസംതൃപ്തിയും വിയോജിപ്പും മറയില്ലാതെ പുറത്തുവന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുമത്സരത്തില്‍ എക്കാലത്തും ഉമ്മന്‍ചാണ്ടി അടക്കമുള്ള വിഭാഗത്തിലെ പ്രധാനിയായ ആര്യാടന്‍ മുഹമ്മദ് പരസ്യമായി ഭിന്നത പ്രകടിപ്പിച്ചു. ആര്യാടനു പുറമെ കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയ പ്രമുഖരും ഭിന്നാഭിപ്രായവുമായി രംഗത്തുവന്നു. ഇതിനിടയാക്കിയത് സാമുദായിക സന്തുലിതാവസ്ഥ തെറ്റിച്ച നടപടിയാണെന്ന് പലരും തുറന്നുപറഞ്ഞു. മതനിരപേക്ഷതയ്ക്ക് ആപത്തുളവാക്കുന്ന നടപടിയാണ് ഉണ്ടായതെന്നതില്‍ അവര്‍ക്ക് സംശയമില്ല. അതിന് നേതൃത്വം കൊടുത്തത് ഉമ്മന്‍ചാണ്ടിയാണെന്നും സോണിയാഗാന്ധി നയിക്കുന്ന ഹൈക്കമാന്‍ഡിന്റെ അനുമതി ഇതിനുണ്ടെന്നും വാര്‍ത്ത വന്നിരിക്കുന്നു. കേരള കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കുന്നത് എ കെ ആന്റണിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നതും വ്യക്തം.

അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ആദ്യം മുതല്‍ സ്വീകരിച്ചത് രാഷ്ട്രീയത്തില്‍ പാലിക്കേണ്ട ധാര്‍മികതയ്ക്ക് ചേരുന്ന നിലപാടല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ എല്‍ഡിഎഫിനകത്തുനിന്ന് ഒരു കക്ഷി വരാനിടയുണ്ടെന്നും അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടെന്നും പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ഉണ്ടായത്. പരിധികളില്ലാതെ കുരുട്ടുവിദ്യയും കുതന്ത്രവും മെനയുന്ന രാഷ്ട്രീയക്കാരനായി ഉമ്മന്‍ചാണ്ടി അധഃപതിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാര്‍ലമെന്ററി ഉപജാപത്തിലൂടെ അധികാരത്തിലേറേണ്ടതില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ എല്‍ഡിഎഫിലെ എല്ലാ ഘടക കക്ഷിയും കൂടിയെടുത്തതാണ്. കാലുമാറ്റത്തിലൂടെ അധികാരത്തിലേറണമെന്ന അഭിപ്രായം എല്‍ഡിഎഫിലെ ഒരു കക്ഷിക്കും ഉണ്ടായിരുന്നില്ല. ഏതെങ്കിലുമൊരു കക്ഷി യുഡിഎഫിനോട് ചേര്‍ന്ന് മന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറാകുന്ന പ്രശ്നമില്ല എന്നര്‍ഥം. മുസ്ലിംലീഗിന്റെ അവകാശവാദത്തെ നേരിടാന്‍ തന്റെ മനസ്സിലുള്ള ദുരാഗ്രഹത്തെ കെട്ടുകഥയാക്കി ലീഗ് നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കൈയോടെ പിടിക്കപ്പെടുമെന്ന് അപ്പോള്‍ കരുതിയിട്ടുണ്ടാകില്ല.

വേണ്ടത്ര കാത്തിട്ടും മുഖ്യമന്ത്രി പറഞ്ഞപോലെ എല്‍ഡിഎഫില്‍നിന്നുള്ള മാറ്റത്തിന് സാധ്യത കാണാത്തപ്പോള്‍ ലീഗ് നേതാക്കള്‍, ഉമ്മന്‍ചാണ്ടി സൂചിപ്പിച്ച കക്ഷിയുടെ നേതാക്കളോട് നേരിട്ട് വിവരം തിരക്കി. തങ്ങളെ കബളിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി പടച്ച നുണക്കഥയെക്കുറിച്ച് അപ്പോഴാണ് അവര്‍ക്ക് ബോധ്യമായത്. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിക്കുന്ന പത്രം തന്നെ ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്- സത്യാവസ്ഥയെക്കുറിച്ച് ആരും സംശയിക്കില്ല. കേരളത്തിലെ പ്രതിപക്ഷത്തുള്ള ഒരു കക്ഷിയെ കാലുമാറ്റിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് വ്യക്തമായത്. രാഷ്ട്രീയത്തില്‍ ധാര്‍മികതയ്ക്കും സദാചാരത്തിനും വില കല്‍പ്പിക്കാത്ത കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ചാണ്ടി എന്നതിന് ഇതില്‍പ്പരം തെളിവുവേണ്ട.

യുഡിഎഫിനകത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ലീഗും കേരളകോണ്‍ഗ്രസും ചേര്‍ന്ന കുറുമുന്നണിയാണ്. ഉമ്മന്‍ചാണ്ടിയെ വരുതിയില്‍ കൊണ്ടുവരാന്‍ ഈ മുന്നണിക്ക് കഴിഞ്ഞു. ഇത് ഉമ്മന്‍ചാണ്ടിയടക്കം മൂന്നുപേര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്തേക്കെത്തിച്ചു. തന്റെ നുണക്കഥ പൊളിഞ്ഞതിന്റെ ജാള്യം കാരണം ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലായി. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതു അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ അഞ്ചാംമന്ത്രിസ്ഥാനം തന്റെ താല്‍പ്പര്യത്തിനുസരിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചില മാറ്റങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു.

ആദ്യം ലക്ഷ്യമിട്ടത് സ്പീക്കര്‍ സ്ഥാനത്തെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തെയുമാണ്. ജി കാര്‍ത്തികേയന്‍ സ്പീക്കറായത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലിലൂടെയാണ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത കല്‍പ്പിച്ച കാര്‍ത്തികേയനെ ഒഴിവാക്കിയുള്ള ലിസ്റ്റാണ് ഉമ്മന്‍ചാണ്ടി വച്ചത്. അതു മറികടന്നാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. അതോടെ ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും കാര്‍ത്തികേയന്‍ സ്പീക്കറായി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറ്റുകയെന്ന അജന്‍ഡയോടെ ഉമ്മന്‍ചാണ്ടി വച്ച നിര്‍ദേശം കാര്‍ത്തികേയന്‍ അംഗീകരിച്ചില്ല. വേറൊരു സ്ഥാനം സ്വീകരിക്കണമെങ്കില്‍ കെപിസിസി പ്രസിഡന്റാകാമെന്നും അല്ലെങ്കില്‍ എംഎല്‍എയായി നിന്നുകൊള്ളാമെന്നും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അകലുന്ന സാഹചര്യം ഉയര്‍ന്നുവന്നിരുന്നു. പിന്നീട് ഓരോ ഘട്ടത്തിലും അകല്‍ച്ച വര്‍ധിച്ചു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ഉപമുഖ്യമന്ത്രിപദം സ്വീകരിക്കണമെന്ന നിര്‍ദേശമാണ് ഉമ്മന്‍ചാണ്ടി വച്ചത്. ഉപമുഖ്യമന്ത്രിക്ക് താരതമ്യേന അപ്രധാനമായ വകുപ്പും നിര്‍ദേശിച്ചു. താന്‍ ഒഴിയുകയാണെങ്കില്‍ സി എന്‍ ബാലകൃഷ്ണന്‍ പ്രസിഡന്റാകണം എന്നതടക്കമുള്ള ഉപാധികള്‍ രമേശ് ചെന്നിത്തല വച്ചതായാണ് വാര്‍ത്തകള്‍ വന്നത്. ഉമ്മന്‍ചാണ്ടിയുടെ ഈ നിര്‍ദേശങ്ങളെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും ഉയര്‍ന്നു. ഈ ഘട്ടത്തില്‍ ചേര്‍ന്ന കെപിസിസി യോഗം അഞ്ചാംമന്ത്രിസ്ഥാനമെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥയ്ക്ക് ഭംഗം വരുന്നതിനാലാണ് ലീഗിന്റെ ആവശ്യം അംഗീകരിക്കാത്തതെന്ന വിശദീകരണവും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായി.

പിറവത്ത് വിജയിച്ച അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ അഞ്ചാം മന്ത്രിസ്ഥാന തര്‍ക്കം കാരണം നീണ്ടു. അനൂപ് ജേക്കബ്ബിന്റെയും ലീഗിന്റെ അഞ്ചാംമന്ത്രിയുടെയും സത്യപ്രതിജ്ഞ ഒന്നിച്ചുനടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതിനെതിരെ ആര്യാടന്‍ മുഹമ്മദ്, കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരോടൊപ്പം കെ ബാബു, പി ജെ കുര്യന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വ്യത്യസ്താഭിപ്രായം പരസ്യമായി രേഖപ്പെടുത്തി. സാമുദായിക സംഘടനാനേതാക്കളും ഭിന്നത പരസ്യമായി രേഖപ്പെടുത്തി. അഞ്ചാംമന്ത്രിസ്ഥാനം അനുവദിച്ചത് വര്‍ഗീയപ്രീണനമാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പരസ്യമായി കുറ്റപ്പെടുത്തുകയുണ്ടായി.

ഇതെല്ലാമായപ്പോള്‍ ഉമ്മന്‍ചാണ്ടി കണ്ടെത്തിയ ഉപായമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷമുണ്ടായ നാടകം. സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഭൂരിപക്ഷ സമുദായത്തിന് ചില പ്രധാന വകുപ്പുകള്‍ അനുവദിക്കാന്‍ തീരുമാനിക്കുന്നു. ആഭ്യന്തരവകുപ്പും റവന്യൂവകുപ്പും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട മന്ത്രിമാര്‍ക്കു നല്‍കി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പാര്‍ടിയുടെ ഗതികെട്ട നില വ്യക്തമാക്കുന്നതാണ് ഇതിന്റെയെല്ലാം പിന്നിലെ അന്തര്‍നാടകങ്ങള്‍. കെപിസിസിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തള്ളിയ അഞ്ചാം മന്ത്രിസ്ഥാനം യുഡിഎഫ് യോഗത്തില്‍ തീരുമാനമാകുന്നു. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമടക്കമുള്ള നേതാക്കള്‍ കെപിസിസിയുടെ തന്നെ തീരുമാനം ലംഘിക്കുന്നതിന് നേതൃത്വം നല്‍കുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് കാണേണ്ടിവന്നത്. നാടകീയമായി പ്രഖ്യാപിച്ച വകുപ്പുമാറ്റം കെപിസിസി ചര്‍ച്ച ചെയ്തതല്ലെന്നും വ്യക്തമായി. കെപിസിസി പ്രസിഡന്റുപോലും വകുപ്പുമാറ്റത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലത്രേ. ഒരു കോക്കസിന്റെ കൈയില്‍ കേരളഭരണം അമര്‍ന്നിരിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് പല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും ഉണ്ടായത്.

അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പലേടത്തും കടുത്ത അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ലീഗുകാര്‍ പ്രകടനം നടത്തി. രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രകടനം നടത്തി തുടക്കമിട്ട പ്രതിഷേധം ആര്യാടന്‍ മുഹമ്മദ്, കെ മുരളീധരന്‍ തുടങ്ങിയ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപിച്ചു. തിരുവനന്തപുരത്ത് ""തങ്ങള്‍ കല്‍പ്പിക്കും, കോണ്‍ഗ്രസ് അനുസരിക്കും"" എന്നുവരെ മുദ്രാവാക്യം വിളിച്ച് ലീഗ് പ്രകടനമുണ്ടായി. കോണ്‍ഗ്രസിനെ മുട്ടുകുത്തിച്ചതില്‍ അമിതാവേശം പൂണ്ട ലീഗുകാര്‍ കോണ്‍ഗ്രസുകാരെ പിന്നെയും കുത്തിനോവിച്ച് പ്രകടനങ്ങളും മറ്റും നടത്തുകയായിരുന്നു. ഏഴുമന്ത്രിസ്ഥാനത്തിനുവരെ ലീഗിന് അര്‍ഹതയുണ്ടെന്നും യുഡിഎഫ് എംഎല്‍എമാരുടെ എണ്ണത്തില്‍ ഭൂരിപക്ഷം മതന്യൂനപക്ഷമാണെന്നും ആ അടിസ്ഥാനത്തില്‍ സാമുദായിക സന്തുലനാവസ്ഥയെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ലെന്നും ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും നേതാക്കള്‍ പരസ്യമായി വാദിച്ചു. ഇത് മതനിരപേക്ഷസമൂഹത്തെ സാമുദായിക ചിന്ത വളര്‍ത്തി ആക്രമിക്കുന്നിടത്തേക്കാണ് എത്തിച്ചത്. ഇതിന്റെ മൊത്തം ഫലം മതനിരപേക്ഷതയ്ക്ക് പോറലേറ്റെന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോക്കസ് മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം തിരിച്ചറിഞ്ഞ്, മതനിരപേക്ഷശക്തികള്‍ പ്രതികരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതില്‍നിന്നെല്ലാം തെളിയുന്നത്.

*
പിണറായി വിജയന്‍

2 comments:

Sandeep Palakkal said...

ഈ സാമുദായിക ധ്രുവീകരണത്തില്‍ നിന്നും നാടിനെ മുക്തമാക്കാന്‍ ശുദ്ധമായ ഇടതുപക്ഷ ചിന്തകള്‍ക്കേ കഴിയൂ. ഇന്നത്തെ 'മാധ്യമ'ത്തില്‍ പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ലേഖനവും ഈ ലേഖനവും കൂട്ടി വായിക്കുമ്പോള്‍ ഇതാണ്‍ മനസ്സ്ലിലേക്ക് ആദ്യം വരുന്നത്. ഇടതു ചിന്തകള്‍ സമൂഹത്തില്‍ ഊട്ടിഉറപ്പിക്കാന്‍, മതങ്ങളില്‍ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കി പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

കടത്തുകാരന്‍/kadathukaaran said...

പിണറായിയുടെ ലേഘനത്തിലെവിടെയും യു ഡി എഫിന്റെ ഇത്തരം നിലപാടുകള്‍ എല്‍ ഡി എഫിനില്ല എന്ന്‍ പറഞ്ഞിട്ടില്ല. യു ഡി എഫിന്‍ സമുദായക്കളി കളിക്കാനുള്ള വൈഭാവക്കുറവുണ്ട്, എല്‍ ഡി എഫിനാകുമ്പോള്‍ അതിലൊരു കയ്യടക്കവും.. ബേബിയെ പി ബിയിലേക്കുയര്ത്താനുള്ള തീരുമാന രഹസ്യം ക്രിസ്ത്യന്‍ ഉദ്ദരണമായി പുറം ലോകം അറിയതിരിക്കാനും ബാലനെ ഒഴിവാക്കിയത് തൊട്ടുകൂടായ്മയായ് മേലാളരെയും കീഴാളരെയും ഒരു പോലെ മറച്ചു വെക്കുവാനുള്ള മുച്ചീട്ട് കളി വിദ്യയും പിണറായ്‌ മൊതലാളിയും സെക്രട്ടറി മാന്യനും കളിച്ച കളി അലിയെ മതം മാറ്റാനെങ്കിലും ഉപനയനം പരിഹാരകര്‍മ്മം ഉപദേശം കിട്ടിയിരുന്നെങ്കില്‍ ഈ ചാനല്‍ വിപ്ലവം എന്നേ ശീഘ്ര സ്കലനങ്ങള്‍ക്ക് വഴിമാറിപ്പോയേനെ