Monday, April 16, 2012

മ്യാന്‍മറിലെ മാറ്റങ്ങളും ഇപ്പോഴത്തെ ജനവിധിയും

മ്യാന്‍മറില്‍ നടന്ന പാര്‍ലമെന്‍ററി ഉപതിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യത്തിനായി പൊരുതുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 45ല്‍ 43 സീറ്റുകളും കരസ്ഥമാക്കിയതായി അവകാശപ്പെടുന്നു. നിരീക്ഷകരും മാധ്യമങ്ങളും ഇത് ശരി തന്നെയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന്റെ നായിക ആങ് സാന്‍ സൂകിയും യങ്ഗൂണ്‍ നഗരപ്രാന്തത്തിലെ കൗമു മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. പക്ഷേ ഔദ്യോഗികമായ ഫലപ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ഭരണവും തിരഞ്ഞെടുപ്പ് നടത്തലുമെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയത് ആശങ്ക ഉണര്‍ത്തുന്നുമുണ്ട്.

2008ല്‍ സൈനിക ഭരണാധികാരികള്‍ രൂപം നല്‍കിയ ഭരണഘടന പ്രകാരമാണ് മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടന്നത്. പൊതുതിരഞ്ഞെടുപ്പ് 2010 നവംബറില്‍ നടന്നിരുന്നു. സൈനിക നിയന്ത്രണത്തിലും സൂകി ഉള്‍പ്പെടെയുള്ള ജനാധിപത്യപോരാളികളെ തടവറയില്‍ അടച്ചും പ്രചരണ സ്വാതന്ത്ര്യം നിഷേധിച്ചും നടത്തിയ തിരഞ്ഞെടുപ്പ് എന്‍എല്‍ഡി ബഹിഷ്കരിക്കുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ സൂകി ഉള്‍പ്പെടെ ഒരു വിഭാഗം പ്രക്ഷോഭകരെ ജയില്‍മോചിതരാക്കിയശേഷമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തിയത്. മറ്റു സാഹചര്യങ്ങളിലൊന്നും വലിയ മാറ്റമുണ്ടായിട്ടുമില്ല. എന്തായാലും 22 വര്‍ഷത്തിനുശേഷം ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തന്നെ എന്‍എല്‍ഡിയും സൂകിയും തീരുമാനിച്ചു.

1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി തകര്‍പ്പന്‍ വിജയം നേടി എങ്കിലും അത് അംഗീകരിക്കാന്‍ സൈന്യം തയ്യാറാകാതെ ജനാധിപത്യത്തെ കുരുതി കഴിക്കുകയാണുണ്ടായത്. സുദീര്‍ഘമായ ജനകീയപ്രക്ഷോഭങ്ങളെ തുടര്‍ന്ന്, പാര്‍ലമെന്‍റിന് പരിമിതമായ അധികാരം മാത്രമുള്ള പുതിയ ഭരണഘടനയ്ക്ക് സൈന്യം 2008ല്‍ രൂപം നല്‍കുകയും അതുപ്രകാരം 2010ല്‍ തിരഞ്ഞെടുപ്പ് നടത്തുകയുമാണുണ്ടായത്. മ്യാന്‍മര്‍ പാര്‍ലമെന്‍റിന് രണ്ട് തട്ടുകളാണുള്ളത്. ഇതില്‍ ഉപരിസഭയില്‍ 224 സീറ്റും അധോസഭയില്‍ 435 സീറ്റുമുണ്ട്. ഉപരിസഭയില്‍ 56 സീറ്റും അധോസഭയില്‍ 110 സീറ്റും സൈന്യത്തിനായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആ സീറ്റുകളിലേക്ക് സൈനിക മേധാവികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരായിരിക്കും എത്തുക. എന്‍എല്‍ഡി ബഹിഷ്കരിച്ച 2010ലെ തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ടി (യുഎസ്ഡിപി) ഉപരിസഭയില്‍ 123 സീറ്റും അധോസഭയില്‍ 219 സീറ്റും "വിജയിച്ച്" ഭരണം നേടി. മറ്റു കക്ഷികള്‍ക്ക് യഥാക്രമം 39ഉം 66ഉം സീറ്റുകള്‍ ലഭിച്ചിരുന്നു.

6 ഉപരിസഭാമണ്ഡലങ്ങളിലേക്കും 37 അധോസഭാ മണ്ഡലങ്ങളിലേക്കും പ്രാദേശിക ഭരണസമിതികളിലെ പ്രതിനിധി സഭയിലെ രണ്ട് മണ്ഡലങ്ങളിലേക്കുമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. ""ആശ്വസിക്കാന്‍ സമയമായില്ല, ഇത് വെളിച്ചത്തിന്റെ ഒരു തരി മാത്രമാണ്; ഒരു ചെറിയ വഴിതുറക്കല്‍. ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഇനിയും വഴി ഏറെ താണ്ടേണ്ടതുണ്ട്"" എന്നാണ് ജനാധിപത്യ പ്രക്ഷോഭത്തിന്റെ പോരാളികളില്‍ ഒരാളായി മാറിയ മുന്‍ സൈനികോദ്യോഗസ്ഥനും ആങ് സാന്‍ സൂകിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ യുതിന്‍ ഊ പ്രസ്താവിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥകളും ഭരണഘടനയും ഒന്നും ജനാധിപത്യമോ സ്വാതന്ത്ര്യമോ അനുവദിക്കുന്നതല്ല. ജുഡീഷ്യറിപോലും സ്വതന്ത്രമല്ല. മുന്‍ സൈനികോദ്യോഗസ്ഥരാണ് ജഡ്ജിമാരായി അവരോധിക്കപ്പെടുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ പാര്‍ലമെന്‍റില്‍ 25 ശതമാനം സൈന്യത്തിന് സംവരണം ചെയ്തിരിക്കുന്നു.

പ്രസിഡന്‍റിനെയും തിരഞ്ഞെടുക്കുന്നത് പരോക്ഷമായി സൈന്യം തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്‍റ് പിരിച്ചുവിട്ട് സമ്പൂര്‍ണമായ അധികാരം ഏറ്റെടുക്കാന്‍ സൈന്യത്തിന് കഴിയുന്ന വ്യവസ്ഥയും ഭരണഘടനയിലുണ്ട്. തിരഞ്ഞെടുപ്പ് പോലും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അത്ര പരിമിതമായ മാറ്റം മാത്രമാണ് വന്നിട്ടുള്ളത്. പക്ഷേ, മ്യാന്‍മറിലെ മാറ്റങ്ങള്‍ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് കാണാതെ പോകാനാവില്ല. സമീപകാലം വരെ, വിശിഷ്യാ 2011 വരെ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും മ്യാന്‍മറിനോട് സ്വീകരിച്ചിരുന്ന ശത്രുതാപരമായ നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മറ്റും സൈനിക ഭരണാധികാരികള്‍ക്ക് സര്‍വവിധ സഹായവും നല്‍കുകയും ആ രാജ്യങ്ങളില്‍, മറ്റെവിടെയും എന്ന പോലെ, ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത അമേരിക്ക മ്യാന്‍മറില്‍ പട്ടാളം അധികാരത്തിലാണെന്ന പേരില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മറിനെതിരെ ശത്രുതാപരമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെയും മറ്റു ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളെയും അമേരിക്ക നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. എന്നാല്‍ സൈന്യം അധികാരം വിട്ടുപോവാതെ തന്നെ ഇപ്പോള്‍ അമേരിക്ക നയം മാറ്റിയതാണ് ശ്രദ്ധിക്കപ്പെടേണ്ടത്.

2011 നവംബറില്‍ ബാലിയില്‍ ചേര്‍ന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രസിഡന്‍റ് ഒബാമ, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളെ അമേരിക്ക സഹായിക്കുമെന്നും മ്യാന്‍മറില്‍ പുതിയ മാറ്റങ്ങള്‍ക്കായി ഇരുരാഷ്ട്രങ്ങള്‍ക്കും സഹകരിക്കാമെന്നും പ്രസ്താവിച്ചത് പുതിയ തുടക്കമായി അന്നുതന്നെ പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് 2011 ഡിസംബറില്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ച ഹില്ലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ പ്രസിഡന്‍റ് തീന്‍ സീനിനെയും സൂകിയെയും സന്ദര്‍ശിച്ചത് നിര്‍ണായകമായ വഴിത്തിരിവിന് ഇടയാക്കി. ഈ സന്ദര്‍ശനങ്ങളും കൂടിയാലോചനകളും ഏപ്രില്‍ ഒന്നിലെ ഉപതിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സൂകിയുടെ തീരുമാനത്തിലും സ്വാധീനം ചെലുത്തിയിരുന്നു. 2010ലേതില്‍നിന്നും മൗലികമായ വ്യത്യാസമൊന്നും ഉണ്ടാകാതിരുന്നിട്ടും ഇപ്പോള്‍ എന്‍എല്‍ഡി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പാശ്ചാത്യശക്തികളുടെ സമ്മര്‍ദ്ദം കാരണമാണെന്നാണ് കരുതപ്പെടുന്നത്. 2011ല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കൈക്കൊണ്ട ചില തീരുമാനങ്ങളും അന്താരാഷ്ട്ര പശ്ചാത്തലവും അമേരിക്കയുടെയും കൂട്ടരുടെയും ഒപ്പം മ്യാന്‍മര്‍ ഭരണാധികാരികളുടെയും സൂകിയുടെയും മാറ്റങ്ങളില്‍ ഓരോ വിധത്തില്‍ സ്വാധീനം ചെലുത്തിയതായി കാണാം. മ്യാന്‍മറിന്റെ വടക്കന്‍ ഭാഗത്ത് ഐരാവതി നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈനയുമായി ഉണ്ടാക്കിയിരുന്ന കരാര്‍ റദ്ദാക്കിയതായിരുന്നു മ്യാന്‍മര്‍ സര്‍ക്കാരിെന്‍റ തീരുമാനങ്ങളില്‍ ഒന്ന്. അണക്കെട്ട് നിര്‍മ്മാണം ""ജനകീയ ഇച്ഛയ്ക്ക് എതിരാണ്"" എന്ന് പറഞ്ഞാണ് ആ തീരുമാനങ്ങളില്‍നിന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയത്. അതിനു തൊട്ടുപിന്നാലെ ആയിരുന്നു ഹില്ലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചത്.

ലോകബാങ്കില്‍നിന്നും ഐഎംഎഫില്‍നിന്നും മ്യാന്‍മറിന് വായ്പ നല്‍കുന്നതിനെ അമേരിക്ക ഇനി തടയില്ലെന്ന് ഹില്ലരി മ്യാന്‍മറിലെ സൈനിക ഭരണാധികാരികള്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. അമേരിക്കയില്‍നിന്നുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. 360 കോടി ഡോളര്‍ ചിലവഴിച്ച് ഐരാവതി നദിയില്‍ ഡാം നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതി, ദക്ഷിണ ചൈനയിലെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഏഴ് ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു. മ്യാന്‍മറിന്റെ തെക്കന്‍ തീരത്തുനിന്ന് ചൈനയിലേക്ക് ഗ്യാസും പെട്രോളിയവും കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ നിര്‍മ്മിക്കാന്‍ ചൈനയിലെ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് മ്യാന്‍മര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1100 കോടി ഡോളര്‍ 2010-2011ല്‍ മാത്രം ചൈന ഈ പദ്ധതിക്കായി മുതല്‍മുടക്കിയിരുന്നു. ഈ പൈപ്പ് ലൈന്‍ പദ്ധതിയും മ്യാന്‍മര്‍ സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി മ്യാന്‍മറുമായി വിച്ഛേദിച്ചിരുന്ന ബന്ധം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന്റെ പശ്ചാത്തലം ഇതാണ്.

വിഭവസമ്പന്നമായ മ്യാന്‍മറില്‍ അമേരിക്കന്‍ കുത്തകകള്‍ക്കും നോട്ടമുണ്ട്. കുറഞ്ഞ കൂലിക്ക് തൊഴിലാളിയെ പണിക്കു കിട്ടുന്ന മ്യാന്‍മറില്‍ പട്ടാള ഭരണത്തിന്‍കീഴില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്തതും നല്ല അവസരമായി ബഹുരാഷ്ട്ര കുത്തകകള്‍ കാണുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മ്യാന്‍മറില്‍ അധികാരത്തില്‍ തുടരുന്ന സൈനിക മേധാവികള്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ അവരെ അനിവാര്യമായും അമേരിക്കന്‍ കൂടാരത്തില്‍ എത്തിക്കുകയാണുണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അണിയറയില്‍ നടന്നിരുന്ന ചരടുവലികള്‍ ഹില്ലരി ക്ലിന്‍റെന്‍റ മ്യാന്‍മര്‍ സന്ദര്‍ശനവും മ്യാന്‍മര്‍ വിദേശകാര്യമന്ത്രി വുന്ന മൗങ് ല്വിന്നിെന്‍റ വാഷിങ്ടണ്‍ സന്ദര്‍ശനവും നടന്നതോടെ വെളിച്ചത്തായി എന്നു മാത്രം.

ചൈനയെ ഒറ്റപ്പെടുത്താനും വലയംചെയ്യാനുമുള്ള അമേരിക്കയുടെ നീക്കവും മ്യാന്‍മറിനോടുള്ള അവരുടെ ചുവടുമാറ്റം വ്യക്തമാക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളുടെ മുഖം രക്ഷിക്കാന്‍ ജനാധിപത്യത്തിനായി പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ ജയില്‍മോചിതരാക്കാന്‍ സൈനിക മേധാവികള്‍ നിര്‍ബന്ധിതരായത്, ""അറബ് വസന്ത""ത്തിന്റെ തുടര്‍ചലനങ്ങള്‍ മ്യാന്‍മറിലും എത്തുമെന്ന ഭീതി ആയിരുന്നു. ""അറബ് വസന്ത""ത്തിന്റെ മാതൃകയില്‍ ജനാധിപത്യത്തിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍നിന്ന് ആങ് സാന്‍ സൂകിയെയും എന്‍എല്‍ഡിയെയും അമേരിക്കന്‍ അധികാരികള്‍ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. 2010ല്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച സൂകിയും സംഘവും ഇപ്പോള്‍ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സാഹചര്യം ഇതാണ്. ജനാധിപത്യത്തിനായുള്ള അമേരിക്കയുടെ മുറവിളികളുടെ പൊയ്മുഖം ത്വരയുടെ തനിനിറം മ്യാന്‍മറില്‍ വീണ്ടും വെളിച്ചത്തായിരിക്കുന്നു. തുരങ്കത്തിന്റെ വിദൂരമായ മറുവശത്തെങ്കിലും വെളിച്ചത്തിന്റെ കിരണം മ്യാന്‍മര്‍ ജനതയ്ക്ക് കാണാന്‍ ഇനിയും കാത്തിരിപ്പ് തുടരേണ്ടതായി വരും.

*
പി വി അഖിലേഷ് ചിന്ത വാരിക

No comments: