Friday, April 6, 2012

യുഡിഎഫിന്റെ വര്‍ഗീയാശ്രിതത്വം

പിറവം ഉപതെരഞ്ഞെടുപ്പിലെ വിജയവും അതിന് തൊട്ടുമുമ്പ് നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ കാലുമാറ്റിച്ചതും ഐക്യജനാധിപത്യമുന്നണിയെ വലിയൊരു പതനത്തിലെത്തിച്ചിരിക്കുന്നു. പത്തുമാസം പ്രായമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കുംവിധം ഒരു പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

കഷ്ടിച്ച് രണ്ട് സീറ്റിന്റെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് അധികാരത്തില്‍ കയറിയത്. സാമുദായിക വര്‍ഗീയശക്തികളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി, എല്ലാ ജീര്‍ണതയും ഉപയോഗപ്പെടുത്തിയാണ് രണ്ട് സീറ്റിന്റെയെങ്കിലും ജയം നേടിയത്. പിറവം ഉപതെരഞ്ഞെടുപ്പിലാകട്ടെ അതിന്റെയും ഉയര്‍ന്ന രൂപമാണ് കണ്ടത്. പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷമുണ്ടായ ഘട്ടത്തില്‍ ""അതിന്റാള് നമ്മളാ"" എന്നു പറയാത്ത സംഘടനകള്‍പോലും പിറവം തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവകാശവാദമുന്നയിച്ചു. യുഡിഎഫിന്റെ വിജയം ജാതി- മതശക്തികളുടെ പിന്തുണകൊണ്ടുണ്ടായ ജയമാണെന്ന് ഓരോ ജാതി- സാമുദായിക സംഘടനയും അവകാശപ്പെടുന്നു. എല്ലാ സമുദായസംഘടനയിലെയും അധികാരം കൈയാളുന്ന ഒരുപിടിപേര്‍ക്ക് ചോദിക്കുന്നതെല്ലാം വാരിക്കോരി കൊടുത്തും വാഗ്ദാനംചെയ്തും തികച്ചും ജീര്‍ണമായ ഒരു ജയമാണ് പിറവത്ത് യുഡിഎഫ് നേടിയത്.

പിറവത്ത് അനൂപ് ജേക്കബ് ജയിച്ചാല്‍ ഉടന്‍ മന്ത്രിയാക്കും, പിതാവ് കൈകാര്യംചെയ്ത ഭക്ഷ്യ- സിവില്‍സപ്ലൈസ്വകുപ്പുതന്നെ നല്‍കുമെന്നത് കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പിറവത്ത് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പ്രഖ്യാപിച്ചതാണ്. അപ്പോള്‍ത്തന്നെ പിറവത്ത് ഞാന്‍ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി- മന്ത്രിസ്ഥാന വാഗ്ദാനത്തിലൊന്നും കാര്യമില്ല. മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാംമന്ത്രി ഇപ്പോഴും തെക്കുവടക്ക് നടക്കുകയല്ലേ എന്നാണ് ഞാന്‍ ചോദിച്ചത്. അന്നുതന്നെ ഹൈദരലി ശിഹാബ് തങ്ങള്‍ അതിന് മറുപടി നല്‍കി- അനൂപ് ജേക്കബും ലീഗിന്റെ അഞ്ചാംമന്ത്രിയും ഒരേദിവസം സത്യപ്രതിജ്ഞചെയ്യുമെന്ന്. ഒരുനിമിഷമെങ്കില്‍ ഒരുനിമിഷംമുമ്പ് മന്ത്രിയാവുക എന്ന വ്യഗ്രതയോടെ ഫലപ്രഖ്യാപനത്തിന് പിറ്റേന്നുതന്നെ അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞചെയ്തു. അതുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടു. യുഡിഎഫിന്റെ പ്രധാന പ്രോത്സാഹകരായ രണ്ടു പ്രമുഖ സമുദായ സംഘടനാ നേതാക്കള്‍ ഒരേപോലെ രോഷാകുലരായി ചോദിക്കുന്നു- ആ ചെറുപ്പക്കാരനെ തെക്കുവടക്ക് നടത്തിക്കുന്നതിന് ന്യായീകരണമെന്ത്?

അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നതെപ്പോഴോ അപ്പോള്‍ അഞ്ചാംമന്ത്രി സത്യപ്രതിജ്ഞചെയ്യുമെന്നതില്‍ വിട്ടുവീഴ്ചയേയില്ലെന്ന് ലീഗ് അന്ത്യശാസനം നല്‍കിയിരിക്കുന്നു. അവിടെയും നിര്‍ത്താതെ രാജ്യസഭയില്‍ ഒഴിവുള്ള രണ്ടില്‍ ഒരു സീറ്റ് ലീഗിന് തന്നേതീരൂ എന്നും അവകാശവാദം വന്നിരിക്കുന്നു. ബി വി അബ്ദുള്ളക്കോയമുതല്‍ സമദാനിവരെ രാജ്യസഭാംഗമായിരുന്നതാണ്. പിന്നെ ഇപ്പോള്‍ സീറ്റ് നിഷേധിക്കുന്നതിന് എന്തു ന്യായീകരണമെന്നതാണ് ചോദ്യം. രണ്ടില്‍ ഒരു രാജ്യസഭാ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്ന് മാണിയും പറയുന്നു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ യുഡിഎഫില്‍ സമ്മര്‍ദംചെലുത്താമെങ്കില്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന് പിന്തുണ നല്‍കാമെന്ന് മാണി അറിയിച്ചിരിക്കുന്നു.

അതായത് പിറവം ഉപതെരഞ്ഞെടുപ്പിലെ വിജയം ഐക്യജനാധിപത്യമുന്നണിയുടെ അടിത്തറതന്നെ മാന്തിക്കൊണ്ടിരിക്കുകയാണ്. ലീഗിന് അഞ്ചാമത് മന്ത്രിസ്ഥാനം നല്‍കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്ന് കെപിസിസി നേതൃയോഗം ഒറ്റക്കെട്ടായി വിലയിരുത്തിയെന്നാണ് വാര്‍ത്ത. ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയായിരിക്കും അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന് നേതൃയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. അഞ്ചാംമന്ത്രിയെ നല്‍കണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഉത്തരവിനുവേണ്ടി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഡല്‍ഹിയിലേക്ക് പോയിരിക്കുന്നു.

മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനം തകര്‍ക്കുമോ എന്ന ചോദ്യവും ഉത്തരവും കോണ്‍ഗ്രസ്തന്നെയാണ് അഴിച്ചുവിട്ടിരിക്കുന്നത്, എല്‍ഡിഎഫോ സിപിഐ എമ്മോ അല്ല. യുഡിഎഫില്‍ ആരു മന്ത്രിയാകുന്നുവെന്നത് അവരുടെ കാര്യമാണ്. മതാധിഷ്ഠിത- വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് ആപല്‍ക്കരമാണെന്ന തിരിച്ചറിവുള്ളവരാണ് ഇടതുപക്ഷം. മുസ്ലിംലീഗ് ഒരു മതാധിഷ്ഠിത പാര്‍ടിയാണ്. ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ആ പാര്‍ടിക്കുള്ളത്. ആ പാര്‍ടിയുടെ നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ കേരള ഭരണം നടക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസരംഗവും പത്തുമാസംകൊണ്ട് എത്രമാത്രം കലുഷമാക്കി എന്നതുമാത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇപ്പോള്‍ത്തന്നെ ഭരണം ലീഗിന്റെ കൈയിലല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെ രൂക്ഷമായി എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെ, എതിര്‍ക്കുന്നതിനുപകരം പ്രതിപക്ഷനേതാവ് പ്രശ്നം വര്‍ഗീയവല്‍ക്കരിച്ചു എന്ന് ആക്ഷേപിക്കുകയാണ് ലീഗ് നേതാക്കള്‍ ചെയ്തത്. കെപിസിസി യോഗം കഴിഞ്ഞതോടെ അതിന്റെ പൊരുള്‍ വ്യക്തമായിക്കഴിഞ്ഞു. മന്ത്രിസഭയില്‍ ഓരോസമുദായത്തിലുംപെട്ട അംഗങ്ങള്‍ ഇത്രയിത്ര വേണമെന്ന് ശഠിക്കാന്‍ പാടില്ല. സമുദായത്തിന്റെ വലിപ്പച്ചെറുപ്പം അതിന്റെ മാനദണ്ഡമാകരുത്. കോണ്‍ഗ്രസില്‍നിന്ന് ഓരോ മതവിഭാഗത്തില്‍പ്പെട്ടവര്‍ മന്ത്രിയാകുന്നതുപോലെയല്ല, മുസ്ലിംലീഗില്‍നിന്നും കേരള കോണ്‍ഗ്രസില്‍നിന്നും മന്ത്രിമാരാകുന്നത്. പ്രതിനിധാനംചെയ്യുന്നത് മതനിരപേക്ഷ രാഷ്ട്രീയപാര്‍ടിയെയാണോ മതാധിഷ്ഠിത പാര്‍ടിയെയാണോ എന്നതാണ് പ്രശ്നം.

ഈ പ്രശ്നം മന്ത്രിമാരുടെ എണ്ണത്തില്‍മാത്രം ഒതുങ്ങില്ല. അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ വര്‍ഗീയാശ്രിതത്വം, ലീഗിന്റെ മേല്‍ക്കോയ്മയ്ക്ക് കീഴടങ്ങല്‍ അവസാനിക്കാന്‍ പോകുന്നില്ല. ലീഗിനെ ഭയന്ന് ഒരടിമുന്നോട്ടുവയ്ക്കാന്‍ കഴിയാത്ത ഗതികേടിലാണല്ലോ ഉമ്മന്‍ചാണ്ടി. കാസര്‍കോട്ട് ലീഗ് നടത്തിയ വര്‍ഗീയാതിക്രമം അന്വേഷിച്ച നിസാര്‍ കമീഷന്‍ പിരിച്ചുവിട്ടതും മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയും നാദാപുരം സ്ഫോടനവും അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി പ്രദീപ്കുമാറിനെ മാറ്റിയതും കാസര്‍കോട്ടും നാദാപുരം മേഖലയിലും ലീഗും തീവ്രവാദികളും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ തടയുന്നതിന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് നടപടി എടുക്കാത്തതും കണ്ണൂര്‍ ജില്ലയില്‍ പൊലീസിനെ ലീഗിന്റെ ആജ്ഞാനുവര്‍ത്തികളാക്കി സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ പെടുത്തുന്നതും ഉള്‍പ്പെടെ എല്ലാ കാര്യത്തിലും ഭരണത്തിലെ മുസ്ലിംലീഗ് മേധാവിത്വം പ്രകടമാണ്. അതായത് അഞ്ചാം മന്ത്രിസ്ഥാനമല്ല പ്രശ്നം. സര്‍ക്കാരിന്റെ നയമാണ്. മുസ്ലിംലീഗിനും സാമുദായിക വര്‍ഗീയശക്തികള്‍ക്കും കീഴടങ്ങി കേരളത്തെ പിറകോട്ടുതള്ളുന്നതാണ് പ്രശ്നം. വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ് പ്രശ്നം. അക്കാര്യം പറയാതെ കേവലം അഞ്ചാമത് മന്ത്രിയെ നല്‍കാനാകില്ലെന്ന് പറയുന്നതുകൊണ്ടുമാത്രം കാര്യമില്ല.

പിറവം ഉപതെരഞ്ഞെടുപ്പിനുമുന്നോടിയായി യുഡിഎഫ് നടത്തിയ കുതിരക്കച്ചവടവും അവരെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് പരസ്യപ്രസ്താവന നടത്തിയ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, നെയ്യാറ്റിന്‍കരയിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥി തമ്പാനൂര്‍ രവി തുടങ്ങിയവര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രി പറയുന്നത് "സാമൂഹ്യസംഘട"കളുടെ താല്‍പ്പര്യം കണക്കിലെടുക്കണമെന്നാണ്. ഏത് സാമൂഹ്യസംഘടനകളുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടത്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണ് നെയ്യാറ്റിന്‍കര. രാജാധിപത്യത്തിനും ദിവാന്‍ഭരണത്തിലെ അനീതികള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തി. തന്റെ അഭിപ്രായങ്ങളില്‍നിന്ന് കാലുമാറിയിരുന്നെങ്കില്‍ വലിയ അധികാരസ്ഥാനം കൈയാളാമായിരുന്നിട്ടും അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ശിക്ഷ ഏറ്റുവാങ്ങുകയാണ് രാമകൃഷ്ണപിള്ള ചെയ്തത്. അങ്ങനെയുള്ള സ്വദേശാഭിമാനിയുടെ നാട്ടില്‍ ഒരു തത്ത്വദീക്ഷയുമില്ലാതെ ഇന്നലെ കാലുമാറി എത്തിയ ആളെ സ്ഥാനാര്‍ഥിയാക്കാന്‍ ലജ്ജയില്ലാതായിരിക്കുന്നു കോണ്‍ഗ്രസിന്. അതിന് മറയിടാന്‍ "സാമൂഹ്യസംഘട"കളുടെ അഭിപ്രായവും കണക്കിലെടുക്കേണ്ടേ എന്ന് ഉമ്മന്‍ചാണ്ടി. ഏത് സാമൂഹ്യസംഘടനയെന്ന് വെളിപ്പെടുത്താന്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കെപിസിസിക്കും ഉമ്മന്‍ചാണ്ടിക്കും ആര്‍ജവമുണ്ടോ?

വാസ്തവത്തില്‍ പിറവം തെരഞ്ഞെടുപ്പുവിജയവും അഞ്ചാം മന്ത്രിസ്ഥാനവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്രശ്നവും യുഡിഎഫിന്റെ അടിത്തറ മാന്തുന്നതിന്റെ തുടക്കംകുറിച്ചിരിക്കുന്നു.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 06 ഏപ്രില്‍ 2012

No comments: