Tuesday, April 3, 2012

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൈക്കൊള്ളേണ്ടത്

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയായ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന് ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോട് വേദിയാവുന്നു. പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത് ഇത് നാലാംതവണ. 1956ല്‍ പാലക്കാട് നാലാം കോണ്‍ഗ്രസിനും 1968ല്‍ കൊച്ചി എട്ടാം കോണ്‍ഗ്രസിനും 1989ല്‍ തിരുവനന്തപുരം 13-ാം കോണ്‍ഗ്രസിനും ആതിഥ്യമരുളി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണത്തിന് വേദിയായ കോഴിക്കോട് ഇന്ന് പാര്‍ടിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നായകര്‍ കോഴിക്കോട്ടെത്തുന്നത് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോടുവരെയുള്ള നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമാണ്.

തൊണ്ണൂറുകളിലെ തിരിച്ചടികളില്‍ നിന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനം ഫീനിക്സിനെപ്പോലെ ചിറകടിച്ചുയരുന്ന സവിശേഷമായ സാര്‍വദേശീയ സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് ചേരുന്നത്. സാമ്രാജ്യത്വം നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അതിശക്തമായി അടിച്ചേല്‍പ്പിക്കുമ്പോള്‍ തന്നെ അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. അമേരിക്കയുടെ സാമന്തരാജ്യങ്ങളിലെ ഭരണാധികാരികളില്‍ കിടിലം വിതച്ചുകൊണ്ട് പ്രക്ഷോഭങ്ങള്‍ പടരുകയാണ്. സൈനികമായ ഇടപെടലുകളിലൂടെ സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൈക്കൊള്ളേണ്ട അടവുകള്‍ക്ക് രൂപം നല്‍കുന്ന പാര്‍ടി കോണ്‍ഗ്രസിനെക്കുറിച്ച് മുതിര്‍ന്ന സിപിഐ എം നേതാവായ എസ് രാമചന്ദ്രന്‍പിള്ള സംസാരിക്കുന്നു:

?ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി കുറഞ്ഞുവെന്ന പ്രചാരണം ശക്തമാവുന്ന കാലത്താണ് കോഴിക്കോട്ട് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്.

സിപിഐ എമ്മിന്റെ പ്രസക്തി കുറഞ്ഞിരിക്കുന്നു എന്ന പ്രചാരണമുണ്ട്. യഥാര്‍ഥത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് പാര്‍ടിയായി മാത്രം സിപിഐ എമ്മിനെ കണ്ടുകൊണ്ടാണ് ഈ പ്രചാരണം. ആഗോളവല്‍ക്കരണം, അമേരിക്കന്‍ സാമ്രാജ്യത്വ മേധാവിത്വം തുടങ്ങിയ പ്രശ്നങ്ങളാണ് ഇന്നത്തെ പ്രധാന പ്രശ്നങ്ങള്‍. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളുമല്ലാതെ ആരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്താനും സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമേ ഉള്ളൂ. ഇക്കാര്യങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള ഏകപ്രസ്ഥാനമാണിത്. അതുകൊണ്ട് ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കയാണെന്ന് നിസ്സംശയം പറയാം. 2004-2008 കാലത്ത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെ വളരുമെന്ന് കണക്കാക്കിയിരുന്നില്ല. പ്രയാസങ്ങളുണ്ടാവുമെന്ന് അറിയാമായിരുന്നു. രാജ്യം നേരിട്ട അത്യാപത്ത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അങ്ങനെ നിലപാടെടുത്തുവെന്ന് മാത്രം. ഏറ്റവും വലിയ ആപത്തായ വര്‍ഗീയതയും അഴിമതിയും മുദ്രയാക്കിയ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചുവെന്ന് മാത്രം.

ഇന്ന് ഇടതുപക്ഷ പിന്തുണയില്ലാതെ കോണ്‍ഗ്രസ് ഭരിക്കുന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതായെന്നാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും പ്രചരിപ്പിക്കുന്നത്. മൂന്നാം മുന്നണി ഇന്നില്ല. ചില പാര്‍ടികള്‍ കോണ്‍ഗ്രസിനൊപ്പവും ചിലര്‍ ബിജെപിക്കൊപ്പവുമാണ്. പ്രാദേശിക കക്ഷികള്‍ മാറിമാറി നിലപാട് എടുക്കുമെന്നുറപ്പാണ്. 1978ല്‍ തന്നെ ഇത്തരം പാര്‍ടികളുടെ അടിസ്ഥാന സ്വഭാവം വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള അധികാരപ്രാപ്തി ലക്ഷ്യമിട്ടായിരിക്കും ഈ മാറ്റം മറിച്ചില്‍. അതതുകാലത്തെ രാഷ്ട്രീയസ്ഥിതി പ്രയോജനപ്പെടുത്താനുദ്ദേശിച്ചാണ് ഇവരുമായി ഇടതുപക്ഷം സഖ്യത്തിലേര്‍പ്പെടാറുള്ളത്. ഇന്ന് മൂന്നാം മുന്നണിയില്ലെന്നും കേരളത്തിലും ബംഗാളിലും ഇടതുപക്ഷം തോറ്റു എന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ എമ്മിന് പ്രസക്തിയില്ലെന്ന വാദം. ഇന്ന് ആഗോളവല്‍ ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും എതിര്‍ക്കാനും പാവപ്പെട്ടവരുടെ താല്‍പ്പര്യമുയര്‍ത്തി പോരാടാനും സിപിഐ എം അല്ലാതെ മറ്റൊരു പാര്‍ടിയില്ല.

തെരഞ്ഞെടുപ്പ് ജയ പരാജയങ്ങളെ ആസ്പദമാക്കി കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസക്തി വിലയിരുത്തുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് പാര്‍ടിയല്ല ഇത്. പാര്‍ലമെന്റിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളിലൂടെ വലിയ പ്രസ്ഥാനം വളര്‍ത്താനാണ് പരിശ്രമം. ഫെബ്രുവരി 28ലെ പണിമുടക്കില്‍ പത്തുകോടി ജനങ്ങളാണ് പങ്കെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്ക്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ട്രേഡ് യൂണിയന്‍ രംഗത്ത് നടത്തിയ ദീര്‍ഘകാലത്തെ സമര്‍ഥമായ ഇടപെടലുകളുടെ ഫലമാണിത്. ആഗോളവല്‍ക്കരണത്തിനും നവലിബറല്‍ നയങ്ങള്‍ക്കും അതുയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കുമെതിരെയുള്ള രാഷ്ട്രീയ ഇടപെടലാണ് ഈ പണിമുടക്ക്. വിവിധ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ സമരങ്ങള്‍ ഈ പാര്‍ടിയുടെ പ്രസക്തിയാണ് വ്യക്തമാക്കുന്നത്. സമ്മേളനങ്ങളിലെ വന്‍ ബഹുജന പങ്കാളിത്തം ജനങ്ങള്‍ നമ്മെ ഉറ്റുനോക്കുന്നതിന് തെളിവാണ്. തമിഴ്നാട് സംസ്ഥാന സമ്മേളന റാലിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. അസമിലും ബംഗാളിലുമെല്ലാം വന്‍ ജനാവലിയാണ് സമ്മേളനത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലായിരിക്കാം. എങ്കിലും പുതിയ വിഭാഗം ജനങ്ങള്‍ സിപിഐ എമ്മിനോടൊപ്പം വന്നുചേരുന്നുണ്ട്.

?പ്രത്യയശാസ്ത്ര രേഖയുടെ ഊന്നല്‍ എന്തിലാണ്.

പ്രത്യയശാസ്ത്ര രേഖ കൈകാര്യം ചെയ്യുന്ന വിഷയം ഇന്ത്യയില്‍ മുതലാളിത്ത വികസനത്തിനും നവ ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും ബദലായി എന്ത് സോഷ്യലിസ്റ്റ് ബദല്‍ ഉയര്‍ത്തണമെന്നതാണ്. ചൈനയുടെയോ സോവിയറ്റ് യൂണിയന്റെയോ വിയറ്റ്നാമിന്റെയോ മാതൃകയല്ല സിപിഐ എം സ്വീകരിക്കുക. ഈ രാജ്യങ്ങളുടെയും ക്യൂബയിലെയും കൊറിയയുടെയും അനുഭവങ്ങള്‍, അല്ലെങ്കില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സോഷ്യലിസം കെട്ടിപ്പടുത്ത അനുഭവങ്ങള്‍ വിലയിരുത്തി ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യത്തില്‍ സോഷ്യലിസം എന്ത് എന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

1950ല്‍ ഇന്ത്യയിലെ വിപ്ലവത്തിന്റെ മാതൃക എന്ത് എന്ന ചര്‍ച്ച നടന്നിരുന്നു. റഷ്യന്‍ മാതൃകയില്‍ പട്ടണം പിടിക്കുക എന്ന റഷ്യന്‍ പാത വേണമെന്നും ഗ്രാമം പിടിച്ച് പട്ടണങ്ങളെ വളയുക എന്ന ചൈനീസ് മാതൃക വേണമെന്നും രണ്ടു വാദങ്ങളുണ്ടായി. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത് ഇന്ത്യന്‍ പാതയാണ്. പട്ടണങ്ങളും ഗ്രാമങ്ങളും ഒരുമിച്ച് ചേര്‍ക്കുന്ന പാത. തൊഴിലാളി കര്‍ഷക ഐക്യത്തിന് പ്രാമുഖ്യമുള്ള ബഹുജന പ്രസ്ഥാനത്തിനാണ് ഇന്ത്യയില്‍ മാറ്റമുണ്ടാക്കാനാവുക. ഇന്ത്യന്‍ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള സോഷ്യലിസ്റ്റ് ബദലാണ് നാം ചര്‍ച്ച ചെയ്യുന്നത്. നവ ഉദാരവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അതുയര്‍ത്തിക്കാട്ടേണ്ടതുണ്ട്. ജനകീയ ജനാധിപത്യവിപ്ലവവും തുടര്‍ന്നുള്ള സോഷ്യലിസവും എങ്ങനെ എന്ന കാഴ്ചപ്പാട് അവതരിപ്പിക്കാനാണ് പ്രത്യയശാസ്ത്രരേഖയില്‍ പരിശ്രമിക്കുന്നത്. ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസം എന്നപോലെ ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തി നമ്മുടെ സമൂര്‍ത്ത സാഹചര്യത്തില്‍ എന്തുതരം സോഷ്യലിസം എന്നാണ് ചര്‍ച്ച ചെയ്യുക.

?ആഗോളമായി തന്നെ മാര്‍ക്സിസത്തിനെതിരെ പ്രത്യയശാസ്ത്ര മേഖലയില്‍ നടക്കുന്ന പ്രചാരണങ്ങളെ എങ്ങനെ നേരിടാനാണ് പദ്ധതി.

സാമ്രാജ്യത്വവും നമ്മെ എതിര്‍ക്കുന്നവരും നടത്തുന്ന പ്രചാരവേലയെയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയെയും എങ്ങനെ നേരിടണമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഉദാഹരണത്തിന് ഉത്തരാധുനികത. ഉത്തരാധുനികത നിഷേധിക്കുന്നത് ശാസ്ത്രനേട്ടങ്ങളെയും എല്ലാ പൊതുസമീപനങ്ങളെയും തൊഴിലാളി വര്‍ഗത്തെയുമാണ്. കൊച്ചു കൊച്ചു സ്വത്വങ്ങളെയും അതിന്റെ കൂട്ടായ്മകളെയുമാണ് അവര്‍ കാണുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്വരാഷ്ട്രീയം വരുന്നത്. തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഇടത്തരക്കാരെയും ജീവനക്കാരെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കി ജനങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമമാണ് സ്വത്വരാഷ്ട്രീയത്തിന്റേത്. ഇത് സാമ്രാജ്യത്വതാല്‍പ്പര്യം പരിരക്ഷിക്കാന്‍ വേണ്ടിയാണ്. ഇതിനുവേണ്ടിയാണ് എന്‍ജിഒ ഫണ്ടിങ്. വര്‍ഗ സംഘടനകളെ ദുര്‍ബലമാക്കാനാണ് ഇത്തരം ഫണ്ടിങ്ങും മറ്റും.

കോര്‍പറേറ്റ് മാധ്യമങ്ങളും ഇതേ ദൗത്യമാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ പണിമുടക്കിന് കൊച്ചിയിലെത്തിയ സഞ്ചാരികള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നാണ് കേരളത്തിലെ കുത്തക പത്രങ്ങള്‍ ചിത്രീകരിച്ചത്. ഡല്‍ഹിയില്‍ തൊഴിലാളികളോ കര്‍ഷകരോ പ്രകടനം നടത്തിയാലും അവിടുത്തെ പത്രങ്ങള്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നാണ് ചിത്രീകരിക്കുക. പ്രക്ഷോഭങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കുകയാണവര്‍. അതേസമയം അണ്ണാഹസാരെക്കും മാവോയിസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും അമിതപ്രാധാന്യം നല്‍കുക. സിപിഐ എം അല്ല, ഈ വിഭാഗമാണ് യഥാര്‍ഥ ഇടതുപക്ഷമെന്നും സിപിഐ എമ്മിന്റെ വിപ്ലവച്ചൂട് നഷ്ടപ്പെട്ടുവെന്നും മനഃപൂര്‍വം പ്രചരിപ്പിക്കുകയാണ്. ഇവരൊക്കെയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഇടതുപക്ഷത്തില്‍നിന്ന് അകറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഈ കള്ളപ്രചാരവേലയെയും ഇതുയര്‍ത്തുന്ന വെല്ലുവിളികളെയും നേരിടുകയെന്നത് സിപിഐ എമ്മിന്റെ പ്രധാന ചുമതലയാണ്. ഇക്കാര്യം പ്രത്യയശാസ്ത്രരേഖയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു.

?നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ സാധ്യതകളെയും വെല്ലുവിളികളെയും എങ്ങനെയാണ് സമീപിക്കുന്നത്

വാള്‍സ്ട്രീറ്റിലും യൂറോപ്പിലെയും അറബ് രാജ്യങ്ങളിലെയും നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളും ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ മാറ്റവും ഒരേ സ്വഭാവത്തിലുള്ളതാണെന്ന വിലയിരുത്തല്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുതന്നെയുണ്ട്. അത് ശരിയല്ല. നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരായ പ്രതിഷേധം ഇതിനുപിന്നിലുണ്ട്.

ഓരോ പ്രക്ഷോഭത്തിനും ഓരോ സ്വഭാവമുണ്ട്. ആ സ്വഭാവം നോക്കാതെ എല്ലാം ഒരുപോലെയാണെന്ന വിലയിരുത്തല്‍ ശരിയല്ല. ലാറ്റിന്‍ അമേരിക്കയില്‍ നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ സ്വഭാവമാര്‍ജിക്കുകയും പുരോഗമന ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകള്‍ അവിടെ നിലവില്‍ വരികയും ചെയ്തു. ഗ്രീസിലും പോര്‍ച്ചുഗലിലുമുള്ള പ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഇടപെടലുണ്ട്. മറ്റിടങ്ങളില്‍ തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ അണിചേരുന്നുണ്ട്. പക്ഷേ ഇടതുപക്ഷം ഇനിയും ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളിലും ഒട്ടേറെ മുദ്രാവാക്യമുയര്‍ത്തുന്നുണ്ട്. ഒട്ടേറെ ജനവിഭാഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഇടപെടലും തിരിച്ചുവിടലുമുണ്ടാവണം. അല്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ വഴിതെറ്റിപ്പോകാന്‍ ഇടയുണ്ട്. തൊണ്ണൂറുകളിലെ തിരിച്ചടികളില്‍ നിന്ന് കരുത്താര്‍ജിച്ച് തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഈ പ്രക്ഷോഭങ്ങളെ എങ്ങനെ സമര്‍ഥമായി തിരിച്ചുവിടുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ വേഗം. പലയിടത്തും കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. എങ്കിലും പ്രക്ഷോഭം വഴിതിരിഞ്ഞുപോകാം.

1930കളില്‍ സാമ്പത്തിക മാന്ദ്യത്തോടുള്ള ജനരോഷത്തിനൊടുവില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകളാണ് അധികാരത്തില്‍ വന്നത്. തൊഴിലാളിവര്‍ഗം മുന്നോട്ടുവന്നത് രണ്ടാംലോകയുദ്ധത്തിനുശേഷമാണെന്നോര്‍ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭം ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കും. ലിബിയയിലും ഈജിപ്തിലും ഈ പ്രക്ഷോഭം ശരിയായ വഴിയിലല്ല മുന്നേറിയത്. ഓരോ രാജ്യങ്ങളിലുമുള്ള പ്രക്ഷോഭങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ഇടപെടലുണ്ട്. ലിബിയയിലും മറ്റും മതവിഭാഗങ്ങളുടെ അമേരിക്കന്‍ വിരോധവും അമേരിക്കന്‍ അനുകൂല സര്‍ക്കാരുകളോടുള്ള പ്രതിഷേധവുമുണ്ട്. നവ ഉദാരവല്‍ക്കരണത്തിനെതിരെയുള്ള ജനരോഷത്തെ തിരിച്ചുവിടാന്‍ മതവും സാമ്രാജ്യത്വവും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തിപ്പെടുംവരെ ഈ ആപത്ത് നിലനില്‍ക്കും. ആ രാഷ്ട്രീയത്തിന്റെ ഇടപെടലിനെയും തിരിച്ചുവിടലിനെയും ആശ്രയിച്ചായിരിക്കും ഈ സമരത്തിന്റെ ദിശ. ഇടതുപക്ഷക്കാര്‍ പോലും ഈ പ്രക്ഷോഭങ്ങളെ ലളിതവല്‍ക്കരിക്കുന്ന സ്ഥിതിയുണ്ട്.

?ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി-കോണ്‍ഗ്രസ് ധ്രുവീകരണം ശക്തമാവുകയാണല്ലോ.

ഒരു ഭാഗത്ത് കോണ്‍ഗ്രസും കൂട്ടുകാരും മറുഭാഗത്ത് ബിജെപിയും അവരുടെ കൂട്ടുകാരുമാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും അവരോടൊപ്പം നില്‍ക്കുന്ന പ്രാദേശിക പാര്‍ടികളുമെല്ലാം നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ തുടരണമെന്ന് വാദിക്കുന്നവരാണ്. ഈ രണ്ടു പക്ഷവുമായി കൂട്ടുചേരാത്തവരുമുണ്ട്. ജയലളിതയുടെ എഐഎഡിഎംകെ, നവീന്‍ പട്നായിക്കിന്റെ ബിജെഡി, തെലുഗുദേശം പാര്‍ടി എന്നിവ. ഇവരും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ എതിര്‍ക്കാന്‍ രംഗത്തുവരുന്നില്ല. അമേരിക്കന്‍ മേധാവിത്വത്തെയും എതിര്‍ക്കാന്‍ തയ്യാറല്ല. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമുള്ള ബദല്‍ എന്നത് നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനുമുള്ള ബദല്‍ ആണ്. ആ ബദല്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മാത്രം. ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തി ജനങ്ങളെയും രാഷ്ട്രീയ ശക്തികളെയും അണിനിരത്താനാണ് സിപിഐ എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തി വളര്‍ത്താന്‍ രണ്ടു പക്ഷത്തും ചേരാത്ത പാര്‍ടികളുമായി സഖ്യമുണ്ടാക്കും. പക്ഷേ നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരെയുള്ള പോരാട്ടത്തിലും നിലപാടുകളിലും വെള്ളം ചേര്‍ക്കില്ല.

തെരഞ്ഞെടുപ്പു വന്നാല്‍ അക്കാലത്തേക്ക് മാത്രമായി ചില പാര്‍ടികളുമായി സഖ്യമുണ്ടാക്കാം. പക്ഷേ നയങ്ങള്‍ക്ക് ബദലായ സഖ്യത്തിന് ഇവരെ കിട്ടില്ല. കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന് ബദല്‍ ഉയര്‍ത്തിക്കാട്ടുക, തെരഞ്ഞെടുപ്പുകാലത്ത് മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ താല്‍ക്കാലിക തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുക എന്ന നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ നവ ഉദാരവല്‍ക്കരണത്തെയും അമേരിക്കന്‍ മേധാവിത്വത്തെയും എതിര്‍ക്കുന്ന പാര്‍ടികളെയാണ് ജനാധിപത്യ പാര്‍ടികളെന്നു വിളിക്കാനാവുക. എഐഎഡിഎംകെ, ബിജെഡി, ടിഡിപി എന്നിവ ഈ ഗണത്തില്‍ പെടുന്നില്ല.

?പോസ്കോ, ജെയ്താപുര്‍ എന്നിവിടങ്ങളിലേതുപോലുള്ള അസംഖ്യം സമരങ്ങള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്നു. പക്ഷേ ഇവ ഏകോപിപ്പിക്കുന്നതില്‍ ഫലപ്രദമായി ഇടപെടാന്‍ ഇടതുപക്ഷത്തിനാവുന്നുണ്ടോ.

നവ ഉദാരവല്‍ക്കരണനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പല സമരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. രണ്ടു തരത്തിലാണ് ഇത്തരം സമരങ്ങളെ സമീപിക്കുന്നത്. എവിടെ മനുഷ്യര്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ അവിടെയൊക്കെ ഇത്തരം ചെറുത്തുനില്‍പ്പുണ്ടാവണം. അവിടെ സിപിഐ എം മുന്നില്‍ വരണം.

മറ്റൊന്ന് ഇപ്പോഴത്തെ നയങ്ങള്‍ക്ക് നമ്മുടെ ബദല്‍ മുന്നോട്ടുവയ്ക്കണം. ഭൂപരിഷ്കരണവും പൊതുമേഖലയുടെ പ്രാധാന്യവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ മുന്നോട്ടുവച്ച് ജനങ്ങളെ അണിനിരത്തണം.

?സമീപകാലത്ത് അങ്ങനെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ

തീര്‍ച്ചയായും. സമരഫലമായി ജെയ്താപുരില്‍ ഇപ്പോള്‍ പ്രവര്‍ത്തനം തടഞ്ഞുനിര്‍ത്തിയിരിക്കയാണ്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത് സമരത്തിന്റെ തുടര്‍ച്ചയാണ്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ ലക്ഷ്യംവയ്ക്കുന്ന ബില്ലുകള്‍ പാസാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കുന്നതിനുള്ള നീക്കം കേന്ദ്രം നിര്‍ത്തിവച്ചിരിക്കയാണ്. ശക്തമായ ഇടപെടലുകളുടെ ഫലമായാണിത്. ഇടപെടല്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ട്.

?ഇങ്ങനെയുള്ള സമരങ്ങളെ ഏകോപിപ്പിക്കാന്‍ പാര്‍ടി കോണ്‍ഗ്രസില്‍ എന്ത് തീരുമാനമാണുണ്ടാവുക

ഇത്തരം സമരങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് രാഷ്ട്രീയപ്രമേയത്തിലെ പ്രധാന ആഹ്വാനം. കൊച്ചുകൊച്ചു സമരങ്ങള്‍ രാജ്യത്താകമാനം കെട്ടഴിച്ചു വിടാനും എവിടെ അടിച്ചമര്‍ത്തലുണ്ടോ അവിടെയൊക്കെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനുമാണ് ധാരണ. രണ്ടാമത്തേത് പ്രത്യയശാസ്ത്ര തലത്തിലാണ്. എതിരാളികളുടെ നയത്തിനെതിരെ ബദല്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണങ്ങളും സമരങ്ങളും നടത്തുക. സൂക്ഷ്മതലത്തിലും അല്ലാതെയും.

?അതുതന്നെയാണല്ലോ ലാറ്റിന്‍ അമേരിക്കന്‍ പാഠം

അതെ. അവര്‍ കൊച്ചു സമരങ്ങള്‍ വളര്‍ത്തി ജനങ്ങളെ ഉണര്‍ത്തി. അവരുമായി ബന്ധം സ്ഥാപിച്ചു. പിന്നെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ കണ്ടുകെട്ടിയും സ്വകാര്യമേഖലയിലുള്ളവ പൊതുമേഖലയിലേക്ക് തിരിച്ചുകൊണ്ടുവന്നും ഭൂപരിഷ്കരണം നടപ്പാക്കിയുമാണ് അവര്‍ മുന്നേറിയത്.

?യുപിയില്‍ മുലായവുമായി സിപിഐ എം സഖ്യത്തിലായിരുന്നില്ല. ബിഹാറിലും തനിച്ചാണ് മത്സരിച്ചത്. അതുകൊണ്ട് എന്തു ഗുണമാണുണ്ടായത്.

പാര്‍ടി വളരെ സജീവമായി. മുമ്പ് അവരെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷ ഐക്യവും ശക്തമായി. ഓരോ സംസ്ഥാനത്തും അവസ്ഥ ഭിന്നമാണ്. ബിഹാറില്‍ ഇടതുപക്ഷ ഐക്യം മുന്നോട്ടുവച്ചത് ഫലപ്രദമായി. പഞ്ചാബിലും യുപിയിലും അത് ശരിയാവില്ല. അടവ് പലയിടത്തും പലതാവും.

സമരങ്ങളെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുന്ന തരത്തിലാണ് സിപിഐ എം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത്. ഹിന്ദി മേഖലയില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പാര്‍ടി കോണ്‍ഗ്രസിലുണ്ടാവുമോ. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ അഞ്ച് മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മുന്‍ഗണനാ സംസ്ഥാനങ്ങള്‍. ഇവിടങ്ങളില്‍ മാത്രമല്ല, ഹിന്ദി മേഖലയിലെ ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സംഘടന കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു ജയം പെട്ടെന്നുണ്ടാവുമെന്ന് കരുതരുത്. ഹരിയാനയില്‍ പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും അംഗത്വം മൂന്നിരട്ടി വര്‍ധിച്ചു. അവിടെ ഖാപ് പഞ്ചായത്തിനെതിരെ രംഗത്തുവന്നതും ദളിത് പ്രശ്നങ്ങള്‍ ഏറ്റെടുത്തതും സംഘടനയെ കൂടുതല്‍ ചടുലമാക്കാന്‍ സഹായിച്ചു. ഹിമാചലിലും രാജസ്ഥാനിലും അതിശക്തമായ സമരങ്ങളിലൂടെ സംഘടന സജീവമായി. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നമ്മുടെ ശക്തിയെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള വിജയം നേടാനായി. ദളിതരുടെയും വികലാംഗരുടെയും പ്രശ്നം ഏറ്റെടുത്തത് ഈ വിഭാഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

സംഘടനക്കും ഗുണമുണ്ടായി. വികലാംഗരുടെ സംഘടനയില്‍ അഞ്ചുലക്ഷത്തോളം അംഗങ്ങളുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ദളിത് പ്രശ്നങ്ങളില്‍ പാര്‍ടി ശക്തമായി ഇടപെടുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശില്‍പ്പശാല നടത്തിയാണ് പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നത്. സംസ്ഥാനങ്ങളില്‍ വ്യാപകമായ സര്‍വെ നടത്തി. ദളിത് പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഹരിയാനയാണ് ഏറ്റവും മുന്നില്‍. ഹിന്ദി മേഖലയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ചില ദൗര്‍ബല്യങ്ങളുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ജാതിവ്യവസ്ഥ വളരെയേറെ ശക്തമാണ്.

?ദളിത് പ്രശ്നങ്ങളെ വര്‍ഗ പ്രശ്നവുമായി കൂട്ടിയിണക്കാന്‍ പാര്‍ടിക്ക് കഴിയുന്നുണ്ടോ

അതെ. കേരളത്തില്‍ ചെയ്തത് പോലെ തന്നെ. കര്‍ഷകത്തൊഴിലാളികളെ എടാ, ചെക്കന്‍, പെണ്ണ് എന്നു വിളിക്കുന്നതിനെതിരെ നടത്തിയ സമരങ്ങള്‍ പാര്‍ടിയാണ് ഏറ്റെടുത്തത്. കൂലിക്കൂടുതലിനുവേണ്ടിയുള്ള സമരങ്ങളെ ഇത്തരം സാമൂഹ്യപ്രശ്നങ്ങളുമായി യോജിപ്പിക്കാനായി. കുട്ടനാട്ടിലും പാലക്കാട്ടും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ നടന്ന അതിശക്തമായ സമരങ്ങള്‍ക്ക് സമാനമായ ചെറുത്തുനില്‍പ്പാണ് മറ്റു സംസ്ഥാനങ്ങളില്‍. ആന്ധ്രാപ്രദേശില്‍ ബി വി രാഘവുലുവും ടി വീരഭദ്രവുമൊക്കെ ക്ഷേത്രപ്രവേശനത്തിന് നേതൃത്വം കൊടുത്തു. ദളിത് പ്രശ്നം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നടത്തിയ സൈക്കിള്‍ റാലിക്ക് വന്‍ പിന്തുണയായിരുന്നു.

*
എസ് രാമചന്ദ്രന്‍പിള്ള/ എന്‍ എസ് സജിത് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയായ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന് ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോട് വേദിയാവുന്നു. പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത് ഇത് നാലാംതവണ. 1956ല്‍ പാലക്കാട് നാലാം കോണ്‍ഗ്രസിനും 1968ല്‍ കൊച്ചി എട്ടാം കോണ്‍ഗ്രസിനും 1989ല്‍ തിരുവനന്തപുരം 13-ാം കോണ്‍ഗ്രസിനും ആതിഥ്യമരുളി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണത്തിന് വേദിയായ കോഴിക്കോട് ഇന്ന് പാര്‍ടിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നായകര്‍ കോഴിക്കോട്ടെത്തുന്നത് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോടുവരെയുള്ള നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമാണ്.