Friday, April 20, 2012

ദൈവം നായര്‍

അവസാനം ദൈവത്തിനും ഒരാഗ്രഹം. മനുഷ്യനായി പിറക്കണം. അവതാരങ്ങള്‍ പലതെടുത്തു. വരാഹം, മത്സ്യം, കൂര്‍മം ഇങ്ങനെ നിരവധി. പക്ഷേ മനുഷ്യനായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടില്ല. കാര്യം തന്റെ തന്നെ സൃഷ്ടിയാണെങ്കിലും ഇപ്പോള്‍ എന്താണ് ഈ സാധനം എന്നറിയാനുള്ള ആകാംക്ഷ. അതു മാത്രമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. സൃഷ്ടി കഴിഞ്ഞിട്ട് യുഗങ്ങളായി. കൊഴുപ്പു പോരെങ്കില്‍ യുഗയുഗാന്തരങ്ങളായി എന്ന് നീട്ടിപ്പറയാം.

തന്റെ ഈ സ്വന്തം "പ്രൊഡക്റ്റ്" ഇപ്പോള്‍ എങ്ങനെയാണ് "വര്‍ക്ക്" ചെയ്യുന്നതെന്നറിയണമല്ലൊ! "ഇന്‍ഡസ്ട്രിയല്‍, ഇന്‍ഫര്‍മേഷന്‍ റെവലൂഷ"നുകള്‍ക്കുശേഷം എന്താണ് ഇവമ്മാരുടെ സ്ഥിതി? രൂപഭാവങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്ത്? റൈറ്റ് സഹോദരന്മാരുണ്ടാക്കിയ വിമാനമാണോ ഇപ്പോള്‍ പറക്കുന്നത്! പക്ഷേ പാവം ദൈവം! പുള്ളി ഇപ്പോഴും പഴഞ്ചനാ. ആര്യന്മാരുടെ വരവിന് മുമ്പുള്ള അതേ അവസ്ഥ. കംപ്യൂട്ടറില്ല, ലാപ്ടോപ്പില്ല, ഇ മെയിലില്ല, ഫെയ്സ് ബുക്ക് കൂട്ടായ്മയില്ല, എന്തിന് ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ല. ആധുനിക വസ്ത്രധാരണമില്ല, നഖപരിലാളനമില്ല, കേശാലങ്കാരമില്ല. എന്തിന് മഹാലക്ഷ്മിക്ക് ഒരു ചൂരിദാറു പോലുമില്ല. കാമദേവനുപോലും കാറില്ല, ബൈക്കില്ല, സൈക്കിളു പോലുമില്ല. ദൈവങ്ങള്‍ ഇപ്പോഴും പുരാവസ്തു. ആധുനിക മനുഷ്യനെപ്പോലെ വര്‍ത്തമാനം പോലും പറയില്ല. ശിവനും പാര്‍വതിയും തമ്മിലൊരു "കെമിസ്ട്രി"യുണ്ടെന്ന് ഇപ്പോഴും പറയുന്നില്ല. കുരിശില്‍ തൂങ്ങിക്കിടക്കുന്ന കര്‍ത്താവിന്റെ "ബോഡി ലാംഗ്വേജ്" ആരും ശ്രദ്ധിക്കുന്ന മട്ടില്ല. രാമന്റെ മനസ്സില്‍ ശൂര്‍പ്പണഖക്ക് ഇപ്പോഴും ഒരു "സ്പേസി"ല്ല. പുതിയ ഭാഷ ദൈവത്തിന് മനസ്സിലാവില്ല എന്നാണ് വിശ്വാസികളുടെ വിശ്വാസം. അതാണല്ലൊ ഇപ്പോഴും പഴഞ്ചന്‍ ശൈലിയില്‍ തന്നെ പ്രാര്‍ഥിക്കുന്നത്. "ആപല്‍ബാന്ധവാ രക്ഷിക്കണേ..","ദൈവമേ നീ പരിശുദ്ധനാകുന്നു..","കര്‍ത്താവേ..കൈവെടിയരുതേ.." " ഗുരുവായൂരപ്പാ..കാക്കണേ.." എന്നീ മട്ടാണ് ഇപ്പോഴും. ഉത്തരാധുനികത തിന്നുന്നവരും ഇതുതന്നെ.

"പ്രാര്‍ഥനയുടെ ആശയപരിസരത്ത് നില്‍ക്കുന്ന ഞങ്ങളെ പ്രാന്തവല്‍ക്കരിക്കല്ലെ..."എന്ന് പറഞ്ഞാല്‍ എന്താ തരക്കേട്?.ദൈവത്തിന് പിടികിട്ടില്ലാന്ന് ഉണ്ടോ?. "സങ്കടങ്ങളുടെ നിലപാടുതറയില്‍ നില്‍ക്കുന്ന ഞങ്ങളുടെ ദാരിദ്ര്യം വായിച്ചെടുക്കേണമേ.."എന്നൊന്ന് പ്രാര്‍ഥിച്ചു നോക്ക്. റിസല്‍റ്റുണ്ടാവുമോ എന്നറിയാമല്ലൊ. ദൈവത്തിന് സംസ്കൃതം നല്ല വശമാണ്. അതുകൊണ്ട് നവീന പദസമുച്ചയങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ ദൈവം കേള്‍ക്കാതിരിക്കുകയുമൊന്നുമില്ല. മാത്രമല്ല, ദൈവത്തിനാണെങ്കില്‍ ഇപ്പോള്‍ പരമ സങ്കടമാണ്. ഇവരെന്താ എന്നോടു മാത്രം അപരിഷ്കൃതമായി സംസാരിക്കുന്നതെന്ന വേദന കലശലാണ് താനും. ഒരു ഉത്തരാധുനികനും പള്ളിയിലും അമ്പലത്തിലും ചെന്ന് "ആഗോളീകൃത ലോകത്തില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ട, സാംസ്കാരിക അടയാളങ്ങള്‍ ബഹിഷ്കൃതമാക്കപ്പെട്ട, മിത്തുകളുടെ ഉള്‍ഖനങ്ങളുടെ സംഘാതസംഘര്‍ഷങ്ങളില്‍പെട്ട് ഉലയപ്പെടുന്ന..." എന്ന് പ്രാര്‍ഥിക്കാത്തതെന്താ?. അവിടെച്ചെല്ലുമ്പോ ഇപ്പോഴും "..അക്കാദമീലൊരു സ്ഥാനം..""..അവാര്‍ഡു കമ്മിറ്റീലൊരു.."എന്ന് തനി നാടന്‍ ഭാഷയിലാണ് തട്ട്. ഇത് ദൈവത്തെ അവഹേളിക്കലല്ലെ. അദ്ദേഹത്തെ കൊച്ചാക്കലല്ലെ? ഇതുകൊണ്ടൊക്കെ തന്നെയാണ് ദൈവം മനുഷ്യനായി വരാന്‍ തീരുമാനിച്ചത്. എവിടെ ജനിക്കും? കേരം തിങ്ങും കേരള നാടുള്ളപ്പോള്‍ എന്തിന് മറ്റു സ്ഥലങ്ങള്‍?

പുഴകളാല്‍ സമൃദ്ധം, മഴകളാല്‍ വൃദ്ധി, കുളിരിന്റെ കുമിളകള്‍, കുണ്ടനിടവഴികള്‍, ചുണ്ടത്തൊരു മൂളിപ്പാട്ട്..മറ്റെന്ത് വേണം ഉല്ലസിക്കാന്‍? പച്ചകുത്തിയ പ്രകൃതി, പ്രകൃതിക്കൊത്ത മനുഷ്യര്‍, അധ്വാനശീലര്‍, കൃഷീവലര്‍(കൃഷി ചെയ്ത് വലഞ്ഞവര്‍ എന്ന് ആധുനിക നിഘണ്ടു). ജാതി മത വര്‍ണ ഭേദങ്ങളില്ലാത്തവര്‍, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്നിടം, മതനിരപേക്ഷം, നിരപായ സുന്ദരം, നീരന്ധ്രനീരദം, നിലാവലക്കിയ നിള...മറ്റെന്തു വേണം?

ഇവിടെ ജനിപ്പാന്‍ കഴിവതേ ഭാഗ്യം. അങ്ങനെ ദൈവം കേരളത്തില്‍ ജനിച്ചു. ഒരു ഗ്രാമ പഞ്ചായത്തില്‍. ഉദിക്കുന്ന സൂര്യനൊപ്പം ഉണര്‍ന്ന്, പുഴയില്‍ ഒന്ന് മുങ്ങി..ഹാവൂ!. പിന്നെ കടയില്‍ പോയി ചൂടന്‍ ചായ. കറന്നെടുത്ത പാലിന്റെ കൊഴുപ്പും പുത്തന്‍ തേയിലയുടെ മണവും ചേര്‍ന്നൊരു സൊയമ്പന്‍ സാധനം. ചായക്കടയിലെ പുലര്‍കാല ചര്‍ച്ചയും. വിഷയത്തിന് ഒരു പഞ്ഞവുമില്ല. സമസ്തലോക ശങ്കരം. തെക്കേലെ ജാനൂന്റെ നടപ്പുദൂഷ്യം മുതല്‍ ഒബാമയുടെ തെരഞ്ഞെടുപ്പു വരെ ചര്‍ച്ചക്കെത്തി. അഭിപ്രായങ്ങള്‍ പൊതുവെ ആധികാരികമാണ്. 99.9 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. 0.1 ശതമാനം ചിരിച്ചും തലയാട്ടിയും ചര്‍ച്ചയെ പ്രോത്സാഹിപ്പിച്ചു. അപരിചിതനായ ദൈവത്തെ ചിലര്‍ ശ്രദ്ധിക്കാതിരുന്നില്ല. ചിലര്‍ വിട്ടുകളഞ്ഞു. എങ്കിലും "..എവ്ടന്നാ..?" "..കൊറച്ച് ദൂരേന്നാ..." "..പണിക്ക് വന്നതാ..?" "..അതെ.."

ഇവര്‍ സാധാരണഭാഷ പറയുന്നതില്‍ ദൈവം അമ്പരക്കാതിരുന്നില്ല. ചായക്ക് ഇപ്പ്ളും ചായ എന്നു തന്നെ! "തിളച്ചുമറിക്കപ്പെട്ട്, മറ്റൊന്നാക്കപ്പെട്ട സംശ്ലേഷണ- വിശ്ലേഷണങ്ങളുടെ സംഘാതശേഷിയുടെ ദ്രവീകൃത രൂപം താ.."എന്നല്ലെ ശരിക്കും പറയേണ്ടത്. ഭാഗ്യായി. അതുകൊണ്ട് ഇപ്പ്ളും കച്ചോടം കൊഴപ്പോല്ലാതെ പോവണ്‍ണ്ട്. അച്ഛനെ വിളിക്കണ്ത് ഇപ്പ്ളും അച്ഛന്‍ എന്നു തന്ന്യാത്രെ.

"ലിംഗവിവേചനത്തിന്റെ പുരുഷ ധിക്കാരമേ" എന്നായിട്ട്ല്യ. ചായകുടി കഴിഞ്ഞ് ദൈവം പുറത്തിറങ്ങി. വരുന്ന വഴി മീന്‍ മാര്‍ക്കറ്റിലൊന്ന് കയറി. ലേശം മത്തി തിന്നണം ന്നൊരു കൊതി ശ്ശി നാളായിട്ട്ണ്ട്. നല്ല നെയ്ച്ചാള കണ്ട കാലം മറന്നു. ആലോചിക്കുമ്പോ നാവില്‍ വാസ്ക്കോഡി ഗാമ കാപ്പാട്ടേക്ക് വരുന്നു. പഴയ നെയ്ച്ചാള മാര്‍ക്കറ്റില്‍ കാണാനില്ല. പിടലിക്ക് അടി കിട്ടി ചോര ചത്ത പോലെയാണ് എല്ലാം. എങ്കിലും വാങ്ങി അരക്കിലോ. ദാരിദ്ര്യം മനസ്സിലാക്കിയ മീങ്കാരന്‍ രണ്ടെണ്ണം കൂടുതലും തന്നു. ഉച്ചക്ക് അവനെക്കൂട്ടി ഉണ്ടു. സുഖായി. പിന്നെ ഉറങ്ങി. വൈകുന്നേരം നടക്കാനിറങ്ങി. കാലത്തിനിപ്പ്ളും വലിയ മാറ്റമൊന്നുമില്ല. സന്ധ്യ വൈകുന്നേരം തന്ന്യാത്രെ. സന്ധ്യ ബസ്സാ. കവലയില്‍ സന്ധ്യ വന്നാല്‍ ആറു മണി. കടല്‍ത്തീരത്ത് കാറ്റുകൊണ്ടു. കടല കൊറിച്ചു. ദൂരെ ചുവന്ന സാരി ഞൊറിവച്ചുടുക്കുന്ന തിരകള്‍. മടങ്ങിവീണ് പിടഞ്ഞോടി തിരിച്ചുപോകുന്ന കാതരകള്‍. പ്രണയോര്‍മകളുടെ കുളിരു പൂശുന്ന പോലെ. ഇത് പദവിക്ക് പറ്റിയതല്ലെന്ന് കരുതി സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ ദൈവം ആ വഴിയുള്ള ചിന്ത അവസാനിപ്പിച്ചു.

രാത്രിയായി. സുഖായി ഉറങ്ങി. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. പഞ്ചായത്തില്‍ പെട്ടെന്ന് ഒരു മാറ്റം. രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇത് ദൃശ്യമായത്. ദൈവം താമസിക്കുന്ന വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ്. നിലവിലുള്ള മേംമ്പ്ര്ക്ക് വില്ലേജില്‍ പണി കിട്ടി. തദ്വാര ഉപം അനിവാര്യം. അതോടെ വാര്‍ഡിലുള്ള മുഴുവന്‍ മനുഷ്യരും മതം മാറി. ബുദ്ധമതത്തില്‍ ചേര്‍ന്നു. അക്കാര്യം അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പ്രഖ്യാപിച്ചു. "..പ്രബുദ്ധരായ നാട്ടുകാരെ..." എല്ലാം കണ്ടും കേട്ടും ശാന്തനായി ദൈവം ഇരുന്നു. തെരഞ്ഞെടുപ്പിന് ചൂടു കൂടി. ജാതകം, മഷിനോട്ടം എന്നിവയെല്ലാം തകൃതിയായി നടക്കുന്നു. ഇതിനിടയില്‍ ഒരു സംഘം ആളുകള്‍ ദൈവത്തിന്റെ വീട്ടിലെത്തി. സുഖവിവരം തെരക്കാന്‍ എന്ന മട്ടിലായിരുന്നു വരവ്. അവര്‍ ചിരിച്ചു, ദൈവവും.

"പുതിയ താമസക്കാരാണ് അല്ലെ?" " അതെ" " എവിടെ നിന്നാ?" " കുറച്ചു ദൂരെ നിന്നാ" " ദൂരേന്നു പറഞ്ഞാല്‍?" ദൈവം വിദഗ്ധമായി വിഷയം മാറ്റി. " അല്ലാ..എന്താ ഇപ്പോ..ഇവ്ടെ ഇങ്ങനെ..?" " ഒന്നൂല്ല. വെറുതെ വന്നു." " കുടിക്കാനെന്തങ്കിലും..?" "..വേണ്ട. കുടി തന്ന്യാ ഇപ്പോ പ്രധാന പണി. ഞങ്ങളെ അത്ര പരിചയം ണ്ടാവില്ല." " ഇല്ല" " ഞങ്ങള്‍ ഇവ്ടെത്തന്നെയൊക്കെ ഉള്ളവരാ.." "..ന്താ..ഇപ്പോ..?" " വിശേഷിച്ചൊന്നൂല്ല. തെരഞ്ഞെടുപ്പൊക്കെയാണല്ലൊ. കൊറച്ചു വര്‍ത്തമാനം പറയാമെന്ന് കരുതി.." "തെരഞ്ഞെടുപ്പിെന്‍ വിവരമൊക്കെ അറിഞ്ഞു." "..ന്താ..നിലപാടൊക്കെ..?"

ദൈവം ചിരിച്ചു. ആ വഴി പോകുന്നില്ലെന്നു കണ്ടപ്പോള്‍ വേറൊരു വഴി തെളിച്ചു. "..ന്താ ചൂട്.." "ഉവ്വ. നല്ല ചൂട്" " കഴിഞ്ഞ വര്‍ഷം ഇത്രേം ണ്ടായില്ല." " ഉവ്വോ.." "ഇങ്ങനെയായാല്‍ എന്താവും ഈശ്വരാ...ലോകം അവസാനിച്ചൂന്നാ തോന്നണേ.." "ഏയ്..അങ്ങനെ അവസാനിക്കേം ഒന്നൂല്ല." "..ന്താ..ഇത്ര ഉറപ്പ്?" "അങ്ങനെ ഉറപ്പൊന്നൂല്ല. എങ്കിലും അവസാനിക്കില്ലാന്ന് ഒരു തോന്നല്‍." "അല്ല, പേരെന്താന്നാ പറഞ്ഞെ?" "പറഞ്ഞില്ല." "ഓ!. ശരി. ചോദിച്ചില്ലാന്നാ അതിന്റെ ഗുട്ടന്‍സ്. എങ്കില്‍ ചോദിക്ക്ണൂ. എന്താ പേര്?" "ദൈവം" സംഘം ഒന്നടങ്കം ചിരിച്ചു. "ഓ!. അങ്ങനെയൊരു പേരോ..?" "..ന്താ..അങ്ങനെ ഒരു പേരില്ലേ?. അതൊരു മോശം വാക്കോ മറ്റോ ആണോ..?"

"..ഏയ് മോശോന്നുമല്ല. എന്നാലും അങ്ങനെ ഒരു പേരുണ്ടാവുമോ..?" "നിങ്ങളൊക്കെ ദിവസം രണ്ടുമൂന്നു പ്രാവശ്യമെങ്കിലും ആ പേര് വിളിക്കൂല്ലോ?" "..വിളിക്കും. അത് മനപ്പൂര്‍വമല്ല. ഒരു ശീലം കൊണ്ടങ്ങനെ വിളിക്കുന്നെന്നേയുള്ളു.." "..എന്നാലും കേള്‍ക്കുമ്പോ എനിക്ക് ഒരു സുഖം. നാലാള് ഓര്‍ക്കണ്ണ്ടല്ലൊ!" "ദൈവം എന്നത് കാര്‍ന്നോമ്മാര് ഇട്ടതു തന്നെയാണോ..?" "ആരാ ഇട്ടതെന്നറിയില്ല. ഞാന്‍ ചെറുപ്പത്തിലേ ഇങ്ങനെ കേട്ടാ വളര്‍ന്നെ.." "വെറുതെ ദൈവം എന്നു മാത്രേള്ളു. അല്ലെങ്കില്‍..." " അല്ലെങ്കില്‍...?" "അല്ല. ഇപ്പോള്‍ ചില പേരിനൊപ്പം രാമന്നായര്, കൃഷ്ണമേനോന്‍ എന്നൊക്കെ ഉണ്ടാവൂല്ലോ..അതുപോലെ..ദൈവം നായര്‍ന്നോ, ദൈവം മേനോന്‍ന്നോയൊക്കെ വല്ലതും..?" "..

ഏയ് അങ്ങനെ ആരും വിളിച്ചു കേട്ടിട്ടില്ല. ദൈവത്തിനെന്ത് നായരും മേനോനും നമ്പൂരീം.." സംഘാംഗങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ അതാവില്ല. മറ്റേതായിരിക്കും. കൂട്ടത്തിലൊരാള്‍ കൗശലത്തോടെ ചോദിച്ചു. " ഏതാ ഇടവക..?" "എല്ലാം എന്റെ ഇടവക തന്നെ." ആ വഴിയും അടഞ്ഞു. "അച്ഛന്റെ പേരെന്താ..?" "അറിയില്ല" " അമ്മ..?" "നിശ്ചയോല്ല്യ." ദൈവമേ.. എല്ലാ വഴിയും അടയുകയാണല്ലൊ..ജാതീം മതോമില്ലാത്ത കൊറെ പിശാശ്ക്കള്‍ ഇറങ്ങീട്ടൊണ്ട്. ഇവരീ രാജ്യത്തെ എവ്ടെക്കൊണ്ടേ എത്തിക്കോ ആവോ..?

ഇനി വളച്ചുകെട്ടൊന്നും വേണ്ട. നേരെ ചോദിക്കാം. "ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്. വെഷമം ഉണ്ടാവാനും ചോദിക്കണതല്ല. അറിയുമ്പോ എല്ലാം അറിയണോല്ലൊ. അതുകൊണ്ടാ...ഏതാ?" " എന്ത് ഏതാന്നാ..?" " എന്നാലും ഏതാ..?" " ഏത്?" " ഒന്നുമറിയാത്ത പോലെ..ഏതാ?" " ഒന്നുമറിയില്ല. എന്ത് ഏതാ?" ശബ്ദം താഴ്ത്തി ചോദിച്ചു. "ജാതി" "എല്ലാ ജാതീം എന്റെ ജാതിയാ.." ഇനി നില്‍ക്കുന്നത് പന്തിയല്ല. വന്നവര്‍ പതുക്കെ പിന്‍വലിഞ്ഞു. ഗേറ്റടയ്ക്കുമ്പോള്‍ നേതാവ് അണികളോട് പറഞ്ഞു. "പ്രാന്താ" അണികള്‍ തലകുലുക്കി. അല്ലാതെ ഇക്കാലത്ത് ഇങ്ങനെ.....

*
എം എം പൗലോസ് ദേശാഭിമാനി വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

"പ്രാര്‍ഥനയുടെ ആശയപരിസരത്ത് നില്‍ക്കുന്ന ഞങ്ങളെ പ്രാന്തവല്‍ക്കരിക്കല്ലെ..."എന്ന് പറഞ്ഞാല്‍ എന്താ തരക്കേട്?.ദൈവത്തിന് പിടികിട്ടില്ലാന്ന് ഉണ്ടോ?. "സങ്കടങ്ങളുടെ നിലപാടുതറയില്‍ നില്‍ക്കുന്ന ഞങ്ങളുടെ ദാരിദ്ര്യം വായിച്ചെടുക്കേണമേ.."എന്നൊന്ന് പ്രാര്‍ഥിച്ചു നോക്ക്. റിസല്‍റ്റുണ്ടാവുമോ എന്നറിയാമല്ലൊ. ദൈവത്തിന് സംസ്കൃതം നല്ല വശമാണ്. അതുകൊണ്ട് നവീന പദസമുച്ചയങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ ദൈവം കേള്‍ക്കാതിരിക്കുകയുമൊന്നുമില്ല. മാത്രമല്ല, ദൈവത്തിനാണെങ്കില്‍ ഇപ്പോള്‍ പരമ സങ്കടമാണ്. ഇവരെന്താ എന്നോടു മാത്രം അപരിഷ്കൃതമായി സംസാരിക്കുന്നതെന്ന വേദന കലശലാണ് താനും. ഒരു ഉത്തരാധുനികനും പള്ളിയിലും അമ്പലത്തിലും ചെന്ന് "ആഗോളീകൃത ലോകത്തില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ട, സാംസ്കാരിക അടയാളങ്ങള്‍ ബഹിഷ്കൃതമാക്കപ്പെട്ട, മിത്തുകളുടെ ഉള്‍ഖനങ്ങളുടെ സംഘാതസംഘര്‍ഷങ്ങളില്‍പെട്ട് ഉലയപ്പെടുന്ന..." എന്ന് പ്രാര്‍ഥിക്കാത്തതെന്താ?. അവിടെച്ചെല്ലുമ്പോ ഇപ്പോഴും "..അക്കാദമീലൊരു സ്ഥാനം..""..അവാര്‍ഡു കമ്മിറ്റീലൊരു.."എന്ന് തനി നാടന്‍ ഭാഷയിലാണ് തട്ട്. ഇത് ദൈവത്തെ അവഹേളിക്കലല്ലെ. അദ്ദേഹത്തെ കൊച്ചാക്കലല്ലെ? ഇതുകൊണ്ടൊക്കെ തന്നെയാണ് ദൈവം മനുഷ്യനായി വരാന്‍ തീരുമാനിച്ചത്. എവിടെ ജനിക്കും? കേരം തിങ്ങും കേരള നാടുള്ളപ്പോള്‍ എന്തിന് മറ്റു സ്ഥലങ്ങള്‍?

haneef kalampara said...

ഇനി വളച്ചുകെട്ടൊന്നും വേണ്ട. നേരെ ചോദിക്കാം. "ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്. വെഷമം ഉണ്ടാവാനും ചോദിക്കണതല്ല. അറിയുമ്പോ എല്ലാം അറിയണോല്ലൊ. അതുകൊണ്ടാ...ഏതാ?" " എന്ത് ഏതാന്നാ..?" " എന്നാലും ഏതാ..?" " ഏത്?" " ഒന്നുമറിയാത്ത പോലെ..ഏതാ?" " ഒന്നുമറിയില്ല. എന്ത് ഏതാ?" ശബ്ദം താഴ്ത്തി ചോദിച്ചു. "ജാതി" "എല്ലാ ജാതീം എന്റെ ജാതിയാ.." ഇനി നില്‍ക്കുന്നത് പന്തിയല്ല. വന്നവര്‍ പതുക്കെ പിന്‍വലിഞ്ഞു. ഗേറ്റടയ്ക്കുമ്പോള്‍ നേതാവ് അണികളോട് പറഞ്ഞു. "പ്രാന്താ" അണികള്‍ തലകുലുക്കി. അല്ലാതെ ഇക്കാലത്ത് ഇങ്ങനെ.....

sudheesh said...
This comment has been removed by the author.
sudheesh said...

class ....