Friday, April 27, 2012

ബംഗാളില്‍ ഭൂപരിഷ്കരണം അട്ടിമിറക്കപ്പെടുന്നു

പശ്ചിമ ബംഗാളിന്റെ സര്‍വ തല വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും നാന്ദിയായി ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സമഗ്രമായി നടപ്പിലാക്കിയ ഭൂ പരിഷ്ക്കരണം മമത സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഭൂ പ്രഭുക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ ആവശ്യം പോലെ ഭൂമി വാങ്ങി കൂട്ടുവാനും അവ ഇഷ്ടംപോലെ, ഒരു കടിഞ്ഞാണുമില്ലാതെ പല തരത്തിലും കൈമാറ്റം നടത്തുവാനും അവകാശം നല്‍കിക്കൊണ്ട് ഭൂപരിഷ്ക്കരണ നിയമത്തിലെ കാതലായ ഭാഗങ്ങള്‍ ഭേദഗതി വരുത്തി. രാജ്യത്തിനൊട്ടാകെ മാതൃകയായി, ചെറുകിട ഇടത്തരം കൃഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട്, ഇടതുമുന്നണി ഭരണത്തില്‍ മൂന്നര ദശാബ്ദമായി നിലനിന്നുവന്ന ഭൂപരിഷ്ക്കരണത്തിന്റെ അടിത്തറ തോണ്ടുന്ന ബില്ലാണ് നിയമ സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് മമതാ സര്‍ക്കാര്‍ പാസ്സാക്കിയത്. വേണ്ടത്ര സമയം അനുവദിച്ച് ചര്‍ച്ച പോലും നടത്താതെയാണ് ബില്ല് ധൃതിപിടിച്ച് പാസ്സാക്കിയത്.

ബംഗാളില്‍ വ്യാവസായിക ആവശ്യത്തിന് ഭൂമി ലഭിക്കാത്തതിനാല്‍ വ്യസായകള്‍ക്ക് നേരിട്ട് ഭൂമി വാങ്ങുന്നതിന് വേണ്ടിയാണ് ഭൂപരിഷ്ക്കരണത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് വ്യവസായ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി പറഞ്ഞു. വ്യവസായി വികസനത്തിനു വേണ്ടി ഇടതുമുന്നണി ഭൂമി ഏറ്റെടുത്തതിനെതിരെ അക്രമാസക്തമായ സമരം സംഘടിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുമുന്നണിക്കെതിരെ തിരിപ്പിക്കുകയം ചെയ്ത മമതാ ബാനര്‍ജിയും തൃണമൂലുമാണ,് ഇപ്പോള്‍ വ്യവസായ സ്നേഹത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്നത്. മമതയുടെ പതിനൊന്നു മാസത്തെ ഭരണത്തിനുള്ളില്‍ ഒറ്റ വ്യവസായിയും ബംഗാളിലേക്ക് തിരിഞ്ഞുനോക്കിയില്ല. വ്യവസായ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന ഇടതുമുന്നണി നിലപാട് വളച്ചൊടിച്ചാണ് ഇപ്പോള്‍ മമത ഭൂപരിഷ്കരണം തന്നെ ഇല്ലാതാക്കുന്ന നടപടിയിലേക്ക് നീങ്ങുന്നത്. വ്യവസായ ആവശ്യത്തിന് ഭൂമി വാങ്ങുന്നതിന് ഇടതുമുന്നണി ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഇടതു മുന്നണി ഭരണത്തില്‍ വ്യാവസായിക ആവശ്യത്തിന് ഗവണ്മെന്റിന് മാത്രമേ ഭൂവുടമകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു. പരമാവധി കൃഷിഭൂമി ഒഴിവാക്കിക്കൊണ്ടുവേണം ഏറ്റെടുക്കാനെന്ന നിബന്ധനയും ഉണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഭൂമി വ്യവസായ ആവശ്യത്തിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലങ്കില്‍ അത് ഗവണ്മെന്റിന് തിരിച്ച് ഏറ്റെടുക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ഭൂ ഉടമകള്‍ക്ക് കമ്പോള നിലവാരമനുസരിച്ച് ന്യായ വില ലഭിക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില തീരുമാനിക്കുന്നതും ഭൂപരിഷ്ക്കരണ ഡിപ്പാര്‍ട്ടുമെന്റായിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ആര്‍ക്കും നേരിട്ട് എത്ര ഭൂമിയും വാങ്ങാം.

ഭാവി വികസനത്തിന്റെ പേരിലും ഇഷ്ടംപോലെ വാങ്ങി കൂട്ടുകയും എത്ര കാലം വേണമെങ്കിലും സൂക്ഷിക്കുകയും മറിച്ച് വില്‍ക്കുകയും ചെയ്യാം. ഒരാള്‍ക്ക് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധിയും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. മുമ്പ് ഉണ്ടായിരുന്ന പരമാവധി ഏഴര ഏക്കര്‍ പരിധി വ്യവസായ ആവശ്യത്തിനൊഴിച്ച് 24 ഏക്കറായി ഉയര്‍ത്തി. വ്യവസായത്തിന് ഒരു പരിധിയുമില്ല. ഇതു മൂലം സംസ്ഥാനത്ത് വീണ്ടും ജമിന്താര്‍മാരും ഭൂപ്രഭുക്കളും ഉടലെടുക്കും. സ്വകാര്യ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും കാലപരിധിയില്ലാതെ എത്ര ഭൂമി വേണമെങ്കിലും വാങ്ങിക്കൂട്ടാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള വ്യവസ്ഥകളില്ലയെന്നതാണ് പ്രത്യേകത. കൃഷിക്കാര്‍ പൂര്‍ണമായും കൃഷിക്ക് പുറത്താകുകയും കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാകുകയും ചെയ്യും. ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റം വരുത്തിയതു മൂലം ബംഗാളില്‍ ഭൂ മാഫിയകള്‍ വീണ്ടും സജീവമാകും. വ്യവസായത്തിന്റേയും വികസനത്തിന്റേയും പേരില്‍ പല സ്ഥലങ്ങളിലും ചെറുകിട ഭൂവുടമകളില്‍ നിന്നും കൃഷിക്കാരില്‍ നിന്നും ഇടനിലക്കാരായ ഭൂമാഫിയകള്‍ക്ക് വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ കഴിയും. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഭൂമി വ്യവസായികള്‍ക്കും വന്‍കിട നിര്‍മ്മാതാക്കള്‍ക്കും മറിച്ചു വിറ്റ് കൊള്ളലാഭം നേടാം. ഭൂമി കൈമാറാന്‍ വിസമ്മതിക്കുന്നവരെ ഭീഷണിയിലും ബലപ്രയോഗത്തിലും കൂടി വരുതിയില്‍ കൊണ്ടു വരുവാനും ഇക്കൂട്ടര്‍ എല്ലാ അടവുകളും പയറ്റും.

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഭൂമാഫിയകള്‍ സജീവമായി തുടങ്ങിയിരുന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും വന്‍ തോതിലുള്ള ഭൂമി കച്ചവടമാണ് അരങ്ങേറിയത്. ഇടതുമുന്നണി ഗവണ്മെന്റിന്റെ നയത്തില്‍നിന്ന് വ്യത്യസ്തമായി വ്യവസായ വികസന ആവശ്യങ്ങള്‍ക്ക് നേരിട്ട് ഭൂമി ഏറ്റെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാഫിയകള്‍ രംഗത്തുവന്നത്. ഇവരില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും സജീവ പിന്തുണയുള്ളവരുമാണ്. കൃഷിക്കാര്‍ക്കും ഭൂവുടമകള്‍ക്കും കമ്പോള നിലവാരമനുസരിച്ച് ന്യായവില ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഭൂമി ഏറ്റെടുത്തത്. അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നേടിയ മമതാ ബാനര്‍ജി, ഭൂമാഫിയകളെ സഹായിക്കുന്ന നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. ഇപ്പോള്‍ അതിന് നിയമപരമായ സംരക്ഷണവും നല്‍കി. വ്യവസായ ആവശ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കില്ല&ിശേഹറല;എന്ന തൃണമൂല്‍കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ഭൂ മാഫിയകളേയും ഇടനിലക്കാരേയും സഹായിക്കാന്‍ വേണ്ടിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വ്യവസായികളല്ല തൃണമൂലിന്റെ പിന്തുണയുള്ള ഭൂമി കച്ചവടക്കാരാകും ഇതില്‍ നിന്ന് വന്‍ നേട്ടമുണ്ടാക്കുക. സ്വകാര്യ വ്യവസായികള്‍ക്ക്, പ്രത്യേകിച്ച് പുറത്തു നിന്നുള്ളവര്‍ക്ക്, തങ്ങളുടെ ആവശ്യത്തിന് സ്വന്തമായി ഭൂമി വാങ്ങുവാന്‍ പല പരിമിതികളും നേരിടേണ്ടി വരും.

ഗവണ്മെന്റ് സഹായിച്ചില്ലെങ്കില്‍ ഇടനിലക്കാരെയാകും ആശ്രയിക്കേണ്ടി വരിക. ഇത് വന്‍ അഴിമതിയും കൊള്ള ലാഭക്കച്ചവടവുമാകും സൃഷ്ടിക്കുക. ഗവണ്മെന്റിന്റെ പൊതുവായ വികസന ആവശ്യങ്ങള്‍ക്കു പോലും ഭൂമി ഏറ്റെടുക്കാന്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരും. ഉത്തരവാദിത്വത്തില്‍ നിന്ന് ഗവണ്മെന്റ് ഒഴിഞ്ഞുമാറി. സ്വകാര്യ വ്യക്തികളേയും സ്ഥാപനങ്ങളേയും ആശ്രയിച്ചാല്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടാവുമെന്നതു കൂടാതെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെയും വരും. ഇടനിലക്കാരും ഭൂമാഫിയകളും ഭീഷണിയിലൂടെയും ബല പ്രയോഗത്തിലൂടെയും ചുരുങ്ങിയ വിലയ്ക്ക് ആളുകളില്‍ നിന്നും ഭൂമി തട്ടിയെടുത്ത് മറിച്ച്വിറ്റ് കൊള്ളലാഭമാകും ഉണ്ടാക്കുക. വികസനത്തിന്റേയും വ്യവസായ വിനിയോഗത്തിന്റേയും കടിഞ്ഞാണ്‍ ഇത്തരക്കാരുടെ കൈകളിലാകും. ഒരു രൂപരേഖ പോലും ഉണ്ടാക്കിയിട്ടില്ലാത്ത വ്യവസായങ്ങളുടെ പേരില്‍ പലയിടങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇടനിലക്കാര്‍ വാങ്ങിക്കൂട്ടുന്നത്. എല്ലാം ചെറുകിട കൃഷിക്കാരില്‍ നിന്നാണ്. ഒരേക്കറിന് ഒരു ലക്ഷം രൂപയ്ക്കും ഒന്നര ലക്ഷും രൂപായ്ക്കുമിടയിപുള്ള തുച്ഛമായ വിലയാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. ബിനാമി പേരുകളിലും അഡ്രസ്സ് പോലും ഇല്ലാത്ത കമ്പനികളുടെ പേരിലും മറ്റുമാണ് കൈമാറ്റം നടക്കുന്നത്. ഭൂമി കൈമാറാന്‍ വിസമ്മതിക്കുന്നവരെ ഏജന്റുമാരുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അക്രമം ഭയന്ന് പലരും ഗ്രാമം വിട്ട് മറ്റ് സ്ഥലങ്ങളില്‍ അഭയം തേടുന്നു.

ബലാല്‍ക്കാരമായി ഭൂമി തട്ടിയെടുക്കുന്നതിനെതിരെ ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വരുന്നത്. തൃണമൂല്‍ എംഎല്‍എമാരുടേയും നേതാക്കളുടേയും അറിവോടെയാണ് ഭൂമി കൈമാറ്റം നടക്കുന്നത്. ആളുകള്‍ ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്നാണ് അതിനെ കുറിച്ച് എംഎല്‍എമാര്‍ പ്രതികരിക്കുന്നത്. ഉത്തര - ദക്ഷിണ 24 പര്‍ഗാനാസ്, ഹൂഗ്ലി, ബര്‍ദ്വമാന്‍, ഹൗറ, പുരൂളിയ, ബാങ്കുറ എന്നീ ജില്ലകളിലാണ് ഭൂ മാഫിയകള്‍ സജീവമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. ഇടതുമുന്നണി ഭരണകാലത്ത് വ്യവസായ വികസന സാധ്യതയുള്ളിടത്ത് ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭൂ മാഫിയകളുടെ സഹായത്തിനായി രംഗത്ത് എത്തിയിട്ടുള്ളത്. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഭൂമാഫിയകളേയും ദല്ലാളന്മാരേയും സഹായിക്കാന്‍ വേണ്ടിയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ഇടതുമുന്നണി അന്ന് എടുത്തുകാട്ടിയിരുന്നു. ഇടതു മുന്നണി സര്‍ക്കാര്‍ ഭൂ രഹിതരായ ആളുകള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി തട്ടിയെടുക്കുന്നതോടൊപ്പമാണ് തൃണമൂല്‍കോണ്‍ഗ്രസ് മാഫിയ ദല്ലാളന്മാരായും രംഗത്തു വന്നിരിക്കുന്നത്. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇടതുമുണി സര്‍ക്കാര്‍ വ്യവസായ വികസന ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തിരുന്നത്. അതിനാല്‍ ഭൂവുടമകള്‍ക്ക് കമ്പോള വിലയേക്കാള്‍ കൂടുതല്‍ അര്‍ഹമായ പ്രതിഫലമാണ് ലഭിച്ചത്. ഇതിനെതിരെയാണ് തൃണമൂല്‍കോണ്‍ഗ്രസ് കലാപം സൃഷ്ടിച്ചതും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും. ഇപ്പോള്‍ ഇടനിലക്കാരും മാഫിയകളും തൃണമൂല്‍കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

ഭൂമി കച്ചവടക്കാര്‍ ഇപ്പോള്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങിന്റെ (സെക്രട്ടറിയേറ്റ്) ചുറ്റിനും കറങ്ങി നടക്കുന്നതായാണ്് കേള്‍ക്കുന്നത്. ഭൂമി ഇഷ്ടംപോലെ നല്‍കാമെന്ന് അവര്‍ വ്യവസായികളെ അറിയിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലൂടെ ഭൂമി ഇടനിലക്കച്ചവടക്കാര്‍ സജീവമായി. പലയിടങ്ങളിലും ഗ്രൂപ്പ് തിരിഞ്ഞുള്ള ഇവരുടെ പോരാട്ടം സംഘര്‍ഷം സൃഷ്ടിക്കുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ ആരംഭം കുറിച്ച നിരവധി പദ്ധതികള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്ന പ്രശ്നം മൂലം പൊതു മേഖലയിലുള്ള വൈദ്യുതി നിലയങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. ഭൂ പരിഷ്കരണത്തില്‍ വിപ്ലവം സൃഷ്്ടിച്ച ബംഗാളില്‍ ഇടതുമുന്നണി ഭരണകാലത്ത് സമഗ്രമായി നടപ്പാക്കിയ ഭൂപരിഷ്കരണം മൂലം ആകെ 14,04,091 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അതില്‍ 13,13,091 ഏക്കറും കൃഷിഭൂമിയാണ്. 30 ലക്ഷത്തിലധികം ആളുകള്‍ക്കാണ് സൗജന്യമായി ഇത് വിതരണം നടത്തിയത്. രാജ്യത്താകെ നടന്ന ഭൂമി വിതരണത്തിന്റെ 22 ശതമാനവും ബംഗാളിലാണ്. സംസ്ഥാനത്തെ ഭൂവുടമകളില്‍ 84 ശതമാനവും ചെറുകിട - ഇടത്തരക്കാരാണ്. പതിനൊന്നര ലക്ഷം അംഗീകൃത (രജിസ്റ്റേഡ്) പങ്ക് പാട്ടക്കൃഷിക്കാരും ഇവിടെയുണ്ട്. രാജ്യത്ത് ആകെയുള്ളതില്‍ 55 ശതമാനമാണ് ഇത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഏഴാം ഊഴ ഭരണത്തിലും 17000 ഏക്കര്‍ ഭൂമി കൂടി ഭൂരഹിതര്‍ക്ക് വിതരണം നടത്തി. അവസാന നാലര വര്‍ഷത്തിനുള്ളിലാണ് ഇത്രയും ഭൂമികൂടി വിതരണം നടത്തിയത്. ഇതിലും കൂടുതല്‍ വിതരണം നടത്തുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് തടസ്സം സൃഷ്ടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്.

2008ല്‍ സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച ജില്ലാപഞ്ചായത്തുകളില്‍ അധിക ഭൂമി ഏറ്റെടുക്കുന്നതിനും അവ വിതരണം നടത്തുന്നതിനും ഒരു നടപടിയും എടുത്തില്ല. തൃണമൂല്‍കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച കിഴക്കന്‍ മിഡ്നാപൂര്‍, ദക്ഷിണ 24 പര്‍ഗാനാസ് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തടസ്സമുണ്ടായത്. തൃണമൂല്‍ ഭരണത്തില്‍ അവിടെ ഒരേക്കര്‍ ഭൂമി പോലും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ജില്ലാപരിഷത്ത് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഭൂപരിഷ്ക്കരണം നടപ്പാക്കുന്നത്. വിതരണം നടത്താനായി ഗവണ്മെന്റ് ഏറ്റെടുത്ത 1,78,495 ഏക്കര്‍ സ്ഥലം വിവിധ കേസ്സുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കേസ്സ് ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനുള്ള ഒരു നടപടിയും തൃണമൂല്‍ ഭരണത്തില്‍ ഉണ്ടാകുന്നില്ല. ഭൂപരിഷ്ക്കരണത്തെ അട്ടിമറിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നതോടെ അതിനുള്ള സാധ്യതയും ഇല്ലാതായി.

*
ഗോപി കൊല്‍ക്കത്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമ ബംഗാളിന്റെ സര്‍വ തല വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും നാന്ദിയായി ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സമഗ്രമായി നടപ്പിലാക്കിയ ഭൂ പരിഷ്ക്കരണം മമത സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഭൂ പ്രഭുക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ ആവശ്യം പോലെ ഭൂമി വാങ്ങി കൂട്ടുവാനും അവ ഇഷ്ടംപോലെ, ഒരു കടിഞ്ഞാണുമില്ലാതെ പല തരത്തിലും കൈമാറ്റം നടത്തുവാനും അവകാശം നല്‍കിക്കൊണ്ട് ഭൂപരിഷ്ക്കരണ നിയമത്തിലെ കാതലായ ഭാഗങ്ങള്‍ ഭേദഗതി വരുത്തി. രാജ്യത്തിനൊട്ടാകെ മാതൃകയായി, ചെറുകിട ഇടത്തരം കൃഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട്, ഇടതുമുന്നണി ഭരണത്തില്‍ മൂന്നര ദശാബ്ദമായി നിലനിന്നുവന്ന ഭൂപരിഷ്ക്കരണത്തിന്റെ അടിത്തറ തോണ്ടുന്ന ബില്ലാണ് നിയമ സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് മമതാ സര്‍ക്കാര്‍ പാസ്സാക്കിയത്. വേണ്ടത്ര സമയം അനുവദിച്ച് ചര്‍ച്ച പോലും നടത്താതെയാണ് ബില്ല് ധൃതിപിടിച്ച് പാസ്സാക്കിയത്.