Wednesday, April 4, 2012

വിഎച്ച്എസ്ഇ നിലനിര്‍ത്തണം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 03 ഏപ്രില്‍ 2012

No comments: