Tuesday, April 3, 2012

ഉറവിടം

പാദങ്ങളില്‍ കുത്തിനോവിച്ചിടും ചരല്‍
പാകിയ പാതയിലാകവേ ഞെട്ടറ്റു
വീണുകിടക്കും വെയിലില്‍ ചവുട്ടി ഞാന്‍
വീടെത്തുവാന്‍ സ്കൂളില്‍നിന്നു നടക്കവേ,
നാട്ടുകവലയിലെപ്പൂവരശിന്റെ
ചോട്ടില്‍ കരിനിഴല്‍ച്ചാര്‍ത്തുപോലേ കൂടി-
നില്‍ക്കും പണിയാളരോട് പരുക്കനാം
ശബ്ദത്തിലാരോ പ്രസംഗിച്ചുനിര്‍ത്തുന്നു:
""നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ നമ്മള്‍ക്ക്
കിട്ടാനൊരു പുതുലോകം!.."" കവിതപോല്‍
തൊട്ടുണര്‍ത്തിയതെന്‍ പിഞ്ചുമനസ്സിനെ
ഒട്ടൊരനാഥത്വമാര്‍ന്നൊരെന്‍ ബാല്യത്തില്‍!

മണ്ണില്‍നിന്നും ലോഹമണ്‍തരി വേര്‍പെടു-
ത്തന്യര്‍ തന്‍ ലാഭത്തിനായ് കപ്പലേറ്റുവാന്‍
ഏറെ മടയ്ക്കവേ, ശ്വാസകോശങ്ങളി-
ലേറും തരികള്‍ കുരച്ചുതുപ്പിത്തുപ്പി
""മണ്ണിന്റെ മക്കള്‍ക്ക് മണ്ണേ ഗതി""യെന്ന
വണ്ണമോരോരുത്തരായ് മണ്ണടിയവേ,
തൊട്ടയല്‍പക്കങ്ങളിലുറ്റ ബന്ധുക്കള്‍
പൊട്ടിക്കരഞ്ഞു തളരവേ, യാപെരും-
ദുഃഖക്കടലിലലിയുവാന്‍ മാത്രമാം
ഉപ്പുതരിയാണ് ഞാനെന്നറിഞ്ഞുപോയ്!
ഏതോ മലമുഴക്കിപ്പക്ഷി തന്‍ മൂളല്‍
മാതിരിയാ വാക്കുകള്‍ മുഴങ്ങീയെന്നില്‍;
ചൊല്ലിപ്പഠിച്ച കവിതയിലൊന്നിലു-
മില്ലാത്തതെന്തോ പകര്‍ന്നുതരുംപോലെ!
ആരേ പഠിപ്പിച്ചതീനിസ്വരെ, ധീര-
മാശിക്കുവാനൊരു നൂതനലോകത്തെ?

അച്ചൊല്ലുദിച്ച മുഖമെന്നിലുമൊരു
കൊച്ചുസൂര്യന്‍ ഹിമബിന്ദുവിലെന്നപോല്‍
ഉജ്വലിച്ചു!- നിസ്വവര്‍ഗത്തെയമ്പെയ്തു
വീഴ്ത്തും നിഷാദരോടെല്ലാ ""മരുതെ""ന്നു
ശബ്ദിച്ചൊരാ മുനിതന്‍(1) സമാധിസ്ഥല-
ത്തെത്തിയൊരു നാളൊരു പൂവ് വച്ചു ഞാന്‍.
അച്ചൊല്ലിലെ പൊരുള്‍ കായ്ച്ച ചെമ്മുന്തിരി-
ത്തോപ്പുകള്‍ കണ്ട് ഹര്‍ഷാവേശമാര്‍ന്നു ഞാന്‍.
പാത്തുപതുങ്ങിയിരുന്ന കുറുനരി-
ക്കൂട്ടമതു തകര്‍ത്തോരിയിടുന്നതും
കേട്ടുഞാന്‍; തങ്ങള്‍ക്ക് പാര്‍ക്കുവാന്‍ മുന്തിരി-
ത്തോപ്പുകള്‍ നിര്‍മിച്ചൊരക്കൈകള്‍ തോല്‍ക്കയോ?

നാട്ടിലെയാ ചരല്‍പ്പാതയില്‍ നിന്നെന്റെ
യാത്രയിന്നെത്രയോ നാടും നഗരവും
കണ്ടുനീളുന്നു; മനുഷ്യന്റെ കൈയിലെ
ചങ്ങലച്ചെത്തവും കണ്ണിലെ സ്വപ്നവും
എങ്ങുമൊരുപോലെയെന്നറിയുമ്പൊഴും
എന്തിനോവേണ്ടിയെന്‍ യാത്ര തുടരവേ,
പണ്ട് തുണിമില്ലുകള്‍ നെടുവീര്‍പ്പിട്ടു
പൊന്തുന്ന സൈറണ്‍ വിളികേട്ടുണര്‍ന്നിടും
ഏറെപ്പുരാതനമാ(2) നഗരത്തിലെന്‍
കൂറുള്ള ചങ്ങാതി വന്നെതിരേല്‍ക്കുന്നു.
എങ്ങോട്ടു പോകുന്നുവെന്നുരിയാടാതെ,
എങ്ങും പഴമതന്‍ ഗന്ധം ചുരത്തുന്ന
ഗ്രന്ഥപ്പുര(3)യുടെ മേലേ നിലയിലേ-
ക്കെന്നെപ്പിടിച്ചു കയറ്റുന്നു; "കാണുവാ-
നെന്തേയിവിടെ"ന്നു ചോദിപ്പതിന്‍മുമ്പ്
കണ്ടൂ ചുമരിലൊരേടത്ത് കാള്‍മാര്‍ക്സു-
മെംഗല്‍സുമൊന്നിച്ചിരിക്കുന്നൊരു പടം!
എന്‍ ഭാവഭേദം നിരീക്ഷിപ്പു ചങ്ങാതി.
പാതയിലേക്കുന്തി നില്‍ക്കുന്ന ജാലക-
വാതിലിന്‍ ചാരത്തൊരു പഴേമേശയും
രണ്ടു കസാലയും- മേശമേല്‍ ചൂണ്ടിയെന്‍
പണ്ഡിതനാം സുഹൃത്തോതുന്നു: "ഭൂമിയില്‍
എങ്ങും പണിചെയ്യുവോര്‍ക്ക് നഷ്ടപ്പെടാന്‍
ചങ്ങലമാത്ര"മെന്നാരേ കുറിച്ചിട്ടു
കൈയൊപ്പു ചാര്‍ത്തിയതിന്‍ സാക്ഷിയീമേശ!
കൈകളാമേശമേല്‍ തൊട്ടുകുനിഞ്ഞു ഞാന്‍.
ഏതോ കവിതപോലച്ചൊല്ല്, കേട്ടൊരാ-
പ്പാതയോരത്തുനിന്നേറെ ദൂരംതാണ്ടി
എത്രയോ പാടിയലഞ്ഞ പുഴ പിന്നോ-
ട്ടെത്തിയതിന്റെയുറവിടം കണ്ടപോല്‍!

*
ഒ എന്‍ വി ദേശാഭിമാനി വാരിക

1. ഹൈഗേറ്റ് സെമിത്തേരി.

2. മാഞ്ചസ്റ്റര്‍- യുകെ

3. മാഞ്ചസ്റ്ററിലെ ചീതാള്‍ ഗ്രന്ഥാലയം- ഇന്നതൊരു ഗവേഷണകേന്ദ്രം

No comments: