Sunday, April 8, 2012

വീരലക്ഷ്മി

തെരഞ്ഞെടുപ്പു സൂര്യന്‍ ഉത്തര്‍പ്രദേശിനെ സാകൂതം വിലയം ചെയ്ത ഒരു സായാഹ്നം. തണുപ്പിന്റെ മേലാടക്കുള്ളിലും ചൂടേറിയ കാലം. കാണ്‍പൂര്‍ കച്ചേരിക്കടുത്തുള്ള ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്ടില്‍ ഞങ്ങള്‍ കയറിച്ചെന്നു. പടികള്‍ കയറി അകത്തു കടന്നാല്‍ ആദ്യം കാണുന്ന വിശാലമായ പൂമുഖം. നടുക്ക് ഇട്ടിരിക്കുന്ന കസേരയില്‍ പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടിലെ ഓമനപുത്രി ലക്ഷ്മി. കേരളത്തിന്റെ വീരപ്രസാദം. പ്രസരിപ്പിന്റെ സുവര്‍ണരേഖകള്‍ പ്രായത്തിന്റെ വടുക്കളെ അകറ്റി നിര്‍ത്തിയിരിക്കുന്നു. തോളറ്റംവരെ മുറിച്ചിട്ട വെള്ളിമുടി. ജീവിതവിജയവും സേവന തല്‍പരതയും ദൃശ്യമാക്കും തിളങ്ങുന്ന കണ്ണുകള്‍. ശിഞ്ജിതംപോലെ വാക്കുകള്‍ ഊര്‍ന്നു വീഴുന്നു. ഇടയ്ക്കിടെ തൊഴിലാളിപ്രവര്‍ത്തകര്‍ വന്ന് ആദരവോടെ വണങ്ങന്നുണ്ട്. മുഷ്ടിചുരുട്ടി വാനിലേക്കെറിഞ്ഞ് അഭിവാദ്യം ചെയ്യുന്നുണ്ട്. നടപ്പ് 98ലാണ്. പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും കോഴിക്കോട് നടക്കുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന അദമ്യമായ ആഗ്രഹം ആദ്യമേ പ്രകടിപ്പിച്ചു. പക്ഷേ, ഇത്രദൂരത്തേക്കുള്ള യാത്ര അവശതകള്‍ വര്‍ധിപ്പിക്കുകയേ ഉള്ളുവെന്നതിനാല്‍ സന്ദേശം കൊടുത്തുവിടാനാണ് ആലോചന. പാര്‍ടിക്കാരും മകള്‍ സുഭാഷിണി അലിയും അതു മതിയെന്നാണ് പറയുന്നത്. സമ്മേളനം നടക്കെ വീട്ടിലിരുന്ന് മുഷ്ടിചുരുട്ടി ഉറക്കെ ഒരഭിവാദ്യം. അതൊരു ആചാരമല്ല, ജീവനെപോലെ സ്നേഹിക്കുന്ന പാര്‍ടിയെ ഓര്‍ത്തുള്ള അഭിമാനമാണ്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും 98-ാം വയസ്സിലും ചൈതന്യം ചോരാതെ കാത്തുസൂക്ഷിക്കുന്ന ലക്ഷ്മി സൈഗാള്‍ എന്ന കമ്യൂണിസ്റ്റിന്റെ ചരിത്രം മലയാളികള്‍ക്ക് സുപരിചിതം.
സമ്പന്നതയുടെ സര്‍വസുഖങ്ങളെയും ത്യാഗസമ്പന്നതയില്‍ മുക്കി ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി പോരാട്ടം. രോഗാതുരതയുടെ വേദനയില്‍ പുളഞ്ഞ ദരിദ്രര്‍ക്ക് സൗജന്യശുശ്രൂഷ. ജീവിതം അതിനൊക്കെ മാറ്റിവച്ച മനസ്ഥൈര്യം മാതൃക. മര്‍ദനങ്ങളും ജയില്‍വാസവും ആ യൗവനത്തിലെ സഹചാരിയായിരുന്നു. കഠിനപര്‍വങ്ങളുടെ കാലം കടന്ന് ഭര്‍ത്താവ് സൈഗാളിന്റെ നാടായ കാണ്‍പുരില്‍ തിരിച്ചെത്തിയെങ്കിലും വിശ്രമം ചിന്തയിലേ ഇല്ലായിരുന്നു. വ്യവസായനഗരത്തില്‍ തൊഴിലാളികള്‍ക്കിടയിലിറങ്ങി. കുടിലുകളില്‍ അവഗണനയും അവശതയും ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് തണലായി. കാണ്‍പൂരിന്റെ പ്രിയപുത്രിയായി. ഇവിടെ സമരവേദികളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ അവര്‍ മറക്കാതെ വിളിക്കും:""ലക്ഷ്മി സൈഗാള്‍ സിന്ദാബാദ്"". മാര്‍ഗരി ദത്ത വീടിന്റെ ചുവരുകള്‍ നിറയെ ചിത്രങ്ങള്‍. പോരാളിയും കാരുണ്യനിധിയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജിവിതം വായിച്ചെടുക്കാം ഈ കറുപ്പ്-വെളുപ്പ് ദൃശ്യാലേഖനത്തില്‍. കുട്ടിയായിരുന്നപ്പോള്‍, ഐഎന്‍എ ഭടനായിരുന്നപ്പോള്‍, സുഭാഷ് ചന്ദ്രബോസിനൊപ്പം, ആതുരാലയത്തില്‍, യുദ്ധമുഖത്ത്, കുടുംബം, നേതാക്കളോടോപ്പം....എന്നിങ്ങനെ.

നേരിന്റെ പൊയ്മുഖങ്ങള്‍ വലിച്ചുകീറാന്‍ പോരിന്റെ വാള്‍മുനയിലേറിയ കാലത്തിന്റെ ചരിത്രാഖ്യായികകള്‍. ഏതുസമയവും പീരങ്കിയുടെയോ ബോംബിന്റെയോ മുന്നില്‍ പിടഞ്ഞുവീഴാവുന്ന സാഹചര്യങ്ങളെ നീന്തിക്കടന്ന പൂര്‍വാന്തരങ്ങള്‍. പൂമുഖത്ത് ഒരു മദാമ്മ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അഭിമുഖമായി സോഫയില്‍ ഇരിക്കുന്നു. വെളുത്ത് സുന്ദരിയാണ്. മദാമ്മ ഒരു അമ്മൂമ്മയാണെന്നും മകളും കൊച്ചുമകളും ഉടന്‍ വരുമെന്നതിനാല്‍ ഫ്ളാറ്റിലേക്ക് തിരിച്ചു പോകുകയാണെന്നും മറ്റും അവരുടെ സംസാരത്തില്‍നിന്ന് മനസ്സിലായി. വാതിലിനടുത്ത് നിന്ന ഹിന്ദിക്കാരന്‍ കുശ്നിക്കാരനോട് ക്യാപ്റ്റന്‍ ലക്ഷ്മി പറഞ്ഞു: ""ഭയ്യാ ദീതി കൊ പാനി ദേ ദോ"". ""ഇവരേതാ, ഈ മദാമ്മ, കാണാന്‍ വന്നതോ മറ്റോ ആണോ?"" ഇതിനിടയില്‍ ഞങ്ങള്‍ മലയാളത്തില്‍ ചോദിച്ചു. ചിരിയായിരുന്നു ആദ്യ പ്രതികരണം. തുടര്‍ന്ന് പറഞ്ഞതിങ്ങനെ: ""കാണാന്‍ വന്നത് തന്നെ പക്ഷേ, അത് ഇന്നോ ഇന്നലെയോ അല്ല, വര്‍ഷങ്ങളായി തുടരുന്നു. ആദ്യകാലത്ത് ഒട്ടുമിക്ക ദിവസവും വൈകിട്ട് സങ്കടം പറഞ്ഞ് അവര്‍ വരും. ഞാന്‍ എന്തെങ്കിലും ആശ്വാസവാക്കുകള്‍ പറയും, സമാധാനിപ്പിക്കും. അങ്ങനെ നിത്യസന്ദര്‍ശകയായി. മാര്‍ഗരി ദത്താനാണ് അവരുടെ പേര്. ഇംഗ്ലണ്ടുകാരി. കാണ്‍പുര്‍കാരനായിരുന്ന ഒരു ദത്തയുമായി പ്രണയത്തിലായി. ബ്രിട്ടീഷ് പ്രതാപം കൈമോശം വരാത്ത കാലത്താണ് അത്. തങ്ങളുടെ കോളനിയായ ഇന്ത്യയിലുള്ള ഒരാളെ വിവാഹം കഴിച്ചത് രാജ്യത്തിന് നാണക്കേടായി എന്നാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ വിശേഷിപ്പിച്ചത്. അവര്‍ മാര്‍ഗരിയെ രാജ്യത്തുനിന്ന് ആട്ടിയോടിച്ച് പിണ്ഡംവച്ചു. അങ്ങനെ ഭര്‍ത്താവിന്റെ നാടായ കാണ്‍പൂരില്‍ സ്ഥിരതാമസമായി. ഇടയ്ക്ക് ഭര്‍ത്താവ് മരിച്ചു. മക്കളെയും കൊച്ചുമക്കളെയും ഒക്കെ ഇന്ത്യയില്‍ പഠിപ്പിച്ച് ഇന്ത്യക്കാരായി വളര്‍ത്തണമെന്നത് ഒരു വാശിയാണ്.

ജീവിതത്തില്‍ ഇനി ജന്മനാട്ടിലേക്കില്ലയെന്നാണ് അവരുടെ തീരുമാനം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയെന്നതാണ് എന്നോട് കൂടുതല്‍ അടുപ്പമുണ്ടാകാന്‍ കാരണമെന്നു തോന്നുന്നു. എത്ര വലിയ സാമ്രാജ്യമായാലും മനുഷ്യരെ തുല്യരായി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനെ വെറുക്കപ്പെടുമെന്നുറപ്പല്ലേ?""- തനി വള്ളവനാടന്‍ മലയാളത്തില്‍ ക്യാപ്റ്റന്‍ലക്ഷ്മി ഇടതടവില്ലാതെ പറയുന്നത് കണ്ട് മദാമ്മ കണ്ണ് മിഴിച്ചു. ഒരു മാര്‍ഗരിയല്ല, ഒരായിരം പാവപ്പെട്ട കുടുംബിനുകളുമല്ല പാലക്കാട്ടുകാരിയായ ഈ അമ്മയുടെ കനിവും സ്നേഹവും ആവോളം ഏറ്റുവാങ്ങി ജീവിത പ്രതീക്ഷയിലേക്ക് പിച്ചവച്ചത്. ""തീരെ ദരിദ്രരായ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അനേകം സ്ത്രീകളുടെ പ്രസവമെടുക്കാനും ശുശ്രൂഷയ്ക്കും പോയിട്ടുണ്ട് ഇവിടെ. സിംഗപൂരിലും ബര്‍മയിലും യുദ്ധത്തില്‍ മുറിവേറ്റവരെയാണ് ശുശ്രൂഷിക്കാനുണ്ടായിരുന്നത്. ഇവിടെ വന്ന ശേഷവും ശുശ്രൂഷ തുടര്‍ന്നു. ഏത് പാതിരാക്കായാലും പാവങ്ങള്‍ വന്നു വിളിച്ചാല്‍ പോകും. കുറ്റാ കൂരിരുട്ടില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് ചികിത്സ നല്‍കാന്‍ ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങോട്ട് പോകാന്‍ വയ്യാത്ത പ്രായം. അതുകൊണ്ട് ദിവസവും ഇപ്പോഴും, ഇവിടെ ക്ലിനികില്‍ പോകും. അവിടെയും അനവധി ദരിദ്രരാണ് ചികിത്സ തേടിയെത്തുന്നത്. സൗജ്യനമാണെന്നറിഞ്ഞ് പണമുള്ളവരും ചികിത്സക്കെത്താറുണ്ട്. എനിക്ക് മനസ്സിലാകുമെങ്കിലും ഞാന്‍ ഒന്നും മിണ്ടാറില്ല.""- ചികിത്സ ആവശ്യമുള്ളവര്‍ ഇനിയും ഇനിയും വരട്ടെയെന്ന ഭാവം.

പാലക്കാടന്‍ പാടവരമ്പുകള്‍

കേരളത്തെ കുറിച്ച് പറയുമ്പോഴെല്ലാം പാലക്കാടന്‍ പാടവരമ്പുകളിലൂടെ അച്ഛന്‍ സ്വാമിനാഥന്റെ കൈപിടിച്ച് നടന്ന കഥ പറയും ക്യാപ്റ്റന്‍ ലക്ഷ്മി. ""കഴിഞ്ഞ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്കായി നാട്ടില്‍ പോയിരുന്നു. നാട്ടിലെ പഴയ കാലമൊക്കെ ഓര്‍ത്തു പോയി. പാടത്തൂടെക്കെ നടക്കുമ്പോഴുള്ള സുഖമില്ലേ..."" എന്നാല്‍, ഹരിതമുകുളങ്ങള്‍ കവിതവിരിയിക്കുന്ന കേരനാടിന്റെ സൗന്ദര്യം മാത്രമല്ല അവരുടെ ഓര്‍മയില്‍ ആവേശം നിറച്ചത്. ജാതീയതയുടെ ജഡത്വം കൊടികുത്തിവാണ സമൂഹത്തിലുണ്ടായ മാറ്റങ്ങളും ആ വാക്കുകളില്‍ തെളിഞ്ഞു. ""അവരെ തൊടരുത്, മറ്റവരോട് മിണ്ടരുത് തുടങ്ങി വിലക്കുകള്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയാറുള്ളത് ഇന്നും ഓര്‍ക്കുന്നു. എന്താണ് അവരെ തൊട്ടാല്‍, അവരും നമ്മുടെ പോലെ മനുഷ്യരല്ലെയെന്നൊക്കെ അക്കാലത്ത് തന്നെ തോന്നിയിരുന്നു. ഞാന്‍ ആ വിലക്കൊന്നും കണക്കാക്കിയിരുന്നില്ല. പിന്നീട്, അവിടെ നിന്നൊക്കെ കേരളം ഏറെ മുന്നിലെത്തി. ജാതീയതയുടെ ഭീകരമായ ഭ്രാന്തില്‍ നിന്നൊക്കെ മോചിച്ചു. പക്ഷേ, ഇന്നും ആ പഴയഭ്രാന്തിനെ സ്നേഹിക്കുന്നവരുണ്ട്. പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തി കൂടി വരുന്നു. യുവാക്കളാണ് ഇതിനെയൊക്കെ നേരിട്ട് സമൂഹത്തെ നയിക്കേണ്ടത്. അവരാണ് രാജ്യത്തിന്റെ ഭാവി."" കേരളത്തിലെ മുന്‍കാല കമ്യൂണിസ്റ്റ് നേതാക്കള്‍ കാണ്‍പൂരിലെത്താറുള്ള കഥയും ഓര്‍ത്തെടുത്തു. എന്തെങ്കിലും പരിപാടിക്കായി വരുമ്പോള്‍ ഈ വീട്ടില്‍ കയറാതെ മടങ്ങാറില്ല. ""ഇ എം എസും എ കെ ജിയുമൊക്കെ പലകുറി കാണ്‍പൂരിലെ വീട്ടിലെത്തിയത് ഇന്നലത്തെ പോലെ മുന്നിലുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെട്ട കാളനും അവിയലുമൊക്കെ വച്ചുകൊടുക്കാറുണ്ട്. ഭക്ഷണം കഴിക്കാതെ ആരെയും പറഞ്ഞു വിടാറില്ല. എ കെ ജി വന്നാല്‍ കേരളത്തിലെ വിശേഷങ്ങളൊക്കെ പറയും. കൂട്ടത്തില്‍, വടക്കേ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കേരളത്തിലും ബംഗാളിലുമുള്ളതു പോലെ വളരാനാകാത്തതിന്റെ വ്യസനവും പങ്കുവയ്ക്കും. വടക്കന്‍ സംസ്ഥാനങ്ങളില്‍ ജാതീയതയുടെ വേരോട്ടം തന്നെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നതെന്ന് എ കെ ജിക്കും അറിയാം. എങ്കിലും വരുമ്പോഴൊക്കെ അത് പറയും."" -ജാതീയതയുടെ ഇരുട്ട് വടക്കേഇന്ത്യയില്‍ ഇന്നും കടുത്ത് നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ലക്ഷ്മി പറഞ്ഞു. ""ദളിതരെ സംഘടിപ്പിച്ചാല്‍ മറ്റു ജാതിക്കാര്‍ മാറി നില്‍ക്കും. അവരുടെയടുത്തേക്കൊന്നും പോകരുതെന്നാണ് യാദവന്മാര്‍ പറയുക.

ഒരു ഘട്ടത്തില്‍ സിപിഐ എമ്മിനെ ദളിതരുടെ പാര്‍ടിയെന്ന്പോലും ഇവിടെ സവര്‍ണര്‍ വിശേഷിപ്പിക്കുകയുണ്ടായി. എന്തിനെയും ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുന്ന സാഹചര്യമാണ് ഇല്ലാതാക്കേണ്ടത്. ജാതീയതയുടെ ചങ്ങല തൂത്തെറിയാനാണ് നാം ശ്രമിക്കേണ്ടത്. കടുത്ത പരിശ്രമം വേണ്ടിവരും. യുവശക്തിയുടെ മുന്നേറ്റവും സാര്‍വത്രിക വിദ്യാഭ്യാസവും മാത്രമേ വഴിയുള്ളു. ഇന്ത്യയുടെ ഇന്നത്തെ അവശതകള്‍ മാറാതെ വയ്യല്ലോ."" പറയാന്‍ അര്‍ഹതയുള്ളവര്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ കാതുകള്‍ പരശതമാകും. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വാക്കുകള്‍ എക്കാലത്തെയും മുത്തുകളാണ്. നേരം വൈകിയിരിക്കുന്നു. തണുപ്പ് തീഷ്ണമായ കണ്ണുകളോടെ വീടിനകത്ത് അകത്തുകയറി കഴിഞ്ഞു. മതിയാക്കാമെന്ന് സുഭാഷിണി അലി തലയാട്ടി. അമ്മയ്ക്ക് കിടക്കാന്‍ സമയമായിരിക്കുന്നു. നാട്ടില്‍ നിന്നെത്തിയവരോടുള്ള ഉള്ളഴിഞ്ഞ സ്നേഹം പകര്‍ന്ന് മലയാളിയുടെ ധീരമുത്തശ്ശി ഞങ്ങളെ യാത്രയയച്ചു. സായന്തനത്തിന്റെ ശോഭ മറഞ്ഞെങ്കിലും തപസങ്ങള്‍ ചിറകടിച്ച് ചക്രവാളത്തിലേക്ക് പറന്നുകൊണ്ടിരുന്നു.

*
ദിനേശ് വര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 02 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പു സൂര്യന്‍ ഉത്തര്‍പ്രദേശിനെ സാകൂതം വിലയം ചെയ്ത ഒരു സായാഹ്നം. തണുപ്പിന്റെ മേലാടക്കുള്ളിലും ചൂടേറിയ കാലം. കാണ്‍പൂര്‍ കച്ചേരിക്കടുത്തുള്ള ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്ടില്‍ ഞങ്ങള്‍ കയറിച്ചെന്നു. പടികള്‍ കയറി അകത്തു കടന്നാല്‍ ആദ്യം കാണുന്ന വിശാലമായ പൂമുഖം. നടുക്ക് ഇട്ടിരിക്കുന്ന കസേരയില്‍ പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടിലെ ഓമനപുത്രി ലക്ഷ്മി. കേരളത്തിന്റെ വീരപ്രസാദം. പ്രസരിപ്പിന്റെ സുവര്‍ണരേഖകള്‍ പ്രായത്തിന്റെ വടുക്കളെ അകറ്റി നിര്‍ത്തിയിരിക്കുന്നു. തോളറ്റംവരെ മുറിച്ചിട്ട വെള്ളിമുടി. ജീവിതവിജയവും സേവന തല്‍പരതയും ദൃശ്യമാക്കും തിളങ്ങുന്ന കണ്ണുകള്‍. ശിഞ്ജിതംപോലെ വാക്കുകള്‍ ഊര്‍ന്നു വീഴുന്നു. ഇടയ്ക്കിടെ തൊഴിലാളിപ്രവര്‍ത്തകര്‍ വന്ന് ആദരവോടെ വണങ്ങന്നുണ്ട്. മുഷ്ടിചുരുട്ടി വാനിലേക്കെറിഞ്ഞ് അഭിവാദ്യം ചെയ്യുന്നുണ്ട്. നടപ്പ് 98ലാണ്. പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും കോഴിക്കോട് നടക്കുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന അദമ്യമായ ആഗ്രഹം ആദ്യമേ പ്രകടിപ്പിച്ചു. പക്ഷേ, ഇത്രദൂരത്തേക്കുള്ള യാത്ര അവശതകള്‍ വര്‍ധിപ്പിക്കുകയേ ഉള്ളുവെന്നതിനാല്‍ സന്ദേശം കൊടുത്തുവിടാനാണ് ആലോചന. പാര്‍ടിക്കാരും മകള്‍ സുഭാഷിണി അലിയും അതു മതിയെന്നാണ് പറയുന്നത്. സമ്മേളനം നടക്കെ വീട്ടിലിരുന്ന് മുഷ്ടിചുരുട്ടി ഉറക്കെ ഒരഭിവാദ്യം. അതൊരു ആചാരമല്ല, ജീവനെപോലെ സ്നേഹിക്കുന്ന പാര്‍ടിയെ ഓര്‍ത്തുള്ള അഭിമാനമാണ്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും 98-ാം വയസ്സിലും ചൈതന്യം ചോരാതെ കാത്തുസൂക്ഷിക്കുന്ന ലക്ഷ്മി സൈഗാള്‍ എന്ന കമ്യൂണിസ്റ്റിന്റെ ചരിത്രം മലയാളികള്‍ക്ക് സുപരിചിതം.