Saturday, April 21, 2012

തകരുന്ന കൃഷിയെ, കര്‍ഷകനെ രക്ഷിക്കാന്‍

സാമ്പത്തിക ഉദാരീകരണത്തിനും മുതലാളിത്ത വിധേയത്വത്തിനും തുടക്കമിട്ട 1990കളെ തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടിനുള്ളില്‍ രാജ്യത്ത് സ്വത്ത് ഉടമസ്ഥതയുടെ കേന്ദ്രീകരണവും ദാരിദ്ര്യവല്‍ക്കരണവും വര്‍ധിച്ചു. കാര്‍ഷികമേഖല പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലയും ഉല്‍പ്പാദനച്ചെലവും ഇരുദിശകളിലായി. രാസവളത്തിന്റെ വിലനിര്‍ണയ അവകാശം വളം നിര്‍മാണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പരമ്പരാഗത കൃഷി താങ്ങാന്‍ പറ്റാതായി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നടപടിയോരോന്നും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയാണ്. ഭൂപരിഷ്കരണനിയമങ്ങളും ഭൂപരിധിനിയമങ്ങളും ലംഘിച്ച് കൃഷിഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് കൈമാറുന്നു. ബഹുരാഷ്ട്ര കോര്‍പറേറ്റുകളിലും വന്‍കിട കമ്പനികളിലും ഭൂവുടമസ്ഥത കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ ഉന്നം. ദേശീയ കാര്‍ഷികകമീഷന്റെ പ്രധാന ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. വിലയിടിവില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനായി വിലസ്ഥിരതാഫണ്ട് സ്ഥാപിക്കല്‍, ചുരുങ്ങിയ പലിശക്ക് വ്യവസ്ഥാപിത വായ്പാസംവിധാനം വിപുലപ്പെടുത്തല്‍, കാര്‍ഷിക കടങ്ങളുടെ പലിശ നാലുശതമാനമായി കുറയ്ക്കല്‍, വിള ഇന്‍ഷുറന്‍സ് സാര്‍വത്രികമാക്കല്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കമീഷന്റെ ശുപാര്‍ശകള്‍ ഏട്ടിലെ പശുവായി നിലനില്‍ക്കുന്നു.

1969ലെ ബാങ്ക് ദേശസാല്‍ക്കരണശേഷം 1990 വരെ കാര്‍ഷികമേഖലയ്ക്കനുകൂലമായ നിലപാടാണ് പൊതുമേഖലാ ബാങ്കുകള്‍ എടുത്തിരുന്നത്. ആഗോളവല്‍ക്കരണ സാമ്പത്തികനയം നടപ്പാക്കിയതോടെ ബാങ്കുകളുടെ സമീപനം മാറി. ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചെങ്കിലും ഗ്രാമീണരുടെ വായ്പ കുറഞ്ഞു. കാര്‍ഷികമേഖലയ്ക്ക് മുന്‍ഗണന വേണമെന്നാണ് ലോകബാങ്കിന്റെ നിര്‍ദേശം. പക്ഷേ, വായ്പാവര്‍ധന വന്‍കിട വായ്പക്കാരുടേതായിമാറി. വളരുന്ന കടബാധ്യത കാര്‍ഷികപ്രതിസന്ധിയാണ്. അതിനെ നേരിടാന്‍ കൂടുതല്‍ വായ്പ നല്‍കലല്ല പരിഹാരം. കര്‍ഷകനാവശ്യം സ്ഥിരവരുമാനമാണ്. വരുമാനം ഉറപ്പുവരുത്താന്‍ വിളകള്‍ക്ക് ന്യായമായ വിലകിട്ടണം. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കണം. അതിന് സബ്സിഡി ഏര്‍പ്പെടുത്തണം.
ഇറക്കുമതിനയം കേരളത്തിലെ നാണ്യവിളകളെ സാരമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തീരുവകുറച്ച് ഒരുലക്ഷം ടണ്‍ റബ്ബറാണ് 2010-11ല്‍ ഇറക്കുമതിചെയ്തത്. ഇത് കേരളത്തിലെ റബര്‍ കര്‍ഷകന് വലിയ തിരിച്ചടിയായി. കൂനിന്മേല്‍ കുരുവെന്നപോലെ കേന്ദ്രസര്‍ക്കാര്‍ റബര്‍കൃഷിയെ കാര്‍ഷികപ്പട്ടികയില്‍നിന്നുമാറ്റി വ്യവസായ പട്ടികയില്‍ ഉള്‍പ്പെടുത്തി. റബര്‍കൃഷി, കൃഷിയല്ലാത്തതിനാല്‍ കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ ലഭിക്കുകയില്ല. മാത്രമല്ല കൃഷിയില്‍നിന്ന് ഒഴിവാക്കിയാല്‍ ആദായനികുതിയുടെ പരിധിയില്‍വരും. കേരകര്‍ഷകര്‍ വിലത്തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിയിരിക്കുന്നു. നാളികേരത്തിന്റെ വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ താല്‍ക്കാലികമായിട്ടെങ്കിലും രക്ഷിക്കാന്‍ ഉതകുന്നതാണ് താങ്ങുവില. കേരളം നാളികേര വികസന ബോര്‍ഡുമുഖേന ആവശ്യപ്പെട്ട താങ്ങുവില മില്ലിങ് കൊപ്രയ്ക്ക് 5750 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 6320 രൂപയുമായിരുന്നു. കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടത് യഥാക്രമം 7000 രൂപയും 7500 രൂപയുമാണ്. ഇന്നത്തെ ഉല്‍പ്പാദനച്ചെലവുമായി ബന്ധപ്പെടുത്തിയാല്‍ ഈ വില ലഭിച്ചില്ലെങ്കില്‍ തെങ്ങുകൃഷി നഷ്ടത്തിലാകും.

വിത്തിന്മേലുള്ള കര്‍ഷകന്റെ അവകാശത്തെ നിഷേധിക്കുന്നതും വിത്ത് ഉല്‍പ്പാദനവും കാര്‍ഷിക ഗവേഷണവും വിദേശ ശക്തികളെ ഏല്‍പ്പിക്കുന്നതുമായ നിയമമാണ് യുപിഎ സര്‍ക്കാരിന്റെ വിത്തുനിയമം. ഈ നിയമം കര്‍ഷകന്റെ വിതയ്ക്കാനും കൊയ്യാനും സൂക്ഷിക്കാനും വിതരണംചെയ്യാനുമുള്ള അവകാശത്തെ നിഷേധിക്കുന്നു. വിത്ത് ബില്‍ കാര്‍ഷികമേഖലയിലെ വിദേശ അധിനിവേശത്തിന്റെ വരവാണ്. നാടന്‍ വിത്ത് സംരക്ഷിക്കാന്‍ കഴിയാതെ വരും. ബഹുരാഷ്ട്ര കമ്പനിയെമാത്രം ആശ്രയിച്ച് കൃഷിചെയ്യേണ്ട സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അവരുടെ വിത്തുമാത്രമല്ല വളം, കീടനാശിനി എന്നിവയും ഉപയോഗിക്കേണ്ടിവരും. ഇത് നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കും. 2011 ഏപ്രില്‍ ഒന്നുമുതല്‍ രാസവളം വില നിശ്ചയിക്കാനുള്ള അധികാരം യുപിഎ സര്‍ക്കാര്‍ രാസവളം നിര്‍മാണക്കമ്പനികള്‍ക്ക് നല്‍കി. തുടര്‍ന്ന് 2012 മാര്‍ച്ചിനിടയില്‍ ആറുതവണ രാസവളങ്ങളുടെ വില വര്‍ധിപ്പിച്ചു. ഉയര്‍ന്ന വിലയ്ക്ക് പൊട്ടാഷ് ഇറക്കുമതിചെയ്യാനും യൂറിയയുടെ വിലനിയന്ത്രണം എടുത്തുമാറ്റി സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ രാസവളത്തിന്റെ വില കുത്തനെ വര്‍ധിച്ചു. രാസവള നിര്‍മാണശാലകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സബ്സിഡി നിര്‍ത്തി. പൊതുമേഖലാ വളം നിര്‍മാണശാലകളില്‍ വികസനം മുരടിച്ചു. രാസവള വിലക്കയറ്റം, വളപ്രയോഗം കുറയ്ക്കുന്നു. അതിന്റെ ഫലമായി ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറയും. അത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. കൃഷിയില്‍നിന്ന് കൃഷിക്കാര്‍ വഴിമാറും.

ആസിയന്‍ കരാറിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍, ഇസ്രയേല്‍, ജപ്പാന്‍ തുടങ്ങി 56 രാജ്യങ്ങളുമായി ഇന്ത്യ കരാറില്‍ ഒപ്പിടുകയുണ്ടായി. ഇത് ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍പ്രകാരം യൂറോപ്പിലെ 50 ശതമാനം കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചുങ്കമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. യൂറോപ്പിലെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഈ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലേക്കൊഴുകും. ഇന്ത്യ മലേഷ്യയുമായും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഈ പ്രത്യേക കരാര്‍ കേരളത്തിലെ റബര്‍, നാളികേര കൃഷിക്കാരെ സാരമായി ബാധിക്കും. ഇന്തോ-അമേരിക്കന്‍ കാര്‍ഷികകരാര്‍ അമേരിക്കന്‍ മോഡല്‍ കാര്‍ഷികവ്യവസ്ഥ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ്. ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തലല്ല; മറിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ലാഭം ഉണ്ടാക്കുകയെന്നതാണ് കരാറിന്റെ ലക്ഷ്യം.

ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെ മൂലധനശക്തികള്‍ക്ക് കീഴ്പ്പെടുത്തുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭൂപരിധി, ഭൂവിനിയോഗം തുടങ്ങിയ നിയമങ്ങള്‍ പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കുകയാണ്. കാരണം, നിലവിലുള്ള ഭൂനിയമം കോര്‍പറേറ്റുകളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കുത്തക കമ്പനികള്‍ക്ക് ലഭ്യമാക്കി അതില്‍ ആധുനിക കൃഷിചെയ്യാന്‍ വേണ്ട നിയമനടപടികളാണ് ഇപ്പോള്‍ കൃഷിമന്ത്രാലയം ചെയ്തുകൊണ്ടിരിക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് വിലക്കയറ്റത്തിനു മുഖ്യകാരണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയാണ് ജനങ്ങള്‍ക്ക് ഏറ്റവും ദുരിതം നല്‍കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില കൂട്ടിയതുകൊണ്ടാണ് വിലവര്‍ധനയെന്നാണ് യുപിഎ സര്‍ക്കാരിന്റെ വാദം. ഇത് അസംബന്ധമാണ്. നെല്ലിന് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില പത്തുരൂപ എണ്‍പതുപൈസയാണ്. അരിയുടെ വിലയാകട്ടെ 25 രൂപമുതല്‍ 30 രൂപവരെയും. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം രാസവളം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ വിലനിയന്ത്രണം പൂര്‍ണമായി എടുത്തുകളഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും ഉയര്‍ത്തുന്നു. പൊതുവിതരണം ശക്തമാക്കുക, അവധി വ്യാപാരത്തിന് തടയിടുക, പൂഴ്ത്തിവെയ്പ് തടയുക, പെട്രോള്‍, രാസവള വിലനിയന്ത്രണം പുനഃസ്ഥാപിക്കുക എന്നീ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നിയമനടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതുകൊണ്ടാണ് വിലക്കയറ്റം. റെയില്‍വേ ചരക്കുകൂലി 20 ശതമാനം വര്‍ധിപ്പിച്ചത് വിലക്കയറ്റം ആളിക്കത്തിക്കും.

കോര്‍പറേറ്റുകള്‍ക്ക് സ്വര്‍ഗം പണിയാന്‍ ശ്രമിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ അപ്പോസ്തലന്മാരായി മാറിയിരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍. നിലവിലുള്ള ഭൂപരിഷ്കരണനിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ഷകര്‍ വീണ്ടും ആത്മഹത്യയുടെ വഴി സ്വീകരിച്ചു. ചുരുങ്ങിയകാലംകൊണ്ട് അമ്പതിലധികം കര്‍ഷകര്‍ പ്രാണന്‍ വെടിഞ്ഞു. എന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലും കര്‍ഷക ആത്മഹത്യക്ക് പരിഹാരം കാണാനുള്ള നടപടിയില്ല. അടിക്കടിയുള്ള രാസവള വിലവര്‍ധനയിലൂടെയും മറ്റും കൃഷിക്ക് നേരിടേണ്ടിവരുന്ന താങ്ങാനാകാത്ത ചെലവില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള സഹായങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ പെന്‍ഷനുകള്‍ വിതരണം ചെയ്യാനും യുഡിഎഫ് സര്‍ക്കാരിനാകുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കോടിക്കണക്കിന് കര്‍ഷകജനവിഭാഗങ്ങള്‍ നേരിടുന്ന അതിരൂക്ഷമായ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ കര്‍ഷകര്‍ തുടര്‍സമരത്തിലേക്ക് നീങ്ങുന്നത്. ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ഏപ്രില്‍ 23 മുതല്‍ 27 വരെ നടക്കുന്ന പഞ്ചദിന സത്യഗ്രഹം. കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ട കാര്‍ഷികമേഖലയിലെ ആഗോളവല്‍ക്കരണ ഭീഷണികള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്താനും ആവശ്യങ്ങള്‍ നേടിയെടുക്കാനും വരുംനാളുകളില്‍ രാജ്യമെങ്ങും പടരുന്ന സമരത്തിന്റെ മുന്നോടിയായി നടക്കുന്ന കര്‍ഷക കൂട്ടായ്മയില്‍ മുഴുവന്‍ കര്‍ഷകരും അണിചേരണം. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചദിന കര്‍ഷകസത്യഗ്രഹം പ്രത്യേക വിഭാഗം കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതല്ല. കേരളത്തിലെ മുഴുവന്‍ കൃഷിക്കാരുടെയും ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരമാണിത്. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പഞ്ചദിന കര്‍ഷകസമരത്തെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
കെ വി രാമകൃഷ്ണന്‍ (കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക ഉദാരീകരണത്തിനും മുതലാളിത്ത വിധേയത്വത്തിനും തുടക്കമിട്ട 1990കളെ തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടിനുള്ളില്‍ രാജ്യത്ത് സ്വത്ത് ഉടമസ്ഥതയുടെ കേന്ദ്രീകരണവും ദാരിദ്ര്യവല്‍ക്കരണവും വര്‍ധിച്ചു. കാര്‍ഷികമേഖല പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലയും ഉല്‍പ്പാദനച്ചെലവും ഇരുദിശകളിലായി. രാസവളത്തിന്റെ വിലനിര്‍ണയ അവകാശം വളം നിര്‍മാണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പരമ്പരാഗത കൃഷി താങ്ങാന്‍ പറ്റാതായി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നടപടിയോരോന്നും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയാണ്. ഭൂപരിഷ്കരണനിയമങ്ങളും ഭൂപരിധിനിയമങ്ങളും ലംഘിച്ച് കൃഷിഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് കൈമാറുന്നു. ബഹുരാഷ്ട്ര കോര്‍പറേറ്റുകളിലും വന്‍കിട കമ്പനികളിലും ഭൂവുടമസ്ഥത കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ ഉന്നം. ദേശീയ കാര്‍ഷികകമീഷന്റെ പ്രധാന ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. വിലയിടിവില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനായി വിലസ്ഥിരതാഫണ്ട് സ്ഥാപിക്കല്‍, ചുരുങ്ങിയ പലിശക്ക് വ്യവസ്ഥാപിത വായ്പാസംവിധാനം വിപുലപ്പെടുത്തല്‍, കാര്‍ഷിക കടങ്ങളുടെ പലിശ നാലുശതമാനമായി കുറയ്ക്കല്‍, വിള ഇന്‍ഷുറന്‍സ് സാര്‍വത്രികമാക്കല്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കമീഷന്റെ ശുപാര്‍ശകള്‍ ഏട്ടിലെ പശുവായി നിലനില്‍ക്കുന്നു.