Friday, April 27, 2012

ചരിത്രം തുറന്ന് ബൊഫോഴ്സ്

കാല്‍നൂറ്റാണ്ടുമുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ബൊഫോഴ്സ് ഇടപാടില്‍ അനേകകോടികളുടെ കൈക്കോഴയുണ്ടായിരുന്നുവെന്നത് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നൂറ്റിനാല്‍പ്പതുകോടി ഡോളറിന്റെ ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളുകളോ കോഴയോ കമീഷന്‍പോലുമോ ഇല്ല എന്നതായിരുന്നു എന്നും കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നിലപാട്. ആ നിലപാട് അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ അതുവരെക്കണ്ട പ്രതിരോധ കുംഭകോണങ്ങളില്‍വച്ച് ഏറ്റവും വലുത് അതാണെന്നുമായിരുന്നു അന്നും പിന്നീടും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതിപക്ഷം പറഞ്ഞതായിരുന്നു ശരിയെന്നും കേവലം ആരോപണമല്ല, തെളിവുള്ള കുംഭകോണംതന്നെയായിരുന്നു അത് എന്നും ഒരിക്കല്‍ക്കൂടി തെളിയുകയാണ്. ഇതിനൊപ്പം തെളിയുന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി കുംഭകോണക്കേസിലെ മുഖ്യപ്രതിയായ ഒക്ടോവിയോ ക്വത്റോച്ചിയെ രക്ഷപ്പെടുത്തി അയക്കാന്‍ ഇടപെട്ടിരുന്നുവെന്ന കാര്യംകൂടിയാണ്.

ബൊഫോഴ്സ് കുംഭകോണം ഉയര്‍ന്നുവന്ന എണ്‍പതുകളുടെ മധ്യത്തില്‍ സ്വീഡിഷ് പൊലീസ് മേധാവിയായിരുന്ന സ്റ്റെന്‍ ലിന്‍ഡ്സ്ട്രോമിന്റെ വാക്കുകളാണ് ക്വത്റോച്ചിയെ രാജീവ്ഗാന്ധി രക്ഷിച്ചു എന്ന് സ്ഥിരീകരിക്കുന്നത്. സ്വീഡിഷ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ പൊലീസ് മേധാവി നടത്തിയ ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ പുതിയ കാര്യമായി ആര്‍ക്കും തോന്നില്ല. കാരണം രാജീവ്ഗാന്ധിയുടെ വസതിയില്‍ നിത്യസന്ദര്‍ശകനായിരുന്ന, സോണിയ ഗാന്ധിയുടെ സുഹൃത്തുകൂടിയായ ക്വത്റോച്ചിയുടെ മരവിപ്പിച്ച ബാങ്കുനിക്ഷേപം തുറന്നുകൊടുത്തതും അയാള്‍ക്ക് ഇവിടെനിന്ന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിക്കൊടുത്തതും അയാള്‍ക്കെതിരായ കേസ് ഇല്ലായ്മചെയ്യാന്‍ താല്‍പ്പര്യമെടുത്തതുമെല്ലാം സോണിയാകുടുംബമാണെന്നത് അതതു ഘട്ടങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ വ്യക്തമായിരുന്ന കാര്യങ്ങളാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. അടച്ചുപൂട്ടിവച്ച കേസ് തുറക്കേണ്ടതുണ്ട്. കാരണം രാജ്യരക്ഷയെവരെ ബാധിക്കുന്ന തരത്തിലുള്ളതും ഖജനാവിനു കോടികള്‍ നഷ്ടപ്പെടുത്തിയതുമായ പ്രതിരോധ കുംഭകോണമായിരുന്നു അത്.കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. രാജീവ്ഗാന്ധി ഇന്നില്ല എന്നതുകൊണ്ട് കേസ് പുനരാരംഭിക്കാതിരിക്കേണ്ട കാര്യമില്ല. ഇറ്റലിക്കാരനായ ക്വത്റോച്ചി എങ്ങനെ ആയുധ ഇടപാടിലെ ദല്ലാളായി, ആരൊക്കെ കമീഷന്‍ പറ്റി, ആരൊക്കെ തെളിവുനശിപ്പിക്കാനിടപെട്ടു തുടങ്ങി ഏറെ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. 1,76,643 കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെയും മറ്റും പുതിയ പശ്ചാത്തലത്തില്‍ 640 കോടി രൂപയുടെ അഴിമതി നടന്ന ബൊഫോഴ്സ് ഇടപാട് ചിലര്‍ക്ക് വലിയ കാര്യമായി തോന്നുകയില്ല. എന്നാല്‍, പില്‍ക്കാല പ്രതിരോധ കുംഭകോണങ്ങള്‍ക്കാകെ വഴിമരുന്നിട്ടതും പ്രതിരോധസജ്ജതയില്‍ വിള്ളല്‍ വീഴ്ത്തിയതുമായ കുംഭകോണമായിരുന്നു അത് എന്ന കാര്യം ഓര്‍മിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ഗൗരവത്തോടെ അതിനെ കാണേണ്ടതുണ്ട്.

സ്വീഡിഷ് റേഡിയോ ആണ് ഈ കുംഭകോണവും ദല്ലാള്‍ സാന്നിധ്യവും കമീഷന്‍ ഇടപാടുമെല്ലാം പുറത്തുകൊണ്ടുവന്നത്. അസത്യമാണ് റേഡിയോ വാര്‍ത്തയെന്ന് അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ ഈ കോഴയിടപാട് സ്ഥിരീകരിച്ചു. അതോടെ അഴിമതി പൂഴ്ത്തിവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി സര്‍ക്കാര്‍. കോഴപറ്റിയവരുടെ പേരുവിവരങ്ങളും അവരുടെ നിക്ഷേപരഹസ്യങ്ങളുംവരെ സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ പുറത്തുവിട്ടു. ദല്ലാളോ ദല്ലാള്‍ കമീഷനോ ഇല്ല എന്ന രാജീവ്ഗാന്ധിയുടെ നിലപാടാണ് അന്ന് തകര്‍ന്നത്. എ ഇ സര്‍വീസസ്, അന്നാട്രോണിക്സ് എന്നീ കമ്പനികള്‍ മുതല്‍ ഹിന്ദുജ, വിന്‍ഛദ്ദ, ക്വത്റോച്ചി എന്നീ വ്യക്തികള്‍വരെ ഇതില്‍ ബന്ധപ്പെട്ടതായി പിന്നീട് തെളിഞ്ഞു. കമീഷന്‍ നിക്ഷേപിക്കപ്പെട്ട ഒരു വിദേശനിക്ഷേപത്തിന്റെ കോഡ് (രഹസ്യ) പേര് ലോട്ടസ് എന്നാണെന്നും ലോട്ടസ് എന്ന വാക്കിന്റെ അര്‍ഥം രാജീവം എന്നാണെന്നും വന്നു. എ ഇ സര്‍വീസസിന്റെ ഉടമ രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്ന ഇറ്റലിക്കാരന്‍ ക്വത്റോച്ചിയാണെന്നും അന്നാട്രോണിക്സിന്റെ ഉടമ രാജീവ്ഗാന്ധിയുടെ സുഹൃത്തായിരുന്ന അന്താരാഷ്ട്ര ആയുധ ദല്ലാള്‍ വിന്‍ഛദ്ദയാണെന്നും തെളിഞ്ഞു. ഇങ്ങനെ തെളിവുപരമ്പരകള്‍ വരുകയും പാര്‍ലമെന്റ് പ്രതിപക്ഷം തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയും ചെയ്തപ്പോഴാണ് നിവൃത്തിയില്ലാതെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എന്നാല്‍, മര്‍മപ്രധാന മേഖലകള്‍ ഒഴിവാക്കിയാണ് സമിതിയുടെ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചത്. അങ്ങനെ ആ അന്വേഷണത്തെ സര്‍ക്കാര്‍ പ്രഹസനമാക്കി. വിന്‍ഛദ്ദയുടെയും ക്വത്റോച്ചിയുടെയും വിദേശനിക്ഷേപങ്ങള്‍ ഇതിനിടെ അതത് സര്‍ക്കാരുകള്‍ മരവിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ ഇവരുടെ നിക്ഷേപങ്ങളും മരവിപ്പിക്കേണ്ടിവന്നു. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ആ മരവിപ്പു നീങ്ങി. ഇരുവരും നിക്ഷേപം പിന്‍വലിച്ച് ഇന്ത്യ വിടുകയും ചെയ്തു. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമില്ലാതെ ക്വത്റോച്ചിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനാവുമായിരുന്നില്ല എന്നു വ്യക്തം. ആരാണ് ക്വത്റോച്ചിക്കുവേണ്ടി ഇടപെട്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ മുന്‍ സ്വീഡിഷ് പൊലീസ് മേധാവിയുടെ വാക്കുകളിലൂടെ രാജ്യത്തിനു ലഭിച്ചിട്ടുള്ളത്.

വിദേശത്തു നടന്ന അന്വേഷണം മരവിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്ന കത്തുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി സ്വീഡനില്‍ ചെന്നതിന്റെ വാര്‍ത്തകൂടി വന്നതോടെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ കേസ് നശിപ്പിക്കല്‍ താല്‍പ്പര്യം മറനീക്കി പുറത്തുവന്നു. 2007 ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ അറസ്റ്റിലായ ക്വത്റോച്ചിയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ സിബിഐ താല്‍പ്പര്യം കാട്ടാതിരുന്നതും തുടര്‍ന്നു ക്വത്റോച്ചിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ചതും അങ്ങനെ കേസിന്റെ കഥ കഴിച്ചതും ചരിത്രമാണ്. ആ ചരിത്രത്തിന്റെ അറകള്‍ വീണ്ടും തുറക്കേണ്ട സാഹചര്യമാണ് മുന്‍ സ്വീഡിഷ് പൊലീസ് മേധാവിയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യതാല്‍പ്പര്യമുള്ളവരാകെ ബൊഫോഴ്സ് ഇടപാട് പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട് എന്ന് ആവശ്യപ്പെടേണ്ട ഘട്ടമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാല്‍നൂറ്റാണ്ടുമുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ബൊഫോഴ്സ് ഇടപാടില്‍ അനേകകോടികളുടെ കൈക്കോഴയുണ്ടായിരുന്നുവെന്നത് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നൂറ്റിനാല്‍പ്പതുകോടി ഡോളറിന്റെ ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളുകളോ കോഴയോ കമീഷന്‍പോലുമോ ഇല്ല എന്നതായിരുന്നു എന്നും കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നിലപാട്. ആ നിലപാട് അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ അതുവരെക്കണ്ട പ്രതിരോധ കുംഭകോണങ്ങളില്‍വച്ച് ഏറ്റവും വലുത് അതാണെന്നുമായിരുന്നു അന്നും പിന്നീടും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതിപക്ഷം പറഞ്ഞതായിരുന്നു ശരിയെന്നും കേവലം ആരോപണമല്ല, തെളിവുള്ള കുംഭകോണംതന്നെയായിരുന്നു അത് എന്നും ഒരിക്കല്‍ക്കൂടി തെളിയുകയാണ്. ഇതിനൊപ്പം തെളിയുന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി കുംഭകോണക്കേസിലെ മുഖ്യപ്രതിയായ ഒക്ടോവിയോ ക്വത്റോച്ചിയെ രക്ഷപ്പെടുത്തി അയക്കാന്‍ ഇടപെട്ടിരുന്നുവെന്ന കാര്യംകൂടിയാണ്.