Wednesday, April 25, 2012

കലിക്കറ്റ് സര്‍വകലാശാലയിലെ പകല്‍ക്കൊള്ള

കലിക്കറ്റ് സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് വ്യാപകമായ തോതില്‍ അഴിമതി നടത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. സര്‍വകലാശാലയുടെ പരിധിയില്‍ പ്രകടനങ്ങളും യോഗങ്ങളും പ്രചാരവേലയും നിരോധിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാവടക്കാനുള്ള ശ്രമമാണ് വൈസ് ചാന്‍സലര്‍ നടത്തിയിരുന്നത്. സകലരുടെയും നാവടക്കിയാല്‍ യഥേഷ്ടം അഴിമതി നടത്താന്‍ കഴിയുമെന്നാണ് കരുതിയത്. ഈ ധാരണയോടെയാണ് സര്‍വകലാശാലയുടെ വിലപ്പെട്ട ഭൂമി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി നല്‍കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. ശനിയാഴ്ച യോഗം ചേര്‍ന്ന സിന്‍ഡിക്കറ്റ് ധൃതിപിടിച്ചെടുത്ത തീരുമാനം തിങ്കളാഴ്ചതന്നെ സര്‍വകലാശാലാ ഉത്തരവായി പുറത്തുവന്നു. സംഭവം വിവാദമായതോടെ ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൗജന്യമായി ഭൂമി നല്‍കാന്‍ മുന്‍കൈയെടുത്ത അതേ സിന്‍ഡിക്കറ്റ് അംഗങ്ങള്‍തന്നെയാണ് നടപടി റദ്ദാക്കാന്‍ തയ്യാറായത്. സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് നേതാവും മുന്‍ പിഎസ്സി അംഗവുമായ ആര്‍ എസ് പണിക്കരുടെയും മറ്റൊരു കോണ്‍ഗ്രസ് അംഗത്തിന്റെയും വിയോജനക്കുറിപ്പ് തൃണവല്‍ഗണിച്ചാണ് ഭൂരിപക്ഷപ്രകാരം ഭൂമി നല്‍കാനുള്ള തീരുമാനമെടുത്തത്. സിന്‍ഡിക്കറ്റ് യോഗത്തിന്റെ കീഴ്വഴക്കമനുസരിച്ച് തീരുമാനം രേഖപ്പെടുത്തുന്ന മിനിറ്റ്സ് അടുത്ത സിന്‍ഡിക്കറ്റ് യോഗത്തില്‍ സ്ഥിരപ്പെടുത്തിയതിനുശേഷമേ ഉത്തരവിറക്കാറുള്ളൂ. അടിയന്തരസ്വഭാവമുള്ള തീരുമാനമാണെങ്കില്‍ അതേദിവസം തന്നെ മിനിറ്റ്സ് സ്ഥിരപ്പെടുത്തി ഉത്തരവിറക്കാറുണ്ട്. വളരെ അടിയന്തരസ്വഭാവത്തോടെയാണ് മിനിറ്റ്സ് അംഗീകരിച്ചതും ഭൂമി ദാനംചെയ്യല്‍ തീരുമാനം കൈക്കൊണ്ടതും.

കേരള ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ പ്രമുഖ അംഗം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഭൂമി നല്‍കാന്‍ തീരുമാനിച്ചതിന്റെ പിറകില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നതില്‍ സംശയമില്ല. രണ്ട് സ്വകാര്യ ട്രസ്റ്റുകള്‍ക്കും ഒരു കായിക സംഘടനയ്ക്കും സര്‍വകലാശാലയുടെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ അനുമതി നല്‍കിയതായി ഭരണമുന്നണിയെ അനുകൂലിക്കുന്ന പത്രം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. ഭൂമി കൈമാറാനുള്ള വ്യവസ്ഥ ക്രമവിരുദ്ധവും അവ്യക്തവുമാണെന്നും പൊതുജനങ്ങളുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നതാണെന്നും സിന്‍ഡിക്കറ്റ് അംഗംതന്നെ പറയുന്നു. ഇപ്പോഴത്തെ സിന്‍ഡിക്കറ്റ് സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്ത അംഗങ്ങള്‍ അടങ്ങുന്നതാണ്. തികച്ചും താല്‍ക്കാലികമായി രൂപീകരിച്ച സിന്‍ഡിക്കറ്റാണത്. തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കറ്റ് നിയമാനുസൃതം നിലവില്‍ വരുന്നതുവരെ ദൈനംദിന കാര്യങ്ങള്‍മാത്രം നടത്തിക്കൊണ്ടുപോകാന്‍ ചുമതലപ്പെട്ട താല്‍ക്കാലിക സിന്‍ഡിക്കറ്റാണ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമെടുത്തത്.

ഒരു കടലാസ് സംഘടനയായ ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ ഭൂമിയും ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന് 10 ഏക്കര്‍ ഭൂമിയും കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍ ഭൂമിയും നല്‍കാനാണ് തീരുമാനമെടുത്തത്. ഒന്നാമത്തെ ട്രസ്റ്റ് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവിന്റേതാണ്. രണ്ടാമത്തെ ട്രസ്റ്റിന്റെ തലപ്പത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മൂന്നാമത്തെ സംഘടന എം കെ മുനീറിന്റെ സഹോദരീഭര്‍ത്താവ് ഹംസയുടേതാണ്. ഈ മൂന്ന് ഇടപാടും നടന്നത് 2012 മാര്‍ച്ച് ഒമ്പതിനും 31നും ഇടയിലാണ്. സര്‍വകലാശാലയുടെ വികസനമായിരുന്നു ലക്ഷ്യമെങ്കില്‍ ഈ വിഷയത്തില്‍ തീരുമാനമെടുത്തശേഷം താല്‍പ്പര്യമുള്ള വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ അപേക്ഷ ക്ഷണിക്കണമായിരുന്നു. അപേക്ഷകരുടെ അനുഭവസമ്പത്തും ശേഷിയും പഠിച്ച് സര്‍വകലാശാലയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ വികസനത്തിനുള്ള ചുമതല ഏല്‍പ്പിക്കണമായിരുന്നു. ഈ വിഷയത്തില്‍ തീരുമാനം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അപേക്ഷ ക്ഷണിച്ചിട്ടില്ല. ഓരോ അപേക്ഷകന്റെയും യോഗ്യത പരിശോധിച്ചിട്ടില്ല.

വികസനപ്രവര്‍ത്തനത്തിന്റെ ആവശ്യകതയെപ്പറ്റി പഠനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസനപ്രവര്‍ത്തനം നടത്തുകയെന്നതല്ല ലക്ഷ്യം എന്ന് വ്യക്തമാണ്. മുസ്ലിം ലീഗിന്റെ ചില നേതാക്കള്‍ക്ക് സര്‍വകലാശാലയുടെ വിലപ്പെട്ട ഭൂമി നല്‍കി സഹായിക്കുകയെന്നതായിരുന്നു ഗൂഢലക്ഷ്യം. വൈസ് ചാന്‍സലര്‍ പറയുന്ന വികസനപ്രവര്‍ത്തനവുമായി സിന്‍ഡിക്കറ്റ് തീരുമാനത്തിന് ഒരു ബന്ധവുമില്ല. തീരുമാനമെടുത്തതിനുശേഷം ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് വിസി നടത്തിയത്. സര്‍വകലാശാലയ്ക്കകത്ത് സമരം തടയുന്നതിനെന്ന പേരില്‍ പൊലീസിനെ വിന്യസിച്ച് ഭീതിയുണ്ടാക്കി അഴിമതി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് സിന്‍ഡിക്കറ്റും വിസിയും ചെയ്തത്. ഇന്നത്തെ നില തുടരാനുവദിച്ചാല്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ക്ക് അത് വഴിവയ്ക്കും.

കേരളത്തിലെ വൈജ്ഞാനിക മേഖലയാകെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവും നടക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ പിജി വിദ്യാര്‍ഥികള്‍ പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. കെ എന്‍ പണിക്കരെ പ്രഭാഷണത്തിന് ക്ഷണിച്ചു. പണിക്കര്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയ്ക്കും അജ്ഞനല്ല. വൈസ് ചാന്‍സലറുടെ അനുമതി വാങ്ങിയശേഷമേ സര്‍വകലാശാലാ പരിധിക്കകത്ത് ഡോ. കെ എന്‍ പണിക്കര്‍ക്കുപോലും പ്രഭാഷണം നടത്താവൂ എന്ന നില വന്നാല്‍ അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ത്തന്നെ കാണേണ്ടതുണ്ട്. നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായമാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ അരങ്ങേറിയിരിക്കുന്നത്. കോട്ടയം സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ക്കെതിരായി അവിടെയുള്ള കോണ്‍ഗ്രസുകാരാണ് സംസ്കാരമില്ലാത്ത കുപ്രചാരവേല അഴിച്ചുവിട്ടത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലെ മുപ്പത് ബുദ്ധിജീവികള്‍ രാജന്‍ ഗുരുക്കള്‍ക്കെതിരെയുള്ള കരുനീക്കത്തെ ശക്തിയായി അപലപിച്ച് പ്രസ്താവന ഇറക്കുകയുണ്ടായി.

കലിക്കറ്റ് സര്‍വകലാശാലയുടെ വികസനത്തിന് ഭൂമി ആവശ്യമാണ്. സര്‍വകലാശാല ഗവേഷണത്തിന്റെ കേന്ദ്രമാണ്. പ്രശസ്തമായ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അവിടെയുണ്ട്. ചുറ്റുപാടും മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്. അത് വെട്ടിവെളുപ്പിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. സര്‍വകലാശാലയുടെ ഭാവി വികസനത്തിനും ഗവേഷണത്തിനും ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ദാനംചെയ്യാന്‍ അനുവദിച്ചുകൂടാ. സര്‍വകലാശാലയുടെ ഭൂമി നിയമവിരുദ്ധമായും അഴിമതി നടത്തിയും ദാനംചെയ്യാന്‍ തീരുമാനമെടുത്ത നോമിനേറ്റഡ് സിന്‍ഡിക്കറ്റിനെ പിരിച്ചുവിടണം. തെറ്റായ വഴിക്ക് നീങ്ങി സര്‍വകലാശാലയ്ക്ക് കളങ്കം വരുത്തുന്ന വൈസ് ചാന്‍സലറെ പുറത്താക്കാന്‍ ചാന്‍സലര്‍ തയ്യാറാകണം. അതുമാത്രമാണ് ശരിയായ മാര്‍ഗം.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കലിക്കറ്റ് സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് വ്യാപകമായ തോതില്‍ അഴിമതി നടത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. സര്‍വകലാശാലയുടെ പരിധിയില്‍ പ്രകടനങ്ങളും യോഗങ്ങളും പ്രചാരവേലയും നിരോധിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാവടക്കാനുള്ള ശ്രമമാണ് വൈസ് ചാന്‍സലര്‍ നടത്തിയിരുന്നത്. സകലരുടെയും നാവടക്കിയാല്‍ യഥേഷ്ടം അഴിമതി നടത്താന്‍ കഴിയുമെന്നാണ് കരുതിയത്. ഈ ധാരണയോടെയാണ് സര്‍വകലാശാലയുടെ വിലപ്പെട്ട ഭൂമി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി നല്‍കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. ശനിയാഴ്ച യോഗം ചേര്‍ന്ന സിന്‍ഡിക്കറ്റ് ധൃതിപിടിച്ചെടുത്ത തീരുമാനം തിങ്കളാഴ്ചതന്നെ സര്‍വകലാശാലാ ഉത്തരവായി പുറത്തുവന്നു. സംഭവം വിവാദമായതോടെ ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൗജന്യമായി ഭൂമി നല്‍കാന്‍ മുന്‍കൈയെടുത്ത അതേ സിന്‍ഡിക്കറ്റ് അംഗങ്ങള്‍തന്നെയാണ് നടപടി റദ്ദാക്കാന്‍ തയ്യാറായത്.