Thursday, April 26, 2012

സ്വത്വരാഷ്ട്രീയ വെല്ലുവിളി

കാഴ്ചവട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ആദ്യമായി എഴുതിയത് ചില വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തെ തൊടാതെയുള്ള വൈകാരിക പ്രതികരണങ്ങള്‍ ഗൗരവമായ സംവാദസാധ്യതകളെ പരിമിതപ്പെടുത്തി. ചില ലേഖനങ്ങളിലെയും പ്രസംഗങ്ങളിലേയും ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് സിപിഐ എമ്മില്‍ ആശയക്കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു. കോഴിക്കോട്ട് നടന്ന സിപിഐ എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്രപ്രമേയവും ഇതുസംബന്ധിച്ച് നിലപാട് ആധികാരികമായി പ്രഖ്യാപിക്കുന്നതാണ്. ഗവേഷണ നൈപുണിയില്ലാത്തവര്‍ക്കുപോലും എളുപ്പത്തില്‍ മനസിലാക്കാവുന്നതാണിതെങ്കിലും ചില മാധ്യമങ്ങള്‍ പിന്നെയും ആശയക്കുഴപ്പം പരത്തുന്നത് അത്ഭുതകരം തന്നെ. രാഷ്ട്രീയ പ്രമേയത്തിലെ രണ്ടാം അധ്യായത്തിലെ 64, 65, 66 ഖണ്ഡികകളും പ്രത്യയശാസ്ത്ര പ്രമേയത്തിലെ പത്താം അധ്യായത്തിലെ 16, 17, 18, 19, ഖണ്ഡികകളും സ്വത്വരാഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്നതും അതിന്റെ അപകടത്തെ അവതരിപ്പിക്കുന്നതുമാണ്. ഇതുകൂടാതെ പ്രത്യയശാസ്ത്ര പ്രമേയം സ്വത്വരാഷ്ട്രീയത്തിന്റെ ദര്‍ശനമായ ഉത്തരാധുനികതയെ സംബന്ധിച്ച വിലയിരുത്തലും നടത്തുന്നുണ്ട്. അതോടൊപ്പം ജാതി അടിസ്ഥാനമാക്കിയ ഒത്തുചേരലുകളും ലിംഗഭേദപ്രശ്നവും സൃഷ്ടിക്കുന്ന ഇന്ത്യന്‍ സ്ഥിതിഗതികളും വിലയിരുത്തുന്നു.

സിപിഐ എമ്മിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ രൂപംകൊള്ളുന്നത് അടിമുടിയുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ്. ഇത്തരം ചര്‍ച്ചകള്‍ കേവലം അക്കാദമികവും ധൈഷണികവുമായ അഭ്യാസങ്ങളല്ല. അത് വിപ്ലവപ്രയോഗത്തിനുവേണ്ടിയുള്ളതാണ്. മാര്‍ക്സിസത്തെ മറ്റു ദര്‍ശനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്ന ഒരു ഘടകം അത് പ്രയോഗത്തിന്റെ അനുഭവങ്ങളാല്‍ നിരന്തരം നവീകരിക്കുന്നുവെന്നതാണ്. ലെനിന്‍ സാമ്രാജ്യത്വഘട്ടത്തെ വിലയിരുത്തുന്നത് അക്കാദമികമായ പ്രവര്‍ത്തനമോ ധൈഷണിക വ്യായാമമോ ആയിരുന്നില്ല. വിപ്ലവത്തിന്റെ അന്നത്തെ പ്രായോഗിക പ്രതിസന്ധിയെ മറികടക്കുന്നതിനായിരുന്നു. സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായി വിലയിരുത്തിയ ലെനിന്‍ അതിന്റെ ദുര്‍ബലമായ കണ്ണി പൊട്ടിക്കുകയെന്ന തന്ത്രം ആവിഷ്കരിക്കുകയാണ് ചെയ്തത്.

സിപിഐ എമ്മിന്റെ ആശയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അവസാന നിമിഷംവരെ അതില്‍ ഉറച്ചുനിന്ന് വാദിക്കുന്നതിനും എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും അനുവദനീയ മാര്‍ഗങ്ങളില്‍ അവകാശമുണ്ട്. നയരൂപീകരണ പ്രക്രിയയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍അവസരമുണ്ട്. എന്നാല്‍, ഇതെല്ലാം കഴിഞ്ഞ് ഒരു നയം രൂപീകരിച്ചുകഴിഞ്ഞാല്‍ അതാണ് പാര്‍ടി നയം. തന്റെ വ്യക്തിപരമായ ധാരണയെ പാര്‍ടിയുടെ കൂട്ടായ ധാരണയിലേക്ക് ഉയര്‍ത്തുകയെന്നത് ഏതൊരു കമ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളവും പരമപ്രധാനമാണ്. അതുകൊണ്ടുകൂടിയാണ് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ സാധാരണ എല്ലാ പാര്‍ടി അംഗങ്ങളിലേക്കും തീരുമാനങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേകമായ റിപ്പോര്‍ട്ടിങ്ങുകള്‍ നടത്തുന്നത്. ജാതി, മതം, ഗോത്രം, വംശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച, രാജ്യത്ത് ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയായാണ് രാഷ്ട്രീയപ്രമേയം കാണുന്നത്. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ശകലീകരിക്കുകയും ഭിന്നിപ്പിക്കുകയും സ്വത്വരാഷ്ട്രീയത്തെ അവലംബമാക്കി അവരെ വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുന്നത് ഭരണകൂടത്തിനും മൂലധനവാഴ്ചക്കും ഒരു വിപത്തും ഉണ്ടാകില്ലെന്ന് ഉറപ്പാക്കലാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. സ്വത്വരാഷ്ട്രീയം ദാര്‍ശനികമായി ബൂര്‍ഷ്വാ ഭരണവര്‍ഗത്തിന് അനുയോജ്യമായതാണെന്നാണ് പ്രത്യയശാസ്ത്രപ്രമേയം വ്യക്തമാക്കുന്നത്. സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗം എന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കുന്നു. ആഗോളമൂ ലധനത്തിന്റെ നുഴഞ്ഞുകയറ്റത്തിനും വിപണി കീഴടക്കാനും അതിനെ നിയന്ത്രിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു. വര്‍ഗ ഐക്യത്തെ നിഷേധിക്കുന്നതിനും ജനങ്ങളുടെ സംയുക്ത പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്നതിനുമുള്ള തടസ്സം സൃഷ്ടിക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നതെന്ന് പ്രത്യയശാസ്ത്ര പ്രമേയം ഉറപ്പിച്ചുപറയുന്നു. ഇത് കാണിക്കുന്നത് സ്വത്വരാഷ്ട്രീയത്തിന് അനുകുലമായി പ്രചാരവേല നടത്തുന്നവര്‍ അറിഞ്ഞോ അറിയാതെയോ ആഗോളമൂലധനത്തിന്റെ നുഴഞ്ഞുകയറ്റത്തിനും വിപ്ലവപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുന്നവരാണെന്നതാണ്. ഇത്തരം ചിന്താഗതികള്‍ക്കെതിരായ പ്രചാരവേല ശക്തമായി നടത്തേണ്ടത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത്യാവശ്യമാണ്. സ്വത്വപരമായ പ്രശ്നങ്ങളും വിവേചനവും സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലെന്നും വര്‍ഗപരമായ ചുഷണം മാത്രമേ ഇന്ന് നിലവിലുള്ളതെന്നുമുള്ള വരട്ടുതത്വവാദവും സിപിഐ എമ്മിന്റെ നിലപാടല്ല. സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും ഒരേസമയം ഉണ്ടെന്ന് അംഗീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിപിഐ എം നിലപാടെന്ന കാര്യവും പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കുന്നുണ്ട്. ഭരണവര്‍ഗം വര്‍ഗപരമായ ചൂഷണത്തിലൂടെ മിച്ചമൂല്യം തട്ടിയെടുക്കുന്നു. തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി അവര്‍ വിവിധ രൂപത്തിലുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലുകളെ ഉപയോഗിക്കുന്നു. അതുകൊണ്ട് രണ്ടു രൂപത്തിലുള്ള ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം ഒരേ സമയം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് പാര്‍ടി കാണുന്നു. സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ പ്രശ്നം ഏറ്റെടുക്കുന്നതില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന കാര്യവും സിപിഐ എം സ്വയം വിമര്‍ശനപരമായി നേരത്തേതന്നെ കണ്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പരിസരത്തെയും സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഉപയോഗിച്ചിട്ടുണ്ട്്. ഇതെല്ലാം പരിഗണിച്ചാണ് വര്‍ഗപരമായ വിഷയങ്ങളും സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ടു മാത്രമേ സ്വത്വരാഷ്ട്രീയത്തിന്റെയും ജാതീയമായ ശകലീകരണത്തിന്റേയും ഹാനികരമായ മുന്നേറ്റത്തെ തടയാനാവൂ എന്ന് പ്രത്യയശാസ്ത്രപ്രമേയം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസുകളും ഈ പ്രശ്നം ഗൗരവമായി കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പല സംസ്ഥാനങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുകയും സംഘടനകള്‍ രൂപികരിക്കുകയും ചെയ്തത്. ഇങ്ങനെ സംഘടിപ്പിക്കുന്നതും സ്വത്വരാഷ്ട്രീയമല്ലേയെന്ന് ചിലര്‍ സംശയിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയം അതാതു സ്വത്വങ്ങളുടെ പ്രശ്നത്തെ ആ സ്വത്വത്തിലുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ കഴിയൂയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത് വിശാലമായ സമരനിരയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത.് അത് വര്‍ഗസമരത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍, ആദിവാസി ക്ഷേമസമിതി പോലുള്ള സംഘടനകള്‍ സ്വത്വമെന്ന നിലയിലുള്ള പ്രശ്നത്തെ ഈ തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ സമീപിക്കുകയാണ് ചെയ്യുന്നത്. ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വ്യത്യസ്തയെ ക്കുറിച്ച് അല്‍ത്തൂസറിന്റെ നിരീക്ഷണവും ഇത്തരുണത്തില്‍ പ്രസക്തമാണ്.

ബൂര്‍ഷ്വാ ട്രേഡ് യൂണിയനുകള്‍ നിലവിലുള്ള വ്യവസ്ഥക്കകത്തുനിന്ന് തൊഴിലാളിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന സാമ്പത്തികമാത്ര നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് അവ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമെന്ന നിലയില്‍ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ നിലനിര്‍ത്തുന്നതിനുള്ള അവബോധമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വിപ്ലവ സ്വഭാവമുള്ള ട്രേഡ്യൂണിയനുകള്‍ ദൈനംദിന സാമ്പത്തിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം മുതലാളിത്ത വ്യവസ്ഥയില്‍ തൊഴിലാളി വര്‍ഗം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഈ വ്യവസ്ഥയെ തന്നെ മാറ്റിമറിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കേണ്ടതുണ്ടെന്ന അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സ്വത്വരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരില്‍നിന്ന് സ്വത്വബോധത്തെ അംഗീകരിക്കുകയും സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരവും വര്‍ഗചൂഷണത്തിനെതിരെയുള്ള സമരവും ഒരേസമയം നടത്തുന്ന സംഘടനകളില്‍നിന്നും വേര്‍തിരിവ് മനസിലാകാത്തവര്‍ക്കുള്ള തിരിച്ചറിവിന്റേയും തിരുത്തലിന്റേയും അവസരമാണ് ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയങ്ങള്‍ നല്‍കുന്നത്.

*
പി രാജീവ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാഴ്ചവട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ആദ്യമായി എഴുതിയത് ചില വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തെ തൊടാതെയുള്ള വൈകാരിക പ്രതികരണങ്ങള്‍ ഗൗരവമായ സംവാദസാധ്യതകളെ പരിമിതപ്പെടുത്തി. ചില ലേഖനങ്ങളിലെയും പ്രസംഗങ്ങളിലേയും ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് സിപിഐ എമ്മില്‍ ആശയക്കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു. കോഴിക്കോട്ട് നടന്ന സിപിഐ എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്രപ്രമേയവും ഇതുസംബന്ധിച്ച് നിലപാട് ആധികാരികമായി പ്രഖ്യാപിക്കുന്നതാണ്. ഗവേഷണ നൈപുണിയില്ലാത്തവര്‍ക്കുപോലും എളുപ്പത്തില്‍ മനസിലാക്കാവുന്നതാണിതെങ്കിലും ചില മാധ്യമങ്ങള്‍ പിന്നെയും ആശയക്കുഴപ്പം പരത്തുന്നത് അത്ഭുതകരം തന്നെ. രാഷ്ട്രീയ പ്രമേയത്തിലെ രണ്ടാം അധ്യായത്തിലെ 64, 65, 66 ഖണ്ഡികകളും പ്രത്യയശാസ്ത്ര പ്രമേയത്തിലെ പത്താം അധ്യായത്തിലെ 16, 17, 18, 19, ഖണ്ഡികകളും സ്വത്വരാഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്നതും അതിന്റെ അപകടത്തെ അവതരിപ്പിക്കുന്നതുമാണ്. ഇതുകൂടാതെ പ്രത്യയശാസ്ത്ര പ്രമേയം സ്വത്വരാഷ്ട്രീയത്തിന്റെ ദര്‍ശനമായ ഉത്തരാധുനികതയെ സംബന്ധിച്ച വിലയിരുത്തലും നടത്തുന്നുണ്ട്. അതോടൊപ്പം ജാതി അടിസ്ഥാനമാക്കിയ ഒത്തുചേരലുകളും ലിംഗഭേദപ്രശ്നവും സൃഷ്ടിക്കുന്ന ഇന്ത്യന്‍ സ്ഥിതിഗതികളും വിലയിരുത്തുന്നു.