Sunday, April 15, 2012

എന്‍ഡോസള്‍ഫാന്‍ ഭീതിയിലാക്കിയ ജൈവവൈവിധ്യങ്ങള്‍

കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയിലെ കശുഅണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കൊണ്ട് സ്പ്രേ നടത്തിയതിലൂടെ സംഭവിച്ച മനുഷ്യദുരന്തങ്ങള്‍ക്കു പുറമെ ആ പ്രദേശത്തെ ജൈവവൈവിധ്യവും അപകടകരമാം വിധം ബാധിക്കപ്പെട്ടിരിക്കുന്നു.

ഈ കീടനാശിനി അവിടുത്തെ സസ്യജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ പ്രാദേശികമായി കാണപ്പെടുന്നവയില്‍ 40 നും 70 നും മധ്യേ ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടത്രെ. ജന്തു വിഭാഗത്തില്‍ മല്‍സ്യങ്ങളാണ് ഏറ്റവുമധികം അപകടാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ പ്രദേശത്ത് പ്രത്യേകിച്ചും വനമേഖലയോടു ചേര്‍ന്നിരിക്കുന്നിടത്ത് പക്ഷികളും ചിത്രശലഭങ്ങളും എല്ലാം ചേര്‍ന്ന് സമ്പുഷ്ടമായ വന്യജീവാവസ്ഥ ആരോഗ്യകരമായി തന്നെ മുമ്പ് നിലനിന്നിരുന്നുവെന്ന് അവിടുത്തെ പ്രാദേശിക സമൂഹങ്ങള്‍ പറയുന്നു. കല്ലാര്‍ മേഖലയില്‍ ആനകള്‍ പോലും കാണപ്പെടാറുണ്ട്. കാടിനോട് വളരെ അടുത്തിരിക്കുന്ന രാജാപുരം എസ്റേറ്റിനടുത്ത് ഇപ്പോഴും ആനകളുടെ വരവും പോക്കും സജീവമാണ്.

ഒരു പരമ്പരാഗത കര്‍ഷകന്റെ അഭിപ്രായമനുസരിച്ച് എന്‍മകജെ പഞ്ചായത്ത് കടുവ, കാട്ടുപൂച്ച, അണ്ണാന്‍, പറക്കും കുറുക്കന്‍, കുരുവി, കാക്ക, തവള, തേനീച്ചകള്‍, ഒച്ചുകള്‍, കരിങ്കുരങ്ങ്, കാട്ടുപോത്ത്, കീരി, മുയല്‍, വര്‍ണ്ണതത്ത, കുറുനരി തുടങ്ങിയ ജീവികളാല്‍ സമ്പന്നമായിരുന്നു. പക്ഷേ ഈ കീടനാശിനി സ്പ്രേ ആരംഭിച്ചശേഷം മനുഷ്യനൊഴികെ മറ്റൊന്നിന്റെയും തരിമ്പുപോലും അവിടെ കാണാന്‍ കഴിയാത്ത അവസ്ഥയായി.

മല്‍സ്യങ്ങളുടെയും തവളകളുടെയും പാമ്പുകളുടെയും മരണം ജനശ്രദ്ധയില്‍പ്പെട്ടിരുന്നു. പശുക്കളില്‍ അസ്വാരസ്യങ്ങളും മാറ്റങ്ങളും കണ്ടുതുടങ്ങി, മുള്ളന്‍പന്നി, വെരുക് തുടങ്ങിയവ ഒരിക്കല്‍ ഈ മേഖലയില്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ സ്പ്രേ നടക്കുന്ന കാലയളവില്‍ അവ പൂര്‍ണ്ണമായും അപ്രത്യ ക്ഷമായി തുടങ്ങി.

ചത്തുമലര്‍ന്ന പാമ്പുകളും അണ്ണാനും മയിലുകളും കാക്കകളും കശുഅണ്ടി പ്ളാന്റേഷനുകളില്‍ ഈ സമയത്ത് പതിവായി. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി സ്ഥിതിഗതിയില്‍ അല്‍പ്പം പുരോഗതിയുണ്ടായിട്ടുണ്ട്. അതും ആകാശ മാര്‍ഗ്ഗേനയുള്ള എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നിര്‍ത്തലാക്കി അഞ്ചാറു വര്‍ഷത്തിനു ശേഷം.
നിരവധി കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമായിരുന്ന തേന്‍ സംഭരണം, കീടനാശിനി സ്പ്രേ മൂലം അപകടത്തിലായിരിക്കുന്നു. ഈ കാലയളവില്‍ തേനീച്ചകളെ പൂര്‍ണ്ണമായും കാണാതാവുന്നതാണ് കാരണം. ഇതേ ഗതികേട് ചുമക്കുന്ന ചിത്രശലഭങ്ങളും അല്‍പാല്‍പം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ പ്രദേശത്തെ നീരൊഴുക്കുകളില്‍ സര്‍വ്വസാധാരണമായിരുന്ന പലതരം മല്‍സ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ വ്യാപകമായതോടെ എങ്ങോ പോയിമറഞ്ഞു. മല നീരൊഴുക്കിന്റെ ലക്ഷണം വിളിച്ചോതുന്ന ജീവിയായ ബാലിറ്റോറിന്‍ ഒച്ചുകള്‍ പല അരുവികളിലും കുറഞ്ഞുപോവുകയും ഉള്ളതു തന്നെ മുമ്പത്തേതിനേക്കാള്‍ വളരെ തുച്ഛമായിത്തീരുകയും ചെയ്തു.
മുമ്പിവിടെയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മെസെനെമകിലാസ് ട്രൈയാംഗുലരിസ്, എം ഗുന്തേരി തുടങ്ങിയ മല്‍സ്യ സ്പീഷിസുകളെ പുതിയ സര്‍വ്വേകളില്‍ കണ്ടുപിടിക്കാനേ സാധിച്ചിട്ടില്ല.

ഈ വിഷസ്പര്‍ശമേറ്റ പല പഞ്ചായത്തുകളിലായുള്ള 12 അരുവികളിലായി തിരിച്ചറിയപ്പെട്ട 18 സ്പീഷിസുകളില്‍ രണ്ടെണ്ണം മാത്രമേ വ്യാപകമായി ഇപ്പോള്‍ കാണപ്പെടുന്നുള്ളൂ.
എന്‍ഡോസള്‍ഫാന്റെ ആകാശത്തളിക്കലിനു മുമ്പ് മല്‍സ്യം പിടിച്ചു വിറ്റ് ഉപജീവനം നടത്തുന്നവരുടെ മുഖ്യ സ്രോതസ്സുകളായിരുന്ന 20 സ്പീഷിസുകളില്‍ പത്തെണ്ണം മാത്രമേ ഇപ്പോള്‍ അവിടെയുള്ളൂ. മാത്രമല്ല മല്‍സ്യങ്ങള്‍ സ്പ്രേ സമയത്ത് ചത്തുപൊന്തുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട് പുറമെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍ഗോട്ടെ ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച അതേ മല്‍സ്യസ്പീഷിസുകളുടെ വലിപ്പക്കുറവാണത്.

റാണാവെറുക്കോസ, നിക്ട്രിബാ ട്രാക്കസ് എന്നീ രണ്ടു തവള സ്പീഷിസുകളെ ഈ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇവിടെയുള്ള അരുവികള്‍ക്ക് അനുരൂപിയായി തീര്‍ന്നിട്ടുള്ള മൈക്രിക്സാലസ്, റാണ ടെംപറലിസ് തുടങ്ങിയ സ്പീഷിസുകളെ കാണാനായില്ല.

കാക്ക, മൈന, വര്‍ണ്ണതത്ത തുടങ്ങിയ പക്ഷികളും സ്പ്രേ നടക്കുന്ന സമയത്ത് എങ്ങോ പോയി മറയുന്നു. ചില സമൂഹങ്ങള്‍ക്ക് അവയുടെ മത വിശ്വാസപ്രകാരമുള്ള ആചാരങ്ങള്‍ നിറവേറ്റാന്‍ കാക്കകള്‍ അപ്രത്യക്ഷമായതുമൂലം സാധിക്കാതെ വരുന്ന സാഹചര്യവും അവിടെ നിലനില്‍ക്കുന്നുണ്ട്.

*
മനോജ് എം സ്വാമി ജനയുഗം 13 ഏപ്രില്‍ 2012

No comments: