Tuesday, April 3, 2012

മ്യാന്‍മറിലെ പുതിയ പ്രതീക്ഷ

പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ കഴിയുന്ന മ്യാന്‍മറിനുമുന്നില്‍ ജനാധിപത്യപുനഃസ്ഥാപനത്തിലേക്കുള്ള വഴി തുറക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞദിവസം പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലം. ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന മ്യാന്‍മറിന്റെ ഓങ് സാന്‍ സൂകിയുടെ പാര്‍ടി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി- എന്‍എല്‍ഡി) സമ്പൂര്‍ണ വിജയമാണ് നേടിയത്. പട്ടാളഭരണകൂടത്തിന് കീഴില്‍ രണ്ടു പതിറ്റാണ്ടോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂകി വന്‍ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സൂകിയുടെ വിജയം അധികാരമാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ല. എന്നാല്‍, ജനാധിപത്യം സ്ഥാപിക്കാനുള്ള തുടര്‍നടപടികളില്‍ സൂകിയുടെ പാര്‍ലമെന്റിലെ സാന്നിധ്യം നിര്‍ണായകമാകും. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. ഒരാഴ്ചക്കകം ഇതുണ്ടാകുമെന്നാണ് കരുതുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റംവരുമോ എന്ന ആശങ്കയുമുണ്ട്. ഈയൊരു ആശങ്ക ശരിവയ്ക്കുന്നതാണ് മ്യാന്‍മറിന്റെ പൂര്‍വകാലചരിത്രം.

ഇന്ത്യയിലെ നാലു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് വേര്‍പെടുത്തപ്പെട്ടത്. 1948ല്‍ സ്വതന്ത്രരാജ്യമായി. ജനാധിപത്യം അട്ടിമറിച്ച് പട്ടാളഭരണം സ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി മികച്ച ബന്ധമാണ് ബര്‍മയ്ക്കുണ്ടായിരുന്നത്. വര്‍ഷങ്ങളായി അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പ്രക്ഷോഭം നടക്കുന്നു. അതിന്റെ ഫലമായാണ് പുതിയ ഭരണഘടന കൊണ്ടുവരാന്‍ പട്ടാള നേതൃത്വം തയാറായത്. ആ ഭരണഘടനയിന്‍കീഴില്‍ 2010ല്‍ തെരഞ്ഞെടുപ്പ് നടത്തി. പട്ടാളഭഭരണത്തിന് സിവിലിയന്‍ മറയിടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ജനങ്ങളുടെ ജനാധിപത്യ വികാരമാണ് തെരഞ്ഞെടുപ്പില്‍ അലയടിച്ചത്്. പട്ടാളഭരണത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും നേരിട്ടാണ് സൂകിയും എന്‍എല്‍ഡിയും വിജയം നേടിയത്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഭരണകക്ഷി തെരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേട് നടത്തിയിരുന്നു. 664 അംഗ പാര്‍ലമെന്റില്‍ 45 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കവ്ഹ്മു മണ്ഡലത്തിലെ 82 പോളിങ്സ്റ്റേഷനുകളില്‍ പോള്‍ചെയ്ത 65 ശതമാനത്തിലേറെ വോട്ട് നേടിയാണ് സൂകി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന 45 മണ്ഡലങ്ങളില്‍ 44ലും എന്‍എല്‍ഡി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ എന്‍എല്‍ഡി മത്സരിച്ചിരുന്നില്ല. എന്‍എല്‍ഡി വിട്ടുനിന്ന 2010ലെ തെരഞ്ഞെടുപ്പില്‍ പട്ടാളം പിന്തുണയ്ക്കുന്ന കക്ഷിയാണ് ഭൂരിപക്ഷം നേടിയത്. വിരമിച്ച സൈനിക ഓഫീസര്‍മാരും ബന്ധുക്കളും മറ്റുമടങ്ങുന്ന പട്ടാള അനുകൂല സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. 2010 നവംബര്‍ 13നാണ് സൂകിയെ മോചിപ്പിച്ചത്. തുടര്‍ന്ന് പാര്‍ടിയുടെ നിരോധനം പിന്‍വലിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ 45 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി മത്സരിച്ചത്. തയിന്‍ സയിന്‍ പ്രസിഡന്റ് പദം ഏറ്റെടുത്തതോടെയാണ് സൈന്യത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അയവുവരുത്താനും ചില ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും നടപടികള്‍ കൈക്കൊണ്ടത്. ഇതിനോട് പ്രതികരിച്ചാണ് ഓങ് സാന്‍ സൂകി തന്റെ പാര്‍ടി രജിസ്റ്റര്‍ ചെയ്തതും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും.

മ്യാന്‍മര്‍ എന്ന പഴയ ബര്‍മയുടെ വിമോചനായകന്‍ ജനറല്‍ ഓങ് സാനിന്റെ മകളായ സൂകി നാലുപതിറ്റാണ്ടിലേറെ നീണ്ട പട്ടാള വാഴ്ചയ്ക്കെതിരെ പോരാടിയാണ് ജനങ്ങളുടെ നായികയായത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 15 വര്‍ഷവും സൂകി വീട്ടുതടങ്കലിലായിരുന്നു. ജനകീയസമ്മര്‍ദവും വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇടപെടലുകളും ശക്തമായപ്പോള്‍ പട്ടാളഭരണകൂടം 1990ല്‍തെരഞ്ഞെടുപ്പ് നടത്തിയതാണ്. അന്ന് സൂകിയുടെ കക്ഷി വന്‍വിജയം നേടി. 59 ശതമാനം വോട്ടും പാര്‍ലമെന്റില്‍ 80 ശതമാനം സീറ്റുമാണ് ലഭിച്ചത്. വിജയം അംഗീകരിക്കാനോ, അധികാരം കൈമാറാനോ പട്ടാളം തയ്യാറായില്ല. സൂകിയെ വീട്ടുതടങ്കലില്‍നിന്ന് വിട്ടയച്ചില്ല. ഇടയ്ക്ക് മോചിപ്പിച്ചെങ്കിലും ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരുമ്പോള്‍ വീണ്ടും തടങ്കലിലാക്കി. അതുകൊണ്ടുതന്നെ പുതിയ മാറ്റം എത്രനാള്‍ എന്ന ചോദ്യം ഉയരുന്നുണ്ട്. മ്യാന്‍മറില്‍ സമ്പൂര്‍ണജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അവിടത്തെ ജനതയ്ക്ക് കഴിയേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സന്ദേശം അതുതന്നെയാണ്. മ്യാന്‍മര്‍ സര്‍ക്കാരുമായി നല്ല ബന്ധമുള്ള ഇന്ത്യയ്ക്ക് ജനാധിപത്യവ്യവസ്ഥയെ കൈപിടിച്ചാനയിക്കുന്ന കൂടുതല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യതയുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 03 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...