Monday, April 30, 2012

കാവിപുതച്ച അഴിമതി

ബിജെപി നേതാക്കള്‍ സ്വയം വിശേഷിപ്പിക്കാറുള്ളത് തങ്ങള്‍ അഴിമതിവിരുദ്ധ പോരാട്ട നായകരാണ് എന്നത്രെ. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുമ്പോള്‍ വിമര്‍ശ ശരങ്ങളുമായി ബിജെപി രംഗത്തിറങ്ങുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനത്തേക്ക് കുറുക്കുവഴി തേടി നടത്തുന്ന ഉപജാപങ്ങളാണ് ബിജെപിയുടെ സമീപകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും. യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ കവച്ചുവയ്ക്കാന്‍ പോന്ന ഒന്ന് ബിജെപി ഭരണകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് വലിയ നേട്ടമായി അവര്‍ കൊണ്ടാടുകയാണ്. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന വര്‍ഗസ്വഭാവം നോക്കിയാല്‍ അഴിമതിയില്‍നിന്ന് ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ സുരക്ഷപോലും പണയംവച്ച് നോട്ടുകെട്ടുകള്‍ വാരിക്കൂട്ടുന്നതില്‍ രണ്ടുകക്ഷികളും മത്സരത്തിലാണ്. ബിജെപിയുടെ പരമപദത്തിലിരിക്കെ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങി പിടിക്കപ്പെട്ട ബംഗാരു ലക്ഷ്മണ്‍ തിഹാര്‍ ജയിലിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ലജ്ജാശൂന്യമായി അഴിമതി നടത്തുന്നവരാണ് ബിജെപി നേതൃത്വം എന്ന് നിസ്സംശയം തെളിയിക്കപ്പെടുകയാണ്.

കരസേനയ്ക്ക് പ്രത്യേകതരം ദൂരദര്‍ശിനി വാങ്ങാനുള്ള കരാര്‍ തരപ്പെടുത്തിക്കൊടുക്കാനാണ് 2001ലെ പുതുവര്‍ഷദിനത്തില്‍ വെസ്റ്റ് എന്‍ഡ് എന്ന ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ബംഗാരു കോഴ വാങ്ങിയത്. പണം വാങ്ങി എന്ന് പറയുകയല്ല, നോട്ടുകെട്ടുകള്‍ വാങ്ങിവയ്ക്കുന്നതിന്റെയും ബാക്കി തുകയെക്കുറിച്ച് പറയുന്നതിന്റെയും ദൃശ്യങ്ങള്‍തന്നെ പുറത്തുവന്നു. അനിഷേധ്യ തെളിവായി അത് മാറിയപ്പോള്‍ ബംഗാരുവിന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളില്ലാതെയായി. ഗത്യന്തരമില്ലാതെയാണ് അന്ന് ബിജെപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രഭരണത്തെ നയിക്കുന്ന പാര്‍ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ബംഗാരു പണം വാങ്ങിയത്; അല്ലാതെ ആന്ധ്രയില്‍നിന്നുള്ള സാധാരണ അഭിഭാഷകന്റെ പദവിവച്ചല്ല.

ശിക്ഷാവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ കൗതുകകരമാണ്. ബംഗാരുവിന്റെ കുറ്റവും ശിക്ഷയും വ്യക്തിപരമായ ഒന്നുമാത്രമാക്കി ബിജെപി വക്താവ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. സിബിഐ സ്വതന്ത്രമായി അന്വേഷിച്ചാല്‍ പല കോണ്‍ഗ്രസുകാര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസാകട്ടെ, ദേശീയപാര്‍ടിയുടെ അധ്യക്ഷപദവി അലങ്കരിച്ച വ്യക്തി ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു. പാര്‍ടി അറിയാതെ നടന്ന അഴിമതിയാണെന്ന ബിജെപിവാദത്തിന്റെ പരിഹാസ്യത വാജ്പേയി ഭരണകാലത്ത് രാജ്യവ്യാപകമായി നടന്നതും ഇന്നും തുടരുന്നതുമായ അഴിമതിക്കഥകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. അധ്യക്ഷപദവി അലങ്കരിച്ച വ്യക്തി ശിക്ഷിക്കപ്പെടുന്നതാണ് കോണ്‍ഗ്രസ് ദൗര്‍ഭാഗ്യകരമായി കാണുന്നത്- നടത്തിയ അഴിമതിയെയല്ല. അഴിമതി നടത്താം; പിടിക്കപ്പെടരുത് എന്ന കോണ്‍ഗ്രസ് പ്രമാണമാണ് ആ പ്രതികരണത്തില്‍ വായിച്ചെടുക്കാനാവുക.

ബിജെപിയുടെ അഴിമതിവിരുദ്ധ പ്രകടനം പ്രഹസനംമാത്രമാണ്. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ സാമ്പത്തിക പ്രത്യയശാസ്ത്രമല്ല ആ പാര്‍ടിയുടേത്. അഴിമതി തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ബദല്‍ പരിപാടി അവര്‍ക്ക് മുന്നോട്ടുവയ്ക്കാനാവില്ല. ശത്രുസൈന്യത്താല്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ശവപ്പെട്ടി വാങ്ങുന്നതില്‍വരെ അഴിമതി നടത്തിയ പാരമ്പര്യമാണ് അവരുടേത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകത്തില്‍ അഴിമതിയുടെ ആസ്ഥാനവും ആ പാര്‍ടിയില്‍തന്നെയാണ്. ബിജെപിക്കാരനായ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കുംഭകോണത്തില്‍ പ്രതിയാണ്. ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന റെഡ്ഡി സഹോദരന്മാര്‍ അനധികൃത ഖനത്തിന് ജയിലിലടയ്ക്കപ്പെട്ടു. പെട്രോള്‍ പമ്പ് കുംഭകോണവും ആയുധ ഇടപാടുകളും യുടിഐ കുംഭകോണവും പൊതുമുതല്‍ തുച്ഛവിലയ്ക്ക് വിറ്റുതുലയ്ക്കലുമുള്‍പ്പെടെയുള്ള അഴിമതി പരമ്പരകളുടേതാണ് ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ ചരിത്രം.

എല്‍ കെ അദ്വാനിയെ അഴിമതിക്കെതിരായ സമരനായകനായി ഉയര്‍ത്തിക്കാട്ടാനും അണ്ണാ ഹസാരെ-ബാബാ രാംദേവ് സമരങ്ങളില്‍ നുഴഞ്ഞുകയറി നേട്ടമുണ്ടാക്കാനും ബിജെപി ഈയിടെ ശ്രമിച്ചു. അഴിമതിയുടെ പ്രശ്നത്തില്‍നിന്ന് നേട്ടം കൊയ്യാനുള്ള അത്തരം ശ്രമങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ചീഞ്ഞ കഥകളിലും യെദ്യൂരപ്പയുടെയും റെഡ്ഡിമാരുടെയും അറസ്റ്റിലും തട്ടിയാണ് തകര്‍ന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹിമാലയന്‍ അഴിമതികളില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താന്‍ ചില പ്രദേശങ്ങളിലെങ്കിലും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. പട്ടണപ്രദേശങ്ങളിലെ ഇടത്തരക്കാരില്‍ ഒരുവിഭാഗത്തെ അങ്ങനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടങ്ങള്‍.

വര്‍ഗീയ അജന്‍ഡയ്ക്കൊപ്പം അഴിമതിവിരുദ്ധ വികാരത്തെയും വോട്ടാക്കി മാറ്റി അധികാരത്തില്‍ തിരിച്ചെത്താനുള്ള ബിജെപിയുടെ സ്വപ്നത്തിനാണ് ബംഗാരുവിന്റെ ശിക്ഷാവിധിയിലൂടെ കനത്ത ആഘാതമേല്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാത്ത; നവലിബറല്‍ നയങ്ങളോട് പ്രതിജ്ഞാബദ്ധമായ; കോണ്‍ഗ്രസിനുള്ള വലതുപക്ഷ ബദല്‍ മാത്രമായ ബിജെപി, അഴിമതിക്കാര്യത്തിലും കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന് ബംഗാരു ഒരിക്കല്‍കൂടി വിളിച്ചുപറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും അകറ്റിനിര്‍ത്തപ്പെടേണ്ടവയാണെന്ന ഇടതുപക്ഷത്തിന്റെ സുചിന്തിതമായ നിലപാടിന്റെ ശരിയാണ് ബംഗാരുവിന്റെ ശിക്ഷയിലൂടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...