Sunday, April 22, 2012

ക്യൂബ, ക്രിസ്തു, കാസ്ട്രോ

സ്ഥാനപതിയുടെ പദവി നല്‍കുന്ന പ്രാമാണികത മുറ്റിയ മുഖവും നയതന്ത്രജ്ഞരുടെ ചതുരവടിവിലുള്ള മടുപ്പിക്കുന്ന പെരുമാറ്റവും പ്രതീക്ഷിച്ചാണ് ഹോട്ടല്‍ മുറിയിലേക്ക് ചെന്നത്. അങ്ങുമിങ്ങും തൊടാതെയുള്ള കരുതലോടെയുള്ള സംസാരം സഹിക്കേണ്ടിവരുമെന്ന ഭയമുണ്ടായിരുന്നു. വാതില്‍ തുറന്നപ്പോള്‍ എല്ലാം തകിടം പറഞ്ഞു. ഹൃദയംഗമമായ സിവില്‍സല്യൂട്ട്. ഏറെക്കാലമായി പരിചയമുള്ള സഖാവിനെയെന്ന പോലെ സ്വീകരിച്ചു. "അറിയപ്പെടാത്തവരുമായി നീയെനിക്ക് സൗഹൃദം തന്നു"വെന്ന നെരൂദ കവിത മനസ്സില്‍ മുഴങ്ങുന്നപോലെ. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അബലാര്‍ദോ ക്യോട്ടോ സോസയാണ് മുന്നില്‍. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് സാമ്രാജ്യത്വവിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണദ്ദേഹം. ചെഗുവേരയുടെയും കാസ്ട്രോയുടെയും നാട്ടിലെ സഖാവ്. വിപ്ലവാനന്തരം ക്യൂബക്കുമേല്‍ ആഴ്ന്നിറങ്ങിയ അമേരിക്കന്‍ ഉപരോധത്തിന്റെ നഖങ്ങളെക്കുറിച്ചും ഫിദലിനെ ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ചും ചോദിക്കണം. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മികച്ച നടനായ സെര്‍ജിയോ കൊറിയേറി ഹെര്‍ണാണ്ടസ് എന്ന ക്യൂബന്‍ നടനെ മുമ്പൊരിക്കല്‍ ഇന്റര്‍വ്യു ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ അബലാര്‍ഡോ എന്ന അറുപതുകാരന്റെ മുഖം കൂടുതല്‍ തെളിഞ്ഞു. ആ തെളിച്ചം അടുത്ത മാത്രയില്‍ മങ്ങി. ""എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അദ്ദേഹത്തെ ഇവിടെ, ഈ കേരളത്തില്‍ വച്ച് ഓര്‍ക്കാന്‍ അവസരമുണ്ടാക്കിയതില്‍ നന്ദിയുണ്ട്. മരിച്ചിട്ട് മാര്‍ച്ചില്‍ നാലുവര്‍ഷമായി."" ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ. മതവും മാര്‍ക്സിസവും ഇഴപിരിഞ്ഞ ക്യൂബന്‍ സമൂഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലനായി അബലാര്‍ദോ.

ക്യൂബയിലെ വിപ്ലവ ഭരണകൂടം അവിടുത്തെ മതവിശ്വാസികളുമായി സഹവര്‍ത്തിത്തോടെയാണ് കഴിയുന്നത്. മതവും മാര്‍ക്സിസവും തമ്മില്‍ ആശയതലത്തില്‍ വൈരുധ്യങ്ങളുണ്ടെങ്കിലും ഏറ്റുമുട്ടലിന്റെ പ്രശ്നമേയില്ല. ക്യൂബന്‍ വിപ്ലവ വിജയത്തില്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, വിശ്വാസികളും വലിയ പങ്കുവഹിച്ചിരുന്നു. ക്രിസ്തുമതത്തിന്റെ എല്ലാ വിഭാഗങ്ങളും ക്യൂബയിലുണ്ട്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ബാപ്റ്റിസ്റ്റുകളും സാല്‍വേഷന്‍ ആര്‍മിയും അവിടെയുണ്ട്. ആഫ്രിക്കയിലെ നൈജീരിയയില്‍ നിന്നുള്ള സാന്റെരിയ മതവും കോംഗോയില്‍നിന്നുള്ള അബാക്വയും ചെറുന്യൂനപക്ഷമാണെങ്കിലും ജൂതരുമടങ്ങിയ മതനിരപേക്ഷ റിപ്പബ്ലിക് ആണ് ക്യൂബ. പല കയറ്റിറക്കങ്ങളിലൂടെയുമാണ് പാര്‍ടിയും മതവും തമ്മിലുള്ള ബന്ധം ഈ നിലയിലായത്. അറുപതുകളിലും എഴുപതുകളിലും ഇതായിരുന്നില്ല സ്ഥിതി. സഭയ്ക്കു കീഴിലുള്ള സ്കൂളുകള്‍ ദേശസാല്‍ക്കരിച്ച തീരുമാനം മറയാക്കി അമേരിക്കന്‍ ഭരണകൂടം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും പ്രകോപിപ്പിച്ചും പ്രശ്നങ്ങളുണ്ടാക്കി. പ്രതിവിപ്ലവത്തിന് പല രാജ്യത്തുനിന്നും പണമൊഴുകി. പക്ഷേ അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുകളായി ഒടുങ്ങി.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മതവും പാര്‍ടിയും തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ നിന്ന് ഞങ്ങള്‍ക്ക് പല പാഠങ്ങളും പഠിക്കാനുണ്ടായിരുന്നു. സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ ഞങ്ങള്‍ കരുതലോടെയാണ് മുന്നേറുന്നത്. അമേരിക്കയുടെ ഉപരോധങ്ങള്‍ ഇപ്പോഴും തുടരുന്നു. ക്യൂബയില്‍ നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അവരുടെ മുന്‍ഗണന. ക്യൂബയില്‍ വ്യവസായം തുടങ്ങുന്നവരുടെ നിക്ഷേപം മരവിപ്പിക്കുന്ന സ്ഥിതിവരെയുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റുകാരുടെ ഉദാത്തമായ മാനവിക ബോധം എന്തെന്ന് സപ്തംബര്‍ 11ന്റെ സംഭവത്തില്‍ ക്യൂബ തെളിയിച്ചത് അമേരിക്കന്‍ പൗരന്മാരുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് എത്ര ഡോക്ടര്‍മാരെ വേണമെങ്കിലും അയച്ചു തരാമെന്നും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ക്യൂബന്‍ വിമാനത്താവളങ്ങള്‍ തുറന്നിട്ടുതരാമെന്നും ഫിദല്‍ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അമേരിക്ക ഈ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തുമ്പോഴുള്ള സ്ഥിതിയില്‍ നിന്ന് കാലാനുസൃതമാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെ അന്തഃസത്തയില്‍ നിന്ന് വ്യതിചലിക്കാതെയാണിത്. ക്യൂബയെക്കുറിച്ച് കുറേ പറഞ്ഞ അബലാര്‍ദോക്ക് പിന്നെ കോഴിക്കോടിനെക്കുറിച്ച് അറിയാനായി താല്‍പര്യം. വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാട് കാണണമെന്ന് മോഹം. വാഹനത്തില്‍ കയറുമ്പോള്‍ പിക്നിക്കിനിറങ്ങുന്ന കുട്ടിയുടെ ഭാവം. വാഹനത്തിലിരുന്ന് സംസാരം തുടങ്ങിയപ്പോഴാണ് കേരളചരിത്രത്തില്‍ അബലാര്‍ദോക്കുള്ള പാണ്ഡിത്യം മനസ്സിലായത്. വാസ്കോഡ ഗാമയെയും ഗാമയെ വിറപ്പിച്ച കുഞ്ഞാലി മരക്കാരെയും കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹം. കൊളോണിയലിസത്തിനെതിരെ നൂറ്റാണ്ടുകള്‍ക്കമുമ്പേ ചോര ചിന്തിയ പോരാട്ടം നടന്ന മലബാറിന്റെ മണ്ണിലൂടെ യാത്ര ചെയ്യുന്നതുതന്നെ അഭിമാനകരമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കോരപ്പുഴയോരത്തെ പച്ചപ്പും പാര്‍ടികോണ്‍ഗ്രസിന്റെ തോരണങ്ങളും മാര്‍ക്സിന്റെയും ചെയുടെയും ഫിദലിന്റെയും സംസാരത്തിന്റെ ദിശ പലവട്ടം തെറ്റിച്ചു. ടിപ്പുവിന്റെ പടയോട്ടം നടന്ന നാടാണിതെന്നും അബലാര്‍ദോക്കറിയാം. കാപ്പാട് കടപ്പുറത്തെ മണല്‍ തെറിപ്പിച്ച് നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഐഎന്‍എ മാര്‍ക്കറ്റില്‍ ലാല്‍സലാം എന്നഭിവാദ്യം ചെയ്യുന്ന മലയാളി കടക്കാരനെക്കുറിച്ചായി സംസാരം. ക്യൂബന്‍ സ്ഥാനപതി കാപ്പാട് വരുന്നുണ്ടെന്ന വിവരം സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പ്രവര്‍ത്തകരോട് കുശലാന്വേഷണം. സര്‍ക്കാരിനെ അറിയിക്കാതെ യാത്ര തീരുമാനിച്ച സംഘാടകരെ അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നില്ല. ""അല്ലെങ്കില്‍ ഈ കടപ്പുറത്ത് ഇങ്ങനെ സ്വതന്ത്രനായി നടക്കാന്‍ പൊലീസുകാര്‍ സമ്മതിക്കുമായിരുന്നില്ല"".

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്ഥാനപതിയുടെ പദവി നല്‍കുന്ന പ്രാമാണികത മുറ്റിയ മുഖവും നയതന്ത്രജ്ഞരുടെ ചതുരവടിവിലുള്ള മടുപ്പിക്കുന്ന പെരുമാറ്റവും പ്രതീക്ഷിച്ചാണ് ഹോട്ടല്‍ മുറിയിലേക്ക് ചെന്നത്. അങ്ങുമിങ്ങും തൊടാതെയുള്ള കരുതലോടെയുള്ള സംസാരം സഹിക്കേണ്ടിവരുമെന്ന ഭയമുണ്ടായിരുന്നു. വാതില്‍ തുറന്നപ്പോള്‍ എല്ലാം തകിടം പറഞ്ഞു. ഹൃദയംഗമമായ സിവില്‍സല്യൂട്ട്. ഏറെക്കാലമായി പരിചയമുള്ള സഖാവിനെയെന്ന പോലെ സ്വീകരിച്ചു. "അറിയപ്പെടാത്തവരുമായി നീയെനിക്ക് സൗഹൃദം തന്നു"വെന്ന നെരൂദ കവിത മനസ്സില്‍ മുഴങ്ങുന്നപോലെ. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അബലാര്‍ദോ ക്യോട്ടോ സോസയാണ് മുന്നില്‍. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് സാമ്രാജ്യത്വവിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണദ്ദേഹം.