Monday, April 16, 2012

ആഗോള സാമ്പത്തിക - രാഷ്ട്രീയ ക്രമത്തില്‍ മാറ്റത്തിന്റെ ചുവടുവെയ്പാകുമോ?

2012 മാര്‍ച്ച് 29 വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച നാലാമത് ബ്രിക്സ് ഉച്ചകോടി ലോകരാഷ്ട്രീയത്തില്‍ സവിശേഷമായ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. അഞ്ച് രാഷ്ട്രങ്ങളുടെ ആ കൂട്ടായ്മ വ്യക്തമായ ദിശാബോധവും പക്വതയും കൈവരിച്ചുവരുന്നു എന്നതിന്റെ നിദര്‍ശനമാണ് അതിന്റെ ന്യൂഡല്‍ഹി പ്രഖ്യാപനം. ഇന്ന് ലോകരാഷ്ട്രീയത്തിനെ തീപിടിപ്പിക്കുന്ന മുഖ്യവിഷയങ്ങളില്‍ ഏറെക്കുറെ വ്യക്തമായതും സാമ്രാജ്യത്വചേരിക്ക് ഹിതകരമല്ലാത്തതും ആയ നിലപാടുകളാണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

ആധുനിക കാലത്തിന്റെ സാര്‍വദേശീയ രാഷ്ട്രീയ സവിശേഷതകളില്‍ ഒന്ന്, നിരവധി മേഖലാതല കൂട്ടായ്മകള്‍ ഉയര്‍ന്നുവരുന്നതാണ്. ശീതയുദ്ധാനന്തര കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വം ഉയര്‍ത്തിയ ഏകധ്രുവ ലോകം എന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് പുതുതായി ഉയര്‍ന്നുവരുന്ന ഈ ഭൗമ രാഷ്ട്രീയ സഖ്യങ്ങള്‍ ശ്രദ്ധപിടിച്ചെടുക്കുന്നത്. ചൈനയും റഷ്യയും മുന്‍കൈയെടുത്ത് രൂപം കൊടുത്ത ഷാങ്ഹായ് സഹകരണ സംഘടനയും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളുടെ പ്രതിഫലമാനമായ സെലാക്കും അമേരിക്കയുടെ അസാന്നിധ്യം കൊണ്ടു മാത്രമല്ല, അമേരിക്കയുടെ ആക്രമണപരവും അധിനിവേശപരവുമായ നയങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ചോദ്യം ചെയ്യുന്നു എന്ന നിലയിലും ശ്രദ്ധേയമാണ്. എന്നാല്‍, മറ്റു കൂട്ടായ്മകളില്‍നിന്ന് വേറിട്ടതാണ് ബ്രിക്സ് - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങളുടെ സഖ്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നീ നാല് ഭൂഖണ്ഡങ്ങളുടെ പ്രാതിനിധ്യം അതിനുണ്ട് എന്നതാണ് അതിനെ വേറിട്ടതാക്കുന്നത്. അത് രൂപം കൊണ്ടതാകട്ടെ 2008ല്‍ ആരംഭിച്ച ആഗോള മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും. പ്രത്യേകിച്ച്, പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് അമേരിക്ക മുന്‍കൈയെടുത്ത് രൂപംകൊടുത്ത ജി 20 കൂട്ടായ്മയുടെ വേദികളിലായിരുന്നു ബ്രിക്സ് പിറവിയെടുത്തത്. ജി 20ലും മറ്റ് അന്താരാഷ്ട്ര വേദികളിലും കൂട്ടായി ഇടപെടുന്നതിനുള്ള കൂടിയാലോചനകളില്‍ തുടങ്ങി അത് വ്യക്തമായ ദിശാബോധത്തിലേക്ക് നീങ്ങുന്നതായാണ് ന്യൂഡല്‍ഹി പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

ലോകഭൂവിസ്തൃതിയുടെ 30 ശതമാനത്തെയും ലോകജനസംഖ്യയുടെ 45 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ അഞ്ച് രാജ്യ സഖ്യം. ദേശീയ കറന്‍സികളുടെ ക്രയശേഷി തുല്യത (Purchasing Power Parity)യുടെ അടിസ്ഥാനത്തിലുള്ള ആഗോള ജിഡിപിയുടെ 40 ശതമാനം ബ്രിക്സ് രാജ്യങ്ങളുടേതാണ് (20.9 ലക്ഷം കോടി ഡോളര്‍). ആഗോള വ്യാപാരത്തിലെ 18 ശതമാനത്തെ നിയന്ത്രിക്കുന്നതും ഈ രാജ്യങ്ങളാണ്. ആഗോള ധനമൂലധനത്തിന്റെ 53 ശതമാനത്തെയും ഇന്ന് ആകര്‍ഷിക്കുന്നത് ഈ രാജ്യങ്ങളാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനത്തോളം ഈ രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്നതും ജി 7ഉം ഒഇസിഡിയും പോലുള്ള സമ്പന്ന രാഷ്ട്രസഖ്യങ്ങളെ ബ്രിക്സ് പിന്നിലാക്കുകയാണെന്നതിന്റെ സൂചനയാണ്. മാത്രമല്ല, ബ്രിക്സ് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പും അവയെ സമ്പന്നരാജ്യ സഖ്യങ്ങളെക്കാള്‍ കൂടുതല്‍ പ്രാതിനിധ്യ സ്വഭാവമുള്ളതും പ്രാധാന്യമര്‍ഹിക്കുന്നതും ആക്കുന്നു. ഭൂവിസ്തൃതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യയും (170 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) നാലാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയും (96 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ബ്രസീലും ഏഴാം സ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യയും 25-ാം സ്ഥാനത്തുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയും ചേരുമ്പോള്‍ ഭൗമരാഷ്ട്രീയത്തില്‍ ഈ സഖ്യം ശ്രദ്ധാര്‍ഹമായ സ്ഥാനം നേടുന്നു.

ജനസംഖ്യയില്‍ ഒന്നും രണ്ടും അഞ്ചും എട്ടും 24ഉം സ്ഥാനങ്ങളാണ് യഥാക്രമം ചൈനയ്ക്കും ഇന്ത്യക്കും ബ്രസീലിനും റഷ്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമുള്ളത്. (മൊത്തം 298.5 കോടി). ക്രയശേഷി തുല്യതയെ ആധാരമാക്കിയുള്ള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) കാര്യത്തിലും സാധാരണ ജിഡിപിയുടെ കാര്യത്തിലും ചൈന ഇന്ന് രണ്ടാം സ്ഥാനത്താണ്. അടുത്ത ഒരു ദശകത്തിനകം ഒന്നാം സ്ഥാനത്ത് എത്തുമെന്നും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചാനിരക്കിലും ചൈന 9.5 ശതമാനവും ഇന്ത്യ 6.9 ശതമാനവും ബ്രസീല്‍ 3.9 ശതമാനവും റഷ്യയും ദക്ഷിണാഫ്രിക്കയും 3.8 ശതമാനം വീതവും ആണെന്നത് ആഗോള സാമ്പത്തിക പ്രതിസന്ധിയെ ചെറുത്തുനില്‍ക്കാന്‍ ഈ ചേരിയിലെ രാജ്യങ്ങള്‍ക്ക് കഴിഞ്ഞുവെന്നതിന്റെ ദൃഷ്ടാന്തമാണ്.

ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് 29ന് ചേര്‍ന്ന നാലാമത് ബ്രിക്സ് ഉച്ചകോടിയുടെ 10 പേജുള്ള പ്രഖ്യാപനം ലോകരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഇറാന്‍, സിറിയ, പലസ്തീന്‍ പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുസമീപനത്തോടൊപ്പം പുതിയൊരു വികസന ബാങ്ക് രൂപീകരിക്കാനുള്ള ആലോചനയും ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്താനുള്ള ധാരണയും വ്യക്തമാക്കുന്നു. രാഷ്ട്രീയമായ യോജിപ്പുകളെക്കാള്‍ ഉപരി സാമ്പത്തികമായ താല്‍പര്യങ്ങളാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതും പൊതുനിലപാടുകള്‍ സ്വീകരിക്കന്‍ നിര്‍ബന്ധിതമാക്കുന്നതും.
ഇറാനില്‍നിന്നുള്ള എണ്ണ വാങ്ങുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തന്നെ ഉദാഹരണം. ഇന്ത്യയും ചൈനയും എണ്ണ ഉപഭോഗത്തില്‍ 20 ശതമാനത്തോളവും ആശ്രയിക്കുന്നത് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയെയാണ്. അമേരിക്കന്‍ തീട്ടൂരത്തിന് വഴങ്ങി ഇറാന്‍ എണ്ണ വാങ്ങാതിരുന്നാല്‍ അത് ഈ രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അതാണ്, ഇറാന്‍ ആണവപ്രശ്നത്തില്‍ 2005 മുതല്‍ അമേരിക്കയോടൊപ്പം അന്താരാഷ്ട്ര വേദികളില്‍ നിലപാടെടുക്കുകയും ഇറാന്‍ വാതക പൈപ്പ്ലൈന്‍ കരാറില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്ത ഇന്ത്യ ഇപ്പോള്‍ ഇറാനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ നടപ്പാക്കുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്നും അമേരിക്കയല്ല, ഐക്യരാഷ്ട്രസഭയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമുള്ള നിലപാടില്‍ മറ്റു ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം എത്തിച്ചേരാന്‍ നിര്‍ബന്ധിതമായത്.

ഇറാന്‍ ആണവപ്രശ്നത്തില്‍ സംഘട്ടനത്തിന്റെ മാര്‍ഗമല്ല, സമവായത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നും സംഘട്ടനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനം പറയുന്നു. ബഹുകക്ഷി വേദികളിലെ ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും പ്രഖ്യാപനം മുന്നോട്ടുവെയ്ക്കുന്നു. സിറിയയുടെ കാര്യത്തിലും അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാടില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് ബ്രിക്സ് പ്രഖ്യാപനം മുന്നോട്ടുവെയ്ക്കുന്നത്. ""സിറിയയില്‍ എല്ലാ വിഭാഗങ്ങളും അക്രമം ഉപേക്ഷിക്കണ""മെന്ന പ്രഖ്യാപനത്തിലെ നിര്‍ദ്ദേശം തന്നെ സിറിയന്‍ സര്‍ക്കാര്‍ അവിടത്തെ പ്രതിപക്ഷ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന, സിറിയന്‍ സര്‍ക്കാര്‍ മാത്രമാണ് അക്രമങ്ങള്‍ക്ക് ഉത്തരവാദി എന്ന പാശ്ചാത്യ നിലപാടില്‍നിന്ന് വേറിട്ടതാണ്. സിറിയയില്‍ വിദേശസഹായത്തോടെ മതമൗലികവാദികളും ഭീകരവാദികളും നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ടിരിക്കുന്ന അക്രമങ്ങളിലേക്കു കൂടി വിരല്‍ചൂണ്ടുന്നതാണ് ബ്രിക്സ് പ്രഖ്യാപനം. സിറിയയില്‍ ബാഹ്യഇടപെടല്‍ പാടില്ലെന്നും സിറിയന്‍ ജനത തന്നെ സമാധാനപരമായ ചര്‍ച്ചകളിലൂടെ ആ രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും പ്രഖ്യാപനം വ്യക്തമാക്കിയിരിക്കുന്നു. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നെന്‍റ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെയും ഉച്ചകോടി സ്വാഗതം ചെയ്തിട്ടുണ്ട്.

പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നത്തിലും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന നിലപാടാണ് ബ്രിക്സ് സ്വീകരിക്കുന്നത്. എന്നാല്‍ പലസ്തീനുമേലുള്ള ഇസ്രയേലി അധിനിവേശത്തെയും ഗാസയ്ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ഉച്ചകോടി തയ്യാറായിട്ടുമില്ല.

വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് ബ്രിക്സ് രൂപംകൊണ്ടത്. ആ പശ്ചാത്തലത്തില്‍ വേണം ഒരു പുതിയ ബാങ്ക് രൂപീകരണം എന്ന ആശയത്തെ കാണേണ്ടത്. ലോകബാങ്കിനോ ഐഎംഎഫിനോ എതിരല്ലെന്ന് പറയുമ്പോഴും ലോകബാങ്കിന്റെയും എഡിബിയുടെയും മാതൃകയില്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട ബാങ്കിന് അനിവാര്യമായും വാഷിങ്ടണ്‍ ഇരട്ടകളുടെ ബദലായി മാറേണ്ടതായിവരും. അടുത്തവര്‍ഷം റഷ്യയില്‍ ചേരുന്ന അഞ്ചാമത് ഉച്ചകോടിയില്‍ അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനകം അതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ബ്രിക്സ് രാജ്യങ്ങളുടെ ധനമന്ത്രിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ലോകബാങ്കിന്റെ അടുത്ത പ്രസിഡന്‍റായി വികസ്വര രാജ്യങ്ങളില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശവും ഉച്ചകോടിയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

ലോക വ്യാപാര സംഘടന നിലവില്‍ വരുന്നതിന് മുന്‍പ് ലോകവ്യാപാര കാര്യങ്ങളില്‍ വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ ഏറെക്കുറെ പ്രതിഫലിപ്പിച്ചിരുന്ന അങ്ടാഡില്‍ (United Nations Conference on Trade and Development UNCTAD) കൂടുതല്‍ നിക്ഷേപം നടത്തണമെന്ന ഉച്ചകോടിയുടെ പ്രഖ്യാപനവും വാഷിങ്ടണ്‍ സമവായത്തില്‍നിന്നുള്ള വേറിട്ടുപോകലിെന്‍റ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോകവ്യാപാര സംഘടനയിലെ കരാറുകള്‍ ഉപയോഗിച്ച് വികസ്വര രാജ്യങ്ങളുടെ വിപണികള്‍ കൈയടക്കുകയും സ്വന്തം വിപണിയില്‍ സംരക്ഷണനയങ്ങള്‍ (ചുങ്കങ്ങളും നിയന്ത്രണങ്ങളും മറ്റും) ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പാശ്ചാത്യശക്തികളുടെ നീക്കത്തെ ചെറുക്കാനുള്ള ശ്രമമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിനും വായ്പകള്‍ക്കും പ്രാദേശിക കറന്‍സി ഉപയോഗിക്കാനുള്ള ധാരണയില്‍ ഉച്ചകോടി എത്തിയതും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയത്തില്‍ ഡോളറിന്റെയും യൂറോയുടെയും പ്രാധാന്യം കുറയ്ക്കലാണ് ഇതിന്റെ ലക്ഷ്യം. ഡോളറുമായി മല്‍സരിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സ്വന്തം നാണയം (റെന്‍മിന്‍ബി) ഇറക്കാന്‍ ചൈന നിശ്ചയിച്ചിരിക്കുകയും അതനുസരിച്ച് നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബ്രിക്സ് തീരുമാനത്തിന് പ്രാധാന്യമേറുന്നു. ചൈന ഇപ്പോള്‍ തന്നെ പല രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തം നാണയത്തില്‍ വ്യാപാര വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ റിലയന്‍സ് കമ്യൂണിക്കേഷന്‍ തന്നെ ചൈനീസ് ബാങ്കുകളില്‍നിന്ന് 12 കോടി ഡോളറിന്റെ വായ്പ ചൈനീസ് നാണയത്തില്‍ വാങ്ങിയത് സമീപകാലത്താണ്. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ഇടപാടുകളില്‍ അതാത് രാജ്യത്തിന്റെ നാണയം ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണഫലം അഞ്ച് രാജ്യങ്ങള്‍ക്കും ലഭിക്കും.

അന്താരാഷ്ട്ര വാണിജ്യത്തിലെ ഡോളര്‍ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ പ്രതിവര്‍ഷം ശരാശരി 28 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ 23,000 കോടി ഡോളറിന്റെ വ്യാപാരമാണ് ബ്രിക്സ് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നത്. ഇത് 2015നു മുമ്പ് 50,000 കോടി ഡോളറിേന്‍റതായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ബ്രിക്സിനെ ""ഒത്തുകൂടി ചായ കുടിക്കാനും പടം പിടിക്കാനുമുള്ള"" ഏര്‍പ്പാടായി എഴുതിത്തള്ളുന്ന അമേരിക്കന്‍ നിലപാടാണ് ബ്രിക്സിന്റെ നാലാം ഉച്ചകോടി പൊളിച്ചിരിക്കുന്നത്. ""ബ്രിക്സ് കേവലം ഒരാശയമല്ല, യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. നിലവിലുള്ള ആഗോളക്രമത്തിന്റെ സന്തുലനം അത് ചിട്ടപ്പെടുത്തുകയാണ്"" എന്നാണ് ബ്രസീലിയന്‍ വ്യോമയാന കമ്പനിയായ എംബ്രയറിന്റെ വൈസ് പ്രസിഡന്‍റ് ജാക്സണ്‍ ഷ്നീഡര്‍ പറയുന്നത്. ബ്രിക്സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര ബാങ്ക് നടത്താനുള്ള വൈദഗ്ദ്ധ്യമോ കാര്യപ്രാപ്തിയോ ഇല്ലെന്ന് പറഞ്ഞ് അത്തരം ഒരു ബാങ്ക് യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയെ തന്നെ നിരാകരിക്കുന്ന ഇപ്പോഴത്തെ ലോകബാങ്ക് പ്രസിഡന്‍റ് റോബര്‍ട്ട് സ്വെല്ലിക്കിെന്‍റ വാക്കുകളും അസ്ഥാനത്താകുമെന്നാണ് പല നിരീക്ഷകരും കരുതുന്നത്.

സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെടുകയും 1950കള്‍ മുതല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ചേരിചേരാ പ്രസ്ഥാനം 1990കളോടെ നിര്‍ജീവമാവുകയും ചെയ്തശേഷം അന്താരാഷ്ട്ര ബന്ധങ്ങളില്‍ നിലനിന്ന ഏകപക്ഷീയതയ്ക്ക് മാറ്റം വരുന്നതിന്റെ വ്യക്തമായ സൂചനയാണ് ബ്രിക്സ് ഉച്ചകോടിയുടെ ന്യൂഡല്‍ഹി പ്രഖ്യാപനം നല്‍കുന്നത്. 1970കളിലും 80കളിലും ചേരിചേരാ ഉച്ചകോടികളിലെ സജീവ ചര്‍ച്ചാവിഷയമായിരുന്നു മൂന്നാം ലോക രാജ്യങ്ങള്‍ക്കായി ഒരു വികസനബാങ്കിന് രൂപം നല്‍കുക എന്നത്. ആഗോളതലത്തില്‍ നവലിബറല്‍ സാമ്പത്തിക ക്രമം പിടിമുറുക്കിയതിനെ തുടര്‍ന്ന്, വിശിഷ്യ 1990കളോടെ ഇന്ത്യയുടെ ചുവടുമാറ്റത്തെ തുടര്‍ന്ന്, ആ നീക്കം യാഥാര്‍ത്ഥ്യമാകാതെ പോയതാണ്. അതിനാണ് പുതിയ സാഹചര്യത്തില്‍ പുതിയ രൂപത്തില്‍ ജീവന്‍വെയ്ക്കുന്നത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ വ്യക്തമായ ഉള്‍ക്കരുത്തും രാഷ്ട്രീയ ദിശാബോധവും ബ്രിക്സ് കൈവരിച്ചു എന്ന് പറയാനാവില്ല.

ചൈനപോലും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സാമ്രാജ്യത്വം എന്ന പദപ്രയോഗം നടത്താന്‍ തയ്യാറാകാത്ത പരിതസ്ഥിതിയില്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതുമില്ല. ബ്രിക്സ് പ്രഖ്യാപനത്തില്‍ ഒരിടത്തും അമേരിക്കയ്ക്കോ യൂറോപ്യന്‍ യൂണിയനോ ഡോളര്‍ മേധാവിത്വത്തിനോ എതിരായി പ്രത്യക്ഷത്തില്‍ ഒരുവാക്കു പോലും കാണാനാവില്ലെങ്കിലും വരികള്‍ക്കിടയില്‍ അത് വായിക്കാനാകും. മറ്റൊന്ന് ചൈനയ്ക്കും റഷ്യയ്ക്കും എതിരായി സാമ്പത്തികമായും സൈനികമായും കരുനീക്കങ്ങള്‍ക്ക് അമേരിക്ക തുനിയുകയും അതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കരുവാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, അമേരിക്കയുടെ അത്തരം നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായും ബ്രിക്സിന്റെ ശാക്തീകരണത്തെ കാണാവുന്നതാണ്. ലോകത്തിന്റെ ഗതി ഏകധ്രുവതയിലേക്കും ഏകപക്ഷീയതയിലേക്കുമല്ല, ബഹുധ്രുവതയിലേക്കും ബഹുസ്വരതയിലേക്കുമാണെന്നുള്ള വെളിപ്പെടുത്തലുമാണിത്. എന്നാല്‍ ഈ കൂട്ടായ്മയിലെ ദുര്‍ബലമായ കണ്ണികളെ ഇതിനെ പൊളിക്കാന്‍ അമേരിക്ക ഉപയോഗിക്കും എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂട. ഇതിലെ ഏറ്റവും ദുര്‍ബലമായ കണ്ണി ഇന്ത്യ തന്നെയാണെന്നാണ് പരക്കെ നിരീക്ഷിക്കപ്പെടുന്നത്.

ഇറാന്‍ പ്രശ്നത്തിലും സിറിയന്‍ പ്രശ്നത്തിലുമെല്ലാം ഇന്ത്യ സ്വീകരിക്കുന്ന ചുവടുമാറ്റങ്ങളും പലപ്പോഴും ദേശീയ താല്‍പര്യങ്ങള്‍പോലും അമേരിക്കയ്ക്ക് അടിയറവെയ്ക്കുന്നതും ഈ നിഗമനം ബലപ്പെടുത്തുന്നു. പക്ഷേ, ഇന്ത്യന്‍ ബൂര്‍ഷ്വാസിയില്‍ പ്രബലമായ ഒരു വിഭാഗത്തിന്, അവയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് അമേരിക്കയെയും പാശ്ചാത്യശക്തികളെയും മാത്രം ആശ്രയിച്ച് നില്‍ക്കാനാവില്ല. എന്നാല്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്കുള്ളില്‍ ശക്തമായ അമേരിക്കന്‍ സ്വാധീനം നിലനില്‍ക്കുന്നുമുണ്ട്. ഇന്ത്യന്‍ നിലപാടുകളിലെ വൈരുദ്ധ്യം ഇതിന്റെ രണ്ടിെന്‍റയും പ്രതിഫലനമാണ്. ഇന്ത്യന്‍ ജനതാല്‍പര്യം സംരക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഉറച്ച സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് സ്വീകരിക്കേണ്ടത്. അതിനുസരിച്ചായിരിക്കും ബ്രിക്സ് സംവിധാനത്തിന്റെ ഭാവി.

*
ജി വിജയകുമാര്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2012 മാര്‍ച്ച് 29 വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച നാലാമത് ബ്രിക്സ് ഉച്ചകോടി ലോകരാഷ്ട്രീയത്തില്‍ സവിശേഷമായ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. അഞ്ച് രാഷ്ട്രങ്ങളുടെ ആ കൂട്ടായ്മ വ്യക്തമായ ദിശാബോധവും പക്വതയും കൈവരിച്ചുവരുന്നു എന്നതിന്റെ നിദര്‍ശനമാണ് അതിന്റെ ന്യൂഡല്‍ഹി പ്രഖ്യാപനം. ഇന്ന് ലോകരാഷ്ട്രീയത്തിനെ തീപിടിപ്പിക്കുന്ന മുഖ്യവിഷയങ്ങളില്‍ ഏറെക്കുറെ വ്യക്തമായതും സാമ്രാജ്യത്വചേരിക്ക് ഹിതകരമല്ലാത്തതും ആയ നിലപാടുകളാണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.