Tuesday, April 17, 2012

വര്‍ഗീയതയുടെ അത്യാപത്ത്

കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിം ലീഗ് പറയുന്നതില്‍ അതിശയോക്തി കാണാനാകില്ല. ആര്‍എസ്എസിന്റെ സേവനം തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും വേണ്ടുവോളം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലായിട്ടില്ല ഒരിക്കലും. വടകര-ബേപ്പൂര്‍ മോഡല്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്‍ഥികളാണ് വടകരയിലും ബേപ്പൂരിലും മത്സരിച്ചത്.

വര്‍ഗീയതകളുടെ ആ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യത്തെ കണ്ട് അമ്പരന്നു നില്‍ക്കുകയല്ല; അടിച്ചോടിക്കുകയാണ് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങള്‍ ചെയ്തത്. വോട്ടിനുവേണ്ടി ആര്‍എസ്എസിന്റെ കാര്യാലയങ്ങളിലും വര്‍ഗീയ നേതാക്കളുടെ ഉമ്മറപ്പടികളിലും പാടുകിടക്കാന്‍ മടികാട്ടിയില്ലാത്ത മുസ്ലിം ലീഗുകാര്‍ ഒരു സുപ്രഭാതത്തില്‍ ആ കുറ്റം കോണ്‍ഗ്രസില്‍ ആരോപിച്ച് സ്വന്തം ശരീരം രക്ഷപ്പെടുത്താന്‍ നോക്കുന്നതിനെ കൗതുകത്തോടെയേ കാണാനാകൂ. ലീഗും വര്‍ഗീയതയും തമ്മില്‍ വേര്‍തിരിവ് അനുദിനം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസിന്റെ ജീവവായുതന്നെ വര്‍ഗീയതയാണിന്ന്. മതേതര പാര്‍ടി എന്ന പ്രതിച്ഛായ പാടേ മാഞ്ഞുപോയാലും അധികാരം മതി എന്ന സമവാക്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയതുകൊണ്ടാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍, അതിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിതന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ അഞ്ചാംമന്ത്രി വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചു, എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ് എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെ സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി എന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ജയിലില്‍ അടയ്ക്കേണ്ട കുറ്റങ്ങളും ഇതിലുണ്ട്. നാട് ഭരിക്കുന്ന കക്ഷിതന്നെ വര്‍ഗീയത കളിച്ചു എന്ന് മുഖ്യ സഖ്യകക്ഷിയാണ് ആരോപിക്കുന്നത്. ഒന്നുകില്‍ ലീഗ് ഇപ്പറഞ്ഞത് പിന്‍വലിക്കണം; അല്ലെങ്കില്‍ എന്തു സംഭവിച്ചു എന്ന് കോണ്‍ഗ്രസ് പറയണം. ആരോപണങ്ങള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത ആ നിമിഷം നഷ്ടപ്പെടും; യുഡിഎഫ് എന്ന സംവിധാനം പിരിച്ചുവിടേണ്ടിയും വരും. ശരിയല്ലെങ്കില്‍ ലീഗിന് പിന്നെ ഭരണത്തിലും മുന്നണിയിലും തുടരാന്‍ എന്തര്‍ഹത?

മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുക എന്ന സമീപനം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകംകൂടിയാണ്. അത് തകര്‍ക്കാന്‍ വലതുപക്ഷം എന്നും ശ്രമിച്ചിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതത്തെയും സാമുദായിക ശക്തികളെയുമാണ് ഉപയോഗപ്പെടുത്തിയത്. വര്‍ഗീയതയും ജാതിഭ്രാന്തുമുള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ സമീപനങ്ങളെ യുഡിഎഫ് ഇന്നും മുറുകെപ്പിടിക്കുന്നു. അതിന്റെ ഫലമാണ്, ഭരണമുന്നണിയിലെ രണ്ട് മുഖ്യകക്ഷികള്‍ ചേരിതിരിഞ്ഞ് വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആശങ്കാജനകമായ അവസ്ഥ. മുസ്ലിംലീഗിന് എത്ര മന്ത്രിമാരുണ്ടെന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഭരണമുന്നണിക്കകത്തെ പങ്കുവയ്പിന്റെ മാത്രം വിഷയമാണത്. ലീഗ് മന്ത്രിയായാലും കോണ്‍ഗ്രസ് മന്ത്രിയായാലും അവര്‍ ഏതു സമുദായത്തില്‍പെട്ടവരായാലും, സംരക്ഷിക്കുന്നത് സമ്പന്നവര്‍ഗത്തിന്റെയും സങ്കുചിത ശക്തികളുടെയും താല്‍പ്പര്യങ്ങളാണ്. മന്ത്രിസ്ഥാനത്തെച്ചൊല്ലി വര്‍ഗീയച്ചുവയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സൃഷ്ടിക്കപ്പെടുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അഞ്ചാംമന്ത്രിയെച്ചൊല്ലി ഉണ്ടായ ബഹളങ്ങളെല്ലാം യുഡിഎഫില്‍നിന്നോ യുഡിഎഫിനെ സഹായിക്കുന്ന ബാഹ്യഘടകങ്ങളില്‍നിന്നോ ആണ്. എന്‍എസ്എസ് ആസ്ഥാനത്തേക്കും കെപിസിസി പ്രസിഡന്റിന്റെ വീട്ടിലേക്കും ലീഗുകാര്‍ പ്രകടനം നടത്തിയ അനുഭവം അപകടകരമായ സൂചനകളാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സ്വരമെന്ന് മുസ്ലിം ലീഗ് പരിഭവിക്കുമ്പോള്‍, ലീഗിന്റേത് പലപ്പോഴും താലിബാന്‍ സ്വരമാണെന്നത് മറന്നുകൂടാ. അക്രമ രാഷ്ട്രീയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്താണ് പ്രാദേശികതലത്തില്‍ ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കളികള്‍ക്ക് പള്ളികളെ വേദിയാക്കുന്നതില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നില്ല. രണ്ടുകക്ഷികളും വര്‍ഗീയതയെയാണ് ഉപയോഗിക്കുന്നത്. അന്യന്റെ കുറ്റങ്ങള്‍ പരസ്യമായി അവര്‍ പരസ്പരം വിളിച്ചുപറയുന്നു എന്നതിനപ്പുറമാണ് യഥാര്‍ഥ പ്രശ്നം. നാടിന്റെ മതനിരപേക്ഷ സ്വഭാവമാണ്, അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരാല്‍ ആക്രമിക്കപ്പെടുന്നത്. അധികാരം പിടിച്ചടക്കാന്‍ ഭിന്നവര്‍ഗീയതകളുമായി സഖ്യം ചെയ്യുന്നവര്‍ക്ക് അവയെ മാറിമാറി പ്രീണിപ്പിച്ചേ തുടരാനാകൂ. അത്തരം പ്രീണനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ തര്‍ക്കങ്ങളും ഭിന്നതകളും സംഘട്ടനങ്ങളും ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് യുഡിഎഫിനെ ഗ്രസിച്ചിരിക്കുന്നത്. ഇത് മറികടക്കുക എളുപ്പമല്ല. വര്‍ഗീയ പ്രീണനം കോണ്‍ഗ്രസോ മുസ്ലിം ലീഗോ ഉപേക്ഷിക്കുമെന്ന് കരുതാനുമാകില്ല. ഇപ്പോള്‍ വെല്ലുവിളിമുഴക്കി പോരടിക്കുന്ന ഇവരെ പിടിച്ചുനിര്‍ത്തി കണക്കുപറയിക്കാനും നിലയ്ക്കുനിര്‍ത്താനുമുള്ള ജനശക്തിയാണ് ഉണരേണ്ടത്. നവ ലിബറല്‍ നയങ്ങളുള്‍പ്പെടെയുള്ള ജനവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ആ സമരവും. അധികാരത്തിനുവേണ്ടിയുള്ള വര്‍ഗീയക്കളികളെ കഴുത്തിനുപിടിച്ച് അറബിക്കടലിലെറിഞ്ഞേ കേരളത്തിന് രക്ഷപ്പെടാനാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 17 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിം ലീഗ് പറയുന്നതില്‍ അതിശയോക്തി കാണാനാകില്ല. ആര്‍എസ്എസിന്റെ സേവനം തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും വേണ്ടുവോളം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലായിട്ടില്ല ഒരിക്കലും. വടകര-ബേപ്പൂര്‍ മോഡല്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്‍ഥികളാണ് വടകരയിലും ബേപ്പൂരിലും മത്സരിച്ചത്.