Monday, April 16, 2012

ദരിദ്രരെയാണ് നിര്‍മാര്‍ജ്ജനം ചെയ്യുന്നത്

ഇന്ത്യയിലെ എഴുപതുശതമാനം വരുന്ന സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു തള്ളിവിടത്തക്കവിധത്തില്‍ ബിപിഎല്‍ മാനദണ്ഡം യുപിഎ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. കൃത്രിമവും വഞ്ചനാത്മകവുമായ കണക്കുകള്‍ നിരത്തി ദരിദ്രരെ കൂടുതല്‍ പരിതാപാവസ്ഥയില്‍ കൊണ്ടെത്തിക്കുക എന്നതാവും പുതിയ ബിപിഎല്‍ മാനദണ്ഡത്തിന് നിര്‍വഹിക്കാനുള്ള ധര്‍മ്മം. ആസൂത്രണ കമ്മിഷെന്‍റ 2009-10ലെ കണക്കനുസരിച്ച് ഗ്രാമങ്ങളിലെ മുതിര്‍ന്ന ഒരാളുടെ ഒരു ദിവസത്തെ ആളോഹരി വരുമാനം 22.40ഉം, നഗരത്തില്‍ ഇത് 28.65ഉം ആയിരുന്നു. അതില്‍ കൂടുതല്‍ ചെലവാക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ് എന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

2005നും 2009നും ഇടയില്‍ ബിപിഎല്‍ പട്ടികയില്‍ വന്നവരുടെ നിരക്ക് 7% ആയി കുറഞ്ഞു എന്ന കണക്കുവെച്ചാണ് പുതിയ ബിപിഎല്‍ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. 2011ലേക്കുള്ള ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നതിനായി 2004-05ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ നടത്തിയ ഡാറ്റ പ്രകാരമാണ് പുതിയ ബിപിഎല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പഴയ കണക്കുകള്‍ പ്രകാരമുള്ള വെറും പ്രവചനമാണ് പുതിയ കണക്കുകളെന്ന് പ്ലാനിംഗ് കമ്മിഷന്‍ അംഗമായ സൗമിത്രാ ചൗധരി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ മാനവിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചാനിരക്കും കുതിച്ചുകൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന യുപിഎ സര്‍ക്കാര്‍ 2011ലെ ഭവന - ആസ്തി സെന്‍സസ് പ്രകാരം ഇന്ത്യയിലെ 17 ശതമാനം ജനങ്ങള്‍ സ്വന്തമായി വീടോ മറ്റേതെങ്കിലും സ്ഥാവരജംഗമവസ്തുക്കളോ ഒന്നും തന്നെ സ്വന്തമായിട്ടില്ലാത്തവരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അതായത് 17 ശതമാനം പേര്‍ പുറമ്പോക്കുകളില്‍ അന്തിയുറങ്ങുന്നുവെന്ന് അര്‍ത്ഥം. ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ സമഗ്രമായൊരു ചിത്രമാണ് 2011ലെ ഭവന - ആസ്തി സെന്‍സസ് നമുക്ക് തരുന്നത്. ""മാനവിക ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്താന്‍ കഴിയുന്ന നേട്ടം അടുത്തവര്‍ഷം സെപ്തംബറോടെ ഇന്ത്യ കൈവരിക്കും. അങ്ങനെ ഭൂമിയില്‍ പൂര്‍ണ്ണമായും ദരിദ്രരില്ലാത്ത ആദ്യത്തെ രാജ്യമായിത്തീരും"" (ഫിനാന്‍ഷ്യല്‍ ടൈംസ്) എന്ന സ്വപ്നസദൃശമായ ഈ വാചകം ഉരുവിടുന്നവര്‍ തന്നെയാണ് ഇന്ത്യയിലെ ദരിദ്രരുടെ കണക്കുകളും പിന്നോക്കാവസ്ഥയും മറുവശത്ത് തുറന്നുപറയുന്നത്. പുതുക്കിയ ദാരിദ്ര്യ മൂല്യനിര്‍ണ്ണയം 32 രൂപ എന്നു കണക്കാക്കിയിരിക്കുന്നത് അന്താരാഷ്ട്ര ദാരിദ്ര്യപരിധിയായ 1.25 ഡോളര്‍ നിശ്ചയിച്ച അതേ രീതിയിലാണ്.

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനം വളരെ താഴ്ന്നതാണ്. ജീവിത ചെലവ് വര്‍ദ്ധിച്ച നിരക്കിലുമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ലോകബാങ്കിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണങ്ങള്‍ എന്നു പറയേണ്ടിവരും. എല്ലാക്കാലവും വലതുപക്ഷ ഗവണ്‍മെന്‍റുകള്‍ ഇതു തന്നെയാണല്ലോ പിന്തുടര്‍ന്നുവന്നതും. ദാരിദ്ര്യരേഖ കണക്കാക്കാന്‍ നിയോഗിക്കപ്പെട്ട തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ അളവുകോലുകള്‍ അതേപടി നിലനിര്‍ത്തുകയാണ് ആസൂത്രണ കമ്മീഷനും ചെയ്തത്. ഗ്രാമങ്ങളില്‍ ദിവസം 26 രൂപയും നഗരങ്ങളില്‍ 32 രൂപയുമാക്കണമെന്നാണ് കമ്മീഷന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് 22.42 (ഗ്രാമം) എന്നതിലേക്കും 28.35 (നഗരം) എന്നതിലേക്കുമായി കുറയ്ക്കാന്‍ കഴിയുമെന്നും കമ്മിഷന്‍ പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ഗ്രാമവാസികളുടെ ഭക്ഷണത്തിന്റെ കലോറി മൂല്യം 2100 എന്നതും നഗരവാസികളുടേത് 2400 എന്നതും ഒരൊറ്റ കലോറി മൂല്യമായ 1800 എന്നാക്കിയിരിക്കുന്നു.

നഗര - ഗ്രാമവാസികളില്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായി വരുന്ന ഭക്ഷണത്തിന്റെ വര്‍ദ്ധിച്ച കലോറി മൂല്യത്തെക്കുറിച്ച് ആലോചിക്കാതെയാണ് ഇങ്ങനെയൊരു മാനദണ്ഡം നിശ്ചയിച്ചത്. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടുപിന്നിട്ടിട്ടും ആനുപാതികമായും എണ്ണത്തിലും ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള രാജ്യമായി തന്നെയാണ് ഇന്ത്യ ഇപ്പോഴും നിലകൊള്ളുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 26.03 കോടി ആളുകളില്‍ 19.32 കോടി ആളുകളും ഗ്രാമങ്ങളിലുള്ളവരും 6.71 കോടി പേര്‍ നഗരങ്ങളിലുള്ളവരുമാണ്. ഇതില്‍ 75% ദരിദ്രരും ഗ്രാമവാസികളാണ്. ഇന്ത്യയിലെ ദാരിദ്ര്യനിരക്കുകള്‍ ഏകതാനമായ രീതിയിലല്ല കണക്കാക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 10 ശതമാനത്തില്‍ താഴെയാണ്. ത്രിപുര, ആസാം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും 30 - 40 ശതമാനത്തില്‍ താഴെയും, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ 50 ശതമാനവും ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

2005-06 മുതല്‍ക്കിങ്ങോട്ട് കോര്‍പ്പറേറ്റുകള്‍ നികുതിയിനത്തില്‍ നല്‍കാനുള്ള നാലുലക്ഷം കോടി രൂപയാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. പുതിയ ബജറ്റില്‍ 50,000 കോടി നികുതി കുടിശ്ശിക എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സാധാരണക്കാരെ ബാധിക്കുന്ന അവശ്യ ഉപഭോഗവസ്തുക്കളായ പാചകവാതകം, പെട്രോളിയം തുടങ്ങിയവയ്ക്ക് അടിയ്ക്കടി വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷക ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ വളം സബ്സിഡി വെട്ടിക്കുറയ്ക്കുകയുമാണ് ചെയ്തത്. ഒരു കോര്‍പ്പറേറ്റ് സൗഹൃദരാജ്യമായി ഇന്ത്യയെ വളര്‍ത്തിയെടുത്ത യുപിഎ സര്‍ക്കാര്‍ ഇന്ത്യയിലെ പകുതിയോളം വരുന്ന ദരിദ്രരുടെ നേര്‍ക്ക് കര്‍ക്കശമായ കണക്കുകള്‍ നിരത്തി അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കുനേരെ മുഖം തിരിച്ചുനില്‍ക്കുകയാണ്. പുതുക്കിയ ബിപിഎല്‍ മാനദണ്ഡം പൊതുവിതരണത്തെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുക. അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ കാര്‍ഡും പല ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കാതാവുകയും ചെയ്യും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്ന രാജ്യമെന്ന നിലയില്‍ ഇത്തരം മാനദണ്ഡങ്ങള്‍ രാജ്യത്തെ പരമദാരിദ്ര്യത്തിലേക്ക് നയിക്കും.

*
കെ ആര്‍ മായ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ എഴുപതുശതമാനം വരുന്ന സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു തള്ളിവിടത്തക്കവിധത്തില്‍ ബിപിഎല്‍ മാനദണ്ഡം യുപിഎ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. കൃത്രിമവും വഞ്ചനാത്മകവുമായ കണക്കുകള്‍ നിരത്തി ദരിദ്രരെ കൂടുതല്‍ പരിതാപാവസ്ഥയില്‍ കൊണ്ടെത്തിക്കുക എന്നതാവും പുതിയ ബിപിഎല്‍ മാനദണ്ഡത്തിന് നിര്‍വഹിക്കാനുള്ള ധര്‍മ്മം. ആസൂത്രണ കമ്മിഷെന്‍റ 2009-10ലെ കണക്കനുസരിച്ച് ഗ്രാമങ്ങളിലെ മുതിര്‍ന്ന ഒരാളുടെ ഒരു ദിവസത്തെ ആളോഹരി വരുമാനം 22.40ഉം, നഗരത്തില്‍ ഇത് 28.65ഉം ആയിരുന്നു. അതില്‍ കൂടുതല്‍ ചെലവാക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ് എന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.