Friday, April 6, 2012

മാധ്യമങ്ങള്‍ക്ക് മമത "ഭസ്മാസുര" ദീദി

പശ്ചിമ ബംഗാളിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ചരിത്രം അന്ധവും നീചവുമായ കമ്യൂണിസ്റ്റ് വിരുദ്ധതയുടേതാണ്. ഇടതുമുന്നണി അധികാരത്തില്‍ വരുംമുമ്പേ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കി. പ്രത്യേകിച്ച് ആനന്ദ് ബസാര്‍ പത്രിക. ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ മാധ്യമആക്രമണത്തിന് തീവ്രതയേറി. സിപിഐ എം വിരുദ്ധ വാര്‍ത്തകളില്ലാതെ ഒരു ദിവസംപോലും പത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. 1990 വരെ ആനന്ദ് ബസാര്‍ പത്രിക മാത്രമായിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ പത്രങ്ങളും ചാനലുകളും ഈ ദൗത്യം ഏറ്റെടുത്തു. നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ മുഖ്യപങ്കുവഹിച്ചു. എന്നാല്‍ ഇടതുപക്ഷ ഭരണമാണ് നല്ലതെന്ന നിലപാടിലേക്ക് മാധ്യമങ്ങള്‍ തിരിച്ചെത്താന്‍ ഒരു വര്‍ഷംപോലും വേണ്ടിവന്നില്ല.

മമതയുടെ അമിതാധികാര പ്രവണതകളുടെ ചൂടറിഞ്ഞ പത്രങ്ങള്‍ ഇപ്പോള്‍ അവര്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. മുഖ്യധാരാമാധ്യമങ്ങളുടെ സിപിഐ എം വിരുദ്ധപ്രചാരണം കഴിഞ്ഞവര്‍ഷങ്ങളില്‍ മൂര്‍ധന്യത്തിലെത്തിയിരുന്നു. സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ എല്ലാ നൈതികതയും വെടിഞ്ഞ് സിപിഐ എമ്മിനെ കടന്നാക്രമിച്ചു. ഇല്ലാത്ത കഥകളുടെ കുത്തൊഴുക്ക്. പതിനാലുപേര്‍ കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ നന്ദിഗ്രാം സംഭവം അച്ചടി, ദൃശ്യമാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടി. ചില മാധ്യമങ്ങളില്‍ മരണസംഖ്യ നൂറ്, ചിലര്‍ക്ക് ഇരുനൂറ്. ആയിരംപേര്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങളും ഉണ്ട്. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് ഭൂമി എറ്റെടുക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ പതിനാലുപേരെ വെടിവച്ചു കൊന്നുവെന്നായിരുന്നു പ്രചാരണം. അതൊരു പ്രത്യേക സാമ്പത്തിക മേഖലയായിരുന്നില്ലെന്നും 2007നുശേഷം ഭൂമി ഏറ്റെടുത്തിട്ടില്ലെന്നുമുള്ളതാണ് സത്യം.

സിപിഐ എം പ്രവര്‍ത്തകര്‍ നൂറുകണക്കിന് കുട്ടികളെ സ്കൂളില്‍നിന്ന് പിടിച്ചിറക്കി പുഴയിലെറിഞ്ഞുവെന്നുപോലും പ്രചരിപ്പിച്ചു. മമതയുടെ മെഗാഫോണുകളായി അന്ന് മാധ്യമങ്ങള്‍ മാറി. 5000 സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു മമത പറഞ്ഞത്. ഇതെല്ലാം രാജ്യമൊട്ടുക്ക് മാധ്യമങ്ങള്‍ ഏറ്റെടുത്തു. അന്ന് കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ടെങ്കില്‍, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അക്കാര്യം അന്വേഷിക്കാന്‍ മമത എന്തിന് ഭയക്കണം. മുമ്പ് ഇതൊന്നും ചോദ്യം ചെയ്യാതിരുന്ന പത്രങ്ങള്‍ ഇപ്പോഴും ഇത്തരം നുണകളെക്കുറിച്ച് മൗനം പാലിക്കുന്നു. മമതയെ ദേവതയായി ഉയര്‍ത്തിക്കാണിക്കാന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മാധ്യമങ്ങളുടെ സഹായത്തോടെയാണ് അവര്‍ അധികാരത്തിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ജനാധിപത്യവിരുദ്ധതയും ഏകാധിപത്യപ്രവണതയും അതോടെ ബംഗാള്‍ ജനത അനുഭവിച്ചറിയുന്നു. വാര്‍ത്താസമ്മേളനത്തില്‍ അവരുടെ വാക്കുകള്‍ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങളുടെ പ്രതിനിധികള്‍ ചോദ്യം ചോദിച്ചാല്‍ ആക്ഷേപമായിരിക്കും മറുപടി.

കൊല്‍ക്കത്തയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രസ് കോണ്‍ഫറന്‍സുകളല്ല, യെസ് കോണ്‍ഫറന്‍സുകളാണെന്ന ഫലിതം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് ഗണശക്തി നിരന്തരം വാര്‍ത്ത നല്‍കിയപ്പോള്‍ അക്കാര്യം മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു. ഇപ്പോള്‍ അല്‍പ്പം മാറ്റംവന്നു. കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായ സംഭവത്തോടെ മുഖ്യധാരാ പത്രങ്ങളും മമതയും പിണങ്ങി. പെണ്‍കുട്ടി മാനഭംഗപ്പെട്ടില്ലെന്ന് വാദിച്ച മമതയെ ന്യായീകരിക്കാന്‍ ആനന്ദ് ബസാര്‍ പത്രികയും ബര്‍ത്തമാനുമടക്കമുള്ള മാധ്യമങ്ങള്‍ ഏറെ പണിപ്പെട്ടു. പാര്‍ക് സ്ട്രീറ്റ് സംഭവത്തില്‍ മമതക്കെതിരെ വാര്‍ത്ത നല്‍കിയതോടെ ഈ പത്രങ്ങള്‍ക്ക് മമത വിലക്കേര്‍പ്പെടുത്തി. വായനശാലകളില്‍ ഈ പത്രങ്ങള്‍ വാങ്ങുന്നത് വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 13 പത്രങ്ങളേ വാങ്ങാവൂ എന്നാണ് ഉത്തരവ്. ഇതോടെ മമതക്കെതിരെയുള്ള നിലപാടുകള്‍ പത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇത് അധികകാലം തുടരില്ല എന്ന് വ്യക്തമാണ്. പത്രങ്ങളെ മാത്രമല്ല, കോണ്‍ഗ്രസിനെയും ദ്രോഹിക്കുകയാണ് മമത. മുര്‍ഷിദാബാദിലെ കോണ്‍ഗ്രസ് ഓഫീസ് മമതയുടെ പ്രവര്‍ത്തകര്‍ ബോംബിട്ട് തകര്‍ത്തു. മമതയെ അധികാരത്തിലെത്തിച്ച പത്രങ്ങളും കോണ്‍ഗ്രസുകാരും മമതയിലെ ഭസ്മാസുരരൂപം കണ്ട് അന്തിച്ചുനില്‍ക്കുകയാണ്.

*
ദേബാശിഷ് ചക്രബര്‍ത്തി (സിപിഐ എം മുഖപത്രമായ ഗണശക്തിയുടെ കൊല്‍ക്കത്ത എഡിഷന്‍ ന്യൂസ് എഡിറ്ററും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകന്‍)

ദേശാഭിമാനി 06 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...