Tuesday, June 1, 2010

റിലയന്‍സിന് സര്‍ക്കാരിന്റെ തിരുമുല്‍ക്കാഴ്ച

പ്രകൃതി വാതകം കണ്ടെത്തി, കുഴിച്ചെടുത്ത്, വിതരണം ചെയ്യുന്നത് ഗവണ്‍മെന്റിന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന വിഷയമാണെന്നും ജനങ്ങളുടെ ഗുണത്തിനുവേണ്ടി ഈ വിഭവം ഉപയോഗിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണെന്നും അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന സുപ്രധാനമായ വിധിയാണ് കൃഷ്ണാ - ഗോദാവരി നദീതടത്തിലെ പ്രകൃതി വാതകം സംബന്ധിച്ച കേസില്‍ ഈയിടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന ഗ്യാസ് എങ്ങനെ ഉപയോഗിക്കണം, അതിന് വിലയിടേണ്ടത് എത്രയാണ് എന്നെല്ലാം തീരുമാനിക്കുന്നതിന് ഗവണ്‍മെന്റിന് അധികാരമുണ്ട് എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ഭരണഘടനയുടെ 297-ആം വകുപ്പനുസരിച്ച് പ്രകൃതി വാതകത്തിന്റെ ഉപയോഗം കൊണ്ടുള്ള ഗുണം ജനങ്ങള്‍ക്കു ലഭിക്കണം. കൃഷ്ണാ - ഗോദാവരി നദീതടത്തിലെ വാതകം സംബന്ധിച്ച അംബാനി സഹോദരന്മാര്‍ ഉണ്ടാക്കിയിരുന്ന കുടുംബ രഹസ്യക്കരാര്‍ വിവാദമായതിനെ തുടര്‍ന്ന് സിപിഐ എം ഉയര്‍ത്തിപ്പിടിച്ചിരുന്ന നിലപാടാണിത്. ഇക്കാര്യം സുപ്രീംകോടതി എടുത്തു പറഞ്ഞുവെങ്കിലും, ഗോദാവരീ തീരത്തെ ഗ്യാസിന് റിലയന്‍സ് നിശ്ചയിച്ചതും ഗവണ്‍മെന്റ് അംഗീകരിച്ചതുമായ വില, യൂണിറ്റിന് 4.20 ഡോളര്‍ എന്ന നിരക്ക്, യുക്തമായിരുന്നുവോ എന്ന കാര്യം പരിശോധിച്ചതുമില്ല. അത്തരം ഒരു നടപടിക്രമം നിലവിലില്ലെന്നും വില നിശ്ചയിക്കുന്ന കാര്യത്തില്‍ എന്‍ടിപിസി കക്ഷിയല്ലെന്നും പറഞ്ഞാണ് കോടതി അതില്‍നിന്ന് ഒഴിഞ്ഞുമാറിയത്.

എന്‍ടിപിസിയുടെ പങ്ക്

ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉല്‍പാദന കമ്പനിയാണ് എന്‍ടിപിസി. എന്നിട്ടും ഈ ഇടപാടില്‍ ആവലാതിക്കാരന്‍ മാത്രമാണ് അവര്‍ എന്നതാണ് ആശ്ചര്യകരം. അതെങ്ങനെ വന്നു? റിലയന്‍സ് കുടുംബം രഹസ്യകരാര്‍ ഉണ്ടാക്കുന്നതിനുമുമ്പ്, യൂണിറ്റിന് 4.20 ഡോളര്‍ എന്ന വില നിരക്ക് (അഞ്ചു കൊല്ലക്കാലത്തേക്ക്) ഗവണ്‍മെന്റ് അംഗീകരിക്കുന്നതിനും മുമ്പ്, മറ്റൊരു സംഭവം നടക്കുകയുണ്ടായി. ഇതേ ഗ്യാസ് തന്നെ യൂണിറ്റിന് 2.34 ഡോളര്‍ എന്ന നിരക്കില്‍ ഗവണ്‍മെന്റിന് നല്‍കാമെന്ന് റിലയന്‍സുകാര്‍ സമ്മതിച്ചിരുന്നതാണത്. 2004ല്‍ എന്‍ടിപിസി നടത്തിയ അന്താരാഷ്ട്ര മല്‍സര ലേലത്തെത്തുടര്‍ന്നാണത്.

ഇക്കാര്യം 2009 ഫെബ്രുവരി 20-ാം തീയതി അന്നത്തെ ഊര്‍ജ്ജ വകുപ്പുമന്ത്രി ജയറാം രമേശ് പാര്‍ലമെന്റില്‍ സമ്മതിച്ചതുമാണ്. ഗ്യാസ് കുഴിച്ചെടുത്ത് എന്‍ടിപിസിക്ക് വില്‍ക്കുന്നതിനുള്ള കരാര്‍ 2004ല്‍ അന്താരാഷ്ട്ര അടിസ്ഥാനത്തില്‍ ലേലം ചെയ്തു വില്‍ക്കാന്‍ നിശ്ചയിക്കുകയുണ്ടായി. സാങ്കേതികമായും വ്യാപാരപരമായും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് റിലയന്‍സ് ആയിരുന്നു. ഗോദാവരി -കൃഷ്ണ തടത്തില്‍നിന്നുള്ള ഗ്യാസ് യൂണിറ്റിന് 2.34 ഡോളര്‍ എന്ന നിരക്കില്‍ എന്‍ടിപിസിക്ക് നല്‍കാം എന്നായിരുന്നു അവരുടെ ഓഫർ‍. 17 വര്‍ഷമായിരുന്നു അതിന്റെ കാലാവധി. അതനുസരിച്ച് എന്‍ടിപിസി, റിലയന്‍സ് കമ്പനിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റും നല്‍കി. എന്നാല്‍ ഗ്യാസ് വില്‍പ്പനയ്ക്കുള്ള കരാര്‍ ഒപ്പിടുന്നതിന് റിലയന്‍സ് തയ്യാറായില്ല. കരട് കരാറിലെ വ്യവസ്ഥകളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. ലേലത്തില്‍ തങ്ങള്‍ തന്നെ അംഗീകരിച്ച വ്യവസ്ഥകളില്‍നിന്ന് അവര്‍ പിറകോട്ട് പോവുകയായിരുന്നു. ലേല വ്യവസ്ഥകള്‍ അംഗീകരിച്ച് യഥാര്‍ത്ഥ കരാര്‍ ഒപ്പിടുന്നതിന് എന്‍ടിപിസി പല തവണ റിലയന്‍സിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ അതൊക്കെ വിഫലമായി.

ഒടുവില്‍ യൂണിറ്റിന് 2.34 ഡോളര്‍ നിരക്കില്‍ 17 കൊല്ലക്കാലത്തേക്ക് ദിവസത്തില്‍ 120 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ എന്ന കണക്കില്‍ ഗ്യാസ് ലഭിക്കുന്നതിനുവേണ്ടി ബോംബെ ഹൈക്കോടതിയില്‍ 2005 ഡിസംബറില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് എന്‍ടിപിസി നിര്‍ബന്ധിതമായിത്തീര്‍ന്നു. എന്‍ടിപിസി ആവലാതിക്കാരനായിട്ടുള്ള ആ കേസ് ഇപ്പോഴും കോടതിയില്‍ തീര്‍പ്പാവാതെ കിടക്കുകയാണ്. അതുകൊണ്ടാണ് അംബാനി സഹോദരന്മാര്‍ തമ്മില്‍ ഗ്യാസ് വിലയെ സംബന്ധിച്ച കേസില്‍ എന്‍ടിപിസി കക്ഷിയല്ല എന്ന് സുപ്രീംകോടതി പ്രസ്താവിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ എന്‍ടിപിസി കക്ഷി ചേരേണ്ടതായിരുന്നു. ഗ്യാസിന്റെ വിലയെ സംബന്ധിച്ച് രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഗവണ്‍മെന്റ് ഇടപെട്ടപ്പോൾ‍, യൂണിറ്റിന് 2.34 ഡോളറിന് ഗ്യാസ് തരാമെന്ന് സമ്മതിച്ച്, പിന്നീട് കരാറില്‍നിന്ന് ഒളിച്ചോടി കള്ളക്കളി നടത്തുന്ന റിലയന്‍സിന് എതിരായി എന്‍ടിപിസിയും ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് കക്ഷി ചേരേണ്ടതായിരുന്നു. കാരണം കുറഞ്ഞ വിലയ്ക്ക് ഗ്യാസ് ലഭിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണല്ലോ.

എന്‍ടിപിസിയെ വിലക്കിയതെന്തിന് ?

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എന്‍ടിപിസിയ്ക്ക് റിലയന്‍സ് കമ്പനി യൂണിറ്റിന് 2.34 ഡോളര്‍ എന്ന നിരക്കില്‍ ഗ്യാസ് നല്‍കാമെന്ന കരട് കരാര്‍ ഉണ്ടാക്കപ്പെട്ടതാണ്. ആ കരാര്‍ ഒപ്പിടാതെ ഒഴിഞ്ഞ് നടക്കുന്ന അതേ റിലയന്‍സ് കമ്പനി നിര്‍ദ്ദേശിച്ച, യൂണിറ്റിന് 4.2 ഡോളര്‍ എന്ന നിരക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ മന്ത്രിതല ഉന്നതാധികാര സമിതി അംഗീകരിക്കുകയും ചെയ്തു. 17 കൊല്ലക്കാലത്തേക്ക് കുറഞ്ഞ നിരക്കില്‍ ഗ്യാസ് നല്‍കാമെന്നേറ്റ റിലയന്‍സ് കമ്പനി തന്നെ, അക്കാര്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി യൂണിറ്റിന് 4.2 ഡോളര്‍ എന്ന നിരക്ക് നിര്‍ദ്ദേശിക്കുകയും അത് കേന്ദ്രമന്ത്രിമാര്‍ ഉടനെ അംഗീകരിക്കുകയും ചെയ്തതിനു പിന്നില്‍ എത്ര വ്യാപകമായ അഴിമതിയുണ്ടായിരിക്കും! ദിനംപ്രതി 120 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ഗ്യാസ് വീതം 17 കൊല്ലക്കാലം റിലയന്‍സ് നല്‍കുമ്പോള്‍ അതിന്റെ വില യൂണിറ്റിന് 2.34 ഡോളറില്‍നിന്ന് 4.2 ഡോളറാക്കി വര്‍ധിപ്പിച്ചാല്‍ റിലയന്‍സിനുണ്ടാകുന്ന ലാഭം, അഥവാ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം 24000 കോടി രൂപയാണെന്നും അതിനാല്‍ 4.2 ഡോളര്‍ എന്ന നിരക്ക് അംഗീകരിയ്ക്കരുതെന്നും റിലയന്‍സും എന്‍ടിപിസിയും തമ്മിലുണ്ടാക്കിയ കരാര്‍ തകിടം മറിക്കരുതെന്നും എന്‍ടിപിസി ചെയര്‍മാന്‍ ഗവണ്‍മെന്റിനെ 2007 ഓഗസ്തില്‍ തന്നെ അറിയിച്ചിരുന്നതാണ്. ദിനംപ്രതി 120 ലക്ഷം ക്യുബിക് മീറ്റര്‍ എന്‍ടിപിസിക്ക് നല്‍കുമ്പോഴാണ് ഈ വില വ്യത്യാസംമൂലം 24,000 കോടി രൂപ റിലയന്‍സിന് അധികലാഭം ഉണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ ദിനംപ്രതി 600 ലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് യൂണിറ്റിന് 2.34 ഡോളര്‍ നിരക്കിൽ‍, കൃഷ്ണാ, ഗോദാവരി നദീതട പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ എന്‍ടിപിസിയ്ക്ക് റിലയന്‍സ് കമ്പനി നല്‍കണം എന്നായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്. അത്രയും ഗ്യാസിന് ഈ വില വ്യത്യാസംമൂലം മാത്രം 1,20,000 കോടി രൂപയുടെ കൊള്ളലാഭം റിലയന്‍സ് കമ്പനിക്ക് ലഭിക്കും.

അംബാനി സഹോദരന്മാര്‍ തമ്മിലുള്ള കേസില്‍ എന്‍ടിപിസി കക്ഷി ചേര്‍ന്നാല്‍ ഈ കണക്കുകളൊക്കെ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തേണ്ടിവരും. ഗ്യാസ് വില്‍പന കാര്യത്തില്‍ എന്‍ടിപിസിയെ മറികടന്ന്, കേന്ദ്രത്തിലെ മന്ത്രിതല ഉന്നതാധികാര സമിതി റിലയന്‍സുമായുണ്ടാക്കിയ കള്ളക്കച്ചവടം പുറത്തുവരും. അതുകൊണ്ട് സുപ്രീംകോടതിയില്‍ കേസില്‍ കക്ഷിച്ചേരുന്നതില്‍നിന്ന് എന്‍ടിപിസിയെ കേന്ദ്ര ഗവണ്‍മെന്റ് വിലക്കുകയാണുണ്ടായത്. ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പെട്രോളിയം വകുപ്പ് മന്ത്രി മുരളി ദിയോറയും തന്നെയാണ് എന്‍ടിപിസിയെ, കക്ഷി ചേരുന്നതില്‍നിന്ന് വിലക്കിയത്. എന്‍ടിപിസി ഈ കേസില്‍ കക്ഷി ചേര്‍ന്നാല്‍ മറ്റൊരു കള്ളക്കളി കൂടി പുറത്തുവരും. യഥാര്‍ത്ഥത്തില്‍ കരാര്‍ അനുസരിച്ച് യൂണിറ്റിന് 2.34 ഡോളര്‍ വിലവെച്ച് റിലയന്‍സ് കമ്പനി ഗ്യാസ് നല്‍കേണ്ടിയിരുന്നത് 17 കൊല്ലക്കാലത്തേക്കാണ്. എന്നാല്‍ 4.2 ഡോളര്‍ നിരക്കില്‍ 5 കൊല്ലത്തേക്ക് ഗ്യാസ്‌നല്‍കാമെന്ന കരാറിനാണ് മന്ത്രിതല ഉന്നതാധികാരസമിതി അംഗീകാരം നല്‍കിയിട്ടുള്ളത്. 5 കൊല്ലത്തെ കാലാവധി കഴിഞ്ഞാല്‍ വില വീണ്ടും വര്‍ധിപ്പിക്കാം.

അഴിമതിയുടെ വൈപുല്യം

യൂണിറ്റിന് 4.2 ഡോളര്‍ വിലവെച്ച് ഗ്യാസ് വില്‍ക്കാനുള്ള റിലയന്‍സിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞിരുന്നത്, ബോംബെ ഹൈക്കോടതിയില്‍ റിലയന്‍സും എന്‍ടിപിസിയും തമ്മിലുള്ള കേസിന്റെ വിധിയെ ഇത് ഒരുവിധത്തിലും ബാധിക്കുകയില്ല എന്നാണ്. അതായത് 2.34 ഡോളര്‍ വില വെച്ച് റിലയന്‍സ് കമ്പനി ഗ്യാസ് നല്‍കണം എന്ന് ബോംബെ ഹൈക്കോടതി വിധിക്കുകയാണെങ്കില്‍ അതായിരിക്കും അന്തിമ വില എന്ന് ! എന്നാല്‍ അതിനിടയില്‍ റിലയന്‍സ് കമ്പനി തട്ടിയെടുക്കുന്ന കൊള്ളലാഭത്തെക്കുറിച്ച് കേന്ദ്ര മന്ത്രിമാര്‍ക്ക് മിണ്ടാട്ടമില്ല താനും! ബോംബെ ഹൈക്കോടതി അങ്ങനെ വിധിക്കുകയില്ല, ആ വിധത്തില്‍ കേസ് നടത്താന്‍ എന്‍ടിപിസിയെ അനുവദിക്കുകയില്ല എന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് ഉറപ്പുണ്ടായിരിക്കണം! അതുകൊണ്ടാണല്ലോ ഗ്യാസിന്റെ വില വര്‍ധിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തെ എന്‍ടിപിസി ശക്തമായി എതിര്‍ത്തിട്ടും, ആ എതിര്‍പ്പിനെ മറികടന്ന് മന്ത്രിസഭയുടെ ഉന്നതാധികാരസമിതി യൂണിറ്റ് വില 4.2 ഡോളറാക്കി വര്‍ധിപ്പിച്ചു നല്‍കിയത്. മറിച്ച് അങ്ങനെ വിധിച്ചാലോ? അതിന്നിടയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടത്തിന് ആര് ഉത്തരം പറയും?

ഇതിനിടയില്‍ മന്ത്രി ദിയോറ നടത്തിയ മറ്റൊരു കള്ളക്കളി കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഒഐഎല്ലും ഇപ്പോള്‍ ഗ്യാസ് കുഴിച്ചെടുത്ത് വില്‍പന നടത്തുന്നുണ്ട്. അതിന് അവ ഈടാക്കുന്ന വില യൂണിറ്റിന് 1.79 ഡോളറായിരുന്നു. ഈ ഗ്യാസിന്റെ വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ അഡ്‌മിനിസ്ട്രേറ്റീവ് പ്രൈസിങ്ങ് സംവിധാനം ആയതിനാൽ‍, അത് 4.2 ഡോളറിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഒഎന്‍ജിസിക്കും ഒഐഎല്ലിനും സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കുന്നതിനുവേണ്ടിയൊന്നുമല്ല ഇങ്ങനെ വില ഉയര്‍ത്തുന്നത്. തങ്ങളുടെ സ്വന്തക്കാരായ റിലയന്‍സ് മുതലാളിമാരെ സുഖിപ്പിക്കുന്നതിനുവേണ്ടി തന്നെയാണത്. റിലയന്‍സുകാര്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുമ്പോൾ, അവരുടെ ഗ്യാസ് ചെലവാകണമെങ്കിൽ‍, മറ്റ് സ്ഥാപനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വില്‍ക്കാന്‍ പാടില്ലല്ലോ. വൈദ്യുതി ഉല്‍പാദനരംഗത്തും രാസവള നിര്‍മ്മാണത്തിനും മറ്റും അത്യാവശ്യമായ ഗ്യാസിന്റെ വില കുറയ്ക്കണം എന്ന് ഈ വ്യവസായങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിന്നിടയിലാണ് പൊടുന്നനെ, മന്ത്രി ദിയോറ, ഗ്യാസിന്റെ വില യൂണിറ്റിന് 1.79 ഡോളറില്‍നിന്ന് 4.2 ഡോളറാക്കി വര്‍ധിപ്പിച്ചത്. ഇതിന്റെ ഫലമായി ഊര്‍ജ്ജ മേഖലയിലും വളം നിര്‍മാണ മേഖലയിലും 1,00,000 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്രയും തുക രാജ്യത്തെ സാധാരണക്കാര്‍ വഹിക്കേണ്ടിവരും. ആദ്യം പറഞ്ഞ 1,20,000 കോടി രൂപയുടെ നഷ്ടവും കൂടി കണക്കിലെടുത്താല്‍ ജനങ്ങളുടെ തലയില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന അധിക ഭാരം 2,20,000 കോടി രൂപയുടേതാകും എന്നര്‍ഥം.

ലേലത്തില്‍ പങ്കെടുത്ത് യൂണിറ്റിന് 2.34 ഡോളറിന് ഗ്യാസ് നല്‍കാമെന്ന് സമ്മതിച്ച റിലയന്‍സ് കമ്പനി പിന്നീട് വാക്കു മാറ്റി 4.2 ഡോളര്‍ വില ലഭിക്കണമെന്ന് ശഠിച്ചതെന്തിനാണെന്നും ബോംബെ ഹൈക്കോടതിയില്‍ അതു സംബന്ധിച്ച കേസ് നിലനില്‍ക്കെത്തന്നെ വില 4.2 ഡോളറായി കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചതെന്തിനാണെന്നും വിശദീകരിക്കാനുള്ള ബാധ്യത മന്ത്രിസഭയുടെ ഉന്നതാധികാരസമിതിയ്ക്കുണ്ട്. യൂണിറ്റിന് 2.34 ഡോളര്‍ വില വെച്ച്, 17 കൊല്ലക്കാലം ഗ്യാസ് വില്‍ക്കാനുള്ള കരാര്‍ ഏറ്റെടുത്ത റിലയന്‍സില്‍നിന്നുതന്നെ, അക്കാര്യം അവഗണിച്ച്, 5 കൊല്ലക്കാലത്തേക്ക് 4.2 ഡോളര്‍ വില വെച്ച് ഗ്യാസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്തുകൊണ്ടെന്നും വിശദീകരിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. ഇന്ത്യയില്‍ കുഴിച്ചെടുക്കുന്ന ഗ്യാസിന്റെ വിലയും അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വിലയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന എന്‍ടിപിസിയുടെയും ഊര്‍ജ്ജവകുപ്പിന്റെയും നിര്‍ദ്ദേശം പെട്രോളിയം വകുപ്പും ഉന്നതാധികാര സമിതിയും തള്ളിയത് എന്തുകൊണ്ടെന്നും വിശദീകരിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്.

ഇതിനൊക്കെ പുറമെ, മറ്റൊരു കള്ളക്കളി കൂടി കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. യൂണിറ്റിന് 4.2 ഡോളര്‍ എന്ന നിരക്ക് എങ്ങനെ വന്നു എന്ന് ന്യായീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. യൂണിറ്റിന് 2.34 ഡോളര്‍ വില വെച്ച് ഗ്യാസ് നല്‍കാമെന്ന് ആദ്യം സമ്മതിച്ച റിലയന്‍സ് കമ്പനി തന്നെ, പിന്നീട് സ്വയം നിശ്ചയിച്ച നിരക്കാണ് യൂണിറ്റിന് 4.2 ഡോളര്‍ എന്നത്. അത് എന്‍ടിപിസി അംഗീകരിച്ചതല്ല; അതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റും അംഗീകരിച്ചതല്ല. അതിനെ സംബന്ധിച്ച കേസ് ബോംബെ ഹൈക്കോടതിയില്‍ ഇപ്പോഴും നിലവിലുണ്ടുതാനും. എന്നിട്ടും ഒഎന്‍ജിസിയും ഒഐഎല്ലും വില്‍ക്കുന്ന ഗ്യാസിന്റെ വില ആ നിരക്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയത് എന്തടിസ്ഥാനത്തിലാണ്? റിലയന്‍സില്‍നിന്ന് 5 കൊല്ലത്തേക്ക് ഗ്യാസ് വാങ്ങുന്നതിനുള്ള വിലയായി 4.2 ഡോളര്‍ തന്നെ നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? യൂണിറ്റിന് 4.2 ഡോളര്‍ എന്ന നിരക്ക് കേന്ദ്ര ഗവണ്‍മെന്റിനും പെട്രോളിയം മന്ത്രാലയത്തിനും മന്ത്രിസഭയുടെ ഉന്നതാധികാരസമിതിക്കും എവിടെ നിന്നു കിട്ടി? എല്ലാം ഒരു ഒത്തുകളിയാണെന്ന് ഇതില്‍നിന്ന് ഊഹിച്ചു കൂടെ?

കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പു മന്ത്രി സ്പെക്ട്രം കച്ചവടക്കാരുമായി ഒത്തുകളിച്ച് രണ്ടാം തലമുറ സ്പെക്ട്രം വില്‍പ്പനയില്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം (അഥവാ വാങ്ങുന്നവര്‍ക്ക് ലാഭം) ഖജനാവിനും ജനങ്ങള്‍ക്കും വരുത്തിവെച്ചു. പെട്രോളിയം വകുപ്പും ഉന്നതാധികാര മന്ത്രിസമിതിയും കൂടി 2.2 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചു. 3.2 ലക്ഷം കോടി രൂപ ജനങ്ങളില്‍നിന്ന് കൊള്ളയടിച്ചു!

സുപ്രീംകോടതിയുടെ വിധിയില്‍നിന്നുള്ള ഒരു വാചകം ഇവിടെ ഉദ്ധരിക്കട്ടെ: "ഇത്തരം പദ്ധതികള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതായിരുന്നു മാതൃകാപരം'' ആ വിധിയെ അട്ടിമറിച്ചിട്ടാണ്, ഗ്യാസിനെ അടിസ്ഥാനപ്പെടുത്തി വൈദ്യുതിയും രാസവളങ്ങളും ഉണ്ടാക്കുന്ന മേഖലകളില്‍നിന്നുംഅതുവഴി സാധാരണ ജനങ്ങളില്‍നിന്നും 2.2 ലക്ഷം കോടി രൂപ പെട്രോളിയം മന്ത്രാലയം തട്ടിയെടുത്ത് റിലയന്‍സിനു കാഴ്ചവെയ്ക്കുന്നത്.

*****
ദീപാങ്കര്‍ മുഖര്‍ജി, കടപ്പാട്: ചിന്ത വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രകൃതി വാതകം കണ്ടെത്തി, കുഴിച്ചെടുത്ത്, വിതരണം ചെയ്യുന്നത് ഗവണ്‍മെന്റിന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന വിഷയമാണെന്നും ജനങ്ങളുടെ ഗുണത്തിനുവേണ്ടി ഈ വിഭവം ഉപയോഗിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണെന്നും അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന സുപ്രധാനമായ വിധിയാണ് കൃഷ്ണാ - ഗോദാവരി നദീതടത്തിലെ പ്രകൃതി വാതകം സംബന്ധിച്ച കേസില്‍ ഈയിടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന ഗ്യാസ് എങ്ങനെ ഉപയോഗിക്കണം, അതിന് വിലയിടേണ്ടത് എത്രയാണ് എന്നെല്ലാം തീരുമാനിക്കുന്നതിന് ഗവണ്‍മെന്റിന് അധികാരമുണ്ട് എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.

മഞ്ഞു തോട്ടക്കാരന്‍ said...

പ്രസക്തമായ പോസ്റ്റ്‌, സാധാരണ കമ്യുണിസ്റ്റ് ഉടായിപ്പുകള്‍ ഇല്ലാതെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

Anonymous said...

അല്ലേലും അഴിമതി കണ്ടുപിടിക്കാനും അതിനെതിരെ പ്റതികരിക്കാനും കമ്യൂണിസ്റ്റ്‌ കഴിഞ്ഞേയുള്ളു റിലയന്‍സ്‌ ബീ ജേ പി ഭരിക്കുമ്പോഴും കോണ്‍ഗ്രസ്‌ ഭരിക്കുമ്പൊഴും അവറ്‍ക്കു തോന്നിയ പോലെ കര്യം നടത്തുന്നു

കൊച്ചിയില്‍ എണ്ണ പര്യവേഷണം ഇതുപോലെ ഒരു തട്ടിപ്പായിരുന്നു

പക്ഷെ കമ്യൂണിസ്റ്റുകള്‍ അഴിമതി ചെയ്യുന്നതും അതു കണ്ടുപിടിക്കുമ്പോള്‍ ഇളിച്ചു നിന്നു ചെയ്തെങ്കില്‍ കണക്കായിപോയി എന്ന രീതിയില്‍ പ്റതികരിക്കുന്നതും കഷ്ടം ആണെന്നേ പറയാന്‍ പറ്റു

aathman / ആത്മന്‍ said...
This comment has been removed by the author.
aathman / ആത്മന്‍ said...

ഒരു സംശയം, ഇപ്പോഴും വില കൂട്ടുന്നത് റിലയന്‍സ് തന്നെയാണോ? അടുത്ത് പെട്രോളിന് വില 5രൂപ കൂടിയ അവസരത്തില്‍ ഇവരുടെ ഗ്യാസിനും കൂടിയിരുന്നു. അത് അവരോ അതോ ഗവ.ന്റോ കൂട്ടിയത്?