Tuesday, January 31, 2012

വര്‍ഗ്ഗസമരത്തെ മത നേതൃത്വം ഭയക്കുന്നതെന്തിന്?

കത്തോലിക്കാസഭയിലെ അത്യൂന്നതസ്ഥാനീയനായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മേജര്‍ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി മനോരമ ന്യൂസ്ചാനലിലെ നേരെചൊവ്വെ എന്ന പരിപാടിയില്‍ അഭിമുഖം നല്‍കുകയുണ്ടായി. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാര്‍ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി തീവ്രതരമായി നടത്തിവന്ന പ്രതികരണങ്ങള്‍ അതിരുകടന്നതായിയെന്ന ആത്മവിമര്‍ശനം അദ്ദേഹം നടത്തിയത് ശ്രദ്ധേയമായി. സഭയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയോട് യുദ്ധംചെയ്യേണ്ടുന്ന തരത്തില്‍ വിശ്വാസത്തിനെതിരായി പാര്‍ടി നിലകൊള്ളുന്നുവെന്ന തെറ്റിദ്ധാരണയാണ് ഇതിനിടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസത്തോടും വിശ്വാസികളോടും ശത്രുതാപരമായ നിലപാട് പാര്‍ടിക്കില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് വര്‍ഗസമര സിദ്ധാന്തംമൂലമാണെന്നും, പരസ്പരം സ്നേഹിക്കണമെന്നും ഐക്യപ്പെടണമെന്നും സഭ ആഹ്വാനംചെയ്യുമ്പോള്‍ വര്‍ഗ്ഗസമരം വളര്‍ത്തി ഭിന്നത വര്‍ദ്ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിക്കുന്നതെന്നും വിശ്വാസത്തിന്റെ പ്രശ്നമല്ല, വര്‍ഗസമരത്തിന്റെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നതിനാലാണ് സഭയ്ക്ക് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അഭിവന്ദ്യ ബിഷപ്പ് സഭയുടെ നാഥനെന്നനിലയില്‍ നടത്തിയ ഈ നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും സംവാദം അര്‍ഹിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം നടക്കേണ്ടത്. ഗാന്ധിജിയും ഗുരുദേവനും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലെ സംവാദം ഈ കാഴ്ചപ്പാടിലായിരുന്നു. അത്തരമൊരു സൈദ്ധാന്തിക സംവാദത്തിനും സഭാ നേതൃത്വം തയ്യാറാകുന്നത് കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയേയുള്ളു. വിശ്വാസങ്ങളും മുന്‍വിധികളും സത്യാന്വേഷണങ്ങളെ തടസ്സപ്പെടുത്തിയിരുന്നിട്ടേയുള്ളൂ. സംവാദങ്ങളാകട്ടെ, സത്യം തേടിയുള്ള തീര്‍ത്ഥയാത്രയാണ്. അതിന് തയ്യാറാകുമ്പോഴാണ് സത്യത്തിന്റെ ദീപ്തികൊണ്ട്, ചിന്താമണ്ഡലങ്ങളില്‍ പ്രകാശം നിറയുന്നത്.

മതം സമൂഹത്തിന് ആവശ്യമായതാണോ? മതം എന്തുകൊണ്ട് ഉത്ഭവിച്ചുവെന്നും, നിലനില്‍ക്കുന്നുവെന്നുമുള്ള അന്വേഷണത്തില്‍ മാര്‍ക്സ് പറയുന്നത് മതപരമായ അസ്വാസ്ഥ്യം യഥാര്‍ത്ഥ അസ്വാസ്ഥ്യത്തിനെതിരായ പ്രതിഷേധമാണെന്നാണ്. "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്." വര്‍ഗ്ഗരഹിതമായ ആദിമ സമൂഹത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായും ആശ്വാസത്തിന്റെ മാര്‍ഗ്ഗമായും മതത്തെ കണ്ടു. വര്‍ഗ്ഗ വ്യവസ്ഥയുടെ കാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായോ, ആശ്വാസം നല്‍കുന്ന സങ്കേതമായോ മതത്തെ കണ്ട് ജീവിച്ചുപോകുന്ന മനുഷ്യന് മതവിശ്വാസം ഒരത്താണിയാണ്. മനുഷ്യര്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത ഒരു വര്‍ഗ്ഗരഹിത വ്യവസ്ഥയില്‍ മാത്രമാണ്, തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസദായകമായ ഒരു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകുന്നത്. അതുകൊണ്ട് മതത്തോട് പ്രായോഗികതലത്തില്‍ യാതൊരു എതിര്‍പ്പിനും കമ്യൂണിസ്റ്റുകാര്‍ മുതിരുന്നില്ല. എന്നാല്‍ താത്വികതലത്തില്‍ വിട്ടുവിഴ്ചചെയ്യാന്‍ ഒരുക്കവുമല്ല.

വ്യത്യസ്താഭിപ്രായങ്ങളുള്ള മതങ്ങള്‍ക്കുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി സഹകരിച്ച് ജീവിക്കാമെങ്കില്‍ , താത്വികമായി മാത്രം വിയോജിപ്പുള്ള കമ്യൂണിസ്റ്റുകാരോട് പ്രായോഗികതലത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കനാകും? അതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നത് മതം അതിന്റെ ഉള്ളടക്കത്തിലോ, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ദര്‍ശനത്തിലോ വെള്ളംചേര്‍ക്കലല്ല. എന്നാല്‍ വര്‍ഗ്ഗസമരത്തിന്റെ നിലയെന്താണ്? മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ മതം എന്തിനാണ് കുണ്ഠിതപ്പെടുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഫ്യൂഡലിസത്തില്‍ ജന്മിവര്‍ഗ്ഗത്തോട് രക്തരൂഷിതമായി മുതലാളിവര്‍ഗ്ഗം ഏറ്റുമുട്ടിയ കഥ വര്‍ഗ്ഗസമരത്തിന്റെ കഥയല്ലേ? ഫ്രഞ്ചുവിപ്ലവം ഉള്‍പ്പെടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍ നടത്തിയപ്പേള്‍ , ഫ്യൂഡലിസത്തോടും അതിന്റെ ഭാഗമായിരുന്ന അന്നത്തെ മതത്തോടും ഏറ്റുമുട്ടിയത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍ , ജന്മിവര്‍ഗത്തെ പരാജയപ്പെടുത്തിയ മുതലാളിവര്‍ഗ്ഗം പിന്നീട് തൊഴിലാളികളെ കൂടുതല്‍ കൊള്ളയടിച്ചു. വര്‍ഗ്ഗസമരം ആരംഭിച്ചത് തൊഴിലാളിവര്‍ഗ്ഗമല്ല. മുതലാളിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടിയല്ലാതെ ജീവിക്കാനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ്, ആദ്യം ട്രേഡ്യൂണിയനും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പാര്‍ടികളും പിറന്നുവീണത്. വര്‍ഗ്ഗസമരത്തിന് തൊഴിലാളികള്‍ കണ്ടെത്തിയ ആദ്യത്തെ ആയുധം തൊഴിലാളി സംഘടനകള്‍തന്നെയാണ്. ട്രേഡ്യൂണിയന്‍ ശക്തിപ്പെട്ടതോടെ തൊഴിലാളിയുടെ വിലപേശല്‍ശേഷിയും വര്‍ദ്ധിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെ കേരളത്തിലെ പല സ്വകാര്യ മാനേജുമെന്‍റുകളും തങ്ങളുടെ ആശുപത്രിളില്‍ ട്രേഡ്യൂണിയന്‍ അനുവദിക്കുന്നില്ല. നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

മൂലധനം ആത്യന്തികമായി ലാഭം മാത്രം പ്രതീക്ഷിക്കുന്നു. സഭയായാലും കോര്‍പ്പറേറ്റുകളായാലും മൂലധനം ചൂഷണത്തെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍ , മൂല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടോ ധാര്‍മ്മികത ഉപദേശിച്ചതുകൊണ്ടോ, മൂലധനത്തിന്റെ സ്വഭാവം മാറില്ല. അതിനോട് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ദുര്‍ബലനായ തൊഴിലാളിക്ക് സാധ്യമല്ല. സംഘടിച്ച് സമരംചെയ്തേ മതിയാകു. അത് കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വഭാവമോ രീതിയോ അല്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും തൊഴിലാളികളെ സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ തൊഴിലാളി സംഘടനകളിലൂടെ വര്‍ഗ്ഗസമരത്തില്‍ അബോധപൂര്‍വ്വമായെങ്കിലും പങ്കെടുക്കുന്നു. സഭയ്ക്ക് അവരോടില്ലാത്ത എതിര്‍പ്പ് കമ്യൂണിസ്റ്റ്പാര്‍ടിയോട് ഉണ്ടാകുന്നത് ന്യായമാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വ്യത്യാസം, അത് ട്രേഡ്യൂണിയന്‍ ബോധത്തില്‍ മാത്രം തൊഴിലാളിയെ തളച്ചിടുന്നില്ല എന്നതാണ്. പ്രാഥമിക സംഘടനാ ബോധത്തില്‍നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക് ഉയര്‍ത്തി, തൊഴിലാളിവര്‍ഗ്ഗം അധികാരംപിടിച്ച്, മുതലാളിത്തവര്‍ഗ്ഗ വാഴ്ച അവസാനിപ്പിക്കണമെന്നാണ് മാര്‍ക്സിസം പഠിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നത് തടയണമെന്നാണ് അതിന്റെ അര്‍ത്ഥം. അത് മതവിശ്വാസികള്‍ ഉള്‍പ്പെടെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യെന്‍റയും ആത്യന്തിക സ്വപ്നമാണ്. അത് കൈവരിക്കുമ്പോള്‍ , വര്‍ഗ്ഗ വ്യവസ്ഥയും ചൂഷണവും ഇല്ലാതെയാകും. അത് വര്‍ഗ്ഗരഹിതസമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ മാത്രമേ പരസ്പര മത്സരം നടത്തേണ്ട ആവശ്യകത അവസാനിക്കുകയുള്ളു.

മുതലാളിത്ത തത്വംതന്നെ "പരസ്പരം പോരടിച്ച് കഴിവുള്ളവര്‍ അതിജീവിക്കണമെന്ന", പ്രകൃതി നിര്‍ദ്ധാരണതത്വമാണ്. അതാണ് സഭയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകുന്നത്. അതുകൊണ്ട് ആഗോളവല്‍ക്കരണത്തേയും, മുതലാളിത്തത്തെയുമാണ് സഭ എതിര്‍ക്കേണ്ടത്. സമൂഹത്തില്‍ ചൂഷണവും അസമത്വങ്ങളും നിലനിര്‍ത്തുന്നതിന്റെപേരില്‍ എതിര്‍ക്കപ്പെടേണ്ട മുതലാളിത്തത്തെ എതിര്‍ത്തു പരാജയപ്പെടുത്താതെ ഉപദേശങ്ങള്‍കൊണ്ട് തിരുത്താമെന്ന് ധരിച്ച പല ശുദ്ധാത്മാക്കളും ചരിത്രത്തിലുണ്ട്. റോബര്‍ട്ട് ഓവെന്‍റ "പുതിയ സമുദായം" എന്ന ഗ്രന്ഥംതന്നെ ഇത്തരം സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. അത് പരാജയപ്പെട്ടിടത്താണ് തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിലൂടെ ചൂഷണരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹം സൃഷ്ടിക്കുമെന്ന് മാര്‍ക്സും എംഗല്‍സും വിഭാവനചെയ്തത്. അതിന്റെ സാധ്യതയെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കുകയെന്നതാണ് ക്രിസ്തുവിന്റെ ദര്‍ശനങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന സഭയ്ക്ക് ചെയ്യാനുള്ളത്. പക്ഷേ ചരിത്രത്തിലും വര്‍ത്തമാനകാലത്തും അത് സംഭവിക്കുന്നില്ല എന്നതിനാലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് മത വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരുന്നത്. അതിനെ മതവിരുദ്ധതയായി ചിത്രീകരിച്ച് നേട്ടംകൊയ്യാന്‍ വലതുപക്ഷ രാഷ്ട്രീയപാര്‍ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അങ്ങനെ ഉപയോഗിക്കപ്പെടാന്‍ തങ്ങളെ കിട്ടില്ലയെന്ന തത്വാധിഷ്ഠിത നിലപാട് സഭയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അത് തിരിച്ചറിയുന്നതിന്റെ സ്വരം കര്‍ദ്ദിനാളില്‍നിന്നും ഉണ്ടായത് സ്വാഗതാര്‍ഹമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നഴ്സിംഗ് തൊഴില്‍ ചെയ്യുന്നവരുടെ വേദനകള്‍ ശ്രദ്ധയില്‍പെട്ടതായി അദ്ദേഹം പറയുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ ഉണ്ടായതും സ്വയം തിരിച്ചറിവിന്റെ രീതിയില്‍ വിലയിരുത്തിയത് നന്നായി. വര്‍ഗ്ഗസമരം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരല്ല. അതവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിയാണ്. അതിന് അവരോടൊത്ത് നില്‍ക്കുകയെന്നതിലേക്കാണ് സഭയുടെ ചിന്തകള്‍ വികസിക്കേണ്ടത്.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 01 ഫെബ്രുവരി 2012

ഗാര്‍ഹിക പീഡനം തടയാന്‍ ഈ നിയമവും

വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. 2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല.

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്. പങ്കാളിയായ ഭഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. സ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ബന്ധു എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും. പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ശാരീരിക പീഡനം ആകാം. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍ , സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍ , കളിയാക്കി പേരുവിളിക്കല്‍ , കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍ , പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.

പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും. ഭഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും. ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ , പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.

ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍ . കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്. കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഇന്റര്‍നെറ്റിന് വിലങ്ങിടുമ്പോള്‍

ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തുന്ന നീക്കത്തെ വിഡ്ഢിത്തമെന്നാണ് ഒട്ടേറെപ്പേര്‍ വിശേഷിപ്പിച്ചത്. ഈ വിശേഷണത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. സൈബര്‍ ലോകത്തെ സാമൂഹികകൂട്ടായ്മകള്‍ക്കെതിരെ തിരിയാന്‍ മന്ത്രി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വിചിത്രമാണ്. ആദ്യം, സോണിയ ഗാന്ധിക്കെതിരായ ഒരു പ്രചാരണം കണ്ടെത്തിയ മന്ത്രി ഇത് അംഗീകരിക്കാനാവില്ലെന്ന് 2001 സെപ്തംബര്‍ അഞ്ചിന് ഫെയ്സ്ബുക്ക് അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തുകള്‍ എഴുതുകയും ഗൂഗിള്‍ , ഫെയ്സ്ബുക്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നവംബറില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അശ്ലീലസൈറ്റുകളെയാണ് വിമര്‍ശിച്ചത്. ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണത്തില്‍ അദ്ദേഹം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.

എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടാകേണ്ടത് അനിവാര്യമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്നവരായും അഭിപ്രായങ്ങള്‍ പകര്‍ന്നു നല്‍കുന്നവരായും മാധ്യമപ്രവര്‍ത്തകരെ ചില തത്വചിന്തകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കാര്യത്തോട് വിയോജിക്കാം. എന്നാല്‍ , പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ അരിപ്പ കടന്ന് ജനങ്ങളില്‍ നേരിട്ട് എത്തുകയാണ് ഇന്റര്‍നെറ്റ്. ശൃംഖലകളുടെ ശൃംഖലയായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളെ സാമൂഹിക കൂട്ടായ്മകള്‍ "പബ്ലിക്" എന്ന സംഘങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കുന്നവരുടെ പരസ്പര വിനിമയത്തിനും ആശയസംവേദനത്തിനും ഇത് വഴിയൊരുക്കുന്നു. പരസ്പരം പറയാനും കേള്‍ക്കാനും കഴിയുന്നു. ലോകത്താകെ ജനാധിപത്യപരമായ വലിയ സ്വാധീനമാണ് ഇത് ചെലുത്തുന്നത്. "പെയ്ഡ് ന്യൂസ്" മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളും കോര്‍പറ്റേറ്റുകളും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ബദല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളാണ്. 2007ല്‍ ഗൂഗിള്‍ നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമായത് സര്‍ക്കാര്‍ ഏജന്‍സികള്‍ അനിഷ്ടം പ്രകടിപ്പിച്ച ഉള്ളടക്കങ്ങളുടെ 70 ശതമാനവും രാഷ്ട്രീയവിമര്‍ശവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്. അവഗണിക്കാന്‍ കഴിയുംവിധം ചെറിയതോതിലുള്ള ഉള്ളടക്കമാണ് വിദ്വേഷപ്രചാരണമായി കാണാനായത്. തന്റെ നേട്ടത്തിനായി വിനിയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വ്യക്തം.

ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങളുടെ ഗതിയും നിരീക്ഷിക്കേണ്ടതുണ്ട്. തുടക്കത്തില്‍ അദ്ദേഹം സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളെ എതിര്‍ക്കുകയും അത് "മതനിന്ദയുടെ" പരിധിയില്‍ വരുമെന്ന അനുചിതമായ വിശേഷണപ്രയോഗം നടത്തുകയുംചെയ്തു. തുടര്‍ന്ന് അശ്ലീലപോസ്റ്റിങ്ങുകളെ അപലപിക്കുകയും പിന്നീട് മതവികാരം വ്രണപ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയുംചെയ്തു. ഇന്ത്യക്ക് ഔദ്യോഗിക മതമില്ലെങ്കിലും അദ്ദേഹത്തിന് "മതനിന്ദയെന്ന്" വിലപിക്കാം, കാരണം പല യൂറോപ്യന്‍ രാജ്യങ്ങളിലും മതനിന്ദക്കെതിരായ നിയമങ്ങളുണ്ട്. മതനിന്ദ കുറ്റകരമാണെന്ന നിയമം 2008ല്‍ ഭരണഘടനാ ഭേദഗതി വഴി ബ്രിട്ടീഷ് പാര്‍ലമെന്റ് അസാധുവാക്കി. എന്നാല്‍ , അശ്ലീലപോസ്റ്റിങ്ങുകള്‍ അവിടെ കുറ്റകരവുമാണ്. വിദ്വേഷപ്രചാരണത്തിനെതിരായ നടപടികള്‍ അഭിപ്രായപ്രകടനസ്വാതന്ത്രത്തെ ഹനിക്കരുതെന്നും ബ്രിട്ടീഷ് നിയമം വ്യവസ്ഥചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പികള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004ല്‍ , വിദ്വേഷം പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് എം എഫ് ഹുസൈന് എതിരായി ചമച്ച കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. എന്നിട്ടും മഹാനായ ആ ചിത്രകാരന് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്നതില്‍ ഇന്ത്യക്കാര്‍ ലജ്ജിക്കണം. എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം എം എഫ് ഹുസൈനോട് നീതി കാട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സല്‍മാന്‍ റുഷ്ദിക്കും ഇതേ അനുഭവമുണ്ടായി.

അപകീര്‍ത്തിപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22 ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ക്കെതിരെ വിനയ്രാജ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കാര്യത്തിലും ഇതേ നിയമം തന്നെയാണ് ബാധകമാകേണ്ടിയിരുന്നത്. പക്ഷേ, ഇന്റര്‍നെറ്റ് കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണ്. "മതത്തിന്റെയോ വംശത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വ്യക്തികളോ സംഘടനകളോ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന" എന്തെങ്കിലും പ്രവൃത്തി ഈ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 16ന് നടന്ന വാദത്തിനിടെ കോടതി കമ്പനികളല്ല, ചില വ്യക്തികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന സത്യം അംഗീകരിക്കുകയുംചെയ്തു. ഇന്റര്‍നെറ്റ് കൂട്ടായ്മകളിലെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി കമ്പനികളോട് ആരായുകയാണ് കോടതി ചെയ്തത്. കോടിക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തടയുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കമ്പനികളുടെ ഇന്ത്യന്‍ തലവന്മാര്‍ അറിയിക്കുകയുമുണ്ടായി. നിയമപരമായി പരിഹരിക്കേണ്ട പ്രശ്നമാണിത്. അതേസമയം, ഇന്ത്യയിലെ ഐടി നിയമം ഇപ്പോഴും വ്യാപാര-വാണിജ്യ ഇടപാടുകളില്‍ കേന്ദ്രീകരിച്ചുള്ളതാണ്, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇത് പര്യാപ്തമല്ല. ഇക്കാര്യത്തില്‍ നടപടികളെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട സംഗതി, എല്ലാ മതങ്ങളോടും ആദരപൂര്‍വമുള്ള തുല്യഅകലം നിലനിര്‍ത്തിക്കൊണ്ട് അവയ്ക്ക് ഒരു പൊതു ഇടം നല്‍കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നമാണിത്.

*
അമിതാഭ് മുഖോപാധ്യായ (ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)

ദേശാഭിമാനി 31 ജനുവരി 2012

Monday, January 30, 2012

മുതലാളിത്തവും പട്ടിണിയും

ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.

65 വര്‍ഷത്തോളമായ സ്വതന്ത്ര ദേശീയ വികസനത്തിന് ശേഷവും കുട്ടികളിലെ പോഷകാഹാരക്കുറവ് ഇത്ര ഭീമമാണ് എന്നത് തീര്‍ച്ചയായും അപമാനമാണ്. എന്നാല്‍ മൊത്തം ദേശീയോല്‍പ്പാദനം(ജിഡിപി) ഗണ്യമായി ഉയര്‍ന്നതിനാല്‍ ഇന്ത്യ "തിളങ്ങുകയാണ്" എന്ന് പറയപ്പെട്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ പ്രശ്നം വേണ്ടത്ര പരിഹരിക്കാനായില്ല എന്നതാണ് കൂടുതല്‍ അപമാനകരം. വരുമാന വളര്‍ച്ചയ്ക്ക് വേഗമേറിയെങ്കിലും പോഷകാഹാരക്കുറവിന്റെ തോത് താഴുന്നത് സംതൃപ്തിയുളവാക്കാത്തത്ര മന്ദമായാണ്. സമീപ വര്‍ഷങ്ങളില്‍ ദേശീയോല്‍പാദനത്തില്‍ ഗംഭീരമായ വളര്‍ച്ചയുണ്ടായിട്ടും രാജ്യത്തെ പോഷകാഹാരക്കുറവിന്റെ നില അസ്വീകാര്യമാം വിധം ഉയര്‍ന്നതാണെന്ന് അംഗീകരിക്കാന്‍ ഈ തെളിവ് പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കി. യുപിഎ സര്‍ക്കാരിന് ജിഡിപി വളര്‍ച്ചയിലുള്ള ഭ്രമം പരിഗണിക്കുമ്പോള്‍ , വളര്‍ച്ച അടിസ്ഥാന പോഷകാഹാരങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന ഈ തിരിച്ചറിവ് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ ഇന്ത്യയുടെ വികസനപാത, വിശേഷിച്ച് 1990കള്‍ മുതലുള്ളത്, നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് ഇത്തരം തെളിവുകള്‍ ഒരുതരത്തിലും അതിശയമുളവാക്കുന്നില്ല.

ഈ പ്രശ്നം നേരിടാന്‍ സഹായിക്കുന്ന നയങ്ങള്‍ പോലെതന്നെ ഈ തെളിവും പൊതുവിജ്ഞാനമാണ്. രാജ്യം നേരിടുന്ന ദുര്‍ഗതി ശരിയായി മനസിലാക്കുന്നതിന് ഇതിലടങ്ങിയിരിക്കുന്ന വിവിധ പ്രവണതകളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ലാഭത്വരയാല്‍ പ്രചോദിതമായ മുതലാളിത്തം ഒരിക്കലും അതിന്റെ വളര്‍ച്ചയുടെ ഫലങ്ങള്‍ എന്തുതന്നെയായാലും അത് നീതിപൂര്‍വകമായി വിതരണം ചെയ്യില്ല എന്ന അടിസ്ഥാന പ്രശ്നമാണ് ഒന്നാമത്തേത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി വളരുമെങ്കിലും ദരിദ്രര്‍ പരാജയപ്പെടുകയോ ദേശീയ വരുമാനത്തിലുണ്ടാവുന്ന വര്‍ധനയില്‍നിന്ന് തുഛമായ നേട്ടം മാത്രമുണ്ടാക്കുകയോ ചെയ്യും. വളര്‍ച്ചയുണ്ടെങ്കിലും വ്യാപകമായ പോഷകാഹാരക്കുറവ് എന്നതായിരിക്കും ഭവിഷ്യത്തുകളിലൊന്ന്.

നമ്മള്‍ പറയുന്ന മുതലാളിത്തം സാമൂഹ്യവും ഘടനാപരവുമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതാവുമ്പോള്‍ ഈ പ്രവണത തീവ്രമാവും. അതിനാല്‍ ദാരിദ്ര്യം കുറ യ്ക്കലോ പട്ടിണിയും പോഷകാഹരക്കുറവും ഇല്ലാതാക്കലോ സാമൂഹ്യാനീതി കുറയ്ക്കലോ തുടങ്ങിയ മാനവിക വികസനത്തില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അതിനാല്‍ സാമൂഹ്യ സൂചകങ്ങളിലെ പുരോഗതിയും പോഷകാഹാരക്കുറവ് കുറയ്ക്കലും ജിഡിപി വളര്‍ച്ചയുമായോ ജിഡിപിയുടെ തോതുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല എന്ന് കാണുന്നത് അത്ഭുതമുളവാക്കുന്നതല്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ സിക്കിമിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞ നിരക്കില്‍ . അതേസമയം പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം കൂടുതല്‍ സമ്പന്നമായ മധ്യപ്രദേശിലാണ്. ഒരു കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും സമ്പന്നവും വേഗത്തില്‍ വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 2001നും 2006നുമിടയില്‍ വളര്‍ന്ന് 47 ശതമാനത്തോളമായി. അതേപോലെ രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹ്യ സൂചകങ്ങളുടെ പുരോഗതിയില്‍ പല കാരണങ്ങളാല്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്.

ദരിദ്രമായ സബ് സഹാറന്‍ ആഫ്രിക്കയിലെ 37 രാജ്യങ്ങളില്‍ 28നും പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ കുറഞ്ഞ തോതിലാണ്. എന്നിട്ടും കുട്ടികളിലെ പോഷകാഹാരക്കുറവ് അവിടങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണെന്നാണ് കാണുന്നത്. ഇന്ത്യയില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിലും സ്വത്തിന്റെ കേന്ദ്രീകരണം കുറയ്ക്കുന്നതിലുമുണ്ടായ പരാജയവും അതിനൊപ്പം ജാതീയമായ വിവേചനത്തിന്റെ ദോഷഫലങ്ങളും കൂടിച്ചേര്‍ന്ന് കടുത്ത അസമത്വത്തിനിടയാക്കുന്നതിനാല്‍ വലിയ വിഭാഗമാളുകള്‍ക്ക് പോഷകാഹാരങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുമ്പോഴും ഇതാണ് സ്ഥിതി. ഈ പ്രശ്നം കുട്ടികളില്‍ ഒതുങ്ങുന്നില്ല. സാമ്പത്തിക ശാസ്ത്ര ജ്ഞനായ എ കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ "ജനന സമയത്ത് തൂക്കം 2500 ഗ്രാമില്‍ താഴെയായിരിക്കുന്നത് ശൈശവ ത്തില്‍ മാത്രമല്ല, കുട്ടിക്കാലത്തുടനീളം വളര്‍ച്ച മോശമാവുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 20-30 ശതമാനം കുട്ടികളും ഭാരക്കുറവോടെയാണ് ജനിക്കുന്നതെന്ന കണക്ക് കാണിക്കുന്നത് അവര്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതലേ പോഷകാഹാരക്കുറവ് നേരിടുന്നു എന്നാണ്". പോഷകാഹാരക്കുറവ് അമ്മയില്‍നിന്ന് കുട്ടിയിലേക്കും പകരുകയാണ്.

മുതലാളിത്തത്തിന് കീഴിലെ ഇത്തരം പ്രവണതകള്‍ മൂലം സാമൂഹ്യക്ഷേമം ലക്ഷ്യമിട്ട് മുതലാളിത്ത സമൂഹങ്ങളിലെ സര്‍ക്കാരുകള്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നേരിട്ട് ഇടപെടണം എന്നത് പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നല്ല ഭക്ഷണം ലഭിക്കുന്ന ആരോഗ്യമുള്ള കുട്ടികള്‍ കാലക്രമത്തില്‍ ആരോഗ്യമുള്ളതും ഉല്‍പാദനക്ഷമവുമായ തൊഴില്‍സേനയായി വളരും. തൊഴില്‍ ലഭിച്ചാല്‍ അവര്‍ ദേശീയാഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാവും. ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാനാവുമെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇത്തരം പ്രവര്‍ത്തനം താങ്ങാവുന്ന വിലയ്ക്ക് ഭക്ഷ്യലഭ്യതയും നിലവില്‍ ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് ക്രയശേഷിയും ഉറപ്പുവരുത്തും. അവശ്യസാധനങ്ങള്‍ സബ്സിഡി വിലയില്‍ ലഭ്യമാക്കുന്ന സാര്‍വത്രിക പൊതുവിതരണ സംവിധാനവും മുതലാളിത്ത വളര്‍ച്ചാഗതിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് യുക്തിസഹമായ കുറഞ്ഞ കൂലിയ്ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പൊതുമരാമത്ത് പരിപാടിയും ചേര്‍ന്നുള്ള നടപടിയാണ് ഏറ്റവും നല്ലത്. പുറമേ കാണുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്യാനുള്ള പാതയിലാണെന്ന് തോന്നും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പ്രയോഗത്തില്‍ , ബില്ലുകളുടെ ഉള്ളടക്കത്തിലും അവ നടപ്പാക്കുന്നതിലും, ഇനിയും ഏറെ വേണ്ടിയിരുന്നു. പല സംസ്ഥാനങ്ങളിലും നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയിലും താണ വേതനഘടനയും അപര്യാപ്തമായ നീക്കിവയ്പുകളും ചെലവുകളും മൂലം തൊഴിലുറപ്പുപദ്ധതി വികലാവസ്ഥയിലാണ്. ഇനിയും പാസാക്കിയിട്ടില്ലാത്ത ഭക്ഷ്യ സുരക്ഷാ ബില്ലാകട്ടെ ഏറെ വെള്ളം ചേര്‍ക്കപ്പെട്ടതാണ്. ഇതിന്റെ സംരക്ഷണം ആവശ്യമായുള്ളവരില്‍ ഗണ്യമായ വിഭാഗം ബില്ലിന്റെ പരിധിക്ക് പുറത്താവാനാണ് സാധ്യത. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് കുട്ടികളില്‍ 42 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നതിന് കാരണം. സര്‍ക്കാര്‍ നടപടിയിലെ ഈ അപര്യാപ്തതയുടെ കാരണങ്ങള്‍ തീര്‍ച്ചയായും ഉദാരവല്‍കരണവും "സാമ്പത്തിക പരിഷ്കാരവും" ആണ്. സ്വകാര്യ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമ്പന്നര്‍ക്ക് ഭീമമായ പ്രത്യക്ഷ-പരോക്ഷ നികുതിയിളവുകള്‍ വാരിച്ചൊരിയുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. കൂടാതെ കടം വാങ്ങി കമ്മിബജറ്റില്‍ ചെലവുകള്‍(വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നതിന് എതിരായ ഉദാരവല്‍കരണത്തിന്റെ തത്വശാസ്ത്രത്താല്‍ ബന്ധിതരാണ് അവയെല്ലാം. അതിനാല്‍ കേന്ദ്രത്തിലെ പോലെ കമ്മി ബോധപൂര്‍വം താഴ്ത്തിനിര്‍ത്താന്‍ ശ്രമിക്കുകയോ സംസ്ഥാനങ്ങളിലേതുപോലെ നിയമപ്രകാരം താഴ്ത്തിനിര്‍ത്തുകയോ ചെയ്യുന്നു. നികുതിവരുമാനം വേണ്ടത്ര വളരാതിരിക്കുകയും സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവര

ചെലവുകള്‍ ചുരുക്കേണ്ടിവരുമ്പോള്‍ മൂലധന ചെലവുകളും സാമൂഹ്യ സുരക്ഷാ ചെലവുകളുമാണ് കുറയ്ക്കുന്നത് എന്നാണ് അനുഭവം കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളിലാവും ചെലവുകള്‍ കുറയ്ക്കുകയെന്നതാണ് ഉറപ്പായ ഒരു ദുരന്തഫലം. ചുരുക്കത്തില്‍ മുതലാളിത്തവളര്‍ച്ചമൂലം പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിലുണ്ടാവുന്ന ദോഷഫലങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങളെ ഒരു ധനഞെരുക്കം ഉറപ്പാക്കി ഉദാരവല്‍ക്കരണം അട്ടിമറിക്കുന്നു. വളര്‍ച്ച ഉയര്‍ന്ന തലത്തിലെ ഏറ്റവും സമ്പന്നരായ ചുരുക്കം ചിലര്‍ക്ക് നേട്ടമാവുമ്പോള്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കാതിരിക്കുകയോ പ്രാന്തങ്ങളിലേക്ക് ഒതുക്കുകയോ ചെയ്യുന്നു. എന്നാല്‍ അതുമാത്രമല്ല. മറ്റു കാര്യങ്ങള്‍ക്കൊപ്പം, കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയ്ക്കാന്‍വേണ്ടികൂടി പ്രത്യേകമായി രൂപം നല്‍കിയ ഒരു പദ്ധതിയാണ് ഇതിന്റെ മറ്റൊരു ദുരന്തത്തിനിരയായത്. അതാണ് ഏകോപിത ശിശു വികസന പദ്ധതി അഥവാ ഐസിഡിഎസ്. സ്ഥിരമായ പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള പ്രകടമായ പ്രശ്നങ്ങള്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്കിടയിലുള്ളതിന്, പ്രതിവിധിയായി 1975 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ആറുവയസുവരെയുള്ള കുട്ടികളുടെ പോഷകാഹാര ലഭ്യതയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് ആ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.

തുടക്കം മുതല്‍തന്നെ ഐസിഡിഎസ് ലോകത്തെ ഏറ്റവും വലിയ പ്രാരംഭ ശിശു വികസന പരിപാടിയായി വളര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ വ്യാപ്തി വേഗത്തിലാണ് വളര്‍ന്നത്; വിശേഷിച്ച് സമീപവര്‍ഷങ്ങളില്‍ . എങ്കിലും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കണക്കുകളില്‍നിന്ന് വ്യക്തമാവുന്നതുപോലെ, മൂന്നര പതിറ്റാണ്ടായി നിലവിലുള്ള ഒരു പദ്ധതിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഇപ്പോഴും വളരെ പരിമിതമാണ്. ഈ പദ്ധതിക്ക് വേണ്ടത്ര വിഭവങ്ങള്‍ , ഭീമമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്, വകയിരുത്തിയിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. ചുരുക്കത്തില്‍ പദ്ധതി നടത്തിപ്പിനാവശ്യമായത്ര അങ്കണവാടികളോ അങ്കണവാടി ജീവനക്കാരോ ഇല്ല. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പോഷകാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ വിഭവങ്ങളും അങ്കണവാടി ജീവനക്കാര്‍ക്കില്ല. ന്യായമായ കൂലി ലഭിക്കാത്ത സ്ത്രീകളുടെ അധ്വാനത്താല്‍ അനഭിലഷണീയവും നിലനില്‍ക്കാത്തതുമായ രീതിയിലാണ് ഐസിഡിഎസിന്റെ പ്രവര്‍ത്തനം. നിസ്സാരമായ വര്‍ധനകള്‍ കൂലിയില്‍ വരുത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കിപ്പോഴും ലഭിക്കുന്നത് മിനിമം കൂലിയിലും കുറഞ്ഞ തുകയാണ്. കൂടാതെ, പദ്ധതി എല്ലാ വീടുകള്‍ക്കും വേണ്ടി സാര്‍വത്രികമാക്കണമെന്ന് സുപ്രീം കോടതി നിരന്തരം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഐസിഡിഎസിനുള്ള ബജറ്റ് വിഹിതത്തില്‍ വരുത്തുന്ന തുഛമായ വര്‍ധന സമീപഭാവിയിലൊന്നും ഇത് നടപ്പാകില്ലെന്ന് ഉറപ്പാക്കുന്നു. അതായത്, നവ ഉദാരവാദത്താല്‍ തീവ്രമാക്കപ്പെടുന്ന വഷളായ തരത്തിലുള്ള മുതലാളിത്ത വളര്‍ച്ചയും അതിന്റെ തുടര്‍ച്ചയില്‍ പ്രശ്നം നേരിട്ട് അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ വിസമ്മതിക്കുന്നതും പ്രധാനമന്ത്രി പറഞ്ഞ "ദേശീയ അപമാന"ത്തിന്റെ കാരണത്തെ വിശദീകരിക്കുന്നുണ്ട്. പക്ഷേ എല്ലാവരുടെയും മുന്നിലുള്ള സത്യത്തെ ഒടുവില്‍ അദ്ദേഹം കാണുകയും അംഗീകരിക്കുയും ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ അദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ വിശ്വാസം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം മുതലാളിത്തത്തിന് ബദലുകള്‍ അന്വേഷിച്ച് തീര്‍ച്ചയായും ഒന്നും ചെയ്യാന്‍ പോവുന്നില്ല. മാത്രമല്ല, അതേ വിശ്വാസംതന്നെ 1991 മുതല്‍ അദ്ദേഹം രാജ്യത്തെ കൊണ്ടെത്തിച്ച നവ ഉദാരവാദ പാത തിരുത്തുന്നതിനും എതിരാവും. ഇന്ത്യയുടെ അസമത്വപൂര്‍ണമായ വളര്‍ച്ചയ്ക്ക് മനുഷ്യമുഖത്തിന്റെ നിഴലെങ്കിലും കൊണ്ടുവരുന്നത് അദ്ദേഹത്തിന് അസാധ്യമാവും. അതിനാല്‍ യുപിഎയ്ക്കും സമാനമായ സര്‍ക്കാരുകള്‍ക്കും പകരം കൂടുതല്‍ ജനകേന്ദ്രിതമായ വികസനപാതയോട് പ്രതിബദ്ധമായ സര്‍ക്കാരുകള്‍ വരുന്നതുവരെ രാജ്യം ഈ അപമാനത്തില്‍തന്നെ ജീവിക്കേണ്ടിവരും.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 29 ജനുവരി 2012

അഭ്യാസം ജീവിതം

കണ്ണടച്ചു തുറക്കുമ്പോഴേക്കും മിന്നിമറയുന്ന വെളിച്ചം... പളപളാവെട്ടിത്തിളങ്ങുന്ന കുപ്പായം... മുന്നില്‍ ആരവങ്ങളുയര്‍ത്തി ഒരു കൂട്ടം കാണികള്‍ ... സുമന്‍ നികുംബക്ക് ഇവിടെ തുടങ്ങുകയാണ് ജീവിതത്തിന്റെ താളം പിഴയ്ക്കാത്ത സഞ്ചാരം. അമ്പതാണ്ടായി കറങ്ങുന്ന സൈക്കിള്‍ചക്രമാണ് സുമന് തന്റെ ജീവിതം. കാലാന്തരങ്ങളും ദേശാന്തരങ്ങളും കറങ്ങിത്തീര്‍ക്കുമ്പോള്‍ ഓര്‍ത്തുവയ്ക്കുന്നത് ഇത്ര മാത്രം. ഒരു നിമിഷം പതറിയാല്‍ ... ഗതിവേഗമൊന്നു പിഴച്ചാല്‍ ... തീരുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങള്‍ . വീട്... കുടുംബം... സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും കടലിന്റെ ആഴം... കെട്ടി ഉയര്‍ത്തിയ കൂടാരങ്ങള്‍ക്കുമേലെ നീലച്ച ആകാശക്കാഴ്ചകള്‍ ... പക്ഷേ, ഏതുനിമിഷവും ചെന്നു വീഴാവുന്ന മഹാഗര്‍ത്തത്തെക്കുറിച്ചുള്ള നിറഞ്ഞ ബോധത്തോടെ സുമന്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ജംബോ സര്‍ക്കസിലെ അറിയപ്പെടുന്ന വനിതാതാരമാണ് സുമന്‍ . മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളും സര്‍ക്കസ് കലാകാരന്മാരുമായ അംബികാസിങ്ങിന്റെയും ശാന്താ ബായിയുടെയും മകള്‍ക്ക് ജീവിതം തുടങ്ങുമ്പോള്‍ മുന്നില്‍ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതംകൊണ്ട് വേലകാട്ടല്‍ ... മുടിനാരിന്റെ ബലത്തിലൂടെ ജീവനെ പായിച്ച് കാണികളെ രസിപ്പിക്കല്‍ ... നാലാം വയസ്സില്‍ സുമന്‍ പഠിച്ചെടുത്ത ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഇപ്പോഴും തുടരുന്നു. ബോണ്‍ലെസ് അഭ്യാസപ്രകടനത്തിലൂടെയായിരുന്നു സുമന്റെ അരങ്ങേറ്റം. പ്രതാപം നഷ്ടപ്പെടാത്ത ഇന്ത്യന്‍ സര്‍ക്കസിലെ വിലമതിക്കുന്ന താരമാണ് ഈ അമ്പത്തിനാലുകാരി.

മികച്ച സര്‍ക്കസ് കലാകാരനായിരുന്നു സുമന്റെ അച്ഛന്‍ അംബികാസിങ്. സര്‍ക്കസിലെ പ്രധാന ഐറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു. കുട്ടിക്കാലംമുതല്‍ അച്ഛന്റെ കീഴില്‍ സുമന്‍ സര്‍ക്കസ് പഠിക്കാനാരംഭിച്ചു. ലാഡര്‍ ആക്ടും ഡെന്റല്‍ ആക്ടുമാണ് ആദ്യം പരിശീലിച്ചത്. അമ്മ ശാന്താബായിയില്‍നിന്ന് സൈക്കിളിങ്ങും റോളര്‍ ആക്ടും. പത്താംവയസ്സില്‍ സുമന്‍ സൈക്കിള്‍ അഭ്യാസം തുടങ്ങി. റോയല്‍ സര്‍ക്കസിലായിരുന്നു തുടക്കം. പിന്നെ സുമന്റെ ചക്രം പിറകോട്ടു തിരിഞ്ഞില്ല. ഗ്രാന്റ്, രാജ്കമല്‍ , ജമിനി തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ ഗ്രേറ്റ് റോയല്‍ സര്‍ക്കസിലായിരുന്നു, 21 വര്‍ഷം. വിജയ് നികുംബയെ കണ്ടുമുട്ടിയതും ജീവിതസഖിയായതും അവിടെ വച്ചാണ്. ഇപ്പോള്‍ റോയല്‍ സര്‍ക്കസിന്റെ മാനേജരാണ് വിജയ്. സൈക്കിളിനു മുകളില്‍ മയിലിനെപ്പോലെ നൃത്തം ചവിട്ടുക, മുന്‍വശത്തെ സൈക്കിള്‍ചക്രം പിറകോട്ടു തിരിച്ച് സവാരി ചെയ്യുക, കൈകള്‍ രണ്ടും ഉയര്‍ത്തി ഒറ്റച്ചക്രത്തില്‍ സഞ്ചരിക്കുക, ഒറ്റച്ചക്രത്തിലുള്ള സവാരിക്കിടയില്‍ മൂന്നു പന്തങ്ങള്‍ മുകളിലേക്കെറിഞ്ഞ് ബാലന്‍സ് വിടാതെ സൈക്കിള്‍ ചവിട്ടുക എന്നീ അഭ്യാസമുറകള്‍ അതിസാഹസികമായാണ് സുമന്‍ അവതരിപ്പിക്കുന്നത്. എട്ടിഞ്ച് ഉയരമുള്ള ചെറിയ സൈക്കിളില്‍ വട്ടം ചുറ്റുന്ന സുമന്റെ പ്രകടനം സമാനതകളില്ലാത്ത കൗതുകക്കാഴ്ചയാണ്. ഗ്രൂപ്പ് സൈക്കിള്‍ അഭ്യാസപ്രകടനങ്ങളില്‍നിന്ന് മാറി തനിച്ചാണ് സുമന്റെ പ്രകടനം. സൈക്കിള്‍സവാരിക്കിടയില്‍ ഉറങ്ങുക, ഒറ്റച്ചക്രത്തില്‍ പിറകോട്ട് സഞ്ചരിക്കുക എന്നിവയും ശ്രദ്ധേയമായ ഇനങ്ങളാണ്. 1987ല്‍ മഹാരാഷ്ട്രയിലെ ബോണ്‍മതി മൈതാനിയില്‍ മെക്കാനിക് ഇല്ലാതെ ഇന്ത്യയില്‍ ആദ്യമായി ആകാശനടത്തം അവതരിപ്പിച്ച് സര്‍ക്കസ് ലോകത്ത് പുതിയ വിസ്മയം സൃഷ്ടിച്ചു. മറ്റ് താരങ്ങള്‍ 30 മുതല്‍ 40 മിനിറ്റുകൊണ്ട് ഒറ്റസൈക്കിളില്‍ നടത്തുന്ന അഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ സുമന് വെറും 18 മിനിറ്റു മതി. ഇത്രയും ചുരുങ്ങിയ സമയത്തിനകം ഇവര്‍ വൈവിധ്യമേറിയ അഭ്യാസങ്ങള്‍ കാഴ്ചവയ്ക്കും.

തൃശൂര്‍ ശക്തന്‍നഗറിലാണ് ഇപ്പോള്‍ ജംബോ സര്‍ക്കസിന്റെ പ്രദര്‍ശനം. സുമന്റെ സൈക്കിള്‍ അഭ്യാസമാണ് ജംബോ സര്‍ക്കസിലെ മുഖ്യ ആകര്‍ഷണമെന്ന് മാനേജര്‍ ശ്രീഹരിനായര്‍ പറഞ്ഞു. സര്‍ക്കസ് തമ്പില്‍നിന്ന് ജീവിതപാഠങ്ങള്‍ അഭ്യസിച്ച സുമന് പുറംലോകം അന്യമാണ്. സര്‍ക്കസ് ജീവിതത്തിനിടെ ഏഴാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ട്യൂഷന്‍ മാസ്റ്റര്‍ സര്‍ക്കസ് ക്യാമ്പിലെത്തി സ്കൂള്‍ പാഠഭാഗങ്ങള്‍ അഭ്യസിപ്പിച്ചു. എങ്കിലും എല്ലാ അറിവിലേക്കും കൈപിടിക്കാന്‍ ഭര്‍ത്താവ് വിജയ് കൂടെത്തന്നെയുണ്ടെന്നു പറഞ്ഞ് സുമന്‍ ചിരിക്കുന്നു. വിജയ് എംകോംകാരനാണ്. സര്‍ക്കസ് കലാകാരിയായതില്‍ അഭിമാനിക്കുന്ന സുമന് പുതിയ തലമുറ റിങ്ങിനോട് വിമുഖത പ്രകടിപ്പിക്കുന്നതില്‍ പരിഭവമുണ്ട്. സര്‍ക്കസ് രംഗത്തേക്ക് വരാന്‍ ഇപ്പോള്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുതിയ കുട്ടികള്‍ക്ക് കഠിനമായ അഭ്യാസമുറകള്‍ പഠിക്കാന്‍ മടിയാണ്. സര്‍ക്കസ് കലാകാരന്മാരുടെ മക്കളും ഈ രംഗത്തേക്ക്കടന്നുവരുന്നില്ല. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സര്‍ക്കസിനോടുള്ള താല്‍പ്പര്യം ക്രമേണ കുറഞ്ഞുവരികയാണെന്ന് അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള കലാകാരി വ്യക്തമാക്കുന്നു. സര്‍ക്കസിന്റെ ഭാവിയെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. അഭ്യാസം നടത്തുന്ന കാലത്തോളം മാത്രമേ വരുമാനമുണ്ടാക്കാനാകൂ. സര്‍ക്കസ് അവസാനിപ്പിച്ചാല്‍ പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലേക്കുള്ള സുമന്റെ മൂന്നാമത്തെ വരവാണിത്. കേരളത്തിലും സര്‍ക്കസിനോടുള്ള ആഭിമുഖ്യം കുറയുകയാണെന്നാണ് സുമന്‍ പറയുന്നത്. മുമ്പ് കേരളത്തില്‍ സര്‍ക്കസിന് നല്ല പ്രേക്ഷകരുണ്ടായിരുന്നു. വന്യമൃഗങ്ങളെ അഭ്യാസത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്നതോടെ സര്‍ക്കസിന്റെ നിറംകെട്ടു. സര്‍ക്കസിലെ മൃഗങ്ങളെ സര്‍ക്കാര്‍ കൊണ്ടുപോവുകയും ചെയ്തു. മൃഗങ്ങള്‍ ഇല്ലാതായതോടെ സര്‍ക്കസ് കൂടാരങ്ങളിലേക്ക് ആളുകളുടെ താല്‍പ്പര്യം കുറഞ്ഞു. ആന, കുതിര, ഒട്ടകം, നായ, തത്ത തുടങ്ങിയ മൃഗങ്ങളാണ് സര്‍ക്കസില്‍ ഇപ്പോഴുളളത്. ആദ്യകാലങ്ങളില്‍ കരടി, സിംഹം, കരിമ്പുലി, ചിമ്പാന്‍സി, തുടങ്ങിയ നിരവധി മൃഗങ്ങള്‍ സര്‍ക്കസ് ക്യാമ്പിലുണ്ടായിരുന്നു. ഇത്തരം മൃഗങ്ങളാണ് കാണികളെ സര്‍ക്കസിലേക്ക് പ്രധാനമായും ആകര്‍ഷിച്ചിരുന്നത്. സര്‍ക്കസ് അഭ്യാസത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മൃഗം ചിമ്പാന്‍സിയാണ്. റോയല്‍ സര്‍ക്കസില്‍ ഇരുപതിലധികം ചിമ്പാന്‍സികളുണ്ടായിരുന്നു. മനുഷ്യന്റെ ഭാഷ നന്നായി മനസ്സിലാക്കുന്ന ഇവയെ അഭ്യസിപ്പിക്കാന്‍ എളുപ്പമാണ്.

സര്‍ക്കസ് കൂടാരത്തിലെ നീണ്ടകാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സുമന്റെ വാക്കുകളില്‍ ആവേശവുംകണ്ണുകളില്‍ തിളക്കവും ഒരുപോലെ തെളിയുന്നു. സൈക്കിളിലെ ഈ അത്ഭുതപ്രതിഭയെ തേടി നിരവധി അംഗീകാരങ്ങളെത്തിയിട്ടുണ്ട്. മലേഷ്യയിലെ ക്വലാലമ്പൂരില്‍ നടത്തിയ പ്രകടനം പീക്കോക് ഡാന്‍സ് അവാര്‍ഡിന് ഇവരെ അര്‍ഹയാക്കി. സോണി ടെലിവിഷന്റെ 2010ലെ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡും ഈ മഹാരാഷ്ട്രക്കാരിയെ തേടിയെത്തി. ഫ്രാന്‍സ്, സൊമാലിയ, എത്യോപ്യ, ഈജിപ്ത്, ഇറാഖ്, തന്‍സാനിയ, സിംഗപ്പൂര്‍ , മലേഷ്യ, സൗദി അറേബ്യ, കെനിയ, സുഡാന്‍ , ഇന്തോനേഷ്യ തുടങ്ങി 21 ലധികം വിദേശരാജ്യങ്ങളില്‍ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് നിരവധി തവണ വാഗ്ദാനങ്ങള്‍ വന്നെങ്കിലും നാട്ടുവിട്ടുപോകാന്‍ മനസ്സ് വന്നില്ല. ഇന്നും അവിടെ സര്‍ക്കസിന് വന്‍ ജനപ്രീതിയുണ്ട്. റഷ്യയില്‍ സര്‍ക്കസ് താരങ്ങള്‍ക്ക് ഇവിടത്തെ സിനിമാതാരങ്ങളുടെ മൂല്യമാണ്. സര്‍ക്കസ് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ വിദേശങ്ങളില്‍ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദേശികളുടെ മാതൃക നമ്മുടെ സര്‍ക്കാരും പിന്തുടരണമെന്നാണ് സുമന്റെ അഭിപ്രായം. ഇന്ത്യന്‍ സര്‍ക്കസിലെ പ്രായം തളര്‍ത്താത്ത കലാകാരിയുടെ മനസ്സില്‍ വീണ്ടും തമ്പ് ഉയരുകയാണ്. ആര്‍പ്പുവിളികളും കരഘോഷങ്ങളും കണ്ടില്ലെന്നുനടിക്കാനാവില്ല. എല്ലാ വേദനകളെയും അടക്കിവച്ച് കാണികളില്‍ചിരിയുണര്‍ത്താന്‍ .... അണിയുകയാണ് വീണ്ടും തിളങ്ങുന്ന ആ കുപ്പായം.
(ഇ ആര്‍ ഷൈജു)

സര്‍ക്കസിലെ ആദ്യവനിത കുന്നത്ത് യശോദ

പ്രാചീന റോമിലാണ് സര്‍ക്കസിന്റെ തുടക്കം. സഹോദരങ്ങളായ ബാര്‍ണം, ബെയ്ലി എന്നിവരുടെ ആശയത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന സര്‍ക്കസ് എന്ന കലാരൂപം പിന്നീട് ലോകം മുഴുവന്‍ നിറഞ്ഞ കരഘോഷത്തോടെ ഏറ്റുവാങ്ങി. തുടക്കത്തില്‍ വട്ടത്തിലൊരുക്കിയ പ്രദര്‍ശനനഗരിയിലാണ് ഓരോരുത്തരും തങ്ങളുടെ അഭ്യാസപ്രകടനങ്ങളുമായി എത്തിയിരുന്നത്. അതുകൊണ്ടുതന്നെ കാണികളുമായി അടുത്തുചേര്‍ന്ന് ഇടപഴകാന്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. ചരിത്രം രേഖപ്പെടുത്തിയ ദിനങ്ങളായിരുന്നു അന്നത്തെ റോമന്‍ സര്‍ക്കസ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരസ്യമായി കാണാനും സംസാരിക്കാനും അനുവാദമുണ്ടായിരുന്നത് ഈ സര്‍ക്കസ് ദിനങ്ങളിലായിരുന്നു. സര്‍ക്കസിന്റെ സ്വാഭാവികമായ ആസ്വാദനംതുടര്‍ന്നും പലരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ജിപ്സികള്‍ സര്‍ക്കസ് ഏറ്റുവാങ്ങിയതും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് യൂറോപ്പിന്റെ സദസ്സ് ഈ കലയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലും തുടര്‍ന്ന് കേരളത്തിലും സര്‍ക്കസ് വ്യാപകമായി.

തലശേരിയിലെ കേളേരി കുഞ്ഞിക്കണ്ണനാണ് ആദ്യമായി മലയാളികള്‍ക്ക് സര്‍ക്കസ് പരിചയപ്പെടുത്തിയത്. ചിറക്കരയില്‍ തുടങ്ങിയ സര്‍ക്കസ് ക്യാമ്പില്‍ ഒട്ടേറെ ശിഷ്യന്മാരുമായി വിജയകരമായ ഒരു സര്‍ക്കസ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. പരിയാളീസ് മലബാര്‍ സര്‍ക്കസ് എന്നായിരുന്നു കമ്പനിയുടെ പേര്. കുന്നത്ത് യശോദയാണ് കേരളത്തിലെ ആദ്യത്തെ വനിതാസര്‍ക്കസ് താരം. ഇന്ത്യന്‍ സര്‍ക്കസില്‍ ആവദാ ബാ എന്ന സ്ത്രീയും തുടക്കം കുറിച്ചു. എന്നാല്‍ , കുറഞ്ഞ വേതനത്തെത്തുടര്‍ന്ന് പലരും പിന്നീട് സര്‍ക്കസ് ഉപേക്ഷിച്ച് മറ്റു രംഗങ്ങളിലേക്ക് തിരിയുകയായിരുന്നു.

ജീവിതസുരക്ഷയെപ്പറ്റിയുള്ള ആശങ്കയാണ് സര്‍ക്കസില്‍നിന്ന് കലാകാരന്മാരെ അകറ്റുന്നത്. വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയുടെയെല്ലാം അഭാവം അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി. കൂടാരങ്ങള്‍ക്കുള്ളിലെ ഇടുങ്ങിയ ജീവിതം പലര്‍ക്കും ദുരിതപൂര്‍ണമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദേശങ്ങളില്‍ സര്‍ക്കസിന് ലഭിക്കുന്ന പരിഗണന കേരളത്തില്‍ ഇല്ലെന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ മാത്രമാണ് ഇവര്‍ ചിരിക്കാന്‍ ശ്രമിക്കുന്നത്.

*
ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ല

എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.

ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് രാജ്യത്തിന്റെ പൊതുസമ്പത്തായ എസ് ബാന്‍ഡ് (2500 മെഗാഹെര്‍ട്സ് തരംഗദൈര്‍ഘ്യമുള്ള) സ്പെക്ട്രം തുച്ഛമായ പ്രതിഫലം വാങ്ങി ദേവാസിന് നല്‍കാന്‍ പോകുന്നുവെന്ന കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത് 2010 മെയ് മാസത്തില്‍ ദി ഹിന്ദു ഗ്രൂപ്പില്‍പ്പെട്ട ബിസിനസ് ലൈന്‍ പത്രമാണ്. തുടര്‍ന്ന് 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ തീരുമാനമെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും ഐഎസ്ആര്‍ഒയോ കേന്ദ്രസര്‍ക്കാരോ എടുത്തില്ല. രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രമാണ് വെറും 1500 കോടി രൂപയ്ക്ക് സ്വകാര്യകമ്പനിക്ക് നല്‍കാന്‍ പോകുന്നതെന്ന് സിഎജിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് 2008ല്‍ ഇടതുപക്ഷം ഉന്നയിച്ചപ്പോള്‍ നിഷേധിക്കുകയും അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ . എസ് ബാന്‍ഡ് അഴിമതി ആരോപണവും കെട്ടടങ്ങുമെന്നാണ് യുപിഎ സര്‍ക്കാര്‍ കരുതിയത്. 2011 ഫെബ്രുവരിയില്‍ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേട് ബിസിനസ് ലൈന്‍ വീണ്ടും പുറത്തുകൊണ്ടുവരികയും വിവാദമുണ്ടാകുകയും ചെയ്തപ്പോഴാണ് കേന്ദ്രമന്ത്രിസഭ പ്രശ്നം പുനഃപരിശോധിക്കാനും ആന്‍ട്രിക്സ്-ദേവാസ് കരാര്‍ റദ്ദാക്കാനും തീരുമാനിച്ചത്.

പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നു 2011 ഫെബ്രുവരി 24ന് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിലൂടെ ഞാന്‍ പ്രധാനമന്ത്രിയോട് മൂന്ന് കാര്യങ്ങളില്‍ മറുപടി ആവശ്യപ്പെട്ടിരുന്നു.

1) ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഐഎസ്ആര്‍ഒയുടെ രണ്ട് ഉപഗ്രഹങ്ങള്‍ ദേവാസിന് ലീസിന് നല്‍കാനും 70 മെഗാഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്‍കാനും വ്യവസ്ഥയുണ്ടോ?

2) സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡമെന്താണ്?

3) എന്തുകൊണ്ട് ഇക്കാര്യത്തില്‍ മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചില്ല.

പ്രധാനമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള വകുപ്പായിരുന്നിട്ടും അദ്ദേഹത്തിനുപകരം സഹമന്ത്രി നാരായണസ്വാമിയാണ് ഉത്തരം നല്‍കിയത്. ആന്‍ട്രിക്സും ദേവാസും തമ്മില്‍ 2005 ജനുവരിയില്‍തന്നെ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഈ കരാര്‍ പ്രകാരം എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ ടെലികമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഫോര്‍ജ് അഡൈ്വസേഴ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി 2003 ജൂലൈയില്‍ ഐഎസ്ആര്‍ഒ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഉപഗ്രഹ ട്രാന്‍സ്പോണ്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന രീതി നിലവിലില്ല എന്നും മറ്റുപല സ്വകാര്യകമ്പനികള്‍ക്കും ഈ രീതിയില്‍ ഐഎസ്ആര്‍ഒ ട്രാന്‍സ്പോണ്ടര്‍ ലീസിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചു.

മന്ത്രിയുടെ ഉത്തരം പൂര്‍ണമല്ലാത്തതിനാല്‍ ഞാന്‍ രണ്ട് ഉപചോദ്യങ്ങള്‍ ഉന്നയിച്ചു. കരാര്‍ പ്രകാരം സ്പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള എല്ലാ അനുമതികളും ദേവാസിന് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ആന്‍ട്രിക്സിനാണെന്നതിനാല്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ബഹിരാകാശവകുപ്പ് എപ്പോഴെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നായിരുന്നു ആദ്യചോദ്യം. എന്നാല്‍ , മന്ത്രി നാരായണസ്വാമി ഇതിനുത്തരം പറയാതെ കരാറിന്റെ വിശദാംശങ്ങള്‍ പരത്തിപ്പറയാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി ഈ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇല്ലെങ്കില്‍ സര്‍ക്കാരില്‍ ആര്‍ക്കാണ് ഈ കരാറിന്റെ ഉത്തരവാദിത്തമെന്ന് പറയാമോ? എന്നീ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരം കിട്ടാതെ വന്നപ്പോള്‍ മറ്റു എംപിമാര്‍ ഇടപെടുകയും രാജ്യസഭ ബഹളമയമാകുകയുംചെയ്തു. അപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്നു പറഞ്ഞത് ആന്‍ട്രിക്സ്- ദേവാസ് കരാറിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ , ഉപഗ്രഹത്തിന്റെ കാര്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണെന്നുമാണ്. ക്യാബിനറ്റിനുള്ള കുറിപ്പില്‍ ആന്‍ട്രിക്സും ദേവാസുമായുള്ള കരാറിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല എന്ന വാദമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. ഈ വാദമാണ് ഇപ്പോള്‍ മാധവന്‍നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയസുരക്ഷാ ഉപദേഷ്ടാവും ക്യാബിനറ്റ് സെക്രട്ടറിയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രിയും ഉള്‍പ്പെടുന്ന ബഹിരാകാശ കമീഷന്‍ അംഗീകരിച്ചതാണ് ആന്‍ട്രിക്സ്-ദേവാസ് കരാറിലെ വ്യവസ്ഥകള്‍ എന്നാണ് മാധവന്‍നായര്‍ പറയുന്നത്. ഇക്കാര്യം ഫെബ്രുവരില്‍ 24ന് രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവുള്‍പ്പെടെയുളള അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ പൊതുമേഖലാ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞ് ഒഴിയാനാണ് അന്ന് മന്ത്രി നാരായണസ്വാമി ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിനും ഐഎസ്ആര്‍ഒയിലെയും ബഹിരാകാശവകുപ്പിലെയും ഉന്നതര്‍ക്കെല്ലാം അറിയാവുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും മാത്രം ബലിയാടാക്കുന്നതെന്തിനാണെന്നാണ് മാധവന്‍നായരുടെ പ്രതികരണത്തിന്റെ കാതല്‍ . ഇതെല്ലാം വ്യക്തമാക്കുന്നത്, കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ പലതും ഒളിക്കാനുണ്ടെന്നുള്ളതാണ്. രാജ്യതാല്‍പ്പര്യം ബലികഴിച്ച് ആന്‍ട്രിക്സും സ്വകാര്യകമ്പനിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നത് കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഉന്നതല അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് 2011 ആഗസ്തിലും ഡിസംബറിലും ആവശ്യമുയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്.

ദേവാസ് ആര്‍ബിട്രേഷനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കരാര്‍ റദ്ദാക്കാന്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റദ്ദാക്കിയിട്ടില്ല. ഇതിനെതിരെ ദേവാസ് മള്‍ട്ടിമീഡിയ പാരീസിലുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന വാദമാണ് ദേവാസ് ഉയര്‍ത്തിയിട്ടുള്ളത്. കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ രാജ്യത്തിന് പുറത്തുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍ കൊണ്ടുപോകാനുള്ള വ്യവസ്ഥയും ബുദ്ധിപൂര്‍വം കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതില്‍ അത്ഭുതമില്ല; കാരണം ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ ഡോ. എം ജി ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പല ഉന്നതരും ഐഎസ്ആര്‍ഒയില്‍നിന്നും പിരിഞ്ഞുപോയ ഉദ്യോഗസ്ഥരാണ്. സിഎജിയുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് രണ്ടുലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാകുമായിരുന്ന ഇടപാട് താല്‍ക്കാലികമായെങ്കിലും തടയപ്പെട്ടത്. രാജ്യസഭയില്‍ പ്രശ്നം കോളിളക്കം സൃഷ്ടിച്ചതിനു ശേഷം മാത്രമാണ് (2011 ഫെബ്രുവരി 25) കരാര്‍ അവസാനിപ്പിക്കാനുള്ള നോട്ടീസുപോലും ദേവാസിന് ആന്‍ട്രിക്സ് നല്‍കിയത്.

ഉന്നതതല കമ്മിറ്റി ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്നോ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നോ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി പുറത്തുവന്നപ്പോള്‍ ആദ്യം മന്ത്രി എ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി പിന്നീട്് പറഞ്ഞത് കൂട്ടുകക്ഷി ഭരണമായതുകൊണ്ടാണ് തനിക്ക് അഴിമതി തടയാന്‍ കഴിയാതെ പോയതെന്നാണ്. എന്നാല്‍ , തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബഹിരാകാശവകുപ്പില്‍ നടന്നതും പ്രധാനമന്ത്രിയുടെ ഓഫീസിലെ നാല് ഉന്നതരുടെ അംഗീകാരമുള്ളതുമായ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകളുടെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തത്തില്‍നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

*
ഡോ. ടി എന്‍ സീമ ദേശാഭിമാനി 30 ജനുവരി 2012

Sunday, January 29, 2012

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം

യൂറോ മേഖലയിലെ 9 രാജ്യങ്ങളുടെ വായ്പാക്ഷമതാ നിലവാരം (credit rating) താഴ്ത്തി നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ എന്ന റേറ്റിങ് ഏജന്‍സിയുടെ തീരുമാനം യൂറോപ്പിലെ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ധനമൂലധനത്തിന്റെ സമ്മര്‍ദ്ദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീസിലെ പുതിയ "ദേശീയ സമവായ" സര്‍ക്കാരും ഗ്രീക്ക് ബോണ്ടുകള്‍ കൈവശമുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞ അതേദിവസം, ജനുവരി 13ന്, തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ തീരുമാനം പുറത്തുവന്നത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെട്ടതുപോലെ, ഗ്രീസിന്റെ മുന്‍കടത്തില്‍ 50 ശതമാനം കുറവ് വരുത്തുന്നതിന് പകരമായി ഗ്രീക്ക് ബോണ്ടുകളുടെ പലിശനിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രീക്ക് ചര്‍ച്ച പൊളിഞ്ഞത്. ഏറ്റവും ഉയര്‍ന്ന നിരക്കായ "മൂന്ന് എ" (AAA) ഉണ്ടായിരുന്ന ഫ്രാന്‍സിനെയും ആസ്ട്രിയയെയും "എഎ പ്ലസ്സാ"യും "ഡബ്ബിള്‍ എ" (AA) നിലവാരത്തില്‍നിന്ന് സ്പെയിനിനെ രണ്ട് തട്ട് താഴ്ത്തി "എ" ആയും ഇറ്റലിയെ "എ"യില്‍നിന്ന് രണ്ട് തട്ട് താഴ്ത്തി "മൂന്ന് ബി" (BBB) ആയുമാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വായ്പാക്ഷമതാ നിലവാരം നിശ്ചയിച്ചത്. സൈപ്രസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍ , സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെയും റേറ്റിങ് ഓരോ പടി താഴ്ത്തി. ഇനിയും റേറ്റിങ് താഴ്ത്തേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ സൂചിപ്പിക്കുന്നു.

യൂറോപ്യന്‍ കടബാധ്യതാ പ്രതിസന്ധി പിഗ്സ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ , ഇറ്റലി, അയര്‍ലണ്ട്, ഗ്രീസ്, സ്പെയിന്‍ എന്നിവയെ മാത്രമല്ല, യൂറോ മേഖലാ സമ്പദ്ഘടനയുടെ തന്നെ ചങ്ക് തകര്‍ത്തു തുടങ്ങിയിരിക്കുന്നു എന്നാണ് ഫ്രാന്‍സിന്റെയും ആസ്ട്രിയയുടെയും വായ്പാക്ഷമതാ നിലവാരം താഴ്ത്തപ്പെട്ടതോടെ വ്യക്തമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് കടം വീട്ടാന്‍ ആവശ്യമായ തുക കുറച്ചൊന്നുമല്ല. ഇറ്റലിക്കുമാത്രം അടുത്ത മൂന്ന് മാസത്തിനകം കടം വീട്ടുന്നതിന് 13000 കോടി യൂറോ ആവശ്യമാണ്. സ്പെയിനിന് 2000 കോടി യൂറോയും ഗ്രീസിന് 1450 കോടി യൂറോയും കടം വീട്ടാനായി മാത്രം ഉടന്‍ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ കടം വീട്ടാന്‍ വേണ്ട തുക എങ്ങനെ സ്വരൂപിക്കും എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ്. ഡിസംബര്‍ ആദ്യം ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയും ഫലപ്രദമായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് നേരിട്ട് വായ്പ നല്‍കുകയോ അവയുടെ ബോണ്ടുകള്‍ വാങ്ങുകയോ ചെയ്യുന്നതിനു പകരം ഈ രാജ്യങ്ങളിലെ സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് വായ്പ നല്‍കുന്നതിനാണ് ധാരണ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ബാങ്കില്‍നിന്ന് തുച്ഛമായ പലിശയ്ക്ക് 48900 കോടി യൂറോ വായ്പ ലഭിച്ചിട്ടും സ്വകാര്യ ബാങ്കര്‍മാര്‍ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കുകയും ചെയ്തു. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ തരംതാഴ്ത്തലോടെ ഈ രാജ്യങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനോ അവയുടെ കടപ്പത്രങ്ങള്‍ വിറ്റഴിക്കുന്നതിനോ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരുന്നു. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. യൂറോ മേഖലാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച 44000 കോടി യൂറോയുടെ യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫെസിലിറ്റി (ഇഎഫ്എസ്എഫ്)യില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രാന്‍സിന്റെയും വായ്പാക്ഷമത തരംതാഴ്ത്തപ്പെട്ടതോടെ ഈ സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയും ഫലപ്രാപ്തിയും സംശയത്തിലായിരിക്കുകയാണ്. യൂറോയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.

2011 ജനുവരിയില്‍ ഒരു യൂറോയ്ക്ക് 1.36915 ഡോളര്‍ ലഭിക്കുമായിരുന്നത് 2012 ജനുവരി 16ന് 1.2669 ഡോളറായി കുറഞ്ഞു. 2011 ജനുവരിയില്‍ പൗണ്ടുമായുള്ള വിനിമയനിരക്ക് ഒരു യൂറോ = 0.8551 ആയിരുന്നത് ഈ ജനുവരി 16ന് 0.82745 ആയി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയനിരക്കില്‍ 0.29 ശതമാനമാണ് ഇടിവുണ്ടായത്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന യൂറോമേഖലയില്‍ ഇനിയും ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത് ജനരോഷവും പ്രതിഷേധവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇന്ന് ഗ്രീസില്‍ നിലനില്‍ക്കുന്നതുപോലെയുള്ള കടബാധ്യത വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് സ്പെയിന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , ഫ്രാന്‍സ് തുടങ്ങിയ യൂറോ മേഖലയിലെ ഇതര രാജ്യങ്ങളും നീങ്ങുന്നതെന്നും യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ വഴുതി വീഴുകയാണെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ പ്രസ്താവിക്കുന്നു. എന്നാല്‍ , ധനമൂലധനത്തിന്റെ വക്താക്കളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വീണ്ടും നിര്‍ദ്ദേശിക്കുന്ന ഒറ്റമൂലി ചെലവ് ചുരുക്കല്‍ തന്നെയാണ്; ഒപ്പം സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതലും.

ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏംഗെല മെര്‍ക്കല്‍ പ്രസ്താവിക്കുന്നത് 2012 യൂറോ മേഖലയെ സംബന്ധിച്ചിടത്തോളം 2011നേക്കാള്‍ ദുരിതം പിടിച്ച വര്‍ഷമായിരിക്കുമെന്നാണ്. "എല്ലാ അപകടസാധ്യതകളും കൂടി ഒത്തുചേര്‍ന്നു വരുന്ന" വര്‍ഷമായിരിക്കും 2012 എന്നത്രെ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയുടെ വിലയിരുത്തല്‍ . യൂറോപ്പ് നേരിടാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച "ഭയാനകം" ആയേക്കുമെന്ന് നിരീക്ഷിക്കുന്ന "ഇക്കണോമിസ്റ്റ്" വാരിക ജനുവരി 7ന് എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്, "2012 സ്വയംകൃതാനര്‍ത്ഥംമൂലമുള്ള സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ഷമായിരിക്കും" എന്നാണ്.

ഈ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതോ ഏതെങ്കിലും ചില ധനകാര്യസ്ഥാപനങ്ങളുടെയോ രാജ്യങ്ങളുടെയോ കെടുകാര്യസ്ഥതകൊണ്ട് ഉണ്ടായതോ ആണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2007 ആഗസ്തില്‍ ഇപ്പോഴത്തെ ധനപ്രതിസന്ധി (ലേമാന്‍ ബ്രദേഴ്സ് തകര്‍ച്ചയെ തുടര്‍ന്ന്) ആരംഭിക്കുന്നതിനും കൃത്യം 150 വര്‍ഷംമുമ്പ് നടന്ന ന്യൂയോര്‍ക്കിലെ ഓഹിയൊ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തകര്‍ച്ച 1857-58ലെ "മഹാപ്രതിസന്ധി" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ പ്രതിസന്ധിയും അമേരിക്കയുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നില്ല. അത് യൂറോപ്പിലേക്കും അതിവേഗം പടരുകയാണുണ്ടായത്. 1850ല്‍ കാറല്‍ മാര്‍ക്സ് പ്രവചിച്ച അതേ വിധത്തില്‍ തന്നെ ആയിരുന്നു ആ പ്രതിസന്ധിയുടെ ഗതിക്രമം എന്നാണ് മാര്‍ക്സിന്റെ "ഗ്രുണ്ട്റീസ്" എന്ന കൃതിയെക്കുറിച്ച് പഠനം നടത്തിയ മൈക്കേല്‍ ക്രാട്കെയെ ഉദ്ധരിച്ചുകൊണ്ട് ലിയൊ പാനിച്ചും സാം ഗിന്‍ഡിനും നിരീക്ഷിക്കുന്നത്. (സോഷ്യലിസ്റ്റ് രജിസ്റ്റര്‍ -2011). ബാങ്കുകളുടെ പണലഭ്യതാ പ്രശ്നത്തിന് പരിഹാരം കാണാന്‍ 1844ലെ ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമായത്ര നോട്ട് അച്ചടിക്കാന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവാദം നല്‍കാന്‍ ഇടയുണ്ടെന്ന ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ എഴുതിയ ലേഖനത്തിലെ മാര്‍ക്സിന്റെ പ്രവചനംപോലും അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയുണ്ടായി. ബാങ്കുകള്‍ക്ക്, ധനമൂലധനത്തിന്, മുതലാളിത്ത സമ്പദ്ഘടനയിലുള്ള സ്വാധീനത്തെക്കുറിച്ച് മാര്‍ക്സ് ആ കാലത്ത് തന്നെ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാല്‍ 1930കളിലെ മഹാമാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓഹരിവിപണികള്‍ക്കും ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂക്കുകയറിടുന്ന ചില നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ 1980കളില്‍ അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും ഈ നിയമങ്ങളില്‍ അയവ് വരുത്തി ധനമൂലധനത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണുണ്ടായത്. ധനമേഖലയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 1936ല്‍ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് കൊണ്ടുവന്ന ഗ്ലാസ്സ് സ്റ്റീഗല്‍ നിയമം തന്നെ 1998ല്‍ ബില്‍ ക്ലിന്‍റണ്‍ റദ്ദ് ചെയ്യുകയാണുണ്ടായത്. ബ്രിട്ടനിലും ബ്ലെയറിന്റെ ഭരണത്തില്‍ സമാനമായ വിധം ധനമൂലധനത്തെ കയറൂരിവിടുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി എടുത്തുകളയുകയാണുണ്ടായത്. രണ്ടാംലോക യുദ്ധാനന്തരകാലത്തെ മുതലാളിത്തത്തിന്റെ സുവര്‍ണകാലം അസ്തമിച്ചതിനെതുടര്‍ന്ന് 1970കള്‍ക്കുശേഷം അടിക്കടി രൂക്ഷമായി വന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ധനമൂലധനത്തെ കെട്ടഴിച്ചുവിട്ടത്.
ഉല്‍പാദനമേഖലയേക്കാള്‍ ഊഹക്കച്ചവടത്തിലേക്കാണ്, പെട്ടെന്ന് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള മേഖലകളിലേക്കാണ്, 1980കള്‍ക്കുശേഷം മുതലാളിത്തം തിരിഞ്ഞത്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇപ്പോഴത്തെ, 2007ല്‍ തുടങ്ങിയ ധനപ്രതിസന്ധിക്ക് പരിഹാരം ധനമേഖലയെ നിയന്ത്രിക്കലാണെന്ന ലളിത യുക്തിയിലേക്ക് നീങ്ങുന്ന ലിബറല്‍ ചിന്താഗതിക്കാര്‍ 1970കളിലെ പ്രതിസന്ധിക്കു പരിഹാരമായാണ് ധനമൂലധനത്തെ നിയന്ത്രണരഹിതമാക്കിയത് എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുകയാണ്. 1970കളിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ പ്രതിസന്ധിക്ക് പരിഹാരം കാണുകയല്ല ഉണ്ടായത്. മറിച്ച് അതിനാധാരമായ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥയില്‍ എത്തിക്കുകയുമാണുണ്ടായത്.

വായ്പയെ ആശ്രയിച്ചുള്ള ചെലവഴിക്കല്‍ പ്രോല്‍സാഹിപ്പിക്കുകയും ക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും ധനമൂലധനത്തിന് ഒത്താശ ചെയ്യുന്നതിനായി വന്‍തോതില്‍ നികുതി ഇളവുകള്‍ നല്‍കുന്നതുമെല്ലാം 1980കളോടെ ശക്തമാക്കിയത് 1970കളില്‍ രൂക്ഷമായി വന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായിരുന്നു. എന്നാല്‍ ആ പരിഹാര മാര്‍ഗങ്ങളെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാവുകയാണുണ്ടായത്. ഭവനരഹിതരായ സാധാരണക്കാര്‍ക്കു നല്‍കിയിരുന്ന ധനസഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായങ്ങളും നിര്‍ത്തലാക്കുകയും തല്‍സ്ഥാനത്ത് വായ്പകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്തത് 1990കളില്‍ വലിയ അഭിവൃദ്ധി സൃഷ്ടിച്ചെങ്കിലും അത് പുതിയ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും കാരണമാവുകയാണുണ്ടായത്.

അതേപോലെ തന്നെ യുദ്ധാനന്തരം 1980കള്‍ വരെ അതിസമ്പന്നരില്‍നിന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൂടുതല്‍ നികുതി ഈടാക്കുകയും സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക ചെലവിടുകയും ചെയ്തിരുന്നത് നിര്‍ത്തലാക്കി. 1980കള്‍ക്കുശേഷം, 1970 കളിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ സമ്പന്നരില്‍നിന്നുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുകയും ചെയ്തു. വീണ്ടും 2007 മുതല്‍ , പുതിയ സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് സമ്പന്നരില്‍നിന്ന് നികുതി കൂടുതല്‍ ഈടാക്കി സാമൂഹ്യക്ഷേമ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പുരോഗമന സ്വഭാവമുള്ളവരായ ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ ബാങ്കര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ ഇളവനുവദിച്ചുകൊണ്ട് തൊഴിലാളികളുടെ കൂലിയും പെന്‍ഷനും വെട്ടിക്കുറച്ചും ചൂഷണം തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ പാടേ ഉപേക്ഷിച്ചും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് യാഥാസ്ഥിതികരായ ധനമൂലധനത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്. ഈ രണ്ട് നടപടികളും മുതലാളിത്ത തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ സഹജമായ സ്വഭാവം തന്നെ ആര്‍ത്തിയും കൊള്ളലാഭക്കൊതിയുമായിരിക്കെ, മുതലാളിത്ത സാമ്പത്തികക്രമത്തിനുള്ളില്‍ ആദ്യത്തെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അത്യാര്‍ത്തിപൂണ്ട മൂലധനശക്തികള്‍ സമ്പത്താകെ തങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗം മാത്രമേ സ്വീകരിക്കൂ.

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ ധനമൂലധനം മുന്നോട്ടുവെയ്ക്കുന്ന യാഥാസ്ഥിതികമായ പരിഹാരമാര്‍ഗത്തിനായാണ് വാദിക്കുന്നത്. "ഇക്കണോമിസ്റ്റ്" വാരിക അടുത്തകാലത്ത് എഴുതിയ ഒരു മുഖപ്രസംഗവും കോര്‍പ്പറേറ്റ് ലോകത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് -"യുദ്ധാനന്തരകാലത്തെ സമൃദ്ധിയില്‍ കെട്ടിപ്പടുത്ത ക്ഷേമരാഷ്ട്രങ്ങള്‍ ഇപ്പോഴത്തെ ദുരിതം പിടിച്ച കാലത്തും അതേപടി തുടരണമെന്നത് വല്ലാത്ത വിലകൊടുക്കേണ്ട ഒന്നാണ്". സമൃദ്ധിയുടെ കാലത്ത് ചില എല്ലിന്‍കഷ ണങ്ങള്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും എറിഞ്ഞുകൊടുക്കാം എന്ന് ചുരുക്കം. അങ്ങനെ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളുടെ ചുഴിയില്‍ അകപ്പെട്ട് വട്ടം കറങ്ങുന്ന മുതലാളിത്തത്തെ യാണ് നാം ഇന്ന് കാണുന്നത്. ഈ പ്രതിസന്ധിയുടെ ദുരിതങ്ങളാകെ സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ , അങ്ങനെ തങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ആണ് ധനമൂലധനശക്തികള്‍ ശ്രമിക്കുന്നത്. അത് പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കാണാന്‍ കഴിയുന്നത് ആ രാജ്യങ്ങള്‍ മുതലാളിത്തത്തിനുള്ള ബദലുകള്‍ കെട്ടിപ്പടുക്കാനുള്ള നീക്കത്തില്‍ആയതിനാലാണ്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

ഇന്ത്യാ- ചൈനാ ബന്ധത്തില്‍ പുത്തന്‍ വഴിത്തിരിവ്

ഇന്ത്യാ-ചൈനാ ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സുഷ്ടിച്ചുകൊണ്ട് അതിര്‍ത്തി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തന സംവിധാനം രൂപീകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയും ഏകോപനവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പ്രവര്‍ത്തന സംവിധാനം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അതിര്‍ത്തിയില്‍ അനിഷ്ടസംഭവങ്ങളൊനും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ പ്രത്യേക പ്രവര്‍ത്തന സംവിധാനത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്‍റി മക്മോഹന്‍ അതിര്‍ത്തി നിര്‍ണയിച്ചതുമുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രത്യേക സംവിധാനത്തിന്റെ രൂപീകരണം. ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോനും ചൈനയുടെ സ്റ്റേറ്റ് കോണ്‍സലര്‍ ദായ്ബിന്‍ഗ്വായും തമ്മില്‍ ജനുവരി 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന പതിനഞ്ചാമത് പ്രത്യേക പ്രതിനിധിതല ചര്‍ച്ചക്കൊടുവിലാണ്സുപ്രധാന വഴിത്തിരിവുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന പ്രത്യേക പ്രതിനിധിതല ചര്‍ച്ചയാണ് രണ്ടുമാസം വൈകി ഡല്‍ഹിയില്‍ നടന്നത്.

ചൈനയിലെ വിമത നേതാവായ ദലൈലാമ ഇന്ത്യയില്‍ നടക്കുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് ചര്‍ച്ച നീണ്ടുപോയത്. ചര്‍ച്ചയ്ക്കൊടുവില്‍ ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. കിഴക്കനേഷ്യയുടെ ചുമതലയുള്ള വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശമന്ത്രാലയത്തിലെ അതിര്‍ത്തി-സമുദ്ര വിഭാഗത്തിലെ ഡയറക്ടര്‍ ജനറലും സംയുക്തമായിട്ടായിരിക്കും പ്രവര്‍ത്തന സംവിധാനത്തിന് നേതൃത്വം നല്‍കുക. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും സൈനിക ഉദ്യേഗസ്ഥരും ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കും. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പ്രത്യേക സംവിധാനത്തിന്റെ യോഗം ചേരും. അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനും അധികാരമുണ്ടായിരിക്കും. അതിര്‍ത്തിക്ക് ഇരുവശവുമുള്ള സൈനികര്‍ തമ്മിലുള്ള സന്ദര്‍ശനവും സഹകരണവും ശക്തമാക്കുകയും പ്രത്യേക സംവിധാനത്തിന്റെ ലക്ഷ്യമാണ്. ഇരുരാജ്യങ്ങളും അതിര്‍ത്തി സംബന്ധിച്ച് അംഗീകരിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ സംവിധാനം ശ്രമിക്കും. പ്രത്യേക സംവിധാനത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും അനുവാദത്തോടെ എന്ത് ഭേദഗതിയും വരുത്താവുന്നതാണ്. എന്നാല്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക പ്രതിനിധി തല ചര്‍ച്ചയെ, പ്രവര്‍ത്തന സംവിധാനത്തിന്റെ രൂപീകരണം ഒരു തരത്തിലും ബാധിക്കില്ല. പ്രത്യേക പ്രതിനിധിതല ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പതിനാറാംവട്ട ചര്‍ച്ച ഈ വര്‍ഷാവസാനം ചൈനയില്‍ നടക്കും.

2010 ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ചൈനയുടെ പ്രധാനമന്ത്രി വെന്‍ ജിയാബാവോയാണ് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം എന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്. 2011 ഏപ്രിലില്‍ ചൈനയിലെ സാന്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബാവോയും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ അന്തിമമായി തീരുമാനിച്ചത്. 1980 കളിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി സംഭാഷണം ആരംഭിച്ചത്. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് 1993 ലും 1996 ലും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി 2003 ല്‍ ശിവശങ്കര്‍ മേനോന്‍ ബീജിങ്ങില്‍ ഇന്ത്യയുടെ അംബാസഡറായ ഘട്ടത്തിലാണ് പ്രത്യേക പ്രതിനിധിതല സംഭാഷണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണ് ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ അതിര്‍ത്തി സംഭാഷണത്തിന്റെ തത്വങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ അളവുകോലും എന്താണെന്ന് നിശ്ചയിച്ചു. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച ഒരു ചട്ടക്കൂടിന് രൂപം നല്‍കുകയെന്ന രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി ഇപ്പോള്‍ നടന്നിട്ടുള്ളത്. അടുത്ത ഘട്ടമാണ് ഏറെ വിഷമകരം. അതിര്‍ത്തി നിര്‍ണയമാണ് ഈ അവസാന ഘട്ടം. ലഡാക്കിനടുത്തുള്ള അക്സായിചിന്‍ , അരുണാചല്‍പ്രദേശ് എന്നിവയുടെ അതിര്‍ത്തി നിര്‍ണയമാണ് പ്രധാന തര്‍ക്കവിഷയം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സുവര്‍ണകാലം എത്തിപ്പിടിക്കാന്‍ ഇന്ത്യയും ചൈനയും തയ്യാറാകണമെന്നാണ് ചൈനീസ് പ്രതിനിധിയായ ദായ് ബിന്‍ഗ്വയുടെ അഭിപ്രായം. ഇന്ത്യയുടെ വികസനം തടയാനോ ഇന്ത്യയെ ആക്രമിക്കാനോ ചൈനയ്ക്ക് പരിപാടിയില്ലെന്നും ഇതു സംബന്ധിച്ച പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പതിനഞ്ചാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് നീണ്ട 61 വര്‍ഷത്തെ ചരിത്രമുണ്ട്. ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് വിപ്ലവം വിജയിച്ചതിനുശേഷം ജനകീയ ചൈനാ റിപ്പബ്ലിക്കിനെ ആദ്യമായി അംഗീകരിച്ച സോഷ്യലിസ്റ്റ് ഇതര രാഷ്ട്രം ഇന്ത്യയായിരുന്നു.

1950 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. "ഹിന്ദി ചീനി ഭായ് ഭായ്" എന്ന മുദ്രാവാക്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സുഹൃദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 1962 ലെ സംഘര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് തുടര്‍ന്നിരുന്നത്. 1954 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ അഞ്ചു ലക്ഷം പേരാണ് അദ്ദേഹത്തെ എതിരേറ്റത്. പ്രസിദ്ധമായ പഞ്ചശീല തത്വപ്രഖ്യാപനത്തിലും ഇതേവര്‍ഷം തന്നെയാണ് ഒപ്പുവെച്ചത്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അടിയുറച്ചതായിരുന്നു ഈ ബന്ധം. എന്നാല്‍ 1962 ന് ശേഷം ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. 1988 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചൈനാ സന്ദര്‍ശനത്തോടെയാണ് ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതുയുഗം തന്നെ ഇതോടെ ആരംഭിച്ചു. 1991 ല്‍ ചൈനീസ് പ്രധാനമന്ത്രി ലീ പെങ് ഇന്ത്യ സന്ദര്‍ശിച്ചു.

2003 ല്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും 2007 ല്‍ സോണിയാഗാന്ധിയും 2008 ല്‍ മന്‍മോഹന്‍സിങ്ങും ബീജിങ് സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധത്തിലുള്ള ഈ ഉണര്‍വ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ദൃശ്യമായി. 1990 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 26 കോടി ഡോളറായിരുന്നെങ്കില്‍ 2010 ല്‍ അത് 6000 കോടി ഡോളറായി വര്‍ധിച്ചു. വര്‍ഷത്തില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. നാഥുല ചുരം വ്യാപാരത്തിന് തുറന്നുകൊടുത്തതും ഈ രംഗത്തെ മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ എറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈനയെങ്കില്‍ ചൈനയുടെ പത്താമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപത്തിലും മത്സരിക്കുകയാണിപ്പോള്‍ . പുതിയ ലോകസാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ രണ്ടും മൂന്നും സാമ്പത്തിക ശക്തിയായി മാറുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സൈനികമായി ഒന്നാമതെങ്കിലും സാമ്പത്തികമായി അമേരിക്ക തകരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സഹകരണത്തിന് സാധ്യതകളും മാനങ്ങളും ഏറെയാണ്. എന്നാല്‍ പശ്ചിമേഷ്യക്ക് പകരം ഏഷ്യ-പസഫിക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ചൈനയെ പിടിച്ചുകെട്ടി ഇന്ത്യ-ജപ്പാന്‍ -അമേരിക്ക സഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. ഈ പശ്ചാത്തലത്തിലായിരിക്കണം ഇന്ത്യാ-ചൈനാ ഉഭയകക്ഷി ബന്ധത്തിലുണ്ടായ ഈ മുന്നേറ്റത്തെ വീക്ഷിക്കേണ്ടത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക

മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്‍

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്‍കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്. രണ്ട് സാമ്രാജ്യങ്ങളുടെ അധിനിവേശത്തിനെതിരായി സമരം നയിച്ച ചരിത്രമാണ് പഴയ കുറുമ്പ്രനാട്, കോട്ടയം താലൂക്കിലെ പോരാളികള്‍ക്കുള്ളത്. പ്രസ്തുത താലൂക്കുകളില്‍പെട്ട കണ്ണൂര്‍ ജില്ലയുടെ തെക്കും കോഴിക്കോട് ജില്ലയുടെ വടക്കും അറ്റത്തുള്ള പ്രദേശങ്ങളാണിത്. ഭാരതം ബ്രിട്ടീഷുകാരില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് വിമോചിതമായെങ്കിലും കണ്ണൂര്‍ - കോഴിക്കോട് ജില്ലയുടെ ഇടയില്‍ കിടക്കുന്ന മയ്യഴിയും ചെറുകല്ലായിയും ഫ്രഞ്ച് ആധിപത്യത്തില്‍ തന്നെ തുടര്‍ന്നു. വിമോചനത്തിനായുള്ള നിരവധി സമരങ്ങള്‍ നടന്നുവെങ്കിലും നിരോധനം നീങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഈ പ്രദേശങ്ങളുടെ വിമോചനത്തിന് ഫ്രഞ്ചുകാരെ പ്രേരിപ്പിക്കുന്ന ബഹുജന പ്രക്ഷോഭമായി വളര്‍ന്നത്. നാടിനെ മോചിപ്പിക്കുന്നതിന് മാര്‍ച്ച് ചെയ്തവര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുകയും രണ്ട് പേര്‍ - പി പി അനന്തനും എം അച്ചുതനും രക്തസാക്ഷികളാവുകയും ചെയ്തു. ചെറുകല്ലായി സമരത്തെ തുടര്‍ന്ന് രണ്ട് ധീരര്‍ രക്തസാക്ഷികളായ സംഭവം ഐക്യരാഷ്ട്രസഭയിലടക്കം പ്രതിധ്വനിച്ചു. ഫ്രഞ്ച് മയ്യഴിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും അഭിഭാഷകരുമെല്ലാം സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വിമോചന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മാഹി വിമോചനസമരത്തെ ശക്തിപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചെറുകല്ലായി സമരമാണ്. രക്തസാക്ഷികള്‍ പി പി അനന്തന്റെയും എം അച്ചുതന്റെയും വീരസ്മരണ എക്കാലവും സ്മരിക്കപ്പെടുകയും ചെയ്യും. കാരണം 233 വര്‍ഷത്തെ ഫ്രഞ്ച് വാഴ്ച അവസാനിപ്പിച്ച ജനമുന്നേറ്റമെന്ന നിലയിലാണ് ഈ പോരാട്ടത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്.

ഫ്രഞ്ച് കോളനിയുടെ വിമോചനം!

ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന മാഹിയെ മോചിപ്പിച്ച് സ്വതന്ത്രഭാരതത്തോട് ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളിലെ ചുവന്ന അധ്യായമാണ് ചെറുകല്ലായിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റവും രണ്ട് ധീരന്മാരുടെ രക്തസാക്ഷിത്വവും. ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷവും കേരളത്തില്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ കിടക്കുന്ന മാഹിയും ചെറുകല്ലായിയും ഫ്രഞ്ച് അധിനിവേശ പ്രദേശമായി നിലനില്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് വാഴ്ചയില്‍ നിന്ന് രാജ്യം സ്വതന്ത്രയായ ഘട്ടത്തില്‍ തന്നെ മാഹി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ മോചനത്തിനായുള്ള ആവശ്യവും ശക്തമായിരുന്നു. ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഇതിനായി നടന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വിമോചന പോരാട്ടത്തോടെയാണ് ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാഹി ചെറുകല്ലായി പ്രദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവെച്ചത്.

1952 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ച ശേഷമാണ് മാഹിയിലെ ഫ്രഞ്ചിന്ത്യന്‍ പോരാട്ടത്തില്‍ പാര്‍ട്ടി സജീവമായത്. അതിനു മുമ്പ് നടന്ന സമരങ്ങളില്‍ മഹാജന സഭ എന്ന സംഘടനക്കൊപ്പം ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. 1948 ല്‍ മഹാജനസഭക്കാര്‍ പിന്‍മാറിയപ്പോള്‍ നിരോധിത പാര്‍ട്ടിയായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. 1953 ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എ കെ ജി ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിലെ വിമോചന സമരത്തോടുള്ള നിലപാട് മാറ്റണമെന്നും പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപക്ഷേപം ഉന്നയിച്ചു. ഇതിന്റെ ഫലമായി 1953 മെയ് ഒന്ന് മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. എല്ലാ പാര്‍ട്ടികളുടേയും പിന്‍തുണയോടെ ഉപരോധ സമരവും ആരംഭിച്ചു. മയ്യഴി ഉള്‍പ്പെടെയുള്ള ഫ്രഞ്ചിന്ത്യന്‍ ജനതയോട് അന്തിമ സമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമുണ്ടായതും ഇതേ സമയത്തായിരുന്നു. 1954 ജനുവരിയില്‍ ചേര്‍ന്ന സി പി ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഫ്രഞ്ച് ഇന്ത്യന്‍ ലിബറേഷന്‍ സെക്രട്ടറി വി സുബ്ബയ്യയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. യോഗത്തിന് ശേഷം വി സുബ്ബയ്യയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറി അജയഘോഷ് പത്ര സമ്മേളനം നടത്തിയത്.

കേന്ദകമ്മറ്റി യോഗത്തിന് ശേഷം മാഹി പാലം, മൂഴിക്കര, അഴിയൂര്‍, എന്നിവിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് അന്തിമ സമരത്തിനുള്ള പാര്‍ട്ടിയുടെ ആഹ്വാനം ജനങ്ങളെ അറിയിച്ചു. ഇ എം എസ്, എ കെ ജി, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍, എം കെ കേളു, പി വി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളാണ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. മയ്യഴി നാലുതറ പ്രദേശങ്ങളില്‍ പി വി കുഞ്ഞിരാമന്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നവയായിരുന്നു. ഇതിനിടയില്‍ പി വി കുഞ്ഞിരാമനെ പന്തക്കല്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.

ഇന്തോ ചീന ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ വിമോചന പോരാട്ടങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആഹ്വാനം ചെയ്തതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇത് പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്ന് പട്ടാണിപ്പറമ്പത്ത് നാരായണന്‍, പിതാവ് മരക്കാന്‍ എന്നിവരെ പിടികൂടി കയ്യാമം വെച്ച് കോടതിയില്‍ ഹാജരാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഫ്രഞ്ച് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പറമ്പത്ത് ബാലന്‍, പി കെ ഭാസ്‌കരന്‍ എന്നിവരെ മയ്യഴിയില്‍ നിന്നു തന്നെ പുറത്താക്കി. വിദ്യാര്‍ഥി പ്രക്ഷോഭവും ഇതോടൊപ്പം തന്നെ ശക്തിപ്പെട്ടു. എ ഐ എസ് എഫ് നേതാക്കളായ ഇ മാധവന്‍, വാസുദേവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ പൂത്തട്ട നാരായണനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും മുച്ചിക്കല്‍ പത്മനാഭനെ സ്ഥലം മാറ്റുകയും ചെയ്തു. ഫ്രഞ്ച് അധിനവേശത്തിനെതിരായ സമരത്തിന്റെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായതോടെ വിമോചന പ്രസ്ഥാനം കൂടുതല്‍ ശക്തവും സംഘടിതവും വ്യാപകവുമായി. 1954 മാര്‍ച്ച് 31 ന് പുതുശ്ശേരിയിലെ നെട്ടപ്പാക്കം, തിരുഭവനം എന്നിവയും ഏപ്രില്‍ അഞ്ചിന് ബാഹൂറും ഫ്രഞ്ചുകാരില്‍ നിന്ന് ജനങ്ങള്‍ മോചിപ്പിച്ചു. ഈ സംഭവങ്ങള്‍ മാഹിയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഈ പാശ്ചാത്തലത്തിലാണ് കേരളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുകല്ലായിയെ മോചിപ്പിക്കണമെന്ന ആശയം ശക്തിപ്പെട്ടത്. അഴിയൂരില്‍ രഹസ്യമായി ചേര്‍ന്ന കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ യോഗമാണ് ചെറുകല്ലായിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തത്.

1954 ഏപ്രില്‍ 26 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 30 ഓളം വളണ്ടിയര്‍മാര്‍ മാഹിപ്പാലത്തിനടുത്ത് കുറിച്ചിയില്‍ കടപ്പുറത്ത് ഒത്തുചേര്‍ന്ന് രണ്ടു വഴികളിലൂടെ ചെറുകല്ലായിയിലേക്ക് മാര്‍ച്ച് ചെയ്തു. മെയിന്‍ റോഡിലൂടെ നടന്ന വളണ്ടിയര്‍മാര്‍ പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സമീപിച്ച് ആയുധം വെച്ച് കീഴടങ്ങാനാവശ്യപ്പെട്ടു. സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പരിഭ്രാന്തനായ ഒരു പൊലീസുകാരന്‍ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ പി പി അനന്തനെ പ്രവര്‍ത്തകര്‍ സമീപത്തെ എം എസ് പി ക്യാമ്പിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെയ്പിനെ തുടര്‍ന്ന് ഫ്രഞ്ചുകാര്‍ ഉപേക്ഷിച്ചുപോയ കാവല്‍ പുരയിലാണ് അച്ചുതന്റെ ജഡം കാണപ്പെട്ടത്. അടിയേറ്റു വീണ അച്ചുതനെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ സ്ഥലംവിട്ടു. ചെറുകല്ലായി മോചിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ചാലക്കര, ചെമ്പ്ര, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അടുത്ത ഒരാഴ്ചയ്ക്കകം ഫ്രഞ്ചുകാര്‍ പിന്‍വാങ്ങി. 1954 മെയ് മാസത്തില്‍ വിയറ്റ്‌നാമിലെ വിമോചന പോരാട്ടത്തിനു മുന്നില്‍ ഫ്രാന്‍സ് കീഴടങ്ങി. ഇന്തോ ചീനയിലെ ഫ്രഞ്ച് കോളനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ഫ്രഞ്ച് മന്ത്രിസഭ നിര്‍ബന്ധിതമായി. ചെറുകല്ലായി സംഭവവും രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ ജനമുന്നേറ്റവും കാരണം ഇന്ത്യയിലെ ഭരണവും അവസാനിപ്പിക്കാതെ വഴിയില്ലെന്ന് വന്നു. അങ്ങിനെ 1954 ജൂലൈ 16 ന് മയ്യഴിക്കാര്‍ക്ക് അധികാരം കൈമാറി ഫ്രഞ്ചുകാര്‍ എന്നെന്നേക്കുമായി കെട്ടുകെട്ടി.

*
പൊന്ന്യം കൃഷ്ണന്‍ ജനയുഗം 29 ജനുവരി 2012

അന്തിക്കാട്: ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ

കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന് സുശക്തമായ ഒരു അടിത്തറ രൂപപ്പെട്ടുവന്നത് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് നിന്നാണ്. കേരളത്തിലെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ സമരങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നായി, ചരിത്രം അതിന്റെ സംഭരണപ്പുരയില്‍ അന്തിക്കാടിനെ കാത്തുവച്ചിട്ടുണ്ട്. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒപ്പം ചുമലിലെ സാമ്രാജ്യത്വനുകമൊന്നിളക്കി മാറ്റാന്‍വേണ്ടി ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ പോരാട്ടമാണ് അന്തിക്കാട് ചെത്തുതൊഴിലാളികള്‍ നടത്തിയത്. അതിനവരെ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ അന്തിക്കാട് സമരം

നടുക്കുന്നതും കരളലിയിക്കുന്നതുമായിരുന്നു അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സ്ഥിതി. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു പറ കള്ളിന് ചെത്തുതൊഴിലാളിക്ക് കിട്ടേണ്ടത് ഒമ്പത് അണയാണ് (പതിനാറണ ഒരു രൂപ). അന്തിക്കാട് കള്ളു കോണ്‍ട്രാക്ടര്‍ കൊടുക്കുന്നത് ആറണ. ഒരു പറയെന്നാല്‍ പത്തിടങ്ങഴിയാണ്. കോണ്‍ട്രാക്ടറുടെ പറയില്‍ പതിനൊന്നും പന്ത്രണ്ടും ഇടങ്ങഴികൊള്ളും. കള്ളിനു ചെലവുകുറഞ്ഞ കാലത്ത് വെള്ളംകൂട്ടി എന്നു പേരുപറഞ്ഞും ചെലവുകൂടിയ കാലത്ത് മുഴുവന്‍ അളന്നില്ലെന്ന കാരണം പറഞ്ഞും ക്രയം ചുമത്തും. ക്രയമെന്നാല്‍ കുറ്റം. എങ്ങനെയായാലും ക്രയം ചുമത്തിയേ കള്ളെടുക്കൂ. കള്ള് എത്തിക്കുന്നതിനു വൈകിയാലും വിലയില്ല. കള്ള് കോണ്‍ട്രാക്ടര്‍ എടുക്കും. ഓരോ തവണ ചെത്തുകിട്ടാനും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും ഏജന്റന്‍മാര്‍ക്കും കൈക്കൂലി കൊടുക്കണം. കോഴിയും ചാരായവുമടങ്ങുന്ന വിരുന്നൊരുക്കണം. കുടയും വാസനസോപ്പും കൊടുക്കണം. തെങ്ങുകിട്ടാന്‍ ശുപാര്‍ശ പറയുന്ന നാട്ടുപ്രമാണിയെയും സല്‍ക്കരിക്കണം. കള്ള് അളന്നാല്‍ കിട്ടുന്നതില്‍നിന്ന് വേണം തെങ്ങിനു പാട്ടം കൊടുക്കാന്‍. തൊഴിലുപകരണങ്ങള്‍ തൊഴിലാളി വാങ്ങണം. എക്‌സൈസ് ഓഫീസര്‍ക്കും ശിപായിക്കും കൈക്കൂലിയും കാഴ്ചയും കൊടുക്കണം. തെങ്ങിന് നമ്പറടിക്കുന്നതിനും ടി ടി എഴുതുന്നതിനും നാലും രണ്ടും ആറണ കൊടുക്കണം. കേസില്‍ക്കുടുങ്ങിപ്പോയാല്‍ തല്ലുകൊള്ളാതെ രക്ഷപ്പെടണമെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ അഞ്ച് രൂപയെങ്കിലും വേണം.

-ഇങ്ങനെ, കാട്ടാളനീതി കൊടികുത്തി വാഴുന്ന അന്തിക്കാട്ടേക്കാണ് ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജോര്‍ജ് ചടയംമുറി എന്ന പാര്‍ട്ടി പ്രവര്‍ത്തകനെ നിയോഗിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധസംഘടനയാണ്. കൊച്ചിയില്‍ കപ്പല്‍ക്കമ്പനിയിലെ കണക്കെഴുത്തുകാരനായിരുന്നു ജോര്‍ജ് ചടയംമുറി. അസാമാന്യമായ മനക്കരുത്ത്. തികഞ്ഞ സംഘടനാപാടവം.

ഒരാള്‍ക്കും സംശയത്തിനിടകൊടുക്കാതെ കരുതലോടെയുള്ള നീക്കങ്ങള്‍. നാളുകള്‍ നീണ്ട കഠിനപ്രയത്‌നം. 12 വില്ലേജുകളിലായി 44 പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. 1942 ജനുവരി രണ്ടിന് അന്തിക്കാട് ആശുപത്രിക്ക് പടിഞ്ഞാറുള്ള വയലില്‍ ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്റെ ഉദ്ഘാടന സമ്മേളനം നടന്നു. ചെങ്കൊടികളും ചേറ്റുകത്തികളുമായി അന്തിക്കാട് മേഖലയിലെ 1500 ലേറെ തൊഴിലാളികള്‍ ജാഥയില്‍ അണിനിരന്നു.

കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരുടെയും എക്‌സൈസുകാരുടെയും ശ്വാസംനിലച്ചുപോയി! ആ ആഘാതത്തില്‍നിന്ന് ഉണരാന്‍ കഴിയുന്നതിനുമുമ്പ് അടുത്തത് സംഭവിച്ചു. ജനുവരി 15 ന് ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ചെത്തുതൊഴിലാളിയുടെ സമരമുറ, ചെത്തുന്ന കള്ള് ചരിച്ചുകളയലാണ്. സമരത്തെ സര്‍ക്കാരിനെതിരായ വെല്ലുവിളിയായി സര്‍ക്കാര്‍ കണ്ടു. എക്‌സൈസ് വരുമാനത്തെ ബാധിക്കുന്ന കാര്യമാണല്ലോ., നാലഞ്ച് തൊഴിലാളികളെ അടര്‍ത്തിയെടുത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും ഗുണ്ടകളുടെയും അകമ്പടിയോടെ കള്ളുമാട്ടങ്ങള്‍ ചുമപ്പിച്ച് ഷാപ്പിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നു. ചെത്തുകാരും കുടുംബങ്ങളും ചേര്‍ന്ന് മാട്ടങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പൊലീസുകാരും എക്‌സൈസുകാരും തിരിഞ്ഞോടി. ജനക്കൂട്ടത്തില്‍പ്പെട്ടുപോയ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറും ശിപായിയും കൈകൂപ്പി മാപ്പു പറഞ്ഞ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കി ജയ് വിളിച്ചാണ് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ഞെട്ടി. കൊച്ചി സംസ്ഥാനത്ത് ഇങ്ങനെയൊന്ന് ആദ്യം. വൈകിയില്ല. വന്‍ പൊലീസ് സംഘം അന്തിക്കാട്ടേക്കു പാഞ്ഞു. അന്തിക്കാട് - പടിയം റോഡിലൂടെ പൊലീസ് മാര്‍ച്ച് ചെയ്തുവന്നു. ആശുപത്രിയോടടുത്തപ്പോള്‍ ഇടിമുഴക്കംപോലെ മുദ്രാവാക്യം വിളികള്‍. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി 1300ഓളം ചെത്തുതൊഴിലാളികള്‍ എതിരെ. പതറിപ്പോയ പൊലീസിന് പിടിച്ചുനില്‍ക്കാനായില്ല. അവര്‍ ആത്മരക്ഷാര്‍ഥം കണ്ടവഴികളിലൂടെ പാഞ്ഞു. ചുവന്ന നീളന്‍തൊപ്പികള്‍ പൂഴിമണ്ണില്‍ ചിതറിക്കിടന്നു.
പൊലീസിനെയും എക്‌സൈസിനെയും ആക്രമിച്ചു എന്ന പേരില്‍ 300 തൊഴിലാളികളെ പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്തു. രണ്ടു വര്‍ഷം തുടര്‍ച്ചയായി കേസ് നടന്നു. 28 പേരെ ആറുമാസം കഠിന ചടവിനു ശിക്ഷിച്ചു.

ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനൊപ്പം ചെത്തുതൊഴിലാളി കുടുംബങ്ങളില്‍ ലെനിനും സ്റ്റാലിനും സ്ഥാനംപിടിച്ചു. അന്തിക്കാട് മോസ്‌ക്കോമുക്കും ലെനിന്‍ കോര്‍ണറുമുണ്ടായി. സാമൂഹികമായ പ്രശ്‌നങ്ങളില്‍ യൂണിയന്‍ ഇടപെടാന്‍ തുടങ്ങി. തര്‍ക്കങ്ങളും കേസുകളും പറഞ്ഞുതീര്‍ത്തു. കമ്മ്യൂണിസ്റ്റുകള്‍ അന്തിക്കാട് സമാന്തരസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു എന്ന പ്രചാരണമായി. മര്‍ദ്ദകവീരന്മാരായ പാപ്പാളി, ഉമ്മര്‍ എന്നീ പൊലിസ് ഇന്‍സ്‌പെക്ടര്‍മാരെ അന്തിക്കാട്ടേക്കു നിയോഗിച്ചു. പൊലിസ് രണ്ടുദിവസം തുടര്‍ച്ചയായി റൂട്ട്മാര്‍ച്ച് നടത്തി. യൂണിയന്‍ ഓഫീസിലും, തൊഴിലാളിവീടുകളിലും പരിശോധനകളായി. കെ പി പ്രഭാകരന്‍, ടി എന്‍ നമ്പൂതിരി, ഗോപിമാസ്റ്റര്‍, കെ ഈശാന്‍, കെ ജി കേളപ്പന്‍, വി ജി മാധവന്‍, കെ ജി ദാമോദരന്‍, അയ്യപ്പക്കുട്ടി എന്നീ എട്ടുനേതാക്കളെ ആദ്യം അറസ്റ്റു ചെയ്തു. യൂണിയന്‍ ഓഫീസ് തുറക്കരുതെന്നായി അടുത്ത കല്പന. തുറക്കുമെന്ന് യൂണിയനും. യൂണിയന്‍ 'ഓഫീസ് തുറക്കല്‍' സമരമാരംഭിച്ചു. 40 ദിവസം സമരം തുടര്‍ന്നു. ഒടുവില്‍, 1943 ഡിസംബറില്‍ രാജ്യരക്ഷാചട്ടമനുസരിച്ച് ഏനാമ്മാവ്- പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയനെ നിരോധിച്ചു. ഓഫീസ് കണ്ടുകെട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും മഹിളാസംഘവും ബാലസംഘവുമൊക്കെ നിരോധനത്തിന്റെ പരിധിയില്‍ വന്നു.

അന്തിക്കാട്ടെ നിരോധനത്തിനെതിരെ പ്രശസ്ത വ്യക്തികളും സംഘടനകളും രംഗത്തുവന്നു. പെരിങ്ങോട്ടുകരയില്‍ചേര്‍ന്ന കൊച്ചി എസ് എന്‍ ഡി പി വാര്‍ഷികസമ്മേളനം പ്രമേയം പാസ്സാക്കി. സംഘടനാ സെക്രട്ടറിയും പാര്‍ട്ടിചാര്‍ജ്ജുകാരനുമായി പി ഗംഗാധരന്‍ ഗ്രാമങ്ങളില്‍ കാല്‍നടജാഥ നടത്തി. രാജവാഴ്ചയ്ക്കും ദിവാന്‍ഭരണത്തിനുമെതിരെ കൊച്ചിയെ നിശ്ചലമാക്കിക്കൊണ്ട് ഹര്‍ത്താല്‍ ആചരിച്ചു. നിരോധനം പിന്‍വലിക്കാന്‍ 46 ജൂലൈയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

കള്ള് കോണ്‍ട്രാക്ടര്‍മാരും സര്‍ക്കാരും തുടരെ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തെങ്ങ് വീതിച്ചപ്പോള്‍ അംഗീകരിച്ച തീരുമാനത്തിനു വിരുദ്ധമായി, യൂണിയനെ തെങ്ങ് ഏല്‍പിക്കാന്‍ തയ്യാറായില്ല. അതിനെതിരെ സൂചനാപണിമുടക്ക് നടന്നു. ഷാപ്പുകള്‍ അടഞ്ഞു. അത് അനിശ്ചിതകാല പണിമുടക്കായി മാറി.

സ്ഥിതി പഴയതിലും രൂക്ഷമായി. വീടുവീടാന്തരം കയറിയുള്ള പരിശോധന ശക്തമായി. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ പൊലിസും എക്‌സൈസുമായി ഏറ്റുമുട്ടി.

അന്തിക്കാട് ഫര്‍ക്കയിലെ 12 വില്ലേജുകളിലും 144 ഉം കര്‍ഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ പട്ടാളക്യാമ്പുകള്‍ തുറന്നു. മെയ് 29 ന് കൊച്ചിയില്‍ എ ഐ ടി യു സി പൊതുപണിമുടക്ക് നടത്തി. യൂണിയനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നോട്ടിഫൈ ചെയ്തു. തൊഴിലാളികള്‍ വകവച്ചില്ല. അതിനനുസരിച്ച് അറസ്റ്റും തല്ലിയൊതുക്കലും കടുത്തതായി.

47 ആഗസ്റ്റ് 15 പിറന്നു. രാജ്യം സ്വതന്ത്രമായി. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അന്തിക്കാട് ഫര്‍ക്കയിലെ 144 ഉം കര്‍ഫ്യൂവും പിന്‍വലിച്ചില്ല. യൂണിയന്‍ നിരോധനത്തിനെതിരെ ജോര്‍ജ്ജ് ചടയംമുറി ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി യൂണിയന്റെ മേലുള്ള നിരോധനം എടുത്തുകളഞ്ഞു. 51 അവസാനം പൊതുതിരഞ്ഞെടുപ്പ് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ചെത്തുതൊഴിലാളികളുടെ നേതാവായ കെ പി പ്രഭാകരനെ അന്തിക്കാട് നിയമസഭയിലേക്കയച്ചു.

അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ സാമൂഹിക നിയന്ത്രിതശക്തിയായി. അന്തിക്കാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായി. പൊലിസിന്റെയും എക്‌സൈസിന്റെയും ഭീകരമര്‍ദ്ദനത്തിനിരയായ 11 തൊഴിലാളികള്‍ മരിച്ചു. ഏറെപ്പേര്‍ രോഗികളായി. '57 ല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ടി വി തോമസ് തൊഴില്‍മന്ത്രിയായി. ടി വി ചെത്തുതൊഴിലാളികള്‍ക്ക് ഗുണകരമായ നടപടികള്‍ സ്വീകരിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ക്ക് ഒരുസഹകരണസംഘം എന്ന ആശയം മുന്നോട്ടുവച്ചതും ടി വി. പിന്നീട് അധികാരത്തില്‍ വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അന്തിക്കാട് സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

*
ബേബി ആലുവ ജനയുഗം 29 ജനുവരി 2012

ആഗോളസമ്പദ്‌വ്യവസ്ഥ, മറ്റൊരു മാന്ദ്യത്തിലേക്കോ?

2008 ല്‍ ആഗോള ധനകാര്യപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതോടെ, നാം പ്രവചനാതീതമായ സംഭവവികാസങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ''ദി ഏജ് ഓഫ് അണ്‍റീസണ്‍'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ചാള്‍സ് ഹാന്‍ഡിയുടെ വാക്കുകളാണ് ഈ അവസരത്തില്‍ പ്രസക്തമായി തോന്നുന്നത്. ''യുക്തിസഹമല്ലാത്തൊരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്..... ഇക്കാലയളവില്‍ യാഥാര്‍ഥ്യമായിത്തീരുമെന്ന് ഉറപ്പുള്ള ഒരു പ്രവചനം മാത്രമേയുള്ളൂ; ഒരു പ്രവചനവും യാഥാര്‍ഥ്യമാവില്ലെന്ന പ്രവചനമാണിത്''. ധനശാസ്ത്രചിന്തകള്‍, നയരൂപീകരണമേഖലയിലുള്ളവര്‍, മാധ്യമലേഖകര്‍-ഇവരൊക്കെ ബുദ്ധിപൂര്‍വമെന്നു കരുതാവുന്ന പ്രവചനങ്ങള്‍ നടത്തുക പതിവാണ്. എന്നാല്‍ പ്രവചനങ്ങള്‍ പാളിപ്പോയി എന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ അവര്‍ അത് പിന്‍വലിക്കുകയും ചെയ്യും. 2011 ല്‍ തുടക്കത്തില്‍തന്നെ, ആഗോള സമ്പദ്‌വ്യവസ്ഥാപ്രതിസന്ധി തരണംചെയ്യാന്‍ പോകുന്നു എന്ന ജാഗ്രതയോടെയുള്ളൊരു ശുഭാപ്തിവിശ്വാസം വ്യാപകമായി നിലനിന്നിരുന്നു. സാര്‍വദേശീയ നാണയനിധി അല്‍പംകൂടി ജാഗ്രതയോടെ പറഞ്ഞത്, പ്രതിസന്ധി തരണംചെയ്യല്‍ പ്രക്രിയയില്‍ കാലതാമസം ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്നാണ്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍, 1929 ലെ മഹാമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്നവയാണ് സമീപകാല സംഭവവികാസങ്ങള്‍ എന്നാണ്. ഇന്നലെ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രശ്‌നം, തൊട്ടടുത്ത ദിവസം വീണ്ടും പഴയപടി തുടരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ പ്രകടമാക്കുന്ന ശുഭാപ്തിവിശ്വാസം മോശപ്പെട്ട ഭരണനിര്‍വഹണത്തിന്റെ ഫലമായി ജനമനസ്സുകളിലേക്കെത്തുന്നില്ല. വിപണികളും സര്‍ക്കാരിന്റെ ആത്മവിശ്വാസപ്രകടനത്തോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നതും.

2011 സെപ്തംബറിലെ നിധി-ബാങ്ക് യോഗങ്ങളിലും നവംബറില്‍ നടന്ന ജി-20 യോഗത്തിലും നിരവധി നേതാക്കള്‍ പ്രശ്‌നപരിഹാരാര്‍ഥം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ധാരണയിലെത്താന്‍ സഹായകമായൊരു നേതൃത്വമില്ലാതെപോയി. 1930 കളിലെ മഹാമാന്ദ്യകാലഘട്ടത്തില്‍ നേതൃത്വമേറ്റെടുക്കാന്‍ ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് ഉണ്ടായിരുന്നു. മാര്‍ഗദര്‍ശകമായി കെയ്‌നീഷ്യന്‍ പ്രതിവിധികളുമുണ്ടായിരുന്നു; താല്‍ക്കാലികമായിരുന്നെങ്കില്‍കൂടി, 2008 ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ജനത പുതിയ പ്രസിഡന്റായി ബരാക്ക് ഒബാമയെ തിരഞ്ഞെടുക്കുന്നത്, ജോര്‍ജ് ബുഷ് തന്റെ പിടിപ്പുകെട്ട ഭരണത്തിന്റെ ഫലമായി താറുമാറാക്കപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു. മൂന്നുവര്‍ഷക്കാലത്തെ ഒബാമാ ഭരണകൂടത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഈ പ്രതീക്ഷക്കൊത്ത് തൃപ്തികരമല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. സര്‍ക്കാര്‍ കടബാദ്ധ്യതാപ്രതിസന്ധിക്കു പരിഹാരമെന്നനിലയില്‍ 2.3 ട്രില്യണ്‍ ഡോളര്‍ വിപണിയിലെത്തിച്ചെങ്കിലും സാമ്പത്തികവളര്‍ച്ചയും തൊഴിലവസരവര്‍ധനവും സാധ്യമായിട്ടില്ല. തൊഴിലില്ലായ്മ 9 ശതമാനത്തിലേറെയായി തുടര്‍ന്നുവരുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുകയുമാണ്. സ്വാഭാവികമായും സാമ്പത്തികനയങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വമ്പിച്ച സ്വാധീനം ചെലുത്താതിരിക്കില്ല.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയുടെ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍തന്നെ യൂറോപ്യന്‍മേഖലയിലെ അന്തരീക്ഷവും കൂടുതല്‍ ഇരുളടഞ്ഞുവരുന്നതായാണ് അനുഭവം. വികസിത മുതലാളിത്തരാജ്യങ്ങളില്‍ മൊത്തം 44 മില്യണ്‍ പേരാണ് തൊഴില്‍രഹിതരായുള്ളതെന്ന സ്ഥിതിക്ക് മാന്ദ്യഭീഷണികള്‍ ഈ രാജ്യങ്ങളെയാകെ അലട്ടിവരുകയുമാണ്.

ഏതായാലും അമേരിക്കയിലേയും യൂറോമേഖലയിലേയും സാമ്പത്തികപ്രതിസന്ധികള്‍ ഏഷ്യന്‍മേഖലാരാജ്യങ്ങളെ ഇതുവരെ സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍, അപകടസാധ്യതകള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. ഏഷ്യന്‍മേഖലയെ മാന്ദ്യപ്രതിസന്ധി ബാധിക്കാനുള്ള സാധ്യത പാശ്ചാത്യലോകത്തെ കാര്‍ന്നുതിന്നുന്ന വ്യാധിക്ക് ആശ്വാസമെത്താന്‍ എത്രസമയം വേണ്ടിവരുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പ്രതിസന്ധി അധികകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോള ഡിമാന്‍ഡിലെ ഇടിവ് ഏഷ്യയില്‍നിന്നുള്ള കയറ്റുമതികളെ ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് ചൈനയില്‍നിന്നുള്ള കയറ്റുമതികളുടെ മുഖ്യവിപണി യൂറോമേഖലയാണ്. ഈ മേഖലയില്‍ മാന്ദ്യവും, കടബാദ്ധ്യതയും തുടര്‍ന്നും ഉയരാനിടവന്നാല്‍, പ്രശ്‌നം ഇരുരാജ്യങ്ങളേയും ബാധിക്കും.

ഭൂരിഭാഗം ഏഷ്യന്‍രാജ്യങ്ങളുടേയും ജി ഡി പിയിലേക്കുള്ള മുഖ്യസ്രോതസ്സ് ടൂറിസമാണ്. ഈ മേഖലയില്‍ മുഖ്യ ആശ്രയം അമേരിക്കയും യൂറോ മേഖലയുമാണ്. ഇന്ത്യയില്‍ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു എസില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍, മൊത്തം വിനോദസഞ്ചാരികളുടെ 48 ശതമാനം വരും. മാന്ദ്യം തുടരാനിടയായാല്‍ ടൂറിസം വഴിയുള്ള വരുമാനം കുത്തനെ ഇടിയുകതന്നെ ചെയ്യും. കാരണം, വരുമാനത്തെ ആശ്രയിച്ച് പണം ചെലവാക്കിവരുന്ന ഒരു മേഖലയാണ് ടൂറിസം എന്നതുതന്നെ. അതായത് ഏറ്റവും ഫലപ്രദമായ ആഭ്യന്തര ഡിമാന്‍ഡ് സംരക്ഷണം മാത്രമേ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായുള്ളു. ആഭ്യന്തരവ്യാപാര ഉദാരീകരണം ഇക്കാര്യത്തില്‍ ഏറെ ഗുണകരമായിരിക്കും. ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഊട്ടി ഉറപ്പിക്കുകയും വേണം.

മുതലാളിത്ത മാന്ദ്യപ്രതിസന്ധി ചരിത്രപരമായി വിലയിരുത്തപ്പെടുമ്പോള്‍, നമുക്കു കാണാന്‍ കഴിയുക, 2008 ല്‍ തുടക്കം കുറിക്കുകയും 2011 ല്‍ മുഴുവന്‍ കാലവും തുടരുകയും ചെയ്ത പ്രതിസന്ധിക്ക് 1930 കളിലെ മഹാമാന്ദ്യവുമായി നിരവധി സമാനതകളുണ്ടെന്നാണ്. ''വാള്‍സ്ട്രീറ്റ് കയ്യടക്കുക'' എന്ന മുദ്രാവാക്യം തന്നെ ഉദാഹരണമായെടുക്കാം. മുതലാളിത്ത ബാങ്കിങ്ങ്, ധനകാര്യവ്യവസ്ഥയുടെ പാപ്പരത്തത്തിനെതിരായി നടന്ന സമീപകാല പ്രതിഷേധം മഹാമാന്ദ്യത്തിന്റെ കാലഘട്ടത്തിലുമുണ്ടായിരുന്നു. പ്രൊഫസര്‍ ഗാല്‍ബ്രേയ്ത്ത് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്കാലത്ത് ഉയര്‍ന്ന പ്രതിഷേധവും കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരായി നടന്നതായിരുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിതിയും ഇതില്‍നിന്നെല്ലാം ഏറെ ഭിന്നമല്ല. ജി ഡി പി വളര്‍ച്ചാനിരക്ക് 8-9 ശതമാനം വരെയായി ഉയരുകയുണ്ടായെങ്കിലും ആഗോളമാന്ദ്യം ഏല്‍പിച്ച ആഘാതത്തിന്റെ ഫലമായി ഇപ്പോള്‍ 7.9 ശതമാനമെത്തിനില്‍ക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍ സി എ ഈ ആര്‍) നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് 2009 - 10 ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഉയര്‍ന്ന തലത്തില്‍പ്പെടുന്ന 20 ശതമാനം ദേശീയവരുമാനത്തിന്റെ 50 ശതമാനം കയ്യടക്കി വെച്ചിരുന്നതായി കാണുന്നു. 1993 - 94 ല്‍ ഇത് 37 ശതമാനം മാത്രമായിരുന്നു. ഇതേ ഏജന്‍സി തന്നെ നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത്, ഈ കാലയളവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ താഴെ തട്ടിലുള്ള 60 ശതമാനം പേരുടെ വരുമാനത്തില്‍ 39 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് താഴ്ചയുണ്ടായിരിക്കുന്നതായിട്ടാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് (ഓ ഈ സി ഡി) എന്ന സംഘടനയുടെ കണ്ടെത്തല്‍, ഇന്ത്യയുടെ വരുമാനവിതരണത്തിലുള്ള അസമത്വം പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍ ഇരട്ടിയായിട്ടുണ്ടെന്നാണ്. ഇതിന്റെ അര്‍ഥം, സാമ്പത്തികവളര്‍ച്ചയോടൊപ്പം, സാമൂഹ്യനീതിയും ദാരിദ്ര്യനിര്‍മ്മാര്‍ജനവും ഉറപ്പാക്കണമെങ്കില്‍ സ്റ്റേറ്റിന്റെ സജീവമായ ഇടപെടല്‍ കൂടിയേത്തതീരു എന്നാണ്.

ഇത്തരം പഠനറിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെതായൊരു റിപ്പോര്‍ട്ടില്‍ നടപ്പുവര്‍ഷത്തില്‍ ആഗോളസമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഗുരുതരമായ മറ്റൊരു മാന്ദ്യത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണെന്ന മുന്നറിയിപ്പ് പരിശോധിക്കപ്പെടേണ്ടത്. ''ആഗോള സാമ്പത്തികസ്ഥിതിയും, സാധ്യതകളും 2012''എന്ന ശീര്‍ഷകത്തോടെയുള്ള ഈ റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായൊരു പ്രവചനമുണ്ട്. എന്താണതെന്നോ? 2012 ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ''ഒന്നുകില്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ തകരുക''എന്നതാണ് ഈ പ്രവചനവും അത് ഉളവാക്കുന്ന വെല്ലുവിളിയും. ഈ വെല്ലുവിളി നമുക്കേറ്റെടുക്കാന്‍ കഴിയുമോ? ഒരു മില്യന്‍ ഡോളര്‍ ചോദ്യം തന്നെയാണിത്.

*
പ്രൊഫ കെ അരവിന്ദാക്ഷന്‍ ജനയുഗം 29 ജനുവരി 2012

സമാനതകളില്ലാത്ത സാംസ്കാരികജീവിതം

അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.

വാഗ്ഭടാനന്ദസ്വാമികള്‍ കെ ടി സുകുമാരന്റെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു. അതിനാല്‍ വാഗ്ഭടാനന്ദന്റെ ഒരു സ്വാധീനം സുകുമാരനില്‍ ബാല്യകാലംമുതലേ ഉണ്ടായിരുന്നു. അയത്നലളിതമായി ആത്മീയകാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന വാഗ്ഭടാനന്ദന്റെ സവിശേഷമായ രീതി അഴീക്കോട് മാഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങള്‍ തത്ത്വമസിയില്‍ വളരെ ലളിതമായി പ്രതിപാദിക്കാനായത് ഒരുപക്ഷേ വാഗ്ഭടാനന്ദന്റെ അനുഗ്രഹംകൊണ്ടാവണം.

പ്രഭാഷണകലയില്‍ അഴീക്കോട് മാഷിനെ വെല്ലാന്‍ അധികമാരുമുണ്ടെന്നു തോന്നുന്നില്ല. വളരെ കടുപ്പമേറിയ വിഷയങ്ങളും അതിലളിതമായി നര്‍മോക്തി കലര്‍ത്തി അവതരിപ്പിച്ച് ശ്രോതാക്കളെ മണിക്കൂറുകളോളം കൂടെ കൊണ്ടുപോകുന്ന അതിവിശിഷ്ടമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ സ്വതസിദ്ധമായ അപഗ്രഥനവും ആഴമേറിയ വായനയുടെ ഫലമായി ആര്‍ജിച്ച ജ്ഞാനവും മൗലികചിന്തയും സമഞ്ജസമായി സമ്മേളിച്ചുള്ള ആ വാഗ്ധോരണി ഒരിക്കല്‍ കേട്ടവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

അഴീക്കോട് മാഷിന്റെ ഗുരുവായ കെ രൈരുനായര്‍ എഴുതിയ ശാകുന്തളം പരിഭാഷയ്ക്ക് അവതാരിക എഴുതാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ശിഷ്യനായ സുകുമാരനായിരുന്നു. ആ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടാവണമല്ലോ അത് വായിച്ച കുട്ടികൃഷ്ണമാരാര്‍ "കൊച്ചുന്നാളിലേ ഇയാള്‍ ഒരു പണ്ഡിതനായിക്കഴിഞ്ഞല്ലോ" എന്ന് അഭിപ്രായപ്പെട്ടത്. ചെറിയ പ്രായത്തില്‍തന്നെ കുട്ടികൃഷ്ണമാരാരെപ്പോലെ ഒരാളില്‍നിന്ന് ലഭിച്ച ഈ പ്രശംസ കുട്ടികൃഷ്ണമാരാരുടെ ദീര്‍ഘദര്‍ശിത്വത്തിന്റെയും കൂടി ഒരു നിദര്‍ശനമാണ്.
ഗുരുവിന് അവതാരിക എഴുതിത്തുടങ്ങിയ അഴീക്കോട് മാഷിന്റെ നിരൂപണവിമര്‍ശനശൈലികളും ഭാഷാശൈലിയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും നിരൂപണശൈലികള്‍ക്കിടയിലുള്ള ഒന്നാണ് അഴീക്കോട് മാഷിന്റേതെന്ന വാദവും നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍ നിരൂപണവും വിമര്‍ശനവും ഒരേപോലെ ഗൗരവമായി കൈകാര്യംചെയ്തിട്ടുള്ളത് അഴീക്കോട് മാഷാണ്. അനിതരസാധാരണമാണ് മാഷിന്റെ ഭാഷാശൈലി. തത്ത്വമസിയില്‍ അതിന്റെ പ്രോജ്വലരൂപം ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്: "എന്റെ മറ്റെല്ലാ പുസ്തകങ്ങളും എനിക്ക് ഒരുപക്ഷേ, വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷേ തത്ത്വമസി അങ്ങനെ വീണ്ടും എഴുതാനാവില്ല. ആ സര്‍ഗ്ഗമുഹൂര്‍ത്തം ഇനി ലഭ്യമാവില്ല." ഇക്കാരണത്താലാവാം പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തിരസ്കരിച്ച മാഷ് തത്ത്വമസിക്കു ലഭിച്ച വയലാര്‍ പുരസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചത്.

തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടാണ് മാഷ് എന്നും കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇതുതന്നെയാണവസ്ഥ. "ഞാന്‍ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ മരിക്കും മുമ്പേ കോണ്‍ഗ്രസ് മരിച്ചു" എന്ന് അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്തിലെ ക്രൂരതയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാന്‍ ഗാന്ധിജി ഭയപ്പെടും. ഗര്‍ഭിണിയുടെ വയറ്റില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊന്നത് ഏത് മതത്തിന്റെ പേരിലായാലും അത് മതമല്ല എന്നു പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കണം" എന്നും നിര്‍ഭയമായി തുറന്നടിക്കാന്‍ അഴീക്കോട് മാഷിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? "അമ്പത്തഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ പ്രസംഗം ആരംഭിച്ചത്. രാജ്യം അന്ന് ഇത്രയും ചീത്തയായിട്ടില്ല. രാഷ്ട്രമിന്ന് മോശപ്പെട്ട അവസ്ഥയിലെത്തിയതിന് എന്റെ പ്രസംഗവും കാരണമായോ എന്ന് ആശങ്കപ്പെടുകയാണ്." ഇങ്ങനെയാണ് പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ അഴീക്കേട് നടത്തുന്ന സ്വയംവിമര്‍ശനം. ഇക്കാര്യത്തില്‍ ഞാന്‍ പറയും, പ്രിയപ്പെട്ട അഴീക്കോട് മാഷ്, അങ്ങയുടെ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഈ രാഷ്ട്രത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്താതെ രക്ഷിച്ചത്.

ഒറ്റ വാചകത്തില്‍ ഉപസംഹരിച്ചാല്‍ നാടിനെ ഗ്രസിച്ച പിശാചിനെ നിഗ്രഹിക്കാന്‍ നല്ലവന്റെ രക്തം നല്‍കണം എന്നൊരു ചൊല്ലുണ്ട്. സാഹിത്യജീവിതത്തിനപ്പുറം നമ്മുടെ സാമൂഹികജീവിതത്തില്‍ കാണുന്ന പുഴുക്കുത്തുകള്‍ക്കും നെറികേടുകള്‍ക്കും നീതിരാഹിത്യത്തിനുമെതിരെ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഉള്ളുറപ്പില്‍ എതിരിടാനും പോരിടാനും സദാ കോണ്‍ഗ്രസ് മരിച്ചുപോയി. സമരസജ്ജമായിരുന്നു ആ മനസ്സ്, ആദര്‍ശോജ്വലമായ പൊതുജീവിതം നയിച്ച സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയന്‍ മനസ്സ്, സമൂഹശുശ്രൂഷയ്ക്ക് ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി വാക്കും രചനയും മാറ്റുകയുംചെയ്തു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് താനെന്ന് തുറന്നുപറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ദാരിദ്ര്യദുഃഖം പേറുന്നവന്റെ അവസാനത്തെ ആശ്വാസമാകാനുള്ള വെമ്പലായിരുന്നു ഗാന്ധിയനായ ഈ സമരോത്സുകന്റെ പൊതുജീവിതം.

(എം എ ബേബി)

ഇണങ്ങിയും പിണങ്ങിയും ഇഴമുറിയാത്ത സൗഹൃദം

ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം നീണ്ട സൗഹൃദമാണ് സുകുമാര്‍ അഴീക്കോടുമായി എനിക്കുള്ളത്. ഒരുപക്ഷേ, കേരളത്തിലെ വേറെ ഏതൊരാളേക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും, അദ്ദേഹത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി. സുകുമാര്‍ അഴീക്കോടുമായി ഞാന്‍ കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പംപോലും വിഷം സൂക്ഷിച്ചിരുന്നില്ല. കാലുഷ്യം തീണ്ടാത്ത കലഹമായിരുന്നു ഞങ്ങളുടേത്. ആ മനസ്സിന്റെ നന്മ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍ . വിയോജിപ്പുകള്‍ തുറന്നു പറയാറുമുണ്ട്. അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നതുതന്നെ വിയോജിച്ചുകൊണ്ടാണ്.

1948ലായിരുന്നു അത്. എം ഗോവിന്ദന്‍ , എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ മദ്രാസില്‍നിന്നാരംഭിച്ച "നവസാഹിതി"യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു സാഹിത്യ സമ്മേളനം നടക്കുകയായിരുന്നു. പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വേദിയിലുണ്ട്. സുകുമാര്‍ അഴീക്കോടിനെ പങ്കെടുപ്പിക്കാത്തതെന്ത് എന്ന് സി പി ശ്രീധരന്‍ ചോദിച്ചു. സംഘാടകനായ ഞാന്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങള്‍ മലയാളത്തിലെ സാഹിത്യകാരന്മാരെമാത്രമേ ക്ഷണിച്ചിട്ടുള്ളൂ." സംസ്കൃതപദ ജടിലമായ ഭാഷാപ്രയോഗമായിരുന്നു അന്ന് സുകുമാര്‍ അഴീക്കോടിന്റേത്. അതിനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ആ ശൈലിയില്‍നിന്നെല്ലാം മാറി.
സുകുമാര്‍ അഴീക്കോടുമായി അടുത്ത സൗഹൃദവും സാഹോദര്യവും കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍ . ചിറക്കല്‍ രാജാസ് സ്കൂളില്‍ അദ്ദേഹം എന്റെ സീനിയറായിരുന്നു. ഞാന്‍ സ്കൂളിലെത്തുമ്പോഴേക്കും അദ്ദേഹം അവിടത്തെ പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും കഴിഞ്ഞിരുന്നു. ഒന്നിച്ച് സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സിനിമ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമെല്ലാമുള്ള അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

പട്ടാമ്പിയിലെ പ്രശസ്തമായ തറവാടായ കല്ലമ്മാര്‍തൊടിയിലെ കുടുംബാംഗമാണ് എന്റെ ഭാര്യ. പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യന്‍ കല്ലമ്മാര്‍തൊടി രാമുണ്ണിമേനോന്‍ പ്രശസ്തനായ കവിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് അദ്ദേഹമെഴുതിയ കവിതകളാണ് പടപ്പാട്ടുകള്‍പോലെ എ കെ ജിയും കെ കേളപ്പനുമെല്ലാം പാടിയിരുന്നത്. രാമുണ്ണിമേനോന്റെ അനന്തരവളാണ് എന്റെ ഭാര്യ. അവരുടെ തറവാട്ടുവീട്ടില്‍ ഞാനും സുകുമാരനും അന്തിയുറങ്ങിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇണങ്ങിയും പിണങ്ങിയും നീണ്ട സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട് ഞങ്ങള്‍ .

മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് സാഹിത്യ അക്കാദമി നല്‍കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ശ്രീമതി സാറാ ജോസഫിനാല്‍ അനുഗതനായി അംഗീകാരങ്ങളും സ്വര്‍ണപ്പതക്കങ്ങളും അദ്ദേഹം അക്കാദമിക്ക് തിരിച്ചുനല്‍കി. വിശിഷ്ടാംഗം എന്ന നിലയില്‍ ലഭിച്ച സ്വര്‍ണപ്പതക്കം തിരിച്ചു നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ ക്ഷുഭിതനാവുകയും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വിധേയനാവുകയും ചെയ്യുന്ന പ്രകൃതമാണ് അഴീക്കോടിന്റേത്. അതുകൊണ്ടാണ് ഇങ്ങനെ ഇത് സംഭവിച്ചത്.
ഇതേക്കുറിച്ച് ഒരു പ്രമുഖ പത്രത്തോടുള്ള പ്രതികരണത്തില്‍ ആ സ്വര്‍ണപ്പതക്കങ്ങള്‍ ഉരുക്കിക്കളയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അവര്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്റെ പഴയ സുഹൃത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എനിക്കൊരു കത്തയക്കുകയുംചെയ്തു. പക്ഷേ, ഞാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. വളരെ വൈകാതെ അദ്ദേഹം ആ പുരസ്കാരങ്ങള്‍ തിരിച്ചു വാങ്ങി.
ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത് ഞാനാണ്. എനിക്കെതിരെ കുഞ്ഞബ്ദുള്ള വൈദ്യരും വി ആര്‍ സുധീഷുമെല്ലാം ചേര്‍ന്ന് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ , ഞാനാവശ്യപ്പെടാതെ തന്നെ അത് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നില്ലെന്നത് വേറെകാര്യം. കേസ് തള്ളിപ്പോവുകയായിരുന്നു.

പൂര്‍ണമായും നന്മയുള്ള ഒരാളും ലോകത്തിലില്ല. ഗുണദോഷ സമ്മിശ്രമായ സ്വഭാവവിശേഷങ്ങളോടുകൂടിയേ വ്യക്തികളുണ്ടാകൂ. എല്ലാം കുട്ടിക്കിഴിച്ചുനോക്കുമ്പോള്‍ സുകുമാരനില്‍ കൂടുതലും ഗുണങ്ങളാണുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളോടും തന്നെ ദ്രോഹിച്ചപ്പോള്‍ക്കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലരും പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗംചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെ വിശ്വസിച്ച അദ്ദേഹത്തിന് അതുകൊണ്ടുതന്നെ പല അപകടത്തിലും ചെന്നുചാടേണ്ടിയും വന്നിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ ഇതെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒടുവിലത്തെ പ്രസ്താവനയുംമറ്റും അതാണ് സൂചിപ്പിക്കുന്നത്.

എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്മ എന്നും സൂക്ഷിച്ച ആ പഴയ ചങ്ങാതിയുടെ മനസ്സ് ഞാനെന്നും തിരച്ചറിഞ്ഞിട്ടുണ്ട്.

(ടി പത്മനാഭന്‍)

അഴീക്കോട് നിരന്തരം സംസാരിച്ച പ്രക്ഷോഭകന്‍ : കെ ഇ എന്‍

അഴീക്കോടിന്റെ തത്വമസി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രഭാഷണ കലയില്‍നിന്ന് രൂപം കൊണ്ടതാണെന്ന് കെ ഇ എന്‍ കുഞ്ഞഹമദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ .

അഴീക്കോടിന്റെ പ്രബന്ധങ്ങളും പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണ്. ജീവിതം മുഴുവന്‍ നിരന്തരം സംസാരിച്ച പ്രക്ഷോഭകനാണ് അഴീക്കോട്. നവോഥാന പശ്ചാത്തലമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. നവോഥാന നിലപാടില്‍ പ്രവര്‍ത്തിച്ച അഴീക്കോട് പ്രഭാഷണ ലോകത്ത് നിരന്തരം വ്യാപരിച്ചു. പ്രഭാഷകര്‍ക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ച അഴീക്കോട് അപൂര്‍വ മാതൃകയായി. ജി ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ നിലപാട് എക്കാലവും മഹത്തായ ശരിയായി നിലനില്‍ക്കും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും സംസ്കൃത ഭാഷയെ വിഗ്രഹവല്‍ക്കരിച്ചിട്ടില്ലെന്നും കെ ഇ എന്‍ പറഞ്ഞു.

*
ദേശാഭിമാനി, ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ജനുവരി 2012

പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍

തൊഴിലാളി കുടുംബം മുങ്ങിത്താഴ്ന്ന ദുരിതങ്ങളും ദുരന്തങ്ങളും.സമുദായ ഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍ . വിശപ്പ് അപരാധമാകുന്ന സമൂഹം. കഷ്ടതകള്‍ ദൈവഹിതമെന്ന വിധിതീര്‍പ്പ്. ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന പ്രതികരണം- അതെ, ഒരു കാലഘട്ടത്തിന്റെ കറുത്തമുഖം പിച്ചിച്ചീന്തുകയായിരുന്നു പാട്ടബാക്കി. ബദല്‍ലോകത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു അത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് സി ജെ തോമസും ജീവല്‍ സാഹിത്യസംഘത്തിന്റെ ആദ്യ സന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയാണ് കെ ദാമോദരന്‍ എഴുതിയത്. തൊഴിലാളിയായ കിട്ടുണ്ണി, അമ്മ, സഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുടെ ദുരിത ജീവിതവും ദുരന്തങ്ങളും. നിലവിലെ വ്യവസ്ഥിതിയാണ് പ്രശ്നകാരണമെന്ന തിരിച്ചറിവും മാറ്റത്തിന് അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നതുമാണ് കേന്ദ്ര പ്രമേയം.

"മുതലാളിമാരുടെയും മറ്റും ഉപദ്രവംകൊണ്ട്, ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരുന്ന സമുദായത്തില്‍ കള്ളവും വ്യഭിചാരവും പാപമല്ല. കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. അവ രണ്ടും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. അങ്ങനെയാവാന്‍ ഭരണസമ്പ്രദായം മാറണം. ഈ സമുദായസംഘടനയെ ഉടച്ചുവാര്‍ക്കണം" എന്ന് നാടകാന്ത്യത്തില്‍ കിട്ടുണ്ണി. അധ്വാനിക്കുന്ന വര്‍ഗം സംഘടിത ശക്തിയായ കാലത്തിന്റെ ശബ്ദമാണത്. ആ സംഭാഷണം പതിനായിരങ്ങള്‍ ഏറ്റുപറഞ്ഞു.

കര്‍ഷകസംഘം പരിപാടി നടക്കുന്നിടത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. പ്രേക്ഷകര്‍ അവരുടെ ജീവിതം നാടകത്തില്‍ കണ്ടു. ഭൂപ്രഭുക്കളുടെയും കാര്യസ്ഥരുടെയും കാമവെറിയുടെ ഇരകള്‍ കുഞ്ഞുമാളുവിനൊപ്പം കരഞ്ഞു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണിക്കൊപ്പം പ്രേക്ഷകരും ഭൂപ്രഭുത്വത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥയേയും ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍കൊണ്ട് ശപിച്ചു.

ജയിലില്‍ കിട്ടുണ്ണിയും സഹതടവുകാരായ മുഹമ്മദും നാരായണന്‍നമ്പ്യാരും കയര്‍ പിരിക്കുന്നതിനിടെ നടത്തുന്ന സംഭാഷണമുണ്ട്. അധ്വാനം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ലോകം അസുന്ദരമാവുന്നതിനെക്കുറിച്ചുള്ള വാചകം കിട്ടുണ്ണിയില്‍നിന്ന് പുറത്തുവരുന്നു: "നമ്മുളുണ്ടാക്കിയ നെല്ലില്‍നിന്ന് ഒരുപിടി വാരിയാല്‍ കുറ്റമായി!" അപ്പോള്‍ മറ്റൊരു തടവുകാരന്റെ പ്രതികരണം: "ഇന്നത്തെ സമൂഹത്തില്‍ വിശപ്പ് ഒരപരാധമാണ്". ഉപരിവര്‍ഗ താല്‍പ്പര്യത്തിന്റെ മറ പ്രേക്ഷകര്‍ക്കുവേണ്ടി നാടകകൃത്ത് തുറന്നുകാണിക്കുന്ന ഒരു സംഭാഷണമാണ് തുടര്‍ന്ന്. കിട്ടുണ്ണി പറയുന്നു: "മുതലാളി, തൊഴിലാളിയുടെ ചെകിട്ടത്തടിക്കുമ്പോഴും കുടകൊണ്ടടിച്ച് തലയില്‍നിന്ന് ചോരയൊലിപ്പിക്കുമ്പോഴും നിര്‍ദയമായി ചവിട്ടിത്തേക്കുമ്പോഴും, കൂലി കുറച്ചും മറ്റും പട്ടിണിക്കിട്ട് നരകിപ്പിക്കുമ്പോഴും വിരലനക്കാത്ത അഹിംസാഭക്തന്മാര്‍ , പട്ടിണിക്കൊരറുതിയുണ്ടാക്കാന്‍ നാം പ്രക്ഷോഭം കൂട്ടുമ്പോള്‍ ആക്ഷേപിക്കുന്നു. നമ്മെ ജയിലിലിടാന്‍ അവരൊറ്റു നില്‍ക്കുന്നു". മുഹമ്മദ് എന്ന തടവുകാരന്റെ പരിഹാരം: "ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്ന് എല്ലാ അധികാരവും ധനികവര്‍ഗങ്ങള്‍ക്ക് മാത്രമാണ്. ആ അധികാരവും ഭരണകൂടവും തൊഴിലാളികളും കൃഷിക്കാരുംകൂടി പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം". നാലു വയസുമാത്രം പ്രായമുള്ള കിട്ടുണ്ണിയുടെ കൊച്ചനുജന്‍ അരിയും ഉടുപ്പും വാങ്ങാന്‍ നമുക്കെന്താ കാശില്ലാത്തതെന്ന് അമ്മയോടു ചോദിക്കുന്നുണ്ട്. "ദൈവം തന്നില്ല" എന്ന മറുപടി. വീണ്ടും അവന്‍ : "അപ്പോമ്മേ, ഈ ദൈവം ചത്താലേ നമുക്ക് സുഖാവു അല്ലേ...?" മനുഷ്യനുണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ തന്നെ കൈയൊഴിയുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ബിന്ദുവില്‍ നാലുവയസുകാരന്റെ ചോദ്യം തിരശീല വീണാലും മാറ്റൊലികൊള്ളും.

പോഷകാഹാരക്കുറവു കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണം നടക്കുന്ന ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നീതിപാലകര്‍ക്കാണെങ്കില്‍ എല്ലാം തമാശ. എലിയും പൂച്ചയും കളിയിലാണ് അവര്‍ . "പാട്ടബാക്കിയി"ല്‍ ഇത്തരമൊരു കളിയുണ്ട്. ഒരുപിടി അരിമോഷ്ടിച്ചതിന് അറസ്റ്റിലായ കിട്ടുണ്ണിയെ ചോദ്യം ചെയ്യവെ ഇന്‍സ്പെക്ടര്‍ : "മോഷണം ആദ്യത്തെ തവണയാണല്ലേ... ആദ്യമായി ഒരു പട്ടിണി വന്നു... ആദ്യമായി കട്ടു... ആദ്യമായി പിടിക്കപ്പെട്ടു... അല്ലേ?" ഇത്തരം കറുത്ത ഹാസ്യം 74 വര്‍ഷം മുമ്പ് നമ്മുടെ നാടകലോകത്തിന് ഏറെക്കുറെ അപരിചിതം. പാട്ടബാക്കിയില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച എ കെ ജി ആത്മകഥയില്‍ കുറിച്ചു: ആ നാടകം കര്‍ഷകരെ അണിനിരത്തുന്നതിലും വളരെ സഹായകമായി. അക്കാലത്താണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നത്. കര്‍ഷകയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. ദാമോദരന്‍ , കെ പി ആര്‍ , പെരച്ചുട്ടി, പി ശേഖരന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഞാനും അതിലൊരു നടനായിരുന്നു".

*
പി വി കെ പനയാല്‍ ദേശാഭിമാനി 29 ജനുവരി 2012