Friday, January 27, 2012

വിപ്ലവ വഴിയിലെ പെണ്‍കരുത്ത്

1921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറമ്പില്‍ പത്രോസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച മറിയാമ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നിരയിലെ പ്രിയപ്പെട്ടവളാകുമെന്ന് അന്നാരും കരുതിയില്ല. നാട്ടുംപുറത്തെ ക്രിസ്ത്യാനിപ്പെണ്ണിന്റെ പതിവ് ജീവിതത്തില്‍ നിന്നും കാലം മേരിക്കായി കരുതി വച്ചത് അനുഭവങ്ങളുടെ സമ്പന്നതകള്‍ നിറഞ്ഞ ജീവിത പാതയായിരുന്നു.

ഒറ്റത്തോര്‍ത്തും തോളിലൊരു കെട്ടുമായി മണ്ണന്നൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ഒന്‍പതാം ക്ലാസിലെത്തിയപ്പോഴേക്കും ചരിത്രപഠനം സമ്മാനിച്ച സ്വാതന്ത്ര്യ മോഹം മനസ്സിലെവിടെയോ കനലായി എരിഞ്ഞതും മേരിചേച്ചി ഓര്‍ക്കുന്നു.ആയിടയ്ക്കാണ് എല്ലാ പ്രവര്‍ത്തിസ്ഥലങ്ങളും ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തത്. ഉദ്യോഗസ്ഥര്‍ ഓഫീസുകളും അഭിഭാഷകര്‍ കോടതികളും അദ്ധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളും ബഹിഷ്‌കരിച്ചു. അവര്‍ക്കൊപ്പം പി ടി മേരിയും ഉണ്ടായിരുന്നു.
അമ്മാവന്‍മാരായിരുന്ന പ്രസിദ്ധ സാഹിത്യകാരന്‍ സി ജെ തോമസിന്റെയും സര്‍ സി പി ക്കെതിരായ മെമ്മോറാണ്ടം പരസ്യമായി വായിച്ചതിന്റെ പേരില്‍ ജയിലഴിക്കുള്ളിലായ സി ജെ ജോസഫിന്റെയും സ്വാധീനം പി ടി മേരിയെന്ന കൂത്താട്ടുകുളം മേരിയില്‍ വിപ്ലവാശയങ്ങള്‍ക്ക് പ്രചോദനമായി.

സ്വാതന്ത്ര്യസമരം ലഹരിയായി നിറയുമ്പോഴും വിദ്യാഭ്യാസത്തിലെ വിട്ടുവീഴ്ചകള്‍ക്കൊന്നും മേരി ചേച്ചി ഒരുക്കമായിരുന്നില്ല. പത്താംതരം പാസ്സായശേഷം തിരുവനന്തപുരത്തു നിന്നും ടി ടി സി യും പാസ്സായി. തിരിച്ചെത്തി കോട്ടയത്ത് വാര്‍ദ്ധാ മഹിളാ ആശ്രമത്തിന്റെ ഭാഗമായി. ഭവാനിയമ്മ നടത്തിയിരുന്ന മഹിളാസദനത്തില്‍ താമസമാക്കി. നൂല്‍നൂല്‍പ്പും ഹിന്ദി പ്രചാരണവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായുള്ള ജീവിതം ഇ എം എസും പി കൃഷ്ണപിള്ളയും പി ഭാസ്‌കരനും കെ വി പത്രോസും സി എസ് ഗോപാലപിള്ളയും അവിടെ ക്ലാസ്സുകള്‍ എടുത്തു. ഒരു കമ്മ്യൂണിസ്റ്റ് ആശ്രമം. ആയിടെയാണ് കോട്ടയം ഭാസിയെ നല്ലമുട്ടന്‍ പപ്പുപിള്ള എന്ന പൊലീസ് എസ് ഐ മൃഗീയമായി മര്‍ദ്ദിച്ചത്. ഇതിനെതിരെ പ്രതിക്ഷേധ ജാഥ നടത്തണമെന്ന മേരിചേച്ചിയുടെ ആവശ്യം സദനം സെക്രട്ടറി അംഗീകരിച്ചില്ല. അതിനെ തുടര്‍ന്ന് സദനം വിട്ടു. പിന്നീട് തിരുനല്‍വേലിയില്‍ മദിരാശി സര്‍ക്കാരിന്റെ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസറായി. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പക്ഷേ ഇവയൊന്നും സാമൂഹ്യമാറ്റത്തില്‍ കാര്യമായ പങ്ക് നിര്‍വഹിക്കില്ല എന്നു തിരിച്ചറിഞ്ഞതോടെ കൂത്താട്ടുകുളത്തേക്കു മടങ്ങുകയായിരുന്നു.

പൊലീസുകാരനായിരുന്ന ഉമ്മനെ കൊല ചെയ്ത കേസില്‍ പ്രതിയായി ഒളിവില്‍ താമസ്സിക്കാന്‍ തിരുനെല്‍വേലിയിലെത്തിയ ബന്ധുവും സഹപാഠിയുമായ ഡേവിഡ് രാജനുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളും കമ്മ്യൂണിസ്റ്റ് സാഹിത്യവും മേരിചേച്ചിയെ ഉറച്ച കമ്മ്യൂണിസ്റ്റാക്കി. ഉമ്മന്‍ കേസ്സില്‍പെട്ട് സഖാക്കളെല്ലാം ഒളിവിലായി. വീടുവീടാന്തരം കയറിയുള്ള നിശബ്ദ രാഷ്ട്രീയ പ്രചാരണം. ഈ സമയത്ത് മൂന്നാറിലെ ടെലഫോണ്‍സില്‍ ജോലി കിട്ടി. സര്‍ സി പിയുടെ ജോലി വേണ്ടെന്നുവച്ച് മെമ്മോ കീറി ദൂരെയെറിഞ്ഞത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഇതിനിടയിലാണ് പാര്‍ട്ടി സഖാവും ബാല്യം മുതല്‍ അറിയുന്ന സഖാവ് സി എസ് ജോര്‍ജുമായുള്ള പ്രണയവും വിവാഹവും. ഒളിവുകാല ജീവിതത്തിനിടയില്‍ ആര്‍ഭാടങ്ങളും ആചാരങ്ങളും ഇല്ലാതെ മനസ്സുകളുടെ ഒത്തു ചേരല്‍. പാര്‍ട്ടി അംഗീകാരത്തോടെ അപ്പന്‍ കൈപിടിച്ചു കൊടുത്തപ്പോള്‍ അവസാനിച്ചു ചടങ്ങുകള്‍. ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തികുകയായിരുന്നു അന്ന്. ഒരു രാത്രി പാര്‍ട്ടി രേഖകളുമായി മറ്റൊരു ഒളിത്താവളത്തിലേക്കു പോകും വഴി പൊലീസ് തടഞ്ഞു. മേരിചേച്ചിയേയും ഒപ്പമുണ്ടായിരുന്ന സഖാവിനെയും ഓടിച്ചിട്ടു പിടികൂടി. അതിഭീകരമായ മര്‍ദ്ദനമായിരുന്നു പൊലീസ് വാനില്‍. നിറയെ മുടിയുണ്ടായിരുന്ന മേരിചേച്ചിയുടെ മുടി രണ്ടായി പകുത്ത് മുകളിലെ കമ്പിയില്‍ കെട്ടിയിട്ടു. വാന്‍ ഓരോ കുഴികള്‍ ചാടുമ്പോഴും തല പറിയുന്ന വേദന. ഓരോ ഇങ്ക്വിലാബ് വിളികള്‍ക്കും ലാത്തിയുടെ കനത്ത പ്രഹരം. ലോക്കപ്പിലെത്തിയിട്ടും മര്‍ദ്ദനം കുറഞ്ഞില്ല. ട്രെയിന്‍ ഓടിക്കല്‍, കവട്ടയടി തുടങ്ങി കേട്ടാല്‍പോലും ഭീതിദമായ ക്രൂര മര്‍ദ്ദനമുറകള്‍. അതിന്റെ വേദന ചികിത്സകള്‍ക്കൊന്നും വഴങ്ങാതെ ഇന്നും ഒപ്പമുണ്ട്.

ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ടൈഫോയ്ഡ് പിടിപെട്ട് മൂവാറ്റുപുഴ ആശുപത്രി ലോക്കപ്പിലായി. അവിടെ വന്ന മകളുടെ കൈപിടിച്ച് വാവിട്ടു നിലവിളിച്ച അപ്പന്റെ മുഖം ഇന്നും ഒരു നീറ്റലായി ചേച്ചിയുടെ മനസ്സിലുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം തൊടുപുഴ ലോക്കല്‍ സെക്രട്ടറിയായി. മൂത്തമകള്‍ ഗിരിജയെയും കൂട്ടി പാര്‍ട്ടി ഓഫീസില്‍ താമസം. അന്നത്തെ പാര്‍ട്ടി ജീവിതത്തിന്റെ കഷ്ടപ്പാടുകളും ത്യാഗവും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ഈ പഴയ കമ്മ്യൂണിസ്റ്റ്കാരി തിരിച്ചറിയുന്നു.

പിന്നീട് മലബാറിലെ കാര്‍ഷികജീവിതം. അരിയൂരിലും പെരിന്തല്‍മണ്ണയിലും ടീച്ചറായി. ഭര്‍ത്താവ് ബാബു (സി എസ് ജോര്‍ജ്ജ്) പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അവിടെ ബീഡിക്കമ്പനി സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട് ജില്ലാകമ്മറ്റിയംഗമായും മേരിചേച്ചി പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനമേഖല വൈക്കമായി മാറി. ഇപ്പോള്‍ മകള്‍ ഗിരിജയ്‌ക്കൊപ്പം വിശ്രമജീവിതത്തിലാണ്. രണ്ടാമത്തെ മകള്‍ ഷൈല. മൂന്നാമത്തെ മകള്‍ അയിഷ തിരുവനന്തപുരത്തും ഇളയ മകള്‍ സുലേഖ വൈക്കത്തും താമസിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങളില്‍ പതറാതെ സംഭവബഹുലതകളാല്‍ സമ്പന്നമായ ജീവിതം നയിച്ച ഈ വന്ദ്യവയോധികയുടെ മനസു നിറയെ കമ്മ്യണിസ്റ്റ് പാര്‍ട്ടിയും ഏഴകളില്ലാത്ത സമത്വ സുന്ദരമായ സാമൂഹ്യക്രമവുമാണ്.

*
അനില്‍ബിശ്വാസ് ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറമ്പില്‍ പത്രോസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച മറിയാമ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നിരയിലെ പ്രിയപ്പെട്ടവളാകുമെന്ന് അന്നാരും കരുതിയില്ല. നാട്ടുംപുറത്തെ ക്രിസ്ത്യാനിപ്പെണ്ണിന്റെ പതിവ് ജീവിതത്തില്‍ നിന്നും കാലം മേരിക്കായി കരുതി വച്ചത് അനുഭവങ്ങളുടെ സമ്പന്നതകള്‍ നിറഞ്ഞ ജീവിത പാതയായിരുന്നു.