Wednesday, January 25, 2012

പ്രതിഷേധങ്ങളെ ഭയക്കുന്ന ഭരണകൂടം

ഈ മെയ് മാസം വന്‍ശക്തികളുടെ രണ്ടു ഉച്ചകോടികള്‍ക്ക് ഷിക്കാഗോ മഹാനഗരം സാക്ഷിയാകും. ജി 8 എന്ന സമ്പന്ന രാജ്യക്കൂട്ടായ്മയുടെയും നാറ്റോ സൈനികസഖ്യത്തിന്റെയും ഉന്നതനേതാക്കള്‍ ഇവിടേയ്ക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അധികാരികളുടെ തലവേദന എന്താണ്?

പ്രതിഷേധ പ്രകടനക്കാര്‍

ടൈം വാരികയുടെ കഴിഞ്ഞ വര്‍ഷത്തെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത് പതിവുപോലെ രാഷ്ട്രീയക്കാരോ ബിസിനസ് പ്രമുഖരോ അല്ല, മറിച്ച് 'പ്രൊട്ടസ്റ്റര്‍' അഥവാ പ്രതിഷേധപ്രകടനക്കാര്‍ ആണ്.

ആഗോളമുതലാളിത്തത്തെയും അധിനിവേശ യുദ്ധങ്ങളെയും എതിര്‍ക്കുന്ന ലക്ഷക്കണക്കിന് പ്രകടനക്കാര്‍ സ്ഥിരമായി ഉന്നംവയ്ക്കുന്ന വേദികളാണ് ജി 8, നാറ്റോ, വേള്‍ഡ് എക്കണോമിക് ഫോറം, ലോക വ്യാപാര സംഘടന തുടങ്ങിയവയുടെ ഉച്ചകോടികള്‍.

മെയ് 19 മുതല്‍ 21 വരെ നടക്കുന്ന ജി 8 നാറ്റോ സമാന്തരയോഗങ്ങള്‍ക്ക് മൊത്തം ചെലവ് 65 മില്യണ്‍ ഡോളര്‍ വരെ ആവും എന്ന് കണക്കാക്കപ്പെടുന്നു. ഈ ചെലവില്‍ നല്ലൊരു പങ്കും നികുതിയായി കൊടുക്കേണ്ടത് നാട്ടുകാരായതിനാല്‍ ഇവയുടെ നടത്തിപ്പില്‍ പുതുജനപങ്കാളിത്തം ഉറപ്പു വരുത്തണം എന്ന ആവശ്യം, പക്ഷേ, വിസ്മരിക്കപ്പെട്ടു. ലോകമാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ ഉച്ചകോടിയുടെ നടത്തിപ്പില്‍ സുതാര്യത നിലനിര്‍ത്തണമെന്നൊന്നും ഇപ്പോള്‍ അധികാരികള്‍ക്കില്ല.

പൊതുജനത്തിന് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സ്വകാര്യസ്ഥാപനങ്ങളിലും വ്യക്തികളിലും നിന്നാണ് യോഗം സംഘടിപ്പിക്കാന്‍ പണം പിരിക്കുന്നത്. അവരുടെ വ്യവസ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ വന്‍സ്വാധീനശക്തിയുള്ള ജി 8 നാറ്റോ കൂട്ടായ്മ സ്വീകരിക്കുന്നതിലേയ്ക്ക് ഇത്തരം 'സ്‌പോണ്‍സര്‍ഷിപ്പ്' വഴിതെളിക്കും എന്ന് പലരും കരുതുന്നു. യോഗം തീരുമാനങ്ങള്‍ എടുത്തു പിരിഞ്ഞു. മാസങ്ങള്‍ക്ക് ശേഷമേ ഈ സംഭാവനകളുടെ കണക്കുകള്‍ വെളിപ്പെടൂ.

കഴിഞ്ഞ ഒക്‌ടോബറില്‍ 'ഒക്കുപൈ വാള്‍സ്ട്രീറ്റ്' സമരത്തിനു പിന്തുണയുമായി ഷിക്കാഗോ ഗ്രാന്റ്പാര്‍ക്കില്‍ ആയിരങ്ങള്‍ പ്രകടനം നടത്തിയപ്പോഴാവണം, വരാനിരിക്കുന്ന പ്രതിഷേധക്കടലിനെ പ്പറ്റി ഒബാമയുടെ മുന്‍ 'ചീഫ് ഓഫ് സ്റ്റാഫ്' കൂടി ആയ മേയര്‍ റാം ഇമ്മാനുവല്‍ ആലോചിച്ചത്. അന്ന് 175 പ്രകടനക്കാരെ അറസ്റ്റ് ചെയ്തു നീക്കുമ്പോള്‍, ഭാവിയില്‍ ഇത്തരം പ്രകടനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് നഗരപിതാവും കൂട്ടരും തലപുകച്ചതിന്റെ ഫലമാവാം കഴിഞ്ഞ ദിവസങ്ങളില്‍ അനാവരണം ചെയ്ത 'താല്‍ക്കാലിക നിയന്ത്രണങ്ങള്‍'. അമേരിക്കയുടെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ അനുവദിച്ചിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കും വിധമുള്ള നിയമങ്ങള്‍ ആയിരുന്നു ഇവയില്‍ പലതും. പൊലിസ് സൂപ്രണ്ടിന് പേര് വെളിപ്പെടുത്താതെ ഇഷ്ടമുള്ള ആളുകളെ ജാഥകളെ നിയന്ത്രിക്കുന്ന 'നിയമപാലകര്‍' ആയി നിയമിക്കാം. പൊതുജന യോഗങ്ങള്‍ എവിടെയൊക്കെ, ഏതു സമയങ്ങളില്‍ കൂടാം എന്ന് ഭരണകൂടം തീരുമാനിക്കും. അതിനു പ്രത്യേക വേദികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടും. ഉച്ചകോടി നടക്കുന്ന പ്രദേശത്തിന്റെ നിശ്ചിത ചുറ്റളവിനുള്ളില്‍ ആള്‍ക്കൂട്ടത്തെ അനുവദിക്കില്ല. 'ശബ്ദമലിനീകരണം' നിയന്ത്രിക്കാന്‍ 'ഡെസിബല്‍ ലെവല്‍' നിശ്ചയിക്കും. പാര്‍ക്കുകളും മറ്റു പൊതുസ്ഥലങ്ങളും നേരത്തെ അടയ്ക്കുകയോ പ്രവേശനം നിയന്ത്രിക്കപ്പെടുകയോ ചെയ്യും. പോലീസിനെ എതിര്‍ക്കുകയോ അറസ്റ്റ് ചെറുക്കുകയോ ചെയ്താല്‍ കൊടുക്കേണ്ട പിഴ 1000 ഡോളര്‍. (കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 200 ഡോളര്‍ ആക്കികുറച്ചു. നൂറു പേര്‍ കൂടുന്നിടത്തെല്ലാം പ്രകടനക്കാര്‍ ഒരു 'പരേഡ് മാര്‍ഷലിനെ' വയ്ക്കണം എന്ന നിയന്ത്രണവും നീക്കം ചെയ്യപ്പെട്ടു.)

കോലാഹലം സൃഷ്ടിച്ചുവെങ്കിലും, പുതിയ 'പരേഡ് ഓര്‍ഡിനന്‍സ്' അല്‍പസ്വല്‍പം മാറ്റങ്ങളോടെ നിലവില്‍ വരും. മെയ് മാസത്തിലെ ഉച്ചകോടിയ്ക്ക് ശേഷവും ഈ 'താല്‍ക്കാലിക' നിയന്ത്രണങ്ങള്‍ തുടരും എന്നും കരുതപ്പെടുന്നു.

ഇത് കൂടാതെ, തന്റെ ഓഫീസിനു ഇഷ്ടപ്രകാരം പണം ചെലവ് ചെയ്യാനുള്ള വിശാല അധികാരത്തിനു വേണ്ടി മേയര്‍ സിറ്റി കൗണ്‍സിലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും സേവനം ആവശ്യം വന്നാല്‍, നിലവിലുള്ള സേവനദാതാക്കള്‍ക്ക് പുറമേയുള്ളവര്‍ക്ക് കോണ്‍ട്രാക്ട് കൊടുക്കാനുള്ള അധികാരവും മേയര്‍ ചോദിച്ചിട്ടുണ്ട്. അതായത് ടെണ്ടര്‍ വിളിക്കാതെ തോന്നിയവര്‍ക്ക് കോണ്‍ട്രാക്റ്റ് കൊടുക്കാം. പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട നിരീക്ഷണ ക്യാമറകളും അനുബന്ധ സജ്ജീകരണങ്ങളുമെല്ലാം വാങ്ങാനുള്ള ഉടമ്പടികളില്‍ മേയര്‍ക്ക് മേല്‍ ഒരു നിയന്ത്രണവും ഉണ്ടാവില്ല.

പ്രകടനങ്ങളെ ചെറുക്കുന്നത് ഷിക്കാഗോയില്‍ ഒരു പുതുമ അല്ല. ഇറാഖ് അധിനിവേശ യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ നടന്നപ്പോള്‍ അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തത് ഇപ്പോഴും ഇവിടെ ഒരു വിവാദമായി തുടരുന്നു. അന്നത്തെ അറസ്റ്റുകള്‍ അവകാശലംഘനമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകള്‍ കൊടുത്ത കേസ് പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് നടത്തിയ ശ്രമം കഴിഞ്ഞ ആഴ്ച കോടതിയില്‍ പരാജയപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വിഡ്ഢിത്തമാണെന്ന് കോടതി പറഞ്ഞു.

സിയാറ്റിലില്‍ ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിക്കെതിരെ 1999 ല്‍ നടന്ന രക്തപങ്കിലമായ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവാം പുതിയ നിയമങ്ങള്‍. ലണ്ടനില്‍ 1977ല്‍ മാത്രമാണ് ജി 8 നറ്റോ ഉച്ചകോടികള്‍ ഒരേ സമയത്ത് ഒരേ നഗരത്തില്‍ നടന്നത്. പല അമേരിക്കന്‍ നഗരങ്ങളിലും ഇപ്പോഴും പുകയുന്ന ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ഉച്ചകോടികള്‍ നടക്കാന്‍ പോകുന്നത് എന്നും ഓര്‍ക്കണം.

'താല്‍ക്കാലിക' നിയന്ത്രണങ്ങള്‍ സ്ഥിരമാക്കും എന്ന് മനസ്സിലായതോടെ സന്നദ്ധ സംഘടനകള്‍ രൂക്ഷമായി പ്രതിഷേധിച്ചതുകാരണം ഈ ഉച്ചകോടികള്‍ നടത്താന്‍ ചുമതലയുള്ള സ്വകാര്യകമ്പനി ഇപ്പോള്‍ എല്ലാം രഹസ്യമായിട്ടാണ് ചെയ്യുന്നത്.

പൊതുസ്ഥലങ്ങളിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അമേരിക്കയുടെ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. അത്തരം എതിര്‍പ്പിന്റെ സ്വരം കേട്ട് വിയറ്റ്‌നാമിലും ഇപ്പോള്‍ ഇറാക്കിലും യുദ്ധങ്ങള്‍ നിലച്ചു. ഈ നാട്ടിലെ സാധാരണക്കാരന്റെ സമരകാഹളം കറുത്ത വര്‍ഗക്കാരന്റെ അവകാശസമരങ്ങള്‍ക്ക് ഊര്‍ജം നല്‍കി. സ്വന്തം ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമായി അമേരിക്കക്കാര്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും പൊതുസ്ഥലത്ത് യോഗം കൂടാനുള്ള അവകാശവും ഒക്കെ മെല്ലെ ഹനിക്കപ്പെടുകയാണോ?

സര്‍ക്കാര്‍ വക 'നിരീക്ഷണം' ശക്തമായ ഈ കാലത്ത് അമേരിക്കയില്‍ ഒരാള്‍ പ്രതിഷേധ പ്രകടനത്തിന് തെരുവില്‍ ഇറങ്ങാന്‍ ധൈര്യം കാട്ടിയാല്‍ അത് തന്നെ ഒരു വലിയ കാര്യമാണ്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, െ്രെഡവിംഗ് ലൈസന്‍സ്, സ്റ്റേറ്റ് ഐ ഡി കാര്‍ഡ് തുടങ്ങിയ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും കമ്പ്യൂട്ടര്‍വല്‍കൃതം ആയതിനാല്‍ ഇത്തരം 'നിയമ ലംഘനങ്ങള്‍' എല്ലാം രേഖപ്പെടുത്താന്‍ എളുപ്പമാണ്. അറസ്റ്റ് പോലെയുള്ള ഏതു പൊലിസ് കേസും മായാത്ത രേഖയായി ഭരണയന്ത്രത്തിന്റെ കമ്പ്യൂട്ടറുകളില്‍ ഉണ്ടാവും.

ഉപരിപഠനത്തിനോ വിദേശയാത്രയ്‌ക്കോ ജോലിക്കോ, എന്തിന്, ബാങ്ക് അക്കൗണ്ട് തുറക്കാനോ വീട് വാടകയ്ക്ക് എടുക്കാനോ പോലും പോകുമ്പോള്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ ചോദിക്കുക പതിവാണ്. ഈ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് വേണമെങ്കില്‍ കാര്‍ഡ് നമ്പരുകള്‍ ഉപയോഗിച്ചു അപേക്ഷകരുടെ 'ക്രിമിനല്‍' ചരിത്രം മുഴുവനും അന്വേഷിച്ചെടുക്കാന്‍ പറ്റും. അതുകൊണ്ട് ഭൂരിഭാഗം അമേരിക്കക്കാരും നിയമലംഘനമോ സാമ്പത്തിക കുറ്റങ്ങളോ ചെയ്യാതെ 'മാനംമര്യാദയ്ക്ക്' ജീവിക്കാനാണ് ശ്രമിക്കുക. ഇത്തരം അപകടങ്ങള്‍ വകവയ്ക്കാതെ പ്രതിഷേധപ്രകടനത്തിന് ഇറങ്ങി അറസ്റ്റ് വരിക്കാന്‍ ഇന്ന് അമേരിക്കന്‍ ജനത, പ്രത്യേകിച്ചു യുവതലമുറ, തയ്യാറാവുന്നു എന്നത് പ്രശ്‌നങ്ങള്‍ എത്ര രൂക്ഷമാണെന്ന് തെളിയിക്കുന്നു. അതിനു തടയിടാനാണ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും.

ഈജിപ്തിലും ടുണീഷ്യയിലും, ലിബിയയിലും, സിറിയയിലും ഇത്തരം പ്രകടനങ്ങള്‍ നടന്നപ്പോള്‍ അതിനെ 'അറബ് വസന്തം' എന്ന് വിളിച്ചു കയ്യടിച്ച അമേരിക്കന്‍ ഭരണകൂടം, ഈ മെയ് മാസം ഇവിടെ ഒരു 'പ്രകടന വസന്തം' അനുവദിക്കില്ലേ? കണ്ടറിയാം.

ഇറാക്ക് യുദ്ധത്തിനെതിരെ ആദ്യമായി തെരുവില്‍ ഇറങ്ങിയവരില്‍പ്പെട്ടവരാണ് ഷിക്കാഗോ നിവാസികള്‍. അന്ന്, ആയിരക്കണക്കിനു പ്രകടനക്കാരെ അഭിസംബോധന ചെയ്ത ഒരു രാഷ്ട്രീയനേതാവുണ്ടായിരുന്നു. ഷിക്കാഗോ സെനറ്റര്‍ ആയിരുന്ന ബരാക് ഒബാമ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

ഒബാമയുടെ രണ്ടാം വരവിനു മല്‍സരവേദി ആവുന്ന നഗരം എന്ന നിലയില്‍, അദ്ദേഹത്തിന്റെ പുനര്‍തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്ന, പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന വിധം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഒബാമയുടെ വിശ്വസ്തനായ മേയര്‍ ഇമ്മാനുവേല്‍ തയ്യാറാവില്ല എന്ന് പ്രതീക്ഷിക്കാം.

*
ഡോ. വിനോദ് ജനാര്‍ദ്ദനന്‍ ജനയുഗം 24 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ മെയ് മാസം വന്‍ശക്തികളുടെ രണ്ടു ഉച്ചകോടികള്‍ക്ക് ഷിക്കാഗോ മഹാനഗരം സാക്ഷിയാകും. ജി 8 എന്ന സമ്പന്ന രാജ്യക്കൂട്ടായ്മയുടെയും നാറ്റോ സൈനികസഖ്യത്തിന്റെയും ഉന്നതനേതാക്കള്‍ ഇവിടേയ്ക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അധികാരികളുടെ തലവേദന എന്താണ്?

പ്രതിഷേധ പ്രകടനക്കാര്‍

ടൈം വാരികയുടെ കഴിഞ്ഞ വര്‍ഷത്തെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത് പതിവുപോലെ രാഷ്ട്രീയക്കാരോ ബിസിനസ് പ്രമുഖരോ അല്ല, മറിച്ച് 'പ്രൊട്ടസ്റ്റര്‍' അഥവാ പ്രതിഷേധപ്രകടനക്കാര്‍ ആണ്.