Friday, January 27, 2012

ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ജേക്കബ് പണിക്കര്‍

പട്ടം താണുപിള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ അമരാവതി സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് അര നൂറ്റാണ്ട് പഴക്കമുണ്ട്. സമരത്തിന്റെ മുന്നണി പോരാളിയായി നിന്ന ജേക്കബ് പണിക്കര്‍ക്ക് അമരാവതി സമരം ഇന്നലത്തെ ഓര്‍മ്മയാണ്. കോട്ടയം ജില്ലയില്‍ സി പി ഐയെ വര്‍ഷങ്ങളോളം നയിച്ച സമരനേതാവ് പണിക്കര്‍ക്ക് സമരത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പറയുമ്പോള്‍ ഇന്നും നൂറുനാവ്. കുടിയിറക്ക് പീഡനത്തിനെതിരെ കത്തിജ്വലിച്ച കര്‍ഷക രോഷം സര്‍ക്കാരിനെ വിറപ്പിച്ച സമരമായും പിന്നീട് കര്‍ഷകരുടെ വിജയമായും മാറിയതിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ അന്നത്തെ 29 വയസ്സുകാരന് ഇന്ന് ഓര്‍ത്തെടുക്കാനുള്ളത് നിരവധി മുഹൂര്‍ത്തങ്ങളാണ്. കര്‍ഷകരുടെ ദുരിതമറിഞ്ഞ് അമരാവതിയിലെത്തിയ നിമിഷം മുതല്‍ സമരം വിജയിച്ചിട്ടും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഇടുക്കിയില്‍ കഴിഞ്ഞ ഓരോ മുഹൂര്‍ത്തവും ജേക്കബ് പണിക്കര്‍ക്ക് മറക്കാനാവില്ല.

അയ്യപ്പന്‍കോവില്‍ കുടിയിറക്ക് ഹൈറേഞ്ചിലെ പഴയ തലമുറക്ക് ഇന്നും ഭീതിജനകമായ ഓര്‍മയാണ്. 1961ല്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പാര്‍ട്ടിയും കര്‍ഷക സംഘടനകളും കോട്ടയം ജില്ലാകമ്മറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിച്ചവരെ കുമളിയിലെ അമരാവതിയില്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. മേയ് രണ്ടിനാണ് സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്ത് നിന്ന് 1700 കുടുംബങ്ങളിലെ പതിനായിരത്തോളം ആളുകളെ കുടിയിറക്കിയത്. എതിര്‍ത്ത് നിന്നവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. വീടുകളും കൃഷികളും തീയിട്ട് നശിപ്പിച്ചു.

തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ അകത്തും പുറത്തുമായി ആളുകളെ കുത്തിനിറച്ച് 40 മൈല്‍ അകലെ അമരാവതിയില്‍ കൂട്ടത്തോടെ ഇറക്കിവിടുകയായിരുന്നു. ഭക്ഷണമോ വെള്ളമോ പാര്‍പ്പിടമോ ചികിത്സാ സൗകര്യമോ ഇല്ലാതെ നരകിച്ച മനുഷ്യരുടെ യാതനകള്‍ക്കിടയിലേക്കാണ് ജേക്കബ് പണിക്കര്‍ എത്തിയത്. അമരാവതിയിലെ ജനങ്ങളുടെ യാതനകള്‍ കിസാന്‍സഭയുടെ സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സി എച്ച് കണാരനും, പന്തളം പി ആറും, കെ ടി ജേക്കബും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവിടെ എത്തിയപ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെ ഒരുമിപ്പിച്ച് എം ഇ ജോസഫിനെ പ്രസിഡന്റാക്കി കര്‍ഷകരക്ഷാസമിതി രൂപീകരിച്ചു. പിന്നീട് സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.

കാഞ്ചിയാറും കൊക്കപ്പാളയത്തും മുരിക്കാട്ടുകുഴിയിലും കുടിയൊഴിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും പൊലീസ് അഴിഞ്ഞാടുകയായിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.

അമരാവതിയിലെ തോരാതെ പെയ്യുന്ന മഴയിലും കൊടും തണുപ്പിലും സ്ത്രീകളും കുട്ടികളും രോഗികളും കൊടിയ യാതനയാണ് അനുഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കെ ടി ജേക്കബുമൊത്ത് എ കെ ജി അമരാവതി സന്ദര്‍ശിച്ചു. തുടര്‍ന്ന് തിരികെ പോരും വഴി കാറില്‍വച്ച് അമരാവതിയില്‍ സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി തന്നെ അറിയിക്കുകയായിരുന്നുവെന്ന് പണിക്കര്‍ ഓര്‍മ്മിക്കുന്നു. പിന്നീട് കോട്ടയത്ത് വച്ചാണ് സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി പ്രസ്താവിക്കുന്നത്. ജൂണ്‍ ആറിന് മുമ്പ് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അമരാവതിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് കര്‍ഷക സമിതി പ്രസിഡന്റ് എം ഇ ജോസഫിന്റെ അധ്യക്ഷതയില്‍ കുമളിയില്‍ നടന്ന പൊതുയോഗത്തില്‍ എ കെ ജിയും ഇ എം എസും സംസാരിച്ചു. തുടര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ കര്‍ഷകരും നാട്ടുകാരും പ്രകടനമായി അമരാവതിയിലേക്ക് ചെന്നു. തുടര്‍ന്ന് എ കെ ജി നിരാഹാര സമരം ആരംഭിച്ചു. സമരത്തിന് രാജ്യമാകെ വന്‍ പ്രചാരവും പിന്തുണയുമാണുണ്ടായത്.

സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരാരും അമരാവതിയിലേക്കെത്തിയില്ല. 14ന് രാത്രി 11 മണിയോടെ എ കെ ജിയെ അറസ്റ്റു ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പണിക്കര്‍ അനുസ്മരിച്ചു. എ കെ ജി സത്യാഗ്രഹമിരുന്ന സമയത്ത് ഒരിക്കല്‍ പൊന്‍കുന്നത്തുനിന്നുമാണ് രാത്രി ഡോക്ടറെ എത്തിച്ചത്. റോസമ്മ പുന്നൂസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെള്‍പ്പെടെയുള്ള സംഘം കളക്‌ട്രേറ്റ് പിക്കറ്റിംഗ് നടത്തി.

ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇടപെടേണ്ടി വന്നു. വിമോചന സമര നായകന്‍ ഫാദര്‍ വടക്കനും കത്തോലിക്കാ സഭയും സമരത്തെ പിന്തുണച്ചു.

ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് ഇന്ത്യയിലെ കര്‍ഷക സമര ചരിത്രത്തില്‍ സുപ്രധാന ഇടമാണുള്ളത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 17 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എ കെ ജി സമരം അവസാനിപ്പിച്ചത്. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കിയ ശേഷമേ പദ്ധ തികള്‍ക്കായി കുടിയൊഴിപ്പിക്കാവൂവെന്ന നിയമവും ഇതോടെ നിലവില്‍ വന്നു. അങ്ങനെ അമരാവതി സമരം ചരിത്രത്തിന്റെ താളുകളിലേക്ക് നീങ്ങി. അമരാവതിയും വളഞ്ഞാംകാലയും, ഇരുമ്പൂന്നിക്കരയും അടങ്ങുന്ന നിരവധി സമരചരിത്രങ്ങള്‍ ഒളിമങ്ങാതെ ഓര്‍മ്മയില്‍ തെളിയുമ്പോഴും പണിക്കര്‍ സാറിനെ വേദനിപ്പിക്കുന്നത് പാര്‍ട്ടിയുടെ പിളര്‍പ്പ് തന്നെയാണ്. അതിന്റെ പേരിയുണ്ടായ തര്‍ക്കങ്ങളും വഴക്കുകളും നീറുന്ന വേദനയായി ഇന്നും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ മണ്ണില്‍ ചുവപ്പന്‍ ആശയങ്ങളും ചിന്തകളും ആഴത്തില്‍ വേരോടിതുടങ്ങിയപ്പോള്‍ മുതല്‍ കമ്മ്യൂണിസത്തെ നെഞ്ചേറ്റി തുടങ്ങിയതാണ് ജേക്കബ് പണിക്കര്‍. ആവേശം അതിന്റെ കൊടുമുടിയിലെത്തിയപ്പോള്‍ 1950ല്‍ പാര്‍ട്ടിയിലേക്കെത്തി. സജീവപ്രവര്‍ത്തകനായി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സഖാവ് 1965-68, 1978-80 കാലത്ത് കോട്ടയത്ത് പാര്‍ട്ടിയെ നയിച്ചു. കമ്മ്യൂണിസത്തെ നെഞ്ചേറ്റിയ സഖാവ് സമരങ്ങള്‍ വിജയിപ്പിക്കുക എന്നത് തന്റെ കടമയായി മാത്രം കണ്ടു. യാതനകള്‍ തെല്ലും വിഷമിപ്പിക്കാത്ത നാളുകളില്‍ വെയിലും മഴയും ജയിലുകളിലെ മാറിവരുന്ന ക്രൂര പീഢനങ്ങളും വകവെച്ചില്ല. എല്ലാം പാര്‍ട്ടിക്കുവേണ്ടി എന്ന് മനസ്സില്‍ ഉറപ്പിച്ചു. തന്റെ ജീവന്‍പോലും പാര്‍ട്ടിയാണെന്ന് വിശ്വസിച്ച പണിക്കര്‍ വെള്ളൂര്‍ കോളശേരില്‍ ലീലാമ്മയെ ജീവിതസഖിയായി കൂടെ കൂട്ടുന്നത് തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ്.

പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷവും പിന്നെ ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ തന്നെ പണിക്കര്‍സാര്‍ നിന്നു. ജില്ലയില്‍ കമ്മ്യൂണിസത്തെ നയിക്കാനും അതിന് വേരോട്ടമുണ്ടാക്കാനും പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയെ മറക്കാന്‍ പണിക്കര്‍ സാറിന് ആവില്ല. അതുകൊണ്ടുതന്നെ മക്കളും കൊച്ചുമക്കളുമൊക്കെയായുള്ള ജീവിതത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടകത്തില്‍ തനിക്ക് ആവുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി പണിക്കര്‍സാറുണ്ട്. വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് കമ്മ്യൂണിസത്തിന്റെ ആശയം പകര്‍ന്നു നല്‍കാന്‍...

*
സരിത കൃഷ്ണന്‍ ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പട്ടം താണുപിള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ അമരാവതി സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് അര നൂറ്റാണ്ട് പഴക്കമുണ്ട്. സമരത്തിന്റെ മുന്നണി പോരാളിയായി നിന്ന ജേക്കബ് പണിക്കര്‍ക്ക് അമരാവതി സമരം ഇന്നലത്തെ ഓര്‍മ്മയാണ്. കോട്ടയം ജില്ലയില്‍ സി പി ഐയെ വര്‍ഷങ്ങളോളം നയിച്ച സമരനേതാവ് പണിക്കര്‍ക്ക് സമരത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പറയുമ്പോള്‍ ഇന്നും നൂറുനാവ്. കുടിയിറക്ക് പീഡനത്തിനെതിരെ കത്തിജ്വലിച്ച കര്‍ഷക രോഷം സര്‍ക്കാരിനെ വിറപ്പിച്ച സമരമായും പിന്നീട് കര്‍ഷകരുടെ വിജയമായും മാറിയതിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ അന്നത്തെ 29 വയസ്സുകാരന് ഇന്ന് ഓര്‍ത്തെടുക്കാനുള്ളത് നിരവധി മുഹൂര്‍ത്തങ്ങളാണ്. കര്‍ഷകരുടെ ദുരിതമറിഞ്ഞ് അമരാവതിയിലെത്തിയ നിമിഷം മുതല്‍ സമരം വിജയിച്ചിട്ടും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഇടുക്കിയില്‍ കഴിഞ്ഞ ഓരോ മുഹൂര്‍ത്തവും ജേക്കബ് പണിക്കര്‍ക്ക് മറക്കാനാവില്ല.