Friday, January 27, 2012

കെ വി കൈപ്പള്ളി: അനാചാരങ്ങള്‍ ദൂരെയെറിഞ്ഞ കമ്യൂണിസ്റ്റുകാരന്‍

ജാതിയും അനാചാരങ്ങളും സൃഷ്ടിച്ച അയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയും പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് സഖാവ് കെ വി കൈപ്പള്ളി. നമ്പൂതിരി സമുദായത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ കണ്ടുവളര്‍ന്ന കൈപ്പള്ളിയുടെ മനസില്‍ ഇതിനെതിരായി പ്രവര്‍ത്തിക്കണമെന്ന ആശയമുദിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ സാംസ്‌കാരികരാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന അനുഭവങ്ങളാണ് കൈപ്പള്ളിയുടെ ജീവിതം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ഈരാറ്റുപേട്ടയിലെ മലയാളം മിഡിയം സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി പണിമുടക്കില്‍ പങ്കെടുത്തു. ഒരു ദിവസം പൂഞ്ഞാര്‍ എസ് എം വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ പഠിപ്പ് മുടക്ക് സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ഈരാറ്റുപേട്ട സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളെത്തി. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ വിടാന്‍ തയ്യാറായില്ല. ഞങ്ങള്‍ ആറേഴ്‌പേര്‍ അടുത്തദിവസത്തെ പഠിപ്പ് മുടക്കില്‍ പങ്കെടുത്തു. പിറ്റേദിവസം ഞങ്ങളെ സ്‌കൂളില്‍ കയറ്റിയില്ല. പിന്നീട് സംഭവബഹുലമായ സംഭവങ്ങള്‍ നടന്നു. ഇതെല്ലാം ഓരോന്നായി സഖാവ് ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ സമരങ്ങളിലൂടെയുള്ള നടത്തമായിരുന്നു കൈപ്പള്ളിയുടേത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കഥകളി അഭ്യസിക്കാന്‍ പോയതോടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യത്തെതുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അയിത്തവും ജാത്യാചാരവും ഇല്ലാതാക്കാന്‍ തന്നെ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണെന്ന് പറയാന്‍ സഖാവിന് ഒരു മടിയുമില്ല.

നിരവധി സമരങ്ങളില്‍ പങ്കെടുത്തെങ്കിലും എല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എല്ലാം സമരങ്ങളും അദ്ദേഹമിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.

1956ല്‍ നടന്ന സമരത്തിന്റെ അനുഭവങ്ങള്‍ ഇപ്പോഴും സഖാവിന്റെ മനസിലുണ്ട്. ഈരാറ്റുപേട്ടയിലെ റേഷന്‍ ഹോള്‍സെയില്‍ കടയില്‍നിന്ന് നാല് ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരം നടന്നു. 1957ലെ തിരഞ്ഞെടുപ്പ് വരെ ഇത് നീണ്ടു. 107ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഈ സമരത്തിന് നേതൃത്വം നല്‍കിയത് കൈപ്പള്ളിയാണ്. 1968ല്‍ നടത്തിയ പൂഞ്ഞാര്‍ ചെത്ത് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതും സഖാവ് തന്നെയാണ്. 1986ല്‍ നെല്‍കൃഷി മേഖലയിലെ ദുരിതം പരിഹരിക്കാന്‍ ജനാര്‍ദനന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഖാവിന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരം നടന്നു. കേരളത്തിലെ എല്ലാം ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പാര്‍ട്ടിയുടെ ചുമതലയില്‍ നിരാഹാര സമരം നടന്നു. കോട്ടയത്ത് കലക്ടറേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ 13 ദിവസം സഖാവ് നിരാഹാരം നടന്നു. പാര്‍ട്ടിയിലേക്കുള്ള സഖാവിന്റെ കടന്നുവരവും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. 1949ലാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. ജേക്കബ് വള്ളിക്കാപ്പനെ കണ്ടുമുട്ടിയതോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അദ്ദേഹമാണ് എ ടി തോമസിനെ പരിചയപ്പെടുത്തുന്നത്. പേരുകൊണ്ട് ജാതി അറിയാതിരിക്കാനാണ് പേര് മാറിതതെന്നും സഖാവ് പറയുന്നു. ഇല്ലത്ത് ചാവടിയില്‍ ആദ്യമയി മീറ്റിംഗ് കൂടിയതൊക്കെ സഖാവിന് ഇപ്പോഴും ആവേശം നല്‍കുന്ന ഓര്‍മ്മയാണ്. അന്നത്തെ മീറ്റിംഗില്‍ ഒളിവിലായിരുന്ന പി പി ജോര്‍ജും അതില്‍ പങ്കെടുത്തു. ഇത് 1949ലായിരുന്നു. പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്ക് കമ്മിറ്റി രൂപീകരിച്ചതും ഇല്ലത്തുവച്ചായിരുന്നു. ആദ്യത്തെ കമ്മിറ്റി കര്‍ഷകസംഘത്തിന്റേതായിരുന്നു. തിരുവിതാംകൂര്‍ കര്‍ഷക സംഘം. കൊണ്ടൂര്‍ പ്രാദേശിക സംഘം. കുടികിടപ്പുകാരെയൊക്കെ സംഘടിപ്പിച്ചു. ആറ് മാസം കഴിഞ്ഞ് പാര്‍ട്ടിയുടെ കൊണ്ടൂര്‍ കമ്മിറ്റി രൂപീകരിച്ചു. മീനച്ചില്‍ താലൂക്കില്‍ രണ്ട് കമ്മിറ്റികളുണ്ടായി. പൂഞ്ഞാറില്‍ ഒരു കമ്മിറ്റി ജോസഫ് തെള്ളിയുടെ നേതൃത്വത്തിലും പാലായില്‍ ആര്‍ ടി തോമസിന്റെ നേതൃത്വത്തിലും രൂപീകരിച്ചു. അങ്ങനെ വിവിധ കമ്മിറ്റികളുണ്ടായി. പാര്‍ട്ടിയും കര്‍ഷകസംഘവും രൂപീകരിച്ചശേഷം ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചയായും കൈപ്പള്ളി പറയുന്നു. അന്ന് ഉണ്ടായിരുന്ന നേതാക്കളെയെല്ലാം ഒരു പേര്‌പോലും മറക്കാതെ ഇന്നും ഓര്‍ക്കുന്നുണ്ട്. തിടനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടിലുകള്‍ക്ക് 50 പൈസ നികുതി ചുമത്തുന്നതിനെതിരെ സമരം നടന്നു. ഇതും സഖാവിന് മറക്കാനാകാത്ത സമരമാണ്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്ററും മറ്റും ശക്തമായി രംഗത്ത് വന്നു. ന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പിന് മുന്നില്‍ അവര്‍ മുട്ടുകുത്തി.

പനക്കപ്പാലം കള്ള്ഷാപ്പിലെ ചെത്ത് തൊഴിലാളി സമരം 40 ദിവസത്തോളം നീണ്ടുനിന്ന വലിയ സമരമായിരുന്നു. കൊടക്കച്ചിറ കുര്യനാണ് ഷാപ്പിന്റെ കരാറുകാരന്‍. 1954ലാണ് ഈ സമരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകനും തൊഴിലാളിയുമായ നാരായണനെയാണ് പിരിച്ചുവിട്ടത്. ഇതോടെ ഷാപ്പിന് മുന്നില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു. സമരം ആരംഭിച്ച് 40 ദിവസം കഴിഞ്ഞിട്ടും തീരുമാനമില്ലാതായതോടെ നാരായണന്‍ സത്യഗ്രഹം അവസാനിപ്പിക്കുന്നതായി പറഞ്ഞു. ഇതോടെ പ്രശ്‌നം രൂക്ഷമായി . എങ്ങനെയെങ്കിലും സമരം വിജയിപ്പിക്കേണ്ടതായി വന്നതോടെ തേവര്‍പാട്ടത്ത്‌പോയി കുര്യന്റെ മറ്റൊരു കള്ളുഷപ്പില്‍ നിന്ന് ഇവിടേക്ക് കള്ളുകൊണ്ടുവരുന്നത് തടയാന്‍ തീരുമാനിച്ചു. സഖാവും കൂട്ടരും അവിടെയെത്തിയപ്പോള്‍ കള്ള് കൊണ്ടുവരാന്‍ തുടങ്ങുകയായിരുന്നു. സഖാവിന്റെ നേതൃത്വത്തില്‍ ഇത് തടയുകയും കള്ള് പാളയും മറ്റും കത്തിയെടുത്ത് കുത്തിക്കീറി. ഇതോടെ കള്ള് മുഴുവന്‍ ഒഴുകി നശിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചത് അവര്‍ ഏറ്റുമുട്ടലിന് തയാറാകുമെന്നാണ് എന്നാല്‍ ഉണ്ടായില്ലന്ന് സഖാവ് ഓര്‍ക്കുന്നു. കുര്യന്‍ നേരെ ഈരാറ്റുപേട്ടക്ക് പോയി പൊലിസുമായെത്തി. എസ് ഐ എത്തി ചോദ്യം ചെയ്തു. തൊഴിലാളിയെ തിരികെയെടുത്താലെ കള്ള് വില്‍ക്കാന്‍ അനുവദിക്കുവെന്ന് പറഞ്ഞതോടെ ഞങ്ങളെ സ്റ്റേഷനില്‍ വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ ജോലിയില്‍ പ്രവേശിപ്പിച്ചു. അന്നത്തെക്കാലത്തെ പ്രധാന സമരമായിരുന്നു ഈ സമരം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ എല്ലായിടത്തും ആക്രമണം നടത്തുന്ന കാലഘട്ടമായിരുന്നു അതെന്ന് സഖാവ് ഓര്‍ക്കുന്നു. കൈപ്പള്ളി പാര്‍ട്ടിയിലെത്തുന്നതിന് മുമ്പാണെങ്കിലും പൂഞ്ഞാറിലെ പട്ടിണിജാഥയെക്കുറിച്ചും സമരങ്ങളെക്കുറിച്ചും സഖാവിന് അറിയാവുന്നതുപോലെ ഇപ്പാള്‍ ആര്‍ക്കും അറിയില്ല. പൂഞ്ഞാറിലെ പട്ടിണിജാഥക്ക് നേതൃത്വം നല്‍കിയത് ജോസഫ് തെള്ളിയാണ്. ഇടവകസമരത്തില്‍ പങ്കെടുത്തതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത്. ഇതില്‍ 13 പേര്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂഞ്ഞാറില്‍ വലിയ അടിത്തറ ഉണ്ടാക്കിയത് പട്ടിണിജാഥയും മറ്റ് സമരങ്ങളുമാണെന്ന് കൈപ്പള്ളി പറയുന്നു. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പ്രമുഖരായ പലരും പൂഞ്ഞാറില്‍ ഒളിവില്‍ കഴഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ജാതിവിരുദ്ധമായ നിലപാടുകളുടെയും സമരങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും തീഷ്ണ അനുഭവങ്ങള്‍ എരുമേലിയില്‍നിന്നും പുറത്തിറങ്ങുന്ന 'സ്മൃതിസരണി' എന്ന മാസികയില്‍ സഖാവ് ആത്മകഥയായി എഴുതിക്കൊണ്ടിരിക്കുകയാണ്. ജാതിയും മതവും അറിയാതിരിക്കാനാണ് കൈപ്പള്ളിഎന്ന പേര് സ്വീകരിച്ചതെന്നും കമ്യൂണിസ്റ്റുകാരനായതോടെ പല പരമ്പരാഗത നിലപാടുകളിലും മാറ്റം വരുത്താന്‍ കഴിഞ്ഞതായി സഖാവ് പറയുന്നു.

മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ടക്കടുത്തുള്ള കൊണ്ടൂര്‍ വില്ലേജില്‍ കൈപ്പള്ളി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി (1925) മലയാള മാസം എടവം മൂന്നിനാണ് കെ കെ വാസുദേവന്‍ നമ്പൂതിരിയെന്ന കെ വി കൈപ്പള്ളി ജനിച്ചത്. മേലമ്പാറ ഗവ.എല്‍ പി സ്‌കൂള്‍, ഈരാറ്റുപേട്ട ഗവ.മലയാളം മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 1949ല്‍ തിരുവിതാംകൂര്‍ കര്‍ഷകസംഘത്തിന്റെ കൊണ്ടൂര്‍ പ്രാദേശിക സംഘം രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് പ്രസ്ഥാനത്തിലേക്ക് വന്നു. 1950ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തമെടുത്തു. കൊണ്ടൂര്‍ സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1954ല്‍ ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി, മീനച്ചില്‍ താലൂക്ക് കമ്മിറ്റി അംഗം. 1953ലും 55ലും തിരുകൊച്ചി കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തില്‍ ഓച്ചിറയിലും പന്തളത്തും പങ്കെടുത്തു. 1980കളില്‍ ആര്‍ ടി എ ബോര്‍ഡ് അംഗം, 1987 മുതല്‍ 91 വരെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1961ല്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായി. 2011ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. അനാരോഗ്യത്തെതുടര്‍ന്ന് ഒഴിവായതോടെ ഇപ്പോള്‍ ജില്ലാ കൗണ്‍സിലില്‍ സ്ഥിരം ക്ഷണിതാവ്. മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ പ്രസിഡന്റാണ്. 1973 മുതല്‍ 20 വര്‍ഷം കിസാന്‍സഭ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. 1982ല്‍ സി പി ഐ മീനച്ചില്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കിസാന്‍ സഭയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്.

ഭാര്യ സുമതിക്കുട്ടി. സുലോചന, സുകുമാരി, സുരേഷ് കുമാര്‍, സുനില്‍ എന്നിവര്‍ മക്കളാണ്. മീനച്ചില്‍ താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നുവരെയുള്ള വളര്‍ച്ചക്ക് കാരണമായത് സഖാവിന്റെ പ്രവര്‍ത്തനം കൊണ്ടാണ്.

*
ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജാതിയും അനാചാരങ്ങളും സൃഷ്ടിച്ച അയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയും പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് സഖാവ് കെ വി കൈപ്പള്ളി. നമ്പൂതിരി സമുദായത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ കണ്ടുവളര്‍ന്ന കൈപ്പള്ളിയുടെ മനസില്‍ ഇതിനെതിരായി പ്രവര്‍ത്തിക്കണമെന്ന ആശയമുദിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.