Wednesday, January 18, 2012

കവിതയുടെ ചൊല്‍വടിവുകള്‍

കവിത ജനങ്ങളുമായി പങ്കിടുന്നതിന്റെ നാടകവേളയാണ് കവിയരങ്ങും ചൊല്‍ക്കാഴ്ചകളും. ഊര്‍ജ്ജസംക്രമണം ചൊല്‍ക്കാഴ്ചയില്‍ ഉണ്ടാവണം.

ഓരോ കവിതയും ഓരോ ആളത്തം ആണ്. വൈകാരികമുഹൂര്‍ത്തങ്ങളുടെയും അവയില്‍ ലയിച്ച ചിന്തയുടെയും ആഗ്നേയപ്രവാഹത്തിന്റെ ആരോഹണാവരോഹണങ്ങള്‍ ഓരോ കവിതയിലും ഭിന്നമാണ്. 'കുറത്തി'യെപ്പോലെയല്ല 'പരാതി'യും 'കണ്ണൂര്‍ക്കോട്ട'യും 'ചാക്കാല'യും.

കവിത കവിതയ്ക്കു വേണ്ടിയാണ്. പാട്ടിനുവേണ്ടിയോ മിമിക്രിയ്ക്കു വേണ്ടിയോ ചിരിയരങ്ങിനു വേണ്ടിയോ അല്ല. ലളിതഗാനങ്ങളെ ആപാദമധുരമായി പാടി കവിതയാണെന്നു തെറ്റിദ്ധരിപ്പിക്കുന്നവര്‍ ഉണ്ട്. ഉള്ളിരിപ്പിന്റെ കനല്‍ ഇല്ലാതെ ഏകസ്വരതയുള്ള ഗദ്യത്തില്‍ പ്രേതഭാഷണം നടത്തുന്നവര്‍ ഉണ്ട്. വാക്കുകള്‍ തിരിച്ചും മറിച്ചുമിട്ട് കൊസ്രാക്കൊള്ളി നടത്തുന്നവരും ഉണ്ട്.

മഹാസങ്കടങ്ങളെ ഘടനാവൈവിധ്യത്തോടുകൂടി അവതരിപ്പിക്കാത്ത, ഭാഗ്യം കൊണ്ടു മാത്രം കവിപ്പേരു കിട്ടിയ ആളുകള്‍ ആണ് ശക്തമായ കവിയരങ്ങുകളെ ആക്ഷേപിക്കുന്നത്. ഓരോ കവിതയ്ക്കും ഓരോ ജൈവതാളം ആണ്. അതിനനുസരിച്ച് കവിയുടെ ശരീരഭാഷയും മാറണം. ഇതിന് എല്ലാവര്‍ക്കും കഴിവില്ല. പലരും എല്ലാ കവിതയും ഒരേ മട്ടില്‍ പാടുകയോ പറയുകയോ ചെയ്യും.

കാവ്യം ഗദ്യത്തിനും പദ്യത്തിനും ചാറ്റിനും അതീതമായ ഉള്ളിരിപ്പുകളുടെ കലാപരമായ പാകമാണ്. കവിയരങ്ങില്‍ എല്ലാ സാധ്യതയ്ക്കും ഇടം ഉണ്ട്. കവിത ശബ്ദത്തിലോ ദൃശ്യത്തിലോ റിക്കാര്‍ഡു ചെയ്യുമ്പോള്‍ സാധ്യതകള്‍ വര്‍ധിക്കുന്നു.

എവിടെ എപ്പോള്‍ ആരുടെ മുമ്പില്‍ ആരുടെയൊക്കെ കൂടെ കവിത അവതരിപ്പിക്കുന്നു എന്ന പ്രകരണത്തിനു പ്രാധാന്യം ഉണ്ട്. ശിവഗിരി തീര്‍ഥാടനത്തിനും ഓച്ചിറ ഉത്സവത്തിനും കവിയരങ്ങു നടത്താറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകള്‍ സമ്പന്നമായ കവിയരങ്ങുകള്‍ നടത്താറുണ്ട്. അപൂര്‍വ്വമായി ലോഡ്ജുകളിലും കുടുംബസംഗമങ്ങളിലും കവിയരങ്ങു നടത്തുന്നുണ്ട്. കവിയുടെ സമാനമായ മനോവേഗമുള്ള ഏതാനും സുഹൃത്തുക്കളുടെ മുമ്പില്‍ കവിത അവതരിപ്പിക്കുമ്പോള്‍ അതിന് ഹൃദ്യത കൂടും. ബഹുഭാഷാ കവി സമ്മേളനം നടക്കുമ്പോള്‍ സമയപരിമിതി കൊണ്ടും സംവേദന പ്രതിസന്ധിയുള്ളതുകൊണ്ടും പൊതുവേ ഗദ്യകവിതകളുടെ വിവര്‍ത്തനമാണ് ഏറിയകൂറും അവതരിപ്പിക്കുന്നത്.

ശാസ്ത്രത്തില്‍ കണ്ടുപിടിത്തങ്ങളുടെ മുന്നേറ്റം പോലെ കലയില്‍ ഭാവുകത്വ (സെന്‍സിബിലിറ്റി) പരമായ പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവയൊന്നും ഉള്‍ക്കൊള്ളാതെ യാന്ത്രികമായ രചനകളില്‍ അഭിരമിക്കുന്നവയാണ് നമ്മുടെ പ്രതിമാസാകാവ്യസംഗമങ്ങള്‍ പലതും.

നമ്മളേക്കാള്‍ ഏറെ കവിയരങ്ങുകള്‍ സമൃദ്ധമായും നിലവാരമുള്ളവയായും നടക്കുന്ന ഇടങ്ങള്‍ ആണ് അമേരിക്കയും ആഫ്രിക്കയും പൂര്‍വ്വയൂറോപ്പും ലാറ്റിന്‍ അമേരിക്കയും.

അച്ചടിച്ചു വരുന്നതായാലും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതായാലും കവിത കവിതയ്ക്കു വേണ്ടിയാണ്. അനുഭവ മുഹൂര്‍ത്തങ്ങളുടെ അകലങ്ങളും ആവിഷ്‌കരണ വൈവിധ്യവും ഊര്‍ജ്ജ സംക്രമണവും അവയ്ക്കുണ്ടാവണം. ശ്രുതിമധുരമായി ലളിതഗാനം ആലപിച്ചും പിള്ളവാതം വന്നവരുടെ പ്രേതഭാഷണമായും കവിതയെ അധിക്ഷേപിക്കരുത്.

ശക്തമായ കവിതകളും അതിനനുസൃതമായ അവതരണശേഷിയും ഇല്ലാത്ത അല്പ പ്രതിഭകളും അസൂയാലുക്കളുമാണ് ചൊല്‍ക്കവിതയേയും അവതരണ കവികളുടെ ശരീരഭാഷയേയും ആക്ഷേപിക്കുന്നത്.

കവിത ജനങ്ങളിലേക്കു കൂടുതല്‍ ഇറങ്ങി ചെല്ലട്ടെ. കവിയും സഹൃദയരും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിക്കട്ടെ.

*
ഡി വിനയചന്ദ്രന്‍ ജനയുഗം 18 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...