Tuesday, January 10, 2012

ചര്‍ച്ചയ്‌ക്കെത്തുന്ന താലിബാന്‍

ഒടുവില്‍ താലിബാന്‍ ചര്‍ച്ചയ്ക്കു തയ്യാറാകുകയാണ്. ഇതിനുവേണ്ടി ഖത്തറില്‍ കാര്യാലയവും തുറന്നിരിക്കുന്നു. ഇനിയാര്‍ക്കും താലിബാനോട് സംസാരിക്കുവാനായി തോറാബാറയിലോ, കാണ്ഡഹാറിലോ പൊരിവെയിലില്‍ അലയേണ്ടതില്ല.

പക്ഷേ കാര്യങ്ങള്‍ കരുതുന്നതുപോലെ എളുപ്പവും, ലളിതവുമാകുമെന്ന് ഈ തീവ്രവാദികളെ അറിയുന്നവര്‍ തെറ്റിദ്ധരിക്കില്ല. കാരണം കാലദേശങ്ങള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ പല പന്ഥാവുകള്‍ തേടി നടക്കുന്നതില്‍ താലിബാന്‍ എന്നും മഹാവിരുതാണ് കാണിച്ചിട്ടുള്ളത്. സൗദിഅറേബ്യയും അമേരിക്കയും പാകിസ്ഥാനില്‍ നിന്നും പരിശീലനം നല്‍കി അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ക്കെതിരെ അഴിച്ചുവിട്ട മതവിദ്യാര്‍ഥികളുടെ പടയായിരുന്നു താലിബാന്‍. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടെങ്കിലും താലിബാന്‍ ആയുധം താഴെവെച്ചില്ല. അവര്‍ പിന്നീട് അധികാരത്തിൽ വന്ന മുജാഹിദീനുകളെ തോല്പിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരം കൈക്കലാക്കി. തുടര്‍ന്ന് താരതമ്യേന ആധുനികമായിരുന്ന അഫ്ഗാനിസ്ഥാനെ മതയാഥാസ്ഥിതിതകത്വത്തിന്റെ നൂറ്റാണ്ടുകള്‍ പിറകിലുള്ള കാലത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. സംഗീതവും, സിനിമയും കടലാസും വരെ നിരോധിച്ചു. ബാമിയാനിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ തകര്‍ത്തു, ഒടുവില്‍ പാലു കൊടുത്ത അമേരിക്കയെ തിരിഞ്ഞുകൊത്തി. പിന്നീട് പാകിസ്ഥാനേയും.

പക്ഷേ പതിവുപോലെ സാമ്രാജ്യത്വം അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുവാന്‍ ഒരുക്കമല്ല. സത്യത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി അമേരിക്ക നടത്തിയ തീവ്രമായ ശ്രമങ്ങളാണ് താലിബാനെ ചര്‍ച്ചയ്ക്കു സന്നദ്ധമാക്കിയത്. എന്നാല്‍ അഫാഗാനിസ്ഥാന്‍ പ്രസിഡന്റായ ഹമീദ് കര്‍സായിപോലും ഈ നീക്കങ്ങള്‍ക്കെതിരായിരുന്നു. കാരണം താലിബാന് പല മുഖങ്ങളുണ്ടെന്ന് കര്‍സായിക്കറിയാം. അമേരിക്കയ്ക്കും ഇതറിയാഞ്ഞിട്ടല്ല. പക്ഷേ അവര്‍ക്കെത്രയും പെട്ടെന്ന് വേലിയില്‍ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച അഫ്ഗാനിസ്ഥാന്‍ എന്ന പാമ്പിനെ വിട്ടൊഴിയണം. പക്ഷേ അവിടെ സമാധാനം സ്ഥാപിക്കാതെ കൈയ്യൊഴിഞ്ഞാല്‍ വീണ്ടും ചീത്തപ്പേരു കേള്‍ക്കും. അതുകൊണ്ടാണ് കള്ളനെതന്നെ താക്കോലേല്‍പ്പിക്കുന്നതുപോലെയുള്ള ഈ കലാപരിപാടിയ്ക്ക് അവര്‍ മുതിര്‍ന്നത്.

രണ്ടു മാസം മുമ്പെ താലിബാന്‍ ഖത്തറില്‍ ഓഫീസ് തുറന്നു എന്ന വാര്‍ത്ത വന്നിരുന്നു. തങ്ങളോടാലോചിക്കാതെ ഇത് ചെയ്തതില്‍ പ്രതിഷേധിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഖത്തറിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു കാര്യാലയം തുറക്കുന്ന കാര്യം ചില താലിബാന്‍ വൃന്ദങ്ങളും നിഷേധിക്കുകയുണ്ടായി.

ഇപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കി കിടക്കുകയാണ്. ഒന്നാമതായി തുര്‍ക്കിയിലോ, സൗദിയിലോ, താലിബാന്‍ കാര്യാലയം തുറക്കുന്നതിലായിരുന്നു കര്‍സായിക്കു താല്പര്യം. കാരണം അവയുടെ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്താനാകും എന്നതായിരുന്നു അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് കരുതിയിരുന്നത്. എന്നാല്‍ ഖത്തര്‍ ആസ്ഥാനമായി നിശ്ചയിച്ചത് അമേരിക്കയുടെ താല്പര്യമനുസരിച്ചാണ്. കാരണം കര്‍സായിക്കല്ല മറിച്ച് വൈറ്റ് ഹൗസിനായിരിക്കണം ഇണങ്ങിയ താലിബാന്റെ നിയന്ത്രണം എന്നതാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

രണ്ടാമത്തേത് പാക് ചാരസംഘടനയായ ഐ എസ് ഐയ്ക്ക് താലിബാനിലുള്ള സ്വാധീനമാണ്. ഈ സ്വാധീനം ശക്തമായി തുടരുന്നിടത്തോളം താലിബാന്റെ ഒരു വാക്കും വിശ്വസിക്കാനാവില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു മുന്‍ അഫ്ഗാന്‍ പ്രസിഡന്റും സന്ധി ചര്‍ച്ചകളില്‍ മധ്യസ്ഥനുമായിരുന്ന റബ്ബാനിയുടെ വധം. ചര്‍ച്ചയ്ക്കായി വീട്ടിലെത്തിയ താലിബാന്‍കാരനാണ് റബ്ബാനിയെ വധിച്ചത്. അതിനുപിന്നില്‍ പാകിസ്ഥാനാണെന്ന് കര്‍സായ് കരുതുന്നു.

മൂന്നാമത്തെ പ്രശ്‌നം പാകിസ്ഥാനിലെ താലിബാനായ ശെഹരെ-ഇ-താലിബാന്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റിനെതിരെ പ്രഖ്യാപിച്ച യുദ്ധമാണ്. അഫ്ഗാന്‍ താലിബാന് തങ്ങളുടെ പാക് രൂപവുമായി നല്ല ബന്ധമാണുള്ളത്. ഇങ്ങനെ ഇവരുടെ പാകിസ്ഥാന്‍ സഹോദരന്മാര്‍ അവിടെ യുദ്ധം ചെയ്യുമ്പോള്‍ യുദ്ധവെറിയന്മാരും, മതഭ്രാന്തന്മാരുമായ താലിബാന്‍ പോരാളികള്‍ തങ്ങളുടെ നേതാക്കന്മാരുടെ വാക്കുംകേട്ട് അഫ്ഗാനിസ്ഥാനില്‍ അടങ്ങിയിരിക്കും എന്നു കരുതാനാവില്ല.

ആരുമായും ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. പക്ഷേ ചര്‍ച്ചയ്ക്കു വരുന്നത് താലിബാന്‍ പോലെ മതഭ്രാന്തന്മാരും, രക്തദാഹികളും, കൂലിപ്പട്ടാളക്കാരുമായ ഒരു കൂട്ടരാകുമ്പോഴാണ് പ്രശ്‌നം. നാഗരികതയുടെ മര്യാദയോ, മതങ്ങളുടെ സമഭാവനയോ അവരില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കില്ല. അതുകൊണ്ട് തന്റെ സമാധാന ചര്‍ച്ചയിലൂടെ അഫ്ഗാനിസ്ഥാനില്‍ ഭരണത്തില്‍ താലിബാന്‍ തിരിച്ചെത്തിയാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക ഇന്ത്യയായിരിക്കും. കാരണം ഐ-എസ്-ഐ ഈ അവസരം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ നാനാതരം യുദ്ധമുഖങ്ങള്‍ തുറക്കാനിടയുണ്ട്. അങ്ങനെ ഇനിയും പുതുവര്‍ഷപ്പുലരികളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ റാഞ്ചിയെടുക്കപ്പെടാനും.

*****

മുഹമ്മദ് ഫക്രുദ്ദീന്‍ അലി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒടുവില്‍ താലിബാന്‍ ചര്‍ച്ചയ്ക്കു തയ്യാറാകുകയാണ്. ഇതിനുവേണ്ടി ഖത്തറില്‍ കാര്യാലയവും തുറന്നിരിക്കുന്നു. ഇനിയാര്‍ക്കും താലിബാനോട് സംസാരിക്കുവാനായി തോറാബാറയിലോ, കാണ്ഡഹാറിലോ പൊരിവെയിലില്‍ അലയേണ്ടതില്ല.

പക്ഷേ കാര്യങ്ങള്‍ കരുതുന്നതുപോലെ എളുപ്പവും, ലളിതവുമാകുമെന്ന് ഈ തീവ്രവാദികളെ അറിയുന്നവര്‍ തെറ്റിദ്ധരിക്കില്ല. കാരണം കാലദേശങ്ങള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ പല പന്ഥാവുകള്‍ തേടി നടക്കുന്നതില്‍ താലിബാന്‍ എന്നും മഹാവിരുതാണ് കാണിച്ചിട്ടുള്ളത്. സൗദിഅറേബ്യയും അമേരിക്കയും പാകിസ്ഥാനില്‍ നിന്നും പരിശീലനം നല്‍കി അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ക്കെതിരെ അഴിച്ചുവിട്ട മതവിദ്യാര്‍ഥികളുടെ പടയായിരുന്നു താലിബാന്‍. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടെങ്കിലും താലിബാന്‍ ആയുധം താഴെവെച്ചില്ല. അവര്‍ പിന്നീട് അധികാരത്തിൽ വന്ന മുജാഹിദീനുകളെ തോല്പിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരം കൈക്കലാക്കി. തുടര്‍ന്ന് താരതമ്യേന ആധുനികമായിരുന്ന അഫ്ഗാനിസ്ഥാനെ മതയാഥാസ്ഥിതിതകത്വത്തിന്റെ നൂറ്റാണ്ടുകള്‍ പിറകിലുള്ള കാലത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. സംഗീതവും, സിനിമയും കടലാസും വരെ നിരോധിച്ചു. ബാമിയാനിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ തകര്‍ത്തു, ഒടുവില്‍ പാലു കൊടുത്ത അമേരിക്കയെ തിരിഞ്ഞുകൊത്തി. പിന്നീട് പാകിസ്ഥാനേയും.

yentha said...

ithokke engotta pokunne??? ingane poyal nammude lokham thammil thalli avasanikkum.... athu urappa... - Trivandrum news portal