Tuesday, January 31, 2012

ഇന്റര്‍നെറ്റിന് വിലങ്ങിടുമ്പോള്‍

ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തുന്ന നീക്കത്തെ വിഡ്ഢിത്തമെന്നാണ് ഒട്ടേറെപ്പേര്‍ വിശേഷിപ്പിച്ചത്. ഈ വിശേഷണത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. സൈബര്‍ ലോകത്തെ സാമൂഹികകൂട്ടായ്മകള്‍ക്കെതിരെ തിരിയാന്‍ മന്ത്രി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വിചിത്രമാണ്. ആദ്യം, സോണിയ ഗാന്ധിക്കെതിരായ ഒരു പ്രചാരണം കണ്ടെത്തിയ മന്ത്രി ഇത് അംഗീകരിക്കാനാവില്ലെന്ന് 2001 സെപ്തംബര്‍ അഞ്ചിന് ഫെയ്സ്ബുക്ക് അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തുകള്‍ എഴുതുകയും ഗൂഗിള്‍ , ഫെയ്സ്ബുക്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നവംബറില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അശ്ലീലസൈറ്റുകളെയാണ് വിമര്‍ശിച്ചത്. ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണത്തില്‍ അദ്ദേഹം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.

എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടാകേണ്ടത് അനിവാര്യമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്നവരായും അഭിപ്രായങ്ങള്‍ പകര്‍ന്നു നല്‍കുന്നവരായും മാധ്യമപ്രവര്‍ത്തകരെ ചില തത്വചിന്തകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കാര്യത്തോട് വിയോജിക്കാം. എന്നാല്‍ , പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ അരിപ്പ കടന്ന് ജനങ്ങളില്‍ നേരിട്ട് എത്തുകയാണ് ഇന്റര്‍നെറ്റ്. ശൃംഖലകളുടെ ശൃംഖലയായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളെ സാമൂഹിക കൂട്ടായ്മകള്‍ "പബ്ലിക്" എന്ന സംഘങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കുന്നവരുടെ പരസ്പര വിനിമയത്തിനും ആശയസംവേദനത്തിനും ഇത് വഴിയൊരുക്കുന്നു. പരസ്പരം പറയാനും കേള്‍ക്കാനും കഴിയുന്നു. ലോകത്താകെ ജനാധിപത്യപരമായ വലിയ സ്വാധീനമാണ് ഇത് ചെലുത്തുന്നത്. "പെയ്ഡ് ന്യൂസ്" മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളും കോര്‍പറ്റേറ്റുകളും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ബദല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളാണ്. 2007ല്‍ ഗൂഗിള്‍ നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമായത് സര്‍ക്കാര്‍ ഏജന്‍സികള്‍ അനിഷ്ടം പ്രകടിപ്പിച്ച ഉള്ളടക്കങ്ങളുടെ 70 ശതമാനവും രാഷ്ട്രീയവിമര്‍ശവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്. അവഗണിക്കാന്‍ കഴിയുംവിധം ചെറിയതോതിലുള്ള ഉള്ളടക്കമാണ് വിദ്വേഷപ്രചാരണമായി കാണാനായത്. തന്റെ നേട്ടത്തിനായി വിനിയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വ്യക്തം.

ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങളുടെ ഗതിയും നിരീക്ഷിക്കേണ്ടതുണ്ട്. തുടക്കത്തില്‍ അദ്ദേഹം സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളെ എതിര്‍ക്കുകയും അത് "മതനിന്ദയുടെ" പരിധിയില്‍ വരുമെന്ന അനുചിതമായ വിശേഷണപ്രയോഗം നടത്തുകയുംചെയ്തു. തുടര്‍ന്ന് അശ്ലീലപോസ്റ്റിങ്ങുകളെ അപലപിക്കുകയും പിന്നീട് മതവികാരം വ്രണപ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയുംചെയ്തു. ഇന്ത്യക്ക് ഔദ്യോഗിക മതമില്ലെങ്കിലും അദ്ദേഹത്തിന് "മതനിന്ദയെന്ന്" വിലപിക്കാം, കാരണം പല യൂറോപ്യന്‍ രാജ്യങ്ങളിലും മതനിന്ദക്കെതിരായ നിയമങ്ങളുണ്ട്. മതനിന്ദ കുറ്റകരമാണെന്ന നിയമം 2008ല്‍ ഭരണഘടനാ ഭേദഗതി വഴി ബ്രിട്ടീഷ് പാര്‍ലമെന്റ് അസാധുവാക്കി. എന്നാല്‍ , അശ്ലീലപോസ്റ്റിങ്ങുകള്‍ അവിടെ കുറ്റകരവുമാണ്. വിദ്വേഷപ്രചാരണത്തിനെതിരായ നടപടികള്‍ അഭിപ്രായപ്രകടനസ്വാതന്ത്രത്തെ ഹനിക്കരുതെന്നും ബ്രിട്ടീഷ് നിയമം വ്യവസ്ഥചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പികള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004ല്‍ , വിദ്വേഷം പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് എം എഫ് ഹുസൈന് എതിരായി ചമച്ച കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. എന്നിട്ടും മഹാനായ ആ ചിത്രകാരന് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്നതില്‍ ഇന്ത്യക്കാര്‍ ലജ്ജിക്കണം. എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം എം എഫ് ഹുസൈനോട് നീതി കാട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സല്‍മാന്‍ റുഷ്ദിക്കും ഇതേ അനുഭവമുണ്ടായി.

അപകീര്‍ത്തിപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22 ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ക്കെതിരെ വിനയ്രാജ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കാര്യത്തിലും ഇതേ നിയമം തന്നെയാണ് ബാധകമാകേണ്ടിയിരുന്നത്. പക്ഷേ, ഇന്റര്‍നെറ്റ് കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണ്. "മതത്തിന്റെയോ വംശത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വ്യക്തികളോ സംഘടനകളോ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന" എന്തെങ്കിലും പ്രവൃത്തി ഈ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 16ന് നടന്ന വാദത്തിനിടെ കോടതി കമ്പനികളല്ല, ചില വ്യക്തികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന സത്യം അംഗീകരിക്കുകയുംചെയ്തു. ഇന്റര്‍നെറ്റ് കൂട്ടായ്മകളിലെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി കമ്പനികളോട് ആരായുകയാണ് കോടതി ചെയ്തത്. കോടിക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തടയുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കമ്പനികളുടെ ഇന്ത്യന്‍ തലവന്മാര്‍ അറിയിക്കുകയുമുണ്ടായി. നിയമപരമായി പരിഹരിക്കേണ്ട പ്രശ്നമാണിത്. അതേസമയം, ഇന്ത്യയിലെ ഐടി നിയമം ഇപ്പോഴും വ്യാപാര-വാണിജ്യ ഇടപാടുകളില്‍ കേന്ദ്രീകരിച്ചുള്ളതാണ്, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇത് പര്യാപ്തമല്ല. ഇക്കാര്യത്തില്‍ നടപടികളെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട സംഗതി, എല്ലാ മതങ്ങളോടും ആദരപൂര്‍വമുള്ള തുല്യഅകലം നിലനിര്‍ത്തിക്കൊണ്ട് അവയ്ക്ക് ഒരു പൊതു ഇടം നല്‍കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നമാണിത്.

*
അമിതാഭ് മുഖോപാധ്യായ (ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)

ദേശാഭിമാനി 31 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടാകേണ്ടത് അനിവാര്യമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്നവരായും അഭിപ്രായങ്ങള്‍ പകര്‍ന്നു നല്‍കുന്നവരായും മാധ്യമപ്രവര്‍ത്തകരെ ചില തത്വചിന്തകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കാര്യത്തോട് വിയോജിക്കാം. എന്നാല്‍ , പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ അരിപ്പ കടന്ന് ജനങ്ങളില്‍ നേരിട്ട് എത്തുകയാണ് ഇന്റര്‍നെറ്റ്. ശൃംഖലകളുടെ ശൃംഖലയായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളെ സാമൂഹിക കൂട്ടായ്മകള്‍ "പബ്ലിക്" എന്ന സംഘങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കുന്നവരുടെ പരസ്പര വിനിമയത്തിനും ആശയസംവേദനത്തിനും ഇത് വഴിയൊരുക്കുന്നു. പരസ്പരം പറയാനും കേള്‍ക്കാനും കഴിയുന്നു. ലോകത്താകെ ജനാധിപത്യപരമായ വലിയ സ്വാധീനമാണ് ഇത് ചെലുത്തുന്നത്. "പെയ്ഡ് ന്യൂസ്" മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളും കോര്‍പറ്റേറ്റുകളും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ബദല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളാണ്. 2007ല്‍ ഗൂഗിള്‍ നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമായത് സര്‍ക്കാര്‍ ഏജന്‍സികള്‍ അനിഷ്ടം പ്രകടിപ്പിച്ച ഉള്ളടക്കങ്ങളുടെ 70 ശതമാനവും രാഷ്ട്രീയവിമര്‍ശവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്.