Saturday, January 14, 2012

ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു

പ്രധാനപ്പെട്ട ഒരു സംഭവം നടക്കുമ്പോള്‍ അതിന്റെ സ്മരണക്കായി മരം നടുക. അതും ഒരു രാഷ്ട്രീയ സംഘടന സമ്മേളന സ്മരണയ്ക്കായി വൃക്ഷത്തൈ നടുക. ആദ്യത്തേതു നമ്മള്‍ക്കു പരിചയമുണ്ടെങ്കിലും രണ്ടാമത്തേതു തീരെ പരിചയമുള്ളതല്ല. അതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏരൂരില്‍ ചെയ്തത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്തു നടക്കുന്നു. അതിന്റെ ഓര്‍മ്മ നിലനിര്‍ത്താനായി ഏരൂര്‍ പഞ്ചായത്തില്‍ രണ്ടായിരം മരങ്ങള്‍ നട്ടു വളര്‍ത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

സാധാരണ സമ്മേളനകാലത്തു നിര്‍മ്മിച്ച് വയ്ക്കാറുള്ള രക്തസാക്ഷി മണ്ഡപങ്ങള്‍ സമ്മേളനം കഴിയുന്നതോടെ എടുത്തുമാറ്റപ്പെടും. അതാണ് ഇന്നേവരെ കേരളം കണ്ടിട്ടുള്ളത്. എന്നാല്‍ വൃക്ഷതൈകള്‍ നട്ടുപരിപാലിച്ചാല്‍ അത് ഓര്‍മ്മമരങ്ങളായി വളരെക്കാലം നിലനില്‍ക്കും. ധാരാളം ആളുകള്‍ക്കും മറ്റു ജീവികള്‍ക്കും തണല്‍ നല്‍കും.

മരങ്ങള്‍ മതരഹിതരാണ്. തണല്‍ തേടിവരുന്നവരുടെ ജാതിയോ മതമോ മരങ്ങള്‍ അന്വേഷിക്കില്ല. എല്ലാര്‍ക്കും തണല്‍. എല്ലാര്‍ക്കും പ്രാണവായു. ഇതാണ് വൃക്ഷദര്‍ശനം. നൂറുകണക്കിനു ചെറുജീവികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അഭയം നല്‍കുന്ന ആല്‍മരത്തെ ചില മതക്കാര്‍, വളഞ്ഞിട്ടു തറകെട്ടി സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ട്. അന്യമതസ്ഥര്‍ക്കു പ്രവേശനമില്ലെന്ന ബോര്‍ഡും വയ്ക്കാറുണ്ട്. എന്നാല്‍ ആല്‍മരം ഈ വിലക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല.

ആളുകളുടെ ഓര്‍മയ്ക്കായും നമ്മള്‍ മരങ്ങള്‍ നടാറുണ്ട്. ചുടലത്തെങ്ങും മൈലാഞ്ചിയും ചന്ദനവുമാണ് ഉദാഹരണങ്ങള്‍. സ്മാരക ശിലകള്‍ക്കു മീതെ തണലിട്ടു നില്‍ക്കുന്ന മൈലാഞ്ചി ചില്ലകള്‍, ജീവിതം നിറപ്പകിട്ടുള്ളതായിരിക്കണമെന്നു പറയാറുണ്ട്. തെങ്ങായ് ചിരിക്കുന്ന വല്യമ്മുമ്മയെക്കുറിച്ച് കവി ഡി വിനയചന്ദ്രന്‍ എഴുതിയിട്ടുമുണ്ട്. പണ്ടൊക്കെ വിവാഹത്തിനു വധൂവരന്മാര്‍ തെങ്ങിന്‍ തൈകള്‍ കൈമാറാറുണ്ടായിരുന്നു. റബര്‍ എസ്റ്റേറ്റുകള്‍ സ്ത്രീധനമായി കൊടുക്കുന്ന അവസ്ഥയിലേക്ക് മലയാളി മാറി.

നാട്ടുമാവു നടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെ വി സുരേന്ദ്രനാഥ് പറയുമായിരുന്നു. കാര്യവട്ടം സര്‍വകലാശാലാ വളപ്പില്‍ നാട്ടുമാവുകള്‍ നടാന്‍ മുന്‍കൈയെടുത്തത് സുഗതകുമാരി. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാവനയായ എന്റെ മരം പദ്ധതിയും മറ്റും വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്.

കണ്ടല്‍മരം കാണുമ്പോള്‍ കല്ലേന്‍പൊക്കുടനെയും കണ്ടലമ്മച്ചിയെയും ഓര്‍മവരും. കല്ലേന്‍ പൊക്കുടന് എത്രയോ കാലമായി കണ്ടല്‍ സംരക്ഷണം ജീവിത വ്രതമാണ്. വിത്തുകള്‍ ശേഖരിച്ചും കണ്ടല്‍ത്തൈകള്‍ നട്ടുവളര്‍ത്തിയും കല്ലേന്‍ പൊക്കുടന്‍ ഒരു അത്ഭുതമായി നമ്മുടെ ഇടയില്‍ ജീവിക്കുന്നു. കണ്ടല്‍ മരങ്ങളോടു ചോദിച്ചാല്‍, ഞങ്ങള്‍ നിങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും പൊക്കുടേട്ടനില്‍ വിശ്വസിക്കുന്നു എന്നും പറയും.

മാധവിക്കുട്ടിയുടെ സ്മരണക്കായി കോളിയടുക്കം സ്‌കൂളിലെ കുട്ടികള്‍ നട്ടുവളര്‍ത്തുന്നത് നീര്‍മാതളം. തോന്നയ്ക്കലെ മഹാകവി കുമാരനാശാന്റെ മണ്ണുകുടിലിനു സമീപം കാഥികന്‍ വി സാംബശിവന്‍ നട്ടത് ചെമ്പകം.

മാങ്കോസ്റ്റീന്‍ കാണുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിനെയും പൂത്തമാവു കാണുമ്പോള്‍ വൈലോപ്പിള്ളിയെയും കാഞ്ഞിരം കാണുമ്പോള്‍ എഴുത്തച്ഛനെയും ചെമ്പരത്തി കാണുമ്പോള്‍ തിരുനല്ലൂരിനെയും നെല്ലിമരം കാണുമ്പോള്‍ ഒ എന്‍ വിയെയും ഓര്‍മ്മ വരും. പൂത്ത പാല കാണുമ്പോള്‍ ചങ്ങമ്പുഴ മനസില്‍ വരും.

സഹോദരന്റെ ഓര്‍മ്മയ്ക്കു നട്ടുവളര്‍ത്തിയ നീലേശ്വരം തലയടുക്കത്തെ ആല്‍മരം കാണുമ്പോള്‍ സ്‌നേഹത്തിന്റെ മറുവാക്ക് വൃക്ഷമാണെന്നാണെന്നു തോന്നും.

ഗാന്ധിയും ശ്രീനാരായണഗുരുവുമൊക്കെ നട്ട വൃക്ഷങ്ങള്‍ ഇപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. പോയ മനുഷ്യര്‍ നട്ട വൃക്ഷങ്ങളുടെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത്. വരും തലമുറയ്ക്കു വേണ്ടി നമ്മളും മരങ്ങള്‍ നടേണ്ടതുണ്ട്.

അടിയന്തിരാവസ്ഥയെ സച്ചിദാനന്ദന്‍ അടയാളപ്പെടുത്തിയത് നാവുമരം എന്ന കവിതയിലൂടെയാണ്. അറിയപ്പെട്ട ആയിരം നാവുകള്‍ ഇലയായ് വിരിയുന്ന ഒരു മരത്തെ കവി സൃഷ്ടിക്കുകയായിരുന്നു. ഓരോ നിമിഷവും ശ്മശാനമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിക്കും മനസ്സിനുമായി ചുടലചാരം പൂശിനില്‍ക്കുന്ന എരുക്കിന്‍ചെടി നടാന്‍ പറഞ്ഞതും സച്ചിദാനന്ദനാണ്.

തെക്കന്‍കാറ്റ്, വാസനത്തീയെരിക്കുന്ന നാട്ടുമാവുകള്‍ തന്നത് വൈലോപ്പിള്ളി. ഒരു തൈനടുമ്പോള്‍ കട്ടുമതിയാവാത്ത കാട്ടിലെക്കള്ളനും നാട്ടിലെക്കള്ളനും നടുവഴിയിലെത്തുമ്പോള്‍ വാവല്‍ക്കരിങ്കൊടികള്‍ കാട്ടുവാനുള്ള കൈകളാണ് നടുന്നതെന്ന് ഓര്‍മിപ്പിച്ചത് ഒ എന്‍ വി.

മരങ്ങള്‍ ഓര്‍മകളുണര്‍ത്തും. ഓര്‍മയിലെ മരങ്ങള്‍ പോയകാല വസന്തത്തെ ചിത്രപ്പെടുത്തും.

****

കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...