Thursday, January 12, 2012

പ്രവാസിക്ഷേമം ഉറപ്പാക്കണം

ജയ്പുരില്‍ മൂന്നു ദിവസമായി നടന്ന പത്താമത് "പ്രവാസി ഭാരതീയ ദിവസ്" ആഘോഷത്തിന് തിരശ്ശീല വീണു. അതിഥികള്‍ അവരവര്‍ ജോലിചെയ്യുന്ന നാടുകളിലേക്ക് തിരിച്ചുപോയി. വാഗ്ദാനങ്ങളും പ്രശംസയുമൊക്കെപതിവുപോലെയുണ്ടായി. എന്നാല്‍ , പ്രവാസി ഭാരതീയര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിന് അടിസ്ഥാനപരമായ പദ്ധതികളൊന്നുംതന്നെ ജയ്പുര്‍ സമ്മേളനത്തിലും ആവിഷ്കരിക്കപ്പെട്ടില്ല. വിദേശത്ത് ജോലിചെയ്യുന്നവരും വിദേശപൗരത്വം നേടി അവിടെ കഴിയുന്ന ഇന്ത്യന്‍ വംശജരും മൂന്നുകോടിയില്‍പ്പരം പേരുണ്ട്. ഇതൊരു ഏകദേശ കണക്ക് മാത്രം. യഥാര്‍ഥ സംഖ്യ ഇതിലുമെത്രയോ അധികമായിരിക്കും. ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്യാന്‍ പോയി അവിടത്തെ വര്‍ണവിവേചനം ഉള്‍പ്പെടെയുള്ള അനീതികള്‍ക്കെതിരെ കറുത്ത വര്‍ഗക്കാരെ സംഘടിപ്പിച്ച് ഐതിഹാസിക പോരാട്ടം നടത്തിയ മഹാത്മാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസമായ ജനുവരി ഒമ്പതിനാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

മൂന്നുകോടിയിലേറെ വരുന്ന പ്രവാസി ഭാരതീയര്‍ രാജ്യത്തിന്റെ വികസനത്തില്‍ വഹിക്കുന്ന വന്‍ പങ്കാളിത്തം എടുത്തുകാട്ടുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും ക്ഷേമപദ്ധതി ആവിഷ്കരിക്കലുമൊക്കെയാണ് പ്രവാസി ഭാരതീയ ദിവസ് കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇങ്ങനെയൊരു മാമാങ്കം കൊണ്ടാടുന്നുണ്ടെങ്കിലും പ്രവാസിക്ഷേമരംഗത്ത് പറയത്തക്ക പുരോഗതിയൊന്നുമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ പ്രവാസി ഭാരതീയര്‍ ചെയ്യുന്ന സംഭാവനയെക്കുറിച്ച് പുകഴ്ത്തുമ്പോഴും അവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അമാന്തം കാട്ടുന്നു. ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരു പ്രവാസി ക്ഷേമനിധി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വൈകിയാണെങ്കിലും ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ ഞാന്‍ അഭിനന്ദിക്കുന്നു.

മൂന്നുകോടി പ്രവാസി ഭാരതീയരില്‍ അമ്പതു ലക്ഷം പേര്‍ മധ്യപൂര്‍വേഷ്യയിലാണ്. അതില്‍ പകുതിയും മലയാളികളും. മാതൃരാജ്യത്തിന് പുറത്തുപോയി കഠിനാധ്വാനംചെയ്ത് സ്വന്തം കുടുംബത്തെ പോറ്റുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രവാസികള്‍ . കേരളത്തില്‍ ഇന്ന് തൊഴിലില്ലായ്മ പഴയതുപോലെ രൂക്ഷമല്ല. വിദേശത്ത് ലഭ്യമായ ലക്ഷക്കണക്കിന് തൊഴിലവസരവും അതിന് അനുബന്ധമായി നാട്ടില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരവുമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴിലില്ലായ്മയ്ക്ക് വലിയൊരളവോളം പരിഹാരം കാണാന്‍ സാധിച്ചതിന് പിന്നില്‍ .

രാജ്യത്താദ്യമായി കേരളത്തിലാണ് പ്രവാസിക്ഷേമനിധി നിയമം കൊണ്ടുവന്നത്. പെന്‍ഷനും ചികിത്സാധനസഹായവും വിവാഹധനസഹായവും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായവുമെല്ലാം ഉറപ്പാക്കുന്ന നിയമമാണിത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്ന് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടി മറ്റൊരു ക്ഷേമനിധി പദ്ധതിയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കി. എല്ലാ ജില്ലകളിലും നോര്‍ക്ക സെല്‍ , ഡല്‍ഹി, മുംബൈ എന്നിവയ്ക്കു പുറമെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും നോര്‍ക്ക ഓഫീസ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, നോര്‍ക്കയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റ്, ജോബ് പോര്‍ട്ടല്‍ , തൊഴില്‍ വൈദഗ്ധ്യപരിശീലനം, വിദേശത്ത് പോകുന്നതിനുള്ള മുന്നൊരുക്ക പരിശീലനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കുകയുണ്ടായി. അതെല്ലാം കാര്യക്ഷമതയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ , പ്രവാസി കേരളീയ ക്ഷേമനിധി തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ പുതിയ സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആ പദ്ധതി സ്തംഭിപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി പദ്ധതി തികച്ചും അപര്യാപ്തമാണ്. ഒരു പ്രവാസിഭാരതീയന്‍ പ്രതിവര്‍ഷം 12,000 രൂപ അടച്ചാല്‍ കേന്ദ്രവിഹിതമായി ആയിരം രൂപ അടയ്ക്കുമെന്നാണ് പറയുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. മാത്രമല്ല, എത്ര രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പറയുന്നില്ല. കേവലം അഞ്ച് വര്‍ഷം പെന്‍ഷന്‍ നല്‍കുമെന്ന് പറയുന്നതും അംഗീകരിക്കാനാവില്ല. കേരളത്തില്‍ നടപ്പാക്കിയ ക്ഷേമനിധിപോലെ സമഗ്രമായ കേന്ദ്രനിയമം കൊണ്ടുവരണം. എമിഗ്രേഷന്‍ , പാസ്പോര്‍ട്ട് എന്നിവ വഴിയും വിദേശനാണ്യം വഴിയും പ്രവാസിഭാരതീയരില്‍നിന്ന് കേന്ദ്രസര്‍ക്കാരിനുണ്ടാകുന്ന വരുമാനം വലുതാണ്. അതില്‍ ഒരു പങ്ക് പ്രവാസിഭാരതീയരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കാന്‍ തയ്യാറാകണം. ഇപ്പോള്‍ പറയുന്നതുപോലുള്ള അവ്യക്തതകള്‍ നിറഞ്ഞ ക്ഷേമനിധിയാണെങ്കില്‍ അതിന് ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയുടെ ഗതിവരും. കോടിക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ പിഎഫ് വിഹിതം പെന്‍ഷന്‍പദ്ധതിയില്‍ നിര്‍ബന്ധിതമായി നിക്ഷേപിച്ചിരിക്കുന്ന ഇപിഎഫ് പെന്‍ഷന്‍ പദ്ധതി കൊടുംചതിയും കൊള്ളയുമായി മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതിക്ക് ആ ഗതി വരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍തന്നെ ഗണ്യമായ വിഹിതം നല്‍കി സമഗ്രമായ ക്ഷേമനിധിനിയമം കൊണ്ടുവരണം.

വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു കൊട്ടക്കണക്കാണ് ഇന്നുള്ളത്. വിദേശകാര്യ വകുപ്പിന്റെയോ പ്രവാസി വകുപ്പിന്റെയോ കൈയില്‍ ശരിയായ കണക്കില്ല. എംബസികള്‍ മുഖേന ശരിയായ കണക്കെടുക്കുകയാണ് ആദ്യം വേണ്ടത്. യഥാര്‍ഥ കണക്കില്ലാത്തതുകൊണ്ട് അവര്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പ്രയാസമുണ്ടാകുന്നുണ്ട്. പ്രവാസി ഭാരതീയരുടെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ പാകത്തില്‍ നമ്മുടെ എംബസികളെ കാര്യക്ഷമമാക്കണം. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ 90 ശതമാനവും കുറഞ്ഞ വേതനത്തിന് കഠിനാധ്വാനം ചെയ്യുന്നവരാണ്. വിദേശത്താണ് ജോലി എന്ന പേരില്‍ അവരുടെ ദരിദ്രകുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍നിന്ന് പുറന്തള്ളുന്നത് ക്രൂരതയാണ്. അത് പരിഹരിക്കപ്പെടണം.

ഒട്ടനേകം ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ , പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. അതിന്റെ കണക്കു പോലും നമ്മുടെ എംബസികളുടെ പക്കലില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന്, അറിവുകേട് കൊണ്ട് കാരാഗൃഹത്തിലകപ്പെട്ട ആ നിര്‍ഭാഗ്യവാന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും പുനരധിവാസത്തിന് സഹായം നല്‍കുകയുംചെയ്യേണ്ട ഉത്തരവാദിത്തം പ്രവാസി മന്ത്രാലയത്തിനുണ്ട്. അതുപോലെ പ്രവാസി ഭാരതീയര്‍ക്ക് യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും യാത്രാക്കൂലിയിലുള്ള ചൂഷണം അവസാനിപ്പിക്കുകയും ചെയ്യേണ്ട ചുമതലയും കേന്ദ്രസര്‍ക്കാരിനും പ്രവാസിമന്ത്രാലയത്തിനുമുണ്ട്. പ്രവാസിദിനവും സംഗമങ്ങളും നടത്തുന്നതിനപ്പുറം പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കാന്‍ പ്രവാസികാര്യമന്ത്രി എന്ന നിലയില്‍ വയലാര്‍ രവി തയ്യാറാകണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 12 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മൂന്നുകോടിയിലേറെ വരുന്ന പ്രവാസി ഭാരതീയര്‍ രാജ്യത്തിന്റെ വികസനത്തില്‍ വഹിക്കുന്ന വന്‍ പങ്കാളിത്തം എടുത്തുകാട്ടുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും ക്ഷേമപദ്ധതി ആവിഷ്കരിക്കലുമൊക്കെയാണ് പ്രവാസി ഭാരതീയ ദിവസ് കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇങ്ങനെയൊരു മാമാങ്കം കൊണ്ടാടുന്നുണ്ടെങ്കിലും പ്രവാസിക്ഷേമരംഗത്ത് പറയത്തക്ക പുരോഗതിയൊന്നുമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ പ്രവാസി ഭാരതീയര്‍ ചെയ്യുന്ന സംഭാവനയെക്കുറിച്ച് പുകഴ്ത്തുമ്പോഴും അവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അമാന്തം കാട്ടുന്നു. ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരു പ്രവാസി ക്ഷേമനിധി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വൈകിയാണെങ്കിലും ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ ഞാന്‍ അഭിനന്ദിക്കുന്നു.