Thursday, January 19, 2012

സ. ബാലാനന്ദന്‍ സ്മരണ

സ. ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാവുകയാണ്. കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച സഖാവ് മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ അസാധാരണ ശേഷി പ്രകടിപ്പിച്ച് ഏവരുടെയും ആദരം നേടിയിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവ് എന്ന നിലയില്‍ രാജ്യത്താകെ അംഗീകാരം നേടി. കാര്യങ്ങള്‍ നന്നായി പഠിച്ച് വ്യത്യസ്തമായ അവതരണശൈലിയിലൂടെ അവതരിപ്പിക്കുന്ന പ്രസംഗം സ്റ്റഡി ക്ലാസെന്നപോലെയാണ് തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടിരുന്നത്. ഔപചാരികവിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയിലായിരുന്നു ബാലാനന്ദന്റെ വിദ്യാഭ്യാസം. ജീവിതദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്.

1941ല്‍ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി. തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ അവിടെവച്ചാണ് സഖാവ് സ്വായത്തമാക്കുന്നത്. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്ക് വഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്റ്റര്‍ചെയ്ത ആറാമത്തെ യൂണിയനായിരുന്നു ഇത്. പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പിന്നീട് പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ 10-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാതലത്തില്‍ ട്രഷററായും പ്രവര്‍ത്തിച്ചു.

1990ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. 2002വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങളില്‍ നേതൃപരമായ പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധി തവണ പൊലീസ് മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഒരുതവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയില്‍ അംഗമായി. പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും വാത്സല്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നര്‍മം കലര്‍ന്ന ബാലാനന്ദന്റെ സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്.

ലോകമുതലാളിത്തം അഗാധമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വേളയിലാണ് ഈ വര്‍ഷം സ. ബാലാനന്ദന്റെ സ്മരണ നാം പുതുക്കുന്നത്. ജീവിതദുരിതം താങ്ങാനാകാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. മുതലാളിത്ത സമ്പദ്ഘടനയിലെ പ്രതിസന്ധി തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെയും ജീവിതത്തെത്തന്നെയും കഠിനമായി ബാധിക്കുമ്പോള്‍ പ്രക്ഷോഭത്തിന്റെ വഴിമാത്രമാണ് മുന്നിലെന്ന് അടിസ്ഥാന ജനവിഭാഗങ്ങളാകെ തിരിച്ചറിയുന്നു. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളൊന്നും മുതലാളിത്തത്തിനുമുന്നിലില്ല. ഗ്രീസിലും ബ്രിട്ടനിലും ഇതര മുതലാളിത്തരാജ്യങ്ങളിലുമുണ്ടാകുന്ന വമ്പിച്ച തൊഴിലാളി-ബഹുജനമുന്നേറ്റങ്ങള്‍ മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെ മാത്രമല്ല, മാര്‍ക്സിസത്തിന്റെ പ്രോജ്വലമായ പ്രസക്തിയെ കൂടിയാണ് വിളംബരംചെയ്യുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ കേന്ദ്രമെന്നറിയപ്പെടുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ അന്നാട്ടിലെ ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത്, കൊട്ടിഘോഷിക്കപ്പെടുന്ന മുതലാളിത്തത്തിന്റെ പറുദീസ എത്രമാത്രം പാപ്പരായി എന്ന് ലോകത്തെ ബോധ്യപ്പെടുത്തി.

ഈ ലോകസാഹചര്യം കണ്ണുതുറന്നുകാണാതെ നവ ലിബറല്‍ നയങ്ങളുടെയും സാമ്രാജ്യവിധേയത്വത്തിന്റെയും കൊടിയേന്തുന്നത് തുടരുകയാണ് ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ . ജീവിതത്തിന്റെ സമസ്തമേഖലയിലും വിനാശകരമായ പ്രത്യാഘാതം സൃഷ്ടിച്ചതും രാജ്യത്തിന്റെ പരമാധികാരത്തെപ്പോലും പണയംവയ്ക്കുന്നതുമായ ആഗോളവല്‍ക്കരണനയങ്ങള്‍ ഇന്ത്യയെ ഇഞ്ചിഞ്ചായി രോഗഗ്രസ്തമാക്കുകയാണ്. 1991ല്‍ നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയശേഷം രാജ്യത്ത് വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശ നിഷേധങ്ങളുടെയും അളവ് പടിപടിയായി ഉയര്‍ന്നു. ഈ നയങ്ങള്‍ പ്രധാനമായും തൊഴിലാളിവര്‍ഗത്തെയാണ് ഉന്നംവയ്ക്കുന്നത്. വിലക്കയറ്റം ഒന്‍പതുശതമാനത്തിലേറെയായി വര്‍ഷങ്ങളായി തുടരുന്നു. ചില്ലറ വ്യാപാരമേഖലയെ വിദേശ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കം ഒറ്റപ്പെട്ടതല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയാകെ വിദേശ കുത്തകകള്‍ക്ക് ചൂഷണം ചെയ്തു മുടിക്കാന്‍ വാതിലുകള്‍ തുറന്നിടുന്നതാണ് ആഗോളവല്‍ക്കരണനയങ്ങള്‍ . അത് കൃഷിക്കാരടക്കം പരമ്പരാഗത ജീവിതമാര്‍ഗങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന 100 കോടിയോളം ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുകയാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ നിഷേധവും തൊഴിലാളികളെ ഒന്നടങ്കം പ്രക്ഷോഭത്തിന്റെ പാതയിലേക്കെത്തിച്ചിരിക്കുന്നു. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന തൊഴിലാളികള്‍പോലും പ്രത്യക്ഷമായി പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു. എന്നാല്‍ , തിളച്ചുമറിയുന്ന ആ രോഷം കണക്കിലെടുക്കാതെ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ദുരിതം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍നീക്കം. ചില്ലറ വ്യാപാരരംഗം ആഗോള കോര്‍പറേറ്റുകള്‍ക്കായി തുറന്നിടാനുള്ളത് അത്തരത്തിലൊന്നാണ്. കൃഷിക്കാരെയും വ്യാപാരികളെയും കൂട്ടത്തോടെ തൊഴിലില്ലാത്തവരാക്കി മാറ്റാനുതകുന്നതാണ് ആ തീരുമാനം. സാമ്രാജ്യത്വതാല്‍പ്പര്യമാണ് രാജ്യത്ത് നിറവേറ്റപ്പെടുന്നത്. അതിനായി തൊഴിലാളികളെയും കൃഷിക്കാരെയും ദ്രോഹിക്കുന്നു; രാജ്യത്തിന്റെ പാരമ്പര്യത്തെ കളഞ്ഞുകളിക്കുന്നു. ഇറാനെതിരായി അമേരിക്കയോടൊപ്പം നടത്തിയ നീക്കങ്ങളും ഇസ്രയേലിനോട് കാണിക്കുന്ന അമിതമായ താല്‍പ്പര്യവുമെല്ലാം ആ ദിശയിലുള്ളതാണ്.

ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗാതുരതയും രൂക്ഷമാകുന്ന ഇന്ത്യയില്‍ തൊഴിലാളിവര്‍ഗത്തിന് അടങ്ങിയിരിക്കാനാകില്ല. എല്ലാ വിഭാഗം തൊഴിലാളികളും അണിനിരന്ന് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ രൂപപ്പെട്ടതും സമരരംഗത്തേക്കിറങ്ങിയതും ഈ പശ്ചാത്തലത്തിലാണ്. ജനങ്ങളുടെയാകെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അവകാശപത്രിക കേന്ദ്ര ട്രേഡ് യൂണിയനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത, പൊതുവിതരണത്തിന്റെ തകര്‍ച്ച, കുറയുന്ന തൊഴിലവസരങ്ങള്‍ , സാമൂഹ്യസുരക്ഷാപദ്ധതികളുടെ ദുരവസ്ഥ, സ്വകാര്യവല്‍ക്കരണത്തോടുള്ള സര്‍ക്കാരിന്റെ അമിതാഭിനിവേശം, കരാര്‍ തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്നത്, തൊഴില്‍നിയമങ്ങളെ തകര്‍ക്കല്‍ , ക്ഷേമപദ്ധതികളില്‍നിന്നുള്ള പിന്മാറ്റം, സംഘംചേരാനും കൂട്ടായി വിലപേശാനുമുള്ള അവകാശത്തിന്റെ നിഷേധം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തുന്ന അവകാശപത്രിക ഒരേസമയം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നതും യുപിഎ സര്‍ക്കാരിനെതിരായ കുറ്റപത്രവുമാണ്.

പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി 2012 ഫെബ്രുവരി 28ന് രാജ്യവ്യാപകമായി പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സമരത്തിന് പിന്തുണ നല്‍കാനും പങ്കാളികളാകാനുമുള്ള കടമ ദേശാഭിമാനികള്‍ക്കാകെയുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവായ സഖാവ് ബാലാനന്ദനെ സ്മരിക്കുമ്പോള്‍ , അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പോരാട്ട പതാക കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ കൂടിയാണ് പുതുക്കപ്പെടുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്കുമുകളില്‍ ദുരിതം വിതയ്ക്കുമ്പോള്‍ അതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവിന്റെ സ്മരണ നമുക്ക് കരുത്ത് പകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി 19 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ. ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാവുകയാണ്. കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച സഖാവ് മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ അസാധാരണ ശേഷി പ്രകടിപ്പിച്ച് ഏവരുടെയും ആദരം നേടിയിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവ് എന്ന നിലയില്‍ രാജ്യത്താകെ അംഗീകാരം നേടി. കാര്യങ്ങള്‍ നന്നായി പഠിച്ച് വ്യത്യസ്തമായ അവതരണശൈലിയിലൂടെ അവതരിപ്പിക്കുന്ന പ്രസംഗം സ്റ്റഡി ക്ലാസെന്നപോലെയാണ് തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടിരുന്നത്. ഔപചാരികവിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയിലായിരുന്നു ബാലാനന്ദന്റെ വിദ്യാഭ്യാസം. ജീവിതദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്.