Sunday, January 29, 2012

സമാനതകളില്ലാത്ത സാംസ്കാരികജീവിതം

അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.

വാഗ്ഭടാനന്ദസ്വാമികള്‍ കെ ടി സുകുമാരന്റെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു. അതിനാല്‍ വാഗ്ഭടാനന്ദന്റെ ഒരു സ്വാധീനം സുകുമാരനില്‍ ബാല്യകാലംമുതലേ ഉണ്ടായിരുന്നു. അയത്നലളിതമായി ആത്മീയകാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന വാഗ്ഭടാനന്ദന്റെ സവിശേഷമായ രീതി അഴീക്കോട് മാഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങള്‍ തത്ത്വമസിയില്‍ വളരെ ലളിതമായി പ്രതിപാദിക്കാനായത് ഒരുപക്ഷേ വാഗ്ഭടാനന്ദന്റെ അനുഗ്രഹംകൊണ്ടാവണം.

പ്രഭാഷണകലയില്‍ അഴീക്കോട് മാഷിനെ വെല്ലാന്‍ അധികമാരുമുണ്ടെന്നു തോന്നുന്നില്ല. വളരെ കടുപ്പമേറിയ വിഷയങ്ങളും അതിലളിതമായി നര്‍മോക്തി കലര്‍ത്തി അവതരിപ്പിച്ച് ശ്രോതാക്കളെ മണിക്കൂറുകളോളം കൂടെ കൊണ്ടുപോകുന്ന അതിവിശിഷ്ടമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ സ്വതസിദ്ധമായ അപഗ്രഥനവും ആഴമേറിയ വായനയുടെ ഫലമായി ആര്‍ജിച്ച ജ്ഞാനവും മൗലികചിന്തയും സമഞ്ജസമായി സമ്മേളിച്ചുള്ള ആ വാഗ്ധോരണി ഒരിക്കല്‍ കേട്ടവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

അഴീക്കോട് മാഷിന്റെ ഗുരുവായ കെ രൈരുനായര്‍ എഴുതിയ ശാകുന്തളം പരിഭാഷയ്ക്ക് അവതാരിക എഴുതാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ശിഷ്യനായ സുകുമാരനായിരുന്നു. ആ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടാവണമല്ലോ അത് വായിച്ച കുട്ടികൃഷ്ണമാരാര്‍ "കൊച്ചുന്നാളിലേ ഇയാള്‍ ഒരു പണ്ഡിതനായിക്കഴിഞ്ഞല്ലോ" എന്ന് അഭിപ്രായപ്പെട്ടത്. ചെറിയ പ്രായത്തില്‍തന്നെ കുട്ടികൃഷ്ണമാരാരെപ്പോലെ ഒരാളില്‍നിന്ന് ലഭിച്ച ഈ പ്രശംസ കുട്ടികൃഷ്ണമാരാരുടെ ദീര്‍ഘദര്‍ശിത്വത്തിന്റെയും കൂടി ഒരു നിദര്‍ശനമാണ്.
ഗുരുവിന് അവതാരിക എഴുതിത്തുടങ്ങിയ അഴീക്കോട് മാഷിന്റെ നിരൂപണവിമര്‍ശനശൈലികളും ഭാഷാശൈലിയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും നിരൂപണശൈലികള്‍ക്കിടയിലുള്ള ഒന്നാണ് അഴീക്കോട് മാഷിന്റേതെന്ന വാദവും നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍ നിരൂപണവും വിമര്‍ശനവും ഒരേപോലെ ഗൗരവമായി കൈകാര്യംചെയ്തിട്ടുള്ളത് അഴീക്കോട് മാഷാണ്. അനിതരസാധാരണമാണ് മാഷിന്റെ ഭാഷാശൈലി. തത്ത്വമസിയില്‍ അതിന്റെ പ്രോജ്വലരൂപം ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്: "എന്റെ മറ്റെല്ലാ പുസ്തകങ്ങളും എനിക്ക് ഒരുപക്ഷേ, വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷേ തത്ത്വമസി അങ്ങനെ വീണ്ടും എഴുതാനാവില്ല. ആ സര്‍ഗ്ഗമുഹൂര്‍ത്തം ഇനി ലഭ്യമാവില്ല." ഇക്കാരണത്താലാവാം പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തിരസ്കരിച്ച മാഷ് തത്ത്വമസിക്കു ലഭിച്ച വയലാര്‍ പുരസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചത്.

തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടാണ് മാഷ് എന്നും കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇതുതന്നെയാണവസ്ഥ. "ഞാന്‍ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ മരിക്കും മുമ്പേ കോണ്‍ഗ്രസ് മരിച്ചു" എന്ന് അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്തിലെ ക്രൂരതയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാന്‍ ഗാന്ധിജി ഭയപ്പെടും. ഗര്‍ഭിണിയുടെ വയറ്റില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊന്നത് ഏത് മതത്തിന്റെ പേരിലായാലും അത് മതമല്ല എന്നു പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കണം" എന്നും നിര്‍ഭയമായി തുറന്നടിക്കാന്‍ അഴീക്കോട് മാഷിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? "അമ്പത്തഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ പ്രസംഗം ആരംഭിച്ചത്. രാജ്യം അന്ന് ഇത്രയും ചീത്തയായിട്ടില്ല. രാഷ്ട്രമിന്ന് മോശപ്പെട്ട അവസ്ഥയിലെത്തിയതിന് എന്റെ പ്രസംഗവും കാരണമായോ എന്ന് ആശങ്കപ്പെടുകയാണ്." ഇങ്ങനെയാണ് പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ അഴീക്കേട് നടത്തുന്ന സ്വയംവിമര്‍ശനം. ഇക്കാര്യത്തില്‍ ഞാന്‍ പറയും, പ്രിയപ്പെട്ട അഴീക്കോട് മാഷ്, അങ്ങയുടെ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഈ രാഷ്ട്രത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്താതെ രക്ഷിച്ചത്.

ഒറ്റ വാചകത്തില്‍ ഉപസംഹരിച്ചാല്‍ നാടിനെ ഗ്രസിച്ച പിശാചിനെ നിഗ്രഹിക്കാന്‍ നല്ലവന്റെ രക്തം നല്‍കണം എന്നൊരു ചൊല്ലുണ്ട്. സാഹിത്യജീവിതത്തിനപ്പുറം നമ്മുടെ സാമൂഹികജീവിതത്തില്‍ കാണുന്ന പുഴുക്കുത്തുകള്‍ക്കും നെറികേടുകള്‍ക്കും നീതിരാഹിത്യത്തിനുമെതിരെ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഉള്ളുറപ്പില്‍ എതിരിടാനും പോരിടാനും സദാ കോണ്‍ഗ്രസ് മരിച്ചുപോയി. സമരസജ്ജമായിരുന്നു ആ മനസ്സ്, ആദര്‍ശോജ്വലമായ പൊതുജീവിതം നയിച്ച സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയന്‍ മനസ്സ്, സമൂഹശുശ്രൂഷയ്ക്ക് ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി വാക്കും രചനയും മാറ്റുകയുംചെയ്തു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് താനെന്ന് തുറന്നുപറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ദാരിദ്ര്യദുഃഖം പേറുന്നവന്റെ അവസാനത്തെ ആശ്വാസമാകാനുള്ള വെമ്പലായിരുന്നു ഗാന്ധിയനായ ഈ സമരോത്സുകന്റെ പൊതുജീവിതം.

(എം എ ബേബി)

ഇണങ്ങിയും പിണങ്ങിയും ഇഴമുറിയാത്ത സൗഹൃദം

ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം നീണ്ട സൗഹൃദമാണ് സുകുമാര്‍ അഴീക്കോടുമായി എനിക്കുള്ളത്. ഒരുപക്ഷേ, കേരളത്തിലെ വേറെ ഏതൊരാളേക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും, അദ്ദേഹത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി. സുകുമാര്‍ അഴീക്കോടുമായി ഞാന്‍ കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പംപോലും വിഷം സൂക്ഷിച്ചിരുന്നില്ല. കാലുഷ്യം തീണ്ടാത്ത കലഹമായിരുന്നു ഞങ്ങളുടേത്. ആ മനസ്സിന്റെ നന്മ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍ . വിയോജിപ്പുകള്‍ തുറന്നു പറയാറുമുണ്ട്. അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നതുതന്നെ വിയോജിച്ചുകൊണ്ടാണ്.

1948ലായിരുന്നു അത്. എം ഗോവിന്ദന്‍ , എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ മദ്രാസില്‍നിന്നാരംഭിച്ച "നവസാഹിതി"യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു സാഹിത്യ സമ്മേളനം നടക്കുകയായിരുന്നു. പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വേദിയിലുണ്ട്. സുകുമാര്‍ അഴീക്കോടിനെ പങ്കെടുപ്പിക്കാത്തതെന്ത് എന്ന് സി പി ശ്രീധരന്‍ ചോദിച്ചു. സംഘാടകനായ ഞാന്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങള്‍ മലയാളത്തിലെ സാഹിത്യകാരന്മാരെമാത്രമേ ക്ഷണിച്ചിട്ടുള്ളൂ." സംസ്കൃതപദ ജടിലമായ ഭാഷാപ്രയോഗമായിരുന്നു അന്ന് സുകുമാര്‍ അഴീക്കോടിന്റേത്. അതിനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ആ ശൈലിയില്‍നിന്നെല്ലാം മാറി.
സുകുമാര്‍ അഴീക്കോടുമായി അടുത്ത സൗഹൃദവും സാഹോദര്യവും കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍ . ചിറക്കല്‍ രാജാസ് സ്കൂളില്‍ അദ്ദേഹം എന്റെ സീനിയറായിരുന്നു. ഞാന്‍ സ്കൂളിലെത്തുമ്പോഴേക്കും അദ്ദേഹം അവിടത്തെ പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും കഴിഞ്ഞിരുന്നു. ഒന്നിച്ച് സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സിനിമ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമെല്ലാമുള്ള അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

പട്ടാമ്പിയിലെ പ്രശസ്തമായ തറവാടായ കല്ലമ്മാര്‍തൊടിയിലെ കുടുംബാംഗമാണ് എന്റെ ഭാര്യ. പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യന്‍ കല്ലമ്മാര്‍തൊടി രാമുണ്ണിമേനോന്‍ പ്രശസ്തനായ കവിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് അദ്ദേഹമെഴുതിയ കവിതകളാണ് പടപ്പാട്ടുകള്‍പോലെ എ കെ ജിയും കെ കേളപ്പനുമെല്ലാം പാടിയിരുന്നത്. രാമുണ്ണിമേനോന്റെ അനന്തരവളാണ് എന്റെ ഭാര്യ. അവരുടെ തറവാട്ടുവീട്ടില്‍ ഞാനും സുകുമാരനും അന്തിയുറങ്ങിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇണങ്ങിയും പിണങ്ങിയും നീണ്ട സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട് ഞങ്ങള്‍ .

മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് സാഹിത്യ അക്കാദമി നല്‍കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ശ്രീമതി സാറാ ജോസഫിനാല്‍ അനുഗതനായി അംഗീകാരങ്ങളും സ്വര്‍ണപ്പതക്കങ്ങളും അദ്ദേഹം അക്കാദമിക്ക് തിരിച്ചുനല്‍കി. വിശിഷ്ടാംഗം എന്ന നിലയില്‍ ലഭിച്ച സ്വര്‍ണപ്പതക്കം തിരിച്ചു നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ ക്ഷുഭിതനാവുകയും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വിധേയനാവുകയും ചെയ്യുന്ന പ്രകൃതമാണ് അഴീക്കോടിന്റേത്. അതുകൊണ്ടാണ് ഇങ്ങനെ ഇത് സംഭവിച്ചത്.
ഇതേക്കുറിച്ച് ഒരു പ്രമുഖ പത്രത്തോടുള്ള പ്രതികരണത്തില്‍ ആ സ്വര്‍ണപ്പതക്കങ്ങള്‍ ഉരുക്കിക്കളയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അവര്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്റെ പഴയ സുഹൃത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എനിക്കൊരു കത്തയക്കുകയുംചെയ്തു. പക്ഷേ, ഞാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. വളരെ വൈകാതെ അദ്ദേഹം ആ പുരസ്കാരങ്ങള്‍ തിരിച്ചു വാങ്ങി.
ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത് ഞാനാണ്. എനിക്കെതിരെ കുഞ്ഞബ്ദുള്ള വൈദ്യരും വി ആര്‍ സുധീഷുമെല്ലാം ചേര്‍ന്ന് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ , ഞാനാവശ്യപ്പെടാതെ തന്നെ അത് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നില്ലെന്നത് വേറെകാര്യം. കേസ് തള്ളിപ്പോവുകയായിരുന്നു.

പൂര്‍ണമായും നന്മയുള്ള ഒരാളും ലോകത്തിലില്ല. ഗുണദോഷ സമ്മിശ്രമായ സ്വഭാവവിശേഷങ്ങളോടുകൂടിയേ വ്യക്തികളുണ്ടാകൂ. എല്ലാം കുട്ടിക്കിഴിച്ചുനോക്കുമ്പോള്‍ സുകുമാരനില്‍ കൂടുതലും ഗുണങ്ങളാണുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളോടും തന്നെ ദ്രോഹിച്ചപ്പോള്‍ക്കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലരും പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗംചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെ വിശ്വസിച്ച അദ്ദേഹത്തിന് അതുകൊണ്ടുതന്നെ പല അപകടത്തിലും ചെന്നുചാടേണ്ടിയും വന്നിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ ഇതെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒടുവിലത്തെ പ്രസ്താവനയുംമറ്റും അതാണ് സൂചിപ്പിക്കുന്നത്.

എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്മ എന്നും സൂക്ഷിച്ച ആ പഴയ ചങ്ങാതിയുടെ മനസ്സ് ഞാനെന്നും തിരച്ചറിഞ്ഞിട്ടുണ്ട്.

(ടി പത്മനാഭന്‍)

അഴീക്കോട് നിരന്തരം സംസാരിച്ച പ്രക്ഷോഭകന്‍ : കെ ഇ എന്‍

അഴീക്കോടിന്റെ തത്വമസി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രഭാഷണ കലയില്‍നിന്ന് രൂപം കൊണ്ടതാണെന്ന് കെ ഇ എന്‍ കുഞ്ഞഹമദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ .

അഴീക്കോടിന്റെ പ്രബന്ധങ്ങളും പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണ്. ജീവിതം മുഴുവന്‍ നിരന്തരം സംസാരിച്ച പ്രക്ഷോഭകനാണ് അഴീക്കോട്. നവോഥാന പശ്ചാത്തലമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. നവോഥാന നിലപാടില്‍ പ്രവര്‍ത്തിച്ച അഴീക്കോട് പ്രഭാഷണ ലോകത്ത് നിരന്തരം വ്യാപരിച്ചു. പ്രഭാഷകര്‍ക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ച അഴീക്കോട് അപൂര്‍വ മാതൃകയായി. ജി ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ നിലപാട് എക്കാലവും മഹത്തായ ശരിയായി നിലനില്‍ക്കും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും സംസ്കൃത ഭാഷയെ വിഗ്രഹവല്‍ക്കരിച്ചിട്ടില്ലെന്നും കെ ഇ എന്‍ പറഞ്ഞു.

*
ദേശാഭിമാനി, ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.