Friday, January 27, 2012

ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടിയറവയ്ക്കാനാവില്ല

സല്‍മാന്‍ റുഷ്ദിയോടു എല്ലാവര്‍ക്കും യോജിപ്പുണ്ടാകണമെന്നില്ല. അദ്ദേഹം എഴുതിയ വിവാദ നോവലായ 'സാത്താന്റെ വചനങ്ങളി'ലെ ഉള്ളടക്കത്തോടും യോജിക്കാത്തവരുണ്ടാകാം. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഇന്ത്യയില്‍ വിലക്കു പ്രഖ്യാപിക്കുന്നതിനുള്ള ന്യായങ്ങളാകുന്നില്ല. സല്‍മാന്‍ റുഷ്ദി എന്ന പേരു കേട്ടാല്‍ ഇടിഞ്ഞു വീഴുന്ന വിശ്വാസ ഗോപുരങ്ങള്‍ എത്ര ദുര്‍ബലമാണെന്നായിരിക്കും യഥാര്‍ഥ മതവിശ്വാസികള്‍ തന്നെ ചോദിക്കുക. മതത്തിന്റെ മറപറ്റിക്കൊണ്ട് മനുഷ്യന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ ഹനിക്കുന്നതിനെ ഏതു ദൈവമാണ് ന്യായീകരിക്കുക? ഏതു മതമാണ് ഇത്ര ദുര്‍ബലമായ വിശ്വാസത്തിന്റെ അടിത്തറമേല്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭീകരന്മാര്‍ തങ്ങളുടെ രക്ഷകന്മാരായി അവതരിക്കണമെന്ന് ആഗ്രഹിക്കുക? തീര്‍ച്ചയായും ഈ പ്രവൃത്തി ഭരണഘടനാവിരുദ്ധമാണ്. അതിനു കളമൊരുക്കിയവര്‍ എങ്ങനെയെല്ലാം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും പുസ്തകങ്ങളെ വെറുക്കുന്ന ഈ സമീപനം മതവിരുദ്ധവും ദൈവ വിരുദ്ധവുമാണെന്ന് യഥാര്‍ഥ വിശ്വാസികള്‍ തന്നെ വിളിച്ചു പറയും.

സാര്‍വദേശീയ സാഹോദര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ജയപൂര്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകര്‍ പ്രസ്താവിച്ചത്. ഈ പഞ്ചദിന മേളയില്‍ അലങ്കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒന്നും കുറവുണ്ടായിരുന്നില്ല. സംഘാടക സമിതിക്കു രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ സഹായ-സഹകരണങ്ങള്‍ നിര്‍ലോഭം ലഭിച്ചിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം കേന്ദ്ര പ്രമേയമായ ഒരു അന്തര്‍ദ്ദേശീയ സാഹിത്യ സംഗമത്തില്‍ സല്‍മാന്‍ റുഷ്ദി എന്തുകൊണ്ടും ശ്രദ്ധേയനായിരിക്കും. ഒരു നോവല്‍ രചിച്ചതിന്റെപേരില്‍ മതമൗലികവാദം തലയ്ക്കു പിടിച്ചവര്‍ അദ്ദേഹത്തിന്റെ തലയ്ക്കു വില പറഞ്ഞതുകൊണ്ടാണ് റുഷ്ദി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ഇന്ത്യന്‍ വംശജനായ ആ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനയുടെ സര്‍ഗവൈഭവത്തേക്കാള്‍ കൂടുതല്‍ അതുയര്‍ത്തിയ വിവാദങ്ങളാണ് 'സാത്താന്റെ വചനങ്ങളെ' വായിച്ചിരിക്കേണ്ട പുസ്തമാക്കി തീര്‍ത്തത്.
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദി എത്തുന്നതിനെക്കുറിച്ച് മത തീവ്രവാദ ശക്തികള്‍ തുടക്കത്തിലേ ഭീഷണി ഉയര്‍ത്തിയിരുന്നു. ആ ഭീഷണിക്കു വഴങ്ങി അദ്ദേഹത്തിന്റെ വരവ് റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് സമാപന ദിനത്തില്‍ റുഷ്ദിയുമായുള്ള 'വീഡിയോ കോണ്‍ഫറന്‍സി'നു സജ്ജീകരണങ്ങളുണ്ടായി. മേളയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയ എഴുത്തുകാര്‍ ചൊവ്വാഴ്ച വൈകുന്നേരം 3.45 ന് അതിനായി കാത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ആ 'വീഡിയോ കോണ്‍ഫറന്‍സ്' പോലും റദ്ദാക്കപ്പെട്ടു. സംഘാടകര്‍ക്കും സമ്മേളനത്തിനും നേരെ മത തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീഷണി അത്ര വലുതായിരുന്നുവത്രെ. ''എന്നെയും എന്റെ മക്കളേയും നിങ്ങളെയും രക്ഷപ്പെടുത്താന്‍'' ഈ തീരുമാനം വേണ്ടിവന്നുവെന്നാണ് മുഖ്യ സംഘാടകന്‍ അവിടെ പറഞ്ഞത്.

ഇത്രയും ഭീതിദമായ അന്തരീക്ഷമൊരുക്കി തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? അശോക് ഗെലോട്ട് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി വലിയ വലിയ കാര്യങ്ങള്‍ എപ്പോഴും പറയുന്ന ആളാണ്. ഭരണ ഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യം പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ അദ്ദേഹം എന്തിനാണ് മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചത്?

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും ലഭിച്ച ഏതോ സന്ദേശത്തിന്റെ കഥയാണ് രാജസ്ഥാന്‍ ഗവണ്‍മെന്റ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, അങ്ങനെ ഒരു സന്ദേശം തങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞുകഴിഞ്ഞു. മത തീവ്രവാദികള്‍ കണ്ണുരുട്ടിയാല്‍ ഭരണഘടനപോലും ചുരുട്ടിക്കൂട്ടി എറിയാന്‍ കോണ്‍ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതേക്കുറിച്ച് മന്‍മോഹന്‍ സിംഗ് വായ തുറക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിലെ സര്‍വാധികാരിയായ സോണിയാഗാന്ധിയും യുവതാരമായ രാഹുല്‍ഗാന്ധിയും ഇതേപ്പറ്റി എന്തെങ്കിലും പറയാത്തതെന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. അത് ഇന്ത്യയുടെ ദേശീയ അഭിമാനത്തിന്റെ അടയാളം കൂടിയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ മതതീവ്രവാദികള്‍ തന്നിഷ്ടംപോലെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തുന്ന ഭീരുക്കളെ ഗവണ്‍മെന്റ് എന്ന് ആരും വിളിക്കില്ല. നിര്‍ഭാഗ്യവശാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ഇന്ന് വിവിധ ഇനം തീവ്രവാദികള്‍ക്കു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയാണ്. ഇത് രാജ്യത്തിന് അപമാനമാണ്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം അപകടത്തിലാക്കിയാല്‍ തുടര്‍ന്ന് എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങു വീഴും. അതു തിരിച്ചറിയാന്‍ ഒട്ടും വൈകരുതെന്നാണ് ജയപൂരിലെ റുഷ്ദി സംഭവം എല്ലാ സ്വാതന്ത്ര്യ പ്രേമികളെയും വിളിച്ചറിയിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 26 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...