Friday, January 13, 2012

ഇന്ത്യന്‍ പ്രധാനമന്ത്രിയും അഴിമതിവിരുദ്ധ പല്ലവികളും

ലോക്പാല്‍, ലോകായുക്ത ബില്ലുകളുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ക്കിടയില്‍ കടുത്ത ആശങ്കകളാണുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ ആകെതന്നെ വരിഞ്ഞുകെട്ടി കീഴ്‌പ്പെടുത്തിയിരിക്കുന്ന അഴിമതി ഇടപാടുകള്‍ കര്‍ശനമായി നേരിടാന്‍ അറച്ചുനില്‍ക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ നയസമീപനം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇന്ത്യന്‍ പൗരസമൂഹത്തിന് വിശ്വാസമില്ലാതാക്കി തീര്‍ത്തിട്ടുണ്ടെന്നതാണ് വസ്തുത. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളായ സമ്മതിദായകരാണല്ലോ വിവിധ രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ താല്‍പര്യസംരക്ഷകരെന്നനിലയില്‍ ലോക്‌സഭയിലേക്ക് പ്രതിനിധികളായി തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്.

ഇപ്പറഞ്ഞതെല്ലാം വസ്തുതകളായിരിക്കെ, മൗലികമായി ഉന്നയിക്കപ്പെടുന്നൊരു പ്രശ്‌നം, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികളെന്നനിലയില്‍ എന്നെങ്കിലും അഴിമതിയില്‍നിന്ന് മുക്തരാകുമോ എന്നതാണ്. അഴിമതിക്കാരും ക്രിമിനല്‍ കുറ്റവാളികളുമാണെന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ളവരെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തയക്കുന്നവര്‍ ഇക്കാര്യത്തില്‍ അവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്ക് ഉത്തരവാദിത്വം വഹിക്കേണ്ടതല്ലേ എന്ന പ്രശ്‌നവും ഇതോടൊപ്പം ഉയരുന്നുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളായ ജനപ്രതിനിധികളില്‍ ബഹുഭൂരിഭാഗംപേരും അഴിമതിക്കാരോ ക്രിമിനലുകളോ ആണെന്നതല്ലേ യാഥാര്‍ഥ്യം? രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പാസ്സാകാതിരിക്കാന്‍വേണ്ടി 190 ഭേദഗതികള്‍ നിര്‍ദേശിച്ചവരില്‍ ഏറെ പേരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍പ്പെടുന്നവരുമാണ്. വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാന്‍ പ്രാപ്തരായ ജനങ്ങള്‍ തന്നെ ഡോ ഫ്രാങ്കെന്‍സ്റ്റീനിന്റെ റോള്‍ ഏറ്റെടുത്താല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവല്ലേ ഇതെല്ലാം? ഇന്ത്യന്‍ പൗരന്‍മാരെന്നനിലയില്‍ അഴിമതി വെച്ചുപൊറുപ്പിക്കാന്‍ അവര്‍ സന്നദ്ധരാണെന്നല്ലേ ഇതിലൂടെ വെളിവാക്കപ്പെടുന്നതും? അല്ലെങ്കില്‍പിന്നെ എന്തിനുവേണ്ടിയാണ് അഴിമതിക്കാരോ ക്രിമിനല്‍ കുറ്റാരോപിതരോ ആയവരെ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നു? ആരോഗ്യകരമായൊരു ജനാധിപത്യ, സാമൂഹ്യവ്യവസ്ഥയ്ക്ക് അഴിമതിക്കതീതരായ ജനപ്രതിനിധികളാണ് അവശ്യം വേണ്ടത്. ഇതിന് മുന്‍നിന്ന് പ്രവര്‍ത്തിക്കേണ്ടതും ജനങ്ങള്‍ തന്നെയാണ്. ഈ വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ,. നാം തിരിച്ചറിയേണ്ടുന്നൊരു കാര്യമുണ്ട്. എന്താണതെന്നോ? അഴിമതിമുക്തമായൊരു ഭരണക്രമമാണ് അഭികാമ്യമെന്ന് ബോധ്യമാണെങ്കില്‍ തന്നെയും, അത്തരമൊരു ഭരണക്രമം ഏതുവിധേന പ്രായോഗികമാക്കാമെന്ന പ്രശ്‌നം ഉദിക്കുന്നു. ഈ പ്രശ്‌നമാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. വിശിഷ്യാ ലോക്പാല്‍, ലോകായുക്ത നിയമനിര്‍മാണങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഏറ്റിരിക്കുന്ന കനത്ത ആഘാതം പരിശോധനാ വിധേയമാക്കുമ്പോള്‍. ഉത്തരവാദിത്വബോധവും മനസാക്ഷിയുമുള്ള ഓരോ ഇന്ത്യന്‍ പൗരനും ഇതെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുമാണ്.

യുക്തിസഹമായും ആത്മാര്‍ഥമായും ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരനേയും കടുത്ത നിരാശയിലാഴ്ത്തുന്ന ഒരു വസ്തുത, അഴിമതി എന്ന ദുര്‍ഭൂതം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്ന് നേരിടുന്ന ശക്തമായൊരു വെല്ലുവിളിയായി നമ്മുടെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് അറിയപ്പെടുന്നൊരു ധനശാസ്ത്ര വിദഗ്ധനാണെങ്കില്‍കൂടി കരുതുന്നില്ലെന്ന് കാണുമ്പോഴാണ്. പ്രധാനമന്ത്രി തന്റെ റിപ്പബ്ലിക്ക്ദിന സന്ദേശത്തില്‍ സൂചിപ്പിക്കുന്നതും രാജ്യം അഭിമുഖീകരിക്കുന്നതുമായ പ്രധാനപ്പെട്ട അഞ്ച് വെല്ലുവിളികളുടെ ഗണത്തില്‍ അഴിമതിയെ ഉള്‍പ്പെടുത്തുന്നില്ലെന്നതാണ് അതിശയകരവും അവിശ്വസനീയവുമായി തോന്നുന്നത്.

ഡോ മന്‍മോഹന്‍സിംഗ് തന്റെ സന്ദേശത്തില്‍ അക്കമിട്ട് നിരത്തുന്ന അഞ്ചു വെല്ലുവിളികള്‍, ദാരിദ്യനിര്‍മാര്‍ജനവും നിരക്ഷരതാനിര്‍മാര്‍ജനവും ന്യായമായ വേതനം ലഭ്യമാകുന്ന തൊഴില്‍, സാമ്പത്തിക സുരക്ഷയും ഊര്‍ജസുരക്ഷയും പ്രായോഗികമാക്കുകയും ദേശീയ സുരക്ഷയും ഉറപ്പാക്കുക എന്നിവയാണിത്. ഈ അഞ്ചു വെല്ലുവിളികളും ലിസ്റ്റ് ചെയ്യുന്ന ഡോ സിംഗ് വെളിവാക്കുന്നത് ധനശാസ്ത്രജ്ഞന്‍ എന്നനിലയിലുള്ള തന്റെ സമീപനം മാത്രമാണ്. അതേ അവസരത്തില്‍ അദ്ദേഹം സൗകര്യാര്‍ഥം വിസ്മരിക്കുന്നതെന്തെന്നോ? താന്‍ നിരത്തുന്ന വെല്ലുവിളികളെല്ലാം ഫലപ്രദമായി നേരിടുകയും പരിഹരിക്കുകയും വേണമെങ്കില്‍ അവയുമായി ബന്ധപ്പെട്ട മേഖലകളെ അഴിമതിമുക്തമാക്കുക എന്ന പരമോന്നത ലക്ഷ്യമാണ് എന്ന യാഥാര്‍ഥ്യമാണ്. നയരൂപീകരണവും പദ്ധതികളുടെ നടത്തിപ്പും അഴിമതിക്ക് ഒരിക്കലും ഇടവരുത്തരുതെന്നത് പ്രധാനമാണ് എന്ന വസ്തുത അറിയാത്ത വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് നമുക്ക് സ്വപ്‌നത്തില്‍പോലും ചിന്തിക്കാനാവില്ല. മാത്രമല്ല, തന്റെ റിപ്പബ്ലിക്ക്ദിന സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് 1991 ല്‍ രൂപപ്പെടുത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പാക്കേജിലൂടെ ലക്ഷ്യമിട്ടിരുന്നത്, ഇന്ത്യയിലെ ഓരോ പൗരനെയും ബ്യൂറോക്രസിയും അഴിമതിയും ഒരുക്കിയിരിക്കുന്ന ബന്ധനങ്ങളില്‍നിന്ന് മോചിപ്പിക്കുകയും അവന്റെ സൃഷ്ടിപരവും സര്‍ഗാത്മകവുമായ എല്ലാ കഴിവുകളും പ്രകടമാക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു എന്നതുകൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ ലക്ഷ്യം ഇപ്പോള്‍ യാഥാര്‍ഥ്യമായിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? അഴിമതി ദേശീയ ശ്രദ്ധാകേന്ദ്രമായി രൂപാന്തരപ്പെട്ടിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍, രണ്ടാം യു പി എ ഭരണകൂടം ഈ പ്രതിസന്ധി ഏതുവിധേന പരിഹരിക്കാനുദ്ദേശിക്കുന്നു? ഇതിനൊന്നും വ്യക്തമായ ഉത്തരമില്ല. പ്രധാനമന്ത്രി മൗനത്തിലുമാണ്.

അതേസമയം അദ്ദേഹം ആവര്‍ത്തിക്കുന്ന മന്ത്രം തന്റെ സര്‍ക്കാര്‍ ഫലപ്രദവും കാര്യക്ഷമവുമായൊരു ലോക്പാല്‍ നിയമം നടപ്പാക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നാണ്. ഈ വാക്കുകളിലും പ്രഖ്യാപനങ്ങളിലും പുതുമയൊന്നുമില്ല. എല്ലാം കേട്ടുപഴകിയ പല്ലവികള്‍ തന്നെ. അഴിമതി എന്ന ക്യാന്‍സര്‍രോഗം ഏതു വിധേന നേരിടുമെന്നതിന് പുതുതായി മൂര്‍ത്തമായ എന്തെങ്കിലും വേണ്ടിയിരിക്കുന്നു. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ കമ്മിറ്റ്‌മെന്റോ ഡോ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന് ഇല്ലതന്നെ.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 12 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോക്പാല്‍, ലോകായുക്ത ബില്ലുകളുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ക്കിടയില്‍ കടുത്ത ആശങ്കകളാണുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ ആകെതന്നെ വരിഞ്ഞുകെട്ടി കീഴ്‌പ്പെടുത്തിയിരിക്കുന്ന അഴിമതി ഇടപാടുകള്‍ കര്‍ശനമായി നേരിടാന്‍ അറച്ചുനില്‍ക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ നയസമീപനം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇന്ത്യന്‍ പൗരസമൂഹത്തിന് വിശ്വാസമില്ലാതാക്കി തീര്‍ത്തിട്ടുണ്ടെന്നതാണ് വസ്തുത. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളായ സമ്മതിദായകരാണല്ലോ വിവിധ രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ താല്‍പര്യസംരക്ഷകരെന്നനിലയില്‍ ലോക്‌സഭയിലേക്ക് പ്രതിനിധികളായി തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്.