Sunday, January 15, 2012

ഇത്തിരിവട്ടത്തിലെ വലിയ മനുഷ്യര്‍

മുറുക്കിവച്ച ഒരു കഥകളിച്ചെണ്ട ബാക്കിയാക്കി, ആട്ടവിളക്കിന്റെ തിരിയണച്ച് മരണം ഞങ്ങളുടെ വര്‍മയെ അരങ്ങില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി. മേളപ്പെരുക്കത്തിന്റെ കലാശക്കൈകളുയര്‍ന്നപ്പോള്‍ വലന്തല നിശ്ശബ്ദമായ പോലെ. ഒരു മാസത്തിലേറെയായി മരണം വര്‍മയുടെ പിന്നാലെയുണ്ടായിരുന്നു- പാത്തും പതുങ്ങിയും. തന്റെ പ്രിയപ്പെട്ട തൃപ്പൂണിത്തുറ ഉത്സവം കഴിഞ്ഞ് കോഴിക്കോട്ട് ജോലിക്കെത്തിയ വര്‍മയെ രോഗം മൂര്‍ച്ഛിച്ച് ഡിസംബര്‍ ഒന്നിന് നേരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഷ്വാലിറ്റിയില്‍നിന്ന് ഐസിയുവിലേക്ക്, വെന്റിലേറ്ററിലേക്ക്. ബോധം പോയി, ഓര്‍മ പോയി. ഭാര്യയെ തിരിച്ചറിഞ്ഞില്ല, മകളെ തിരിച്ചറിഞ്ഞില്ല. കോമയിലായി. മരണം കൈ ചൂണ്ടുന്ന വഴിയിലൂടെ വര്‍മ അനുസരണയോടെ നടന്നു; അങ്ങനെ നടക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും!

ഇനി ഒരത്ഭുതത്തിനുമാത്രമേ വര്‍മയെ തിരിച്ചുതരാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആ അത്ഭുതത്തിനു വേണ്ടി ഞങ്ങള്‍ - ബന്ധുക്കള്‍ , സഖാക്കള്‍ , സുഹൃത്തുകള്‍ ഉള്ളുരുകിനിന്നു. മരണമുഖത്തുനിന്ന് തിരിച്ചെത്തിയവരുണ്ടോ എന്ന് ഓര്‍മകളുടെ ഫയല്‍ മറിച്ചുനോക്കി. വര്‍മ മരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ ഒന്ന് പറഞ്ഞുറപ്പിക്കാന്‍ . ഒടുവില്‍ അത് സംഭവിക്കുകതന്നെ ചെയ്തു. തന്റെ സഹജമായ നിര്‍വികാരതയോടെ മരണത്തിന്റെ കൈതട്ടിമാറ്റി വര്‍മ ജീവിതത്തിലേക്കു നടന്നു. കല്ലറകള്‍ ഇളക്കിമാറ്റിയ പുനരുദ്ധാരണത്തിന്റെ ചുവടുകള്‍ . പിച്ചവയ്ക്കാന്‍ പഠിക്കുന്ന കുഞ്ഞിന്റെ കാലിലേക്കെന്നപോലെ അടങ്ങാത്ത ആഹ്ലാദത്തോടെ, വികാരവായ്പോടെ ഞങ്ങള്‍ അത് നോക്കി നിന്നു.

വര്‍മയ്ക്ക് ഓര്‍മ വന്നു. മകള്‍ ശ്രുതിയെയും ഭാര്യ ശാന്തിയെയും തിരിച്ചറിഞ്ഞു. ഭക്ഷണം കഴിച്ചുതുടങ്ങി. എഴുന്നേറ്റിരുന്നു. രണ്ടുചുവട് നടന്നു. വാര്‍ത്തകള്‍ താരാട്ടു പാട്ടായി ഞങ്ങളെത്തേടിയെത്തി. ദേശാഭിമാനിയുടെ ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ സി കെ രാജീവ്വര്‍മ മടിയില്‍ തന്റെ പത്രം നിവര്‍ത്തി, കണ്ണടവച്ച് ഔദ്യോഗികഭാവത്തില്‍ത്തന്നെ വായന തുടങ്ങി. ആഴ്ചകളായി ഉറക്കം നഷ്ടപ്പെട്ടവരുടെ കണ്ണുകളില്‍ സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശത്തോടെ നിദ്ര വന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു- ശാശ്വതമായ പരിഹാരത്തിന് കരള്‍ മാറ്റിവയ്ക്കണം. ലിവര്‍ സിറോസിസാണ് വര്‍മയുടെ അസുഖം.

കരളിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവിടെയും ഒരത്ഭുതം വര്‍മയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അത് അത്ഭുതം മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ മഹാമനസ്കത കൂടിയായിരുന്നു. കോഴിക്കോട് കൂടരഞ്ഞിയിലെ ജോര്‍ജ് തറപ്പേല്‍ - സെലീന ദമ്പതികളുടെ മകന്‍ അരുണ്‍ ജോര്‍ജിന്റെ കരള്‍ അവര്‍ വര്‍മയ്ക്ക് നല്‍കി. മസ്തിഷ്കമരണം സംഭവിച്ച അരുണ്‍ മറ്റൊരു മനുഷ്യനിലൂടെ പുനര്‍ജനിക്കുന്നതു കാണാന്‍ നല്‍കിയ മഹാദാനം. മനുഷ്യനുവേണ്ടി മരക്കുരിശേറിയ യേശുക്രിസ്തുവിന്റെ ജന്മദിനപ്പെരുന്നാളിന്റെ ആഴ്ചയിലായിരുന്നു മാലാഖമാരാല്‍ സ്തുതിക്കപ്പെടുന്ന ഈ ജീവന്റെ ദാനം. കൂടരഞ്ഞിയിലെ കുടുംബത്തില്‍ തെളിയാതെപോയ ദിവ്യനക്ഷത്രം എറണാകുളം അമൃത ആശുപത്രിയില്‍ ഉദിക്കുന്നത് ഞങ്ങള്‍ നോക്കിനിന്നു. ആ ദിവ്യനക്ഷത്രം അരുണ്‍ ജോര്‍ജാണെന്നും അതിന്റെ പിന്നിലെ പിറവി വര്‍മയുടെ രണ്ടാം വരവാണെന്നും സ്വപ്നങ്ങള്‍ ഞങ്ങളോട് പറഞ്ഞുതന്നു. അമൃതയിലായിരുന്നു ശസ്ത്രക്രിയ. ഏഴു മണിക്കൂര്‍ നീണ്ടു.

ശസ്ത്രക്രിയ വിജയം. കരള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വര്‍മയ്ക്ക് ഓര്‍മവന്നു. ഫോണില്‍ സംസാരിച്ചുതുടങ്ങി. ക്രിസ്മസ് ദിവസം വര്‍മയെ ഫോണില്‍ കിട്ടി." ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" പതിവു തമാശയോടെ വര്‍മ തുടങ്ങി. ചെറുതായി ക്ഷീണിച്ച ശബ്ദം. എങ്കിലും സ്വര്‍ഗത്തില്‍നിന്നുള്ള വിശുദ്ധമായ അശരീരിയായിരുന്നു അത്. പക്ഷേ അത് അന്ത്യകൂദാശയുടെ ഏറ്റുപറച്ചിലായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. മരണം എത്ര ക്രൂരമായാണ് സ്വപ്നത്തിലേക്കെന്നപോലെ നമ്മളെ വിപരീതദിശയിലേക്കു കൊണ്ടു പോകുന്നത്! കൈയടക്കമുള്ള മാന്ത്രികനെപ്പോലെ വ്യാജലോകം തീര്‍ത്ത് കബളിപ്പിക്കുന്നത്.

അത് തിരിച്ചുവരവാണെന്ന് കരുതി വര്‍മയുടെ കഥകള്‍ പറഞ്ഞുതന്നെ ഞങ്ങള്‍ ആഘോഷിച്ചു. കഥകളില്‍ ആദ്യമെത്തിയത് സ്വന്തം രോഗത്തോടുതന്നെ വര്‍മ പ്രതികരിച്ച രീതിയാണ്. "അസുഖം പിടികിട്ടി. കൊള്ളാവുന്ന സാധനമാണ്. ലിവര്‍ സിറോസിസ്. കൊണ്ടേ പോകൂത്രെ.."കസേരയിലിരുന്ന് മുട്ടുകാലില്‍ താളംപിടിച്ച് വര്‍മ ആസ്വദിച്ചു-രോഗമെന്ന മാരകമായ ഫലിതത്തെ!.

ഭക്ഷണത്തില്‍ ഡോക്ടര്‍മാര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതും വര്‍മ വിവരിച്ചു:" രാവിലെ രണ്ട് ദോശ,അല്ലെങ്കില്‍ രണ്ട് ഇഡ്ലി, അല്ലെങ്കില്‍ ഒരു കഷണം പുട്ട്. എല്ലാംകൂടിയാണെങ്കില്‍ സമ്മതിച്ചെന്ന് ഞാന്‍ ഡോക്ടര്‍മാരോടു പറഞ്ഞു". എന്നിട്ട് പല്ലില്‍ നാവുമുട്ടിച്ച് തോളുകുലുക്കി ഒരു ചിരി. ദംശിക്കാന്‍ ഒരുങ്ങുന്ന തക്ഷകന്റെ മുന്നില്‍നിന്ന് സ്വന്തം ശരീരത്തെ നോക്കി വര്‍മ പറഞ്ഞ ചാക്യാര്‍കൂത്ത്. ആ വലിയ ശരീരത്തില്‍ ഒരു ചാക്യാരുണ്ടായിരുന്നു എപ്പോഴും. സ്കൂട്ടറില്‍നിന്ന് വീണതും അവതരിപ്പിച്ചത് കൂത്തിന്റെ നുറുങ്ങുകളോടെയാണ്. തൃപ്പൂണിത്തുറയിലെ ഉത്സവകാലം. രാത്രി മുഴുവന്‍ അമ്പലമുറ്റത്ത്.പകല്‍ ഓഫീസില്‍ . ഉറക്കം തീര്‍ത്തും കമ്മി. സ്കൂട്ടറിലെ യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി. "ഒറ്റയ്ക്കല്ലെ. സുഖായി ഒറങ്ങി. ക്ടും എന്നൊരു ഒച്ച കേട്ടു. എണീക്കേണ്ടിവന്നില്ല. അത് നാട്ടുകാര് തരാക്കി."

ക്രിക്കറ്റായിരുന്നു മറ്റൊരു കമ്പം. ചെറുപ്പത്തില്‍ കളിക്കാരനുമായിരുന്നു. ഗുണ്ടപ്പ വിശ്വനാഥാണ് ഇഷ്ടതാരം. ദേശാഭിമാനിയിലെ ക്രിക്കറ്റെഴുത്തിനെക്കുറിച്ചുമുണ്ട് വര്‍മയ്ക്ക് പരിഹാസം. ഇന്ത്യന്‍ ക്രിക്കറ്റിനെ വിമര്‍ശിക്കുമ്പോള്‍ ദേശാഭിമാനിക്ക് ലേശം മൂര്‍ച്ച കൂടാറുണ്ട്. പാക് ചാരന്മാരാണ് ദേശാഭിമാനിയില്‍ ക്രിക്കറ്റെഴുതുന്നതെന്നാണ് വര്‍മയുടെ പരിഹാസം. ഇന്ത്യ ജയിക്കുന്ന ദിവസം സ്പോര്‍ട്സ് ഡെസ്ക്കിന്റെ വാതില്‍ പതുക്കെ തുറന്ന് "സങ്കടായി..ല്ലേ" എന്നൊന്നു സ്നേഹപൂര്‍വം കുത്താനും വര്‍മ മറക്കാറില്ല.

തൃപ്പൂണിത്തുറ ഉത്സവം തുടങ്ങിയാല്‍ ഒരുദിവസമെങ്കിലും വര്‍മ മേളത്തിനിറങ്ങിയിരിക്കും. അമ്പലത്തിന്റെ തെക്കേ നടവഴിയിലൂടെ ചെണ്ടയും തോളത്തിട്ട് വര്‍മ വരും, തനി മേളക്കാരനായി. പെരുമനം കുട്ടന്‍ മാരാര്‍ പ്രമാണക്കാരനാകുന്ന മേളത്തില്‍ വര്‍മയുണ്ടാകും പിന്നില്‍ . തൃപ്പൂണിത്തുറയിലെ മേളാസ്വാദകരുടെ മുന്നിലാണ് കൊട്ട്. കാലം മാറി ഒരു കോലു വീണാല്‍ അവര്‍ പിടിക്കും. പഞ്ചാരിയുടെ അഞ്ചാം കാലവും കൊട്ടി, കിതച്ചവശനായി, നെറ്റിയിലെ വിയര്‍പ്പ് ഇടതുകൈയിന്റെ ചൂണ്ടാണി വിരലു കൊണ്ട് തെറിപ്പിച്ച് പറയും. "..ഹാവൂ!. വിഷമിച്ചു". കൊട്ട് ശരിക്കും ആസ്വദിച്ചു എന്നാണ് അതിന്റെ അര്‍ഥം. മേളം മാത്രമല്ല, ഒരു പാട് മേളക്കാരെയും വര്‍മയ്ക്കറിയാം. കുടിച്ച് ജീവിതം നശിപ്പിച്ച മേളക്കാരെയും. എത്രയോവട്ടം അവരുടെ കഥകള്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ശബ്ദം വല്ലാതെ താണുപോകും.

കഥകളിയാണ് മറ്റൊരു കമ്പം. കലാമണ്ഡലം കൃഷ്ണന്‍നായരാശാനെയും ഗോപിയാശാനെയും കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഗോപിയാശാന്റെ ആട്ടം വര്‍മ ആസ്വദിക്കുന്നത് തന്നെ ഒരു കാഴ്ചയാണ്. അരങ്ങില്‍ ഗോപിയാശാന്‍ നളനായി ആടുമ്പോള്‍ സദസ്സില്‍ വര്‍മയുടെ മുഖത്ത് അതേ ഭാവങ്ങള്‍ പ്രതിഫലിക്കും. കഥകളി അരങ്ങ് വര്‍മയ്ക്കൊരു വികാരമായിരുന്നു. എത്രയെത്ര വേഷങ്ങള്‍ക്ക് ചെണ്ടപ്പുറത്ത് ഭാവതീവ്രതയുടെ ശബ്ദപ്രപഞ്ചമൊരുക്കി. പദങ്ങള്‍ക്കപ്പുറം ആട്ടക്കാര്‍ മനോധര്‍മത്തിലേക്ക് കടക്കുമ്പോള്‍ ചെണ്ടയിലുമുണ്ട് വര്‍മയുടെ കുസൃതികള്‍ . താളങ്ങളുടെ ലോകം, ആട്ടങ്ങളുടെ ലോകം.....അതില്‍ ഒഴുകിയൊഴുകി നടക്കുകയായിരുന്നു വര്‍മ.

ഇതിനിടയില്‍ ജോലിക്കൊരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ഏജന്റുമാരെ കൈകാര്യം ചെയ്യുന്നതില്‍ ഈ സര്‍ക്കുലേഷന്‍ മാനേജര്‍ക്കൊരു പ്രത്യേകവൈദഗ്ധ്യമുണ്ടായിരുന്നു. ഒരു തോള്‍സഞ്ചിയും തൂക്കി കേരളത്തിന്റെ എല്ലാ ജില്ലയിലും വര്‍മയെത്തി, ഏജന്റുമാരെ കാണാന്‍ . മലപ്പുറത്തെ ഒരേജന്റിനെക്കുറിച്ചും വര്‍മയുടെ ഫലിതമുണ്ട്. മലയാളഭാഷയ്ക്ക് ഇത്രയും അക്ഷരം വേണ്ടെന്ന് ആ ഏജന്റിനോട് സംസാരിക്കുമ്പോഴാണത്രെ മനസ്സിലാവുക."ശ" എന്ന ഒറ്റ അക്ഷരം കൊണ്ട് അദ്ദേഹം " സ, ഷ, ഹ" ഇത്രയും അക്ഷരത്തിന്റെ ധര്‍മം നിറവേറ്റും. ആ കണക്കനുസരിച്ചാണെങ്കില്‍ പതിനേഴ്, പതിനെട്ട് അക്ഷരങ്ങള്‍ കൊണ്ട് കാര്യങ്ങളൊക്കെ ഭംഗിയായി നിര്‍വഹിക്കാം. പത്രത്തിന്റെ സാധ്യതയും അതിന്റെ എണ്ണവും തമ്മിലുള്ള അന്തരം എപ്പോഴും വര്‍മയെ അലട്ടിയിരുന്നു. കോഴിക്കോട്ടേക്ക് സ്ഥലം മാറിയപ്പോള്‍ വാരികയായിരുന്നു മനസ്സില്‍ .

അരങ്ങില്‍ മാറിമാറി വീഴുന്ന നവരസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് താളങ്ങളുടെ കയറ്റിറക്കങ്ങള്‍ സൃഷ്ടിക്കുന്ന ഈ മനുഷ്യന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും അഭിനയിച്ചിട്ടില്ല.ആദ്യം കാണുമ്പോള്‍ ആര്‍ക്കും ഇഷ്ടം തോന്നുന്ന പ്രകൃതമല്ല വര്‍മയുടെത്. ആകാരം തന്നെ ഒന്നകലാന്‍ പ്രേരിപ്പിക്കും. കേട്ടിരിക്കുന്നതോ തീര്‍ത്തും നിര്‍വികാരമായും. ഇങ്ങനെ ഒരു മനുഷ്യനോ എന്ന് വെറുപ്പോടെ ചിന്തിച്ചു പോകും. അതെ, അങ്ങനെ തന്നെയാണ് ആ മനഷ്യന്‍ . കൈയില്‍ മനഃപൂര്‍വം കരുതി വച്ചിരിക്കുന്ന മറ്റൊരു മുഖമില്ലാത്ത മനുഷ്യന്‍ . ആ മനുഷ്യന്റെ മുന്നില്‍ എന്തും പറയാം. പൊട്ടിത്തെറിക്കാം, കണ്ണുപൊട്ടെ ചീത്ത വിളിക്കാം. ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല. പകയില്ലാതെ , പരിഭവമില്ലാതെ, പരാതിയില്ലാതെ ആ മനുഷ്യന്‍ അതെല്ലാം മറക്കും.

പക്ഷേ ഒരു പ്രതിസന്ധിയില്‍ പെട്ട് നിരാശ്രയരായി തിരിഞ്ഞുനോക്കുമ്പോള്‍ ഈ മനുഷ്യന്‍ ഉണ്ടാകും. ആ കൈ നീളും. ധൈര്യമായി അതില്‍ പിടിക്കാം. ഒരിക്കലും ആ കൈ പിന്‍വലിക്കില്ല. കൈയില്‍ പിടിച്ചവരെ കടലില്‍ തള്ളി ഒറ്റയ്ക്ക് നീന്തിക്കയറുകയുമില്ല. അതിലെ ലാഭനഷ്ടങ്ങളുടെ കണക്കും ഈ മനുഷ്യന്‍ എഴുതിവയ്ക്കാറില്ല. സങ്കടപ്പെടുന്നവന്റെ അടുത്തുവരാന്‍ ക്ഷണപത്രം ആവശ്യമില്ലാത്ത മനുഷ്യന്‍ . സല്‍പേരിനും പ്രശസ്തിപത്രങ്ങള്‍ക്കും വേണ്ടി ഗൃഹപാഠം ചെയ്യുന്ന രീതി ഈ മനുഷ്യനില്ല. കീര്‍ത്തിപത്രങ്ങളുടെ വ്യാജനിര്‍മാണ ശാലകള്‍ കച്ചവടം പൊടിപൊടിക്കുമ്പോഴാണ് അതില്‍നിന്നെല്ലാം നിര്‍വികാരയോടെ തിരിഞ്ഞു നടക്കുന്നത്. അനീതികള്‍ക്കെതിരെ തിളയ്ക്കുന്ന കമ്യൂണിസ്റ്റ്.സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവരെ തന്റെ ബലിഷ്ഠമായ മുഷ്ടിയുടെ ചൂടറിയിക്കാനും വര്‍മ മടിച്ചിട്ടില്ല.

നമുക്കുചുറ്റുമുള്ള ചെറിയ ചെറിയ ലോകങ്ങളില്‍ ഇങ്ങനെ കുറെ ചെറിയചെറിയ മനുഷ്യരുണ്ട്. അവരെ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അവരുടേതുകൂടിയാണ് ഈ ലോകം. അവരാണ് നന്മയുടെ ഈടുവയ്പുകള്‍ . ഈ സമൂഹത്തെ ഊര്‍ജസ്വലമാക്കുന്നതും ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നതും ഇത്തരം ഈടുവയ്പുകളാണ്. തുരുത്തുകളിലെ ഹരിതശോഭ. ഈ തുരുത്തുകളില്‍ തട്ടിവരുന്ന കാറ്റാണ് കിളിവാതിലിനകത്തുകൂടി കടന്ന് നമ്മളെ തലോടി ഉറക്കുന്നത്. പുലരുമ്പോഴേക്കും ഈ കുളിര്‍കാറ്റ് അതിന്റെ പച്ചിലകള്‍ക്കകത്തേക്ക് തിരിച്ചുപോയിട്ടുണ്ടാവും. അറിയാതെ ,അറിയപ്പെടാതെ നമ്മളെത്തേടിയെത്തുന്ന കൊച്ചുകൊച്ചു മാലാഖകള്‍ ....

ഈ ജീവനില്‍ മരണം കൈവച്ചു, ക്രൂരമായി. ആരും വാതില്‍ തുറന്നുകൊടുക്കാതിരുന്നിട്ടും മരണമെത്തി. കട്ടിലില്‍നിന്ന് എഴുന്നേറ്റ് സ്വീകരിക്കാതിരുന്നിട്ടും മരണമെത്തി.ഇരുകൈകളും നീട്ടി വര്‍മയെ ആശ്ലേഷിക്കാന്‍ നിന്ന ഞങ്ങള്‍ക്കിടയിലൂടെയാകാം മരണം കടന്നുപോയത്. ജനുവരി എട്ടിന് സ്ഥിതിഗതികള്‍ വഷളായി. തലച്ചോറിലെ അണുബാധയായി മരണം വര്‍മയൂടെ ശരീരത്തിലേക്ക് പ്രവേശിച്ചു. മരണം അതിന്റെ തിരക്കഥ എഴുതിത്തുടങ്ങി. അവിടെ ആര്‍ക്കും പ്രവേശനമില്ല. മനുഷ്യരെ നിസ്സഹായരാക്കി, വിതുമ്പുന്ന കാഴ്ചക്കാരാക്കി, ഒരാളെ മരണം തൊട്ടുവിളിച്ചു. വൈകുന്നേരത്തോടെ മരണം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കൂടരഞ്ഞിയിലെ കുടുംബം കാണിച്ച മഹാമനസ്കതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വര്‍മയുടെ അവയവങ്ങളും ദാനം ചെയ്തു. പക്ഷേ ആ കണ്ണുകള്‍ മാത്രമാണ് എടുക്കാനായത്. അതിലുണ്ട് ഒരു ജീവിതത്തിന്റെ മുഴുവന്‍ തിളക്കവും ആര്‍ദ്രതയും.

അമൃത ആശുപത്രിയിലെ മോര്‍ച്ചറിക്കുമുന്നില്‍ തല സ്വല്‍പം ഇടത്തേക്ക് ചരിച്ച് വര്‍മ കിടന്നു." ഞാന്‍ പോട്ടെ" എന്ന് ഞങ്ങളോട് പറയുന്ന പോലെ. വിരലൊന്ന് ഞൊടിച്ച്, തലയൊന്ന് ഇടത്തേക്ക് വെട്ടിച്ചാണല്ലോ എന്നും യാത്രചോദിക്കാറ്. അന്ത്യയാത്രയിലും ആ പതിവ് തെറ്റിച്ചില്ല.

കൊച്ചി രാജകുടുംബത്തിന്റെ ശ്മശാനത്തില്‍ ചിതയൊരുങ്ങി. പ്രപഞ്ചവ്യവസ്ഥയുടെ അടിസ്ഥാനമായ താളം വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിയ ഞങ്ങളുടെ വര്‍മ.....കൈമെയ് മറക്കുന്ന ആട്ടക്കലാശങ്ങളുടെ ചടുലചലനങ്ങള്‍ക്കൊപ്പം കൊട്ടിക്കയറിയ ഞങ്ങളുടെ വര്‍മ....നിശ്ചലനായി കിടന്നു,രണ്ടു ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദത പോലെ. ചുവന്ന സന്ധ്യ മഞ്ഞിന്റെ നനവുള്ള അന്ത്യചുംബനം നല്‍കി. ഞങ്ങളുടെ "തമ്പ്രാന്‍" അഗ്നിയുടെ തേരില്‍ ആകാശത്തേക്കുയര്‍ന്നു.

പിണങ്ങരുത് വര്‍മ... ഞങ്ങളൊന്ന് പൊട്ടിക്കരഞ്ഞോട്ടെ...

*
എം എം പൗലോസ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 15 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുറുക്കിവച്ച ഒരു കഥകളിച്ചെണ്ട ബാക്കിയാക്കി, ആട്ടവിളക്കിന്റെ തിരിയണച്ച് മരണം ഞങ്ങളുടെ വര്‍മയെ അരങ്ങില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി. മേളപ്പെരുക്കത്തിന്റെ കലാശക്കൈകളുയര്‍ന്നപ്പോള്‍ വലന്തല നിശ്ശബ്ദമായ പോലെ. ഒരു മാസത്തിലേറെയായി മരണം വര്‍മയുടെ പിന്നാലെയുണ്ടായിരുന്നു- പാത്തും പതുങ്ങിയും. തന്റെ പ്രിയപ്പെട്ട തൃപ്പൂണിത്തുറ ഉത്സവം കഴിഞ്ഞ് കോഴിക്കോട്ട് ജോലിക്കെത്തിയ വര്‍മയെ രോഗം മൂര്‍ച്ഛിച്ച് ഡിസംബര്‍ ഒന്നിന് നേരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഷ്വാലിറ്റിയില്‍നിന്ന് ഐസിയുവിലേക്ക്, വെന്റിലേറ്ററിലേക്ക്. ബോധം പോയി, ഓര്‍മ പോയി. ഭാര്യയെ തിരിച്ചറിഞ്ഞില്ല, മകളെ തിരിച്ചറിഞ്ഞില്ല. കോമയിലായി. മരണം കൈ ചൂണ്ടുന്ന വഴിയിലൂടെ വര്‍മ അനുസരണയോടെ നടന്നു; അങ്ങനെ നടക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും!