Sunday, January 29, 2012

മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്‍

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്‍കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്. രണ്ട് സാമ്രാജ്യങ്ങളുടെ അധിനിവേശത്തിനെതിരായി സമരം നയിച്ച ചരിത്രമാണ് പഴയ കുറുമ്പ്രനാട്, കോട്ടയം താലൂക്കിലെ പോരാളികള്‍ക്കുള്ളത്. പ്രസ്തുത താലൂക്കുകളില്‍പെട്ട കണ്ണൂര്‍ ജില്ലയുടെ തെക്കും കോഴിക്കോട് ജില്ലയുടെ വടക്കും അറ്റത്തുള്ള പ്രദേശങ്ങളാണിത്. ഭാരതം ബ്രിട്ടീഷുകാരില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് വിമോചിതമായെങ്കിലും കണ്ണൂര്‍ - കോഴിക്കോട് ജില്ലയുടെ ഇടയില്‍ കിടക്കുന്ന മയ്യഴിയും ചെറുകല്ലായിയും ഫ്രഞ്ച് ആധിപത്യത്തില്‍ തന്നെ തുടര്‍ന്നു. വിമോചനത്തിനായുള്ള നിരവധി സമരങ്ങള്‍ നടന്നുവെങ്കിലും നിരോധനം നീങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഈ പ്രദേശങ്ങളുടെ വിമോചനത്തിന് ഫ്രഞ്ചുകാരെ പ്രേരിപ്പിക്കുന്ന ബഹുജന പ്രക്ഷോഭമായി വളര്‍ന്നത്. നാടിനെ മോചിപ്പിക്കുന്നതിന് മാര്‍ച്ച് ചെയ്തവര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുകയും രണ്ട് പേര്‍ - പി പി അനന്തനും എം അച്ചുതനും രക്തസാക്ഷികളാവുകയും ചെയ്തു. ചെറുകല്ലായി സമരത്തെ തുടര്‍ന്ന് രണ്ട് ധീരര്‍ രക്തസാക്ഷികളായ സംഭവം ഐക്യരാഷ്ട്രസഭയിലടക്കം പ്രതിധ്വനിച്ചു. ഫ്രഞ്ച് മയ്യഴിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും അഭിഭാഷകരുമെല്ലാം സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വിമോചന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മാഹി വിമോചനസമരത്തെ ശക്തിപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചെറുകല്ലായി സമരമാണ്. രക്തസാക്ഷികള്‍ പി പി അനന്തന്റെയും എം അച്ചുതന്റെയും വീരസ്മരണ എക്കാലവും സ്മരിക്കപ്പെടുകയും ചെയ്യും. കാരണം 233 വര്‍ഷത്തെ ഫ്രഞ്ച് വാഴ്ച അവസാനിപ്പിച്ച ജനമുന്നേറ്റമെന്ന നിലയിലാണ് ഈ പോരാട്ടത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്.

ഫ്രഞ്ച് കോളനിയുടെ വിമോചനം!

ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന മാഹിയെ മോചിപ്പിച്ച് സ്വതന്ത്രഭാരതത്തോട് ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളിലെ ചുവന്ന അധ്യായമാണ് ചെറുകല്ലായിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റവും രണ്ട് ധീരന്മാരുടെ രക്തസാക്ഷിത്വവും. ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷവും കേരളത്തില്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ കിടക്കുന്ന മാഹിയും ചെറുകല്ലായിയും ഫ്രഞ്ച് അധിനിവേശ പ്രദേശമായി നിലനില്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് വാഴ്ചയില്‍ നിന്ന് രാജ്യം സ്വതന്ത്രയായ ഘട്ടത്തില്‍ തന്നെ മാഹി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ മോചനത്തിനായുള്ള ആവശ്യവും ശക്തമായിരുന്നു. ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഇതിനായി നടന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വിമോചന പോരാട്ടത്തോടെയാണ് ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാഹി ചെറുകല്ലായി പ്രദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവെച്ചത്.

1952 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ച ശേഷമാണ് മാഹിയിലെ ഫ്രഞ്ചിന്ത്യന്‍ പോരാട്ടത്തില്‍ പാര്‍ട്ടി സജീവമായത്. അതിനു മുമ്പ് നടന്ന സമരങ്ങളില്‍ മഹാജന സഭ എന്ന സംഘടനക്കൊപ്പം ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. 1948 ല്‍ മഹാജനസഭക്കാര്‍ പിന്‍മാറിയപ്പോള്‍ നിരോധിത പാര്‍ട്ടിയായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. 1953 ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എ കെ ജി ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിലെ വിമോചന സമരത്തോടുള്ള നിലപാട് മാറ്റണമെന്നും പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപക്ഷേപം ഉന്നയിച്ചു. ഇതിന്റെ ഫലമായി 1953 മെയ് ഒന്ന് മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. എല്ലാ പാര്‍ട്ടികളുടേയും പിന്‍തുണയോടെ ഉപരോധ സമരവും ആരംഭിച്ചു. മയ്യഴി ഉള്‍പ്പെടെയുള്ള ഫ്രഞ്ചിന്ത്യന്‍ ജനതയോട് അന്തിമ സമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമുണ്ടായതും ഇതേ സമയത്തായിരുന്നു. 1954 ജനുവരിയില്‍ ചേര്‍ന്ന സി പി ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഫ്രഞ്ച് ഇന്ത്യന്‍ ലിബറേഷന്‍ സെക്രട്ടറി വി സുബ്ബയ്യയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. യോഗത്തിന് ശേഷം വി സുബ്ബയ്യയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറി അജയഘോഷ് പത്ര സമ്മേളനം നടത്തിയത്.

കേന്ദകമ്മറ്റി യോഗത്തിന് ശേഷം മാഹി പാലം, മൂഴിക്കര, അഴിയൂര്‍, എന്നിവിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് അന്തിമ സമരത്തിനുള്ള പാര്‍ട്ടിയുടെ ആഹ്വാനം ജനങ്ങളെ അറിയിച്ചു. ഇ എം എസ്, എ കെ ജി, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍, എം കെ കേളു, പി വി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളാണ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. മയ്യഴി നാലുതറ പ്രദേശങ്ങളില്‍ പി വി കുഞ്ഞിരാമന്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നവയായിരുന്നു. ഇതിനിടയില്‍ പി വി കുഞ്ഞിരാമനെ പന്തക്കല്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.

ഇന്തോ ചീന ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ വിമോചന പോരാട്ടങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആഹ്വാനം ചെയ്തതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇത് പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്ന് പട്ടാണിപ്പറമ്പത്ത് നാരായണന്‍, പിതാവ് മരക്കാന്‍ എന്നിവരെ പിടികൂടി കയ്യാമം വെച്ച് കോടതിയില്‍ ഹാജരാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഫ്രഞ്ച് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പറമ്പത്ത് ബാലന്‍, പി കെ ഭാസ്‌കരന്‍ എന്നിവരെ മയ്യഴിയില്‍ നിന്നു തന്നെ പുറത്താക്കി. വിദ്യാര്‍ഥി പ്രക്ഷോഭവും ഇതോടൊപ്പം തന്നെ ശക്തിപ്പെട്ടു. എ ഐ എസ് എഫ് നേതാക്കളായ ഇ മാധവന്‍, വാസുദേവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ പൂത്തട്ട നാരായണനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും മുച്ചിക്കല്‍ പത്മനാഭനെ സ്ഥലം മാറ്റുകയും ചെയ്തു. ഫ്രഞ്ച് അധിനവേശത്തിനെതിരായ സമരത്തിന്റെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായതോടെ വിമോചന പ്രസ്ഥാനം കൂടുതല്‍ ശക്തവും സംഘടിതവും വ്യാപകവുമായി. 1954 മാര്‍ച്ച് 31 ന് പുതുശ്ശേരിയിലെ നെട്ടപ്പാക്കം, തിരുഭവനം എന്നിവയും ഏപ്രില്‍ അഞ്ചിന് ബാഹൂറും ഫ്രഞ്ചുകാരില്‍ നിന്ന് ജനങ്ങള്‍ മോചിപ്പിച്ചു. ഈ സംഭവങ്ങള്‍ മാഹിയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഈ പാശ്ചാത്തലത്തിലാണ് കേരളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുകല്ലായിയെ മോചിപ്പിക്കണമെന്ന ആശയം ശക്തിപ്പെട്ടത്. അഴിയൂരില്‍ രഹസ്യമായി ചേര്‍ന്ന കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ യോഗമാണ് ചെറുകല്ലായിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തത്.

1954 ഏപ്രില്‍ 26 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 30 ഓളം വളണ്ടിയര്‍മാര്‍ മാഹിപ്പാലത്തിനടുത്ത് കുറിച്ചിയില്‍ കടപ്പുറത്ത് ഒത്തുചേര്‍ന്ന് രണ്ടു വഴികളിലൂടെ ചെറുകല്ലായിയിലേക്ക് മാര്‍ച്ച് ചെയ്തു. മെയിന്‍ റോഡിലൂടെ നടന്ന വളണ്ടിയര്‍മാര്‍ പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സമീപിച്ച് ആയുധം വെച്ച് കീഴടങ്ങാനാവശ്യപ്പെട്ടു. സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പരിഭ്രാന്തനായ ഒരു പൊലീസുകാരന്‍ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ പി പി അനന്തനെ പ്രവര്‍ത്തകര്‍ സമീപത്തെ എം എസ് പി ക്യാമ്പിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെയ്പിനെ തുടര്‍ന്ന് ഫ്രഞ്ചുകാര്‍ ഉപേക്ഷിച്ചുപോയ കാവല്‍ പുരയിലാണ് അച്ചുതന്റെ ജഡം കാണപ്പെട്ടത്. അടിയേറ്റു വീണ അച്ചുതനെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ സ്ഥലംവിട്ടു. ചെറുകല്ലായി മോചിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ചാലക്കര, ചെമ്പ്ര, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അടുത്ത ഒരാഴ്ചയ്ക്കകം ഫ്രഞ്ചുകാര്‍ പിന്‍വാങ്ങി. 1954 മെയ് മാസത്തില്‍ വിയറ്റ്‌നാമിലെ വിമോചന പോരാട്ടത്തിനു മുന്നില്‍ ഫ്രാന്‍സ് കീഴടങ്ങി. ഇന്തോ ചീനയിലെ ഫ്രഞ്ച് കോളനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ഫ്രഞ്ച് മന്ത്രിസഭ നിര്‍ബന്ധിതമായി. ചെറുകല്ലായി സംഭവവും രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ ജനമുന്നേറ്റവും കാരണം ഇന്ത്യയിലെ ഭരണവും അവസാനിപ്പിക്കാതെ വഴിയില്ലെന്ന് വന്നു. അങ്ങിനെ 1954 ജൂലൈ 16 ന് മയ്യഴിക്കാര്‍ക്ക് അധികാരം കൈമാറി ഫ്രഞ്ചുകാര്‍ എന്നെന്നേക്കുമായി കെട്ടുകെട്ടി.

*
പൊന്ന്യം കൃഷ്ണന്‍ ജനയുഗം 29 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്‍കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്.