Tuesday, January 31, 2012

വര്‍ഗ്ഗസമരത്തെ മത നേതൃത്വം ഭയക്കുന്നതെന്തിന്?

കത്തോലിക്കാസഭയിലെ അത്യൂന്നതസ്ഥാനീയനായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മേജര്‍ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി മനോരമ ന്യൂസ്ചാനലിലെ നേരെചൊവ്വെ എന്ന പരിപാടിയില്‍ അഭിമുഖം നല്‍കുകയുണ്ടായി. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാര്‍ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി തീവ്രതരമായി നടത്തിവന്ന പ്രതികരണങ്ങള്‍ അതിരുകടന്നതായിയെന്ന ആത്മവിമര്‍ശനം അദ്ദേഹം നടത്തിയത് ശ്രദ്ധേയമായി. സഭയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയോട് യുദ്ധംചെയ്യേണ്ടുന്ന തരത്തില്‍ വിശ്വാസത്തിനെതിരായി പാര്‍ടി നിലകൊള്ളുന്നുവെന്ന തെറ്റിദ്ധാരണയാണ് ഇതിനിടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസത്തോടും വിശ്വാസികളോടും ശത്രുതാപരമായ നിലപാട് പാര്‍ടിക്കില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് വര്‍ഗസമര സിദ്ധാന്തംമൂലമാണെന്നും, പരസ്പരം സ്നേഹിക്കണമെന്നും ഐക്യപ്പെടണമെന്നും സഭ ആഹ്വാനംചെയ്യുമ്പോള്‍ വര്‍ഗ്ഗസമരം വളര്‍ത്തി ഭിന്നത വര്‍ദ്ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിക്കുന്നതെന്നും വിശ്വാസത്തിന്റെ പ്രശ്നമല്ല, വര്‍ഗസമരത്തിന്റെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നതിനാലാണ് സഭയ്ക്ക് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അഭിവന്ദ്യ ബിഷപ്പ് സഭയുടെ നാഥനെന്നനിലയില്‍ നടത്തിയ ഈ നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും സംവാദം അര്‍ഹിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം നടക്കേണ്ടത്. ഗാന്ധിജിയും ഗുരുദേവനും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലെ സംവാദം ഈ കാഴ്ചപ്പാടിലായിരുന്നു. അത്തരമൊരു സൈദ്ധാന്തിക സംവാദത്തിനും സഭാ നേതൃത്വം തയ്യാറാകുന്നത് കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയേയുള്ളു. വിശ്വാസങ്ങളും മുന്‍വിധികളും സത്യാന്വേഷണങ്ങളെ തടസ്സപ്പെടുത്തിയിരുന്നിട്ടേയുള്ളൂ. സംവാദങ്ങളാകട്ടെ, സത്യം തേടിയുള്ള തീര്‍ത്ഥയാത്രയാണ്. അതിന് തയ്യാറാകുമ്പോഴാണ് സത്യത്തിന്റെ ദീപ്തികൊണ്ട്, ചിന്താമണ്ഡലങ്ങളില്‍ പ്രകാശം നിറയുന്നത്.

മതം സമൂഹത്തിന് ആവശ്യമായതാണോ? മതം എന്തുകൊണ്ട് ഉത്ഭവിച്ചുവെന്നും, നിലനില്‍ക്കുന്നുവെന്നുമുള്ള അന്വേഷണത്തില്‍ മാര്‍ക്സ് പറയുന്നത് മതപരമായ അസ്വാസ്ഥ്യം യഥാര്‍ത്ഥ അസ്വാസ്ഥ്യത്തിനെതിരായ പ്രതിഷേധമാണെന്നാണ്. "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്." വര്‍ഗ്ഗരഹിതമായ ആദിമ സമൂഹത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായും ആശ്വാസത്തിന്റെ മാര്‍ഗ്ഗമായും മതത്തെ കണ്ടു. വര്‍ഗ്ഗ വ്യവസ്ഥയുടെ കാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായോ, ആശ്വാസം നല്‍കുന്ന സങ്കേതമായോ മതത്തെ കണ്ട് ജീവിച്ചുപോകുന്ന മനുഷ്യന് മതവിശ്വാസം ഒരത്താണിയാണ്. മനുഷ്യര്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത ഒരു വര്‍ഗ്ഗരഹിത വ്യവസ്ഥയില്‍ മാത്രമാണ്, തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസദായകമായ ഒരു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകുന്നത്. അതുകൊണ്ട് മതത്തോട് പ്രായോഗികതലത്തില്‍ യാതൊരു എതിര്‍പ്പിനും കമ്യൂണിസ്റ്റുകാര്‍ മുതിരുന്നില്ല. എന്നാല്‍ താത്വികതലത്തില്‍ വിട്ടുവിഴ്ചചെയ്യാന്‍ ഒരുക്കവുമല്ല.

വ്യത്യസ്താഭിപ്രായങ്ങളുള്ള മതങ്ങള്‍ക്കുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി സഹകരിച്ച് ജീവിക്കാമെങ്കില്‍ , താത്വികമായി മാത്രം വിയോജിപ്പുള്ള കമ്യൂണിസ്റ്റുകാരോട് പ്രായോഗികതലത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കനാകും? അതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നത് മതം അതിന്റെ ഉള്ളടക്കത്തിലോ, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ദര്‍ശനത്തിലോ വെള്ളംചേര്‍ക്കലല്ല. എന്നാല്‍ വര്‍ഗ്ഗസമരത്തിന്റെ നിലയെന്താണ്? മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ മതം എന്തിനാണ് കുണ്ഠിതപ്പെടുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഫ്യൂഡലിസത്തില്‍ ജന്മിവര്‍ഗ്ഗത്തോട് രക്തരൂഷിതമായി മുതലാളിവര്‍ഗ്ഗം ഏറ്റുമുട്ടിയ കഥ വര്‍ഗ്ഗസമരത്തിന്റെ കഥയല്ലേ? ഫ്രഞ്ചുവിപ്ലവം ഉള്‍പ്പെടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍ നടത്തിയപ്പേള്‍ , ഫ്യൂഡലിസത്തോടും അതിന്റെ ഭാഗമായിരുന്ന അന്നത്തെ മതത്തോടും ഏറ്റുമുട്ടിയത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍ , ജന്മിവര്‍ഗത്തെ പരാജയപ്പെടുത്തിയ മുതലാളിവര്‍ഗ്ഗം പിന്നീട് തൊഴിലാളികളെ കൂടുതല്‍ കൊള്ളയടിച്ചു. വര്‍ഗ്ഗസമരം ആരംഭിച്ചത് തൊഴിലാളിവര്‍ഗ്ഗമല്ല. മുതലാളിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടിയല്ലാതെ ജീവിക്കാനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ്, ആദ്യം ട്രേഡ്യൂണിയനും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പാര്‍ടികളും പിറന്നുവീണത്. വര്‍ഗ്ഗസമരത്തിന് തൊഴിലാളികള്‍ കണ്ടെത്തിയ ആദ്യത്തെ ആയുധം തൊഴിലാളി സംഘടനകള്‍തന്നെയാണ്. ട്രേഡ്യൂണിയന്‍ ശക്തിപ്പെട്ടതോടെ തൊഴിലാളിയുടെ വിലപേശല്‍ശേഷിയും വര്‍ദ്ധിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെ കേരളത്തിലെ പല സ്വകാര്യ മാനേജുമെന്‍റുകളും തങ്ങളുടെ ആശുപത്രിളില്‍ ട്രേഡ്യൂണിയന്‍ അനുവദിക്കുന്നില്ല. നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

മൂലധനം ആത്യന്തികമായി ലാഭം മാത്രം പ്രതീക്ഷിക്കുന്നു. സഭയായാലും കോര്‍പ്പറേറ്റുകളായാലും മൂലധനം ചൂഷണത്തെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍ , മൂല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടോ ധാര്‍മ്മികത ഉപദേശിച്ചതുകൊണ്ടോ, മൂലധനത്തിന്റെ സ്വഭാവം മാറില്ല. അതിനോട് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ദുര്‍ബലനായ തൊഴിലാളിക്ക് സാധ്യമല്ല. സംഘടിച്ച് സമരംചെയ്തേ മതിയാകു. അത് കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വഭാവമോ രീതിയോ അല്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും തൊഴിലാളികളെ സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ തൊഴിലാളി സംഘടനകളിലൂടെ വര്‍ഗ്ഗസമരത്തില്‍ അബോധപൂര്‍വ്വമായെങ്കിലും പങ്കെടുക്കുന്നു. സഭയ്ക്ക് അവരോടില്ലാത്ത എതിര്‍പ്പ് കമ്യൂണിസ്റ്റ്പാര്‍ടിയോട് ഉണ്ടാകുന്നത് ന്യായമാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വ്യത്യാസം, അത് ട്രേഡ്യൂണിയന്‍ ബോധത്തില്‍ മാത്രം തൊഴിലാളിയെ തളച്ചിടുന്നില്ല എന്നതാണ്. പ്രാഥമിക സംഘടനാ ബോധത്തില്‍നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക് ഉയര്‍ത്തി, തൊഴിലാളിവര്‍ഗ്ഗം അധികാരംപിടിച്ച്, മുതലാളിത്തവര്‍ഗ്ഗ വാഴ്ച അവസാനിപ്പിക്കണമെന്നാണ് മാര്‍ക്സിസം പഠിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നത് തടയണമെന്നാണ് അതിന്റെ അര്‍ത്ഥം. അത് മതവിശ്വാസികള്‍ ഉള്‍പ്പെടെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യെന്‍റയും ആത്യന്തിക സ്വപ്നമാണ്. അത് കൈവരിക്കുമ്പോള്‍ , വര്‍ഗ്ഗ വ്യവസ്ഥയും ചൂഷണവും ഇല്ലാതെയാകും. അത് വര്‍ഗ്ഗരഹിതസമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ മാത്രമേ പരസ്പര മത്സരം നടത്തേണ്ട ആവശ്യകത അവസാനിക്കുകയുള്ളു.

മുതലാളിത്ത തത്വംതന്നെ "പരസ്പരം പോരടിച്ച് കഴിവുള്ളവര്‍ അതിജീവിക്കണമെന്ന", പ്രകൃതി നിര്‍ദ്ധാരണതത്വമാണ്. അതാണ് സഭയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകുന്നത്. അതുകൊണ്ട് ആഗോളവല്‍ക്കരണത്തേയും, മുതലാളിത്തത്തെയുമാണ് സഭ എതിര്‍ക്കേണ്ടത്. സമൂഹത്തില്‍ ചൂഷണവും അസമത്വങ്ങളും നിലനിര്‍ത്തുന്നതിന്റെപേരില്‍ എതിര്‍ക്കപ്പെടേണ്ട മുതലാളിത്തത്തെ എതിര്‍ത്തു പരാജയപ്പെടുത്താതെ ഉപദേശങ്ങള്‍കൊണ്ട് തിരുത്താമെന്ന് ധരിച്ച പല ശുദ്ധാത്മാക്കളും ചരിത്രത്തിലുണ്ട്. റോബര്‍ട്ട് ഓവെന്‍റ "പുതിയ സമുദായം" എന്ന ഗ്രന്ഥംതന്നെ ഇത്തരം സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. അത് പരാജയപ്പെട്ടിടത്താണ് തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിലൂടെ ചൂഷണരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹം സൃഷ്ടിക്കുമെന്ന് മാര്‍ക്സും എംഗല്‍സും വിഭാവനചെയ്തത്. അതിന്റെ സാധ്യതയെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കുകയെന്നതാണ് ക്രിസ്തുവിന്റെ ദര്‍ശനങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന സഭയ്ക്ക് ചെയ്യാനുള്ളത്. പക്ഷേ ചരിത്രത്തിലും വര്‍ത്തമാനകാലത്തും അത് സംഭവിക്കുന്നില്ല എന്നതിനാലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് മത വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരുന്നത്. അതിനെ മതവിരുദ്ധതയായി ചിത്രീകരിച്ച് നേട്ടംകൊയ്യാന്‍ വലതുപക്ഷ രാഷ്ട്രീയപാര്‍ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അങ്ങനെ ഉപയോഗിക്കപ്പെടാന്‍ തങ്ങളെ കിട്ടില്ലയെന്ന തത്വാധിഷ്ഠിത നിലപാട് സഭയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അത് തിരിച്ചറിയുന്നതിന്റെ സ്വരം കര്‍ദ്ദിനാളില്‍നിന്നും ഉണ്ടായത് സ്വാഗതാര്‍ഹമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നഴ്സിംഗ് തൊഴില്‍ ചെയ്യുന്നവരുടെ വേദനകള്‍ ശ്രദ്ധയില്‍പെട്ടതായി അദ്ദേഹം പറയുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ ഉണ്ടായതും സ്വയം തിരിച്ചറിവിന്റെ രീതിയില്‍ വിലയിരുത്തിയത് നന്നായി. വര്‍ഗ്ഗസമരം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരല്ല. അതവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിയാണ്. അതിന് അവരോടൊത്ത് നില്‍ക്കുകയെന്നതിലേക്കാണ് സഭയുടെ ചിന്തകള്‍ വികസിക്കേണ്ടത്.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 01 ഫെബ്രുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഗ്ഗസമരം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരല്ല. അതവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിയാണ്. അതിന് അവരോടൊത്ത് നില്‍ക്കുകയെന്നതിലേക്കാണ് സഭയുടെ ചിന്തകള്‍ വികസിക്കേണ്ടത്.

abdulla ponnani said...

"ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്."
അപ്പോള്‍ മതം ജൈവികം തന്നെ