Wednesday, January 25, 2012

നിലപാടിലെ നിര്‍ഭയത്വം

ഡോ. അഴീക്കോട് സ്വന്തം നിലയ്ക്ക് ഒരു പ്രസ്ഥാനമായിരുന്നു. പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനുണ്ടെന്ന് കരുതി തന്നെ വിരട്ടേണ്ടെന്നും പത്രത്തിന്റെ സര്‍ക്കുലേഷന്‍പോലെ തനിക്കുമൊരു സര്‍ക്കുലേഷനുണ്ടെന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. സ്വന്തം നിലപാട് നിര്‍ഭയം പ്രകടിപ്പിക്കുകയും അതിനുണ്ടാകുന്ന എതിര്‍പ്പുകളെ ശക്തമായി ആക്രമിച്ച് തകര്‍ക്കുകയുംചെയ്യുന്ന പോരാളിയായിരുന്നു അഴീക്കോട്. വാഗ്ഭടാനന്ദ ഗുരുവിന്റെ ശിഷ്യസ്ഥാനീയനായ അഴീക്കോട് ശരിക്കും ഒരു വാഗ്ഭടനായിരുന്നു. നീതിക്കുവേണ്ടിയുള്ള സിംഹഗര്‍ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ . 1950 കള്‍ മുതല്‍തന്നെ ഞാന്‍ അഴീക്കോടിനെ ശ്രദ്ധിച്ചിരുന്നു. അന്ന് അദ്ദേഹം ശക്തനായ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. വിമോചന സമരത്തിന്റെ ബൗദ്ധിക നേതൃത്വത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അതിനെത്തുടര്‍ന്നാണ്. യാഥാസ്ഥിതിക വലതുപക്ഷ ശക്തികളുടെ കരുത്തനായ വക്താവായി കേരളം മുഴുക്കെ അഴീക്കോട് അന്ന് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ പ്രസംഗിച്ചു. എന്നാല്‍ , എണ്‍പതുകളോടെ വമ്പിച്ച മാറ്റമാണ് അഴീക്കോടില്‍ ഉണ്ടായത്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ് നീതിക്കുവേണ്ടി പൊരുതുന്നതെന്നും നന്മയുടെ പക്ഷത്ത് ഇടതുപക്ഷമാണെന്നുമുള്ള തിരിച്ചറിവിലേക്ക് മെല്ലെ മെല്ലെ അദ്ദേഹം എത്തുകയായിരുന്നു. ഗാന്ധിസവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും ലാളിത്യം, അഹിംസ, മതനിരപേക്ഷത, സുതാര്യത, സംശുദ്ധത തുടങ്ങിയ ഗാന്ധിയന്‍മൂല്യങ്ങളെ കോണ്‍ഗ്രസ് കൈവിട്ടുവെന്നും കോണ്‍ഗ്രസ് അഴിമതിപ്പാര്‍ടിയായെന്നും ബോധ്യം വന്നതോടെ അഴീക്കോട് അവര്‍ക്കെതിരെ ആഞ്ഞടിച്ചു. സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ചില കാര്യങ്ങളില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കെതന്നെ പാര്‍ടിയുമായും പാര്‍ടിയുടെ വര്‍ഗബഹുജന സംഘടനകളുമായും ഏറെ അടുത്തു.

1980ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായശേഷമാണ് ഞാന്‍ അഴീക്കോടുമായി അടുത്ത് ബന്ധപ്പെടുന്നത്. എണ്‍പതുകളുടെ അവസാനത്തോടെ ബാബറി മസ്ജിദ് പ്രശ്നം രൂക്ഷമാവുകയും മതമൗലികവാദം ശക്തിപ്പെടുകയും ഭൂരിപക്ഷ വര്‍ഗീയത ഫാസിസ്റ്റ് രൂപത്തിലേക്ക് വളരുകയും ചെയ്തപ്പോള്‍ അതിനെതിരെ അഴീക്കോട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. മതസൗഹാര്‍ദം വളര്‍ത്താന്‍ അദ്ദേഹം നാടെങ്ങും ഓടിനടന്ന് പ്രസംഗിച്ചു. വര്‍ഗീയതക്കെതിരെ, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തൊണ്ണൂറുകളില്‍ അഴീക്കോട് നടത്തിയ പ്രസംഗപര്യടനങ്ങള്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. ബഹുജന ബോധവല്‍ക്കരണത്തില്‍ അഭൂതപൂര്‍വമായി ആ പ്രസംഗങ്ങള്‍ .

1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയാവുകയും മന്‍മോഹന്‍സിങ് ധനമന്ത്രിയാവുകയുംചെയ്ത ഘട്ടത്തിലാണല്ലോ ആഗോളവല്‍ക്കരണ നയത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന ഗാട്ട് കരാറിനെതിരെയും നാടന്‍ വ്യവസായങ്ങളെയും കൃഷിയെയുമെല്ലാം തകര്‍ക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെയും തുറന്നുകാട്ടുന്നതില്‍ അദ്ദേഹം വമ്പിച്ച പങ്ക് വഹിക്കുകയുണ്ടായി. കലാസാംസ്കാരിക രംഗത്ത് കേരളത്തിന്റെ പൊയ്പോയ ഉണര്‍വ് വീണ്ടെടുക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും അവിസ്മരണീയമാണ്. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ കണ്ടമാനം അനുവദിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചപ്പോള്‍ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനം നടത്തിയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളികളായി മാറി.

വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് കാല്‍നൂറ്റാണ്ടിലേറെക്കാലമായി ഞങ്ങള്‍ പുലര്‍ത്തിപ്പോന്നത്. നിരവധി വേദികളില്‍ ഒന്നിച്ച് പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരിസ്ഥിതിപ്രശ്നങ്ങളുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. തൃശൂരിലെ പന്നിവളര്‍ത്തല്‍കേന്ദ്രം അവിടെനിന്ന് മാറ്റുന്നതിന് അഴീക്കോടാണ് മുന്‍നിന്ന് പ്രവര്‍ത്തിച്ചത്. ഇടക്കാലത്ത് അല്‍പ്പം അകല്‍ച്ചയുണ്ടായെങ്കിലും അതെല്ലാം വേഗത്തില്‍തന്നെ മാറി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൃശൂരിലെ വസതിയില്‍ ചെന്നും കഴിഞ്ഞ ദിവസം ആശുപത്രിയില്‍വച്ചും കാണുകയുണ്ടായി. രോഗബാധിതനെങ്കിലും ഏറെ പ്രസന്നമായാണ് സംസാരിച്ചത്. ശരീരത്തിന് അവശതയുണ്ടായിരുന്നെങ്കിലും പതിഞ്ഞ ശബ്ദത്തില്‍ മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഏറെ ദാര്‍ഢ്യത്തോടെ അദ്ദേഹം പറഞ്ഞു. ആ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. ആരെയും കൂസാതെ ധീരമായി തലയുയര്‍ത്തിനിന്ന വ്യക്തിത്വമായിരുന്നു അഴീക്കോട്. സാഹിത്യ നിരൂപകന്‍ , ഉല്‍പ്പതിഷ്ണുവായ സാംസ്കാരിക നായകന്‍ , രാഷ്ട്രീയ ചിന്തകന്‍ , സര്‍വോപരി മഹാനായ പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കും.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 25 ജനുവരി 2012

No comments: