Monday, January 23, 2012

രാത്രിയാത്രയിലൊരു "പെണ്ണ്" മാത്രം

സന്ധ്യയൊന്നു മയങ്ങിയാല്‍ ആധിപിടിച്ചല്ലാതെ ബസിലോ ട്രെയിനിലോ യാത്രചെയ്യുന്ന കാര്യം കേരളത്തില്‍ സ്ത്രീക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയാതായിരിക്കുന്നു. വണ്ടി കാത്തുനില്‍ക്കുന്നിടത്തുണ്ടാകും സാക്ഷരകേരളത്തിലെ പുരുഷപ്രജകള്‍ . ബസ്സ്റ്റോപ്പെന്നോ, റെയില്‍വേ സ്റ്റേഷനെന്നോ, ഓട്ടോ സ്റ്റാന്‍ഡെന്നോ വ്യത്യാസമില്ല. "ഇവളിതെങ്ങോട്ടാ... ഈ രാത്രിയില്‍ ..." ഈയൊരു ചോദ്യവുമായാണ് സഹയാത്രികയെ വരവേല്‍ക്കുന്നതുതന്നെ. പിന്നെ തുറിച്ചുനോട്ടമായി... ചുറ്റിപ്പറ്റി നില്‍പ്പായി, ചുണ്ടു വക്രിച്ചുള്ള ക്ഷണമായി, അരികിലൂടൊന്ന് പോയെന്ന മട്ടില്‍ കൈകൊണ്ടൊരു തട്ട്. ഇതെല്ലാം സഹിച്ച് ബസില്‍ കയറിയാലോ. സ്ത്രീകളുടെ സീറ്റ് കൈയടക്കി "നിഷ്കളങ്ക"രായി ഉറങ്ങുന്നവരും മദ്യപിച്ച് കുഴഞ്ഞാടി നില്‍ക്കുന്നവരും. പറ്റിയ തക്കത്തിന് ഒന്നു ചാരിയും നുള്ളിയും സുഖിക്കുന്നവര്‍ , ഹാന്‍സ് ചവച്ചരയ്ക്കുന്ന വായകൊണ്ട് ചെവിക്കുപിന്നിലൊന്ന് ഊതിത്തരാനും മടിക്കില്ല.

ഇത്രയുമാവുമ്പോഴെങ്കിലും മണ്ണല്ലാത്തതുകൊണ്ട് പെണ്ണൊന്ന് പ്രതികരിക്കേണ്ടേ? മാറിനില്‍ക്കെടോയെന്നോ, സീറ്റൊഴിഞ്ഞു തരണമെന്നോ മറ്റോ പറഞ്ഞുപോയാല്‍ പിന്നെ രക്ഷയില്ല. ഓ... ഇവളൊരു ശീലാവതി. നമ്മക്കറിയാമേലെ... ഈ കമന്റിനൊത്ത് ചിരിക്കാനും മുക്കാനും മൂളാനും എത്രപേരെ വേണമെങ്കിലും കിട്ടും. അതിനിടയില്‍ കണ്ടക്ടറെ കണ്ടെങ്കിലായി. "കാശുവാങ്ങലും മണിയടിക്കലും മാത്രമാണ് തന്റെ പണി. അന്നേരങ്ങളില്‍ ഓരോന്ന് കയറിവരും. കണ്ണുംപകലോടെ യാത്രചെയ്തുകൂടെ ഇതുങ്ങള്‍ക്ക്"- കഴിഞ്ഞു അയാളുടെയും ഉത്തരവാദിത്തം. രാത്രിയില്‍ യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഇതിലുമേറെയാണ്. പിന്നില്‍ നില്‍ക്കുന്നവനോ മുന്നില്‍ നില്‍ക്കുന്നവനോ അതോ അരികിലിരിക്കുന്നവനോ ആരാണ് തന്നെ കയറിപ്പിടിക്കുക എന്നു പേടിച്ച്, ഇയാളിപ്പോള്‍ തന്റെമേലേയ്ക്ക് ഛര്‍ദിക്കുമോയെന്നറച്ച് മദ്യച്ചൂരും സഹിച്ച് സ്റ്റോപ്പെത്തുവോളം ഉള്ള് വെന്തുനീറി വീടണയുന്ന സ്ത്രീകള്‍ പലപ്പോഴും നേരിടുന്നത് പറയാനറയ്ക്കുന്ന ദുരിതങ്ങളാണ്.

ഓഫീസില്‍നിന്ന് രാത്രി 10 കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ കയറിയ പ്രമുഖ പത്രസ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് കെഎസ്ആര്‍ടിസി ബസ്യാത്രയിലുണ്ടായ അനുഭവം ഇത്തരത്തിലൊന്നാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആലുവയിലേക്ക് കലൂരില്‍നിന്നു കയറിയത് ദീര്‍ഘദൂര ബസിലായിരുന്നു. സ്ത്രീകളുടെ സീറ്റെല്ലാം പുരുഷന്മാര്‍ കൈയടക്കിയിരുന്നു. തൊട്ടുപിന്നിലെ മദ്യപനെ സഹിക്കാതിരിക്കാന്‍ സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവിനോട് ഒന്നെഴുന്നേല്‍ക്കാമോയെന്നു ചോദിച്ചു. തര്‍ക്കുത്തരത്തിനും തട്ടിക്കയറലിനും ശേഷം സീറ്റ് ഒഴിഞ്ഞുകൊടുത്തെങ്കിലും പിന്നെ സീറ്റില്‍ ചാരിനിന്നായി പരിഹസിക്കല്‍ . കൂടെ ചേരാനുമുണ്ടായി രണ്ടു പേര്‍ . കണ്ടക്ടറോട് പരാതി പറഞ്ഞെങ്കിലും ഇടപ്പെട്ടില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉറക്കം നഷ്ടമാകുന്നതായിരുന്നു വിഷമം. അതിലൊരുത്തന്‍ ഹാന്‍സ് വായില്‍തിരുകി ബാക്കി ശരീരത്തിലേക്കു കുടഞ്ഞിട്ടു. സഹികെട്ട് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കേണ്ടിവന്നു. ആലുവ സ്റ്റാന്‍ഡില്‍ പൊലീസെത്തി പിടികൂടിയപ്പോഴാണ് "ഞാനൊന്നും ചെയ്തില്ലേ... എനിക്കും നാലു പെങ്ങന്മാരുണ്ടേ" എന്ന ബോധം അവനു വന്നത്. പ്രതിയെ കൈയോടെ ഏല്‍പ്പിച്ച് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴും ഇതിനുമാത്രം എന്തു സംഭവിച്ചു എന്നു ചോദിക്കാനും ചിലരുണ്ടായി.

സ്ത്രീകള്‍ ബസില്‍ കയറരുതെന്ന് പുരുഷന്മാര്‍ക്ക് നിര്‍ബന്ധമുള്ളതുപോലെ തോന്നും. അന്യനാട്ടില്‍നിന്നുള്ള സ്ത്രീകളായാല്‍ പീഡനം ഏറെയാണ്. ബസില്‍ കുട്ടിയുമായി കയറിയ യുവതിക്ക് സീറ്റുകൊടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ അടുത്ത സീറ്റിലിരുന്ന തമിഴ്സ്ത്രീയെ എണീപ്പിക്കാനായി പുരുഷന്മാരുടെ ശ്രമം. സ്ത്രീകളുടെ സീറ്റിലിരിക്കുന്നവര്‍ എഴുന്നേല്‍ക്കട്ടെയെന്നു പറഞ്ഞ മറ്റൊരു യാത്രക്കാരിയെ പരിഹസിക്കാനും ഇവര്‍ മടിച്ചില്ല. മാന്യത മുഴുവന്‍ നശിച്ചിട്ടില്ലാത്ത ഒരാള്‍ പെണ്‍കുട്ടിയുടെ ഭാഗം ചേര്‍ന്നപ്പോഴാണ് ബസിലെ വഴക്ക് അവസാനിച്ചത്. സ്ത്രീകര്‍ക്ക് യാത്രകളിലുണ്ടാകുന്ന ദുരിതങ്ങള്‍ക്ക് സഹയാത്രക്കാര്‍തന്നെയാണ് ഉത്തരവാദികള്‍ . ബസുകള്‍ രാത്രിയില്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണെന്ന് കണ്ടക്ടര്‍മാരും ഉറപ്പുവരുത്തണം. മുലകുടിമാറാത്ത കുഞ്ഞുങ്ങളെവരെ വീട്ടിലിട്ട് ജോലിക്കെത്തി തിരിച്ചുപോകുന്ന സ്ത്രീകള്‍ സ്വസ്ഥമായൊന്ന് യാത്രചെയ്തോട്ടെ...

എവിടെ പരാതിപ്പെടാം

ഹെല്‍പ്പ്ലൈന്‍ - 1091
ആന്റി ഹരാസ്മെന്റ് സെല്‍ 9947000100
പൊലീസ് സേവനം - 9497900000

ബസിലെ ശല്യക്കാര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കാത്തതാണ് പലപ്പോഴും ഇത്തരക്കാരെ രക്ഷപ്പെടുത്തുന്നത്. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യംചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് ആറുമാസംവരെ തടവിനു ശിക്ഷിക്കാനും 10,000 രൂപവരെ പിഴ ഈടാക്കാനും നിയമമുണ്ട്. സ്റ്റേഷനിലെത്താന്‍ വിഷമമാണെങ്കില്‍ സംഭവസ്ഥലത്തുനിന്നുതന്നെ വനിതാസെല്ലില്‍ വിവരം അറിയിക്കാം. 1091 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലോ 9947000100 എന്ന ആന്റി ഹരാസ്മെന്റ് സെല്ലിലോ വിവരം അറിയിച്ചാല്‍ ഉടനടി പൊലീസ്സഹായം ലഭിക്കും. ഓടുന്ന ബസുകളില്‍നിന്നുപോലും സ്ത്രീകള്‍ക്ക് പരാതി നല്‍കാമെന്ന് വനിതാസെല്‍ സിഐ എന്‍ ഫിലോമിന പറയുന്നു.

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ കണ്ടക്ടര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി കെ സതീഷ്കുമാര്‍ . രാത്രി എട്ടിനുശേഷം ബസ്സ്റ്റോപ്പുകളില്‍ അല്ലെങ്കില്‍പ്പോലും ബസ് നിര്‍ത്തി സ്ത്രീകളെ കയറ്റണമെന്നാണ് നിയമം. സൗകര്യപ്രദമായ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ അവരെ അനുവദിക്കുകയും വേണം. ബസിനുള്ളില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതു തടയുക എന്നതും കണ്ടക്ടറുടെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്ത ബസ് കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കാം. സ്ത്രീകളുടെ സീറ്റില്‍ യാത്രചെയ്യുന്ന പുരുഷന്മാര്‍ക്കെതിരെ പിഴ ഈടാക്കാനും നിയമമുണ്ട്.

ബസ്യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാനായി ഷാഡോ പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഐജി കെ പത്മകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ പരാതി 9497900000 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ അടുത്ത പൊലീസ്സ്റ്റേഷനില്‍നിന്ന് സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം എന്നും പ്രശ്നമാണെന്ന് വൈറ്റില മൊബിലിറ്റി ഹബിന്റെ എംഡിയും മുന്‍ കലക്ടറുമായ ഡോ. എം ബീന. മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ ഡ്യൂട്ടികഴിഞ്ഞ് രാത്രി പോകേണ്ടിവരുമ്പോള്‍ ബസ്സ്റ്റോപ്പിലെ കാത്തിരിപ്പ് സമ്മാനിച്ച ശല്യങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സ്വന്തമായി സ്കൂട്ടര്‍ വാങ്ങേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. മൊബിലിറ്റി ഹബിലെത്തുന്ന സ്ത്രീയാത്രക്കാരുടെ സുരക്ഷിതത്വത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. രാത്രി 10.30വരെ ലേഡി സെക്യൂരിറ്റി സ്റ്റാഫിനെയും നിയോഗിച്ചതായി ഡോ. ബീന അറിയിച്ചു.

*
അനിത പ്രഭാകരന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സന്ധ്യയൊന്നു മയങ്ങിയാല്‍ ആധിപിടിച്ചല്ലാതെ ബസിലോ ട്രെയിനിലോ യാത്രചെയ്യുന്ന കാര്യം കേരളത്തില്‍ സ്ത്രീക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയാതായിരിക്കുന്നു. വണ്ടി കാത്തുനില്‍ക്കുന്നിടത്തുണ്ടാകും സാക്ഷരകേരളത്തിലെ പുരുഷപ്രജകള്‍ . ബസ്സ്റ്റോപ്പെന്നോ, റെയില്‍വേ സ്റ്റേഷനെന്നോ, ഓട്ടോ സ്റ്റാന്‍ഡെന്നോ വ്യത്യാസമില്ല. "ഇവളിതെങ്ങോട്ടാ... ഈ രാത്രിയില്‍ ..." ഈയൊരു ചോദ്യവുമായാണ് സഹയാത്രികയെ വരവേല്‍ക്കുന്നതുതന്നെ. പിന്നെ തുറിച്ചുനോട്ടമായി... ചുറ്റിപ്പറ്റി നില്‍പ്പായി, ചുണ്ടു വക്രിച്ചുള്ള ക്ഷണമായി, അരികിലൂടൊന്ന് പോയെന്ന മട്ടില്‍ കൈകൊണ്ടൊരു തട്ട്. ഇതെല്ലാം സഹിച്ച് ബസില്‍ കയറിയാലോ. സ്ത്രീകളുടെ സീറ്റ് കൈയടക്കി "നിഷ്കളങ്ക"രായി ഉറങ്ങുന്നവരും മദ്യപിച്ച് കുഴഞ്ഞാടി നില്‍ക്കുന്നവരും. പറ്റിയ തക്കത്തിന് ഒന്നു ചാരിയും നുള്ളിയും സുഖിക്കുന്നവര്‍ , ഹാന്‍സ് ചവച്ചരയ്ക്കുന്ന വായകൊണ്ട് ചെവിക്കുപിന്നിലൊന്ന് ഊതിത്തരാനും മടിക്കില്ല.

Jagadees said...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. സിനിമയും പരസ്യവും മാധ്യങ്ങളുമുപയോഗിച്ച് ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി മാധ്യമങ്ങളിലൂടെ സിനിമയിലൂടേയും പ്രചരിപ്പിക്കുന്നടത്തോളം കാലം ഈ ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

ടെലിവിഷന്‍ ഓഫ് ചെയ്യുക. മാധ്യമങ്ങള്‍ക്കും സിനിമക്കും പണം നല്‍കാതിരിക്കുക. കാണമെങ്കില്‍ കോപ്പിചെയ്ത് കാണുക.