Monday, January 23, 2012

ക്യാമറക്കു പിന്നിലെ പെണ്‍ചരിതം

ക്യാമറക്കു പിന്നില്‍ നിന്നും രണ്ടുപെണ്ണുങ്ങള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക്. ഒറ്റഫോട്ടോ കൊണ്ടുതന്നെ ലോകമറിയുന്നവരായി മാറിയ വനിതാ പത്രഫോട്ടോഗ്രാഫര്‍മാരായിരുന്നു അവര്‍ . ലോകത്തെ ഏറ്റവും പ്രശസ്തയായ വനിത ഫോട്ടോഗ്രാഫര്‍ ഇവ അര്‍നോള്‍ഡും ഇന്ത്യയിലെ ആദ്യത്തെ പത്രഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരാവാലയും അന്തരിച്ചത് അടുത്തടുത്ത ദിവസങ്ങളില്‍ .

പത്രഫോട്ടോഗ്രാഫര്‍മാരായി യുദ്ധഭുമിയിലുള്‍പ്പടെ കടന്നുചെന്ന് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇവരുടെ പ്രത്യേകത. അധികം സ്ത്രീകള്‍ കൈവെക്കാത്ത മേഖലയായിരുന്നു ഫോട്ടോ ജേര്‍ണലിസം. 99 ാം വയസില്‍ ലണ്ടനില്‍ അന്തരിച്ച ഇവയാണ് മര്‍ലിന്‍ മണ്‍റോയടക്കമുള്ള പ്രശസ്തരുടെ ശ്രദ്ധേയമായ ഫോട്ടോകള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകത്തെ ആദ്യത്തെ വനിതഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു അവര്‍ . ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ന്ന അഭിമാനനിമിഷം ക്യാമറയില്‍ പകര്‍ത്തി ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യന്‍വനിതയാണ് ഹോമായ്. പത്മവിഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

മര്‍ലിന്‍ മണ്‍റോയുടെ ഇന്ന് കാണുന്ന പ്രശസ്തമായ ചിത്രങ്ങളിലധികവും ക്യാമറയില്‍ പകര്‍ത്തിയത് ഇവയാണ്. താരസുന്ദരിയുടെ സൗന്ദര്യം അല്‍പം പോലും ചോരാതെ ഫിലിമിലാക്കാനുള്ള ഇവയുടെ കഴിവ് അനാദൃശ്യമായിരുന്നു. പ്രശസ്തമായ ഒരുപാട് ചിത്രങ്ങള്‍ വേറെയുമുണ്ട്. 1957ല്‍ ആദ്യമായി മാഗ്നം ഫോട്ടോഗ്രാഫിക് ഏജന്‍സിയില്‍ അംഗത്വം കിട്ടിയ വനിതയായിരുന്നു അവര്‍ . 1912 ല്‍ ഫിലാഡല്‍ഫിയയിലാണ് ജനനം. റഷ്യന്‍ വംശജരായിരുന്നു മാതാപിതാക്കള്‍ . 1946 ല്‍ ന്യൂജഴ്സിയിലെ ഒരു ഫോട്ടോഗ്രാഫി ഡവലപിങ്ങ് കമ്പനിയിലെ ജോലിയില്‍ നിന്നാണ് തുടക്കം. ന്യൂയോര്‍ക്കില്‍ നിന്നും ഫോട്ടോഗ്രഫി പഠിച്ചു. 1962 ല്‍ ലണ്ടനിലേക്കുപോയ അവര്‍ പിന്നീട് അമേരിക്കയിലും ചൈനയിലും ജോലിചെയ്തു. 2003 ല്‍ ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. 1960 -70 കളില്‍ അവര്‍ അമേരിക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായി. അറേബ്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചിത്രീകരിച്ച് 1971 ല്‍ പ്രസിദ്ധീകരിച്ചു. ആദ്യമായാണ് പാശ്ചാത്യഫോട്ടോഗ്രാഫര്‍ക്ക് ചൈനയില്‍ വിസ കിട്ടുന്നത്. ചൈനയെക്കുറിച്ച് 1980ല്‍ പുസ്തകം പ്രസിദ്ധീകരിച്ചു.

ലോകം കൗതുകത്തോടെ ഈ വനിതയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചു. പ്രശസ്തിയുടെ കൊടുമുടിയിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്രകള്‍ . പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ഇവയുടെ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തി. ക്യാമറകൊണ്ടു കവിതയെഴുതാന്‍ മാത്രമല്ല വെടിയുതിര്‍ക്കാനും കഴിയുമെന്നവര്‍ തെളിയിച്ചു. അനീതിക്കും മനുഷ്യാവകാശധ്വംസനത്തിനുമെതിരായിരുന്നു ഓരോ ഫ്രെയിമും. പ്രതിഷേധത്തിന്റെ സൗന്ദര്യാത്മകതയെന്ന് ലോകം ആ ചിത്രങ്ങളെ വാഴ്ത്തി. നിഴല്‍മുറിച്ചെഴുതിയ കാവ്യമോഹിതങ്ങളായിരുന്നു ഓരോ ഫ്രെയിമും. മനുഷ്യനെ തിരിച്ചറിയാനുള്ള ഉപകരണമായിരുന്നു തനിക്ക് ക്യാമറയെന്ന് ഇവ ഒരിക്കല്‍ പറഞ്ഞു.

ഗുജറാത്തിലെ വഡോദരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഏറെ കാലമായി ചികിത്സയിലായിരുന്ന ഹോമായിയെ കട്ടിലില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1913 ഡിസംബര്‍ ഒമ്പതിന് ദക്ഷിണ ഗുജറാത്തിലെ നവ്സരി പട്ടണത്തിലെ പാര്‍സി കുടുംബത്തില്‍ ജനിച്ച ഹോമായ് മുംബൈയിലാണ് വളര്‍ന്നത്. 1938ല്‍ ബോംബെ ക്രോണിക്കിളിലാണ് ആദ്യമായി ചിത്രം അച്ചടിച്ചത്. പടം ഒന്നിന് ഒരു രൂപയായിരുന്നു പ്രതിഫലം. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്ത ഇവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍

പകര്‍ത്തി. ഇന്ത്യാവിഭജനം സംബന്ധിച്ച വോട്ടെടുപ്പില്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചിത്രം ഹോമായിയെ ശ്രദ്ധേയയാക്കി. 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ചടങ്ങ് ക്യാമറയിലാക്കാന്‍ ഹോമായിക്ക് അവസരം ലഭിച്ചു. മൗണ്ട്ബാറ്റന്‍ ഇന്ത്യ വിടുന്നത്, മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകള്‍ എന്നിവയും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്യാമറക്കു പിന്നില്‍ നിന്നും രണ്ടുപെണ്ണുങ്ങള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക്. ഒറ്റഫോട്ടോ കൊണ്ടുതന്നെ ലോകമറിയുന്നവരായി മാറിയ വനിതാ പത്രഫോട്ടോഗ്രാഫര്‍മാരായിരുന്നു അവര്‍ . ലോകത്തെ ഏറ്റവും പ്രശസ്തയായ വനിത ഫോട്ടോഗ്രാഫര്‍ ഇവ അര്‍നോള്‍ഡും ഇന്ത്യയിലെ ആദ്യത്തെ പത്രഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരാവാലയും അന്തരിച്ചത് അടുത്തടുത്ത ദിവസങ്ങളില്‍ .