Friday, January 20, 2012

കുടിയേറ്റക്കാരന്റെ പുതുവത്സരാശംസകള്‍

രാവിലെ പത്രത്തിന്റെ ഉള്ളില്‍ ഒരു ഗ്രീറ്റിംഗ് കാര്‍ഡ്. കാര്‍ലോസ് എനിക്കും കുടുംബത്തിനും പുതുവത്സര ആശംസകള്‍ നേരുന്നു. പത്രം ഇടുന്ന മെക്‌സിക്കോക്കാരനാണ് കാര്‍ലോസ്.

കാര്‍ഡ് വായിച്ചു നില്‍ക്കുമ്പോള്‍, തലേന്ന് വീണ മഞ്ഞുകട്ടകള്‍ അലിയിക്കാന്‍ ഉപ്പുവിതറി നടക്കുന്ന മറ്റൊരു മെക്‌സിക്കോക്കാരന്‍.

ഇവിടെ ചവറു വാരുന്നതും പുല്ലു ചെത്തുന്നതും മുതല്‍ ഞാന്‍ കഴിക്കുന്ന പച്ചക്കറികള്‍ വിളവെടുത്തു പായ്ക്ക് ചെയ്യുന്നതുവരെ അമേരിക്കയിലെ ജനസംഖ്യയില്‍ ഏറ്റവും വലിയ ന്യൂനപക്ഷമായി മാറിയ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറിയ 'ഹിസ്പാനിക്കുകള്‍' അഥവാ 'ലാറ്റിനോസ്' ആണ്. ഇവിടുത്തെ ഓരോ മനുഷ്യന്റെയും നിത്യജീവിതത്തില്‍ എത്രയോ ലാറ്റിനോകളുടെ അദ്ധ്വാനത്തിന്റെ കരസ്പര്‍ശമുണ്ട്.

ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത, അയാളെപ്പോലെ അമേരിക്കയില്‍ മറ്റൊരു പ്രവാസിയായ എനിക്ക്, കാര്‍ലോസ് എന്തിനു ഗ്രീറ്റിംഗ് കാര്‍ഡ് അയയ്ക്കണം? ഞാന്‍ മെക്‌സിക്കോക്കാരെക്കുറിച്ച് എന്തിനു ആലോചിക്കണം?

എന്റെയും ഭാര്യയുടെയും വിസ ഫീസ് പതിനായിരക്കണക്കിനു രൂപ കൂടിയതിനു കാരണം ഈ മെക്‌സിക്കോക്കാരാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിവഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ വലിയ വേലികള്‍ കെട്ടാനും പൊലീസ് പട്രോള്‍ ശക്തിപ്പെടുത്താനും മറ്റുമായി 600 മില്ല്യന്‍ ഡോളര്‍ സമാഹരിക്കാന്‍ വേണ്ടിയാണ് വിസകളുടെ അപേക്ഷത്തുക രണ്ടു കൊല്ലം മുമ്പ് വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് അത് രണ്ടു കോടി ഡോളറിന്റെ അധികച്ചെലവ് വരുത്തിവച്ചു എന്നായിരുന്നു അക്കാലത്ത് കണ്ട കണക്കുകള്‍.

ദുരിതങ്ങളുടെ രാജ്യമാണ് മെക്‌സിക്കോ. ഒരു വശത്ത് വന്‍ ദാരിദ്ര്യം. മറുവശത്ത് പൊലീസിനെയും സാധാരണക്കാരനെയും എതിരാളികളെയും ഒരേ ലാഘവത്തോടെ കൊന്നൊടുക്കുന്ന മയക്കുമരുന്ന് മാഫിയ. മുറുകുന്ന തൊഴിലില്ലായ്മ. മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം, 2006-2010 കാലയളവില്‍ 150 ഡോളര്‍ മാത്രം മാസവരുമാനം ഉണ്ടായിരുന്നവരുടെ എണ്ണം ആറു കോടിയോളം ആയിരുന്നു.

മെക്‌സിക്കോയുടെ വടക്കന്‍ അതിര്‍ത്തി പങ്കിടുന്നത് പ്രധാനമായും കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ആണ്. ആ അതിര്‍ത്തിക്കപ്പുറം, മെക്‌സിക്കോയില്‍ നിന്ന് നോക്കുന്നവര്‍ കാണുന്നത് അമേരിക്കന്‍ അംബര ചുംബികള്‍. അവരുടെ സ്വപ്‌നത്തിലെ സ്വര്‍ഗം!. അധികാരികളുടെ കണ്ണ് വെട്ടിച്ചോ കൈക്കൂലി കൊടുത്തോ 3169 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ എവിടെയെങ്കിലും ഒരു സുഷിരത്തിലൂടെ മെക്‌സിക്കോ കടന്നു കിട്ടിയാല്‍ മതി. എത്രയോ ദശകങ്ങളായി ദുരിതം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒളിച്ചോടി, റയോ ഗ്രാൻഡി നദി നീന്തിക്കടന്നും രാത്രിയില്‍ തുരങ്കം പണിതും, നെവാഡയിലെ മരുഭൂമിയിലൂടെ ദിവസങ്ങളോളം അലഞ്ഞു നടന്നും ജീവന്‍ പണയം വച്ച് അമേരിക്കയില്‍ എത്താന്‍ ശ്രമിക്കുകയാണ് മെക്‌സിക്കോക്കാരും മറ്റു ലാറ്റിനോകളും. പണം വാങ്ങി അവരെ സഹായിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ മറ്റൊരു മാഫിയ ആയി വാഴുന്നു. നമ്മള്‍ മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളുടെ മനുഷ്യവിഭവശേഷിയില്‍ എങ്ങനെയാണോ നിറഞ്ഞു നില്‍ക്കുന്നത്, അതുപോലെയാണ് അമേരിക്കയില്‍ മെക്‌സിക്കോക്കാര്‍. അവരുടെ അനധികൃതമായ കടന്നുവരവ് ചെറുക്കാന്‍ വേണ്ടിയാണ് എന്റേതുള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ വിസ ഫീസ് വര്‍ദ്ധിപ്പിച്ചത് എന്നത് ആഗോളവല്‍ക്കരണത്തിന്റെ പല വൈരുധ്യങ്ങളില്‍ ഒന്നായി ചേര്‍ക്കാം .

ലാറ്റിനോകളെ ഒരേ സമയം ഒരു ആവശ്യവും ശാപവും ആയി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ കാണുന്നു. അമേരിക്കയില്‍, 2010ലെ സെന്‍സസ് പ്രകാരം 50.5 മില്ല്യന്‍ ഹിസ്പാനിക്കുകള്‍ ഉണ്ട്. മൊത്തം ജനസംഖ്യയുടെ 16 ശതമാനം. ഈ നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ ഒരു വോട്ട് ബാങ്ക് ആണിവര്‍.

എന്നാല്‍ കൂടുതല്‍ 'സ്വദേശി'വോട്ടു നേടാന്‍ തന്ത്രം മെനയുന്ന ദേശീയവാദികളുടെയും വലതുപക്ഷക്കാരുടെയും കണ്ണിലെ കരടുകൂടെയാണ് മെക്‌സിക്കോക്കാര്‍. ഇവരില്‍ ചിലര്‍ ക്രിമിനലുകളും മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉള്ളവരും ആണ് എന്നത് മറക്കുന്നില്ല. പക്ഷെ അധികം പേരും, വെള്ളക്കാരോ കറുത്ത വര്‍ഗക്കാരോ ചെയ്യാന്‍ തയ്യാറാവാത്ത പണികള്‍, അവര്‍ വാങ്ങുന്നതിലും കുറഞ്ഞ വേതനത്തിന് ചെയ്തു കൊടുക്കുന്നവരാണ്. പൊലിസിനെ പേടിച്ചു പാത്തും പതുങ്ങിയും ജോലി ചെയ്യുന്ന ഇവരില്‍ പലര്‍ക്കും കടലാസുകള്‍ ഇല്ലാത്തതു കൊണ്ടുതന്നെ അമേരിക്കയിലെ ആശുപത്രി ചികിത്സയോ, ബാങ്കിംഗ്, ഇൻഷു‌റന്‍സ് സേവനങ്ങളോ, പെന്‍ഷനോ സോഷ്യല്‍ സെക്യൂരിറ്റിയോ ലഭ്യമല്ല. അനധികൃത കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയില്‍ ജനിച്ച (അങ്ങനെ അമേരിക്കന്‍ പൌരന്മാരായ) കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനും മറ്റും പല തടസ്സങ്ങളും നേരിടേണ്ടി വരുന്നു.

നിയമവിരുദ്ധ കുടിയേറ്റം നിയന്ത്രിക്കാനും പത്ത് കോടിയില്‍ അധികം വരുന്ന അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ കണക്കുകളില്‍ ചേര്‍ക്കാനും വേണ്ടി ഒബാമ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച 'ഡ്രീം ആക്റ്റ്' രാഷ്ട്രീയയുദ്ധത്തിന്റെ തടവില്‍ കിടക്കുകയാണ്. കേന്ദ്രം കുടിയേറ്റ നിയമപരിഷ്‌കരണം നടത്താതെ വന്നപ്പോള്‍, അലബാമ, അരിസോണ, ജോര്‍ജിയ, യൂട്ടാ, സൗത്ത് കരോലിന തുടങ്ങി പല സംസ്ഥാനങ്ങളും സ്വന്തമായി കുടിയേറ്റ നിയന്ത്രണ നിയമനിര്‍മാണം നടത്തി. എന്നാല്‍ ഈ വിഷയം കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ് എന്ന വാദവുമായി ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാന തലത്തിലെ നിയമങ്ങളെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.ഈ വര്‍ഷം കോടതി ഇതില്‍ അഭിപ്രായം പറയും. എന്നാല്‍ സംസ്ഥാനങ്ങളെ അനുകൂലിക്കുന്ന വിധിയാവും കോടതി നല്‍കുക എന്ന് ചിലര്‍ പറയുന്നു.

കര്‍ശയനനിയമങ്ങളെ പേടിച്ച് മെക്‌സിക്കോക്കാര്‍ പലായനം ചെയ്തപ്പോള്‍, നിയമം നിര്‍മ്മിച്ച പല സംസ്ഥാനങ്ങളും വെട്ടിലായി എന്നത് മറ്റൊരു കാര്യം. അലബാമയില്‍ ചവറുവാരാന്‍ ആളില്ല. പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പിനു മെക്‌സിക്കോക്കാരെ ആശ്രയിച്ചിരുന്ന പല സംസ്ഥാനങ്ങളിലും കാര്‍ഷിംകരംഗം പ്രതിസന്ധി നേരിടുന്നു.

ചെറുതും വലുതുമായ ബിസിനസ് ഉടമകളും, അവരെ ആശ്രയിച്ചു നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അനധികൃത കുടിയേറ്റത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങുന്നു എന്നതാണ് ഇനിയൊരു വൈരുധ്യം. വലിയ ഔദാര്യം ആയി ഇതിനെ കാണേണ്ടതില്ല. അമേരിക്കന്‍ പൗരന്റെ അവകാശങ്ങളായ സേവന വേതന വ്യവസ്ഥകളെയും ജോലിയുടെ സമയ പരിധി, മിനിമം കൂലി തുടങ്ങിയ തൊഴില്‍നിയമങ്ങളെയും കാറ്റില്‍പ്പറത്തി എല്ല് മുറിയെ പണിയെടുപ്പിക്കാന്‍ ആളെ കിട്ടും എന്നതുകൊണ്ട് തന്നെയാണ് ഇത്തരം കുടിയേറ്റക്കാരെ ഇവിടെ വരുത്താന്‍ ഇവര്‍ ഇഷ്ടപ്പെടുന്നത്. വന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും എന്‍ജിനീയര്‍മാരെ എടുക്കാനുള്ള വിസകളുടെ എണ്ണം കുറയ്ക്കരുത് എന്ന് മുറവിളി കൂട്ടുന്നതിന്റെ പിന്നിലെ കഥയും മറ്റൊന്നല്ല. സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്കു കിട്ടുന്നതിന്റെു പകുതി ശമ്പളത്തിനു വരെ ഇന്ത്യക്കാര്‍ ജോലി ചെയ്‌തോളും. അവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് വിസ കാലാവധി കഴിഞ്ഞു ഇന്ത്യയില്‍ പോകുമ്പോള്‍ കൊണ്ട്‌പോകാന്‍ പറ്റുകയുമില്ല. ചുരുക്കത്തില്‍ മെക്‌സിക്കന്‍ കൂലിപ്പണിക്കാരെയും ഇന്ത്യന്‍ 'സൈബര്‍ കൂലി'കളെയും ബിസിനസ് പ്രമുഖര്‍ ഈ രാജ്യത്തേയ്ക്ക് കൊണ്ട് വരുന്നതിന്റെ സാമ്പത്തിക ഉദ്ദേശ്യം ഒന്ന് തന്നെ.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പോരാട്ടം മുറുകുമ്പോള്‍, ഒരേ സമയം വോട്ടവകാശം ഉള്ള ഹിസ്പാനിക്കുകളെ കീശയിലാക്കാനും അനധികൃത കുടിയേറ്റം തടഞ്ഞു എന്ന് സ്വദേശികളെ ബോധ്യപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ നടക്കുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ടെക്‌സാസ് ഗവര്‍ണര്‍ റിക്ക് പെറി, അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയില്‍ ജനിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു സംസ്ഥാനത്തില്‍ നിലവിലുള്ള ഫീസ് കൊടുത്താല്‍ മതി എന്ന ഇളവ് കൊണ്ടുവന്നപ്പോള്‍ അത് വലിയ കോളിളക്കം ആയി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ കുടിയേറ്റ പരിഷ്‌കരണത്തിന് നിയമനിര്‍മാണം അസാധ്യം എന്ന് കണ്ട ഒബാമ കഴിഞ്ഞ ദിവസം ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

ഈ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍, ചെകുത്താനും കടലിനും ഇടയില്‍ നില്‍ക്കുന്ന ഹിസ്പാനിക്കുകളില്‍ ഒരുവനാണ് എനിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന കാര്‍ലോസ്. നവവര്‍ഷം പോലെയുള്ള നല്ല സന്ദര്‍ഭങ്ങളില്‍ പത്രത്തിന്റെ കൂടെ ആശംസാകാര്‍ഡുകള്‍ വയ്ക്കുന്നത് ഇവിടെ പതിവാണ്. ചിലര്‍ ആ കാര്‍ഡ് കണ്ടിട്ട് പത്രക്കാരന് എന്തെങ്കിലും 'ഉത്സവബത്ത' കൊടുക്കും.

അടുത്ത ദിവസം രാവിലെ കാര്‍ലോസ് വരുമ്പോള്‍ അങ്ങനെ എന്തെങ്കിലും കൊടുക്കാം എന്ന് കരുതി ഏഴു മണിക്ക് എണീറ്റു. പുറത്തു നോക്കിയപ്പോള്‍ ഞാന്‍ എണീക്കും മുമ്പേ പത്രം ഇട്ടിട്ടു കാര്‍ലോസ് പോയിക്കഴിഞ്ഞിരിക്കുന്നു. ഈ കൊടും തണുപ്പിലും അയാള്‍ നാലോ അഞ്ചോ മണിക്ക് തന്നെ പേപ്പര്‍ ഇടുന്നുണ്ടാവണം. എന്നിട്ട് രാവിലെ മറ്റെന്തെങ്കിലും ചെറിയ ജോലി ചെയ്യാന്‍ പോകുമായിരിക്കാം. അങ്ങനെ രണ്ടോ മൂന്നോ ജോലി ചെയ്താണ് ഇവിടെ പല ലാറ്റിനോകളും കുടുംബം പുലര്‍ത്തുന്നത്.

മനസ്സ് കൊണ്ട് പറഞ്ഞു: 'കാര്‍ലോസ്, നിനക്കും കുടുംബത്തിനും പുതുവത്സര ആശംസകള്‍.'

*****

ഡോ. വിനോദ് ജനാര്‍ദ്ദനന്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...