Saturday, January 28, 2012

പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക

ഭക്ഷ്യസുരക്ഷാനിയമം- 2011 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ആശ്വാസമെന്ന കൊട്ടിഘോഷിപ്പോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ , അപകടകരമായ നിരവധി വ്യവസ്ഥ ബില്ലിലുണ്ടെന്ന് കരടുരൂപം പരിശോധിച്ചാല്‍ മനസ്സിലാകും. ബില്‍ അതേപടി തിരിച്ചുവരികയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്താല്‍ ജനസംഖ്യയുടെ പകുതിയിലേറെവരുന്ന ജനവിഭാഗത്തിന് കടുത്ത ആഘാതമാകും. നിരവധിപേര്‍ ഭക്ഷ്യസബ്സിഡിയില്‍നിന്ന് ഒഴിവാക്കപ്പെടും. ലഭ്യമാകുന്ന റേഷന്റെ അളവ് കുറയും. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമേഖലയിലേക്ക് മാറും. ബില്ലിലെ വ്യവസ്ഥകളില്‍ പലതും ലോകബാങ്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകയാല്‍ യുപിഎ സര്‍ക്കാര്‍ അവ ഒഴിവാക്കുമെന്നു പറയാന്‍ കഴിയില്ല. ഭക്ഷ്യ സബ്സിഡിയുടെ പരിധിയില്‍വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യാധിഷ്ഠിത റേഷന്‍ കൊണ്ടുവന്നതും ക്ഷേമപദ്ധതിക്കുള്ള ചെലവ് കുറയ്ക്കാനുള്ള ആഗോളവല്‍ക്കരണ ആശയങ്ങളുടെ ഭാഗംതന്നെയാണ്. എപിഎല്‍ , ബിപിഎല്‍ , അന്ത്യോദയ എന്നിങ്ങനെ ഉപഭോക്താക്കളെ തരംതിരിക്കുകയും ബിപിഎല്ലുകാരുടെ എണ്ണം കുറയ്ക്കുന്നതിന് ജനവിരുദ്ധമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെക്കൂടി ജനങ്ങളെ ഒഴിവാക്കാനുള്ള സമര്‍ഥമായ തന്ത്രമാണ് പുതിയ ബില്ലിലുള്ളത്.

കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ത്രിപുര തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങളില്‍ വ്യാപകമായ പൊതുവിതരണസമ്പ്രദായമുണ്ട്. തീര്‍ത്തും കുറ്റമറ്റതാണെന്നു പറയാന്‍ കഴിയില്ലെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയവ ജനങ്ങളുടെ മൗലികാവകാശമാണ്; അത് ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ കടമയും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും അവ, പട്ടിണി കിടന്ന് മരിക്കുന്ന മനുഷ്യര്‍ക്ക് വിതരണം ചെയ്യാത്തത് അക്ഷന്തവ്യമായ അപരാധമാണ്. ഇന്ത്യയില്‍ 15,000 കോടി രൂപ ഭക്ഷ്യസബ്സിഡിക്കായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. എന്നിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റേഷന്‍വിതരണം ഒരു സ്വപ്നമായി അവശേഷിക്കുന്നു. കേരളം കഴിഞ്ഞാല്‍ ഫലപ്രദമായി റേഷന്‍വിതരണം നടത്തുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാടും ഹിമാചല്‍പ്രദേശും ത്രിപുരയുമാണ്. കേരളത്തില്‍ ആഴ്ചയിലെ മുഴുവന്‍ ദിവസവും (പൊതു അവധിദിനങ്ങള്‍ ഒഴികെ) റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ സമയം കട തുറന്നിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ചില ദിവസങ്ങള്‍മാത്രമാണ് കട പ്രവര്‍ത്തിക്കുന്നത്.

ജനകീയസമരങ്ങളിലൂടെയാണ് കേരളം മെച്ചപ്പെട്ട റേഷന്‍സമ്പ്രദായം നേടിയെടുത്തത്. പോരാട്ടങ്ങളുടെ ഉജ്വലമായ ചരിത്രംതന്നെ അതിനുപിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുടെ മുമ്പില്‍ ഇടതുപക്ഷം പോരാട്ടം തുടര്‍ന്നതിന്റെ ഫലമായാണ് കേന്ദ്രം ദക്ഷിണ ഭക്ഷ്യമേഖല പ്രഖ്യാപിച്ചത്. കേരളം, ആന്ധ്ര, മൈസൂരു (കര്‍ണാടക) തുടങ്ങിയ സംസ്ഥാനങ്ങളെ അതിന്റെ പരിധിയിലാക്കി. അരി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്ന് കേരളത്തിന് നേരിട്ട് അരി വാങ്ങാമെന്നായി. ഇവിടെനിന്ന് അരി പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു. വിലനിയന്ത്രണവും ഏര്‍പ്പാടാക്കി. 1964ല്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണ ഭക്ഷ്യമേഖല ഒഴിവാക്കി. 1965ല്‍ അനൗദ്യോഗിക പൊതുവിതരണം പ്രഖ്യാപിച്ചു. 1966ല്‍ കേരള റേഷനിങ് ഓര്‍ഡറനുസരിച്ച് റേഷന്‍ സ്റ്റാറ്റ്യൂട്ടറി അവകാശമായി. സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍വന്നതോടെ കേരളത്തിന്റെ പൊതുവിതരണം ശക്തമാകാന്‍ തുടങ്ങി. 85 ശതമാനം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന സ്ഥിതിവന്നു. 400 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ കേരളത്തില്‍ റേഷന്‍കടകളുണ്ട്. 1974ല്‍ സപ്ലൈകോ നിലവില്‍വന്നതോടെ ജനങ്ങള്‍ക്ക് കുറെക്കൂടി ആശ്വാസമായി. കുറഞ്ഞവിലയ്ക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാകുന്ന മാവേലി സ്റ്റോറുകള്‍ നിലവില്‍വന്നു. എഴുനൂറിലേറെ മാവേലി സ്റ്റോറുകളും 15 സൂപ്പര്‍മാര്‍ക്കറ്റുകളും മൊബൈല്‍ മാവേലി സ്റ്റോറും ഇന്നുണ്ട്. ഇത്രയും വിപുലമായ പൊതുവിതരണശൃംഖലയാണ് പുതിയ ബില്‍ വരുന്നതോടെ ക്രമേണ ഇല്ലാതാവുക.

പുതിയ ഭക്ഷ്യസുരക്ഷാ ബില്ലില്‍ കാണുന്ന പ്രധാനപ്പെട്ട ചില ന്യൂനതകള്‍ വ്യക്തമാക്കേണ്ടതുണ്ട്. 2010 നവംബറില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ , 18.03 കോടിപേര്‍ ഭക്ഷ്യസബ്സിഡിയുടെ പരിധിയില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ദരിദ്രജനങ്ങളുടെ 90 ശതമാനംവരും. എന്നാല്‍ , ബില്ലില്‍ ഗ്രാമത്തില്‍ 75 ശതമാനംപേരും നഗരത്തില്‍ 50 ശതമാനംപേരുമാണ് പരിധിയിലുണ്ടാവുക എന്നു പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭക്ഷ്യസുരക്ഷിതത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നര്‍ഥം. കേന്ദ്രം ഇപ്പോള്‍ത്തന്നെ 6.52 കോടി കുടുംബങ്ങളെയാണ് ബിപിഎല്ലായി കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ 11.05 കോടി കുടുംബങ്ങളെ ബിപിഎല്ലായി രേഖപ്പെടുത്തിയിട്ടുണ്ട് (56 ശതമാനംപേര്‍). പുതിയ ബില്ലില്‍ ഗ്രാമത്തില്‍ 46 ശതമാനവും നഗരത്തില്‍ 28 ശതമാനവുമായി ഇത് കുറയുന്നു.

ദേശീയ ഉപദേശകസമിതി തയ്യാറാക്കിയ ബില്ലിന്റെ കരടില്‍ സെക്ഷന്‍ 21 പറയുന്നത് മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നാണ്. മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം കുറയുന്നതോടൊപ്പം ഭക്ഷ്യധാന്യത്തിന്റെ അളവും കുറയ്ക്കുകയാണ്. ഒരു ബിപിഎല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ കിട്ടുമായിരുന്നത് 25 കിലോയായി നേരത്തെ കുറച്ചു. ബില്ലിലെ നിര്‍ദേശം ആളൊന്നിന് ഏഴുകിലോവീതം മൂന്ന് രൂപയ്ക്ക് നല്‍കാനാണ്. രണ്ട് അംഗംമാത്രമുള്ള കുടുംബത്തിന് 14 കിലോയാണ് ലഭിക്കുക. കുട്ടികളെ എണ്ണത്തില്‍ കൂട്ടാനിടയില്ല. അണുകുടുംബങ്ങളുള്ള കേരളത്തില്‍ ഭക്ഷ്യധാന്യറേഷന്‍ തീരെ കുറയാന്‍ ഇടയുണ്ട്. എപിഎല്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം ആളൊന്നിന് മൂന്നുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. വിലയാണെങ്കില്‍ കര്‍ഷകന്‍ കൊടുക്കുന്ന താങ്ങുവിലയുടെ പകുതിയും. താങ്ങുവില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സമരംചെയ്യുമ്പോള്‍ ജനങ്ങള്‍ അവരുടെ ശത്രുക്കളായി മാറും. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം വ്യവസ്ഥകളും ബില്ലിലുണ്ട്.

ഇതിനേക്കാളൊക്കെ അപകടകരമായത് അധ്യായം 13ലെ സെക്ഷന്‍ ജി യാണ്. പൊതുവിതരണത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണിത്. ലോകബാങ്കിന്റെ നിര്‍ദേശങ്ങളാണ് ഈ വകുപ്പില്‍ കാണാന്‍ കഴിയുക. സബ്സിഡിതുക പണമായി ഗുണഭോക്താവിന് എത്തിക്കാനും ഭക്ഷ്യകൂപ്പണ്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് രണ്ടും പല രാജ്യങ്ങളും പരിശോധിച്ച് നിഷ്ഫലമെന്നു കണ്ട് തള്ളിക്കളഞ്ഞ പദ്ധതികളാണ്. ഭക്ഷ്യധാന്യത്തിന്റെ ശേഖരണവും വില്‍പ്പനാവകാശവും കുത്തകമുതലാളിമാരുടെ കൈയിലെത്തുക എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. ഗ്രാമങ്ങളിലെ നിരക്ഷരരായ മനുഷ്യര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ബാങ്കുകളൊന്നുമില്ല. അവര്‍ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനും വശമില്ല. ഇനി അക്കൗണ്ട് തുടങ്ങിയാല്‍ പണം വരുമെന്നതിന് ഒരു ഉറപ്പുമില്ല. വന്നില്ലെങ്കില്‍ ആരോടും പരാതി പറയാനും കഴിയില്ല. പൊതുവിതരണസമ്പ്രദായമാണെങ്കില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് പരാതി ബോധിപ്പിക്കാമായിരുന്നു. സബ്സിഡി പണം സ്വകാര്യബാങ്ക് ഇടപാട് സംഘങ്ങള്‍ തട്ടിയെടുക്കാനും ഇത് ഇടവരും.

ഭക്ഷ്യാവകാശം ആധാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ആധാര്‍വഴി നല്‍കുന്ന യുഐഡി കാര്‍ഡുകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. ബില്ലിന്റെ ക്ലോസ് മൂന്നിലാണ് ആധാറുമായുള്ള ബന്ധം സൂചിപ്പിക്കുന്നത്. നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ തള്ളി ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്തുക, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരങ്ങള്‍ നല്‍കുക, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊതു അടുക്കള തുടങ്ങിയ ചില നല്ല നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. എന്നാല്‍ , മേല്‍പ്പറഞ്ഞ ദോഷവശങ്ങള്‍ ഉള്ളതിനാല്‍ ഇവയൊന്നും നടപ്പാകുകയില്ലെന്നതാണ് പ്രശ്നം.

ഭക്ഷ്യശേഖരം ധാരാളം ഉണ്ടായിട്ടും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിതരണം ശക്തമാക്കാത്തത് എന്തുകൊണ്ടെന്നാണ് നാം ചോദിക്കേണ്ടത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുകയാണ് വേണ്ടത്. ലക്ഷ്യംവച്ചുള്ള റേഷന്‍വിതരണം (അര്‍ഹരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്) അവസാനിപ്പിക്കണം. സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാബില്ലിലെ ജനവിരുദ്ധപരാമര്‍ശങ്ങള്‍ ഒഴിവാക്കി ബില്‍ ഭേദഗതിചെയ്യുക, ബിപിഎല്‍ മാനദണ്ഡം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക, പൊതുവിതരണ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനുവരി 30ന് വില്ലേജ് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുകയാണ്. ഗ്രാമസ്വരാജിനുവേണ്ടിയും ജനങ്ങളുടെ പട്ടിണി അകറ്റാനും ആഗ്രഹിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഭക്ഷണം നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.

*
കെ കെ ശൈലജ ദേശാഭിമാനി 28 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യസുരക്ഷാനിയമം- 2011 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ആശ്വാസമെന്ന കൊട്ടിഘോഷിപ്പോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ , അപകടകരമായ നിരവധി വ്യവസ്ഥ ബില്ലിലുണ്ടെന്ന് കരടുരൂപം പരിശോധിച്ചാല്‍ മനസ്സിലാകും. ബില്‍ അതേപടി തിരിച്ചുവരികയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്താല്‍ ജനസംഖ്യയുടെ പകുതിയിലേറെവരുന്ന ജനവിഭാഗത്തിന് കടുത്ത ആഘാതമാകും. നിരവധിപേര്‍ ഭക്ഷ്യസബ്സിഡിയില്‍നിന്ന് ഒഴിവാക്കപ്പെടും. ലഭ്യമാകുന്ന റേഷന്റെ അളവ് കുറയും. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമേഖലയിലേക്ക് മാറും. ബില്ലിലെ വ്യവസ്ഥകളില്‍ പലതും ലോകബാങ്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകയാല്‍ യുപിഎ സര്‍ക്കാര്‍ അവ ഒഴിവാക്കുമെന്നു പറയാന്‍ കഴിയില്ല. ഭക്ഷ്യ സബ്സിഡിയുടെ പരിധിയില്‍വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യാധിഷ്ഠിത റേഷന്‍ കൊണ്ടുവന്നതും ക്ഷേമപദ്ധതിക്കുള്ള ചെലവ് കുറയ്ക്കാനുള്ള ആഗോളവല്‍ക്കരണ ആശയങ്ങളുടെ ഭാഗംതന്നെയാണ്. എപിഎല്‍ , ബിപിഎല്‍ , അന്ത്യോദയ എന്നിങ്ങനെ ഉപഭോക്താക്കളെ തരംതിരിക്കുകയും ബിപിഎല്ലുകാരുടെ എണ്ണം കുറയ്ക്കുന്നതിന് ജനവിരുദ്ധമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെക്കൂടി ജനങ്ങളെ ഒഴിവാക്കാനുള്ള സമര്‍ഥമായ തന്ത്രമാണ് പുതിയ ബില്ലിലുള്ളത്.