Tuesday, January 24, 2012

ഏകാധിപതിയായി മമത; തകരുന്ന ബംഗാള്‍

പശ്ചിമ ബംഗാളില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിനെ അരുക്കാക്കി മമത ബാനര്‍ജി ഏകാധിപത്യവാഴ്ച തുടരുകയാണ്. ഒന്ന് ഉറക്കെ ശബ്ദിക്കാന്‍പോലും കഴിയാതെ നിസ്സഹായരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ടിയായ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം. മന്ത്രിസഭയില്‍നിന്ന് പുറത്തുപോകണമെങ്കില്‍ പോകാം എന്നുവരെ മമത പറഞ്ഞു. എന്നാല്‍ , ആട്ടും തുപ്പും സഹിച്ച് നാണംകെട്ട് ഭരണത്തില്‍ തുടരുകയാണ് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ മമതയുടെ പിന്തുണ അത്യാവശ്യമാണ്. അതിനാല്‍ ബംഗാളിന്റെ പേരില്‍ മമതയെ പിണക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം തയ്യാറല്ല. അപ്രധാന വകുപ്പുകളാണ് കോണ്‍ഗ്രസിന് മമത വച്ചുനീട്ടിയത്. അതുതന്നെ ഓരോന്നായി കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ജനുവരി 16ന് നടത്തിയ മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരായ അബു ഹെനയില്‍നിന്ന് ഭക്ഷ്യസംസ്കരണ വകുപ്പും മനോജ് ചക്രവര്‍ത്തിയില്‍നിന്ന് പാര്‍ലമെന്ററി കാര്യം, ചെറുകിട, കുടില്‍വ്യവസായം എന്നിവയും പിടിച്ചെടുത്ത് തൃണമൂല്‍ മന്ത്രിമാര്‍ക്ക് നല്‍കി. മമതയുടെ ഏറ്റവും വലിയ വിമര്‍ശകനായ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയുടെ വളരെ അടുത്തയാളാണ് മനോജ് ചക്രവര്‍ത്തി. മാത്രമല്ല, ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ മനോജ് ചക്രവര്‍ത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതാണ് വകുപ്പ് തിരിച്ചെടുക്കാനുണ്ടായ കാരണം. മമത ഏകാധിപതിയാണെന്നും മന്ത്രിസഭയ്ക്ക് ജനാധിപത്യ സ്വഭാവമില്ലെന്നും ചക്രവര്‍ത്തി തുറന്നടിച്ചിരുന്നു. മന്ത്രിയും മുന്‍ പിസിസി പ്രസിഡന്റുമായ മനാസ് ഭുനിയയുടെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശവുമായി രംഗത്തെത്തിയപ്പോള്‍ പരസ്യ വാഗ്വാദം വേണ്ടെന്ന് ഹൈക്കമാന്‍ഡിന്റെ തീട്ടൂരമെത്തി. പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു ഹൈക്കമാന്‍ഡ്. പിസിസി നേതൃസ്ഥാനത്തുള്ളവരുടെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പിച്ചശേഷമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ മമത പിടിച്ചുപറിച്ചത്. മമത മന്ത്രിസഭ അധികാരമേറ്റ നാള്‍മുതല്‍ തുടങ്ങിയാണ് കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ . കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പ്രധാന വകുപ്പുകളൊന്നുമില്ല. ആഭ്യന്തരം, ധനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ , വ്യവസായം, കൃഷി തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം തൃണമൂലിന്റെ കൈവശമാണ്. പേരിനുള്ള ചില വകുപ്പുകള്‍മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതിന്റെ അപമാനം അവര്‍ സഹിക്കുകയാണ്. അതിനു പുറമെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണം. ഉത്തരബംഗാള്‍ ജില്ലകളില്‍ സ്വാധീനമുറപ്പിക്കാന്‍ കോണ്‍ഗ്രസുമായി തുറന്ന പോരിലാണ് തൃണമൂല്‍ . ഉത്തരബംഗാള്‍ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്ന സമിതികളിലൊന്നും കോണ്‍ഗ്രസിന്റെ പ്രതിനിധികളില്ല. ഇന്ദിരാഭവന്റെ പേരുമാറ്റമാണ് സമീപകാലത്ത് ഇരുപാര്‍ടികളും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയ സംഭവം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1972ലെ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താമസിച്ച സാള്‍ട്ട് ലേക്കിലെ വീടിന് ഇന്ദിരാഭവന്‍ എന്ന പേര് നല്‍കുകയായിരുന്നു. ഈ മന്ദിരം പിന്നീട് മുഖ്യമന്ത്രി ജ്യോതിബസുവിന്റെ ഔദ്യോഗിക വസതിയായി. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞശേഷവും മരിക്കുന്നതുവരെ അവിടെയാണ് താമസിച്ചത്. ഇടതുമുന്നണി അധികാരത്തിലിരുന്ന കാലത്തൊന്നും ഇന്ദിരാഭവന്റെ പേരുമാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇന്ദിരാഭവന്റെ പേരു മാറ്റി ബംഗാളിലെ വിപ്ലവകവി ഖാസി നസ്രുള്‍ ഇസ്ലാമിന്റെ സ്മാരകമാക്കാനാണ് മമത തീരുമാനിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നാല്‍ , പേരുമാറ്റം പിന്‍വലിക്കാന്‍ മമത തയ്യാറായില്ല. കോണ്‍ഗ്രസിനെ മൂലയ്ക്കിരുത്തിയും സിപിഐ എമ്മിനെ പഴി പറഞ്ഞും മമതയുടെ ഏകാധിപത്യ വാഴ്ച തുടരുമ്പോള്‍ ബംഗാള്‍ ഇടതുമുന്നണി അധികാരത്തിലെത്തുംമുമ്പുള്ള അന്ധകാര യുഗത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒക്ടോബറിന് ശേഷം 22 കര്‍ഷകരാണ് വിലത്തകര്‍ച്ചമൂലമുള്ള കടഭാരത്താല്‍ ആത്മഹത്യചെയ്തത്. നെല്ലുസംഭരണം പരാജയപ്പെട്ടു. ഒരു ക്വിന്റല്‍ നെല്ലിന് 1080 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. ഈ വിലയ്ക്കെങ്കിലും നെല്ലുസംഭരണം നടത്തിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. എന്നാല്‍ , തൃണമൂലിന്റെ പ്രാദേശിക നേതാക്കള്‍ നെല്ലുസംഭരണത്തിലെ ഇടനിലക്കാരായി മാറി. മില്ലുകള്‍ , സഹകരണ സ്ഥാപനങ്ങള്‍ , സ്വയംസഹായ സംഘങ്ങള്‍ എന്നിവയൊന്നും നെല്ലുസംഭരണത്തിനിറങ്ങിയില്ല. തൃണമൂലുകാരായ ഇടനിലക്കാര്‍ കര്‍ഷകരെ സമീപിച്ച് 600-700 രൂപയ്ക്ക് നെല്ല് വില്‍ക്കണമെന്ന് നിര്‍ബന്ധിച്ചു. ഭീഷണിക്ക് വഴങ്ങി നെല്ല് വിറ്റ കര്‍ഷകരെല്ലാം വലിയ സാമ്പത്തികത്തകര്‍ച്ചയാണ് നേരിട്ടത്. സാധാരണ ലഭിക്കേണ്ട വിലയുടെ പകുതിമാത്രം ലഭിച്ച കര്‍ഷകര്‍ക്ക് ശീതകാല പച്ചക്കറികൃഷിയും ഉരുളക്കിഴങ്ങ് കൃഷിയും നടത്താനായില്ല. ചണത്തിന് കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 4000 രൂപ വില കിട്ടിയിരുന്നു. ഇക്കുറി 2000 രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച ഉരുളക്കിഴങ്ങ് കോള്‍ഡ് സ്റ്റോറേജുകളില്‍ ഇനിയും ബാക്കിയിരിക്കുന്നു. അടുത്ത വിളവെടുപ്പിന് സമയമായി. ഒരു കിലോയ്ക്ക് ഒരു രൂപപോലും വില കിട്ടില്ലെന്ന ഭീതിയിലാണ് കര്‍ഷകര്‍ . കാര്‍ഷികമേഖല നേരിടുന്ന ഗുരുതരമായ ഈ അവസ്ഥ കാണാന്‍ മമത ബാനര്‍ജി തയ്യാറാവുന്നില്ല. സിപിഐ എമ്മും കോണ്‍ഗ്രസും തെറ്റിദ്ധാരണ പരത്തുകയാണെന്നും കാര്‍ഷികമേഖല ഭദ്രമാണെന്നും അവര്‍ അവകാശപ്പെടുന്നു. കാര്‍ഷികമേഖലയിലെ പ്രശ്നം സിപിഐ എം വലിയ ചര്‍ച്ചയാക്കി വളര്‍ത്തിയെടുത്തിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ ഹര്‍ത്താല്‍ നടത്തി. ഒടുവില്‍ സഹകരണ സ്ഥാപനങ്ങളടക്കം കൂടുതല്‍ ഏജന്‍സികള്‍ നെല്ലുസംഭരണത്തിന് രംഗത്തിറങ്ങുമെന്ന് മമത പ്രഖ്യാപിച്ചു. ഒന്നും നടന്നില്ലെന്ന് മാത്രം.

വ്യവസായനിക്ഷേപമാണ് ബംഗാളിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. രാജ്യത്തെ കോര്‍പറേറ്റ് പ്രമുഖരെയടക്കം ക്ഷണിച്ചുവരുത്തി ജനുവരി ആദ്യവാരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം കൊല്‍ക്കത്തയില്‍ നടത്തി. എന്താണ് നിങ്ങള്‍ പശ്ചിമബംഗാളില്‍ നിക്ഷേപം നടത്താത്തതെന്ന് ശാസനാരൂപത്തില്‍ മുഖ്യമന്ത്രി ചോദിക്കുകയുംചെയ്തു. എന്നാല്‍ വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മമതയുടെ പ്രഖ്യാപനമാണ് വ്യവസായ സംരംഭകരെ ബംഗാളില്‍ നിന്ന് അകറ്റിയത്. എന്നാല്‍ ഇത് സമ്മതിക്കാന്‍ മമത തയ്യാറല്ല. നിലവിലുള്ള വ്യവസായങ്ങളില്‍പ്പോലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും തുക പിരിക്കലും വ്യവസായി സമൂഹത്തിന് തലവേദനയായിരിക്കുകയാണ്. താന്‍ കൊണ്ടുവന്നുവെന്ന് മമത അവകാശപ്പെടുന്ന പദ്ധതികളൊക്കെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്.
സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിരിക്കുകയാണ്. ഉത്തരബംഗാളിലെ റായ്ഗഞ്ച് യൂണിവേഴ്സിറ്റി കോളേജില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കടന്നുകയറി പ്രിന്‍സിപ്പലിനെ ആക്രമിച്ച സംഭവം സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കോളേജുകളും സര്‍വകലാശാലകളും രാഷ്ട്രീയമുക്തമാക്കുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം. തങ്ങള്‍ പറയുന്ന നിയമവിരുദ്ധ കാര്യങ്ങളൊക്കെ അക്ഷരംപ്രതി അനുസരിക്കാത്ത കോളേജ് പ്രിന്‍സിപ്പല്‍മാരെയും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെയും കൈകാര്യംചെയ്യണം എന്നതാണ് തൃണമൂലിന്റെ നിലപാട്. രാംപുര്‍ഹട്ട് കോളേജില്‍ തൃണമൂല്‍ ഛാത്ര പരിഷത്ത് (തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടന) പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ രണ്ട് മണിക്കൂര്‍ തടഞ്ഞുവച്ചു. ജാദവ്പുര്‍ വിദ്യാപീഠത്തില്‍ കടന്നുകയറി അധ്യാപകരെ ആക്രമിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടന്നുകയറിയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ആക്രമണങ്ങള്‍ വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാരായതിനാലാണ് ആക്രമിച്ചതെന്നാണ് മമതയുടെ ന്യായം. ഇത് ഫാസിസ്റ്റ് വാഴ്ചയല്ലാതെ മറ്റെന്താണ്?

എല്ലാ മേഖലയിലും കടന്നുകയറി തൃണമൂല്‍ നിയന്ത്രണത്തിലാക്കുകയെന്ന യജ്ഞമാണ് ഇപ്പോള്‍ മമത നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അവഗണിക്കപ്പെടുകയാണ്. ഉത്തരബംഗാളിലെ തോട്ടം മേഖലയില്‍ പട്ടിണിമരണങ്ങള്‍ നിത്യസംഭവമായി. ജല്‍പായ്ഗുരി ജില്ലയിലെ ധെക്ലപാഡ തേയിലത്തോട്ടത്തില്‍ ഒരു മാസത്തിനിടയില്‍ 12 പേര്‍ പട്ടിണികൊണ്ട് മരിച്ചു. ഡോക്ടര്‍മാരുടെ സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ ആഹാരം കഴിക്കാത്തതിനാല്‍ തൊഴിലാളികളുടെ ഹീമോഗ്ലോബിന്റെ അളവ് അപകടകരമാംവിധം താഴെയാണെന്ന് കണ്ടെത്തി. പട്ടിണിമരണം ഇനിയും തുടരുമെന്നാണ് ഇതു നല്‍കുന്ന സൂചന.

പൂട്ടിയിട്ട തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 1500 രൂപ സഹായം നല്‍കിയിരുന്നു. ആറ് മാസമായി ഇത് ലഭിക്കുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതായതോടെയാണ് പദ്ധതി തകര്‍ന്നത്. താല്‍ക്കാലിക ശ്രദ്ധയാകര്‍ഷിക്കുന്ന ചെപ്പടിവിദ്യകളാണ് മമതയുടെ കൈവശമുള്ളത്. അതുകൊണ്ട് ഏറെക്കാലമൊന്നും ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല. അടിസ്ഥാനമേഖലകളെ അവഗണിച്ചുകൊണ്ടുള്ള മമതയുടെ പോക്ക് വലിയ രോഷവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഒമ്പതേകാല്‍ കോടി ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതസുരക്ഷയും ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ , ബംഗാളിനെ പഴയ കലുഷമായ നാളുകളിലേക്ക് മടക്കിക്കൊണ്ടുപോവുകയാണെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. എട്ട് മാസത്തെ അനുഭവങ്ങള്‍കൊണ്ട് ബംഗാള്‍ജനത പാഠം പഠിച്ചിരിക്കുന്നു.

*
വി ജയിന്‍ ദേശാഭിമാനി 24 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമ ബംഗാളില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിനെ അരുക്കാക്കി മമത ബാനര്‍ജി ഏകാധിപത്യവാഴ്ച തുടരുകയാണ്. ഒന്ന് ഉറക്കെ ശബ്ദിക്കാന്‍പോലും കഴിയാതെ നിസ്സഹായരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ടിയായ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം. മന്ത്രിസഭയില്‍നിന്ന് പുറത്തുപോകണമെങ്കില്‍ പോകാം എന്നുവരെ മമത പറഞ്ഞു. എന്നാല്‍ , ആട്ടും തുപ്പും സഹിച്ച് നാണംകെട്ട് ഭരണത്തില്‍ തുടരുകയാണ് കോണ്‍ഗ്രസ്.