Thursday, January 26, 2012

തോല്‍വി സമ്മാനിച്ച ജീവിതപാഠം

ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പില്‍ തോറ്റു. തെരഞ്ഞെടുപ്പിന്റെ വഴിയിലൂടെ പിന്നീട് സഞ്ചരിച്ചില്ലെങ്കിലും പരാജയത്തെ വിലപ്പെട്ട അനുഭവമായാണ് പിന്നീട് അഴീക്കോട് വിലയിരുത്തിയത്. തലശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1962ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അഴീക്കോട് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ മത്സരിച്ച എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ടായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 66,000 വോട്ടിനാണ് അഴീക്കോട് പരാജയപ്പെട്ടത്. അന്ന് കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അഴീക്കോട് അംഗമായിരുന്നു.

തെരഞ്ഞെടുപ്പുമത്സരത്തെക്കുറിച്ച് അഴീക്കോട് ആത്മകഥയില്‍ഇങ്ങനെ എഴുതി. "ഞാന്‍ അപേക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത വലിയൊരു സംഗതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം (ടിക്കറ്റ് അല്ല) ലഭിച്ചത്. സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിക്കാന്‍ കെപിസിസി പ്രസിഡന്റ് സാക്ഷാല്‍ സി കെ ഗോവിന്ദന്‍നായര്‍ ഞാന്‍ ജോലി ചെയ്ത കോളേജില്‍ എത്തുന്നു. അതുതന്നെ ഒരു ചെറിയ ജയമല്ലേ? ഇന്നത്തെ അനുഭവംവച്ച് കോണ്‍ഗ്രസുകാര്‍ ഈ സംഭവത്തെ മനസ്സിലാക്കിയാല്‍ നന്ന്. അന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സാമൂഹ്യജീവിതത്തില്‍ ആദര്‍ശധീരതയും വ്യക്തിപരമായ മൂല്യബോധവും അടിസ്ഥാനമാക്കിയാണ്. അത് ഇന്നത്തേതുപോലെ ആയിരുന്നില്ല." പരാജയപ്പെട്ടതറിഞ്ഞ സമയത്തെ അനുഭവം അഴീക്കോടിന്റെ വാക്കുകളില്‍ : "ഞാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എനിക്ക് ഒട്ടും പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന പ്രവര്‍ത്തകര്‍ എനിക്കു ചുറ്റുംകൂടി പൊട്ടിക്കരഞ്ഞു. നിന്നേടത്തു നിന്ന് ഞാന്‍ വീണുപോകുമെന്ന നിലവന്നു. തോറ്റതുകൊണ്ടല്ല, ആ നിഷ്കളങ്കമായ സ്നേഹവായ്പ് താങ്ങാന്‍ പറ്റാത്തതിനാലാണ്. സുഹൃത്തുക്കള്‍ എന്നെ വീട്ടിലെത്തിച്ചു. ആ രാത്രി എന്റെ ജീവിതത്തിലെ മറക്കാനാവാത്ത വികാരത്തിന്റെ വേലിയേറ്റത്തില്‍ ആകെ മുങ്ങിപ്പോയ മുഹൂര്‍ത്തമായിരുന്നു. അക്കാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയുടെ വീട്ടുപടിക്കല്‍ വിജയിക്കുന്ന പാര്‍ടിക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, എന്തുകൊണ്ടോ അഴീക്കോട്ടെ കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകര്‍ ആ ചടങ്ങില്‍നിന്ന് എന്നെ ബഹുമാനപൂര്‍വം ഒഴിവാക്കിയിരുന്നു."

"1962ല്‍ സ്ഥാനാര്‍ഥിയായതില്‍ മറ്റൊരു നഷ്ടവുമുണ്ടായി. ബനാറസ് യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രൈവറ്റായി ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ എടുക്കാന്‍ ശ്രമിച്ചത് പൂര്‍ത്തിയായില്ല. തെരഞ്ഞെടുപ്പിന്റെ തിരക്കും ബഹളവും മാത്രമല്ല, മഞ്ഞപ്പിത്തവും ബാധിച്ചതിനാല്‍ പരീക്ഷ എഴുതാനായില്ല. ജീവിതത്തില്‍ തോറ്റെന്നു തോന്നിയാല്‍ ആ പരാജയപ്പിശാച് നമ്മെ എന്നും പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഈ വലിയ ജീവിതപാഠം എന്നെ പഠിപ്പിച്ചത് ആ തെരഞ്ഞെടുപ്പുകാലമണ്."

ഇടതുപക്ഷ സഹയാത്രികനായശേഷം നിരവധി പ്രസംഗങ്ങളില്‍ അഴീക്കോട് തെരഞ്ഞെടുപ്പുപരാജയത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ: "തെരഞ്ഞെടുപ്പില്‍ അന്ന് തോറ്റത് നന്നായി. തലശേരിയിലെ വോട്ടര്‍മാര്‍ക്ക് എന്നേക്കാള്‍ വിവരമുണ്ടായിരുന്നു. അന്ന് ഞാന്‍ വിജയിച്ച് ഡല്‍ഹിയില്‍ പോയിരുന്നുവെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയുടെ ഭാഗമായി ഞാനും മാറിയേനെ".
(വി എം രാധാകൃഷ്ണന്‍)

ചിന്തയുടെ പ്രപഞ്ചം

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍! സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.

"ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്. ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം:

"എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

പ്രിയപ്പെട്ട അവിവാഹിതന്റെ വജ്രശുദ്ധിയാര്‍ന്ന പ്രണയം

ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക. മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട് പലപ്പോഴും വെളിവാക്കിയിരുന്നു.

ബ്രഹ്മചര്യത്തിന്റെ പ്രകാശം അദ്ദേഹത്തിന്റെ ഉള്ളിലേക്ക് കടന്നുകയറിയതിന് പ്രധാനകാരണം വാഗ്ഭടാനന്ദന്റെ പ്രഭാഷണങ്ങള്‍ തന്നെ. വായനയുടെയും എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും സ്വച്ഛന്ദതയ്ക്ക് കുടുംബം തടസ്സമായേക്കുമെന്ന വേവലാതി, പ്രതിഭയുണ്ടായിട്ടും കുടംബപ്രരാബ്ധത്തിനിടയില്‍ അതു മാറ്റിവെക്കേണ്ടിവന്ന അച്ഛനെക്കുറിച്ചുള്ള ചിന്ത, അവിവാഹിതരായ സഹോദരിമാരെ സംരക്ഷിക്കുന്നതിന് തന്റെ കുടുംബജീവിതം തടസ്സമാകുമോ എന്ന ഭയം... എല്ലാം ബ്രഹ്മചര്യമെന്ന നിലപാടിന് ആക്കം കൂട്ടി. എന്നിട്ടും ഇടക്കെപ്പോഴൊക്കെയോ ചഞ്ചലിച്ചുപോയി മനസ്സ്. മൂത്തകുന്നം ട്രെയിനിങ്ങ് കോളേജില്‍ പ്രാക്ടിക്കല്‍ പരീക്ഷക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അധ്യാപകനോടും തിരിച്ചു തോന്നിയ പ്രണയം. ഊഷരതയിലേക്ക് പെയ്തിറങ്ങിയ മഴനൂലുപോലുള്ള പ്രണയലേഖനങ്ങള്‍ . കാറ്റു വിരുന്നെത്തിയ കടല്‍പോലെ ഇരമ്പിയാര്‍ത്ത സ്വപ്നങ്ങളുടെ കാലം ഏറെ നീണ്ടില്ല. ഏതോ ദുഷ്ടരൂപികളുടെ കടന്നുകയറല്‍ , എല്ലാം ഒടുങ്ങി. പെണ്ണുകാണലോളം എത്തിയ വിലാസിനിയുമായുള്ള പ്രണയത്തിന്റെ അന്ത്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു; ചിലര്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകളല്ലാതെ.

ഇതിനെ പിന്നീട് ലോകം ആഘോഷിച്ചു. വാര്‍ധക്യത്തില്‍ അഴീക്കോടിനെ ഇകഴ്ത്താനും ഇടിച്ചുതാഴ്ത്താനും മികച്ച ആയുധമായിക്കണ്ട് പലരും പ്രണയത്തെ ആയുധമാക്കി. വിലാസിനി ടീച്ചര്‍ക്കെഴുതിയ കത്തുകള്‍ മഞ്ഞത്താളുകളില്‍ പാറിനടന്നു. പരസ്പരം ആരോപണങ്ങള്‍ . ആത്മകഥ പുറത്തുവന്നപ്പോള്‍ ടീച്ചര്‍ വക്കീല്‍ നോട്ടീസുമയച്ചു. സ്ത്രീയുടെ രൂപസൗന്ദര്യത്തിനപ്പുറത്തുള്ള അന്യസൗന്ദര്യത്തെ ദര്‍ശിക്കാന്‍ കഴിയാത്ത പുരുഷകാഴ്ചകളോട് അഴീക്കോട് എന്നും സഹതപിച്ചുപോന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ എംഎ വിദ്യാര്‍ഥിനിയായിരുന്ന കന്യാസ്ത്രീയുമായുള്ള പ്രണയവും ഒടുങ്ങിപ്പോയതുതന്നെയാണ്. ഓരോന്ന് ഒടുങ്ങിപ്പോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. തിരിച്ചറിവുകള്‍ തന്റെ നിലപാടുതറയെ ബലപ്പെടുത്തുകയാണ് ചെയ്തതതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രണയത്തെ ഇത്രയേറെ വിശുദ്ധിയോടെ നോക്കിക്കണ്ട ഒരാളെ അതിന്റെ പേരില്‍ത്തന്നെആക്രമിച്ച് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം പാളിപ്പോയതും അതുകൊണ്ടുതന്നെ.

കാറ്റിലിളകാത്ത വിളക്കുമരം പോലെ അഴീക്കോട് അതിനെ നേരിട്ടതും പ്രത്യാക്രമണം നടത്താതിരുന്നതും പെണ്‍മഹിമയുടെ ഉയരത്തോട് എപ്പോഴും സൂക്ഷിച്ച ബഹുമാനം കൊണ്ടുതന്നെ. മനസ്സിന്റെ എല്ലാ തെളിമയും തുറന്നുവെച്ചുതന്നെയായിരുന്നു അഴീക്കോട് തന്റെ പ്രണയത്തെ പകുത്തത്. ഈ വിശുദ്ധിയും ഇണയോടുള്ള ബഹുമാനവും തന്നെയാണ് വിവാഹത്തിന്റെ കാലുഷ്യത്തിലേക്ക് ജീവിതത്തെ എടുത്തെറിയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയതും. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ് വിലാസിനി ടീച്ചറുടെ സന്ദര്‍ശനത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളെയും പിന്നീട് തള്ളിക്കളഞ്ഞു. ഒരു സ്ത്രീ എന്നെ സന്ദര്‍ശിച്ചശേഷം സത്യവിരുദ്ധമായ പലതും പ്രചരിപ്പിച്ചു എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.
(കെ ഗിരീഷ്)

*
ദേശാഭിമാനി 25 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പില്‍ തോറ്റു. തെരഞ്ഞെടുപ്പിന്റെ വഴിയിലൂടെ പിന്നീട് സഞ്ചരിച്ചില്ലെങ്കിലും പരാജയത്തെ വിലപ്പെട്ട അനുഭവമായാണ് പിന്നീട് അഴീക്കോട് വിലയിരുത്തിയത്. തലശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1962ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അഴീക്കോട് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ മത്സരിച്ച എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ടായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 66,000 വോട്ടിനാണ് അഴീക്കോട് പരാജയപ്പെട്ടത്. അന്ന് കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അഴീക്കോട് അംഗമായിരുന്നു.