Wednesday, January 25, 2012

കരിനിയമങ്ങളുടെ അമേരിക്കന്‍കാലം

ചരിത്രം ഒരു പിരിയന്‍ ഗോവണിപോലെയാണ്. വ്യവസ്ഥിതിയും അതിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളും പരസ്പരം നിരന്തരം പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം മൂലമാണ് ഒറ്റനോട്ടത്തില്‍ ചരിത്രം ഇങ്ങനെ ഒരു പിരിയന്‍ ഗോവണിയെപോലെ തോന്നിക്കുന്നതെന്ന് പറയാം.

ഇപ്പറഞ്ഞതിന് മികച്ച ദൃഷ്ടാന്തം ഇന്ന് അമേരിക്കയില്‍ കാണാം. ആധുനികകാലഘട്ടത്തിന്റെ വിപ്ലവാത്മകതയെ ശക്തമായ കോര്‍പ്പറേറ്റ് മാധ്യമങ്ങളാല്‍ ചങ്ങലക്കിട്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിതൊട്ട് മുതലാളിത്തം ചരിത്രത്തിന്റെ കപ്പിത്താനായി സ്വയം അവരോധിച്ചത്. ഇതിന്റെ അവസാനം 1960കളിലെ ഹെബര്‍മാസ്സിനെപോലെയുള്ള പുതിയ ഇടതുപക്ഷ ചിന്തകര്‍ മുന്‍കൂട്ടി കണ്ടിരുന്നു. നിലവിലുള്ള കോര്‍പ്പറേറ്റ് മാധ്യമഭീമന്മാരുടെ ധൃതരാഷ്ട്രാ ലിംഗനത്തില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്ന ഒരു പുതിയ മാധ്യമസംസ്‌കാരം ആനയെക്കൊല്ലാന്‍ ശേഷിയുള്ള ചെറിയ ഉറുമ്പുകളെന്നപോലെ രൂപംകൊണ്ടുവരുമെന്നാണ് പൊതുഇടങ്ങളെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഹെബര്‍മാസ്സ് നിദര്‍ശിച്ചത്. 21-ാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടേയും രൂപത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ ശരിയാവുന്നതു കാണാനുള്ള ഭാഗ്യവും ഹെബര്‍മാസ്സിനുണ്ടായി. കാരണം അറബ് വസന്തം എന്ന കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ പ്രതിഭാസത്തിനും, വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിനുമെല്ലാം പിന്നിലെ ഒരു പ്രധാനപ്രേരകശക്തി ഈ പുതിയ വാര്‍ത്താവിനിമയ സൗകര്യങ്ങളായിരുന്നു.

ഇങ്ങനെ ചരിത്രത്തിലെ വിപ്ലവശക്തികള്‍ പുതിയ ആയുധങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ മുതലാളിത്തശക്തികളും സജ്ജരായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിലവില്‍ വരാന്‍ പോകുന്ന കര്‍പ്പവകാശനിയമം ഇത്തരത്തിലുള്ള ഒരൊരുക്കത്തിന്റെ പ്രധാന ചവിട്ടുപടിയാണ്.
രണ്ടുനിയമങ്ങളാണ് അമേരിക്കയിലെ ജനപ്രതിനിധി സഭയുടെ പരിഗണനയിലുള്ളത്. ഒന്നാമത്തേത് സ്റ്റോപ്പ് ഒണ്‍ ലൈന്‍ പൈറസി ആക്ട്. ഇത് പ്രധാനമായും അമേരിക്കയിലെ വന്‍ സാംസ്‌കാരിക വ്യവസായങ്ങളായ ഹോളിവുഡിന്റേയും റുപര്‍ട്ട് മാര്‍ഡോക്കിന്റെ കമ്പനികളുടേയും ഉല്‍പന്നങ്ങളുടെ അനധികൃതമായ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്ന വിദേശവെബ്‌സൈറ്റുകളെ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടാമത്തേതായി പ്രൊട്ടക്ട് ഐ പി ആക്ട്. ഭൗതിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് വന്‍ അധികാരങ്ങള്‍ അമേരിക്കന്‍ നീതിന്യായ പീഠത്തിനും ഉദ്യോഗസ്ഥന്മാര്‍ക്കും നല്‍കുന്ന നിയമമാണിത്.

ഒറ്റനോട്ടത്തില്‍ ഈ നിയമത്തിന് കുഴപ്പമുണ്ട് എന്ന് പറയാനാവില്ല. കാരണം ഭൗതിക സ്വത്തവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള അവകാശം ഏതു രാജ്യത്തിനുമുണ്ട്. മാത്രവുമല്ല വര്‍ഷാവര്‍ഷം 400 ബില്യണ്‍ ഡോളറോളം വരുന്ന നഷ്ടമാണ് ഇത്തരം ഒരു നിയമത്തിന്റെ അഭാവത്തില്‍ അമേരിക്കയിലെ വന്‍കമ്പനികള്‍ക്കു ഉണ്ടാവുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ കയറൂരി വിടുന്നതും അപകടകരമാണ്. കാരണം വിപ്ലവം നടത്തുവാന്‍ മാത്രമല്ല കലാപങ്ങളും വംശഹത്യകളും ആസൂത്രിതമായി സംഘടിപ്പിക്കുവാനാവശ്യമായ കിംവദന്തികള്‍ പരത്താനും ഇവ ഉപയോഗിക്കാം. തെമ്മാടിത്തവും പ്രതിഷേധവും ഒരേയളവില്‍ കുഴഞ്ഞുമറിഞ്ഞ് കഴിഞ്ഞവര്‍ഷം ലണ്ടനിലുണ്ടായ കലാപങ്ങള്‍ ഈ ദിശയിലേക്കുള്ള ഒരുഗതി മാറ്റത്തിന്റെ സൂചനയും നല്‍കുന്നുണ്ട്. കാരണം ആ കലാപത്തില്‍ ആക്രമിക്കപ്പെട്ടവരില്‍ മിക്കവരും നിരപരാധികളും വിദേശികളുമൊക്കെയായിരുന്നു. മാത്രമല്ല ശക്തമായ നിയമങ്ങളുണ്ടായിരുന്നിട്ടും 2002 ലെ ഗുജാറാത്ത് വംശഹത്യക്കാലത്ത് 'ഗുജറാത്ത് സമാചാര, സന്ദേശ', തുടങ്ങിയ പ്രമുഖ ഗുജറാത്ത് ദിനപത്രങ്ങള്‍ ഫാസിസ്റ്റു ശക്തികളുടെ പ്രചാരണായുധമായി മാറിയതും നമ്മള്‍ കണ്ടതാണ്. എങ്കില്‍ പിന്നെ നിയന്ത്രണങ്ങളില്ലാത്ത ഒരവസ്ഥയെപറ്റി പറയേണ്ടതുണ്ടോ?

പക്ഷേ ഇത്തരത്തില്‍ സദുദ്ദേശത്തോടുകൂടിയുള്ള ഒരു നിയമനിര്‍മ്മാണമല്ല അമേരിക്കന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അവരുടെ ആവശ്യം റുപര്‍ട്ട് മാര്‍ഡോക്കിന്റേയും കൂട്ടരുടേയും മാധ്യമകുത്തകകളുടെ സംരക്ഷണമാണ്. എങ്കില്‍ മാത്രമെ ഏതാനും വ്യവസായികള്‍ നടത്തിക്കൊണ്ടു പോകുന്ന അമേരിക്കന്‍ ജനാധിപത്യത്തിനും ആഗോള മുതലാളിത്തത്തിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും അവരുടെ സമ്മതി നേടിയെടുത്തുകൊണ്ടും തങ്ങളുടെ കുത്തിക്കവര്‍ച്ച നിര്‍ബാധം തുടരാനാവുള്ളു. ഇല്ലാത്ത അതീവമാരകമായ ആയുധങ്ങള്‍ സദ്ദാമിന്റെ കൈയ്യിലുണ്ടെന്നു കിംവദന്തി പരത്തി അന്യായമായ ഇറാഖ് യുദ്ധത്തിന് അമേരിക്കന്‍ ജനസസാമാന്യത്തിന്റെ പിന്തുണനേടിക്കൊടുത്തത് ഈ മാധ്യമ കുത്തകകളാണ്. ഇറാഖ് യുദ്ധത്തെ തങ്ങള്‍ പിന്തുണച്ചിരുന്നു എന്ന് റുപര്‍ട്ട് മാര്‍ഡോക്ക് തന്നെ സമ്മതിച്ചതാണല്ലോ.

അങ്ങനെ തങ്ങളുടെ ആഭിജാത ഭരണത്തിന്റെ നെടുന്തൂണുകളിലൊന്നായ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ മേധാവിത്തം നിലനിറുത്തുക. ഒപ്പം ലോകത്തെമ്പാടുമുള്ള വിവിധ വെബ്‌സൈറ്റുകളുടെ പേരില്‍ നടപടിയെടുക്കുവാനും തങ്ങളുടെ മെമ്പര്‍മാരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുവാന്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ നിര്‍ബന്ധിതമാക്കുവാനും അങ്ങനെ വിവരസാങ്കേതിക വിദ്യ തുറന്നുതന്നെ പ്രതിശബ്ദത്തിന്റേതായ പുതിയ പന്ഥാവുകള്‍ അടച്ചുസീല്‍വെക്കാനും ആണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന രണ്ട് ബില്ലുകള്‍ ആത്യന്തികമായി ലക്ഷ്യമിട്ടിരിക്കുന്നത്. മെഗാ അപ് ലോഡ് ഡോട്ട് കോമിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ ഗവണ്‍മെന്റ് എടുത്ത നടപടി ഈ നിയമങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചിത്രം നമുക്ക് തരുന്നുണ്ട്.

ലോകത്തെ ഏറ്റവും ജനപ്രിയമായ ഫയല്‍ ഷെയറിംഗ് സൈറ്റുകളിലൊന്നാണ് മെഗാ അപ് ലോഡ്. അന്താരാഷ്ട്രനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഡച്ചുകാരനായ കമ്പനി മേധാവിയെ ന്യൂഡിലണ്ടില്‍ വച്ച് അമേരിക്കയ്ക്ക് അറസ്റ്റു ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍വഴി കഴിഞ്ഞു. അതുകൊണ്ട് തന്നെ അറിയാതെ ഒരുസൈറ്റ് ഓപ്പണ്‍ ചെയ്തുപോയാല്‍ കരിനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഭാവിയില്‍ ആരേയും എവിടേയും വെച്ച് അറസ്റ്റു ചെയ്യാനും ഗ്വോണ്ടനാമോകളിലേക്കയക്കാനും വരാനിരിക്കുന്ന നിയമങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ക്കു എളുപ്പമാകും. മാത്രമല്ല ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന അധിനിവേശങ്ങള്‍ പോലെ പകര്‍പ്പവകാശ ലംഘനമാരോപിച്ച് ഇത്തരം സൈറ്റുകളുടെ സര്‍വറുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ സൈനികാക്രമണമോ, സൈബര്‍ ആക്രമണമോ നടത്തുവാന്‍ അമേരിക്കയ്ക്കാകും. അവരതിനു മടിക്കില്ലായെന്ന് ഇറാനു നേരെ പലവുരു നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണുതാനും. മാത്രമല്ല നാളത്തെ യുദ്ധം ആയുധങ്ങളുപയോഗിച്ചല്ല, മറിച്ച് സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ക്ക് ഇന്ത്യയും ഒരുങ്ങുകയാണ്. കാരണം തിളങ്ങുന്ന ഇന്ത്യയുടെ ദുരിതം പിടിച്ച യഥാര്‍ത്ഥ ചിത്രം ഇത്തരം പുതിയ മാധ്യമങ്ങള്‍ ലോകസമക്ഷം അവതരിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യം നടത്തിക്കൊണ്ടു പോകുന്ന ആഭിജാത വര്‍ഗ്ഗത്തിന് ഒട്ടുമേ പിടിക്കുന്നില്ല. അതുകൊണ്ട് തന്നെ അമേരിക്കയില്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ നിലവില്‍ വന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ ശബ്ദത്തിന് ശക്തിയേറും.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിക്കിലീക്ക്‌സിനെതിരെ നിയമവിരുദ്ധമായ നടപടികള്‍ എടുത്തുകൊണ്ടാണ് ജനാധിപത്യത്തിനെതിരെ തങ്ങളുടെ തനിനിറം അമേരിക്കന്‍ ഭരണകൂടം ഒരിക്കല്‍കൂടി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും പുതിയ നിയമങ്ങളെ ചെറുത്തു തോല്പിക്കുവാനാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ ശ്രമം.

കഴിഞ്ഞവാരം അവര്‍ ഇതിന്റെ ആദ്യപടിയായി ഒരുദിവസം സൈബര്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായി അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില പ്രധാന അംഗങ്ങള്‍ നിര്‍ദ്ദിഷ്ടബില്ലിനനുകൂലമായ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ തല്‍ക്കാലം ബില്ലവതരണം നീട്ടിക്കൊണ്ടുപോകുവാനും ഭരണകൂടം നിര്‍ബന്ധിതമായി.

ഈ കരിനിയമങ്ങള്‍ക്കെതിരെ ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖ കമ്പനികളായ യാഹുവും, ഗൂഗുളും തയ്യാറാക്കിയ ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഏതാണ്ട് 7 മില്യണ്‍ ആളുകളാണ് ഇതുവരെ ഒപ്പിട്ടത്. ഇവരില്‍ നല്ലൊരുപങ്കും അമേരിക്കക്കാരാണ്. ഏതാണ്ട് അമേരിക്കന്‍ ജനസംഖ്യയുടെ 5% ഈ ശക്തമായ പ്രതികരണമാണ് തല്‍ക്കാലം മെല്ലെപ്പോകാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ താല്‍ക്കാലിക വിജയത്തിന് തുടര്‍ച്ചയുണ്ടാവട്ടെ എന്ന് നമുക്കാശംസിക്കാം.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 24 ജനുവരി, 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രം ഒരു പിരിയന്‍ ഗോവണിപോലെയാണ്. വ്യവസ്ഥിതിയും അതിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളും പരസ്പരം നിരന്തരം പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം മൂലമാണ് ഒറ്റനോട്ടത്തില്‍ ചരിത്രം ഇങ്ങനെ ഒരു പിരിയന്‍ ഗോവണിയെപോലെ തോന്നിക്കുന്നതെന്ന് പറയാം.